അവളെ കെട്ടി പിന്നയാൾ എങ്ങും പോയില്ല, അവളുടെ സ്വർണ്ണം തീരും വരെ..

(രചന: ജ്യോതി)

“”Good morning “””

സുമുഖനായ ചെറുപ്പക്കാരനെ കണ്ടതും

“”മ്മ് മ്മ്???”” എന്നയാൾ നീട്ടി ചോദിച്ചു….

“”എന്റെ പേര് ഹരി ശങ്കർ, ഇവിടെ പുതുതായി ചാർജ് എടുക്കാൻ വന്ന എ. എസ്.ഐ ആണ് “””

അത് കേട്ടതും അയാൾ ചാടി പിടഞ്ഞു എണീറ്റ് സല്യൂട്ട് അടിച്ചു…

എസ്. ഐ പോസ്റ്റിലേക്ക് ആരും എത്തിയിട്ടില്ല.. ആ ഇൻചാർജും പുതിയതായി വന്ന എ. എസ്. ഐ ക്കാണ്…

സുഗിപ്പിച്ചില്ലേൽ ഇവിടെ മുന്നോട്ട് പോക്ക് അത്ര സുഗമം ആവില്ല എന്ന് മനസ്സിൽ ചിന്തിച്ച് നിൽക്കുകയായിരുന്നു രാജേന്ദ്രൻ….

“””രാജേന്ദ്രൻ ല്ലേ “”” എന്ന് ചോദിച്ചതും,

“”യെസ് സർ “”” എന്ന് വിനയപൂർവം പറഞ്ഞു…

“””ബാക്കി ഉള്ളവർ…???”””

നൈറ്റ്‌ ഡ്യൂട്ടി ചേഞ്ച്‌ ആവാൻ ആവുന്നല്ലേ ഉള്ളൂ സാർ… എല്ലാരും എത്തുന്നേ ഉള്ളൂ…

“”മ്മ് മ്മ്… ഞാൻ ഇന്നലെ തിരിച്ചതാ… ഇങ്ങോട്ട് എത്തിയപ്പോ ദേ ഈ നേരായി… നേരെ ഇങ്ങോട്ട് പോന്നു…”””

“””ക്വാർട്ടേഴ്സിൽ പോയി ഫ്രഷ് ആവാം സാർ “”” എന്ന് പറഞ്ഞു രാജേന്ദ്രൻ ജീപ്പിൽ ഹരിയെ ക്വാർട്ടേഴ്‌സിലേക്ക് കൊണ്ട് പോയി…

കുളിച്ചു ഫ്രഷ് ആയി തിരികെ എത്തിയപ്പോഴേക്ക് എല്ലാവരും എത്തിയിരുന്നു..

മൂന്ന് ലേഡി കോൺസ്റ്റബിൾമാരും മറ്റു ഏഴു പേരും അവിടെ ഉണ്ടായിരുന്നു…

പെട്രോളിങ്ങിനു പോയവർ കൂടെ പോകാതെ പുതിയ സാറിനെ പരിചയപ്പെടാൻ നിന്നു…

ഹർശങ്കർ എല്ലാരോടും വളരെ സ്നേഹത്തോടെ പെരുമാറി.. എല്ലാവർക്കും ആദ്യത്തെ കാഴ്ച്ചയിൽ തന്നെ അയാളെ ഇഷ്ടവും ആയി..

മുമ്പ് ഉണ്ടായിരുന്ന കടും പിടുത്തക്കാരനായ മേലുദ്യോഗസ്ഥനെ വച്ച് നോക്കുമ്പോൾ ഇയാൾ അവർക്ക് കിട്ടിയ അനുഗ്രഹം ആയിരുന്നു..

എല്ലാവരും ഹരിയുമായി നന്നായി അടുത്തു അയാൾ എല്ലാവരെയും കയ്യിൽ എടുത്തു…

ഒരു സുഹൃത്ത് എന്ന വണ്ണം എല്ലാവർക്കും അയാളോട് പെരുമാറാമായിരുന്നു…

“””ഈ ട്രാൻസ്ഫർ ചോദിച്ചു വാങ്ങിയതാണെന്നോ??? അതും സ്വന്തം വീട്ടിൽ നിന്നും ഇത്രയും അകലെ….??? എന്താ സർ… ഈ നാട് അത്രക്കും ഇഷ്ടാണോ..???”””

വെറുതെ ഒരു സൗഹൃദ സംഭാഷണത്തിനിടെ രാജേന്ദ്രൻ തന്നെ ആയിരുന്നു ഹരിയോട് അത് ചോദിച്ചത് വെറുതെ ഒന്ന് ചിരിച്ചു തള്ളി എങ്കിലും ആ ചോദ്യം വീണ്ടും വീണ്ടും ചെവിയിൽ മുഴങ്ങി…..

അത് അയാളുടെ ഓർമ്മകളെ കുറെ പുറകിലേക്ക് കൊണ്ടു പോയി…

ഒരു അഞ്ചു വർഷം മുന്നേക്ക്….

“””നന്ദി കെട്ട നായെ… എന്ത് യോഗ്യത ണ്ടായിട്ടാ ഇവിടെ വന്ന് പെണ്ണ് ചോദിച്ചേ???? തെക്കുംപാടത്തെ വീട്ടിൽ വന്ന് പെണ്ണന്വേഷിക്കാൻ ആയോ ഇവിടുത്തെ ഉപ്പും ചോറും തിന്ന് വളർന്ന കാര്യസ്ഥന്റെ ചെക്കൻ “”””

മുറ്റത്ത് വിധേയത്തോടെ നിന്ന അച്ഛനെ നോക്കി ഞാൻ…

ആ മുഖം അപമാനത്താൽ കുനിഞ്ഞിരുന്നു… എന്തും ഞാൻ സഹിക്കുമായിരുന്നു ആ മനുഷ്യന്റെ ഉള്ളം നോവുന്നതൊഴികെ..

അമ്മയില്ലാത്തത് അറിയിക്കാതെ വളർത്തി വലുതാക്കിയതാ, അമ്പിളി മാമനെ വേണം എന്ന് പറഞ്ഞാലും കൊണ്ടേ തരുമായിരുന്നു…

ജൂനിയർ ആയി പഠിച്ച ശ്രീദേവി കുട്ടിയെ ഇഷ്ടാ, എന്ന് പറഞ്ഞപ്പോൾ കൂടെ വന്നതും അതാണ്..

നില മറന്നിട്ടല്ല.. മകന്റെ ഇഷ്ടം…. അത് മാത്രമേ നോക്കിയുള്ളൂ…

പോലീസിലേക്ക് സെലക്ഷൻ കിട്ടിയപ്പോൾ.. അത് മതിയാവും യോഗ്യത എന്നാ പാവം കരുതി…

ഒന്നും മിണ്ടാതെ ആ മനുഷ്യന്റെ തല കുനിഞ്ഞപ്പോൾ ഉള്ള് പിടഞ്ഞിരുന്നു വല്ലാണ്ട്…

“”ശ്രീദേവീ “”

എന്ന് രണ്ടും കല്പിച്ചൊന്നു നീട്ടി വിളിച്ചു…

“”ന്റെ കൂടെ പോരുമോ ന്റെ പെണ്ണായി “”” എന്ന് ചോദിച്ചപ്പോൾ,

“”അച്ഛനെ ധിക്കരിച്ച് ഞാൻ വരില്ല “”‘ എന്ന് പറഞ്ഞവൾ കയറി പോയി…

“”ഞാനില്ലാണ്ട് ജീവിക്കില്ല”” എന്ന് പറഞ്ഞവൾ…

“”എന്നെ പ്രാണന് തുല്യം പ്രണയിക്കുന്നു””‘ എന്ന് പറഞ്ഞവൾ..

അച്ഛനെ ധിക്കരിക്കില്ല എന്ന് പറഞ്ഞപ്പോഴും അഭിമാനിച്ചു… അങ്ങനെ അല്ലേ വേണ്ടേ എന്ന് ചിന്തിച്ചു.. അമേരിക്കകാരനുമായുള്ള വിവാഹം നടക്കാനാണ് എന്നെ ഒഴിവാക്കിയത് എന്നറിയും വരെ…

അവളുടെ അച്ഛൻ പിന്നെയും എന്തൊക്കെയോ പറഞ്ഞു… ഇത്തവണ ഞാനും മിണ്ടാതെ കേട്ടു… മറുപടി ഇല്ലായിരുന്നു…

“”ഇറങ്ങെടാ”” എന്ന് പറഞ്ഞ് അച്ഛനെ പിടിച്ച് തള്ളി അയാൾ..

അപ്പഴാ ഞാൻ,

“”നിർത്തൂ… എന്ന് പറഞ്ഞ് പ്രതികരിച്ചത്..

അയാൾ എന്റെ നെഞ്ചിലേക്ക് ചവിട്ടിയിരുന്നു അപ്പോഴേക്കും..
പുറകിലേക്ക് വീണു പോയ കണ്ണുകൾ അവളെ തേടി പോയി….

എല്ലാം കണ്ട് നിർവികാരയായി നിൽക്കുന്നവൾ നെഞ്ചിൽ ചോ ര പൊടിച്ചിരുന്നു….അത്രമേൽ നൊന്തിരുന്നു…

“””മോനെ…. എന്ന് വിളിച്ചപ്പോൾ തിരിഞ്ഞു നോക്കി… നെഞ്ചിൽ കയ്യമർത്തി പിടയുന്ന അച്ഛനെയാണ് കണ്ടത്…

സ്വന്തം എന്ന് പറയാൻ ആകെ ഉള്ള അച്ഛനെ പിന്നെ കണ്ടത് വെള്ള പുതച്ചാണ്…

അലറി അലറി കരഞ്ഞു… ഞാൻ കാരണം ആണല്ലോ എന്ന ഓർമ്മ എന്നെ കൊല്ലാതെ കൊന്നു…. അച്ഛന്റെ സ്വപ്നം അല്ലെങ്കിൽ ഈ ജോലി പോലും വേണ്ടാ എന്ന് വച്ചേനെ…

മനസ്സ് മുഴുവൻ പകയായിരുന്നു പിന്നെ..

സാർ”””””

കോൺസ്റ്റബിളിന്റെ സ്വരം ആണ് ഹരിയെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്…

“”ആ സ്ത്രീ വന്നിട്ടുണ്ട്… ഭർത്താവിനെ കൊ ന്ന…… ഒപ്പിടാൻ “””

അത് കേട്ടതും ഹരിയുടെ കണ്ണുകൾ കുറുകി..

“”വരാൻ പറയൂ “”” എന്ന് പറഞ്ഞ് അയാൾ സീറ്റിൽ ചാരി ഇരുന്നു….

അപ്പോഴും ആ ചോദ്യം മുഴങ്ങി കേട്ടു മനസ്സിൽ… എന്തിനാ ഈ നാട്ടിലേക്ക് മാറ്റം വാങ്ങിച്ചെ എന്ന്… അതിനുള്ള ഉത്തരം ആയിരുന്നു അവൾ…

“””ശ്രീദേവി “””

ഒപ്പിടാൻ വന്നവൾ ഹരിയെ കണ്ട് ഒന്നറച്ചു നിന്നു…. പിന്നെ അയാൾ കാട്ടിയിടത്ത് ഒപ്പിട്ടു പോവാൻ ഉള്ള അനുമതിക്കായി കാത്തു നിന്നു..

ഹരി അവളെ പുച്ഛത്തോടെ ഒന്ന് നോക്കി കണ്ടു….. കരിമഷി എഴുതിയ നീണ്ട കണ്ണുകൾക്ക് ചുറ്റും കറുപ്പ് വ്യാപിച്ചിട്ടുണ്ട്…

ഇടതൂർന്ന, പിന്നിയിട്ടിരുന്ന മുടി മുഴുവൻ കൊഴിഞ്ഞു പോയിരിക്കുന്നു…
അത് അലസമായി കെട്ടിയിരിക്കുന്നു,

ആകെ കീറിയ ഒരു കോട്ടൺ സാരി വൃത്തിയില്ലാതെ ചുറ്റിയിട്ടുണ്ട്.. ഇത് പണ്ടത്തെ ശ്രീദേവി കുട്ടി ആണെന്ന് വിശ്വസിക്കാൻ പ്രയാസം….

“”പൊയ്ക്കോ എന്ന് പറഞ്ഞതും അവൾ നിർവികാരതയോടെ നടന്നു നീങ്ങി

പകയായിരുന്നു അച്ഛനെ നഷ്ടപ്പെടുത്തിയ… തന്റെ ആത്മാർത്ഥ പ്രണയത്തെ കാൽച്ചുവട്ടിൽ ഇട്ടരച്ചവളോട്….

എന്നെങ്കിലും പകരം ചോദിക്കണം എന്ന് കരുതിയതാണ്….. പക്ഷെ എല്ലാം ദൈവം തന്നെ ചെയ്ത് തീർത്തു അപ്പോഴേക്കും…

രാജേന്ദ്രൻ വന്നു അപ്പോഴേക്കും അവിടേക്ക്…. അവൾ പോകുന്നത് ഒന്ന് ഉഴിഞ്ഞു നോക്കി…

“”ഏതോ നല്ല വീട്ടിലെ കൊച്ചാരുന്നു സാറെ… ഒരുത്തൻ അ മേരിക്കയിലാ എന്നും പറഞ്ഞ് കെട്ടി….
അ മേരിക്കകാരൻ വെറും ഫ്രോഡ് ആയിരുന്നു…

അവളെ കെട്ടി പിന്നയാൾ എങ്ങും പോയില്ല.. അവളുടെ സ്വർണ്ണം തീരും വരെ നല്ലോണം ഒക്കെ നിന്നു…

പിന്നെ അവക്കടെ തന്തപ്പിടിയെ ഭീഷണിപ്പെടുത്തി കുറെ കാശ് തട്ടി….
എന്നിട്ടാ അവളേം കൊണ്ട് ഇവിടെ വന്നത്….

വെറുതെ വന്നതല്ല ഏതോ ഒരുത്തനു ഇവളെ കൊടുത്ത് കാശ് വാങ്ങാൻ
അതെങ്ങനെയോ പെണ്ണറിഞ്ഞു കിട്ടിയ കൊടുവാളിന് വെ ട്ടി… അവൻ തീർന്ന്… പിന്നെ ആത്മരാക്ഷർത്ഥം ആയോണ്ട് അഞ്ചു കൊല്ലം കിട്ടിയുള്ളൂ…

ഇന്നലെ ഇറങ്ങിയെ ഉള്ളൂ ജയിലീന്ന്….”””

എല്ലാം കേട്ടൊന്നു മൂളി… ഒന്നും മിണ്ടാൻ തോന്നിയില്ല… വല്ലാത്ത നിരാശയിൽ ആയിരുന്നു മനസ്സ്…

അവളുടെ അച്ഛൻ ജയിലിൽ പോയ മകളെ ഓർത്ത് നീറി നീറി മരിച്ചത് ട്രെയിനിങ് സെന്ററിൽ ആയിരുന്നപ്പോൾ കൂട്ടുകാർ വിളിച്ചു അറിയിച്ചിരുന്നു….

ആരോടൊക്കെയോ ഉള്ള പകയാൽ എന്തൊക്കെയോ വെട്ടി പിടിക്കണം എന്നായിരുന്നു…

എന്നാൽ ഇപ്പോ നിഴലിനോട് പട വെട്ടിയ പോലെ ആയി…

ഒരാവശ്യത്തിന് പോകുമ്പോഴാ റോട്ടിൽ അവളെ കണ്ടത് പേടിച്ച പോലെ… പുറകെ രണ്ടു മൂന്നു അവന്മാര്… പോലീസിനെ കണ്ടതും സ്ഥലം വിട്ടു..

അപ്പോൾ ഡ്രൈവർ പറയുന്നുണ്ടായിരുന്നു ആ പെണ്ണിന്റെ ഒരു കഷ്ടകാലത്തെ പറ്റി..
അന്തിയാവുമ്പോൾ അവളുടെ വാതിലിൽ മുട്ടുന്നവരെ പറ്റി…

അവളുടെ അടുത്തെത്തി വണ്ടിയുടെ പുറകിലേക്ക് ചൂണ്ടി

കയറ് “”” എന്ന് പറഞ്ഞപ്പോൾ,

എന്തിനാ എന്നറിയാതെ അവൾ നോക്കുന്നുണ്ടായിരുന്നു… ആരോരും ഇല്ലാത്ത സ്ത്രീകളെ സംരക്ഷിക്കുന്ന,

ശക്തി മഹിളാ മന്ദിരത്തിൽ അവളെ കൊണ്ടു ചെന്നാക്കിയപ്പോൾ നന്ദി പൂർവ്വം അവൾ കൈ കൂപ്പി… അതൊന്നു നോക്കാൻ പോലും നിൽക്കാതെ നടന്ന് നീങ്ങുമ്പോൾ.,

“”എന്തിനാ എനിക്കായി സഹായം ചെയ്യണേ ഇനിയും “”” എന്നവൾ ചോദിച്ചു ..

“”അല്ലേ പിന്നെ നീയ്യും ഞാനും എന്താടി വ്യത്യാസം….””

എന്ന് പറഞ്ഞ് നടക്കുമ്പോൾ വല്ലാത്ത ഒരു സുഖമായിരുന്നു… പ്രതികാരം ചെയ്തു തീർത്ത സുഖം.. ഇങ്ങനേം തീർക്കാം പ്രതികാരം…

ദേഹത്തു ചോ ര പൊടിക്കാണ്ട്…. മനസ്സ് കീറി മുറിച്ച്… എന്നവൾ അറിഞ്ഞിരുന്നു അപ്പോൾ…

Leave a Reply

Your email address will not be published. Required fields are marked *