ദിവസക്കൂലികാരന്റെ കുടുംബ ബഡ്ജറ്റ്
(രചന: Jinitha Carmel Thomas)
“ശ്യാമേ, നീയറിഞ്ഞോ??”
“ഇല്ല.. എന്താ രജനി??”
“ടി കോളനിയിലെ വാസു ചേട്ടന് ലോട്ടറിയടിച്ചു.. ഓണബമ്പർ..”
“ഭഗവാനേ.. നേരാണോടി..”
“സത്യം.. അങ്ങേർ രാജേന്ദ്രൻ മുതലാളിടെ മാളിക വിലയ്ക്ക് വാങ്ങി.. പുതിയ കാറിൽ അവിടേക്ക് പോകുന്നുണ്ട്.. അതുകാണാനാ ഞാൻ പോകുന്നേ.. നീ വരുന്നെങ്കിൽ വേഗം വാ..”
ശ്യാമയും രജനിയും രാജേന്ദ്രൻ മുതലാളിയുടെ വീടിനടുത്തു എത്തുമ്പോൾ തന്നെ കണ്ടു.. സ്വർണ്ണനിറത്തിലെ കാറിൽ നിന്നും ഇറങ്ങുന്ന വാസുചേട്ടനെ..
പഴയ മലയാളസിനിമയിലെ പുത്തൻപണക്കാരന്റെ പത്രാസുപോലെ കയ്യിലും കഴുത്തിലും സ്വർണ്ണം.. സിൽക്ക് ജുബ്ബ.. അവരെ കണ്ടതും വാസുചേട്ടനും വെളുക്കെ ചിരിച്ചുകാണിച്ചു…..
“മനുഷ്യാ എണീക്ക്.. സമയം അഞ്ച് കഴിഞ്ഞു.. ഇന്ന് പണിയ്ക്ക് പോകുന്നില്ലേ??”
ഭാര്യ സരസത്തിന്റെ ഒച്ച കേട്ടപ്പോൾ വാസു ഉണർന്ന് ചുറ്റും നോക്കി.. അന്തംവിട്ട് അയാളെ നോക്കുന്ന ഭാര്യയെ അല്ലാതെ മറ്റൊന്നും കാണാൻ സാധിച്ചില്ല..
“ടിയെ നമ്മുടെ കാറെവിടെ??”
“കാറോ?? ദേ മനുഷ്യാ കൊച്ചുവെളുപ്പാൻ കാലത്ത് വല്ല പിച്ചുംപേയും പറഞ്ഞു എന്റെ വായിലിരിക്കുന്നത് കേൾക്കണ്ട..
ഇവിടെ പെണ്ണിന്റെ കോളേജ് ഫീസ് അടയ്ക്കാൻ കുടുംബശ്രീയിൽ നിന്നെടുത്ത ലോൺ തവണമുടങ്ങി കിടക്കുവാ അന്നേരമാ അങ്ങേരുടെ കാർ..”
ഭാര്യയുടെ വായിൽനിന്നും ദിനവുമുള്ള കഷായം കിട്ടിയപ്പോൾ വാസുവിന് മനസ്സിലായി ലോട്ടറിയടിച്ചത് സ്വപ്നം ആയിരുന്നെന്ന്..
“ടീ സരസം.. നമുക്ക് ബമ്പർ അടിച്ചതായി ഞാൻ സ്വപ്നം കണ്ടെടീ.. ചിലപ്പോൾ ഇത്തവണ അടിക്കും..”
“ഉം അടിക്കും ഭാഗ്യം ഉള്ളവന്.. നിങ്ങളിങ്ങനെ പാഴ്കിനാവും കണ്ടു നടക്ക്.. നാണമില്ലേ മനുഷ്യാ ഇങ്ങനെ പൈസ കളയാൻ..”
“ഇങ്ങനെയോരോ പ്രതീക്ഷയിൽ അല്ലേടീ മനുഷ്യന്മാർ ജീവിക്കുന്നെ..”
“ഉവ്വ് ഉവ്വ്.. ഇപ്പോൾ വാസുമുതലാളി എണീയ്ക്ക്.. അല്ലെങ്കിൽ മുതലാളിയെ കൂട്ടാതെ ബസ് പോകും…”
കുളിച്ചു റെഡിയായി വാസു വരുമ്പോൾ ചൂട് ദോശയും ചമ്മന്തിയും ചൂട് കട്ടനും സരസം വിളമ്പി.. കഴിച്ചു പോകാനിറങ്ങി വാതിൽക്കൽ എത്തിയപ്പോൾ ഉച്ചയ്ക്കുള്ള ഊണിന്റെ പൊതി സരസം നൽകി…
ആദ്യവണ്ടിയ്ക്ക് തന്നെ പട്ടണത്തിൽ എത്താനായി ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കെ രാജേന്ദ്രൻ മുതലാളി വാസുവിന്റെ അടുത്തെത്തി..
“എന്റെ വാസു നീയിങ്ങനെ വെളുപ്പിനെ പോയി പാതിരാത്രി വരുന്നതിലും നല്ലത് നമ്മുടെ നാട്ടിൽ പണി ചെയ്യുന്നതല്ലേ?? ഇവിടെയും കൂലിപ്പണി ഉണ്ടല്ലോ??”
“അങ്ങനെയല്ല മുതലാളി.. നാട്ടിൽ ദിവസക്കൂലി 750 ആണെങ്കിൽ പട്ടണത്തിൽ 900 കിട്ടും.. പിള്ളേരൊക്കെ വളർന്നു വരുവാ.. അവർക്കായി എന്തെങ്കിലും കരുതണം മുതലാളി..”
“900 കിട്ടിയാലും ബസ് ടിക്കറ്റിൽ ഇതെല്ലാം തീരില്ലേ വാസു??”
“ഒരുദിവസം അങ്ങോട്ടും ഇങ്ങോട്ടും ബസിനു 78 രൂപയാകും.. മാസത്തിൽ ഇരുപത്തഞ്ചു ദിവസത്തേക്ക് 1,872 രൂപ.. വല്ലപ്പോഴും ഒരു ചായ പുറത്തൂന്ന് വാങ്ങും ഞാൻ..
എങ്ങനെയായാലും കോൻഡ്രാക്ടർ മാസാവസാനം തരുന്നതിൽ 20,500 രൂപ കെട്ടിയോളെ ഏല്പിക്കാം..”
“അത്രെയും കിട്ടുവോ.. നീ പണക്കാരൻ തന്നെടാ വാസു..”
രാജേന്ദ്രൻ പറഞ്ഞതും വാസുവിനുള്ള ബസ് വന്നു.. യാത്രപറഞ്ഞു ബസിൽ കയറി ടിക്കറ്റ് എടുത്ത വാസു ചിന്തിച്ചു..
നാട്ടുകാർ കരുതുന്നത് ദിവസവും 900 രൂപ കൂലികിട്ടുന്നവൻ പണക്കാരനാണ് പോലും.. അടുത്തമാസം കോളേജിൽ നിന്നും മോൾക്ക് വിനോദയാത്ര പോകണം..
വടക്കേ ഇന്ത്യ എന്നൊക്കെയാ അവൾ പറഞ്ഞത്.. അതിന് ഒരു പതിനായിരം കോളേജിൽ കൊടുക്കണം..പിന്നെ കൈ ചെലവിനും ആഹാരത്തിനായും ഒരഞ്ചെങ്കിലും കയ്യിൽ കൊടുക്കണം..
നാട്ടുകാർ പറയും കൂലികാരന്റെ മോൾക്ക് വിനോദയാത്ര പോകാതെ പറ്റില്ലേന്ന്?? ഇപ്പൊൾ അല്ലാതെ പിന്നെപ്പോഴാ അവൾ പോകേണ്ടത്?? എന്റെ മോളുടെ ആഗ്രഹം ഞാനല്ലേ സാധിച്ചുകൊടുക്കേണ്ടത്..
പോരാത്തതിന് ഇളയചെറുക്കൻ കൂട്ടുകാരന്റെ സൈക്കിളിൽ കേറി വീണു കയ്യൊടിഞ്ഞു കിടപ്പുണ്ട്..
സർക്കാർ ആശുപത്രിയിൽ പോയതിനാൽ വലിയ ചെലവില്ല എങ്കിലും അവന് നല്ല പഴവർഗങ്ങൾ വാങ്ങി കൊടുക്കണ്ടേ?? എന്റെ മകനല്ലേ..
ചിന്തിച്ചു ചിന്തിച്ചു ഒരുറക്കം കഴിഞ്ഞു നോക്കുമ്പോൾ ബസ് പട്ടണം എത്തിയിരിക്കുന്നു… അയാൾ ഒരുകിലോമീറ്റർ അകലെയുള്ള പണിസ്ഥലത്തേയ്ക്ക് ആഞ്ഞു നടന്നു…
ചിന്തകൾക്ക് വിരാമമിട്ടുകൊണ്ടു അയാൾ പണികളിൽ മുഴുകി..
വൈകുന്നേരം പണി കഴിഞ്ഞു തിരികെ ബസ് നിലയത്തിൽ വരുമ്പോൾ ലോട്ടറി വിൽപ്പനക്കാരനെ കണ്ടു.. വാസുവിനെ പരിചയം ഉള്ളതിനാൽ ലോട്ടറിക്കാരൻ വെളുക്കെ ചിരിച്ചു…
വാസു ഷർട്ടിന്റെ പോക്കറ്റിൽ നിന്നും 100 രൂപ നൽകിയൊരു ഭാഗ്യമിത്ര ലോട്ടറിയെടുത്തു.. ഒന്നാം സമ്മാനം ഒരു കോടി രൂപ..
ലോട്ടറി രണ്ടായി മടക്കി പോക്കറ്റിൽ സൂക്ഷിക്കുമ്പോൾ വാസു ഓർത്തു വർഷങ്ങളായി ഭാഗ്യം പരീക്ഷിക്കുന്നു.. പക്ഷെ ഇതുവരെ ഭാഗ്യം തേടിയെത്തിയില്ല.. ചിലപ്പോൾ അടിച്ചാലോ എന്നു കരുതി മാസത്തിൽ ഒരു ടിക്കറ്റ് എടുക്കും..
വാസുവിന് പോകാനുള്ള ബസ് വന്നപ്പോൾ അയാൾ കയറി സൈഡ്സീറ്റിൽ ഇരുന്നുകൊണ്ട് പുറത്തേയ്ക്ക് നോക്കി..
ലോട്ടറിക്കാരന് ചുറ്റും തന്നെപ്പോലെ ദിവസക്കൂലിയ്ക്ക് പണിയെടുത്ത് ഭാഗ്യം തേടുന്നവർ.. ഭാഗ്യം വിൽക്കുന്നവന് പോലും ഭാഗ്യമില്ലാത്ത അവസ്‌ഥ..
ബസ് മുന്നോട്ടു നീങ്ങിയപ്പോൾ ടിക്കറ്റും എടുത്തു വാസു വീണ്ടും ചിന്തയിൽ മുഴുകി.. B PL കാർഡ് അയതിനാൽ റേ ഷ നരി വിലകുറച്ചു കിട്ടും.. സ ർ ക്കാ രിന്റെ സൗജന്യകിറ്റ് കിട്ടുന്നത് വലിയ സഹായമായിരുന്നു..
അത് നിർത്തിയാൽ എല്ലാം അവതാളത്തിൽ ആകും.. മാസാമാസം പലവ്യജ്ഞനം, പാൽ, പച്ചക്കറി, മീൻ, ഗ്യാസ് ഇതിനൊക്കെ നല്ലൊരു തുകയാകും..
പിള്ളേര് രണ്ടും നന്നായി പഠിക്കും.. വലിയ വലിയ പരീക്ഷകൾക്ക് പഠിക്കാനായി കിട്ടുന്നതിൽ നിന്നും അവർക്കുള്ള പുസ്തകങ്ങൾ വാങ്ങാൻ കൊടുക്കും..
ബേക്കറിയിൽ നിന്നും എന്തെങ്കിലുമൊക്കെ വാങ്ങി പിള്ളേർക്കായി സരസം സൂക്ഷിക്കും.. പിന്നെ പത്രം.. അങ്ങനെ നൂറായിരം ചെലവുകൾ..
സരസം മിടുക്കിയാണ്.. ഉറുമ്പ് അരിമണി ചേർക്കുന്നതുപോലെ താൻ ഏൽപ്പിക്കുന്ന പൈസ സൂക്ഷിക്കും.. ചെറിയൊരു ചിട്ടിയുണ്ടവൾക്ക്.. അത് പിടിച്ചാണ് ചില കടങ്ങൾ അവൾ തീർക്കുന്നത്..
ചിട്ടിയും അടച്ച്, വീട് പണിയാനെടുത്ത ലോണിൽ അല്പാല്പം ബാങ്കിലും അടച്ച ശേഷം ഒരു 2000 എങ്കിലും അവൾ തന്റെ പേരിലെ പാസ്‍ബുക്കിൽ ഇടും.. പക്ഷെ കല്യാണമോ, ഉത്സവമോ വരുമ്പോൾ ആ തുകയങ്ങു കുറയും..
എല്ലാം ഓർത്തിരിക്കെ അയാൾക്ക് ഇറങ്ങാനുള്ള സ്ഥലം എത്തി…
സമയം രാത്രി 7.30 ആകുന്നു.. വാസു റോഡ് മുറിച്ചുകടന്നു കവലയിലെ ഏകഹോട്ടലിൽ ചെന്നു..
കുടുംബത്തിനായി പൊറോട്ടയും ഇറച്ചിക്കറിയും പാഴ്‌സൽ വാങ്ങി.. നാളെ രാവിലെ കാശ് തരാമെന്ന് കടവും പറഞ്ഞു വാസു വീട്ടിലേയ്ക്ക് നടന്നു..
മാസത്തിൽ ഒരിക്കൽ കുടുംബത്തിനായി ഹോട്ടലിൽ നിന്നും വാസു ആഹാരം വാങ്ങും.. കാരണം ഭാര്യയ്ക്കും മക്കൾക്കും പൊറോട്ട വലിയ ഇഷ്‌ടമാണ്..
വീട്ടിലെത്തി ഭാര്യയുടെ കയ്യിൽ പാഴ്‌സൽ നൽകി.. അയാളൊന്നു കുളിച്ചു വരുമ്പോൾ ഭാര്യ പാത്രത്തിൽ ഭക്ഷണം വിളമ്പി വച്ചുകഴിഞ്ഞു..
സകുടുംബം ഭക്ഷണവും കഴിച്ചു മക്കളുടെ വിശേഷവും കേട്ടശേഷം ഉറങ്ങാൻ വാസു മുറിയിൽ ചെന്നു.. വാതിൽ അടച്ചു അയാൾക്കരുകിൽ കിടക്കവെ സരസം പറഞ്ഞു..
“അതേ.. കറണ്ട് ബില്ല് വന്നിട്ടുണ്ട്.. നാളെ അതടയ്ക്കണം.. പിന്നെ ചെറുക്കനെ നാളെ ആശുപത്രിയിൽ കൊണ്ടുപോണം..
കൈ ശരിയായൊന്നു x-ray യും എടുക്കണം.. അപ്രതീക്ഷിതമായി വന്ന ചെലവുകൾ നമ്മുടെ ബഡ്ജറ്റ് താറുമാറാക്കുമോ ചേട്ടാ??”
“ഇല്ലെടി.. ദൈവം നല്ല ആരോഗ്യം തന്നിട്ടുണ്ടെനിക്ക് എല്ലുമുറിയെ പണിയെടുക്കാൻ.. പോരാത്തതിന് വരവറിഞ്ഞു ചെലവ് ചെയ്യാനറിയാവുന്ന നീ ഒപ്പമുണ്ട്..
നമ്മുടെ മക്കൾ പഠിച്ചു ജോലി നേടിയാൽ അവരുടെ കാര്യം അവർ നോക്കുമെടീ.. പിന്നെ പെണ്ണിനെ ആണൊരുത്തന്റെ കയ്യിൽ പിടിച്ചു കൊടുക്കണം..”
“അതുമാത്രമാ ഏക ആശ്വാസം ചേട്ടാ.. നമ്മുടെ കഷ്‌ടപ്പാടൊന്നും മക്കൾക്ക് ഉണ്ടാകരുത്.. മക്കൾ വളർന്ന് നമ്മളെയും നോക്കുമായിരിക്കും അല്ലേ??”
“അവർക്ക് കുടുംബമായാൽ അച്ഛനെയും അമ്മയെയും നോക്കാൻ സമയം കാണില്ലെടി.. നമുക്ക് രണ്ടിനും റേ ഷ ൻ വാങ്ങാനുള്ളത് ഞാൻ കൊണ്ടുവരും.. പിന്നെന്തിനാ പിള്ളേരെ ബുദ്ധിമുട്ടിക്കുന്നെ??”
നെഞ്ചിൽ ചേർന്നുകിടന്ന ഭാര്യയോട് വാസു പറഞ്ഞു..
“ലോട്ടറിയടിച്ചു പത്തോഇരുപതോ കിട്ടിയാൽ വീടിന്റെ ലോൺ കുറേശ്ശെ തീരുമായിരുന്നു സരസം..
പണ്ടാരോ പറഞ്ഞത് പോലെ ഒരു ചാക്ക് അരി പൊക്കുന്നവന് അത് വാങ്ങാൻ കഴിവില്ല.. വാങ്ങുന്നവനോ അത് പൊക്കാനും ത്രാണിയില്ല..”
“നമുക്കും വരുമെടീ നല്ലകാലം..” എന്ന് ഭാര്യയെ ആശ്വസിപ്പിക്കുമ്പോഴും അയാളുടെ കണ്ണുകൾ ഷർട്ട് പോക്കറ്റിലെ ഭാഗ്യക്കുറിയിലേയ്ക്ക് നീണ്ടു.. നാളെ നാളെയാണ് നിങ്ങളുടെ ഭാഗ്യം…