സുഹൃത്ത് ബന്ധത്തിനും അപ്പുറം അവനെന്തോ എന്നോട് ഉണ്ടെന്ന്, എന്തിനാ എന്നറിയില്ല..

(രചന: ജ്യോതി കൃഷ്ണ കുമാർ)

ഹോസ്പിറ്റലിൽ ഒപി കഴിഞ്ഞ് ഇത്തിരി നേരം കിട്ടിയപ്പോൾ പേപ്പർ എടുത്തു മറിച്ചതായിരുന്നു സ്വാതി…

പെട്ടെന്നാണ് ആദ്യത്തെ പേജിലെ ഒരു വാർത്തയിൽ കണ്ണുടക്കിയത്… പത്താം ചരമ വാർഷികം… കൃഷ്ണനുണ്ണി… നിഷ്കളങ്കമായ ആ മുഖത്തേക്ക് ഇത്തിരി നേരം നോക്കി… മെല്ലെ മിഴികൾ നിറഞ്ഞ് വന്നു….

“”ഡോക്ടർ ഒരു എമർജൻസി കേസ് ഉണ്ട് “” എന്ന് പറഞ്ഞപ്പോഴേക്ക് കോർട്ട് ബ്ലൂ അറിയിപ്പ് കിട്ടിയിരുന്നു..

വേഗം സി സി യു വിലേക്കു ഓടുമ്പോൾ ഉത്തരവാദിത്തമുള്ള ഡോക്ടർ മാത്രമായിരുന്നു അവർ… കേസ് കഴിഞ്ഞ് മുറിയിലെത്തിയപ്പോൾ മാറ്റി വച്ച പേപ്പർ എടുത്തു ഒന്ന് കൂടെ നോക്കി…

ആ വെള്ളാരം കണ്ണുകളിലെ നിഷ്കളങ്കത വീണ്ടും മനസ്സിനെ കൊളുത്തി വലിച്ചു…

ഒരു കോഫീ വിളിച്ചു പറഞ്ഞു, മെല്ലെ കസേരയിലേക്ക് ചാരി ഇരിക്കുമ്പോൾ ഒരു പ്ലസ് വൺ ക്ലാസ്സ്‌ മനസ്സിലേക്ക് വന്നു…

ആദ്യമായി സയൻസ് ബാച്ചിലേക്ക് കയറി ചെന്നപ്പോൾ ആദ്യം ആയി കണ്ടത് അവനെ ആയിരുന്നു…

ഒരു പാവം നമ്പൂതിരി കുട്ടിയെ..

അപ്പുറത്ത് ചെന്നിരുന്നപ്പോൾ അവൻ അവന്റെ പുസ്തകത്തിൽ നോക്കി ഇരിക്കുന്നുണ്ടായിരുന്നു..

“”ഹെലോ “” എന്ന് വിളിച്ചപ്പോൾ അവൻ തിരിഞ്ഞു നോക്കി…

“”പേരെന്താ “” എന്നു ചോദിച്ചപ്പോൾ ശബ്ദം താഴ്ത്തി പറഞ്ഞു,

കൃഷ്ണനുണ്ണി “””” എന്ന്…

അവന്റെ വെള്ളാരം കണ്ണുകൾക്ക് വല്ലാത്ത തിളക്കം ഉണ്ടെന്നു തോന്നിപോയി…

വീണ്ടും കുട്ടികൾ വന്നപ്പോൾ ഓരോരുത്തരും അവരവർക്ക് പറ്റിയ കൂട്ട് തെരഞ്ഞെടുത്തു… കൃഷ്ണൻഉണ്ണിയെ ശ്രദ്ധിക്കുകയായിരുന്നു ഞാനപ്പോൾ..

ആരുമായും കൂട്ട് കൂടാതെ ഒറ്റക്കിരുക്കുന്നവനെ തെല്ലൊരു കൗതുകത്തോടെ നോക്കി… അവൻ ആരോടും കൂട്ട് കൂടുന്നില്ലായിരുന്നു.. ആരും അവനുമായും..

പക്ഷെ ആദ്യത്തെ ക്ലാസ്സിൽ തന്നെ എല്ലാവരും അവന്റെ ആരാധകർ ആയി മാറിയിരുന്നു അതിനുമാത്രം ബുദ്ധികൂര്മത ഉള്ള കുട്ടി ആയിരുന്നു കൃഷ്ണനുണ്ണി….

എല്ലാവരോടും അംബിഷൻ ചോദിച്ചപ്പോൾ അവൻ മാത്രം യാതൊരു സംശയവും കൂടാതെ പറഞ്ഞിരുന്നു സിവിൽ സർവിസ് എന്ന്..

എല്ലാർക്കും ഉറപ്പും ആയിരുന്നു അവൻ അത് നേടി എടുക്കും എന്ന്.

എല്ലാവർക്കും അവനോടൊരു ബഹുമാനം കലർന്ന പെരുമാറ്റം ആയിരുന്നു… അവനാണെങ്കിൽ ആരോടും പ്രത്യേകിച്ച് വാർത്തമാനത്തിനോ കൂട്ടിനോ പോയില്ല…

ഒരു ദിവസം ഒറ്റക്കിരുന്നു റഫ് റെക്കോർഡ് എഴുതുന്നത് കണ്ടിട്ടാണ് അരികെ ചെന്നിരുന്നത്…

“”ഉണ്ണീ “”” ഞാൻ അങ്ങനെ വിളിച്ചതുകൊണ്ടാവണം ആളൊന്നു ഞെട്ടി… പിന്നെ നന്നായൊന്നു ചിരിച്ചു…

“”എന്റെ പേര് സ്വാതി…”” വെറുതെ ഒന്ന് പരിചയപ്പെടുത്തി..

“”അറിയാം “” എന്നായിരുന്നു മറുപടി…

“”എങ്ങനെ “” എന്ന് ചോദിച്ചപ്പോൾ,

ആദ്യായി താനല്ലേ എന്നെ ഇവിടെ പരിജയപ്പെട്ടെ…. “”‘ എന്ന് പറഞ്ഞു…

പിന്നീട് അവസരം കിട്ടുമ്പോഴൊക്കെയും ഞാൻ അങ്ങോട്ട് ചെന്നു സംസാരിക്കാറ്ണ്ടായിരുന്നു….

വലുതായൊന്നും പറഞ്ഞില്ലെങ്കിലും, വെള്ളാരം കണ്ണ് വിടർത്തി എന്തേലും ഒക്കെ പറയുന്നതും കാണാൻ ഒരു ചേലായിരുന്നു…

“”ഉണ്ണി എന്ന് അവനെ വീട്ടിൽ വിളിക്കുന്ന പേരാണ് എന്നും… അച്ഛനും അമ്മയ്ക്കും ഏറെ കാത്തിരുന്നു കിട്ടിയ കുഞ്ഞാണ് അവൻ “”” എന്നുമൊക്കെ അത് പോലെ കിട്ടിയ ഏതോ സന്ദർഭത്തിൽ പറഞ്ഞതായിരുന്നു…

ഞാനും എന്നെ കുറിച്ച് അവനോടും പറയും… ഒരു ഡോക്ടർ ആവണം എന്നാണ് മോഹം എന്ന് പറഞ്ഞപ്പോൾ അതിനായി പ്രീപയർ ചെയ്‌യാൻ അവനാണ് സഹായിച്ചത്…

ഒരു ദിവസം രാവിലെ ക്ലാസ്സ്‌ മുറിക്കു മുന്നിൽ വലിയ ആൾക്കൂട്ടം എന്താ എന്നറിയാൻ ചെന്നു നോക്കി അപ്പോൾ കണ്ടിരുന്നു അപസ്മാരം വന്നു പിടയുന്ന ഉണ്ണിയെ…

ഭയം തോന്നും വിധം അവന്റെ കണ്ണുകൾ മറഞ്ഞിരുന്നു..

വായിൽ നിന്നും നുരയും പതയും… ആകെ ഭയപ്പെട്ടു നോക്കി നിൽക്കുക ആയിരുന്നു കുട്ടികൾ എല്ലാം.. പെട്ടെന്ന് ടീച്ചേർസ് വന്നു… എല്ലാരേം മാറ്റി നിർത്തി ചില കുട്ടികളുടെ സഹായത്തോടെ അവനെ സ്റ്റാഫ്‌ റൂമിന് അകത്തേക്ക് കൊണ്ടുപോയി…

കുറച്ചു നേരം കഴിഞ്ഞപ്പോൾ അവന്റെ അച്ഛനും അമ്മയും ഓടി വരുന്നത് കണ്ടു…

പാവം ഒരമ്മ… അവർ നേര്യേത് കൊണ്ട് കണ്ണീർ തുടക്കുന്നുണ്ടായിരുന്നു…

അവർ അവനെയും കൊണ്ട് വന്ന ഓട്ടോയിൽ തന്നെ തിരിച്ചു പോയി… പിന്നെ രണ്ടു മൂന്ന് ദിവസത്തേക്ക് അവൻ ക്ലാസ്സിൽ വന്നില്ല…

അടുത്ത ദിവസം വന്നപ്പോൾ ആൾ ആകെ മൂഡി ആയിരുന്നു… ആരോടും മിണ്ടാതെ സീറ്റിൽ പോയിരുന്നു. ഇന്റർവെൽ സമയത്ത് പുറത്ത് എങ്ങോ നോക്കി നിൽക്കുമ്പോൾ പുറകിൽ നിന്നും,

സ്വാതി”””

എന്ന് കേട്ടു.. കൃഷ്ണനുണ്ണി ആയിരുന്നു…

തിരിഞ്ഞു നോക്കി..

“”ദേഷ്യാവും ല്ലേ…””

എന്ന് ചോദിച്ചു വന്നവനോട് ചോദിച്ചു..

“”എന്തിന് “”

എന്ന്..

“”ഈ നശിച്ച അസുഖമാടോ എന്റെ പ്രശ്നം… എത്ര ചികിൽസിച്ചിട്ടും മാറാതെ… അച്ഛന്റേം അമ്മേടേം ഏറ്റവും വല്ല്യേ വിഷമം അതാണ്.. കൂട്ടുകാരൊന്നും എന്നോട് കൂടില്ല അവർക്കൊക്കെ പേടിയാ… അതാ ആരുമായും……. “””‘

ചെറിയ ചിരിയോടെ അവനെ തന്നെ നോക്കി…

“”തനിക്കും പേടിയാകും ല്ലേ “”” എന്ന് പറഞ്ഞപ്പോ…

“”ഒരൊറ്റ കുത്തങ്ങു വച്ച് തരും.. ദേഷ്യം… ബാ ഇങ്ങോട്ട് “””

എന്നും പറഞ്ഞു അവനെ ക്ലാസ്സിലേക്ക് വിളിച്ചു കൊണ്ടു പോയി വരാത്ത ദിവസത്തെ നോട്സ് എഴുതാൻ ഹെൽപ് ചെയ്തു…

അപ്പോൾ തന്നെ വാ തോരാതെ അന്നേ ദിവസം നടന്നതത്രയും പറയുന്നുണ്ടായിരുന്നു…

ഒരു നല്ല സുഹൃത്ത് ബന്ധം അവിടെ തുടങ്ങി… പലർക്കിടയിലും തെറ്റിദ്ധാരണ പടർത്തിയ സൗഹൃദം… ഡോക്ടർ ആവണം എന്ന് വെറും മോഹം മാത്രം ആയിരുന്ന എന്നെ അതിന് പ്രീപയർ ചെയ്യിച്ചത് അവനായിരുന്നു..

അറിയാത്ത പോർഷൻ പറഞ്ഞു തന്ന്…

ഒടുവിൽ സെൻറ് ഓഫ്‌ ദിനത്തിൽ, അവൻ എന്നോട് പറഞ്ഞിരുന്നു സുഹൃത്ത് ബന്ധത്തിനും അപ്പുറം അവനെന്തോ എന്നോട് ഉണ്ടെന്ന്..

എന്തിനാ എന്നറിയില്ല അത് കേട്ട് ഞാൻ പൊട്ടി തെറിച്ചു..

അടുത്ത് ഇടപെഴകിയാൽ ഈയൊരു അർത്ഥമെ ഉള്ളോ??

എന്നു ചോദിച്ച്…

അവന്റെ വെള്ളാരം കണ്ണുകൾ മങ്ങി… സോറി എന്നു പറഞ്ഞു തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങി…

കോൺടാക്ട് ചെയ്യാൻ ആവുമായിരുന്നിട്ട് കൂടി ചെയ്തില്ല…

പിന്നെ കേട്ടത് അവന്റെ മരണ വാർത്ത ആയിരുന്നു…

ഐ എ എസ് ട്രൈനിങ്ങിന് വേണ്ടി ഡ ൽ ഹി യിലേക്ക് പോകും വഴി ഡോർ നടുത്ത് നിന്ന വിദ്യാർത്ഥി അപസ്മാരം വന്നു പാളത്തിലേക്ക് വീണു മരിച്ചു എന്ന്… ഓടി പോയി അത് കേട്ട്…

മുഖത്തിന്‌ ഒന്നും പറ്റിയിട്ടുണ്ടായിരുന്നില്ല. വെള്ളാരം കണ്ണുകൾ ചിമ്മി ഉറങ്ങാ എന്നു തോന്നും കണ്ടാൽ …

ഏറെ വൈകി കിട്ടിയ മകനെ താഴത്തും തലയിലും വക്കാതെ വളർത്തിയ ഒരച്ഛനും അമ്മയും അവിടെ തളർന്നു കിടന്നിരുന്നു…

ഒന്നേ നോക്കിയുള്ളൂ… വേഗം അവിടെ നിന്നും തിരിക്കുമ്പോൾ ഹൃദയം മുറിഞ്ഞു നോവുന്നുണ്ടായിരുന്നു…

അവൻ പഠിപ്പിച്ചു തന്നതു കൊണ്ട് പ്രോത്സാഹനം തന്നത് കൊണ്ട് മാത്രം നല്ല റാങ്കോടെ നീറ്റ് ടെസ്റ്റ്‌ കിട്ടിയിരുന്നു…
മെറിറ്റിൽ തന്നെ ഗവണ്മെന്റിന്റെ കോളേജിൽ അഡ്മിഷനും…

നഷ്ടപ്പെട്ടപോൾ എന്തോ അവനോട് തെറ്റ് ചെയ്ത പോലെ ഉണ്ടായിരുന്നു…

ഇടക്കൊക്കെ അവന്റെ ആ വെള്ളാരം കണ്ണുകൾ ഇങ്ങനെ ശല്യപ്പെടുത്തും ഇപ്പോഴും…

“”ഡോക്ടർ… ഒരു ക്രിട്ടിക്കൽ കേസ് വന്നിട്ടുണ്ട് “””

എന്നു പറഞ്ഞു നേഴ്സ് വന്ന് ചിന്തകളിൽ നിന്നും ഉണർത്തിയപ്പോൾ വീണ്ടും ഓടി… ഒരു ജീവൻ കൂടെ രക്ഷിക്കാൻ…

Leave a Reply

Your email address will not be published. Required fields are marked *