(രചന: ജ്യോതി കൃഷ്ണ കുമാർ)
ഹാപ്പി ബർത്തഡേ… എന്ന് വാട്സാപ്പിൽ ഒരു സന്ദേശം വന്നപ്പഴാ ഇന്ന് പിറന്നാളാണല്ലോ എന്ന് ഓർത്തത്…
മെല്ലെ ഫോൺ എടുത്തു….
നിത്യ ആണ്… കൂടെ പിറപ്പായ കാരണം ആവാം അവൾ പിറന്നാൾ ഓർത്തിരുന്നത്….
പിറന്നാൾ ഓർക്കപ്പുറത്തു വരുന്നത് ഭാഗ്യമാ എന്ന് അമ്മ പറയാറുണ്ട്… പക്ഷെ അതല്ല ഭാഗ്യം… പിറന്നാൾ ആണെന്ന് ആരെങ്കിലും ഒക്കെ ഓർമിക്കാനുള്ളതാ..
കണക്ക് പ്രകാരം ഇത് നാൽപതാമത്തെ പിറന്നാളാണ്…. രണ്ടു കൊല്ലം മുമ്പ് അമ്മ ഉള്ളത് വരെ ഈ ഒരു ദിവസം നിർബന്ധിച്ചു ലീവ് എടുപ്പിക്കുമായിരുന്നു…
സദ്യ വട്ടം ഒരുക്കുമായിരുന്നു.. എത്ര വേണ്ടെന്നു പറഞ്ഞാലും നിലവിളക്ക് കൊളുത്തി അതിന് മുന്നിൽ ഇരുത്തി തുളസിയും അരിയും ഉഴിഞ്ഞിടുമായിരുന്നു…
പായസം വച്ചു തരുമായിരുന്നു പിറന്നാൾ മധുരാ എന്നും പറഞ്ഞ്…..
ദേഷ്യപ്പെട്ടിട്ടുണ്ട്…. എന്താ ഇള്ള കുഞ്ഞാ എന്നാണോ അമ്മേടെ വിചാരം എന്ന് ചോദിച്ച്..
“”നീ എന്നും എനിക്ക് ചെറ്യേ കുട്ടി തന്ന്യാ””” എന്ന് പറഞ്ഞു അമ്മ വായടപ്പിക്കും…
ഇങ്ങനെ ഉള്ള ദിവസങ്ങളിലാണ് അമ്മേടെ നഷ്ടം എത്ര വലുതാണ് എന്ന് തിരിച്ചറിയുക….
മെല്ലെ മിഴിക്കോണിൽ ഉരുണ്ടു കൂടിയ നീർതുള്ളികൾ…, അവയെ
സ്വതന്ത്രമായി ഒഴുകാൻ വിട്ടു… അവ അങ്ങനെ ചാലിട്ടൊഴുകി കവിൾ തടത്തിൽ പോയി മൃതിയടഞ്ഞു….
ഓഫീസിൽ വിളിച്ചു ഇന്ന് ലീവ് ആണെന്ന് പറഞ്ഞു…
“”വയ്യ …. ഇന്നിനി വയ്യ… ഓർമ്മകൾ അവയുടെ ഭാരം പേറി ഇന്നിവിടെ ഇങ്ങനെ…. ഇന്നെങ്ങും പോവാൻ വയ്യ…”””
മെല്ലെ തുണി കൊണ്ടു ഉണ്ടാക്കിയ ആ ചാരു കസേരയിലേക്ക് ചാഞ്ഞു,
വില്ലേജ് ഓഫീസർ പ്രശാന്ത്…. വലിയ തറവാട്ടു കെട്ടിൽ തനിച്ചാണ് താൻ… മടുപ്പിക്കുന്ന ഈ ഏകാന്തത… അത് ശരിക്കും അനുഭവിക്കുന്നത് രണ്ടു വർഷമായിട്ടാണ്…
ഏകാന്തതക്ക് മരണം പോലെ തണുപ്പാണ്… അത് നമ്മെ ചുറ്റി വരിഞ്ഞങ്ങനെ കിടക്കും…
വെറുതെ എണീറ്റ് അലമാരയിൽ പരതി…
പെട്ടെന്നാണ് അടിയിൽ എവിടെയോ നിന്നും ആ ആൽബം പുറത്തേക്ക് ചാടിയത്….
മെല്ലെ കയ്യിലെടുത്തു.. പത്തു പന്ത്രണ്ടു കൊല്ലത്തെ പഴക്കം കൊണ്ടാവണം ചിത്രങ്ങൾ ചെറുതായി മങ്ങിയിട്ടുണ്ട്..
മനസ്സിലെ ചില ഓർമ്മകൾ പോലെ… മാലയിട്ട് നില്ക്കുന്നിടത്ത് എത്തിയപ്പോൾ കുറച്ചു നേരം കണ്ണ് ചിമ്മാതെ നോക്കി….
അവൾ… വന്ദന “”””
ഫോട്ടോയിൽ അവളുടെ നെറുകയിൽ ഞാൻ ചാർത്തി കൊടുത്ത സിന്ദൂരം ഉണ്ട്…
മൂന്ന് കെട്ടി ഉറപ്പിച്ച താലി ചരടുണ്ട്….
വന്ദന “””
വീണ്ടും അവളിൽ ചെന്നു നിന്നു മിഴികൾ…
കണ്ട മാത്രയിൽ എന്തോ ഇഷ്ടം തോന്നിയവൾ… ആദ്യം കണ്ടത് അന്ന് പെണ്ണ് കാണാൻ ചെന്നപ്പോഴായിരുന്നു..
അസിസ്റ്റന്റ് വില്ലേജ് ഓഫീസർ ആണെന്ന് കേട്ടപ്പോൾ അവളുടെ വീട്ടുകാർക്ക് ഒരു എതിർപ്പുമുണ്ടായിരുന്നില്ല….
അവൾ, കൊലുന്നനെ ഒരു സുന്ദരി കുട്ടി… തല താഴ്ത്തിയായിരുന്നു നിന്നത്…
പേര് ചോദിച്ചപ്പോൾ നേർത്ത സ്വരത്തിൽ
“””വന്ദന “”” എന്ന് പറഞ്ഞു…
അവിടെ നിന്നിറങ്ങും മുമ്പ് സമ്മതം അറിയിച്ചിരുന്നു അവരോട്… എല്ലാം പിന്നെ എടു പിടി എന്ന് നടന്നു…
അമ്മ ഉത്സാഹത്തിൽ ആയിരുന്നു മകന്റെ വിവാഹം ആയതു കൊണ്ട് നിലത്തൊന്നും അല്ലാരുന്നു… അങ്ങനെ അത് കഴിഞ്ഞു…
ഞാനും ഏറെ സന്തോഷവാനായിരുന്നു… മനസ്സിനിഷ്ടപ്പെട്ട കുട്ടിയെ തന്നെ കിട്ടുക എന്നു വച്ചാൽ…
പക്ഷെ ആദ്യരാത്രിക്ക് അപ്പുറത്തേക്ക് ആ സന്തോഷം നില നിന്നില്ല….
മുറിയിലേക്ക് കയറി ചെന്നപ്പോൾ അവൾ പറഞ്ഞിരുന്നു
“””എനിക്ക് നിങ്ങളെ ഇഷ്ടമല്ല,”””
എന്ന്… പ്രായത്തിൽ താഴെ ആയവളുടെ പക്വത ഇല്ലായ്മ ആയി കരുതി ഉപദേശിക്കാൻ നോക്കി…..
“””എനിക്കൊരു പ്രണയം ഉണ്ട്.. അയാൾ മാത്രേ എന്റെ മനസ്സിൽ ഉള്ളൂ “”
എന്ന് കൂടി പറഞ്ഞപ്പോൾ പൊട്ടി തെറിച്ചു പോയി…
“”പിന്നെ എന്ത് കണ്ടിട്ടാടീ നിന്നെ കെട്ടി എടുത്തേ എന്ന്…..”””
അവളുടെ അച്ഛൻ തൂ ങ്ങി മ രിക്കും എന്ന് പറഞ്ഞു ഭീഷണി പെടുത്തി അവളെ കൊണ്ട് കല്യാണത്തിന് സമ്മതിക്കുക ആയിരുന്നുവത്രേ…
“”എനിക്കിപ്പോൾ വീട്ടിൽ പോണം “””
എന്ന് നിർബന്ധം പിടിച്ചു അവൾ ആ രാത്രി തന്നെ അവിടെ നിന്നും ഇറങ്ങിയപ്പോൾ, കൊണ്ടു വിടാനായി ചെന്നു…
“”എന്റെ ജീവിതം തകർക്കണായിരുന്നോ” എന്നവളുടെ വീട്ടുകാരോട് ചോദിച്ചപ്പോൾ കാലിൽ വീണു മാപ്പ് പറഞ്ഞു…
ഒന്നും ചെയ്യാനില്ലായിരുന്നു പിന്നെ എനിക്ക്…. മെല്ലെ അവിടെ നിന്നും ഇറങ്ങി….
നാട്ടുകാർക്ക് ചിരിക്കാനുള്ള വകയാണ് ഇത് എന്നറിയാമായിരുന്നു…. ഒരു കോമാളിയുടെ പരിവേഷമാണ് തനിക്കിനി എന്നും….
അമ്മക്കായിരുന്നു അത് വലിയ ഷോക്ക് ആയത്….
“”ന്റെ കുഞ്ഞന് അതിലും നല്ല കുട്ട്യേ കിട്ടും “”” എന്ന് പറഞ്ഞപ്പോൾ…
‘”ഇനി കല്യാണം എനിക്ക് വേണ്ട അമ്മാ”””
എന്ന് പറഞ്ഞ എന്നെ നോക്കി കണ്ണീർ വാർക്കാനെ ആ പാവത്തിന് ആകുമായിരുന്നുള്ളൂ…
“”കല്യാണത്തിന് ഒരു യോഗം ണ്ടായിരുന്നു അതിങ്ങനെ തീർന്നു എന്ന് കരുതിയാൽ മതി “””
എന്ന് കൂടെ പറഞ്ഞപ്പോ അമ്മ ഒന്ന് ദീർഘമായി നിശ്വസിച്ചു….
പിന്നെ നിഴലു പോലെ അമ്മ ഉണ്ടായിരുന്നു… രണ്ടു വർഷം മുമ്പ് നശിച്ച ആ ദിവസം…. കുളിമുറിയിൽ വീണതാ.. കൊണ്ട് ചെന്നപ്പഴാ അറിഞ്ഞത് തുടയെല്ല് പൊട്ടിയതാ എന്ന്…
അതിന്റേ ഓപ്പറേഷൻ ചെയ്യാനായി തിയേറ്ററിൽ കൊണ്ടു പോണതായിരുന്നു
അവസാനം ആയി കണ്ട കാഴ്ച….
പിന്നെ ജീവനില്ലാതെ… തണുത്ത്… അന്നറിയാൻ തുടങ്ങിയതാ ഒറ്റപ്പെടലിന്റെ തീവ്രത..
ജോലിക്കെറങ്ങുമ്പോ
“””പോയിട്ട് വരാം ട്ടൊ “””” എന്ന് അകത്തേക്ക് നോക്കി പറയാൻ തോന്നും..
സ്വപ്നം കണ്ട് അമ്മേ “””” എന്ന് നീട്ടി വിളിക്കും….
ഒന്നിനും മറുപടി ഇല്ലാരുന്നു…. അത് കാണുമ്പൊ മനസ്സ് നീറും…. കൂട്ടിനിപ്പോൾ ഈ ഒറ്റപ്പെടൽ മാത്രം…..
“””ഏട്ടാ “””” നിത്യയുടെ വിളി ആണ് ഓർമ്മകളിൽ നിന്നും തിരികെ കൊണ്ടു വന്നത്….
മെല്ലെ അതിന്റെ ബാക്കി പത്രം എന്നോണം ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ചു നീക്കി….
അവളുടെ കയ്യിൽ എന്തൊക്കെയോ ഉണ്ടായിരുന്നു… ഇല ഇട്ട് കൈ കഴുകി വരൂ എന്ന് പറഞ്ഞപ്പോഴാ…
എനിക്കായി കൊണ്ടു വന്ന സദ്യ ആണെന്ന് അറിഞ്ഞത്… അമ്മ ഉണ്ടാക്കും പോലെ….
സന്തോഷാണോ സങ്കടാണോ അറിയില്ല… തൊണ്ടയിൽ ഉടക്കുന്നുണ്ടായിരുന്നു ഉരുളകൾ എല്ലാം…
ഊണ് കഴിഞ്ഞ് ഉമ്മറത്തു ചെന്നിരുന്നപ്പോൾ അവിടെ അമ്മ ഉള്ള പോലെ വെറുതെ തോന്നി….
സദ്യ ഉണ്ട കൈ ഒന്ന് മണപ്പിച്ചു… ഓർമ്മയിലെവിടെയോ അമ്മ വച്ച് തന്ന പിറന്നാൾ സദ്യ ആണിതെന്നു വെറുതെ സങ്കല്പിച്ചു….
വെറുതെ…..
“ഏട്ടാ “”” എന്ന് വിളിച്ചു അവൾ അടുത്ത് വന്നു…
“””ഒരു പാവം പെൺകുട്ടി ണ്ട് ഏട്ടാ…. ആരോരും ഇല്ലാത്തവൾ…. ഷാജിയേട്ടന്റെ വീടിനടുത്തുള്ളതാ “”””
പറഞ്ഞു തുടങ്ങിയതും ,മനസ്സിലായി കല്യാണ കാര്യം ആണെന്ന്… അമ്മ പോയപ്പോൾ ഏറ്റെടുത്തതാ പാവം….
“”അമ്മക്ക് ആരുന്നു നിത്യേ ആ മോഹം…. ഞാൻ ഒരു പെൺകുട്ടിയെ കൈ പിടിച്ച് കൊണ്ടുവരാൻ..കാണാൻ പറ്റിയില്ല…. ഞാൻ സമ്മതിച്ചില്ല…..ഇനി ഇപ്പോ വേണ്ടാ….”””
അപ്പോ അവൾ പറഞ്ഞിരുന്നു അമ്മ തന്ന്യാ ഇപ്പോ പറയണേ എന്ന് കരുതിക്കൂടെ എന്ന്….
ഒരു പാവം കുട്ടിക്ക് തുണ കൊടുക്കണത് പുണ്യല്ലേ ഏട്ടാ….
എന്ന്….
“””അമ്മ ഇല്ല്യാണ്ട്… വേണ്ടാ കുട്ട്യേ “””” എന്ന് പറഞ്ഞപ്പോ…
അവൾ വീണ്ടും പറഞ്ഞു…
“”””ആത്‍മ ശാന്തി എന്നൊന്നില്ലേ അതിനായെങ്കിലും…..””””
ഏറെ ചിന്തിച്ചപ്പോൾ അതിലും ശരിയുള്ള പോലെ തോന്നി…
അമ്പലത്തിൽ അവള് പറഞ്ഞ കുട്ടിയുടെ കഴുത്തിൽ മഞ്ഞ ചരട് കെട്ടുമ്പോൾ, അങ്ങ് ദൂരെ ഇരുന്ന് ആ അമ്മക്കിളി അതെല്ലാം കണ്ട് സന്തോഷിച്ചിരിക്കാം….
ആരോരും ഇല്ലാത്ത രണ്ടു പേര് അങ്ങനെ പരസ്പരം ഊന്നുവടികൾ ആവട്ടെ അല്ലേ….