ഇപ്പോഴത്തെ അവസ്ഥയിൽ കയ്യിലുള്ള ജോലി നഷ്ടപ്പെട്ടാൽ മറ്റൊന്ന് കിട്ടുക..

സ്നേഹിത
(രചന: രാജീവ്‌ രാധാകൃഷ്ണ പണിക്കർ)

“അഭി എനിക്കുനിന്നെയൊന്നു കാണണം” വൈകിട്ട് ഓഫീസിൽനിന്നുവന്ന് ഒരു കപ്പ്കാപ്പിയുമായി ബാൽക്കണിയിലേക്ക് നടക്കുമ്പോഴാണ് ശ്രീയയുടെ മെസ്സേജ് വന്നത്.

‘എന്തിനായിരിക്കും’ ആകാംഷയോടെ അവളെ വിളിച്ചു.

“ശ്രീ എന്തേ ”

“അഭി ഞാൻ ജോലി റീസൈൻ ചെയ്തു. നാളെ രാവിലെ നാട്ടിലേക്ക് പോകും. പോകുന്നതിനു മുൻപ് നിന്നെയൊന്നു കാണണമെന്നു തോന്നി”

അവളുടെ വാക്കുകൾക്ക് പതിവുള്ള ഉത്സാഹമുണ്ടായിരുന്നില്ല.

“ജോലി റീസൈൻ ചെയ്തെന്നോ. അതെന്താ ?”

അവനത്ഭുതത്തോടെ തിരക്കി.

“അതൊക്കെ പറയാം. നാളെ രാവിലെ റെയിൽവേ സ്റ്റേഷൻ വരെയൊന്നു വരണം. ഞാനൊൻപതു മണിക്ക് സ്റ്റേഷനിൽ ഉണ്ടാകും. പത്ത് മണിക്കാണ് ട്രയിൻ.”

അവൾ തിടുക്കത്തിൽ ഫോൺവച്ചു.

ശ്രീയ റിസൈൻ ചെയ്തു എന്ന വാർത്ത അഭിയെ സംബന്ധിച്ചിടത്തോളം ആശ്‌ചര്യകരമായിരുന്നു. ഇന്നത്തെയവസ്ഥയിൽ ആ ജോലി അവൾക്കത്രയേറെ ആവശ്യമായിരുന്നു.

ചൂടുള്ള കാപ്പിയും മൊത്തി ചുവന്നു തുടുത്ത പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് നോക്കി നിൽക്കുമ്പോൾ അവളെ കുറിച്ചുള്ള ഓർമ്മകൾ ഒരു സുഖമുള്ളതെന്നലായി അവനെ തേടിയെത്തി.

താൻ മുമ്പ് ജോലി ചെയ്തിരുന്ന സ്‌ഥാപനത്തിൽ വച്ചാണ് ശ്രീയയെ പരിചയപ്പെടുന്നത്.

എംഡിയുടെ ‘പിഎ’ എന്ന പോസ്റ്റിലാണ് അവൾ തങ്ങളുടെ ഓഫീസിൽ എത്തുന്നത്.

വളരെ ആക്റ്റീവായ ഇരുനിറത്തിലുള്ള, ഒരു സുന്ദരിക്കുട്ടി. വന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ അവൾ ഓഫീസിലുള്ള എല്ലാവരെയും കയ്യിലെടുത്തു.

പൊതുവെ അന്തർമുഖനായ താൻ അവളോടരകലം പാലിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

തന്റെ അകൽച്ച കാരണമാവാം അവളും ഒരുപരിധിവരെ തന്നിൽ നിന്നൊഴിഞ്ഞുമാറാൻ ശ്രമിച്ചിരുന്നു.

“അഭി നിന്റെ ഓഫീസിൽ പുതിയൊരുകുട്ടി ജോയിൻ ചെയ്തിട്ടുണ്ടോ”

“അവിടെ ഇടയ്ക്കിടെ പുതിയ ആളുകൾ വരുന്നുണ്ട്. അമ്മ ആരെയാ ഉദ്ദേശിച്ചത് ”

“എടാ എന്റെയൊരു ഫ്രണ്ട് ശ്രീകുമാരിയില്ലേ. അവളിന്ന് വിളിച്ചിരുന്നു.

ഓരോരൊ വർത്തമാനം പറയുന്ന കൂട്ടത്തിലാ അവളുടെ മകൾക്ക് ഇവിടൊരു സ്ഥാപനത്തിൽ ജോലികിട്ടിയിട്ടുണ്ടെന്നു പറഞ്ഞത്. പറഞ്ഞുവന്നപ്പോ അത് നീ വർക് ചെയ്യുന്ന സ്ഥലമാണ് .അതാ ചോദിച്ചേ”

“എന്താ കുട്ടിയുടെ പേര്”

“ശ്രീയ എന്നോ മറ്റോ ആണ് പറഞ്ഞത്. അവളോട് നാളെ നിന്നേ കാണാൻ പറയാമെന്നാ പറഞ്ഞത് ”

ശ്രീയ അമ്മയുടെ സുഹൃത്തിന്റെ മകളാണെന്ന അറിവ് എന്നിൽ ആശ്‌ചര്യമുളവാക്കി.

വർഷങ്ങൾക്കുമുൻപ് ശ്രീകുമാരിയാന്റിയുടെ ഭർത്താവ് മരിച്ചപ്പോൾ അവരുടെവീട്ടിൽ പോയതായി ഓർമ്മയുണ്ട് .

അന്ന് മൃതദേഹത്തിന് സമീപമിരുന്ന് കരഞ്ഞിരുന്ന ചെറിയ പെൺകുട്ടിയാണ് താൻ നിത്യവും കാണുന്ന ശ്രീയയെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

എന്തായാലും അത് പുതിയൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു.

അച്ഛന്റെ പെട്ടെന്നുള്ള മരണം തകർത്ത കുടുംബം. സഹായിക്കാൻ ആരുമില്ലാത്ത അവസ്ഥ. അമ്മ തയ്യൽ പണികൾ ചെയ്താണ് കുടുംബം പോറ്റിയതും മക്കളെ പഠിപ്പിച്ചതും.

ഇപ്പോളീ ജോലികിട്ടിയതോടെ വലിയൊരാശ്വാസമായി. ഈ ജോലി ഇന്നത്തെ അവസ്ഥയിൽ തനിക്കെത്ര മാത്രം പ്രിയപ്പെട്ടതാണെന്ന് അവൾ പലപ്പോഴും സൂചിപ്പിച്ചിരുന്നു.

അവൾ തന്റെയൊപ്പം ഏതാനും തവണ ഇവിടെയും വന്നിരുന്നു. അങ്ങിനെ അച്ഛനുമമ്മയുമായും ചങ്ങാത്തത്തിലായി.

ആയിടെയാണ് തനിക്ക് പുതിയൊരോഫർവന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് മാറിയത്‌. അതോടെ കണ്ടുമുട്ടലുകൾ കുറഞ്ഞു. പക്ഷെ ആഴ്ചയിലൊരിക്കലെങ്കിലും ഫോൺവിളികൾ മുടങ്ങാറില്ല.

കൊ റോണ കാലമായതോടെ എംഡി വരാറില്ല. മകനാണ് കാര്യങ്ങൾനോക്കുന്നത്. ജോലിബുദ്ധിമുട്ടാണ് എന്നൊരിക്കൽ സൂചിപ്പിച്ചു. പക്‌ഷേ റീസൈൻ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല.

ഇപ്പോഴത്തെ അവസ്ഥയിൽ കയ്യിലുള്ള ജോലി നഷ്ടപ്പെട്ടാൽ മറ്റൊന്ന് കിട്ടുക എളുപ്പമല്ല.

അത്താഴത്തിനിരുന്നപ്പോൾ അമ്മയോട് ശ്രീയയുടെ കാര്യം സൂചിപ്പിച്ചു.

‘അമ്മ അപ്പോൾ തന്നെ ശ്രീകുമാരിയാന്റിയെ വിളിച്ച് വിവരം ചോദിക്കാൻ ഒരുങ്ങിയതാണ്. ഒരു വിധത്തിലാണ് വിളി ഒഴിവാക്കിയത്.

ശ്രീയക്കെന്താണ് പറയാനുള്ളത് എന്നതറിയാതെ ആന്റിയോട് സംസാരിക്കുന്നത് ശരിയായി തോന്നിയില്ല.

“നല്ല കുട്ടിയാടാ അവള് ” അമ്മയുടെ കണ്ണുകളിൽ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും തിളക്കം ദൃശ്യമായിരുന്നു.

ഓഫീസിൽ ഹാഫ്ഡെ ലീവ് വിളിച്ചുപറഞ്ഞു ഒൻപതുമണിക്ക് തന്നെ റെയിൽവേസ്റ്റേഷനിൽ എത്തി.

തിരക്കുകളിൽനിന്നൊഴിഞ്ഞ് അവളുണ്ടായിരുന്നു. കറുപ്പ് വീണ കൺതടങ്ങൾ. പാറിപ്പറന്നമുടി. പ്രായം കൂടിയതുപോലെ.

“ശ്രീയ എന്തുപറ്റി. പെട്ടെന്നിങ്ങനെയൊരു തീരുമാനം”

“പെട്ടെന്നല്ല ആലോചിച്ചെടുത്തതാണ്”

കാറ്റത്തുപറക്കുന്നതലമുടി കോതിയൊതുക്കിക്കൊണ്ടവൾ പറഞ്ഞു.

“അഭിക്കറിയാമല്ലോ തോമസ്
സർ വരാതായതോടെ മകൻ ചാർജെടുത്തു. സാറിനെപ്പോലായിരുന്നില്ല അയാൾ. ഒരു സ്ത്രീ ലം ബടൻ.

അയാൾക്കോഫീസിലുള്ള ലേഡി സ്റ്റാഫുകളുടെ മേലായിരുന്നു കണ്ണ്.
എതിർപ്പില്ലാത്തവർ അയാളുടെ ഇംഗിതങ്ങൾക്ക് വഴങ്ങികൊടുത്തു.

ഈയിടെയായി അയാൾക്കെന്റെ നേരെയായി കണ്ണ്. പല പ്രാവശ്യം ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു. നടക്കില്ല
എന്നായപ്പോൾ ഭീഷണിയായി .

ഇനിയും അവിടെ പിടിച്ചു നിൽക്കാൻ പറ്റില്ലെന്ന് തോന്നി. അതാണ് റീസൈൻ ചെയ്തത് “മിഴികൾ തുടച്ചുകൊണ്ടവൾ പറഞ്ഞു

” ഇത്രയുമൊക്കെയായിട്ടും നീയെന്തുകൊണ്ടെന്നെ അറിയിച്ചില്ല. നമുക്ക് പോലീസിൽ കംപ്ലെയ്ൻറ് ചെയ്യാമായിരുന്നല്ലോ. ഇനിയും സമയംവൈകിയിട്ടില്ല. തൊഴിലിടങ്ങളിലെ സ്‌ ത്രീ പീ ഢനം ക്രി മി നൽ കു റ്റമാണെന്നറിഞ്ഞുകൂടെ ”

“അറിയാഞ്ഞിട്ടല്ല. പോലീസ്കേസിനും മറ്റുമൊക്കെ പോകാൻ എനിക്ക് സമയമില്ല അഭി. അയാൾ കാശെറിഞ്ഞു നല്ലവനാകും.

അയാളുടെ ചെയ്തികളിൽ സന്തോഷം കണ്ടെത്തുന്ന ഒരുകൂട്ടംപേർ അയാൾക്കനുകൂലമായിനിൽക്കും. ഞാൻ ഒറ്റപ്പെടും.

ചാനലുകർക്കും സോഷ്യൽ മീഡിയയ്ക്കും കുറച്ചു ദിവസത്തേക്കൊരു വാർത്ത അതിൽ കൂടുതലൊന്നും ഇവിടെ സംഭവിക്കാൻ പോകുന്നില്ല.

അമ്മയെയും അനിയത്തിയെയും മറന്നുള്ള ഒരു വിപ്ലവത്തിനും ഇപ്പോളെ നിക്കാവില്ല . നമ്മളൊരാൾ വിചാരിച്ചാൽ മാറാനുള്ളതല്ല ഈ ലോകം”

അവൾ നിർവികാരതയോടെ പറഞ്ഞു.

“ഇനിയെന്താ നിന്റെ പ്ലാൻ. വീട്ടിൽ ചെന്നിട്ട് … ?”

“നിനക്കറിയാമല്ലോ ഇന്നത്തെ അവസ്ഥയിൽ പെട്ടെന്നൊരു ജോലി , അതത്ര എളുപ്പമല്ല. നീയെനിക്ക് ഒരുജോലി സംഘടിപ്പിച്ചുതരണം. അത് വലിയൊരു സഹായമായിരിക്കും. വലുതൊന്നും വേണ്ട.

അധിക ദിവസം വീട്ടിൽ വെറുതേയിരിക്കാൻ കഴിയില്ല. കടക്കാരോട് പറഞ്ഞു നിൽക്കാനെങ്കിലും ഒരുജോലി ആവശ്യമാണ്. എനിക്കിവിടെയാരേയും വലിയ പരിചയമില്ല. എന്നെ നീ സഹായിക്കില്ലേ”

അവൾ പ്രതീക്ഷയോടെ അവനെ നോക്കി.

“ശ്രീയ ഞാൻ നോക്കിയിട്ട് നിനക്ക് എളുപ്പത്തിൽ നേടിത്തരുവാൻ പറ്റിയ ഒരെയോയൊരു ജോലിയേ എന്റെ കയ്യിലുള്ളൂ. എന്റെ ഭാര്യാപദം. അതിനു നീ തെയ്യാറാണോ ”

ഒരുനിമിഷം അവളുടെമുഖത്ത് പലതരംഭാവങ്ങൾ മിന്നിമറഞ്ഞു.

“അഭി ഒരു വിവാഹത്തെകുറിച്ച് ചിന്തിക്കാൻ പറ്റിയ സമയമല്ല ഇത്. ഒരുപാട് പ്രശ്‌നങ്ങളുള്ള ഒരുപാട് ബാധ്യതകളുള്ള കുടുംബമാണെന്റേത് .നീയെന്തിനാ അതെല്ലാം തലയിലേറ്റുന്നത് ”

“ശ്രീയ നിനക്കെന്നെ ഇഷ്ടമാണോ അല്ലയോ. എനിക്കതുമാത്രമേ അറിയേണ്ടതുള്ളു. നിന്റെ ദുഃഖങ്ങളെന്റെയും കൂടിയാണെന്ന് കരുതാം ”

അവനവളുടെ കൈകൾ കവർന്നെടുത്തു.

“അഭി നിന്നെയെന്നും ഞാൻ എന്റെ സുഹൃത്തായാണ് കണ്ടിട്ടുള്ളത്. ലോലമായ വികാരങ്ങൾ കടന്നു വരാഞ്ഞിട്ടല്ല.

എന്റെ മനസ്സിനെ ഞാൻ അടക്കിനിറുത്തിയ താണ്. നിന്നെ മോഹിക്കാനുള്ള ഭാഗ്യമൊന്നും ഞാൻ ചെയ്തിട്ടില്ല ”

” ശ്രീയ ഇത്രയും നാൾ ഞാനും നിന്നെ നല്ലൊരു സുഹൃത്തായി മാത്രമേ കണ്ടിട്ടുള്ളൂ.

പക്ഷെ ഇപ്പോൾ ഞാൻ ആത്മാർത്ഥമായി നിന്നെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു. ഇനിയുള്ളകാലം നമുക്കൊന്നിച്ചു തുഴയാം”

അവളൊരു നിമിഷം അവന്റെ കണ്ണുകളിലേക്ക് നോക്കി. അവന്റെ കണ്ണുകളിലെ തിളക്കം അവൾക്ക് അവഗണിക്കാനായില്ല തേങ്ങലോടെ അവളവനിലേക്ക് ചാഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *