അമ്മ നക്ഷത്രം
(രചന: Seena Joby)
കിച്ചൂ.. കിച്ചൂ… മോനേ.. എവിടെയാണ് നീ.. റെജിൻ സിസ്റ്റർ ഉറക്കെ വിളിച്ചു കൊണ്ടു ആ അനാഥാലയത്തിന്റെ ഓരോ മൂലയിലും നോക്കി..
ഇന്ന് ആദ്യമായി നഴ്സറി സ്കൂളിൽ പോയി തിരിച്ചു വന്ന ശേഷം കിച്ചു ആകെ സങ്കടത്തിൽ ആണ്.
എത്ര ചോദിച്ചിട്ടും ഒന്നും പറയുന്നുമില്ല. എന്താണോ ആ കുഞ്ഞിന് പറ്റിയത്.
ഒന്നുകൂടെ കിച്ചുവിനെ വിളിച്ചു കൊണ്ടു നോക്കുമ്പോൾ ആള് വരാന്തയിൽ ആകാശം നോക്കി ഇരിപ്പുണ്ട്. സിസ്റ്റർ പതിയെ അവന്റെ അടുത്തിരുന്നു ചേർത്ത് പിടിച്ചു.
“എന്താ എന്റെ കിച്ചൂന് പറ്റിയെ. എന്തായാലും റെജിനമ്മയോട് പറ. ആരെങ്കിലും മോനോട് വഴക്കുണ്ടാക്കിയോ.. ഇപ്പോളും അവൻ ഒന്നും മിണ്ടാതെ ആകാശത്തു നോക്കി ഇരിക്കുവാണ്.
” ആ കാണുന്ന നക്ഷത്രമാണോ റെജിനമ്മേ എന്റെ സ്വന്തം അമ്മ നക്ഷത്രം.. ”
ഒരു നിമിഷം ഒന്ന് ഞെട്ടി എങ്കിലും ശാന്തമായി സിസ്റ്റർ ചോദിച്ചു
“അതെന്താടാ കുഞ്ഞാ അമ്മ നക്ഷത്രം”.
അതോ കുഞ്ഞന്റെ അമ്മ ആകാശത്തിലെ നക്ഷത്രം ആണെന്ന് അമ്മു ചേച്ചി പറഞ്ഞൂലോ. അത് കൊണ്ടാണ് കുഞ്ഞന് അമ്മ ഇല്ലാത്തതെന്നും പറഞ്ഞു.
മം. അതാണ് ട്ടോ അമ്മ നക്ഷത്രം.
നിനക്ക് ഞാനില്ലേടാ അമ്മയായിട്ട്. പിന്നെ എന്തിനാ മോന് സങ്കടം.
അതോ റെജിനമ്മെ ഇന്ന് എന്റെ സ്കൂളില് കൊറേ കൊറേ പിള്ളേര് വന്നേ.. അവരുടെ ഒക്കെ കൂടെ അവരുടെ അച്ഛനും അമ്മയും ഉണ്ടാരുന്നു.
അവർ കരയുമ്പോൾ സാരമില്ല എന്നൊക്കെ പറഞ്ഞു കെട്ടിപ്പിടിച്ചു ഉമ്മയൊക്കെ കൊടുത്തൂലോ. അത് കണ്ടപ്പോൾ എനിക്ക് നല്ല സങ്കടം വന്നു.
എനിക്ക് ഉമ്മ തരാൻ അച്ഛനും അമ്മയും ഇല്ലാത്തത് എന്താ റെജിനമ്മേ.. പിന്നെ കഴിഞ്ഞയാഴ്ച പള്ളിയിൽ പോയപ്പോൾ ഞാൻ ഓടി കളിച്ചു വീണില്ലേ അപ്പോ എന്റെ കൂടെ വേറെ ഒരു കൊച്ചും കൂടെ വീണു.
അപ്പൊ ആ കൊച്ചിന്റെ അമ്മ ഓടി വന്നു എടുത്തു അവനെ, എന്നിട്ട് കെട്ടിപ്പിടിച്ചു ഉമ്മ ഒക്കെ കൊടുത്തു, കാലിലും കയ്യിലും ഒക്കെ കൈ കൊണ്ടു തലോടി. എന്നെ ഒന്ന് നോക്കിയത് പോലുമില്ല.
എനിക്ക് അമ്മ ഒണ്ടാരുന്നേൽ എന്റെ അമ്മയും ഞാൻ വീഴുമ്പോൾ ഓടി വരൂല്ലാരുന്നോ. കെട്ടിപ്പിടിച്ചു ഉമ്മയൊക്കെ തരൂലാരുന്നോ.
ആ നക്ഷത്രം എന്റെ അമ്മ ആണേ ഒരു ദിവസം എങ്കിലും എന്റെ അടുത്ത് വരാൻ പറയാവോ.
എനിക്ക് ചോറ് വാരിത്തരാനും കുളിപ്പിക്കാനും കൈപിടിച്ച് സ്കൂളിൽ പോകാനും എന്റെ കൂടെ കളിക്കാനും ഒക്കെ.. എനിക്ക് കൊതിയായിട്ടാ.
പിന്നേയ് റെജിനമ്മേ.. ഒരു കാര്യം അറിയാവോ. ഈ അമ്മമാർക്ക് ഒരു നല്ല മണമാണ് ട്ടോ.. ഇന്ന് ഞാൻ ഒരമ്മയുടെ സാരിയിൽ ആ അമ്മ കാണാതെ ഒരുമ്മ കൊടുത്തു..
എന്ത് നല്ല മണമാരുന്നു. എന്റെ അമ്മക്ക് അതിലും നല്ല മണമായിരിക്കും അല്ലേ.
റെജിനമ്മേ.. റെജിനമ്മേ.. ഈയമ്മ ഇതെന്താ ഇങ്ങനെ നോക്കണേ.. ഇതും പറഞ്ഞ് തന്റെ കവിളില്‍ കുഞ്ഞിക്കെ കൊണ്ട് തട്ടിവിളിച്ച കിച്ചുവിനെ മടിയിലേക്കിരുത്തിയ സിസ്റ്റര്‍ പറഞ്ഞു..
ഒന്നുമില്ലെടാ കള്ളക്കുറുമ്പാ റെജിനമ്മ ചുമ്മാ ആ റോഡില്‍ നോക്കിയതാ.. നീ ബാക്കി പറ..
അതേയ് റെജിനമ്മേ എന്റെ അമ്മ നക്ഷത്രം അതാണേല്‍ അച്ഛൻ നക്ഷത്രം എവിടെപ്പോയീ.
അമ്മ ഒരു കൈയിൽ പിടിക്കുമ്പോൾ മറ്റേ കൈയിൽ എന്റെ അച്ഛനും പിടിക്കണം. എന്നിട്ട് നടന്നു നടന്നു എല്ലാ സ്ഥലത്തും പോകണം.
എന്റെ അച്ഛനും അമ്മയും മാത്രമെന്താ ഇങ്ങനെ നക്ഷത്രം ആയി നിൽക്കുന്നേ.. എന്താ എന്റെ അടുത്ത് അവർ വരാത്തത്. അല്ലെ എന്നെക്കൂടി അവരുടെ അടുത്ത് കൊണ്ടു പോകാൻ പറയാമോ..
ആ നിഷ്കളങ്കമായ ചോദ്യത്തിന് എന്ത് മറുപടി കൊടുക്കണം എന്നറിയാതെ അവർ ഒരു നിമിഷം നിശബ്ദയായിപ്പോയി.
അനാഥത്വം എന്ന വാക്കിന്റെ ഭീകരത അറിയാനുള്ള പ്രായം അവനായിട്ടില്ലല്ലോ.
ആദ്യമായ് നഴ്സറി സ്കൂളിൽ പോയ കിച്ചു അവിടെ കണ്ട കാഴ്ചകളാണ് ഇത്രയും വിഷമത്തിന് കാരണം എന്ന് റെജിന്‍ സിസ്റ്റർക്ക് മനസിലായി.
അവന്റെ തലയിൽ തലോടി പതിയെ മടിയിൽ ചായ്ച്ചു കിടത്തി ഒരു പാട്ട് മൂളിക്കൊണ്ടിരുന്നു.
പതിയെ അവരുടെ മനസ് വർഷങ്ങൾ പുറകിലേക്ക് പോയി. താൻ ഇവിടെ വന്ന ആ ദിവസത്തിലേക്ക്.
ആദ്യമായി ഈ പടി കയറി വരുമ്പോൾ മദറിന്റെ മുൻപിൽ ഒരു യുവതിയും അവളുടെ ഭർത്താവും ഉണ്ടായിരുന്നു. അവരുടെ സംസാരരീതി കണ്ടാൽ തന്നെ അറിയാം ശരിക്കും അടുത്തറിയുന്ന ആളുകൾ ആണെന്ന്.
അവര്‍ക്ക് ശല്യമാകാതെ ഞാൻ പുറത്തു കാത്തിരുന്നു. കുറച്ചു നേരത്തിനു ശേഷം അവർ യാത്രയായി. അപ്പോഴാണ് മദർ എന്നെ കണ്ടത്. അകത്തേക്കു വിളിച്ചു. പരസ്പരം പരിചയപ്പെട്ടു.
അവിടെ തന്റെ ഡ്യൂട്ടി എന്തൊക്കെ ആണെന്ന് ഒരു ഏകദേശരൂപം കിട്ടി.
സംസാരത്തിനിടയിൽ പതിയെ മദറിനോട് താൻ കണ്ട ദമ്പതികളെ കുറിച്ച് ചോദിച്ചു . അതിന് പറഞ്ഞ മറുപടി ഇതാരുന്നു.
“അതുമൊരു അനാഥ ബാല്യം. ഈ മുറ്റത്ത് ഓടിക്കളിച്ച് വളർന്നു വലുതായി, പഠിച്ച് ചെറുതെങ്കിലും ഒരു ജോലി നേടിയ ധന്യ എന്ന പെൺകുട്ടി,
അവൾ ഒരു സ്ഥാപനത്തിൽ കമ്പ്യൂട്ടർ പഠിപ്പിക്കാൻ പോകുന്ന വഴിയിൽ വെച്ചു അവളെ കണ്ടു ഇഷ്ടം പറഞ്ഞ രാജേഷ് എന്ന മറ്റൊരു അനാഥ ജന്മം.
ആ ഇഷ്ടം ആത്മാർത്ഥമായി ഉള്ളതാണെന്ന് തിരിച്ചറിഞ്ഞ് അവരെ ഒന്നിപ്പിക്കുമ്പോൾ ആരുമില്ലാത്ത രണ്ടുപേർ ഒന്നിച്ച് സനാഥരായ സന്തോഷം ആയിരുന്നു എന്റെ ഉള്ളിൽ.
എടുത്ത തീരുമാനം വളരെ ശരിയായിരുന്നു എന്ന രീതിയിൽ ആണ് അവരുടെ ജീവിതം. ഇന്ന് ഇപ്പൊ ഒരു സന്തോഷം പങ്കുവയ്ക്കാൻ വന്നതാണിവിടെ.
അവൾ ഗർഭിണി ആണ്. മൂന്നു മാസം ആയി. ഉറ്റവരായി ആരോരുമില്ലാത്ത അവർക്ക് സ്വന്തമായി ഒരു കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷം ആണ് അവരുടെ മുഖത്തും മനസിലും നിറയെ. ”
പക്ഷെ ആ സന്തോഷം അധികം നീണ്ട് നിന്നില്ല. ഒരു ദിവസം രാവിലെ ജോലിക്ക് പോയ രാജേഷ് തിരിച്ചു വന്നത് ജീവനില്ലാത്ത ശരീരമായിട്ടായിരുന്നു.
വീണ്ടും ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ ധന്യയെ ഓർഫനേജിലേക്ക് തന്നെ തിരിച്ചു കൊണ്ടു വന്നെങ്കിലും മാനസികമായി അവൾ വല്ലാതെ തളർന്നിരുന്നു.
ഗർഭിണിയാണെന്ന് പോലും ഓർക്കാതെ ഭക്ഷണം കഴിക്കാതെ വിളറി വെളുത്തു പോയ ആ ശരീരത്തിന് ഒരു പ്രസവം താങ്ങാനുള്ള കരുത്തുണ്ടായിരുന്നില്ല.
പ്രസവത്തോടെ മറ്റൊരു അനാഥ ജന്മമത്തയും കൂടി ഭൂമിയിലേക്ക് തന്നു കൊണ്ട് ധന്യയും പോയി രാജേഷിന്റെ അടുത്തേക്ക്.
അന്ന് തന്റെ കൈയിൽ കിട്ടിയ പൊടിക്കുഞ്ഞാണ് ഇന്ന് മടിയിൽ ഉറങ്ങുന്ന ഈ നാലുവയസുകാരൻ കിച്ചു.
ഉറങ്ങിപ്പോയ കുഞ്ഞിനെ തോളിൽ എടുത്തു അകത്തേയ്ക്ക് കയറുമ്പോൾ നാളെ ഇനിയെന്ത് പറഞ്ഞ് ഈ കുഞ്ഞിനെ ആശ്വസിപ്പിക്കും എന്നുള്ള തേങ്ങലായിരുന്നു ഉള്ളു നിറയേ…
നാളെയുടെ പ്രത്യാശയെന്നോണം ആകാശത്ത് പ്രഭ തൂകി നിന്ന ആ നക്ഷത്രങ്ങളും ഒരു നിമിഷം മൗനമായ് തേങ്ങിയോ..
തങ്ങളുടെ ഓമൽ കണ്മണിയെ ചേർത്തണച്ചു ഒരു പൊന്നുമ്മ കൊടുക്കാൻ, കുഞ്ഞിളം കയ്യിൽ കൈ കോർക്കാൻ.. അവരും കൊതിക്കുന്നുണ്ടാവുമോ….