അവൾക്കറിയാത്ത ഒരുകാര്യം താനും ഇവരുടെ മകളല്ലേ, പിന്നെ എന്താണ് തന്നോട്..

നിലാപക്ഷി
(രചന: Seena Joby)

ശി ശുക്ഷേമ സമിതിയുടെ ഓഫീസിൽ കേൾക്കുന്നവർക്ക് അലോസരമുണ്ടാക്കും വിധം ലാൻഡ് ഫോൺ ഉറക്കെ നിലവിളിച്ചു…

“”ഹലോ.. നമസ്കാരം.. ശിശുക്ഷേമ സമിതി…. “”

“മാഡം… ഇത് മെഡിക്കൽ കോളേജിൽ നിന്നാണ്.. ഏകദേശം പത്തു വയസ്സ് തോന്നിക്കുന്ന ഒരു പെൺകുഞ്ഞിനെ ഇവിടെ അഡ്മിറ്റ്‌ ആക്കിയിട്ടുണ്ട്..

മാഡം ഒന്ന് വരണം… ആ കുഞ്ഞിനെ കണ്ടാൽ സഹിക്കൂല.. അത്രയും ഉപദ്രവിച്ചിട്ടുണ്ട് അതിനെ… പോലീസ് കേസ് ആവും… “”

“”ഓക്കേ ഞങ്ങൾ വരാം.. ഉടനെ വരാം… ആ കുഞ്ഞ് ഇപ്പോൾ കോൺഷ്യസ് ആണോ… “”

“”വല്ലാത്ത ഒരു മാനസികാവസ്ഥയിലാണ്.. ആകെ പേടിച്ചു വല്ലാണ്ട് ആയി… ദേഹം മുഴുവൻ ഉപദ്രവിച്ച പാടുകൾ ആണ്.. “”

“”ഓക്കേ.. എത്രയും വേഗം ഞങ്ങൾ വന്നോളാം.. “”

ഇത്രയും പറഞ്ഞു ഫോൺ കട്ട്‌ ചെയ്യുമ്പോൾ രശ്മിയുടെ ഉള്ളിൽ വല്ലാത്തൊരു നോവുണർന്നു….പെട്ടന്ന് ഓർമ്മ വന്നത് തന്റെ കുഞ്ഞുമോളെ ആണ്… അവൾക്കും പത്തുവയസ് തന്നെയാണ്…

എത്രയും വേഗം ഹോസ്പിറ്റലിൽ എത്താൻ വേണ്ടി ശി ശു ക്ഷേമസമിതിയുടെ വാഹനം മെഡിക്കൽ കോളേജ് ലക്ഷ്യമാക്കി പറക്കുകയായിരുന്നു..

ഏകദേശം ഒരു മണിക്കൂറിനുള്ളിൽ അവർ ഹോസ്പിറ്റലിൽ എത്തി മെഡിക്കൽ ഓഫീസറോട് സംസാരിച്ചു കാര്യങ്ങൾ നോട് ചെയ്ത ശേഷം ഒബ്സെർവേഷൻ റൂമിൽ കയറി അവിടെക്കിടത്തിയിരിക്കുന്ന
ആ കുഞ്ഞിനെ കണ്ടു…

ഒറ്റക്കാഴ്ചയിൽ തന്നെ നോവുണർത്തുന്ന ഒരു കുഞ്ഞു മാലാഖ… രശ്മി പതിയെ കുഞ്ഞിനെ പുതപ്പിച്ചിരുന്ന പുതപ്പ് മാറ്റി .. വയറിന്റെ ഒരു ഭാഗത്തു പൊള്ളി ഉണങ്ങിയ പാട്..

തുടയിൽ നുള്ളിയ പോലുള്ള കരിനീലിച്ച പാടുകൾ.. കാൽ മുഴുവൻ വടി കൊണ്ടു അടിച്ച പാട് പൊട്ടിയും ചുവന്നു തിണർത്തും കിടക്കുന്നു.. വലതു കൈയിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്… നെറ്റി ഇടതുവശത്തു നന്നായി മുഴച്ചു നീലിച്ചു കിടക്കുന്നു…

പതിയെ തിരിച്ചു കിടത്തി നോക്കുമ്പോൾ പുറത്തു നിറയെ അടികൊണ്ടു തിണർത്ത പാടുകൾ..

ആകെക്കൂടെ ആ കുഞ്ഞിനെ കാണുന്ന ഏതൊരു മനുഷ്യഹൃദയവും ഒന്ന് തേങ്ങിപ്പോകും… അവർ ഒന്നും മിണ്ടാതെ നിറഞ്ഞ കണ്ണുകൾ മറ്റുള്ളവരിൽ നിന്ന് മറച്ചു പിടിച്ചുകൊണ്ടു പുറത്തേക്കിറങ്ങി….

അപ്പോളേക്കും രശ്മിയുടെ ഫോണിൽ ജില്ലാ കളക്ടറും ശി ശുക്ഷേമ സമിതി രക്ഷാധികാരിയും ആയ വരുൺ രാജ് വിളിച്ചു… കാര്യങ്ങൾ അന്വേഷിച്ചു..

പോ ലീസ് കേ സ് എടുത്തു മാതാപിതാക്കൾ കസ്റ്റഡിയിലായി എന്നുള്ള വാർത്തകൾ പങ്കുവെച്ചു..
പിന്നെ എല്ലാവരും ഓഫീസിലേക്ക് തിരികെ പോയി…

ശി ശുക്ഷേമ സമിതിയുടെ മെയിൻ കൗൺസിലർ ആണ് രശ്മി… ഓഫിസിലെത്തിയ രശ്മിക്ക് എത്രയും വേഗം വീട്ടിലെത്തണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു…

വീട്ടിലെത്തിയ പാടെ ഹാളിൽ തന്നെയുള്ള സോഫയിൽ കിടന്നു… കണ്ണുകൾ അടച്ചു… ഉള്ളിന്റെ ഉള്ളിൽ ആ കുഞ്ഞു മുഖം തെളിഞ്ഞു നിന്നു…

അതിനുമപ്പുറം മറ്റൊരു മുഖം കൂടെ തെളിഞ്ഞു വന്നു… മറ്റൊരു കുഞ്ഞു മുഖം… വർഷങ്ങൾക്ക് മുൻപുള്ള രശ്മി എന്ന പെൺകുഞ്ഞിന്റെ മുഖം…
ഒപ്പം ഓർമകൾ ഓടി ഒത്തിരി പിന്നിലേക്ക്…. കുറച്ചു വര്‍ഷം പുറകിലുള്ള ഒരു കുഞ്ഞു വീട്ടിലേക്ക്

“”അമ്മേ.. അയ്യോ. അടിക്കല്ലേ അമ്മേ… ഞാൻ അമ്മേ.. അയ്യോ.. അടിക്കല്ലേ അമ്മേ.. അയ്യോ.. “”

കുഞ്ഞുരശ്മി അടിയുടെ വേദനയിൽ ഉറക്കെ കരയുകയാണ്.. എന്തിനെന്നോ ഏതിനെന്നോ അറിയില്ല അവൾക്ക്.. കാരണം ഇത് എന്നും പതിവാണ്..

വയനാടിന്റെ ഒരു ഭാഗമായ കു റ്റാ ലം മലയുടെ മുകളിൽ ആണ് ആ കുടുംബം കഴിയുന്നത്.. അച്ഛനുമമ്മയും അനുജനും രശ്മിയുമാണ് ആ വീട്ടിലെ താമസക്കാർ…

അച്ഛനു താഴ്‌വാരത്തു കൂലിപ്പണിയാണ്.. എന്നും അതിരാവിലെ ഇറങ്ങിയാൽ തിരികെ വരുന്നത് ഏകദേശം ഒൻപതു മണിയോടെയാണ്.. അനുജൻ രശ്മിയെക്കാൾ ഒന്നരവയസിനു ഇളയതാണ്.. രാഹുൽ.. വീടിന്റെ ചുറ്റുപാടും വെള്ളം കിട്ടാൻ മാർഗമില്ല..

എന്നും കുത്തനെ മലയിറങ്ങി ഒരു കിലോമീറ്റർ പോയി വെള്ളം കോരി തിരിച്ചു ആ മല കയറി വെള്ളം വീട്ടിലെത്തിക്കണം… ഒരു വീട്ടിലേക്ക് ആവശ്യമുള്ള മുഴുവൻ വെള്ളവും ആ പതിനഞ്ചുകാരി ഒറ്റക്ക് ചുമന്നെത്തിക്കണം..

കാരണം അമ്മക്ക് നടുവേദനയുണ്ട്… അച്ഛൻ ജോലിക്ക് പോകും പിന്നെയുള്ളത് ആൺകുട്ടിയാണ്… ആൺകുട്ടികൾ ഇത്തരം ജോലിയൊന്നും ചെയ്യാൻ പാടില്ലെന്നാണ് ആ വീട്ടിലെ പ്രമാണം… അത് കഴിഞ്ഞു വീട്ടിലുള്ള ജോലി എല്ലാംതന്നെ രശ്മി ചെയ്യണം..

അച്ഛൻ ജോലി കഴിഞ്ഞു വരുമ്പോൾ കൈയിൽ ഒരു പലഹാരപ്പൊതി ഉണ്ടാവും.. വരുംവഴി അത് രാഹുലിനെ ഏൽപ്പിക്കും.. അവനും അമ്മയും കൂടെകഴിക്കും.. ചിലപ്പോൾ തോന്നിയാൽ ഒരുവീതം അവൾക്കും കിട്ടും… ആദ്യമൊക്കെ വല്യ സങ്കടം തോന്നിയിരുന്നു..

പിന്നെ പിന്നെ അവൾക്ക് ആ ജീവിതം ശീലമായി… പക്ഷെ അവൾക്കറിയാത്ത ഒരുകാര്യം താനും ഇവരുടെ മകളല്ലേ.. പിന്നെ എന്താണ് തന്നോട് മാത്രം സ്നേഹമില്ലാത്തത് എന്നായിരുന്നു.. കാരണം മക്കൾ ആര് തെറ്റ് ചെയ്താലും ശിക്ഷ അവൾക്ക് മാത്രം..

ഒരിക്കൽ അച്ഛന്റെ പോക്കറ്റിൽ നിന്ന് അൻപതുരൂപ കാണാതെപോയി.. രാഹുൽ എടുക്കുന്നത് രശ്മി കണ്ടതുമാണ്..

പക്ഷെ രൂപ കാണാനില്ല എന്നറിഞ്ഞ നേരംതന്നെ അവളെ വിളിച്ചു രൂപയെവിടെ എന്ന് ചോദിച്ചു… രാഹുൽ എടുത്തു എന്ന് പറഞ്ഞു തീരുംമുൻപേ തഴമ്പിച്ച ആ കൈത്തലം അവളുടെ കവിളിൽ ആഞ്ഞു പതിച്ചു….

ഒറ്റ അടിയിൽതന്നെ ആ കുഞ്ഞുപെൺകുട്ടി പാതി ബോധവസ്ഥയിൽ നിലത്തേക്ക് വീണു… എന്നിട്ടും ദേഷ്യംതീരാതെ അയാൾ അവളുടെ പുറത്തിനിട്ട് ആഞ്ഞു തൊഴിച്ചു…. ജീവൻ പോകുന്നപോലെ തോന്നിയ രശ്മിയൊന്ന് കരയാൻപോലും വയ്യാതെ പുളഞ്ഞു…

ആരുമില്ലാത്തവർക്ക് ദൈവം തുണയെന്ന് കേട്ടിട്ടില്ലേ.. ഭൂമിയിൽ ആരും സഹായിക്കാൻ ഇല്ലാത്ത ചില ജന്മങ്ങൾക്ക് ദൈവം നേരിട്ട് പല രൂപത്തിൽ സഹായം എത്തിക്കും..

ഇവിടെ അത് അച്ഛമ്മയുടെ രൂപത്തിൽ ആയിരുന്നു. വർഷങ്ങൾ ആ വീട്ടിലേക്ക് വരാതിരുന്ന ആള് ആ കറക്റ്റ് സമയത്ത് അവിടെയെത്തി… അതുകൊണ്ട് മാത്രം അന്ന് ജീവൻ തിരിച്ചു കിട്ടി…

അച്ചമ്മയുടെ നിർബന്ധം കാരണം ഒരു ക്ലിനികിൽ കൊണ്ടുപോയി മരുന്നുവാങ്ങി തിരിച്ചു വീട്ടിൽ കൊണ്ടുവന്നു.. രശ്മിയെ റൂമിൽ കിടത്തിയശേഷം അച്ചമ്മ തന്റെ മാതാപിതാക്കളോട് സംസാരിക്കുന്നത് അവൾ കേട്ടു..

ഇനി മേലിൽ കുഞ്ഞിനെ ഉപദ്രവിക്കരുത് എന്ന്പറഞ്ഞ അച്ചമ്മ അമ്മയോട് ചോദിച്ചു.. നീ പ്രസവിച്ച കുഞ്ഞല്ലേ രാധേ അവൾ എന്ന്… അന്ന് അവരുടെ വായിൽ നിന്നുതന്നെ തന്നെ ഉപദ്രവിക്കാനുള്ള കാരണം അറിഞ്ഞു ആ പാവം പെൺകുട്ടി തകർന്നു പോയി

“പെൺകുട്ടി കുടുംബം നശിപ്പിക്കാൻ ഉള്ളവൾ ആണത്രേ… ജനിക്കുമ്പോൾ മുതൽ ചെലവുകൾ… പഠിപ്പിക്കണം… ഭക്ഷണം കൊടുക്കണം… കെട്ടിച്ചു വിടണം… അതിനു സ്ത്രീ ധനം ഉണ്ടാക്കണം…

ഇനി കെട്ടിച്ചു വിട്ടാലും തീരില്ലല്ലോ.. പ്രസവം മുതൽ പിന്നെയും ചിലവുകൾ.. എന്നാൽ ആൺകുട്ടികൾ വീടിന്റെ ഐശ്വര്യം ആണത്രേ… അടുത്ത തലമുറ കൊണ്ടു പോകാൻ ഉള്ളവൻ… തങ്ങളെ വയസാകുമ്പോൾ സംരക്ഷിക്കാൻ ഉള്ളവൻ…

കല്യാണം കഴിഞ്ഞു സ്ത്രീധനം മേടിച്ചു കൊണ്ട് വരാൻ ഉള്ളവൻ… അങ്ങനെ ഉള്ളപ്പോൾ ഒരു ലാഭവുമില്ലാത്ത പെണ്ണിനെയാണോ അതോ തങ്ങളെ വയസുകാലത്ത് നോക്കാനുള്ള മകനെയാണോ ഞങ്ങൾ സ്നേഹിക്കേണ്ടത്… ”

ശരീരവേദന പോലും അറിയാതെ ആ പാവം പെൺകുട്ടി എഴുന്നേറ്റിരുന്നുപോയ്… കണ്ണുകളിൽനിന്ന് നീരൊഴുകി ഒരു പ്രളയം സൃഷ്ടിക്കാൻ പോകുന്നപോലെ… അവളുടെ മനസ്സിൽ പലതും തെളിഞ്ഞു വന്നു..

പഠിച്ചു വന്ന ഓരോ ക്ലാസിലും അവളായിരുന്നു ഫസ്റ്റ്. കൂടാതെ എല്ലാ രചന മത്സരങ്ങൾക്കും വിജയി അവൾ തന്നെയാണ്… എത്ര സമ്മാനം മേടിച്ചാലും ഒന്ന് ചേർത്തുപിടിച്ചു ഒരുമ്മ കൊടുക്കാനോ അവളുടെ നേട്ടത്തിൽ സന്തോഷിക്കാനോ ആർക്കും സമയം ഉണ്ടായിരുന്നില്ല…

ഇപ്പോൾ അതെല്ലാം എന്തുകൊണ്ടായിരുന്നുവെന്ന് ആ പെണ്മനസിന് മനസ്സിലാവുന്നുണ്ട്… പിന്നെയും എന്തൊക്കെയോ അച്ഛമ്മ അവരോടും അവർ തിരിച്ചും പറഞ്ഞെങ്കിലും അതൊന്നും രശ്മിക്ക് കേൾക്കാൻ കഴിഞ്ഞില്ല…

ഒരാഴ്ച സ്കൂളിൽ വിടാതെ അച്ചമ്മ കൂടെനിന്ന് അവളെ മിടുക്കിയാക്കി.. ആ ദിവസങ്ങളിൽ ആയിരുന്നു അവൾ സുഖം സന്തോഷമൊക്കേ എന്താണെന്നു അറിഞ്ഞത്… അച്ചമ്മ ഉള്ള ദിവസങ്ങളിൽ അമ്മയും അനുജനും കൂടെ വെള്ളം കൊണ്ടു വന്നു…

വീട്ടിലെ ജോലികൾ ചെയ്തു.. ആ ദിവസങ്ങളിൽ വീട്ടിലിരുന്നു നന്നായി പഠിച്ചു.. കാരണം എസ് എസ് എൽ സി പരീക്ഷ അടുത്തു…. ഒരാഴ്ച അവിടെനിന്ന ശേഷം അച്ചമ്മ തിരികെപോയി…. അതോടെ അച്ഛൻ അടിനിർത്തി..

പക്ഷെ അമ്മ ചില സമയങ്ങളിൽ നന്നായി ഉപദ്രവിക്കും.. അങ്ങനെ പരീക്ഷ കഴിഞ്ഞു… കൊടും വേനലായി… വീണ്ടും വെള്ളം ചുമക്കലും വീട്ടുജോലിയും തല്ലുകൊള്ളലും ആയി അവളുടെ ദിവസങ്ങൾ കടന്നുപൊയ്ക്കൊണ്ടിരുന്നു..

അങ്ങനെയൊരുദിവസം വെള്ളം കൊണ്ടുവന്നു മടുത്തു ഭക്ഷണം കഴിഞ്ഞു എഴുന്നേറ്റു വന്നപ്പോളേക്കും അമ്മ അടുത്തെത്തി… കുടുംബശ്രീ മീറ്റിംഗ് ഉണ്ട്..

രശ്മിയോട് പോകാൻ പറഞ്ഞു… എനിക്ക് വയ്യ അമ്മേ… നടുവിന് വേദനയുണ്ട്… ഇന്ന് രാഹുലിനെ വിട് എന്ന്പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ…

കലിതുള്ളി ചുറ്റും നോക്കിയ അമ്മയുടെ കണ്ണിൽ ആദ്യം പെട്ടത് കീറി അടുക്കി വെച്ചിരുന്ന വിറക്കഷ്ണം ആയിരുന്നു… ആദ്യത്തെ അടി പുറത്തായിരുന്നു… നടുവിന് വേദന എന്ന് പറഞ്ഞതിന് ശിക്ഷ.. അവൾ വേദനകൊണ്ടു ഉറക്കെ കരഞ്ഞതും വായിലേക്ക് കുറച്ചു തുണി കുത്തികയറ്റി..

പിന്നെ ക്രൂരമായി ആ ശരീരം അടിച്ചു ചതച്ചു.. അവരുടെ ദേഷ്യം തീരും വരേ… പിന്നെ വലിച്ചു അടുക്കളപുറത്തു മുറ്റത്തേക്ക് തള്ളി.. അനുസരണ പഠിച്ച ശേഷം വീട്ടിൽ കയറ്റാം എന്ന കല്പനയോടെ..

ആ കിടപ്പ് പിന്നെ കണ്ണ് തുറക്കുന്നത് ഒരു ഹോസ്പിറ്റലിൽ ആയിരുന്നു…

അവർ പറഞ്ഞറിഞ്ഞു ഒരാഴ്ച ബോധം ഇല്ലാതെ കിടക്കുകയായിരുന്നു എന്ന്… അച്ഛനും അമ്മയും പോലിസ് കസ്റ്റഡിയിൽ ആണെന്ന്… ആ വഴിവന്ന ഏതോ നല്ലവരായ നാട്ടുകാർ കണ്ടു ഹോസ്പിറ്റലിൽ കൊണ്ടാക്കിയത് ആണെന്ന്…

ഇപ്പൊ അച്ഛമ്മയാണ് ഹോസ്പിറ്റലിൽ അവൾക്ക് കാവലെന്ന്.. റൂമിലേക്ക് മാറ്റിയ അന്നുതന്നെ സ്കൂളിൽ നിന്ന് ടീച്ചേർസ് ഓക്കേ കാണാൻ വന്നു.. പത്തിലെ ക്ലാസ്സ്‌ ടീച്ചർ കെട്ടിപിടിച്ചു നെറുകയിൽ ഒരുമ്മ കൊടുത്തു.. പിന്നെ പറഞ്ഞു..

പത്തിലെ റിസൾട്ട്‌ വന്നു… ജില്ലാ തലത്തിൽ രശ്മിക്കാണ് ഏറ്റവും കൂടുതൽ മാർക്ക്‌.. പ്ലസ് ടു നമ്മുടെ സ്കൂളിൽ ഫ്രീ ആയി പഠിപ്പിക്കാൻ തീരുമാനം എടുത്തു… സ്കൂളിൽ നിന്ന് സ്പോൺസറെ അന്വേഷിക്കുന്നുണ്ട്..

തുടർപഠനത്തിന്… ആരെയും കിട്ടിയില്ലെങ്കിൽ ഞങ്ങൾ തന്നെ സ്പോൺസർ ചെയ്യും എന്ന്… എല്ലാം കേട്ടുകിടക്കവേ അവളുടെ മിഴികൾ നിറഞ്ഞൊഴുകി.. ഇതുവരെ കിട്ടാത്ത ഒരമ്മയുടെ സ്നേഹം അവൾ ആ വാക്കുകളിലൂടെ അനുഭവിച്ചു…

ആ വാത്സല്യതണൽ എന്നും അനുഭവിക്കാൻ കഴിഞ്ഞെങ്കിലെന്നു ഉള്ളിലുയർന്ന തേങ്ങൽ അവൾ അച്ഛമ്മയുടെ ചുളിഞ്ഞ മാറിടത്തിൽ ഇറക്കിവെച്ചു… ചുളിഞ്ഞെങ്കിലും ആ തണലായിരുന്നു അവൾക്ക് ജീവിക്കാൻ മുൻപോട്ടുള്ള ഏക ആശ്രയം..

ആ ആശുപത്രിയില്‍ നിന്ന് അച്ഛമ്മയുടെ കൈപിടിച്ച് തറവാട്ടിൽ ചെന്നു.. പിന്നീട് ടീച്ചേഴ്സിന്റെ സഹായം കൊണ്ടു നല്ല രീതിയിൽ പഠിച്ചു… എവിടെ ചെന്നാലും പഠനത്തിൽ എപ്പോളും ഒന്നാമതായിത്തന്നെ ജയിച്ചുകയറി… ഇതിനിടയിൽ അച്ഛനും അമ്മയും ജയിലിൽ നിന്നിറങ്ങി എന്നറിഞ്ഞു..

ഇങ്ങോട്ട് വന്നു കാണാനോ.. അങ്ങോട്ട് പോയ് കാണാനോ ആർക്കും മനസുണ്ടായില്ല.. കാലചക്രം കറങ്ങുന്നതനുസരിച്ചു രശ്മിയും വളർന്നു… സമാധാനത്തിൽ… ഉപദ്രവം ഏൽക്കാതെ… പഠിച്ചു മിടുക്കിയായി..

അന്ന് പഠിപ്പിച്ച ഒരു ടീച്ചർ തന്നെ രശ്മിയുടെ സ്പോൺസർ ആയി മുൻപോട്ടു വന്നു.. എം എ സൈക്കോളജി കഴിഞ്ഞു പ്രാക്ടീസ് ചെയ്യുന്ന സമയത്തു ആണ് നീരജിനെ കണ്ടുമുട്ടുന്നത്… അഡ്വക്കറ്റ് നീരജ് ശങ്കർ.. ഒറ്റനോട്ടത്തിൽ അവളെ ഹൃദയത്തിൽ പ്രതിഷ്ടിച്ചു…

അച്ഛമ്മയുടെയും സ്പോൺസർ ടീച്ചറുടെയും നിർബന്ധം കൊണ്ട് അച്ഛനും അമ്മയും രാഹുലും വന്നു കല്യാണം കൂടി… അച്ഛമ്മയാണ് കൈപിടിച്ചു കൊടുത്തത്….. ഇന്നിപ്പോൾ ..

“”രശ്മി… ഡോ… എന്താ പറ്റിയെ…. എന്തിനാ ഇവിടെ കിടക്കുന്നത്… തനിക്ക് വയ്യേ…””

അപ്പോളേക്കും ഒരു കുഞ്ഞിക്കൈ അവളെ ചുറ്റി.. പത്തുവയസുകാരി നക്ഷത്ര എന്ന നച്ചുമോൾ… അവളെക്കണ്ടതും രശ്മി ഉറക്കെ കരഞ്ഞുപോയ്… വേഗം തന്നെ നീരജ് അവളെ തന്റെ നെഞ്ചോട് ചേർത്തുപിടിച്ചു….

ഉള്ളിൽ എന്തോ വലിയ സങ്കടമുണ്ടെന്ന് മനസിലായി…കുറച്ചു നേരത്തെ കരച്ചിലിന് ശേഷം അവൾ ശാന്തയായി..

ഇന്ന് ഹോസ്പിറ്റലിൽ വെച്ചുകണ്ട കുഞ്ഞിന്റെ കാര്യം ഓരോന്നായി വിവരിക്കുമ്പോൾ അവളുടെ ചുണ്ട് വിതുമ്പുന്നുണ്ടായിരുന്നു. ആ കുഞ്ഞിൽ അവൾ തന്റെതന്നെ ബാല്യകാലമാണ് കണ്ടതെന്ന് മനസിലായ നീരജ് പതിയെ അവളെ തലോടിക്കൊണ്ടിരുന്നു…

പിറ്റേന്ന് രശ്മിക്കൊപ്പം നീരജും ഹോസ്പിറ്റലിൽ പോയ് ആ കുഞ്ഞിനെ കണ്ടു.. ഒത്തിരി സംസാരിച്ചു… രണ്ടാനമ്മയും മ ദ്യ പാനിയായ അച്ഛനും കൂടിയാണ് ഈ ഉപദ്രവം ചെയ്തത്.. അവരെ ഇന്നലെതന്നെ പോലിസ് പിടികൂടി…

ഈ കുഞ്ഞിനെ ഏറ്റെടുക്കാൻ ആരും തയ്യാറല്ലാത്തതുകൊണ്ട് ത ണ ൽ ശിശുക്ഷേമസ്ഥാപനത്തിൽ ഏൽപ്പിക്കാൻ ആണ് ഇപ്പൊൾ എടുത്തിരിക്കുന്ന തീരുമാനം… ഒരാഴ്ച ആ കുഞ്ഞ് ഹോസ്പിറ്റലിൽ കിടന്നു.. എല്ലാദിവസവും രശ്മി അവളെ കാണാൻ ചെല്ലും…

അവൾക്ക് ദിവസവും കൗൺസിലിങ്ങ് കൊടുക്കും… നീതു എന്നാണ് അവളുടെ പേര്… പേടി നിറഞ്ഞ മുഖത്തോടെ ഓരോ കഥയും പറയുമ്പോൾ നീതുവിൽ രശ്മി തന്നെത്തന്നെ കാണുകയായിരുന്നു….

അനുജൻ വീണതിനുള്ള ശിക്ഷയായിരുന്നു ആ കുഞ്ഞു ശരീരം നിറയെ തിണർത്തു കിടന്നത്… ഒരാഴ്ച കൊണ്ട് നിരന്തരമായ കൗൺസിലിങ്ങ് പിന്നെ രശ്മിയുടെ സ്നേഹപൂർണമായ തലോടൽ.. ചുംബനം ഓക്കേ അവളെ കുസൃതികുടുക്കയായ ഒരു എട്ടു വയസുകാരിയാക്കി മാറ്റി..

ചിരിക്കാൻ മറന്ന ചുണ്ടുകൾ ചിരിച്ചു തുടങ്ങി.. എങ്കിലും ഉള്ളിന്റെ ഉള്ളിൽ പതിഞ്ഞു കിടക്കുന്ന ചില നിലവിളികൾ അവിടെ തന്നെ ഉണ്ടാവും.. എത്ര മറക്കാൻ ശ്രെമിച്ചാലും ഒരു തീപ്പൊരി വീണാൽ വീണ്ടും ഉയർത്തെഴുന്നേറ്റു വരാൻ വെമ്പുന്ന ചില നോവോർമകൾ…

ഒരാഴ്ചക്കു ശേഷം അവളെ ത ണ ലിൽ കൊണ്ടാക്കി… രേഖകൾ പ്രകാരം അവൾക്ക് എട്ടുവയസ് മാത്രമേ ആയിട്ടുള്ളു…. അങ്ങനെ ജന്മം നൽകിയ അച്ഛനുള്ളപ്പോൾ തന്നെ അവളും അനാഥയെന്ന ലേബലിൽ മുങ്ങിത്താണു പോയീ…

ഒരാഴ്ച കൊണ്ടുതന്നെ രശ്മിയും നീതുവും തമ്മിലൊരാത്മ ബന്ധം രൂപപ്പെട്ടിരുന്നു… ത ണലിൽ എല്ലാ ദിവസവും പോയ് കാണാൻ പറ്റില്ല…

നീതുവിനെ കാണാൻ കഴിയാതെ അസ്വസ്ഥയായ രശ്മി വളരെ ആലോചനകൾക്കിടയിൽ ഒരു തീരുമാനം എടുത്തു…. അത് നീരജിനോട് അനുവാദം വാങ്ങിക്കാൻ അവൾ മനസ്സിൽ ഉറപ്പിച്ചു…

ഓഫീസിൽ നിന്നെത്തി നീരജിന്റെ പ്രിയ വിഭവങ്ങളൊക്കെ ഉണ്ടാക്കി അവൾ കാത്തിരുന്നു നച്ചു മോളോടൊപ്പം… നീരജ് വന്നു ഫ്രഷ് ആയി എല്ലാവരും ഒന്നിച്ചിരുന്നു ഫുഡ്‌ കഴിഞ്ഞു. അതിനുശേഷം അവൾ അവനെയും കൂട്ടി സിറ്റൗട്ടിൽ വന്നിരുന്നു… മോളെയും അടുത്തിരുത്തി…

“” എന്താ രശ്മി.. തനിക്കെന്നോട് എന്തോ കാര്യമായി പറയാനുണ്ടല്ലോ… എന്താ കാര്യം… “”

“”അത് പിന്നെ ഏട്ടാ… ഞാൻ പറയുന്നത് മുഴുവൻ കേൾക്കാതെ ഒരു മറുപടി പറയരുത്… “”

ഇല്ല… താൻ മുഖവുരയിടാതെ കാര്യം പറയടോ.. “”

“ഏട്ടാ… എന്റെ ഭൂതകാലം ഏട്ടനും അറിയാല്ലോ.. അന്നു ആരുമില്ലാതിരുന്ന സമയം എന്നെ ചേർത്തുപിടിച്ചത് എന്റെ അച്ഛമ്മയും ശോഭന ടീച്ചറും ആയിരുന്നു…

അവരുള്ളതുകൊണ്ട് മാത്രമാണ് ഞാൻ ഇന്ന് ഇവിടെ ഇരിക്കുന്നത്.. ഇല്ലായിരുന്നെങ്കിൽ ഞാനും നീതുമോളെപ്പോലെ ഏതെങ്കിലും ഒരു സർക്കാർ സ്ഥാപനത്തിൽ അന്തേവാസിയായേനേം…

ഈ മോളും പഠിക്കാൻ നല്ല മിടുക്കിയാണ്… ഞാൻ ഒത്തിരി ആലോചിച്ചു…നമുക്ക് ഏറ്റെടുത്താലോ ആ മോളെ.. എനിക്ക് കിട്ടിയ നന്മ ഞാൻ മറ്റൊരാൾക്ക്‌ കൊടുക്കണ്ടേ ഏട്ടാ.. നമ്മുടെ നച്ചുവിന് അനുജത്തിയായി അവളെക്കൂടെ ഇങ്ങോട്ട് കൊണ്ടുവന്നലോ… “”

“”താൻ അഡോപ്ഷന്റെ കാര്യമാണോ ഉദേശിക്കുന്നത് .. അതോ സ്പോൺസർഷിപ്പോ… അഡോപ്ഷൻ ആണെങ്കിൽ അതിന്റെ നിയമവശങ്ങളെ കുറിച്ച് ശരിക്കും പഠിക്കണം….

എനിക്ക് ഒരു വിരോധവുമില്ലെടോ… താൻ നല്ലൊരു അമ്മയാണ്.. നല്ലൊരു ഭാര്യയാണ്… കാരണം തന്റെ ജീവിതം തനിക്കു പഠിപ്പിച്ചു തന്നു ഒരമ്മ എങ്ങനെ ആവരുത് എന്നുള്ളത്… ഇപ്പൊ താൻ നല്ലൊരു മനുഷ്യനാണെന്ന് തെളിയിച്ചു…

ആദ്യമൊക്കെ കുടുംബത്തിൽ എതിർപ്പുകൾ ഉണ്ടാവും… അതൊന്നും സാരമാക്കണ്ട.. കാലക്രമേണ എല്ലാരും എല്ലാം മറക്കും… നമുക്ക് അഡോപ്ഷൻ തന്നെ നോക്കാം… കോടതിയിൽ കേസ് ഉള്ള സ്ഥിതിക്ക് നമുക്ക് അനുകൂലമായ സാഹചര്യം ഉണ്ട്…

ഞാൻ നോക്കാം എന്റെ കഴിവിന്റെ പരമാവധി.. എന്നിട്ടും നടന്നില്ലെങ്കിൽ നമുക്ക് അവളുടെ സ്പോൺസർ ആവാം. ഇടക്ക് ഇവിടെ കൊണ്ടുവന്നു നിർത്താം…ഞാനുണ്ടെടോ എന്തിനും തന്റെയൊപ്പം.. “”

സന്തോഷം കൊണ്ട് രശ്മി നീരജിനെ കെട്ടിപിടിച്ചു ആ കവിളിൽ അമർത്തിചുംബിച്ചു… ആ പ്രവർത്തിയിലൂടെ തന്നെ അവനു മനസിലായി അവളുടെ ഉള്ളിലെ സന്തോഷം… നിറഞ്ഞ മനസോടെ അവർ വീടിനുള്ളിലേക്ക് നടന്നു…

മാസങ്ങൾക്കിപ്പുറം കോടതി അഡോപ്ഷൻ അംഗീകരിച്ചു.. കൃത്യമായ മാർഗ നിർദ്ദേശങ്ങളോടെ കോടതിയുടെ മുൻപിൽ നീതുവിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് രശ്മിയും നീരജും ഒപ്പുവെച്ചു…

വീട്ടിലേക്കുള്ള യാത്രയിൽ എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു.. പോകുന്നവഴി തന്നെ വലിയൊരു ടെക്സ്റ്റയിൽസ് ഷോപ്പിൽ കയറി നീതുവിന്റെ ആവശ്യത്തിനുള്ള ഡ്രസ്സ്‌ എല്ലാമെടുത്തു..

പുറത്തു നിന്ന് ഭക്ഷണം കഴിച്ചു.. ബിരിയാണി മുൻപിൽ വെച്ചപ്പോൾ ആ കുഞ്ഞു കണ്ണുകളിൽ തിളങ്ങിയത് സന്തോഷമായിരുന്നോ അത്ഭുതമായിരുന്നോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല…

ഭക്ഷണം കഴിഞ്ഞു… വീടെത്തി… രശ്മി ആദ്യം പുറത്തിറങ്ങി ഉള്ളിൽ കയറി ആരതിത്തട്ടെടുത്തു മക്കളെ രണ്ടാളെയും ആരതി ഉഴിഞ്ഞു ഉള്ളിലേക്ക് സ്വീകരിച്ചു…

അപ്പോളും ആ കുഞ്ഞിക്കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നിരുന്നു…

നച്ചുമോൾ നീതുവിന്റെ കുഞ്ഞിക്കൈ കോർത്തുപിടിച്ചുകൊണ്ട് ഉള്ളിലേക്ക് കയറി… ആ വലിയ വീടും അവരോരോരുത്തരും കാണിക്കുന്ന സ്നേഹവും ആ കുഞ്ഞിന് കൊടുംവേനലിൽ പെയ്‌ത പുതുമഴ പോലായിരുന്നു.. ഓരോ സാധനങ്ങളിലും മെല്ലെ ഒന്ന് തൊട്ടുനോക്കി…

പ്രായത്തിൽ കവിഞ്ഞ പക്വതയും വിനയവും എല്ലാമുള്ള മിടുക്കിക്കുട്ടി… അവളുടെ കണ്ണുകളിൽ തെളിഞ്ഞുകാണുന്ന വിഷാദം രശ്മിയെ നോവിച്ചു… അവൾ നീതുമോളുടെ കൈപിടിച്ചു ഉള്ളിലെ മറ്റൊരു മുറിയിലേക്ക് കൊണ്ട് പോയ് . അവിടെ കട്ടിലിൽ പാതി പുതച്ചു കിടക്കുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു….

“”അമ്മേ… അമ്മ ഉറക്കമാണോ..?? “”

ആ സ്ത്രീരൂപം മെല്ലെ കണ്ണുതുറന്നു മുൻപിൽ നിൽക്കുന്ന രശ്മിയെയും പിന്നെ നീതുമോളെയും നോക്കി.. ആ കുഞ്ഞു മുഖത്തു നോട്ടം തങ്ങി നിന്നു… പിന്നെ മെല്ലെ ചോദിച്ചു…

“”ഏതാ ഈ കുട്ടി…?. ”

“”ഇന്നുമുതൽ അമ്മയുടെ കൊച്ചു മോളാണ്.. ഞങ്ങൾ മോളായി സ്വീകരിച്ചു ഇവളെ… അമ്മയ്ക്ക് മനസ്സിലാവാൻ പാകത്തിൽ പറഞ്ഞാൽ മറ്റൊരു രശ്മി…

മാതാപിതാക്കൾ ഭാരമാണെന്ന് കണ്ടു ഉപദ്രവിക്കുന്നതു ചുറ്റും ഉള്ളവർ ഞങ്ങളെയും പോലീസിനെയും അറിയിച്ചത് കൊണ്ട് രക്ഷിക്കാൻ കഴിഞ്ഞു.. പിന്നെ ഇവൾക്ക് അത് സ്വന്തം അമ്മയല്ലായിരുന്നു കേട്ടോ… രണ്ടാനമ്മ ആയിരുന്നു…”
.
അത് കേൾക്കവേ കുറ്റബോധം കൊണ്ട് ആ അമ്മയുടെ നെഞ്ചുരുകിയ കണ്ണുനീർ പുറത്തേക്കൊഴുകി…. ആറ്റുനോറ്റ് വളർത്തിയ മകൻ ചവിട്ടി തളർത്തിയ നടുവുമായി എന്നോ തള്ളിക്കളഞ്ഞ മകളുടെ കാരുണ്യത്തിൽ സുഖമായി ശേഷിക്കുന്ന കാലം കുറ്റബോധം കൊണ്ട് ഉരുകി ഇങ്ങനെ മരണം കാത്തുകിടക്കുന്നു…

അമ്മയുടെ കണ്ണുനിറഞ്ഞത് കണ്ടതും രശ്മിക്കും സങ്കടമായി.. അവൾ മെല്ലെ അമ്മയുടെ അടുത്തിരുന്നു.. ആ കൈകൾ സ്വന്തം കൈയിൽ ചേർത്തു തലോടിക്കൊണ്ട് പറഞ്ഞു…

“അമ്മേ.. മക്കളെ കണ്ടും മാമ്പൂ കണ്ടും എന്നുള്ള ചൊല്ല് കാർന്നോന്മാരായി അനുഭവിച്ചറിഞ്ഞുണ്ടാക്കിയ ചൊല്ലാണ്… നമ്മുടെ പ്രതീക്ഷ പോലെ സംഭവിക്കണം എന്നില്ല..

ഒരിക്കലും മകൻ ഞങ്ങളെ വയസാകുമ്പോൾ നോക്കും അതുകൊണ്ട് അവൻ കാണിക്കുന്ന തെറ്റിന് ശിക്ഷ വേണ്ട എന്നൊക്കെ ചിന്തിക്കുമ്പോൾ മാതാപിതാക്കൾ എന്ന രീതിയിൽ അവർ പരാജയം മാത്രമാണ്..

എത്ര മക്കളുണ്ടെങ്കിലും ഒരമ്മയ്ക്ക് അവരെല്ലാം ഒരേപോലെയാവണം… ഇരു കണ്ണുകൾ പോലെ… അന്ന് രാഹുൽ നടത്തിയ ചെറിയ മോഷണത്തിന് എന്നെ ശിക്ഷിക്കുന്നതിനു പകരം അവനെ ശിക്ഷിച്ചിരുന്നെങ്കിൽ ഇന്ന് അവനും ഒരു കുടുംബം ഉണ്ടായേനെ… സന്തോഷമായി ജീവിച്ചേനെ..

മോഷണവും പിടിച്ചുപറിയും മ യ ക്കു മരുന്നും ഓക്കേയായി ഇപ്പൊ ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു… ഒരു മകൾ എന്ന നിലയിൽ എന്നോട് അമ്മ നീതി കാണിച്ചിരുന്നെങ്കിൽ ഇന്ന് നടുവ് ഒടിഞ്ഞു അമ്മ ഈ കിടപ്പ് കിടക്കേണ്ടി വരില്ലായിരുന്നു… അച്ഛൻ നെഞ്ചുപൊട്ടി മരിക്കേണ്ടി വരില്ലായിരുന്നു… “”

രശ്മി ഒരു ദീർഘ നിശ്വാസമെടുത്തു കണ്ണുകൾ അടച്ചു…. ഒരുനിമിഷം ശാന്തയായി ഇരുന്ന ശേഷം അവൾ മെല്ലെ പറഞ്ഞു..

“” ഈ വൈകിയ വേളയിൽ ഞാൻ ഇനിയൊന്നും പറഞ്ഞിട്ടു കാര്യമില്ല.. എല്ലം നമുക്ക് മറക്കാം.. അന്നെനിക്ക് കിട്ടിയ കൈത്താങ് ഞാൻ ഇന്ന് നീതുമോൾക്ക് കൊടുത്തു.. അത്രേയൊള്ളൂ..

ഇനി ഇവിടെ എത്രമക്കൾ ഉണ്ടായാലും അവളും എന്റെ കുഞ്ഞു തന്നെയാണ്.. ഒരു കാര്യത്തിൽ എനിക്ക് അമ്മയോട് ഒത്തിരി നന്ദിയുണ്ട്… ഒരമ്മ ഒരിക്കലും എങ്ങനെ ആവരുത് എന്ന് പഠിപ്പിച്ചു തന്നതിന്…””

അതും പറഞ്ഞ് നീതുവിന്റെ കൈയും ചേർത്തുപിടിച്ചുകൊണ്ട് അവൾ ഇറങ്ങിച്ചെല്ലുന്നത് അവരുടെ ജീവിതത്തിലേക്കാണ്…

തനിക്ക് എത്ര മക്കൾ ഉണ്ടായാലും അവരെ ഒരുപോലെ പരിഗണിക്കാനും സ്നേഹിക്കാനും ഒരമ്മയ്ക്ക് കഴിയണം… അതാണ് മാതൃത്വം…

ആണെന്നോ പെണ്ണെന്നോ വേർതിരിച്ചു കാണാതെ ഓരോ വ്യക്തികളായി കണ്ടു ജീവിക്കാൻ പഠിപ്പിച്ചാൽ എല്ലാ മക്കളും ഉണ്ടാവും അവസാനകാലത്ത് തങ്ങളുടെ മാതാപിതാക്കളെ സ്നേഹത്തോടെ പരിപാലിക്കാൻ …

ഇങ്ങനെ അമ്മമാരുണ്ടോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല.. കാരണം ഇതിലെ രശ്മി ഞാൻ നേരിട്ടറിയുന്ന ഒരു പെൺകുട്ടിയാണ്..

മറ്റാരും അറിയാതിരിക്കാൻ ചിലമാറ്റങ്ങൾ വരുത്തി അത്രമാത്രം. അവൾക്ക് ജീവിതത്തിൽ ഉയർച്ചയും നന്മയും മാത്രം വരട്ടെയെന്ന് ഒരു ചേച്ചിയുടെ സ്ഥാനത്തു നിന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *