അടുക്കള ഭരണം
(രചന: രാജീവ് രാധാകൃഷ്ണ പണിക്കർ)
“ഈ വീട്ടു ജോലി വീട്ടു ജോലി എന്നു പറയുന്നതേയ് പെണ്ണുങ്ങളുടെ മാത്രം കുത്തകയല്ല. നിങ്ങളെ പോലെ തന്നെ ജോലി ചെയ്ത് തളർന്നാ ഞാനും വരുന്നത്.
എന്നേക്കാൾ നേരത്തെ വരുന്ന ദിവസങ്ങളിൽ നിങ്ങൾ ഒരു കപ്പ് കാപ്പിയെങ്കിലും തിളപ്പിച്ചു വയ്ക്കുമെന്ന് ഞാൻ ആശിക്കാറുണ്ട്.
അതിനു പകരം നിങ്ങൾ പുറത്തന്ന് കുടിച്ചിട്ടുവരും. എന്റെ കയ്യിലും കാശില്ലാഞ്ഞിട്ടല്ല പുറത്തന്നു കഴിക്കാൻ. നാട്ടുകാരു കണ്ടാ എന്തു വിചാരിക്കും എന്നു കരുതീട്ടാ”
വൈകിട്ട് വന്നു ഒരു കപ്പ് കാപ്പി ചോദിച്ചപ്പോൾ മുതൽ തുടങ്ങിയ വായ്ത്താരിയാണ്.
ഇന്നിനി നിർത്തുന്ന ലക്ഷണമില്ല. കാപ്പി കുടിക്കാതെ തന്നെ കുടിച്ച മട്ടായി. ഒന്നാലോചിച്ചാൽ ഭാര്യ പറയുന്നതിലും കാര്യമില്ലാതില്ല. അവളെക്കാൾ അര മണിക്കൂർ മുൻപ് താനാണ് എത്തിയത്.
പക്ഷെ വിയർപ്പിന്റെ അസുഖമുള്ളതിനാൽ അടുക്കളയിൽ കയറാൻ തോന്നിയില്ല. എന്തായാലും ഇനി എന്തെങ്കിലും പറഞ്ഞു സോപ്പിട്ടില്ലെങ്കിൽ വായ കൂട്ടില്ല.
“എടീ നീയിടുന്ന കാപ്പിക്ക് അമൃതിന്റെ രുചിയാ. ഞാൻ ഇനി പഞ്ചസാരക്കു പകരം വല്ല ഉപ്പും ഇട്ട് ആ പാലുകൂടി നശിപ്പിക്കണ്ടല്ലോ എന്നു കരുതിയാണ് ”
ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“പിന്നെ ദിവസവും അമൃത് കുടിക്കാൻ ദേവേന്ദ്രനല്ലേ. എന്നെക്കൊണ്ടൊന്നും പറയിക്കേണ്ട ”
മെരുങ്ങാനുള്ള ഭാവമില്ല. ഇനി അറ്റ കൈ പ്രയോഗിക്കാം.
“എടീ ഞാൻ ഇന്ന് രാത്രി നമുക്ക് പുറത്തന്നു ഭക്ഷണമാകാം എന്നു കരുതിയാണ് വന്നത്. പക്ഷെ നീ ഒടക്കിലല്ലേ പിന്നീടാകാം”
അതു ഫലിച്ചു.
അവളുടെ മുഖം വിടർന്നു. പറഞ്ഞ സമയം കൊണ്ട് കാപ്പിക്കപ്പ് മുന്നിലെത്തി. കൂടെ ഇലയടയും
പെട്ടെന്ന് തോന്നിയ ബുദ്ധിയിൽ സ്വയം അഭിനന്ദിച്ചു കൊണ്ട് ഞാൻ കാപ്പി കുടിച്ചു
“എപ്പോഴാ പുറത്തു പോണത്?” സംസാരത്തിൽ എന്തൊരു സൗമ്യത.
ഒന്നാം തീയതിയായതിനാൽ പേഴ്‌സിൽ കാശുണ്ട്. ഇനി വാക്ക് മാറ്റി രംഗം ചളമാക്കേണ്ട എന്നു കരുതി ഞാൻ പറഞ്ഞു.
“നിന്നിഷ്ടം എന്നിഷ്ടം”
“നാളെ രാവിലെ മുതൽ നിന്നെ അടുക്കള ജോലിയിൽ ഞാനും സഹായിക്കാം”
ഹൈവേയിലെ റസ്റ്ററന്റിൽ ഭക്ഷണത്തിന് കാത്തിരിക്കുമ്പോൾ അവളുടെ മാൻമിഴികളിലേക്ക് നോക്കി ഞാൻ പറഞ്ഞു.
“പിന്നെ സുഖിപ്പിക്കാൻ നോക്കണ്ട. ഞാൻ അത്രയും ഒച്ചയെടുത്തത് കൊണ്ട് ഇതെങ്കിലും നടന്നു”
അവളുടെ ചിരിയിൽ വിജയിയുടെ ഭാവമുണ്ടായിരുന്നു. ഒന്നാം തീയതി അടിപിടിയിൽ നിന്നും രക്ഷപ്പെടുത്തിയ ദൈവത്തിന് നന്ദിയും പറഞ്ഞ് അങ്ങനെ അവസാനിപ്പിച്ചു.
എന്തായാലും തലേന്ന് കൊടുത്ത വാക്ക് പാലിക്കാനായി ഞായറാഴ്ച രാവിലെ തന്നെ ഞാൻ എഴുന്നേറ്റു. അവൾ രാവിലെ തന്നെ അടുക്കള ഭരണം തുടങ്ങിയിരുന്നു.
“ഞാൻ എന്താണാവോ സഹായിക്കേണ്ടത്”
അപ്രതീക്ഷിതമായ എന്റെ വാക്കുകൾ കേട്ട അവളുടെ മുഖം അരുണോദയം കണ്ട താമര പോലെ വികസിച്ചു
“നിങ്ങളീ ഗോതമ്പു ദോശ ചുട്. ഞാൻ ചട്നിയരക്കാം” അവളുടെ ശബ്ദത്തിൽ ആനന്ദത്തിന്റെ തിരതല്ലലുണ്ടായിരുന്നു..
പാതേമ്പുറത്തു കയറിയിരുന്ന് ദോശ ചുട്ടു കൊണ്ടിരിക്കുമ്പോൾ എന്റെ കണ്ണുകൾ അറിയാതെ തുറന്നു കിടന്ന ജനലിലൂടെ പുറത്തേക്ക് കടന്നു ചെന്നു.
അയല്പക്കത്തു പുതിയതായി വന്ന വാടകക്കാരി വ്യായാമം ചെയ്യുന്ന സുന്ദരമായ കാഴ്‌ച. ദോശ ചുടൽ ഒരു ഭാരമായി തോന്നിയതേയില്ല…
നാലു ദോശ ചുട്ടു കഴിഞ്ഞപ്പോഴേക്കും കയ്യിൽ നിന്നും ചട്ടുകം വാങ്ങിക്കൊണ്ട് ഭാര്യ സ്നേഹാദ്രമായി പറഞ്ഞു.
“ചേട്ടൻ പോയി കിടന്നോ. ഞാനൊരു തമാശക്ക് പറഞ്ഞതല്ലേ. അല്ലെങ്കിലും ആണുങ്ങൾ അടുക്കളയിൽ കയറാതിരിക്കുന്നതാ വീടിന് ഐശ്വര്യം”