എന്തിനെന്നറിയാതെ
(രചന: നൈയാമിക മനു)
ഇന്ന് എന്റെ മകളുടെ ചോറൂണ് ആയിരുന്നു. എല്ലാ അച്ഛനമ്മമാരും ഒത്തിരി സന്തോഷിക്കുന്ന ദിവസം
പക്ഷേ എന്റെ സന്തോഷം പൂർണമായിരുന്നില്ല. എന്റെ മകളെ കൈകളിലേന്തി സന്തോഷവതിയായി എന്റെ നല്ലപാതി ശാരി നിൽക്കുന്നുണ്ട്. ഇടയ്ക്ക് ഇടയ്ക്ക് അവളുടെ കണ്ണുകൾ എന്നെ തേടി വരുന്നുണ്ട്.
എന്റെ കണ്ണുകളിലെ വികാരം എന്താണെന്ന് ഉള്ള തിരച്ചിലിലാണവൾ. എന്റെ കണ്ണുകളിൽ ദുഃഖം ആണോ എന്നവൾ തിരയുകയാണ്.
എന്റെ ഉള്ളിലെ ദുഖത്തെ അവളിൽ നിന്ന് ഒളിപ്പിക്കാൻ ഞാൻ വൃഥാ ശ്രമിച്ചു. മറ്റാരിൽ നിന്ന് വേണമെങ്കിലും എനിക്ക് എന്തും മറച്ചു പിടിക്കാൻ കഴിയും പക്ഷേ….
ശാരി…. അവളിൽ നിന്നും എനിക്ക് എന്റെ യാതൊരു വികാരത്തെയും മറച്ചു പിടിക്കാൻ കഴിയില്ല. എന്നെക്കാൾ കൂടുതൽ എന്നെ മനസിലാക്കിയവളാണ് അവൾ. ഞാൻ ശാരിക്ക് നേരെ എന്റെ രണ്ട് കണ്ണുകളും ചിമ്മികാട്ടി.
ശാരി, അച്ഛനമ്മമാരുടെ ഇളയമകൾ. ശാരിക്ക് ഒരു ചേച്ചിയുണ്ട് വിവാഹം കഴിഞ്ഞ് നാല് വയസ്സുള്ള ഒരു മകനുണ്ട്. ചേച്ചിയുടെ ഭർത്താവ് അരുണേട്ടൻ കോളേജ് അദ്ധ്യാപകൻ ആണ്.
ചോറൂണിന് ഒരു ഉത്സവ പ്രതീതിയായിരുന്നു. വീടിനടുത്തുള്ള അമ്പലത്തിൽ വച്ചായിരുന്നു ചോറൂണ്. വീട് എന്ന് പറയുമ്പോൾ ശാരിയുടെ വീട്, ഇപ്പോൾ എന്റെയും അല്ല ഞങ്ങളുടെ വീട്.
അമ്പലത്തിലെ ചടങ്ങിന് ശേഷം വീട്ടിൽ ഗഭീര സദ്യ തന്നെ ഒരുക്കിയിരുന്നു. ഒത്തിരി ആളുകളെ ഒന്നും ക്ഷണിച്ചിരുന്നില്ലെങ്കിലും ബന്ധുക്കളും അയൽക്കാരും കൂടി തന്നെ കുറച്ചധികം ഉണ്ടായിരുന്നു.
ശാരിയുടെ അച്ഛന് വല്യ ബന്ധുബലം ഒന്നും ഇല്ലായിരുന്നു എങ്കിലും കുറച്ച് പേർ ഒക്കെ വന്നിരുന്നു. അമ്മയ്ക്ക് മൂന്ന് സഹോദരിമാരാണ്. അവർക്ക് മൂന്ന് ആൺമക്കളാണ്. എന്റെ അളിയന്മാർ. ഒരാൾ എന്നേക്കാൾ മുതിർന്നയാളാണ് വല്യളിയൻ.
രണ്ടാമത്തെയാൾ എന്റെ പ്രായം, അളിയൻ. മൂന്നാമത്തെയാൾ പ്ലസ്‌ടുവിന് പടിക്കുന്നതെ ഉള്ളു, കുഞ്ഞളിയൻ. വല്യളിയനും അളിയനും ആൺമക്കളാണ്. വല്യളിയന് രണ്ടുപേരും അളിയന് ഒരാളും.
ചുരുക്കി പറഞ്ഞാൽ ഈ കുടുംബത്തിലെ ചെറുമക്കളിലെ ഏക പെൺ തരിയാണ് എന്റെയും ശാരിയുടെയും കടിഞ്ഞൂൽ സന്തതിയായ “ശ്രേണി “. അതുകൊണ്ട് തന്നെ അവളെ ചുറ്റി പറ്റിയുള്ള എല്ലാ കാര്യങ്ങൾക്കും ഇവിടെ ഉത്സവ പ്രതീതിയാണ്.
രാവിലെ തന്നെ എല്ലാവരും ഓരോ കാര്യങ്ങൾക്ക് വേണ്ടി ഓടി നടക്കുന്നുണ്ടായിരുന്നു. അങ്ങനെ എന്റെ കൈകൊണ്ട് തന്നെ എന്റെ മകളുടെ നാവ് ആദ്യമായി പാൽ രുചിയല്ലാതെ മറ്റൊരു രുചി അറിഞ്ഞു.
അതിന് ശേഷം സദ്യ വിളമ്പൽ ഒക്കെയായി തിരക്കിലായിരുന്നു. ഇടയ്ക്കൊക്കെ തകൃതിയായി ഫോട്ടോ എടുപ്പും ഒക്കെ ഉണ്ടായിരുന്നു.
തിരക്കൊക്കെ കഴിഞ്ഞപ്പോൾ എല്ലാവരും ഒരുമിച്ചിരുന്നു കളിയും ചിരിയും ബഹളവും ഒക്കെയായി.
എല്ലാത്തിന്റെയും കേന്ദ്രബിന്ദു അരുണേട്ടനാണ് ഇതാണ് ഇവരുടെ പ്രത്യേകത ഇവരിലേക്ക് വരുന്നവരൊക്കെ ഇവരായി മാറും.
എല്ലാവരെയും ചേർത്ത് പിടിക്കും. ഓരോ ഒത്ത്ചേരലുകളും ഓർത്ത് വയ്ക്കാൻ കഴിയുന്ന മനോഹര നിമിഷങ്ങളാക്കി മാറ്റും. ഓരോ നിമിഷവും ഇവരോടൊപ്പം ഉള്ള ഓരോ നിമിഷവും ഞാൻ ആസ്വദിക്കാറുണ്ട് ആഘോഷമാക്കി മാറ്റാറുണ്ട് .
പക്ഷേ ഇന്ന് അതിനെനിക്ക് കഴിയുന്നില്ല. എന്റെ ഉള്ളം ഇളകി മറിയുകയാണ്. ഇവരുടെ ചേർത്ത് പിടിക്കലിനിടയിലും എനിക്ക് ഒറ്റപ്പെടൽ അനുഭവപ്പെടുന്നു. ഞാൻ ഒരനാഥനായത് പോലെ തോന്നുന്നു.
ഇപ്പോഴും എന്റെ തൊട്ട് പുറകിൽ നിൽക്കുന്ന അളിയന്റെ ഒരു കൈ എന്റെ വലത് തോളിലും മറുകൈ കൊണ്ട് അരയിലൂടെ എന്നെ ചേർത്ത് പിടിച്ചിട്ടും ഉണ്ട്. വല്യളിയൻ പറയുന്ന എന്തോ തമാശ കേട്ട് ചിരിക്കുകയാണ് അളിയൻ.
അത് കേട്ട് എന്റെ കയ്യിൽ അടിച്ച് ചിരിക്കുന്നുണ്ട് അരുണേട്ടൻ. പക്ഷേ എനിക്ക് ഒന്നും ആസ്വദിക്കാൻ കഴിയുന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ തലവേദന എടുക്കുന്നു എന്ന് പറഞ്ഞ് മുറിയിലേക്ക് പോയി
കട്ടിലിൽ തലയിണയിൽ മുഖം അമർത്തി കമിഴ്ന്നു കിടന്നു.
ഒന്ന് ആർത്ത് കരയണം എന്നുണ്ട്. പക്ഷേ…. എനിക്ക് കഴിയുന്നില്ല.
ഒന്ന് കരയാൻ കൂടി എനിക്ക് കഴിയുന്നില്ലല്ലോ ദൈവമേ…
കുറച്ച് നിമിഷങ്ങൾക്കുള്ളിൽ എന്റെ മുടിയിഴകളിലൂടെ നീണ്ട് മെലിഞ്ഞ വിരലുകൾ ഓടി നടന്നു.
“മോളെവിടെ…. ”
“ചേച്ചിയുടെ കയ്യിൽ… ”
“പ…… പറ്റുന്നില്ലടി…. ”
“ഇങ്ങനെ സങ്കടപെടല്ലേ ഇച്ഛയാ….. ഇതൊക്കെ തന്നെയല്ലേ നമ്മൾ ഇന്നലെ പ്രതീക്ഷിച്ചതും. ഇങ്ങനെയൊക്കെ തന്നെയേ സംഭവിക്കൂ എന്ന് ഇച്ചായൻ തന്നെയല്ലേ ഇന്നലെ എന്നോട് പറഞ്ഞത് എന്നിട്ടിപ്പോൾ….. ”
“പറയാൻ എളുപ്പാടി….. പക്ഷേ അത് അഭിമുഖീകരിക്കാൻ….. വല്യ പാട….. ”
അവളൊന്നും മിണ്ടിയില്ല ഞാനും. അവളുടെ വിരലുകൾ മുടിയിഴകളിലൂടെ വീണ്ടും ഓടി നടന്നു. ഇടയ്ക്ക് മോളുടെ കരച്ചിൽ കേട്ടു.
“ഇച്ചായൻ ഒന്ന് ഉറങ്ങി എഴുന്നേൽക്ക് അപ്പോൾ ഈ മൂടോക്കെ ശെരിയാവും. ഞാൻ മോളേ നോക്കട്ടെ. ”
എനിക്ക് ഉറങ്ങാൻ കഴിയില്ലെന്ന് അവൾക്കറിയാം എങ്കിലും അങ്ങനെ പറഞ്ഞുകൊണ്ട് അവൾ മോളുടെ അടുത്തേക്ക് പോയി.
ഞാൻ ജോയൽ എന്ന എല്ലാവരുടെയും ജോ. ഒരു ഡോക്ടർ ആണ്. എന്റെ നല്ല പാതി ശാരിക എന്ന ശാരി. സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുന്നു. ശാരിയുടെ നാടാണ് തിരുവനന്തപുരം. ഞാൻ ഒരു കോട്ടയംകാരനാണ്.
എന്റെ ജോലിയുടെ ഭാഗമായി തന്നെ തിരുവനന്തപുരത്ത് വച്ചാണ് ഞാൻ ശാരിയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അപ്പോഴൊക്കെ അവളുടെ അമ്മയും കൂടെ ഉണ്ടാകാറുണ്ട്.
തികച്ചും മോഡേൺ ചിന്താഗതികാരനായ ഫാഷൻ ഇഷ്ട്ടപെടുന്ന ആർഭാട ജീവിതം നയിക്കുന്ന എനിക്ക് എങ്ങനെയാണ് തികച്ചും പക്വമതിയായ ഒരു നാടൻ പെൺകുട്ടിയോട് പ്രണയം തോന്നിയത് എന്ന് ചോദിച്ചാൽ എനിക്ക് തന്നെ അറിയില്ല. ഇഷ്ട്ടമാണ്, പ്രണയമാണ് അത്ര മാത്രം അറിയാം.
എന്റെ ജോലിയുടെ ഭാഗമായി തന്നെ പരസ്പരം ഫോൺ നമ്പർ കൈമാറിയിരുന്നു.
അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം വിളിക്കുകയും വളരെ ഭവ്യതയോടെ സംസാരിക്കുകയും ചെയ്യുമായിരുന്നു ശാരി. അവളുടെ നമ്പർ സ്‌ക്രീനിൽ കാണുമ്പോൾ തന്നെ ഉള്ളിൽ ഒരു തണുപ്പാണ്.
അവളുടെ ഡോക്ടറെ വിളിക്ക് വേണ്ടി ഞാൻ ആകാംശയോടെ കാത്തിരിക്കാറുണ്ട്. എന്തോ ആ വിളി എനിക്ക് ഇഷ്ടമാണ്. ഇടയ്ക്കൊക്കെ ഒരു മെസ്സേജിലൂടെ ഞാൻ അങ്ങോട്ട് സുഖവിവരം തിരക്കാറുണ്ട്. ഒന്നോ രണ്ടോ വാക്കിൽ അവൾ മറുപടി ഒതുക്കും.
ഒരു പരിധിയിൽ കൂടുതൽ അവൾ സംസാരിക്കില്ല. ഞാൻ എന്റെ ഇഷ്ടത്തെ മനസ്സിൽ ഒളിപ്പിച്ചു. നേരിൽ കാണുമ്പോൾ ശാരിയോടെന്നപോലെ അവളുടെ അമ്മയോടും ഞാൻ നല്ലൊരു ബന്ധം കാത്ത് സൂക്ഷിച്ചു.
ശാരിക്ക് ജോലിയൊക്കെ കിട്ടി അവൾ ഒന്ന് സെറ്റിലായപ്പോൾ ഒരു ദിവസം ഒന്ന് നേരിൽ കാണാമോ എന്ന് ഞാൻ ആവശ്യപ്പെട്ടു.
ആദ്യം മറുപടി തന്നില്ലെങ്കിലും എന്റെ താഴ്മയായ അഭ്യർത്ഥന മാനിച്ചുകൊണ്ട് സമ്മതിച്ചു. നേരിൽ കണ്ടപ്പോൾ ചെറിയൊരു മുഖവുരയ്ക്ക് ശേഷം ഞാൻ ചോദിച്ചു.
“എനിക്ക് ശാരിയെ ഇഷ്ട്ടമാണ്. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ വീട്ടുകാരുമൊത്ത് തൻ്റെ വീട്ടിൽ വന്ന് തന്നെ എനിക്ക് വേണ്ടി വിവാഹം ആലോചിക്കുന്നതിൽ തനിക്ക് എതിർപ്പുണ്ടോ. ”
ശാരിയിൽ വല്യ ഞെട്ടലൊന്നും ഉണ്ടായില്ല. ഇത് തന്നെയാവും പ്രതീക്ഷിച്ചിട്ടുണ്ടാവുക. ഇതിന് മുൻപേ മനസിലായിട്ടുണ്ടാവും.
“ഡോക്ടറുടെ വീട്ടുകാർ സമ്മതിക്കുമോ.”
“വീട്ടിൽ പറഞ്ഞിട്ടില്ല തനിക്ക് എതിർപ്പില്ല എങ്കിൽ മാത്രം വീട്ടിൽ പറയാം എന്ന് കരുതുന്നു. തൻ്റെ ഭാഗം പറഞ്ഞില്ല. ”
“വീട്ടുകാരുമായി വന്ന് ആലോചിക്കുന്നതിൽ എതിർപ്പില്ല. പിന്നീടുള്ള തീരുമാനം എന്റെ വീട്ടുകാരെ മാത്രം ആശ്രയിച്ചായിരിക്കും. ”
അങ്ങനെ ഒരു മറുപടി തന്നെയാണ് ഞാൻ പ്രതീക്ഷിച്ചിരുന്നതും. ആ കൂടി കാഴ്ചയ്ക്ക് ശേഷം ഞാൻ എന്റെ നാട്ടിലേക്ക് പോയി. നാട്ടിൽ എത്തിയ ദിവസം രാത്രിയിൽ പപ്പയും മമ്മയും ഒരുമിച്ചിരുന്നപ്പോൾ ഞാൻ പറഞ്ഞ് തുടങ്ങി.
“എനിക്ക് ഒരു കുട്ടിയെ ഇഷ്ട്ടമാണ്. വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട്. ഇവിടെ നിന്ന് എല്ലാവരുംകൂടി അവിടേയ്ക്ക് പോയി എനിക്ക് വേണ്ടി അവളെ ചോദിക്കണം. ”
പപ്പയുടെയും മമ്മയുടെയും മുഖം ഒന്ന് തെളിഞ്ഞു. ഒരു വിവാഹത്തിന് എത്ര നിർബന്ധിച്ചിട്ടും സമ്മതിക്കാത്ത മകന്റെ വാക്കുകൾ കേൾക്കുമ്പോൾ മുഖം തെളിയുന്നത് സ്വാഭാവികം മാത്രം. ആ തെളിച്ചത്തിന് വല്യ ആയുസ്സില്ലെന്നു എനിക്ക് അറിയാമായിരുന്നു.
“നമ്മുടെ മ ത മ ല്ല. തിരുവനന്തപുരത്തുകാരിയാണ്. ”
ഞാൻ കൂട്ടിചേർത്തു
“നോക്കാം. ”
അതായിരുന്നു ലഭിച്ച മറുപടി.
പിറ്റേന്ന് രാവിലെ കുടുബക്കാരൊക്കെ വീട്ടിലെത്തി എല്ലാവരും ഒരുമിച്ചിരിക്കെ എന്നെ വിളിച്ചു നടുക്ക് നിർത്തി.
“ആ കുട്ടി എന്ത് ചെയ്യുന്നു. ”
പപ്പയുടെ ചേട്ടനാണ് ചോദിച്ചത്.
“സെക്രെട്ടറിയേറ്റിൽ അസിസ്റ്റന്റ് ആണ്. ”
“ഏതാ ജാ തി…. ”
പപ്പയുടെ അനിയനായിരുന്നു.
“നാ യ ർ. ”
“സാമ്പത്തികമൊക്കെ…. ”
“അതിനെക്കുറിച്ച് അന്വേഷിക്കേണ്ട കാര്യം ഇല്ലെന്നു തോന്നി. ”
“അടുത്ത ഞായറാഴ്ച അവിടം വരെ പോകാം. ”
പപ്പ തീർപ്പു കല്പ്പിച്ചു.
ഞായറാഴ്ച പപ്പയും മമ്മയും പപ്പയുടെ അനിയനും ചേട്ടനും അവരുടെ ഭാര്യമാരും ഞാനും കൂടി ശാരിയുടെ വീട്ടിൽ വന്നു.
പപ്പ കാര്യം അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ ശാരിയുടെ അച്ഛൻ ഞെട്ടി ഇരിക്കുന്നത് കണ്ടു. ഒരു മറുപടിക്ക് കാത്തിരിക്കുകയായിരുന്നു എന്റെ കുടുംബം.
ശാരിയുടെ അച്ഛൻ അമ്മയെ നോക്കി. ആ അമ്മ എന്നെ വേണ്ട എന്ന് പറയില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. അമ്മ അച്ഛനെ കണ്ണ്ചിമ്മി കാട്ടി.
“ശാരിയ്ക്ക് ഇഷ്ടമാണെങ്കിൽ ഞങ്ങൾക്കും സമ്മതമാണ്. ”
അച്ഛന്റെ ആ മറുപടി എന്നിൽ നിറച്ച സന്തോഷം വളരെ വലുതായിരുന്നു.
“ഞങ്ങൾക്ക് ഇന്ന് തന്നെ ഒരു മറുപടി വേണം പറ്റുമെങ്കിൽ ഇപ്പോൾ തന്നെ. എപ്പോഴും വന്ന് പോകാൻ പറ്റുന്ന ദൂരമല്ലല്ലോ. ”
പപ്പ പറഞ്ഞു കഴിഞ്ഞപ്പോൾ ശാരിയെ അവിടേക്ക് വിളിച്ചു. അപ്പോഴാണ് എല്ലാവരും അവളെ കാണുന്നത്. പക്ഷേ എല്ലാവരുടെയും ശ്രദ്ധ അവളുടെ മറുപടിയിൽ ആയിരുന്നു.
“നിനക്ക് ഇഷ്ടമാണെങ്കിൽ ഈ ബന്ധത്തിന് ഞങ്ങൾക്ക് സമ്മതമാണ്. എന്താ നിന്റെ അഭിപ്രായം. ”
ശാരിയുടെ അച്ഛന്റെ ചോദ്യത്തിന് “എനിക്ക് സമ്മതമാണ് “എന്ന് അവൾ മറുപടി പറഞ്ഞപ്പോൾ സന്തോഷവും ഒപ്പം അല്പം നിരാശയും തൊന്നി. എങ്കിലും ” ഇഷ്ട്ടാണ് ” എന്ന് പറഞ്ഞില്ലല്ലോ എന്നോർത്തായിരുന്നു നിരാശ.
അങ്ങനെ വിവാഹം തീരുമാനിച്ചു. രണ്ട് മ തം രണ്ട് ജില്ല ഒക്കെ ആയിട്ടും ഒരു തടസ്സവും ഇല്ലാതെ വിവാഹം തീരുമാനിക്കപ്പെട്ടപ്പോൾ എനിക്ക് സന്തോഷത്തേക്കാൾ കൂടുതൽ ഒരു അത്ഭുതം ആയിരുന്നു.
വിവാഹത്തിന് ഞാൻ ഒരു നിബന്ധന വച്ചു. വിവാഹം ക്ഷേത്രത്തിൽ വച്ച് മതിയെന്ന്. ഞാനാണ് പ്രണയിച്ചതും വിവാഹം കഴിക്കണം എന്ന് ആവശ്യപ്പെട്ടതും. ഞാൻ കാരണം അവളുടെ ഇഷ്ട്ടങ്ങൾക്കോ ആഗ്രഹങ്ങൾക്കോ തടസ്സം ഉണ്ടാകരുത് എന്ന് തോന്നി.
എന്റെ വീട്ടുകാർ അതിനും സമ്മതിച്ചു. ക്ഷേത്രത്തിൽ വച്ചായത്കൊണ്ട് വീട്ടിൽ നിന്നും പപ്പയും ഞാനും പപ്പയുടെ ചേട്ടന്റെ മകനും മാത്രമേ ഉണ്ടായിരുന്നുള്ളു. ഞാൻ മാത്രമാണ് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചത്.
പപ്പ പുറത്ത് നിന്നു. അവരുടെ വിശ്വാസത്തെ ഞാനും എതിർത്തില്ല. തിരിച്ചുള്ള യാത്രയിൽ ഞങ്ങൾ നാലുപേർ. അമ്മയെയും അച്ഛനെയും പിരിയുന്നതിൽ ശാരിയ്ക്ക് സങ്കടം ഉണ്ടായിരുന്നു. അവളുടെ കൈയിൽ കൈചേർത്ത് ഞാൻ ആശ്വസിപ്പിച്ചു.
വീടെത്തിയപ്പോൾ ഞാൻ ഇറങ്ങിയ ശേഷം അവൾക്ക് ഡോർ തുറന്ന് കൊടുത്തു. നിലവിളക്കു നൽകിയോ കുരിശു വരച്ചോ ശാരിയെ വീട്ടിലേക്ക് കയറ്റാൻ കാത്ത് നിൽക്കുന്ന മമ്മയെ പ്രതീക്ഷിച്ചു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് വിജനമായ പൂമുഖമാണ്.
പപ്പ ഒന്നും പറയാതെ അകത്തേക്ക് കയറി പോയി. കൂടെ ചേട്ടന്റെ മകനും. ഞാനും ചാരുവും മമ്മയെ പ്രതീക്ഷിച്ചു മുറ്റത്ത് തന്നെ നിന്നു. കുറച്ച് സമയം കഴിഞ്ഞും ആരും വന്നില്ല.
ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നപ്പോൾ പപ്പയുടെ അനിയന്റെ ഭാര്യ പുറത്തേക്ക് വന്നു.
“ജോ അകത്തേക്ക് വരുന്നില്ലേ….. ”
ഞാൻ എന്തോ ചോദിക്കാൻ നാവുയർത്തും മുൻപേ അവർ വീണ്ടും പറയാൻ തുടങ്ങി.
“ആരതിയും നിലവിളക്കും കുരിശു വരപ്പും ഒന്നും ഇല്ല. അകത്തേക്ക് വരേണ്ടവർക്ക് വരാം. ”
അത് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അവർ അകത്തേക്ക് പോയി. കുറച്ച് സമയം ഞാൻ നിഛലമായി നിന്നു.
“ശാരി…. നമുക്ക് അകത്തേക്ക് കയറാം. ”
അവൾ തലയാട്ടി സമ്മതം അറിയിച്ചു. നിലവിളക്കും കുരിശു വരപ്പും ഇല്ലെങ്കിലും അവൾ വലത് കാൽവച്ച് അകത്തേക്ക് കയറി. ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു ആരും ഒന്നും പറഞ്ഞില്ല. കുറച്ച് സമയം ഞങ്ങൾ അവിടെ നിന്നു.
ആരും മുഖത്ത് നോക്കുന്നില്ല എന്ന് കണ്ടപ്പോൾ ഞാൻ ശാരിയെയും കൂട്ടി മുറിയിലേക്ക് പോയി. ഇവിടെ എന്താണ് നടക്കുന്നതെന്ന് എനിക്ക് സത്യത്തിൽ മനസിലാവുന്നുണ്ടായിരുന്നില്ല.
ഞാൻ മുറിയിടെ അങ്ങോളം ഇങ്ങോളം നടന്നു. ഇടയ്ക്ക് നോക്കിയപ്പോൾ എന്നെ അന്തംവിട്ടു നോക്കിയിരിക്കുന്ന ശാരിയെ കണ്ടു.
“ഡോക്ടറെ…..ഞാൻ എന്താണ് ചെയ്യണ്ടത്.”
“ഷെൽഫിൽ ഇയാൾക്കാവശ്യമുള്ളത് ഒക്കെ ഉണ്ട്. ഫ്രഷായി കിടന്നോളൂ…. യാത്രാ ക്ഷീണം കാണും. ”
ഒന്നും കഴിക്കാതെ കിടന്നു. ആരും കഴിക്കാൻ വിളിച്ചില്ല. എനിക്ക് അന്നത്തെ ദിവസം ഉറക്കമേ വന്നില്ല. ചുറ്റിനും എന്താണ് നടക്കുന്നത് എന്ന ചിന്തയിൽ ആയിരുന്നു ഞാൻ.
അതിരാവിലെ തന്നെ ഉണർന്നു. ഉണർന്നു എന്ന് പറഞ്ഞാൽ അത് തെറ്റാകും. ഉറങ്ങിയിട്ട് വേണ്ടേ ഉണരാൻ. ഒന്ന് തല ചരിച്ച് നോക്കിയപ്പോൾ അടുത്ത് കിടക്കുന്നവൾ കണ്ണും തുറന്ന് ഫാനും നോക്കി കിടപ്പാണ്.
ഉറങ്ങിയിട്ടുണ്ടാവില്ല. വീടും നാടും മാറിയത് പോരാഞ്ഞിട്ട് പ്രതീക്ഷിക്കാത്ത രീതിയിലുള്ള സ്വീകരണവും. കുളിയൊക്കെ കഴിഞ്ഞപ്പോൾ താഴോട്ട് പോകണോ വേണ്ടയോ എന്നൊരു ആശങ്കയിൽ ആയിരുന്നു ശാരി.
എന്റെ മൗനാനുവാദത്തോടെ അവൾ താഴേക്ക് പോയി. അവൾക്ക് പുറകേ ഞാനും മുറിയിൽ നിന്നിറങ്ങി. താഴേക്ക് ഉള്ള പടികൾക്ക് മുകളിൽ നിന്ന് ഞാൻ താഴേക്ക് നോക്കി. ഹാളിൽ നടക്കുന്ന കാര്യങ്ങളൊക്കെ കാണാൻ കഴിയുന്നുണ്ട്.
ശാരി ഹാളിലേക്ക് ചെല്ലുമ്പോൾ മമ്മ അവിടെ ഉണ്ടായിരുന്നു. അവൾ മടിച്ചു മടിച്ചു മമ്മയോട് എന്തോ ചോദിച്ചു മമ്മ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോകുന്നത് കണ്ടു.
ഒന്ന് ചിന്തിച്ചു നിന്ന ശേഷം ശാരിയും മമ്മയുടെ പുറകേ അടുക്കളയിലേക്ക് പോകുന്നത് കണ്ടു ഞാൻ തിരികെ മുറിയിലേക്ക് വന്നു. പത്ത് മിനിറ്റ് തികയും മുൻപേ ശാരി മുറിയിലേക്ക് വന്നു.
“മമ്മ എന്ത് പറഞ്ഞു. ”
“ഒന്നും പറഞ്ഞില്ല. ”
ഞാൻ ആ സംസാരം അവിടെ അവസാനിപ്പിച്ചു. കുറച്ച് കഴിഞ്ഞ് മമ്മ വന്ന് ആഹാരം കഴിക്കാൻ വിളിച്ചു. ഞാൻ ശാരിയെയും കൂട്ടി താഴേക്ക് പോയി.
അതിശയം എന്ന് പറയട്ടെ ആറു കസേരകൾ ഉള്ള ഡൈനിങ് ടേബിളിന് ചുറ്റും മൂന്ന് കസേരകൾ മാത്രം. രണ്ടെണ്ണത്തിൽ മമ്മയും പപ്പയും ഇരിക്കുന്നു. മൂന്നാമത്തെ പ്ളേറ്റിലും ആഹാരം വിളമ്പി വച്ചിട്ടുണ്ട്.
“നീ എന്ത് നോക്കി നിക്കുവാ ജോ…. വന്നിരുന്നു കഴിക്ക്. ”
“ഞങ്ങൾ പിന്നെ കഴിച്ചോളാം മമ്മ. ”
“നീ കഴിച്ചില്ലെങ്കിൽ ഞങ്ങളും കഴിക്കുന്നില്ല. ”
“ശാരിയ്ക്ക്….. കഴിക്കാൻ… ”
“നീ ഇരിക്കുന്നെങ്കിൽ ഇരിക്ക് ജോ. ”
ശാരിയെ നോക്കിയപ്പോൾ അവൾ കണ്ണ് ചിമ്മി കാട്ടി. ഞാൻ മമ്മയോടും പാപ്പയോടും ഒപ്പം ഇരുന്നു. ശാരി മുകളിലേക്കും പോയി. ആഹാരം കഴിച്ചു കഴിഞ്ഞ് ശരിക്കുള്ള ഭക്ഷണം എടുക്കാനായി പാത്രങ്ങൾ തുറന്ന് നോക്കിയപ്പോൾ എല്ലാം കാലിയായിരുന്നു.
“ഭക്ഷണം ഒക്കെ തീർന്നോ മമ്മ. ”
“ഓ…. ഇനി ഇവിടെ ആരും ആഹാരം കഴിക്കാൻ ഇല്ലല്ലോ. ”
“ശാരി ഒന്നും കഴിച്ചില്ലല്ലോ മമ്മ. ”
മമ്മ എന്റെ ചോദ്യത്തിന് മറുപടി തന്നില്ല. എനിക്ക് കാര്യങ്ങളുടെ കിടപ്പ് വശം ഏകദേശം മനസിലായി തുടങ്ങി. വണ്ടിയെടുത്ത് പുറത്തേക്ക് പോയി ശാരിയ്ക്കുള്ള ഭക്ഷണം വാങ്ങി മുറിയിൽ കൊണ്ട് വന്ന് കൊടുത്തു. പൊതിയിലെ ഭക്ഷണം കണ്ടിട്ടും അവൾ ഒന്നും ചോദിച്ചില്ല. എന്നേക്കാൾ മുന്നേ അവൾക്ക് എല്ലാം മനസിലായിരിക്കണം.
പിന്നീടുള്ള നാല് ദിവസങ്ങളും ഇങ്ങനെയൊക്കെ തന്നെയായിരുന്നു ശാരിയെ എന്റെ വീട്ടിൽ ഞാൻ ഒഴികെ മറ്റാർക്കും കാണാനും കേൾക്കാനും കഴിയില്ല എന്നപോലെ. ഞാൻ ഭക്ഷണം പപ്പയ്ക്കും മമ്മയ്ക്കും ഒപ്പം ഇരുന്ന് കഴിക്കണം പക്ഷേ…. ശാരിയ്ക്ക് ഭക്ഷണം ഇല്ല. ഞാൻ അവരോടൊപ്പം ഇരിക്കുന്നില്ല എന്ന് പറയുമ്പോൾ അവൾക്ക് വല്ലാത്ത വിഷമമാണ്.
അവൾ കാരണം ഞാൻ എന്റെ അച്ഛനമ്മമാരിൽ നിന്നകലുന്നു എന്നൊക്കെ ഉള്ള ചിന്ത അവൾക്കുണ്ട് എന്ന് തോന്നി. അതുകൊണ്ട് തന്നെ ഞാൻ അവരോടൊപ്പം കഴിക്കും ശാരിക്ക് പുറത്ത് നിന്നും ആഹാരവും വാങ്ങികൊടുക്കും.
അങ്ങെനെ അഞ്ചു ദിവസങ്ങൾ പിന്നിട്ട് ഞങ്ങൾ ശാരിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു. രണ്ട് ദിവസം അവിടെ നിന്നു. ശാരി സന്തോഷവതിയായിരുന്നു. അവിടെ എല്ലാവരും എന്നോട് പണ്ടുമുതലേ ആ വീട്ടിൽ ഉള്ള ഒരാൾ എന്ന രീതിക്ക് ആണ് പെരുമാറിയത്. തിരികെ വീണ്ടും എന്റെ വീട്ടിലേക്ക്.
രണ്ടാളുടെയും ലീവ് കഴിയാറായിരുന്നു. രണ്ടാൾക്കും ഇപ്പോൾ തിരുവനന്തപുരത്താണല്ലോ ജോലി. സിറ്റിയിൽ ഒരു വീട് വാടകയ്ക്ക് എടുക്കാം എന്ന് ഞാൻ ശാരിയോട് പറഞ്ഞു ഞാൻ ഇതിന് മുൻപ് ഹോസ്റ്റലിൽ ആയിരുന്നു.
“ഭാര്യ വീട്ടിൽ തങ്ങുന്നതിൽ ഡോക്ടർക്ക് അഭിമാന ക്ഷതം ഒന്നും ഇല്ലെങ്കിൽ എന്റെ വീട്ടിൽ തന്നെ നിന്നൂടെ. കുറച്ച് ഡ്രൈവ് ചെയ്യണം എന്നല്ലേ ഉള്ളു. വാടക വീടാകുമ്പോൾ നമ്മൾ രണ്ടാളും മാത്രമല്ലെ കാണൂ…. ഒരൊറ്റപെടൽ തൊന്നില്ലേ…. ”
അവളെ വീണ്ടും വീണ്ടും ഒറ്റപെടുത്താൻ ഞാൻ തയാറായിരുന്നില്ല. അവളുടെ വീട്ടിൽ തന്നെ നിന്നു. ഒരുമാസം കടന്ന് പോയി. ഇടയ്ക്ക് ഒരുവട്ടം ഞങ്ങൾ എന്റെ വീട്ടിൽ പോയിരുന്നു. അവിടെ അപ്പോഴും പഴയ സ്ഥിതി തന്നെ. ഒരു മാസം കഴിഞ്ഞ് എനിക്ക് കണ്ണൂർക്ക് ട്രാൻസ്ഫർ ആയി. ഞാൻ കണ്ണൂരും ചാരു അവളുടെ വീട്ടിലും.
ആഴ്ച്ചയോടഴ്ച ഞാൻ അവളെ കാണാൻ വരും. അവളുടെ നിർബന്ധപ്രകാരം മാസത്തിൽ മൂന്ന് ദിവസം ഞങ്ങൾ എന്റെ വീട്ടിൽ പോയി നിൽക്കും. അവർക്കാർക്കും മാറ്റം ഒന്നും ഇല്ലെങ്കിലും അവരിൽ നിന്ന് ഞാൻ അകലുന്നത് ശാരിക്ക് ഇഷ്ടമായിരുന്നില്ല.
വിവാഹം കഴിഞ്ഞ് ആറുമാസങ്ങൾ കഴിഞ്ഞപ്പോൾ പപ്പയുടെ ചേട്ടന്റെ മകന്റെ വിവാഹം വന്നു. ഞാൻ അവധിക്ക് തിരുവനന്തപുരത്ത് വന്നപ്പോൾ എന്നെ ഫോണിൽ വിളിച്ചു വിവാഹത്തിന് ക്ഷണിച്ചു. വിവാഹ ദിവസം ഞങ്ങൾ രണ്ടാളും സമയത്തിന് എത്തുകയും ചെയ്തു.
എല്ലാവരും എന്നോട് സംസാരിച്ചു സുഖവിവരം തിരക്കി. പക്ഷേ….. എന്റെ ഇടം കയ്യിൽ വലംകൈ കോർത്ത് പിടിച്ചിരുന്നവളെ ആരും കണ്ടതായി ഭാവിച്ചില്ല. മമ്മയോട് അവൾ അടുത്ത് ചെന്ന് സംസാരിച്ചിട്ടും മമ്മ അത് കേട്ടതായി ഭാവിച്ചില്ല.
തിരിച്ചുള്ള യാത്രയിൽ കാറിൽ നിശബ്ദത തളം കെട്ടി നിന്നു അത് ഭേദിച്ചതും ശാരി തന്നെയായിരുന്നു.
“ഇച്ചായാ……… ”
“മ്മ്മ്….. ”
“എന്നെ ഒന്ന് തൊടുമോ…. ”
പെട്ടെന്ന് അവൾ അങ്ങനെ ചോദിച്ചപ്പോൾ എന്തിനുവേണ്ടിയാണ് എന്ന് എനിക്ക് മനസിലായില്ല. ഞാൻ തലചരിച്ച് ശാരിയെ നോക്കി അവൾ പുറത്തേക്ക് നോക്കിയിരിക്കുന്നു.
ഞാൻ എന്റെ ഇടത് കൈ കൊണ്ട് അവളുടെ വലത് കൈ കവർന്നു.
“ഇച്ചായാ….. ഇച്ചായന് എന്നെ കാണാൻ പറ്റുന്നുണ്ടോ…. ഞാൻ പറയുന്നത് കേൾക്കാൻ പറ്റുന്നുണ്ടോ….. ”
ഞാൻ പെട്ടെന്ന് കാർ നിർത്തി
“ശാരി….. ”
“പറ ഇച്ചായാ…. എന്നെ കാണാൻ പറ്റുന്നുണ്ടോ. ”
ഞാൻ ശാരിയുടെ തോളിൽ ഒന്ന് കൈവച്ചപ്പോഴേക്കും അവൾ എന്റെ നെഞ്ചോട് ചേർന്നു.
“ഞാൻ എന്ത് തെറ്റാ ഇച്ചായ ചെയ്തത്. വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞത് ഞാൻ ആണോ? മമ്മ എന്താ ഒരു വാക്ക് പോലും എന്നോട് മിണ്ടാത്തത്.
എന്നെ ഇഷ്ടമല്ലായിരുന്നെങ്കിൽ വിവാഹം ആലോചിച്ചു വന്നപ്പോൾ എന്നോട് തന്നെ പറയാമായിരുന്നില്ലേ മമ്മക്ക്. ഞാൻ വിവാഹം നടത്തിത്തരാൻ വേണ്ടി ആരെയെങ്കിലും നിർബന്ധിച്ചോ…… എന്റെ തെറ്റ് എന്താ എന്ന് പറഞ്ഞു താ… ഇച്ചായ…… ”
പറഞ്ഞുകൊണ്ട് അവൾ എന്നിൽ നിന്നും അടർന്ന് മാറി.
“ഈ വിവാഹം നടത്തിത്തരാൻ ഇച്ചായൻ വീട്ടുകാരോട് നിർബന്ധം പിടിച്ചിരുന്നോ? അവരുടെ സമ്മതം ഇല്ലാതെയാണോ ഈ വിവാഹം നടന്നത്. ”
“എന്റെ പൊന്ന് ശാരി….. എനിക്കും ഒന്നും അറിയില്ല. ഞാൻ നിന്റെ വീട്ടിൽ വിവാഹം ആലോചിക്കാൻ വരാൻ പറഞ്ഞു. അവർ വന്നു. വിവാഹം ഉറപ്പിച്ചു. അപ്പോഴൊക്കെ എനിക്ക് അതിശയമായിരുന്നു. പക്ഷേ…. അതിന് ശേഷം എല്ലാവരും എന്താ ഇങ്ങനെയൊക്കെ എന്ന് എനിക്കും മനസിലാവുന്നില്ല. ”
ശാരി ഒന്നും പറഞ്ഞില്ല.
“എന്തായാലും ഞാൻ ഒരു കാര്യം തീരുമാനിച്ചു. ഇനി നീ ഇവിടേക്ക് വരുന്നില്ല. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ വന്നോളാം. മാസാമാസം ഞാൻ വന്നോളാം നീ വരണ്ട. ”
അന്നത്തോട് കൂടി ശാരിയെ എന്റെ നാട്ടിലേക്ക് കൊണ്ട് പോകുന്നത് അവസാനിപ്പിച്ചു. എങ്കിലും എല്ലാമാസവും അവൾ എന്നെ നിർബന്ധിച്ചു വീട്ടിലേക്ക് പറഞ്ഞു വിടുമായിരുന്നു.
പിന്നീടാണ് എനിക്ക് മനസിലായത് എന്റെ വീട്ടുകാർ ശാരിയോട് നടത്തുന്ന ശീതയുദ്ധം അവളുടെ അമ്മയ്ക്കോ അച്ഛനോ ചേച്ചിക്കൊ ഒന്നും അറിയില്ല എന്ന്.
അവരോടൊക്കെ മമ്മ എന്നും വിളിക്കാറുണ്ട് എന്നൊക്കെയാണ് പറഞ്ഞു വച്ചിരിക്കുന്നത്. അറിഞ്ഞാൽ അവർക്ക് വിഷമമാകും അതുകൊണ്ടാവും.
അങ്ങനെയിരിക്കെ ഞങ്ങളുടെ ഒന്നാം വിവാഹ വാർഷികം വന്നെത്തി. അപ്പോൾ അളിയൻ വന്നിട്ട് ചോദിച്ചു വിവാഹ വാർഷിക ദിവസം ഞങ്ങൾ ഇവിടെയായിരിക്കുമോ അതോ എന്റെ വീട്ടിലേക്ക് പോകുമോ എന്ന്.
ഒന്നാം വിവാഹവാർഷികം എന്റെ നാട്ടിൽ വച്ചായിരിക്കും ആഘോഷിക്കുന്നത് എന്ന് അവർ ചിന്തിച്ചിരിക്കണം. എന്തൊക്കയോ കാരണം പറഞ്ഞുകൊണ്ട് ഞങ്ങൾ ഇവിടെ തന്നെ ഉണ്ടാവും എന്ന് പറഞ്ഞു.
ശാരിയുടെ വീട്ടിൽ വച്ച് തന്നെ വിവാഹവാർഷികം ഒക്കെ നന്നായി ആഘോഷിചെങ്കിലും എന്റെ വീട്ടുകാരുടെ അസാന്നിധ്യം ശാരിയുടെ വീട്ടുകാർ ശ്രദ്ധിക്കുകയും അവർക്ക് ചില സംശയങ്ങൾ തോന്നി തുടങ്ങുകയും ചെയ്തു. ആരും ഒന്നും ചോദിച്ചില്ല. അന്ന് മുതൽ ചേർത്ത് പിടിക്കലിന് അല്പം കൂടി ദൃഢത കൂടി.
അങ്ങനെ വിവാഹം കഴിഞ്ഞ് ഒന്നര വർഷങ്ങൾക്ക് ശേഷം ഞങ്ങൾക്കായി ഒരാൾ ജനിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം വളരെ വലുതാണ്. വീട്ടിൽ ഉത്സവപ്രതീതിയായിരുന്നു. എന്റെ വീട്ടിൽ ഈ വാർത്ത അറിയിക്കാൻ ഞാൻ മുതിർന്നില്ല.
“ഇച്ചായ….. എന്നോട് എങ്ങനെയാണെങ്കിലും എന്റെ വയറ്റിലുള്ളത് നിങ്ങളുടെ കുടുംബത്തിലെ ആദ്യത്തെ കണ്മണിയാണ്. അത് അറിയാനുള്ള അവകാശം അവർക്ക് ഉണ്ട്. ഒന്ന് വിളിച്ചെങ്കിലും പറയ് ഇച്ചായ….. ”
ഞാൻ ഫോൺ വിളിച്ച് പാപ്പയോടും മമ്മയോടും പറഞ്ഞു. മറുപടിയായി കിട്ടിയത് ഒരു മൂളൽ മാത്രമാണ്. പിന്നീട് അങ്ങോട്ട് ഞാൻ നാട്ടിൽ പോകുമ്പോഴും വിളിക്കുമ്പോഴും അവരുടെ വിശേഷം മാത്രം തിരക്കും എന്റെ കാര്യങ്ങൾ ഒന്നും പറയില്ല.
ഞങ്ങളുടെ മകൾ ശ്രേണിയെ എന്റെ കൈകളിൽ വാങ്ങിയപ്പോൾ ആദ്യം എനിക്ക് ഓർമ വന്നതും എന്റെ പപ്പയെയും മമ്മയെയും തന്നെയാണ്. ഒത്തിരി സന്തോഷത്തോടെയാണ് ഞാൻ അവരെ ഫോൺ വിളിച്ചത്.
പതിവ് പോലെ മറുപടി ഒരു മൂളൽ മാത്രമായിരുന്നു. അന്ന് പക്ഷേ എനിക്ക് പിടിച്ച് നിൽക്കാൻ പറ്റിയില്ല. അളിയന്റെ തോളിൽ മുഖം ചേർത്ത് പൊട്ടിക്കരയുമ്പോൾ അവരൊക്കെ
കരുതിയത് മോള് ജനിച്ചതിന്റെ സന്തോഷം കൊണ്ടാണ് എന്നാണ്.
മുറിയിലേക്ക് മാറ്റിയപ്പോൾ ശാരി ആദ്യം ചോദിച്ചതും “പപ്പയോടും മമ്മയോടും പറഞ്ഞോ ഇച്ചായ” എന്നായിരുന്നു. അവൾക്കുള്ള മറുപടി ഞാൻ മൂളലിൽ ഒതുക്കി.
പിന്നീടുള്ള ദിവസങ്ങളിൽ പപ്പയെയും മമ്മയെയും വിളിക്കുമ്പോൾ മോളുടെ വിശേഷങ്ങൾ ഞാൻ പറയാറുണ്ട്. ഒരു മൂളൽ പോലും മറുപടിയായി കിട്ടാറില്ലെങ്കിലും ഞാൻ അത് തുടർന്ന് പോയി. ശാരിയുടെ നിർദേശപ്രകാരമായിരുന്നു ഇതെല്ലാം.
ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് ഇവളെന്താ ഇങ്ങനെയെന്നു. എന്റെ വീട്ടുകാർക്ക് ഇവളെ കാണേണ്ട ഇവളുടെ കാര്യം അറിയണ്ട.
പക്ഷേ…. ഞാൻ ഒന്ന് നാട്ടിൽ പോയി വന്നാൽ എന്നെ പിടിച്ചിരുത്തി ഇവിടുന്നു പോയത് മുതൽ തിരിച്ചു വന്നത് വരെയുള്ള കഥ പറയിപ്പിക്കും. അവിടുത്തെ പട്ടിയെയും പൂച്ചയേയും കുറിച്ച് വരെ അവൾക്കറിയണം.
എനിക്കറിയാം എന്റെ ശാരി ആഗ്രഹിച്ചത് ഇങ്ങനെ ഒരു ജീവിതമായിരുന്നില്ല. അവളുടെ സങ്കൽപ്പങ്ങളിൽ സ്നേഹനിധിയായ അമ്മായിയമ്മയും അമ്മായിയച്ഛനും ഓക്കേ ഉണ്ടായിരുന്നു.
അരുണേട്ടന്റെ അമ്മ ചേച്ചിയെ ചേർത്തു പിടിക്കുന്നത് കാണുമ്പോൾ ഞാൻ പോലും ആഗ്രഹിക്കാറുണ്ട് മമ്മ ഒന്ന് ശാരിയെ ചേർത്ത് പിടിച്ചിരുന്നു എങ്കിൽ എന്ന്. ഞാൻ അങ്ങനെ ആഗ്രഹിച്ചു എങ്കിൽ ശാരിയുടെ കാര്യം ഊഹിക്കാവുന്നതല്ലേ ഉള്ളു.
മോളുടെ നൂല് കെട്ടിനും എന്റെ വീട്ടിൽ നിന്നും ആരും വന്നില്ല. ഈ ആറു മാസക്കാലവും ഞാൻ പ്രതീക്ഷിച്ചിരുന്നു ഞങ്ങളെ ഒക്കെ ഞെട്ടിച്ചുകൊണ്ട് മോളേ കാണാൻ വീട്ടിലേക്ക് വരുന്ന പപ്പയെയും മമ്മയെയും. ശ്രേണിക്ക് ഇപ്പോൾ ആറുമാസമായി.
അവളുടെ അമ്മ വീട്ടുകാരെ അല്ലാതെ ആരെയും അവൾ കണ്ടിട്ടില്ല. പുറത്ത് പറഞ്ഞില്ലെങ്കിലും എന്റെ വീട്ടുകാർ ഒന്ന് വന്നിരുന്നെങ്കിൽ എന്ന് എന്നെക്കാൾ കൂടുതൽ ശാരി ആഗ്രഹിക്കുന്നുണ്ട്.
ചോറൂണിനു വരില്ല എന്നറിയാം എങ്കിലും നാട്ടിൽ ചെന്ന് നേരിട്ട് ഞാൻ ക്ഷണിച്ചിരിന്നു. ഇന്നലെ ഒന്ന് കൂടി വിളിച്ച് ഓർമ്മപെടുത്താൻ ശാരി പറഞ്ഞപ്പോൾ.
ഓർമപ്പെടുത്തിയാലും ആരും വരില്ല എന്ന് പറഞ്ഞു കൊണ്ട് തന്നെ ഫോൺ വിളിക്കുമ്പോൾ ഒരായിരം വട്ടം ഞാൻ ആഗ്രഹിച്ചിരുന്നു അവർ വരണേ എന്ന്. പക്ഷേ ഞാൻ തോറ്റുപോയി. അവർ എന്നെ തോൽപ്പിച്ചു കളഞ്ഞു.
ശാരി വന്ന് അടുത്ത് കിടന്നപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നത്.
“ഇച്ചായ നാളെ നമുക്ക് ഇച്ചായന്റെ വീട്ടിലേക്ക് പോകാം…. മോളെയും കൊണ്ട്.”
“ശാരി……”
“എതിര് പറയല്ലേ…. ഇച്ചായ…… ”
അങ്ങനെ ഞങ്ങൾ എന്റെ വീട്ടിലേക്ക് പോകുകയാണ്. ശാരിയുടെ മുഖം കണ്ടാൽ അറിയാം എല്ലാം ശെരിയാകും എന്നൊരു വിശ്വാസം അവൾക്കുണ്ട്. വീട്ടുപടിക്കൽ കാർ നിന്നപ്പോൾ.
പപ്പയും മമ്മയും പുറത്തേക്ക് വന്നു കാറിൽ നിന്നിറങ്ങിയ എന്നെ കണ്ടപ്പോൾ പതിവ് പോലെ പുഞ്ചിരിച്ചു. പക്ഷേ….ശാരിയെ കണ്ടപ്പോൾ മുഖം ഒന്ന് മങ്ങി. ഞാൻ മോളെ കയ്യിലേക്ക് വാങ്ങി മമ്മയുടെ അടുത്ത് ചെന്നു.
മമ്മ അകത്തേക്ക് കയറി പോയി. പിറകെ പപ്പയും. മൂന്ന് നാല് വട്ടം മോളെയും കൊണ്ട് ഞാൻ അവരുടെ മുന്നിൽ പോയി. മോളേ ഒന്ന് നോക്കുക കൂടി ചെയ്തില്ല രണ്ടാളും. ഞാൻ മോളെയും കൊണ്ട് മുറിയിലേക്ക് പോയി. കട്ടിലിൽ കിടത്തി.
“ഇച്ചായാ…… ”
അവളുടെ വിളിക്ക് കാത്ത്നിന്നത് പോലെ ഞാൻ അവളെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.
“നമുക്ക് തിരികെ പോകാം ശാരി…… ”
“ഇങ്ങനെ തളരല്ലേ ഇച്ചയാ…… ”
എങ്ങനെ ഒക്കെയോ രാത്രി വരെ കഴിച്ചു കൂട്ടി. മമ്മയും പപ്പയും മോളെയും ശാരിയെയും ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല.
രാവിലെ ഒരു പത്ത് മണി സമയത്ത് ശാരി മോളേ ഹാളിലെ തറയിൽ തുണിവിരിച്ച് അതിൽ കിടത്തി . ഹാളിനോട് ചേർന്ന് ഡൈനിങ് ഏരിയയിൽ മമ്മ നിൽക്കുന്നുണ്ട് സൈറ്റൊട്ടിൽ പപ്പയും ഉണ്ട്.
മോളേ കിടത്തിയിട്ട് ശാരി മുറിയിലേക്ക് തിരികെ വന്ന് വാതിൽക്കൽ നിന്ന് മോളെ നോക്കുന്നുണ്ട്. ഞാൻ എല്ലാം കണ്ടുകൊണ്ടിരുന്നു. കാരണം എന്റെ പ്രതീക്ഷകൾ അസ്തമിച്ചിരുന്നു.
ശ്രേണി അവളുടേതായ ശബ്ദങ്ങൾ ഉണ്ടാക്കുകയും കമിഴ്ന്ന് ഇഴയുകയും ഒക്കെ ചെയ്യുന്നുണ്ട്. അവളുടെ ബഹളങ്ങളൊന്നും കേട്ടിട്ട് അവരാരും ഒന്ന് നോക്കുന്നു കൂടിയില്ല. ഒരു അരമണിക്കൂർ വരെ അങ്ങനെ പോയി.
ശാരി ഇപ്പോഴും വാതിൽക്കൽ മറഞ്ഞു നിൽക്കുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ മോള് കരയാൻ തുടങ്ങി. അവളുടെ കരച്ചിൽ കേട്ട് ഞാൻ എഴുന്നേറ്റപ്പോൾ കുഞ്ഞിന്റെ കരച്ചിൽ കേട്ട് കടിച്ചുപിടിച്ചു നിൽക്കുന്ന ശാരിയെയാണ് കണ്ടത് .
കുറച്ച് സമയം ഞങ്ങൾ കാത്ത് നിന്നു ഒന്നും സംഭവിച്ചില്ല. ശാരി ഓടി പോയി മോളെ എടുത്തു അപ്പോഴേക്കും കരച്ചിൽ കുറഞ്ഞു. മോളുടെ കരച്ചിൽ മാറ്റി അവൾ ഉറങ്ങുന്ന വരെ ഞങ്ങൾ ഒന്നും സംസാരിച്ചില്ല.
ആരുടെ മുൻപിലും തോൽക്കാൻ തയാറാകാത്ത ശാരി, പിന്നീടുള്ള മൂന്ന് ദിവസവും പല രീതിയിൽ മമ്മയുടെയും പപ്പയുടെയും ശ്രദ്ധ ശ്രേണിയിൽ എത്തിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ…. മൂന്നാം ദിവസം അവൾ എന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു.
“ഞാൻ തോറ്റുപോയി ഇച്ചായാ….. എന്നെ തോൽപ്പിച്ചു… നമുക്ക്….. നമുക്ക് പോകാം ഇച്ചായാ….. ”
വീടിന്റെ പടിയിറങ്ങുമ്പോൾ ഞാൻ ചിന്തിച്ചത് ഒന്ന് മാത്രമാണ് എന്താണ് ഞാൻ ചെയ്ത തെറ്റ്. വീട്ടുകാരുടെ സമ്മതത്തോട് കൂടി ഇഷ്ട്ടപെട്ട പെണ്ണിനെ വിവാഹം കഴിച്ചതോ.
ആരുടെയും സമ്മതം ഇല്ലാതെ വിവാഹം കഴിച്ചിരുന്നെങ്കിൽ പോലും എനിക്ക് ഇത്രയധികം മാനസിക വേദന അനുഭവിക്കേണ്ടി വരില്ലായിരുന്നു. ഇപ്പോഴും എനിക്ക് ഒന്നേ ചോദിക്കാനുള്ളു എന്താണ് ഞാൻ ചെയ്ത തെറ്റ്…