നീ അങ്ങനെ വല്ല്യ ശീലാവതിയൊന്നും ചമയണ്ട, നിനക്ക് ഏത് നേരവും ആ..

(രചന: Jolly Varghese)

എന്റെ പൊന്നോ.. എന്താ സന്ധ്യ കഴിഞ്ഞാൽ ഈ വീട്ടിലെ ബഹളം. ആരേലും ഫോൺ വിളിച്ചാപ്പോലും കേൾക്കില്ല…

“അമ്മേ… അം.. മ്മേ.. ഈ പണ്ടാരത്തിന്റെ ഒച്ച ഒന്ന് കുറയ്ക്കുവോ.”

അമ്മയെന്നെ രൂക്ഷമായിട്ടൊന്നു നോക്കി.. എന്നിട്ട് മുന്നിലെ ടീ. വി ലേയ്ക്ക് നോക്കി അനങ്ങാ പാറപോലിരുന്നു..
എനിക്കത് കണ്ടപ്പോൾ വല്ലാതെ കലി കേറി.. ഒന്നും മടിച്ചില്ല ഓടിച്ചെന്ന് ടി. വി ഓഫ് അക്കി ഞാൻ.

അമ്മ ഭദ്ര കാളിയെപോലെ ഉറഞ്ഞുതുള്ളി എന്റെ നേരെയൊരു ചാട്ടം.. “നിനക്കിതെന്തിന്റെ കേടാ.. ”

പിന്നെ നേരം സന്ധ്യയാകുപ്പോ തുടങ്ങും ഒരു സീരിയൽ ഭ്രാന്ത്…

മറ്റുള്ളവർക്കിവിടെ ജീവിക്കണ്ടേ. അതും ഒന്നിൽ തീരുമോ രാത്രി പത്തുമണിവരെ ഇതല്ലേ പൂരം.. ഞാൻ നിർത്താതെ പറഞ്ഞു…

“അയ്യോ.., അവളൊരു കേമി..
നീ അങ്ങനെ വല്ല്യ ശീലാവതിയൊന്നും ചമയണ്ട. നിനക്ക് ഏത് നേരവും ആ പണ്ടാരത്തെ കുത്തലല്ലേ പണി.

നേരെ ചൊവ്വേ ഒരു കറിയുണ്ടാക്കിട്ടു എത്ര നളായടി നീ.. എന്നിട്ട് ഞാനൊന്ന് സീരിയല് കാണുന്നതാ കുറ്റം.. ”

അതേ കുറ്റം തന്നെയാ സന്ധ്യയായാൽ കുരിശ് വരയ്ക്കാൻ പോലും അമ്മയ്യ്ക്കിപ്പോൾ സമയമില്ല. എന്നിട്ട് ഈ സിരിയൽ കണ്ടോളും. അതും വെടിപൊട്ടുന്ന ഒച്ചയിലേ വെക്കൂ..

“എന്നിട്ട് നീ കുരിശ് വരയ്ക്കുന്നുണ്ടോ.. ?

ഇല്ല…അതെങ്ങനെ വരയ്ക്കും എവിടെ സീ രി യ ലിലെ അ വിഹിത കഥ നടക്കുപ്പോ.. പ്രാർത്ഥിച്ചാൽ ദൈവം പോലും നാണിച്ചു പോവില്ലേ.. ഞാൻ പരിഹസിച്ചു..

നീ സീരിയലിനെ അങ്ങനെ കുറ്റമൊന്നും പറയണ്ട. ഓരോ വീട്ടിൽ ഓരോ അവളുമ്മാര് കാട്ടികൂട്ടുന്ന കാര്യമാ അവര് കാണിക്കുന്നേ..

“എനിക്കറിയാടി ഈ പോണേൽ നിന്റെ കുത്തലൊക്കെ.. ഈ സാധനം കിട്ടിയതുമുതൽ അവളീ വീട്ടിൽ നേരാം വണ്ണം ഒരുപണിയെടുക്കില്ല ഓടുവല്ലേ കുത്താൻ. ”

“എന്റമ്മേ അത് ഞാൻ കഥയോ , കവിതയോ എഴുതുന്നതല്ലേ… അമ്മക്കറിയാല്ലോ അത്. ” പിന്നെന്താ..

ഓ കഥപോലും അവള്… മാ ധ വികുട്ടി അല്ലേ… എഴുതാൻ… അമ്മ പിന്നെ നിർത്താതെ പറച്ചിൽ തന്നേ…

ഇതെന്റെ അമ്മായിയമ്മ… പേര് റോസമ്മ… ആള് പാവമാ.. പക്ഷേ ഈ സീരിയല് ഭ്രമം സഹിക്കാൻ പറ്റില്ല.. സന്ധ്യ കഴിഞ്ഞാൽ പിന്നെ വീട്ടിലെ കാര്യം പറയേണ്ടാ…

ഞങ്ങള് തമ്മിൽ വഴക്കിടുന്നതും ഇതിന് മാത്രമാ.. ഞാൻ സീരിയലിനെ പറയും അമ്മ മൊബയിലിനെയും.. ഇത് പതിവാ..

അങ്ങനെയിരിക്കേ തെക്കേതിലെ അമ്മിണി ചേച്ചി വന്നു.. വർത്താനം പറയുന്ന കൂട്ടത്തിൽ എന്റെ എഴുത്തിനെ പറ്റിയും പറയുന്നുണ്ട് അമ്മ.

എനിക്ക് ഉള്ളിലിരുന്നു കേൾക്കാം അവരുടെ സംസാരം.. എഴുത്തിനെ പറ്റി പറയുന്നത് കേട്ടതുകൊണ്ട് ഞാൻ കാതോർത്തു.

അപ്പോൾ അമ്മ ഗമയിൽ പറയുവാ.. അവള് പോണില് എഴുതും കേട്ടോ അമ്മിണി.. എന്നിട്ട് ലൈക്കും കമന്റും ഒക്കെ കിട്ടും ന്നേ…

“അതെന്താ ചേച്ചി ആ സാധനം.. ലാക്കും.. ക്കാന്റും… “?

‘അതേ.. അമ്മിണി നമ്മളീ വോട്ട് ചെയ്യൂവേലേ.. അതാണ് ലൈക്ക്…
പിന്നെ നമ്മൾ നല്ലതാണ് എന്ന് പറയുവേലേ അതാണ് കമന്റ്.. ‘

എനിക്ക് ചിരിവന്നു.. ഞാൻ എന്ത് പോസ്റ്റ് ചെയ്താലും അമ്മയെ വായിച്ചു കേൾപ്പിക്കും.. എന്നിട്ട് അതിനുകിട്ടിയ ലൈക്കും കമന്റും പറയുകയും ചെയ്യും.

അങ്ങനെ ഒരിക്കൽ ഞാൻ അമ്മയോട് പറഞ്ഞുകൊടുത്തതാണ്.. ലൈക്ക്‌ എന്നാൽ വോട്ട് .. കമന്റ്‌ എന്നാൽ നല്ലത് എന്നും..

പാവം അമ്മ തുടരുകയാണ്.. ഒരു ദിവസം അവളൊരു കഥയിട്ടു… എന്താന്നോ എന്റെ മോൻ ചാള തിന്ന കഥ… ഹ.. ഹ…

കൊള്ളരുന്നു കേട്ടോ…. കഥ. അവള് മിടുക്കിയാ അമ്മിണി… എന്റെ മോനും ഇഷ്‌ടമാ അവളെഴുതുന്നേ…

അമ്മിണി ചേച്ചി മൂളി കേൾക്കുന്നുണ്ട്.
അമ്മ എന്നെ കുറിച്ചു അഭിമാനത്തോടെ പറയുന്ന കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു.. പാവം അമ്മ..

“അമ്മയായാലും അമ്മായിയമ്മ യായാലും മക്കൾ നല്ലത് ചെയ്താൽ സന്തോഷിക്കും എന്ന്. ”

പതിവ് പോലെ സന്ധ്യ യായി ഞാൻ.. ടി. വി. ഓണാക്കി സീരിയല് വച്ചു ഉച്ചത്തിൽ.. അമ്മ എന്നെ അത്ഭുതത്തോടെ നോക്കി..

“അമ്മ കണ്ടോമ്മേ.. ഇനി ഞാനമ്മയെ ഒന്നും പറയില്ല… അമ്മയുടെ സന്തോഷമല്ലേയിത്… ”

“എന്നാൽ ഞാൻ ഒച്ച കുറച്ചു വെച്ച് കണ്ടോളാം മോളേ.. മോള് എഴുതിക്കോ ”

വേണ്ടമ്മേ അമ്മ കണ്ടോ… കുഴപ്പമില്ല. അമ്മ നിറഞ്ഞു ചിരിച്ചു.. ഞാനും ചിരിച്ചു കൊണ്ട് അടുക്കളയിലേയ്ക്ക് പോയി….

Leave a Reply

Your email address will not be published. Required fields are marked *