വിവാഹ വേഷത്തിൽ ഓടി വരുന്ന ഒരു പെൺകുട്ടി, ഒരു പൂങ്കുല വന്നു നെഞ്ചിൽ..

പ്രായശ്ചിത്തം
(രചന: Ammu Santhosh)

റെയിൽവേ സ്റ്റേഷനിൽ തിരക്ക് കുറവായിരുന്നു… “ട്രെയിൻ ലേറ്റ് ആണെന്ന് തോന്നുന്നു ല്ലേ?”

അടുത്തിരുന്നു പുസ്തകം വായിക്കുന്ന ആളോട് എലീന ചോദിച്ചു ആ ചെറുപ്പക്കാരൻ ഒന്ന് കണ്ണുയർത്തി അവളെ നോക്കി ഒന്ന് മൂളി…

അയാളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് അവൾ പെട്ടെന്ന് വല്ലാതായി അയാൾ മുഖം താഴ്ത്തി വീണ്ടും പുസ്തകത്തിലേക്ക്..

നോക്കണ്ട നോക്കണ്ട എന്ന് മനസ്സ് പറഞ്ഞാലും നമ്മുടെ കണ്ണുകൾ കുരുത്തം കെട്ടതാണ്.

എങ്ങോട്ട് നോക്കരുത് എന്ന് ഉള്ളു പറയുന്നോ അങ്ങോട്ട് തന്നെ നോക്കും. അവൾ അയാളുടെ വശത്തേക്ക് തന്നെ നോക്കി പുസ്തകത്തിലേക്ക് ഒരു തുള്ളി കണ്ണീര് വീഴുന്നത് കണ്ട് അവൾ പെട്ടെന്ന് നോട്ടം മാറ്റി

ഈശ്വര.. ഉള്ളിൽ എന്തൊ വേദന നിറഞ്ഞ പോലെ, ഇതാണ് തന്റെ കുഴപ്പം
ആരു കരഞ്ഞു കണ്ടാലും കരച്ചിൽ വരും…

ആണുങ്ങൾ കരയുന്നത് അധികം കണ്ടിട്ടില്ല അത് കൊണ്ട് തന്നെ വേഗം കരച്ചിൽ വരും.. അയാളിനി ആ പുസ്തകം വായിച്ചു കരയുവാണോ?

ആണെങ്കിൽ തന്റെ കരച്ചിൽ വെറുതെയായി പോകും
അവൾ കലങ്ങിയ കണ്ണൊക്കെ തുടച്ചു. ഇനി നോക്കുന്നില്ല എവിടുന്ന്.. തീരുമാനം എടുത്താൽ അതെ പോലെ നടപ്പാക്കുന്ന ഒരു കക്ഷി..

അവൾ വീണ്ടും നോക്കി
അയാൾ പുസ്തക വായന ഒക്കെ നിർത്തി ദൂരേയ്ക്ക് നോക്കിയിരിക്കുകയാണ്. കണ്ണുകൾ നിറഞ്ഞു തന്നെ ഇരിക്കുന്നു
പാവം

ആരെങ്കിലും മരിച്ചു കാണുമോ?
ചോദിച്ചു നോക്കിയാലോ?

അല്ലെങ്കിൽ വേണ്ട… ഇതിപ്പോ അയാളുടെ ആരെങ്കിലും മരിച്ചാൽ തനിക്കെന്താ… അങ്ങനെയൊന്നും ചിന്തിക്കാൻ പറ്റുന്നില്ല എന്നുള്ളതാണല്ലോ പൊതുവെ നമ്മൾ മലയാളികളുടെ കുഴപ്പം

ആരെങ്കിലും കരഞ്ഞാൽ ഒരു പരിചയവുമില്ലെങ്കിൽ കൂടി എന്തിനാ കരയുന്നെ എന്ന് ചോദിക്കാത്ത മലയാളി ഉണ്ടാവില്ല..

അയാളുടെ ചരിത്രവും ഭൂമിശാസ്ത്രവും വേണേൽ ബയോളജിയും കൂടെ മനസിലാക്കിയിട്ടേ നമ്മൾ പിന്മാറുകയുള്ളു. അല്ലെങ്കി ഒരു സമാധാനം ഇല്ല അതാണ്.

അയാൾ മുഖം അമർത്തി തുടയ്ക്കുന്നത് കണ്ട് പിന്നെ അവൾക്ക് നിയന്ത്രണം വിട്ടു

“എന്തിനാ ചേട്ടാ കരയുന്നെ?” എലീന പെട്ടെന്ന് ചോദിച്ചു അയാൾ വിളറി അവളെ നോക്കി…

“ചേട്ടന് നല്ല സങ്കടം ഉണ്ടല്ലോ.. അത്രേം സങ്കടം ഇല്ലെങ്കിൽ ആണുങ്ങൾ ഇങ്ങനെ കരയത്തില്ല അതാട്ടോ ചോദിച്ചത് ”

അയാൾ ചെറിയതായ് ഒന്ന് ചിരിക്കാൻ ശ്രമിച്ചു…

“എന്റെ പേര് എലീന പ്ലസ് ടു കഴിഞ്ഞ് എൻട്രൻസ് കോച്ചിങ് ചെയ്യുവാ. അങ്ങോട്ട് പോവാ ”

“ഞാൻ രാഹുൽ.. ഡോക്ടറാണ്. കോട്ടയം മെഡിക്കൽ കോളേജിൽ ”

“ഈശ്വര എന്നിട്ടാണോ ഇങ്ങനെ ഇരുന്നു കരയുന്നെ..” അവൾ താടിക്ക് കൈ കൊടുത്തു

“അതെന്താ ഡോക്ടർമാർ കരയില്ലേ? അവർക്ക് മനസ്സ് ഇല്ലെ?”

“അയ്യോ അങ്ങനെ അല്ലാട്ടോ.. പൊതുവെ പറഞ്ഞതാ.. ഡോക്ടറെന്തിന കരയുന്നെ..ഡോക്ടർ ഓപ്പറേഷൻ ചെയ്ത ആരെങ്കിലും മരിച്ചു പോയോ?”

ഇത്തവണ അയാൾക്ക് ശരിക്കും ചിരി വന്നു

കൊച്ച് കൊള്ളാല്ലോ

“അങ്ങനെ ഒന്നുല്ലടോ.. ”

“പറയാൻ പറ്റാത്ത വല്ലോം ആണോ?”

“ഹേയ്..”

“എങ്കിൽ പറഞ്ഞോ ഞാൻ ആരോടും പറയില്ല ”

അയാൾ കുറച്ചു നേരം മിണ്ടാതിരുന്നു. സത്യത്തിൽ ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ ഹൃദയം പൊട്ടിപ്പോകും എന്ന അവസ്ഥ ആണ്. എവിടെ നിന്നോ വന്ന ഒരു കുട്ടി,ഇവളോട് പറയാം..

പറഞ്ഞു തീരുമ്പോൾ ചിലപ്പോൾ സങ്കടം അങ്ങ് മാറിയേക്കാം

“ഞാൻ സ്നേഹിക്കുന്ന പെണ്ണിന്റെ കല്യാണം ആണിന്ന് ” അയാൾ മെല്ലെ പറഞ്ഞു…

എലീന കുറച്ചു നേരം അനങ്ങാതെയിരുന്നു

സ്നേഹിച്ചിരുന്ന എന്നല്ല സ്നേഹിക്കുന്ന

നല്ല ഒരു ചേട്ടൻ. കാണാൻ നല്ല ഭംഗി ഡോക്ടറും. പിന്നെ എന്താ ആവോ കല്യാണം നടക്കാഞ്ഞത്

“ആരാ സമ്മതിക്കാഞ്ഞത്?”

“അവളുടെ വീട്ടുകാര്.. ഞാൻ ഡോക്ടർ ആണെന്നെ ഉള്ളു. വീടും വീട്ടുകാരും ഒന്നുമില്ല. അനാഥാലയത്തിൽ വളർന്നു.. പഠിച്ചു ഇത് വരെ എത്തി.. എതിർക്കാൻ ഉള്ള പിൻബലമൊന്നുമില്ല..”

“ആ ചേച്ചി..?”

“അനുപമ അതാ പേര്..അവൾ… എങ്ങനെ ഇന്നത്തെ ദിവസം കഴിഞ്ഞ് പോകുമെന്ന് എനിക്ക് അറിഞ്ഞൂടാ.. ഫോണിലൂടെ എന്നെ വിളച്ചിറക്കി കൊണ്ട് പൊ എന്നൊക്കെ കരഞ്ഞു പറഞ്ഞു.. ഇന്നലെ ഇവിടെ ഞാൻ വരികയും ചെയ്തു.. അവളെന്നെ കണ്ടു ..

പക്ഷെ അപ്പോഴേക്കും അച്ഛനും ആങ്ങളമാരും ചേർന്ന് തല്ലി പുറത്താക്കി. ഇന്ന് ഈ ട്രെയിനിൽ ഞാൻ തിരിച്ചു പോകുമെന്ന് ഞാൻ അവളോട് പറഞ്ഞു.. ഇനിയൊരിക്കലും വരില്യെന്നും ”

“, ഇപ്പോഴും ഇങ്ങനെ ഒക്കെ ഉണ്ടൊ? ഇതെന്താ വെള്ളരിക്ക പട്ടണമോ..?”

“കുട്ടിക്ക് അറിയാഞ്ഞിട്ട. മോശം സ്ഥിതി ആണ് ഇപ്പൊ.”

“ആ ചേച്ചി ഡോക്ടർ ആണോ?”

“അല്ല ടീച്ചർ ആണ്. ഞാൻ വളർന്ന അനാഥാലയത്തിനോട്‌ ചേർന്ന് ഒരു സ്കൂൾ ഉണ്ട് അവിടെ പഠിപ്പിക്കാൻ വരും.

ഒരു സേവനം അത്രേം ഉള്ളു. ഈ നാട് അവരുടേയാ.. അവൾ ഇവിടെ നിന്ന് ഞങ്ങളുടെ നാട്ടിൽ വരും. ഈ ട്രെയിനിൽ.ഈ ട്രെയിനാണ് എല്ലാത്തിനും സാക്ഷി .”
അയാളുടെ ശബ്ദം ഒന്ന് അടച്ചു

“അവളെ ആദ്യമായി കാണുമ്പോൾ ഒരു മാലാഖ നിൽക്കും പോലെയാണ് തോന്നിയത്..

അവൾക്ക്‌ ചുറ്റും കുറെ കുട്ടികൾ. അവളാണ് ഇങ്ങോട്ട് വന്നു മിണ്ടിയത്.. പിന്നെ എന്നെ ഇഷ്ടമാണെന്ന്, കല്യാണം കഴിക്കാമോ എന്ന് അവൾ എന്നോടിങ്ങോട്ട് വന്നു ചോദിക്കുകയായിരുന്നു..

അർഹത ഇല്ലാത്ത ഒരുവന്റെ മുന്നിലാണ് ഈ ചോദ്യം എന്ന് ഞാൻ പറഞ്ഞതാണ്. ചിരിച്ചതേയുള്ളു. അന്ന് ഞാൻ ഡോക്ടർ ആയിട്ടില്ല.. വർഷങ്ങൾ കുറെ ഇങ്ങനെ കഴിഞ്ഞു.. ”

അവൾ എന്ത് പറയണമെന്നറിയാതെ ഇരുന്നു പോയി

“ഡോക്ടർ കുറച്ചു കൂടി ധൈര്യം കാണിക്കാരുന്നു. പോലീസിൽ അറിയിച്ചു കൂടാരുന്നോ? ആ ചേച്ചി പാവം ഇത് പോലെ കരയുകയായിരിക്കും.” അവൻ അതാലോചിക്കുകയായിരുന്നു

അവൾ എന്ത് ചെയ്യുകയായിരിക്കും

ജീവിച്ചിരിപ്പുണ്ടാവുമോ?

ഞാൻ മരിക്കും കേട്ടോ ഇടക്ക് പറയാറുണ്ട്… രാഹുലിന്റെ ഒപ്പമേ ഞാൻ ജീവിക്കു..

രാഹുൽ.. നീട്ടിയുള്ള വിളിയൊച്ച…

“രാഹുലിനെന്നെ എത്ര ഇഷ്ടം ണ്ട്? ”

“ഞാൻ ആരാ രാഹുലിന്റെ?”

“എന്റെ ജീവനാ ട്ടോ രാഹുൽ ”

“എന്നെ വിട്ടേച്ചു പോകല്ലേ ”

വയ്യ… അവൻ എഴുന്നേറ്റു…

“എപ്പോഴാ ഡോക്ടറെ കല്യാണത്തിന്റെ സമയം?”

“അത് കഴിഞ്ഞു “അവൻ പറഞ്ഞു

“ശര്യാ ഉച്ചയായി ”

ട്രെയിനിന്റ അന്നൗൺസ്‌മെന്റ് മുഴങ്ങി…

അയാളുടെ കണ്ണുകളിൽ സർവവും തകർന്നു പോയവന്റെ കണ്ണീര് കണ്ട് എലീന വേദനയോടെ മുഖം തിരിച്ചു

പ്രണയത്തിന്റെ തകർച്ചയൊന്നും ആഴത്തിൽ അവളെ സ്പർശിക്കാനുള്ള പ്രായമായിരുന്നില്ലെങ്കിലും ആണൊരുത്തൻ കരയുന്നത് കാണുമ്പോൾ എന്തൊ സഹിക്കാൻ വയ്യ..

“രാഹുൽ…”

ഒരു നീണ്ട വിളിയൊച്ച ട്രെയിനിന്റെ ചൂളം വിളിക്കിടയിൽ അമർന്നു പോയി.. പക്ഷെ രാഹുൽ അത് കേട്ടു എലീനയും… വിവാഹ വേഷത്തിൽ ഓടി വരുന്ന ഒരു പെൺകുട്ടി…

ഒരു പൂങ്കുല വന്നു നെഞ്ചിൽ പതിച്ച പോലെ… തളർന്നു പോയ ഉടൽ രാഹുലിന്റെ നെഞ്ചിൽ ചേർന്നമർന്നു രാഹുലിന്റെ മുഖം ഞെട്ടലിൽ കുതിർന്നു

കൂടെ കുറച്ചു വയസ്സായ ഒരാൾ..

“ഒരു നാട്ടുകാരനാ കുഞ്ഞേ..പേര് മാധവൻ കല്യാണ പന്തലിൽ വെച്ച് ഈ മോൾ കരഞ്ഞോണ്ട് നാട്ടുകാരോട് എല്ലാം പറഞ്ഞു. . ഇത് ചെറുക്കൻ വീട്ടുകാരോടും എല്ലാം പറഞ്ഞിട്ടുണ്ടായിരുന്നു. അവരും കാര്യമായി എടുത്തില്ല.

പിന്നെ ബഹളമായി. ഒടുവിൽ ചെറുക്കൻ വീട്ടുകാരെല്ലാം പോയി. ഈ കൊച്ചിന്റെ വീട്ടുകാർക്ക് ഇനി ഇതിനെ വേണ്ട എന്ന് പറഞ്ഞു അവരും പോയി..” രാഹുലിന്റെ കൈകൾ അയാളുടെ കൈകളെ പൊതിഞ്ഞു

“എങ്ങനെ നന്ദി പറയണമെന്ന്…” അവന്റെ ഒച്ച അടഞ്ഞു പോയി

“പോട്ടെ… ഇനി ഇതിന് മോനേയുള്ളു. പൊന്ന് പോലെ നോക്കിക്കോണം ”

ട്രെയിൻ പുറപ്പെടാനുള്ള സിഗ്നൽ ആയി. അവർ കയറി … ട്രെയിനിൽ അടുത്ത സീറ്റിൽ ഇരിക്കുമ്പോൾ രാഹുലവളെ പരിചയപ്പെടുത്തി..

“എലീന.. ഇപ്പൊ പരിചയപ്പെട്ടതാ. പക്ഷെ വലിയൊരു ആശ്വാസം ആയിരുന്നു..”
അനുപമ പുഞ്ചിരിച്ചു
എലീനയും.

അവൾക്ക് അപ്പോഴും ഞെട്ടൽ മാറിയിട്ടില്ല.. ഷാരുഖ് സിനിമ ആണോ ഈശ്വര മുന്നിൽ നടന്നത്. ട്രെയിൻ അകന്ന് പോകുന്നത് മാധവൻ നോക്കി നിന്നു

വർഷങ്ങൾക്ക്‌ മുൻപ് പ്രണയിച്ചവനൊപ്പം ജീവിക്കാൻ സമ്മതിക്കാത്തതിന്റെ പേരില് ജീവൻ കളഞ്ഞ സ്വന്തം മകളുടെ ഓർമയിൽ അയാൾ ഒന്ന് കൂടി കരഞ്ഞു.

ഇന്നത്തെ മനസ്സ് ആയിരുന്നു എങ്കിൽ തന്റെ കുഞ്ഞ് ഇന്നും ഒപ്പം ഉണ്ടായിരുന്നേനെ എന്ന് ഇടനെഞ്ചു പൊട്ടുന്ന ഒരു വേദന യോടെ അയാൾ ഓർത്തു.

പിന്നെ ഇടറിയ പാദങ്ങളോടെ നടന്നു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *