തകരുന്ന വിഗ്രഹങ്ങൾ
(രചന: രാജീവ് രാധാകൃഷ്ണ പണിക്കർ)
മൂന്നാമത്തെ ഫോൺ കോളായിരുന്നു അത്. മൂന്നു പ്രാവശ്യവും അവർ ആവശ്യപ്പെട്ടത് ഒരേകാര്യം മാത്രം. “അത്യാവശ്യമായി ഒന്നു കാണണം”
അതുകൊണ്ടു തന്നെയാണ് ഉച്ചയൂണു കഴിഞ്ഞ് പുറത്തു പോകാൻ ഞാൻ തീരുമാനിച്ചതും.
ചിന്നുമോളെ അടുത്ത ഫ്ളാറ്റിലെ ആന്റിയുടെ കൂടെയാക്കി ടൂവീലറുമെടുത്ത് കായലിനരുകിൽ പുതിയതായി പൂർത്തിയാക്കിയ പാർക്കിലേക്കു ചെന്നു.
കായലിനഭിമുഖമായി മരത്തണലിനോട് ചേർത്തിട്ട ചാരുബഞ്ചിൽ അവരുണ്ടായിരുന്നു.
ഏറിയാൽ മുപ്പത്തഞ്ചു വയസ്സു തോന്നും. വലിയ സുന്ദരിയാണെന്നു പറയാൻ കഴിയില്ലെങ്കിലും ആത്‍മവിശ്വാസം തുളുമ്പുന്ന മുഖം. അല്പം അയഞ്ഞ ചന്ദന നിറത്തിലുള്ള കുർത്തിയും നീല ജീൻസുമാണ് വേഷം.
“ഞാൻ അനഘ. അനഘഹരീഷ്.
സിദ്ധാർഥന്റെ ഭാര്യയല്ലേ?” പരിചിത ഭാവത്തിൽ അവർ ചോദിച്ചു.
“നിങ്ങളാരാ. എന്തിനാ കാണണമെന്ന് പറഞ്ഞത് ?” ആകാംഷയോടെ ഞാൻ തിരക്കി.
“ഞാൻ സിദ്ധാർഥന്റെ ഓഫീസിൽ വർക് ചെയ്യുന്നു. ഇരിക്കൂ”
അവരുടെ വാക്കുകൾക്ക് വല്ലാത്തൊരു ആജ്ഞാശക്തിയുണ്ടെന്നു തോന്നി. അവർ ചൂണ്ടിക്കാട്ടിയ ഇടത്തിലേക്ക് അറിയാതെയെന്നവണ്ണം ഞാനിരുന്നു.
“ഞാൻ വിചാരിച്ചത് പോലെയല്ല സിദ്ധാർത്ഥന്റെ വൈഫ് സുന്ദരിയാണെട്ടോ. സ്മാർട്ടും”
‘ഇവർക്കെന്നെ കുറിച്ചെന്ത് മുൻവിധി?’
അനഘയുടെ ആ സംസാരരീതി എനിക്ക് അരോചകമായി തോന്നി.
‘നിങ്ങളാരാണ് ഏന്താ വേണ്ടത് ” സ്വരം കടുപ്പിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
“ചൂടാകേണ്ട സഹോദരി ഞാൻ പറഞ്ഞല്ലോ. ഞാൻ അനഘ. എന്റെ ഭർത്താവിന്റെ പേരാണ് ഹരീഷ്. കുവൈറ്റിലാണ്.
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് പത്തു വർഷങ്ങളായി കുട്ടികൾ ആയിട്ടില്ല”
ഒരു പരിചയവുമില്ലാത്ത തന്നോട് എന്തിനിവർ ഇതൊക്കെ പറയുന്നു എന്ന ചിന്ത എന്റെ മനസ്സിനെ മഥിക്കുകയായിരുന്നു.
അവർ ഒന്നു നെടുവീർപ്പിട്ടുകൊണ്ട് തുടർന്നു.
“ഞാനും ഹസ്ബൻഡിനോടൊപ്പം കുവൈറ്റിലായിരുന്നു. കൊ റോ ണക്കു മുൻപാണ് തിരിച്ചു വന്നത്.
ഞങ്ങൾ ഒരുമിച്ച് നാട്ടിൽ സെറ്റിൽ ചെയ്യാനിരുന്നതാണ്. ഞങ്ങളുടെ പ്രോജെക്ടിന് ഇപ്പോൾ അനുയോജ്യമല്ലാത്ത സമയമായതിനാൽ ഹരീഷ് കുറച്ചു നാൾ കൂടി അവിടെ തുടരുവാൻ തീരുമാനിച്ചു”
“ഇതൊക്കെ നിങ്ങൾ ഒരു പരിചയവുമില്ലാത്ത എന്നോടെന്തിനാ പറയുന്നത്”
ഉള്ളിൽ തികട്ടിവന്ന ദേഷ്യം കടിച്ചൊതുക്കിക്കൊണ്ട് ഞാൻ തിരക്കി.
“ഇതെല്ലാം നിങ്ങൾ അറിയേണ്ട കാര്യങ്ങൾ ആണെന്ന് എനിക്ക് തോന്നി.
ആറുമാസം മുൻപാണ് സിദ്ധാർഥന്റെ ഓഫീസിൽ ഞാൻ ജോയിൻ ചെയ്യുന്നത്.
നല്ല സഹപ്രവർത്തകനും സുഹൃത്തും എന്ന നിലയിലേ ഞാൻ അയാളെ കണ്ടിട്ടുളൂ.
അതു കൊണ്ടു തന്നെ ഹസ്ബൻഡിന്റെ പ്രോബ്ലെം കാരണമാണ് കുട്ടികൾ ഇല്ലാത്തത് എന്ന കാര്യവും പറഞ്ഞു. പക്ഷെ അതറിഞ്ഞപ്പോൾ മുതൽ സിദ്ധാർഥനെന്നോട് വല്ലാത്ത സിമ്പതി.
ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാകാത്തത്തിൽ എന്നെക്കാളും ഹരീഷിനെക്കാളും സങ്കടം സിദ്ധാർഥനാണെന്നു തോന്നുന്നു.
എന്നെ പിരിഞ്ഞ് ഒരു നിമിഷം പോലും ജീവിക്കുവാൻ കഴിയില്ലെന്നും
കുട്ടികളുണ്ടാകാൻ സഹായിക്കാമെന്നുമാണ് ഇപ്പോൾ അയാൾ പറയുന്നത്”
ഒരു നിമിഷം ഞാൻ സ്തബ്ധയായി. കണ്ണുകളിൽ ഇരുൾ മൂടുന്നതു പോലെ. ഭൂമി പിളർന്ന് താഴ്ന്നുപോയെങ്കിൽ എന്നാശിച്ചു.
സിദ്ദുവേട്ടൻ ചെറിയൊരു പഞ്ചാരയാണെന്നറിയാം. പക്ഷെ ഇത്തരമൊരു ഗുരുതരമായ ആരോപണം ആദ്യമായാണ്.
“എന്നിട്ട്? ”
ഞാൻ അമ്പരപ്പോടെ ആരാഞ്ഞു.
“ദാമ്പത്യ ജീവിതത്തിൽ സ്നേഹമെന്തെന്നറിഞ്ഞിട്ടില്ലെന്നും എന്നെ കണ്ടതിനു ശേഷമാണ് ജീവിതത്തിന് അർഥമുണ്ടായതെന്നുമാണ് അയാൾ പറയുന്നത്.
എന്റെ ഹസിനോട് പറഞ്ഞപ്പോൾ പുള്ളിക്കാരനാണ് പറഞ്ഞത് നിങ്ങളെ കണ്ട് ഒന്നു സംസാരിക്കാൻ.
പ്രിയപ്പെട്ട സഹോദരി ഇവിടെ വന്ന് നിങ്ങളെ കണ്ടപ്പോൾ എനിക്ക് തോന്നുന്നത് ‘വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ ‘ എന്ന പഴയ പരസ്യ വാചകമാണ്.
അതു കൊണ്ട് നിങ്ങളുടെ ഭർത്താവിനോട് പറയുക ഇനി എന്റെ പിന്നാലെ നടന്ന് ശല്യം ചെയ്യരുതെന്ന്. നിങ്ങളുടെ കുടുംബം കലക്കാനല്ല കലങ്ങാതിരിക്കാനാണ് ഞാൻ വന്നത്.
സിദ്ധാർഥനെ പോലുള്ളവർക്ക് ഞാൻ അല്ലെങ്കിൽ മറ്റൊരുവൾ.
അവർ വല വിരിച്ചുകൊണ്ടേയിരിക്കും.
കിളികൾ കുടുങ്ങുകയും ചെയ്യും. നഷ്ടപ്പെടുന്നത് നിങ്ങളെപ്പോലുള്ള വീട്ടിലിരിക്കുന്നവരുടെ ജീവിതമാകും. ബി കെയർഫുൾ ”
ചെറിയൊരു പുഞ്ചിരിയും വലിയൊരു നിശ്‌ചയദാർഢ്യവുമായി അവർ നടന്നകലുമ്പോൾ എന്റെ മനസ്സിൽ വച്ചു പൂജിച്ചൊരു വിഗ്രഹം തകർന്നടിയുകയായിരുന്നു”
ഞാൻ എന്താണ്. ചെയ്യേണ്ടത്?
പ്രിയപ്പെട്ട വായനക്കാരെ. നിങ്ങൾക്കൊരു മറുപടി തരാൻ കഴിയുമോ?