കണ്ണാം തുമ്പി
(രചന: അഖില അഖി)
ചന്ദനതിരിയുടെയും കർപ്പൂരത്തിന്റെയും മാസ്മര ഗന്ധം വൃശ്ചികമാസ കാറ്റിൽ അലിഞ്ഞു ചേർന്നു. തൊഴുതിരിയിട്ട് കത്തിച്ച നിലവിളക്കിന്റെ ശോഭയിൽ നിലത്ത് പാകിയ ടൈൽസിന്റ പ്രതലം ജ്വലിക്കുന്നതായി തോന്നിയവന്.
ജീവൻ വറ്റിയ മനസുമായി നിലത്തെ വാഴയിലയിലായി വെള്ള പുതച്ച് കിടത്തിയിരിക്കുന്നവളെ അവനേറേ നേരം നോക്കിയിരുന്നു പോയി….
തലയ്ക്ക് ഇരുവശത്തായി വെച്ചിരിക്കുന്ന എണ്ണ പകർന്ന, കത്തുന്ന നാളികേരമുറിയുടെ വെളിച്ചം അവളിൽ മാത്രം ഒതുങ്ങി നിന്നു.
തണുത്തുറഞ്ഞ ചുണ്ടിൽ കറുപ്പ് ബാധിച്ചിരിക്കുന്നു. പീലി നിറഞ്ഞ കണ്ണുകളിലെ തെളിച്ചമെല്ലാം കെട്ടു പോയിരിക്കുന്നു…. അവനവളെ ആദ്യമായ് കാണും പോലെ നോക്കി.
അവന്, അവളെ ഒന്ന് തൊടാൻ തോന്നി…. നെറ്റിയിൽ നേർമയായ് ഒന്ന് ചുംബിക്കാൻ തോന്നി….
“”തുമ്പി………… ഏട്ടന്റെ തുമ്പി കുട്ട്യേ…….”” അവളോട് ചേർന്നിരുന്നവൻ വിളിച്ചു.
“”ന്റെ തുമ്പി ഒറങ്ങാ….. ഞാൻ വിളിച്ചാ ഏണീക്കില്യേ നീ….”” അവളെ ശക്തമായി കുലുക്കി വിളിച്ചു പരിഭ്രാന്തി കാട്ടുന്നവനെ, കൂടി നിന്നവരെല്ലാം ശ്രമപ്പെട്ട് അടക്കി നിർത്തി.
“ഇനി ആരെങ്കിലും വരാനുണ്ടോ?
ശവദാഹം നടത്താൻ എടുക്കായി..
കർമം ചെയ്യേണ്ടവർ പുറത്തേക്ക് നിന്നോളാ.”
ശാന്തിക്കാരന്റെ നിർദേശ പ്രകാരം,
അവളെ അകത്ത് നിന്നും എടുത്ത്, പുറത്തെ കർമങ്ങൾ ചെയ്യുന്നതിന് നടുവിലായി കിടത്തി. അകത്തു നിന്നും ബഹളങ്ങൾ ഉയർന്നു കേട്ടു. കർമങ്ങൾക്കുശേഷം അവളുടെ പാദത്തിലായി വന്നവരെല്ലാം പൂക്കൾ അർപ്പിച്ചു.
“പാപ മോചനമുണ്ടാകാൻ പുണ്യ വൃദ്ധി ഭവിക്കുവാൻ ദൈവമേ നിന്റെ കാരുണ്യം പരേതാത്മാവിൽ ഏകണേ…”
(ദൈവമേ…)
അവസാനമായി, അവളുടെ നെറ്റിമേൽ മുകർന്നവൻ അവളെ വിട്ടകന്നു.
വെള്ളതുണികൊണ്ട് മുഖം മറച്ചു, മൂടി കെട്ടുമ്പോൾ അതു കാണാനാവാതെ അവൻ മുഖം തിരിച്ചു നിന്നു.
തെക്കേതൊടിയിലെ ആറടി മണ്ണിലേക്ക് അവളെ യാത്രയാക്കുമ്പോൾ സർവ്വവും ചാമ്പലാക്കാനുള്ള ദേഷ്യമെരിയുന്നുണ്ടായിരുന്നു… അവന്റെയുള്ളിൽ.
പിറ്റേന്നുള്ള ബലിയിടലിൽ പങ്കുചേർന്നവൻ, താളം തെറ്റിയ മനസുമായി ഹാളിലെ സോഫയിൽ കണ്ണുകളച്ചു കിടന്നു.
ഒരൊറ്റ ദിവസം കൊണ്ട് മറ്റൊരാളായി രൂപം പ്രാപിച്ചു കിടക്കുന്നവനെയും, ബന്ധുക്കളുടെ ആശ്വാസ വാക്കുകളിൽപെട്ട് ഉഴറി കിടക്കുന്ന അമ്മയെയും കണ്ടു നിൽക്കാനാവാതെ പലരും പിരിഞ്ഞു പോയി.
“ഏട്ടാ…..” വിതുമ്പി കൊണ്ടുള്ള അവളുടെ വിളി അവന്റെ നെഞ്ചിലൊരു പിടച്ചിലുണ്ടാക്കി. കണ്ണു തുറക്കാതെ അവൻ ഉള്ളിലേക്ക് ഒരു ദീർഘ നിശ്വാസമെടുത്തു.
“ന്റെ വാവേനെ ഏട്ടൻ നോക്കില്യേ….” നിറവയറുമായി കണ്ണും നിറച്ച് കൊണ്ട് പറയുന്നവളെ ഒരു നിമിഷം അവൻ ഓർത്തു പോയി.
“ന്റെ തലേ തൊട്ട് സത്യം ചെയ്യോ…. നിക്ക് എന്തെങ്കിലും പറ്റിയ എന്നെ നോക്കിയ പോലെ ന്റെ വാവേനേം നോക്കുംന്ന്….”
വീണ്ടും അവളുടെ ദയനീയമായ വിളി അവന് ചുറ്റും പരതി നടക്കുന്നുണ്ടെന്ന് തോന്നി. അകത്തെ മുറിയിലായ് കരഞ്ഞു തളർന്നു കിടക്കുന്ന അമ്മയെ നോക്കിയവൻ ഉമ്മറത്തേക്ക് നടന്നു.
“ആദിയേട്ട…..” രശ്മിയുടെ വിളിയാണ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്. അവന്റെ നിൽപ്പ് കണ്ടവൾക്ക് വേദന തോന്നി. എന്ത് പറഞ്ഞവനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഉഴറി പോയവൾ.
“ആദിയേട്ടാ…. ന്താ പറയണ്ടേന്ന് നിക്ക് അറിയില്യ… ന്നാലും നിങ്ങടെ നിൽപ്പ് കണ്ട് നിക്ക് സയിക്കാൻ വയ്യാ. അമ്മേം ഏട്ടനും ഇങ്ങനെ ആയാ ഞാൻ ന്താ ചെയ്യാ.”
അവൾ പറയുന്നതൊന്നും ശ്രെദ്ധിക്കാതെ മറ്റേതോ ലോകത്തായിരുന്നു അവൻ. ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായപ്പോൾ അവൾ അവനേ ഒന്ന് നോക്കി കൊണ്ട് അകത്തേക്ക് പോയി.
“”തുമ്പേ…. തുമ്പേ…. ചൊറിയണ തുമ്പേ…..”
“ദേ ചെക്കാ ന്നെ അങ്ങനെ ഇനിം വിളിച്ചാലുണ്ടല്ലോ ഞാൻ ന്റെ ഏട്ടനോട് പറഞ്ഞു നിന്നെ ശെരിയാക്കും. ഞാൻ തൂമ്പയും കൈക്കോട്ടും ഒന്നും അല്ല. ന്റെ അമ്മേം ഏട്ടനും മാത്രം വിളിച്ച മതി ന്നെ തുമ്പിന്ന്… നീ ന്റെ പേര് എല്ലാരും വിളിക്കണ പോലെ വിളിച്ചാ മതി.”
” ന്നാ അങ്ങനെ ആയിക്കോട്ടെ തുമ്പേ..
ശ്ശ്… അല്ല…”
“മനയ്ക്കലെ വാസുദേവന്റെ മോള് വൈശാഖിയേ..”
അവനെ നോക്കി ദഹിപ്പിച്ചവൾ ചവിട്ടി തുള്ളി കൊണ്ട് പോയി.
“”ഏട്ടാ ആ പൊട്ടൻ ന്നെ തുമ്പേന്ന് വിളിച്ചു..” ഉമ്മറത്ത് നിന്ന് ഉറഞ്ഞു തുള്ളുന്നവളെ നോക്കി ചിരിച്ചവൻ അടുത്തിരുന്നു.
“ആരാ ന്റെ തുമ്പേ അങ്ങനെ വിളിച്ചേ…
ആർക്കാ ഇത്ര സാമർഥ്യം… അതും തുമ്പേന്ന് വിളിക്കാൻ… ന്റെ കുട്ടി അതിന് തുമ്പ അല്ലല്ലോ തുമ്പിയല്ലേ…. തുമ്പിപ്പെണ്ണ്”.
അവന്റെ മറുപടിയിൽ അവൾ നിറഞ്ഞു പുഞ്ചിരിച്ചു.
ഊണുമേശയിലെ കടുത്ത നിശബ്ദത അവളില്ലായ്മയെ എടുത്തുകാട്ടി.
ആഹാരത്തിനുമുന്നിൽ ഇരുന്നു കരയാൻ തുടങ്ങുന്ന അമ്മയെ തടഞ്ഞു കൊണ്ടവൻ ഇരുകൈകളാൽ ചേർത്തു പിടിച്ചു.
“രണ്ടാളും ന്തെങ്കിലും ഒന്ന് കഴിക്ക് ഏണീറ്റ് നിക്കാനുള്ള ത്രാണിയെങ്കിലും വേണ്ടേ” രണ്ടുപേരും രശ്മിയുടെ നിർബന്ധത്താൽ ഊണു കഴിച്ചു.
അമ്മയെ മുറിയിൽ കിടത്തിയവൾ അവനെ തിരഞ്ഞു ഉമ്മറത്തേക്ക് പോയി.
തെക്കേതൊടിയിലെ മൺകൂനയ്ക്ക് മേലായിരുന്നു അവന്റെ കണ്ണുകളപ്പോഴും.
“ആദിയേട്ടാ….”
രശ്മിയുടെ വിളി കേൾക്കാൻ നിന്നതു പോലെയവൻ അവൾക്ക് അരികിലെത്തി. അവനെ ബലമായി മടിയിൽ പിടിച്ചു കിടത്തിയവൾ സമാധാനിപ്പിക്കുമ്പോഴും ഇനിയെന്ത്? എന്ന ചിന്ത അവളിൽ ഒരു ചോദ്യമായി മുഴങ്ങി കൊണ്ടിരുന്നു.
“രെച്ചു നീയും കൂടി ഇല്ലായിരുന്നെങ്കി ഞാൻ എന്ത് ചെയ്തേനെ….”
ഇരുവർക്കുമിടയിൽ നേവ് നിറഞ്ഞ നിശബ്ദത തുടർന്നു.
“”ആദിയേട്ടാ തുമ്പി നമ്മളെ വിട്ടു പോയി… ആ യാഥാർഥ്യം നമ്മൾ ഉൾക്കൊണ്ടേ മതിയാകൂ…””.
“രെച്ചു, അവളെക്കാൾ മറ്റാരെയും ഞാൻ സ്നേഹിച്ചിട്ടില്ല. അവളെന്റെ അനിയത്തിയേക്കാളുപരി ന്റെ മോളായിരുന്നു. നിക്ക് കൂട്ടായ് എത്തിയ കുഞ്ഞിപെണ്ണ്.”
” ന്റെ നെഞ്ചിലിട്ട് സ്നേഹിച്ചാ.. ഞാൻ, ഇത്രകാലോം കൊണ്ട് നടന്നെ, ന്നിട്ടും…. “.
അവനെ അടക്കി പിടിച്ചവൾ ആശ്വസിപ്പിച്ചു.
” നീയെന്റെ ജീവിതമായിട്ട് ഇത്രേം കാലായില്യേ രെച്ചു…നിനക്കും അവള്, മോള് തന്നായിരുന്നില്യേ… ”
മാനത്തെ നക്ഷത്രത്തെ സാകൂതം നോക്കിയവൾ ചിന്തിച്ചു… തന്റെ അനിയത്തിയായിരുന്നവൾ…
അമ്മയാവാൻ കഴിയാത്ത തനിക്ക് മകളായ് മാറിയവൾ… പേര് പോലെ തന്നെ തുമ്പിയായ് പാറി പറന്നു നടന്നവൾ…
“”ന്റെ ഏട്ടത്തി ന്തിനാ വെഷമിക്കണെ ഏട്ടത്തിക്ക് ഞാനില്ലേ… ഇനി സമയാവുമ്പോ വേറേം വാവകള് ഏട്ടത്തിയ്ക്കും ഏട്ടനും ഇണ്ടാവില്യേ…
അപ്പൊ അത് വരെ ഞാനാ നിങ്ങടെ വാവ…””.
അതും പറഞ്ഞ് വട്ടനേ കെട്ടിപിടിച്ചു, കവിളിലായ് ചുണ്ട് പതിപ്പിച്ചു ഓടിയകന്ന, ആ പെണ്ണിനെ ഓർത്തവളുടെ നെഞ്ചു വീങ്ങി.
“ഏട്ടന് വേണ്ടി ന്റെ ഏട്ടത്തിയായ് വരോ…”
കാണുമ്പോഴെല്ലാം ഈ ഒരു കാര്യം ചോദിക്കാൻ മാത്രം വാ തുറക്കുന്നവളോട് തനിക്കും എപ്പോഴാണ് വാത്സല്യം തോന്നിയത്?
അവസാനം അവളുടെ നിർബന്ധം കൊണ്ട് ഏട്ടനെ പിടിച്ചു കെട്ടിപ്പിക്കുമ്പോഴും അവളുടെ മാത്രം ഏട്ടത്തിയായി മനയ്ക്കിലേക്ക് എത്തിയപ്പോഴും എങ്ങും വിടാതെ അവളുടെ മാത്രമായി സ്നേഹിച്ചു. ഒരിക്കൽ പോലും പിരിയാൻ കഴിയാതെ അവളിൽ മാത്രം ഒതുങ്ങി പോയ വീട്.
ഈ വീട്ടിലെ താളം തന്നെ അവളായിരുന്നില്ലേ…… തുമ്പി…..
ആദിയേട്ടന്റെ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ ഒന്നേ ഏട്ടന് ആവശ്യപ്പെടാൻ ഉണ്ടായിരുന്നുള്ളു…
“” തുമ്പി കുട്ട്യേ ഒരിക്കലും വേദനിപ്പിക്കരുത്. അവൾക്ക് ഏട്ടത്തിയായും കൂട്ടുകാരിയായും എന്നും ഒരു തണലായ് ഉണ്ടാകണം…””
അന്ന് തൊട്ട് ഇന്ന് വരെ ഒരു പിണക്കത്തിന് പോലും ഞങ്ങൾക്കിടയിൽ സ്ഥാനമുണ്ടായിരുന്നില്ല. എല്ലാരോടും വാതോരാതെ സംസാരിക്കുന്ന തുമ്പി പെണ്ണ്…
“വിധി”യെന്ന രണ്ടക്ഷരത്തിൽ കൈവിട്ടു പോയ തീരാ നഷ്ടം.
“മൗനം പോലും തീരാവേദനയായ് മാറണമെങ്കിൽ അവർ നമുക്കെന്നും, അത്രയും പ്രിയപ്പെട്ടവരായിരിക്കണം”””
തുമ്പിയെ കുറിച്ചുള്ള ഓർമ്മകളിൽ ഇരുവരുടെയും മിഴികൾ സജലമായി.
“”ദ്രുപത് ആവിയന്റെ”” പെണ്ണായി തുമ്പിയെ കൈപിടിച്ചു കൊടുക്കുമ്പോൾ അവൻ അറിഞ്ഞില്ല വൈശാഖി എന്ന പേരിലേക്കുള്ള അവളുടെ മാറ്റം കൂടിയാണെന്ന്. ആവിയത്ത് തറവാട്ടിലെ ദ്രുപത് ആവിയന്റെ പെണ്ണ്, വൈശാഖി…
വൈശാഖി വാസുദേവനിൽ നിന്നും “വൈശാഖി ദ്രുപത് ആവിയനി”ലേക്കുള്ള ചുവടുവയ്പ്പ്….
“എവിടെയാണ് തനിക്ക് പിഴച്ചത്?….”
“”ഏട്ടാ…..
ഞാൻ ആ വീട്ടിലൊരു അധികപറ്റ, പിടിച്ച് നിക്കാൻ പറ്റാത്തോണ്ടാ.. ന്നെ അയാൾക്ക് വേണ്ടാ.. ഞാൻ അയാൾടെ നെലക്കും വെലയ്ക്കും ചേർന്നവളല്ലാന്ന് മനസിലാക്കാൻ ഇത്രയും നാള് വേണ്ടി വന്നു, ആ വീട്ടിലുള്ളവർക്കും. ഞാൻ ഒഴിഞ്ഞു കൊടുക്കണം പോലും…
ന്നോട് ഒന്ന് മിണ്ടാൻ പോലും ആർക്കും വയ്യാ… ഒറ്റയ്ക്ക് ഞാൻ… ഇത്രയും ആൾക്കാരുള്ള വീട്ടില്, ഒരനാഥയെ പോലെ…
ഇനിയും വയ്യാ… ഒന്നിനും…ഞാൻ കാരണം അയാൾടെ സന്തോഷം ഇല്യാണ്ട് ആവണ്ട… സ്ഥാനമില്ലാത്തിടത്ത് ഒഴിഞ്ഞു കൊടുക്കണം…ഇറക്കി വിടും മുന്നേന്ന് തോന്നി.
ഇവിടെയും ഞാൻ ബുദ്ധിമുട്ട് ആണെങ്കിൽ പറയണേ… പൊയ്ക്കോളാം ആർക്കും ഒരു ശല്യമാവാതെ… അയാൾടെ മനസ്സിൽ ഏട്ടന്റെ തുമ്പിക്ക് സ്ഥാനം ഇല്യാ. ഇനി ഉണ്ടാവുകയും ഇല്യാ. ഒരിക്കലും പിടികിട്ടാത്ത മനുഷ്യനാ അത്.
ന്തിനാ ന്റെ ജീവിതം കൂടി വലിച്ചിട്ടത്?
അയാൾക്ക് ഒരു തമാശ ആയിരുന്നിരിക്കണം ഞാൻ…
അയാൾക്ക് തോന്നുമ്പോ തട്ടി കളിക്കാനുള്ള കളിപ്പാട്ടം.”
തകർന്ന മനസുമായി നിക്കുന്നവളെ ചേർത്തു പിടിക്കാൻ മാത്രേ തനിക്കായുള്ളൂ. അവളുടെ വിധിയ്ക്ക് താൻ കൂടി കാരണമല്ലേ? അവളെ നിഷ്പ്രയാസം തട്ടി കളഞ്ഞവനെ കാണാൻ പോവുമ്പോഴും, നിർജീവമായ മനസോടെ വഴി കണ്ണുമായ് അവളും ഇരുന്നു.
അവനുമായി തട്ടി കയറുമ്പോഴും വാക്കുതർക്കം ഉണ്ടാക്കിയപ്പോഴും ഒന്നേ അവൻ ആവർത്തിച്ചുള്ളൂ….
“”വൈശാഖിയെ എനിക്കിനി വേണ്ടാ..
ബന്ധം പിരിയാൻ എല്ലാ ഫോർമാലിറ്റിസും ചെയ്യണം..””
“അവളെ ഒഴിവാക്കാൻ ഒരു കാരണമെങ്കിലും വേണ്ടേ? പറ ന്താ അവൾടെ ഭാഗത്ത് വന്ന തെറ്റ്..
ഒരെണ്ണം നീ ചൂണ്ടി കാട്ടി പറഞ്ഞാൽ ആ നിമിഷം സകല ബന്ധവും തീർക്കാം…”
“”ആദി, തനിക്ക് തന്റെ പെങ്ങൾ ആണ് വലുത് അത് പോലെ എനിക്ക് എന്റെ സ്വപ്‌നങ്ങളും. വൈശാഖിയെ ഒരിക്കലും ഉൾക്കൊള്ളാൻ കഴിയുന്നില്ല.
തെറ്റ്….. അതിപ്പോ ഈ വിവാഹം തന്നെ വലിയൊരു തെറ്റായിരുന്നു. എന്റെ സങ്കൽപ്പത്തിലെ ഒരു പെണ്ണായിരുന്നില്ല വൈശാഖി… എപ്പോഴും കലപില പറഞ്ഞു ഇറിറ്റേറ്റ് ചെയ്യുന്ന പക്വത ഇല്യാത്ത, ആ ഒരു ക്യാരക്റ്റർ എല്ലാവർക്കും ഇഷ്ടപ്പെടണം ന്നുണ്ടോ? നാടൻ പെണ്ണ്….
പുറമെ എങ്ങനെ സംസാരിക്കണമെന്നു പോലും അവൾക്ക് അറിഞ്ഞൂടാ. ഒറ്റയ്ക്ക് പുറത്ത് പോവാൻ പോലും പേടിക്കുന്ന അല്ലെങ്കിൽ അറിയാത്ത അവളെങ്ങനെ തുടർന്നും ജീവിക്കും.
അടുക്കളയിൽ മാത്രം ഒതുങ്ങി കൂടുന്ന ഒരു ഭാര്യയെ അല്ല ഞാൻ ആഗ്രഹിച്ചത്.
വൈശാഖിയെ കല്യാണം കഴിക്കുന്നതിനു മുന്നേ എനിക്ക്, ഒരു റിലേഷൻ ഉണ്ടായിരുന്നു. ജാതകം വില്ലനായപ്പോൾ വൈശാലിയെ വീട്ടുകാരുടെ നിർബന്ധത്തിൽ കൂടെ കൂട്ടേണ്ട വന്നു. ജീവിതം അങ്ങനെ ആണല്ലോ വിചാരിക്കുന്നത് നടക്കണംന്നില്ല.”
“”നിനക്ക് അന്നേ ഒരു വാക്ക് പറയാരുന്നില്ലേ… ഇപ്പൊ ഒരു കുടുംബത്തിന്റെ സമാധാനം കളഞ്ഞു അവളെ നീറിച്ചപ്പോൾ നിനക്കെന്ത് കിട്ടി…
അവളെന്തു ചെയ്തു നിന്നോട്..
സ്നേഹിക്ക മാത്രല്ലേ ചെയ്തുള്ളു.. ന്നിട്ടും നീ ചവിട്ടി അരച്ചില്യേ. നീ മാറും ന്ന് വിചാരിച്ച് ഇരിക്കാ ന്റെ തുമ്പി. ഒരുപാട് കരയിച്ചില്യേ നീ ന്റെ കുട്ട്യേ. ഞാൻ മനസ്സി തട്ടി പറയാ നീ ഇതിന് അനുഭവിക്കും.””
അവന്റെ കരണം പുകച്ചു ദേഷ്യം തീർക്കുമ്പോൾ.. മനസ്സിൽ ഉറപ്പിക്കുകയായിരുന്നു തുമ്പിയെ ഇനി ഒന്നിനു വേണ്ടിയും കരയിക്കില്ലാന്ന്.
അവളെ ഇനി അവന്റെ ജീവിതത്തിലേക്ക് പറഞ്ഞു വിടുകയില്ലെന്നും.
“ഏട്ടത്തി….”
“”ന്താ തുമ്പി കുട്ട്യേ “”.
“ഏട്ടത്തിയ്ക്കും ഞാനൊരു ശല്യാവോ?”
“”നീ ന്തൊക്കെയാ പറയണേ തുമ്പികുട്ട്യേ.. മക്കള് ആർക്കെങ്കിലും ശല്യാവോ.. നീ ഞങ്ങടെ കുട്ട്യല്ലേ.. പിന്നെ എങ്ങനാ ശല്യാവാ..””.
പിന്നെയും മൗനം തുടർന്നു…
“ഏട്ടത്തി….ന്റെ വയറ്റില് ഞങ്ങടെ വാവയിണ്ട്.. അത് പറയാൻ പോലും നിക്ക് പറ്റില്യാ.. അത് കേൾക്കാൻ പോലും നേരം ആർക്കും ഇല്യാരുന്നു. വാവേനെ പറ്റി അറിഞ്ഞാലെങ്കിലും ന്നോടുള്ള ദേഷ്യം മാറോ… ഒക്കെ ശെരിയാവോ…. അതോ വേണ്ടാന്ന് പറയോ….”
അവളെ ചേർത്ത് പിടിച്ചു സമാധാനിപ്പിക്കുമ്പോ കണ്ടു പുറകിലായി സംസാരമെല്ലാം കേട്ട് അവരെ നോക്കി നിൽക്കുന്ന ആദിയെ…
അവളെ വിട്ടകന്ന് കാര്യങ്ങൾ ചോദിച്ചറിയാൻ തുടങ്ങുമ്പോഴേക്കും അവൻ അതിനെ തടഞ്ഞു തെളിയിച്ചമില്ലാതെ പുഞ്ചിരിച്ച് അകത്തേക്ക് പോയി.
“”അകത്തി മാറ്റാൻ നോക്കിയാലും അടുപ്പിക്കുന്ന കണ്ണിയല്ലേ തുമ്പിടെ ഉള്ളില്. ഇനി അവന് അതും അംഗീകരിക്കാൻ പറ്റോ.. അതോ അതിനെയും തള്ളി പറയോ..””
ചിന്തകളുടെ വേലിയേറ്റങ്ങളിൽ പെട്ടവൻ കണ്ണുകളടച്ചു.
നെറ്റിയിലെ നേർത്ത തണുപ്പ് അവന്റെ ഉള്ളിലേ താപത്തെ ശമിപ്പിച്ചു.
കണ്ണു തുറക്കാതവൻ നെറ്റിമേൽ ഇരിക്കുന്ന ആ കൈകളിൽ പിടിച്ചു നെഞ്ചിൽ ചേർത്തു.
“”രെച്ചു…. തോറ്റുപോയിടി ഞാൻ.. അവന് വേണ്ടെന്ന് തുമ്പ്യെ. പറയാനുള്ളത് പറഞ്ഞു തീർത്തു. അവന്റെ ഉള്ളില് വേറെ ഏതോ ഒരുത്തി ഉണ്ടായിരുന്നു പോലും..””
നടന്നതെല്ലാം അവളോട് പറഞ്ഞവൻ സമാധാനം കണ്ടെത്താൻ ശ്രെമിച്ചു.
തുമ്പിടെ വാവയെ കുറിച്ച് അറിയിച്ച തന്നെ നിക്ക് പ്രതീക്ഷ തോന്നണില്യ. അവന് ഇപ്പൊ എങ്ങനെയും അവളെ ഒഴിവാക്കണം. ഞാൻ ന്താ ഇനി വേണ്ടേ രെച്ചു. ആകെ പ്രാന്ത് പിടിക്കാ. അവള് ഇവടെ നിന്നാ തന്നെ നിക്ക് ഒരിക്കലും അധികപറ്റല്ല. ന്നാലും, തുമ്പി എത്രക്കാലം ഒറ്റയ്ക്ക് ജീവിക്കും.
വാതിലിനു പുറത്തായ് അവരുടെ സംസാരം കേട്ടവൾ തകർന്നു നിന്നു.
“ഏട്ടാ….”
അവളുടെ വിളികേട്ടവർ തിരിഞ്ഞു നോക്കി. ആ ഭാവത്തിൽ നിന്നും മനസിലായി പറഞ്ഞതെല്ലാം കേട്ടെന്ന്.
“നിക്ക് സമ്മതാ ബന്ധം പിരിയാൻ..
ഏട്ടൻ വേണ്ടത് ചെയ്തോളു. ഇനി ചേരാത്തത് ചേർക്കാൻ നിക്കണ്ടാലേ..
എന്തിനാ വെറുതെ…. ഈ വാവ പോലും നിക്ക് മനസോടെ ഇണ്ടായതല്ല. ഇനിപ്പോ ഈ കാര്യം പറഞ്ഞാലും അയാൾക്ക് പറ്റിയ തെറ്റായെ അതിനെ വ്യാഖ്യാനിക്കൂ.
വേണ്ടാ… ഒന്നും പറയണ്ട.. നിക്ക് ആരും വേണ്ടാ… ഏട്ടനും ഏട്ടത്തിയും മതി.”
അതും പറഞ്ഞു കരയുന്നവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയാതെ ഇരുവരും പരസ്പരം നോക്കി.
അവളുടെ ഇനിയുള്ള ജീവിതം എങ്ങനെയാവുമെന്നോർത്ത ആശങ്കയായിരുന്നു എല്ലാവർക്കും. സാവധാനം അമ്മയെയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കി, ഡിവോഴ്സിന് വേണ്ടിയുള്ള കാര്യങ്ങൾ നടത്തുമ്പോൾ നിരാശയുടെ അറ്റത്തേക്ക് പോകുന്നവളെ ചേർത്തു പിടിച്ചു.
“ഇനിയും തോൽക്കാൻ ആണോ തുമ്പി നിന്റെ ഭാവം… അവന്റെ മുന്നിൽ പഴയതിലും മിടുക്കിയായി അന്തസോടെ ജീവിച്ച് കാണിക്ക്. ഇനിയും ഇങ്ങനെ ആണെങ്കിൽ നിക്കൊന്നും പറയാനില്യ.”
“”ഏട്ടൻ പേടിക്കണ്ട… ഞാൻ… ഞാനിനി മാറിക്കോളാം…””
ഡിവോഴ്സ് പേപ്പറിൽ ഒപ്പിടുമ്പോൾ നിറഞ്ഞ സന്തോഷമായിരുന്നു അവന്റെ മുഖത്ത്… ജീവനില്ലാത്ത മനസോടെ അവളും അതിൽ ഒപ്പ് വെച്ചു. അതോടെപ്പം അവളുടെ കണ്ണിൽ നിന്നും ഒഴുകിയിറങ്ങിയ കണ്ണുനീര് ആ പേപ്പറിലെ അക്ഷരങ്ങളിൽ പടർന്നു. അവിടെ നിന്നും ഇറങ്ങുമ്പോൾ അവളെ കാത്ത് അവനും ഉണ്ടായിരുന്നു.. ദ്രുപത്.
“വൈശാഖി.. All the best. താൻ ന്തായാലും പുതിയ ഒരു ലൈഫ് തെരഞ്ഞെടുക്കുമെന്നറിയാം. നമ്മുടെ ടേസ്റ്റുകൾ തമ്മിൽ ഒരിക്കലും പൊരുത്തപെടാൻ പറ്റില്ല, അതോണ്ട് രണ്ട് വഴിയാ നല്ലത്. അപ്പൊ കാണാം.” അവന്റെ കാറ് അകന്നു പോവുന്നതും നോക്കിയവൾ നിന്നു.
“”തുമ്പ്യെ പോവാം””.
ആദിയുടെ കയ്യിൽ കൈ ചേർത്തവൾ നടന്നു.
ഡിവോഴ്സ് കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ടു വിജയി ഭാവത്തിൽ നിക്കുന്നവനെ. വരണ്ട ഒരു ചിരി സമ്മാനിച്ച് അവനെ കടന്ന് പോകുമ്പോൾ, അവളുടെ ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു തോറ്റു പോയവളുടെ ജീവനില്ലാത്ത ചിരി.
“”വൈശാഖി…..” അവന്റെ വിളി കേട്ടവൾ പിടിച്ചു കെട്ടിയതുപോലെ നിന്നു.
“”വൈശാഖി…. നമ്മൾ ഒരിക്കലും പരസ്പരം കാണാതെ ഇരിക്കട്ടെ…. തന്റെ പുതിയ ജീവിതത്തിന് എല്ലാ വിധ ആശംസകളും. ഞാൻ തനിക്ക് വിലയിട്ടുന്ന് കരുതരുത്.. കോടതിയിൽ വെച്ച് താൻ നിഷേധിച്ച പണം താൻ വാങ്ങണം. തന്റെ ജീവിതം ഞാൻ തകർത്തുന്ന് തനിക്ക് ഒരിക്കലും തോന്നാൻ ഇടവരാതെ ഇരിക്കാൻ എങ്കിലും….””.
അവന്റെ മുഖത്ത് നോക്കി ഏറെ നേരം നിന്നവൾ. പിന്നെ പറഞ്ഞു തുടങ്ങി.
” നിങ്ങളൊരു കാര്യം മനസിലാക്കണം പണം കൊണ്ട് എല്ലാം വാങ്ങാൻ കഴിയും.
പക്ഷെ വാങ്ങാൻ കഴിയാത്ത ഒന്നുണ്ട് അന്തസ്…. ആത്മാഭിമാനം…. വൈശാഖി, അതാർക്കും പണയം വെച്ചിട്ടില്യ. അതോണ്ട് ഇതിന്റെ ആവശ്യം ഇല്യാ. ഇത് വാങ്ങേണ്ട വന്ന അന്ന് ന്റെ മരണാ.”
അതും പറഞ്ഞവൾ ജ്വലിക്കുന്ന മനസോടെ നടന്നു. പാതിയിൽ നിന്നവൾ അവനെ തിരിഞ്ഞു നോക്കി. അവളിൽ തന്നെ ശ്രദ്ധ പതിപ്പിച്ചവൻ നിക്കുന്നത് കണ്ടു. പെട്ടെന്നുള്ള തോന്നലിൽ വീണ്ടും അവൾ അവന്റെ അരികിലേക്ക് നടന്നടുത്തു.
തന്റെ മുന്നിൽ നിൽക്കുന്ന പെണ്ണിനെ അവൻ സാകൂതം നോക്കി.
മുഖമുയർത്തി അവൾ അവനെ നോക്കി.. നിറഞ്ഞ കണ്ണുകളോടെ കഴുത്തിലെ അവൻ കെട്ടിയ താലിമാല അഴിച്ചെടുത്ത്, അവന്റെ കയ്യിലേക്ക് വച്ചു കൊടുത്തു.
“ഇന്നത്തോടെ തീരല്ലേ എല്ലാം..അപ്പൊ ഇതുമാത്രം ന്തിനാ വെറുതെ ഞാൻ… കയ്യടക്കി വെക്കുന്നതിന് അർത്ഥം.”
കണ്ണിമ ചിമ്മാൻ പോലും മറന്നവൻ അവളെ നോക്കി. തന്റെ മുന്നിൽ മുമ്പ് പരുങ്ങി നിന്നിരുന്ന പെണ്ണിൽ നിന്നും ഒരുപാട് മാറ്റം ഉള്ളത് പോലെ. കയ്യിലെ താലി അവനെ ചുട്ടു പൊള്ളിക്കുന്നതായി തോന്നിയവന്.
“ഞാൻ പറയാത്തതും നിങ്ങൾ അറിയാത്തതുമായ ഒരു കാര്യമുണ്ട് നമുക്കിടയിൽ. അതിന് ഇനി പ്രസക്തി ഇല്യാ…ന്നാലും… ”
അവൾക്ക് പറയാൻ ഉള്ളത് എന്താണെന്ന ആകാംഷയിൽ അവൻ അവളിൽ തന്നെ ശ്രദ്ധയുറപ്പിച്ചു.
നിറഞ്ഞ മിഴികൾ അമർത്തി തുടച്ച് ചുറ്റും നോക്കി.
“നിങ്ങളെ എനിക്ക് വെറുക്കാൻ കഴിയില്ല.
ഇഷ്ടമായിരുന്നു…. ഒരുപാട്….
എന്നെങ്കിലും വൈശാഖിയിലേക്ക് തന്നെ മടങ്ങി വരുമെന്ന് കരുതി… ഒരുപാട് സന്തോഷം ഉണ്ട്… ഒരുപാട് നന്ദിയുണ്ട് എല്ലാത്തിനും….”
അവളുടെ ചുടുകണ്ണീർ അവന്റെ മനസിനെ ഒന്നുലച്ചു… അവന്റെ കൈയിൽ പിടിച്ചവൾ അവനെ നോക്കി.. നേർത്ത പുഞ്ചിരി വിടർത്തിയവൾ പറഞ്ഞു…
“നിങ്ങൾ ഉപേക്ഷിച്ചാലും ഞാൻ ഒറ്റക്കല്ല… ആ ഒരു സന്തോഷം ഉണ്ടാവും നിക്ക്, ജീവിതാവസാനം വരെ. നിക്ക് അത് മതി… അത് മാത്രം മതി… ഒരു വട്ടം തോറ്റു പോയി ഞാൻ… ഇനി ആർക്കു മുമ്പിലും വൈശാഖി തോൽക്കില്യ.”
അവന്റെ കൈയിലെ പിടി മുറുക്കിയവൾ ഉദരത്തിലേക്ക് ചേർത്തു വെച്ചു.
ഒന്ന് വിറച്ചു കൊണ്ടവൻ കൈകളെ പിൻവലിക്കാൻ ശ്രമം നടത്തി.
“”നിങ്ങളെന്നെ വേണ്ടാന്ന് വെച്ചാലും ഇത് മാത്രം മതി നിക്ക്.”
അവൾ പറയുന്നതൊന്നും മനസിലാകാതെ നിൽക്കുന്നവനെ നോക്കി പറഞ്ഞു…
“നമ്മുടെയാ….. ആവിയത്തെ ദ്രുപത് ആവിയന്റെ ര ക്തം. പറയാൻ ഒരവസരം കിട്ടില്യാ…. പിന്നെ പറഞ്ഞിട്ടും കാര്യമുണ്ടെന്ന് തോന്നിയില്ല.”
അവളവന്റെ കൈകളെ മോചിപ്പിച്ചു.
“വൈശാഖി ഒരിക്കലും ഇനി നിങ്ങടെ ജീവിതത്തിലേക്ക് കടന്നു വരില്യ… ഒരിക്കലും…”
അവന്റെ കൈകളിൽ അപ്പോഴും അവളുടെ ഉദരത്തിന്റെ നേർത്ത ചൂട് തങ്ങി നിൽക്കുന്നതായി തോന്നി.
നെഞ്ചിൽ കല്ലെടുത്തു വെച്ച അവസ്ഥ.
“ഞാനും ന്റെ കുട്ടിയും നിങ്ങക്ക് ഒരു ബാധ്യതയാവില്യ. ഒരിക്കലും…
അവകാശം പറഞ്ഞും വരില്യ…”
“നിങ്ങൾ പറഞ്ഞതെ നിക്കും പറയാൻ ഉള്ളു… ഒരിക്കലും തമ്മിൽ കാണാൻ ഇടവരാതെ ഇരിക്കട്ടെ.”
വെട്ടിതിരിഞ്ഞവൾ അകലുമ്പോൾ അവളെയും നോക്കി അവൻ ശ്വാസം എടുക്കാൻ പോലും മറന്ന് നിന്നു പോയി.
കയ്യിലെ ദ്രുപത് എന്നെഴുതിയ താലിയിൽ മുറുകെ കൈചേർത്തവൻ നിന്നു.
ആദിയുടെ നെഞ്ചിൽ ചേർന്നിരുന്നവൾ സങ്കടം ഒഴുക്കി തീർക്കുമ്പോൾ അവളെ സമാധാനിപ്പിക്കാനാവാതെ അവനും മൗനത്തെ കൂട്ടു പിടിച്ചു.
“”തുമ്പി കുട്ട്യേ….. ഇന്ന് തീരണം നിന്റെ സങ്കടം ഒക്കെ… എന്നും ഇങ്ങനെ കരഞ്ഞു ഇരിക്കാനാ നിന്റെ ഭാവം.””
അവനോട് ചേർന്നിരുന്നു വീട്ടിലേക്ക് തിരിക്കുമ്പോഴും ഉള്ളിലേ വേദന മറയ്ക്കാൻ പാടുപെടുകയായിരുന്നു അവൾ.
മുറിയിലെത്തി ഉള്ളിലേ വേദനയെല്ലാം ഒതുക്കിയവൾ തുമ്പിയിലേക്ക് മാറാൻ ശ്രെമിച്ചു. സ്വയമുരുകി മൗനത്തിന്റെ തടവറ തീർത്തപ്പോഴും ഉള്ളിലേ ജീവനെയും മറവിയിലേക്ക് നീക്കി.
മാസങ്ങൾ കടന്നുപോയപ്പോഴും അമ്മയിലേക്ക് മാറാൻ തുടങ്ങുകയായിരുന്നു അവളും.
ഇരുട്ടിലെ നിശബ്ദതയിൽ ജനലരികിലെ കാറ്റും കൊണ്ട് നിക്കുമ്പോൾ വലുതായി വരുന്ന വയറിൽ തലോടി, ജനിക്കാൻ പോവുന്ന ജീവനെ ഓർത്തുളള ചിന്തയിലായിരുന്നു അവൾ. അവളെ സാന്ത്വനിപ്പിക്കാനെന്നപോലെ ആ കുഞ്ഞു ജീവൻ ഒന്നനങ്ങി… ജീവിക്കാൻ തോന്നിച്ച പ്രതീക്ഷയാണ് നീ…. വയറിനെ തഴുകി കൊണ്ടവൾ മൊഴിഞ്ഞു.
Dr ഭാമയുടെ മുന്നിലിരിക്കുമ്പോൾ അവളുടെ ഉള്ളിലെ പരിഭ്രമം കൂടി വന്നു.
“”തീരുമാനം എന്തായി വൈശാഖി “”?
അടുത്തിരിക്കുന്ന ആദിയും ഡോക്ടർ ഭാമയും അവളുടെ തീരുമാനം അറിയാനായി അക്ഷമയോടെ ഇരുന്നു. കണ്ണടച്ചവൾ ശ്വാസം ഉള്ളിലേക്ക് വലിച്ചു വിട്ടുകൊണ്ടവൾ നിവർന്നിരുന്നു.
ശേഷം ഇരുവരെയും നോക്കി.
“അന്ന് പറഞ്ഞതെ എനിക്കിന്നും പറയാനുള്ളു. എന്റെ ജീവനേക്കാൾ ഞാനെന്റെ ഉള്ളിലേ ജീവന് വില കല്പ്പിക്കുന്നു..
ആകാശം ഇടിഞ്ഞു വീഴുകയാണെന്ന് പറഞ്ഞാൽ പോലും വൈശാഖിയുടെ തീരുമാനത്തിന് മാറ്റമുണ്ടാകില്ല.
ഇത്രയും കാലം ഞാൻ കൊണ്ട് നടന്നതല്ലേ… സ്നേഹിച്ചതല്ലേ… ജീവിക്കാൻ പ്രേരിപ്പിച്ചതല്ലേ…ന്റെ മാത്രം പ്രതീക്ഷയാ… നിക്ക് വേണം… അതിപ്പോ ന്തൊക്കെ സംഭവിച്ചാലും…”.
“നോക്കൂ… വൈശാഖി, താൻ ചെറുപ്പമാണ്. ഇനിയും ഒരുപാട് കാലം നീണ്ടു നിവർന്നു കിടക്കാ ജീവിതം. അപ്പൊ ഈ റിസ്ക് താൻ എടുക്കണോ?..
ഒന്നൂടെ ആലോചിക്കൂ.. 95 % കോംബ്ലിക്കേഷൻ ഉണ്ട് ഈ കേസിന്.
മുന്നത്തെ സ്കാനിംഗ് കഴിഞ്ഞപ്പോഴാണ് ഇത്രയും പ്രശ്നം കണ്ടത്. ഒന്നൂടി ആലോചിക്കൂ.”
നിറഞ്ഞ കണ്ണുകൾ വാശിയോടെ അമർത്തി തുടച്ചവൾ അവിടെ നിന്നും എഴുന്നേറ്റു.
“”മരിക്കണ്ട വന്നാൽ പോലും നിക്ക് സന്തോഷേ ഉള്ളു.. പക്ഷെ ന്റെ കുട്ട്യേ ഇല്യാണ്ടാക്കാൻ സമ്മതിക്കില്യ ഞാൻ.
അതിനെന്തെങ്കിലും സംഭവിച്ചാൽ പിന്നാരും ന്നെ ജീവനോടെ കാണില്യ.. സത്യം..
വൈശാഖിക്ക് മരണത്തെ പേടിയില്ല.. മരിക്കണ്ട വന്നാലും ന്റെ കുട്ടീനെ സുരക്ഷിതമായവരെ ഏൽപ്പിച്ചിട്ടെ ഞാൻ പോകൂ… ന്റെ തീരുമാനത്തിൽ ഒരു മാറ്റോം ഇല്യാ.. സമ്മതിക്കില്യ ഞാൻ…. സമ്മതിക്കില്യ.””
ദേഷ്യം കൊണ്ട് പുലമ്പുന്നവളെ കണ്ടു നിൽക്കാൻ കഴിയാതവൻ അവളെ ചേർത്തു പിടിച്ചു.
“”ഏട്ടാ… നമ്മുക്ക് പോവാം ഇവടന്ന്… ഇല്ലെങ്കിൽ നിക്ക് പ്രാന്ത് പിടിക്കും…
പോവാം…””
ഡോക്ടറെ നോക്കി കണ്ണുകൾ കൊണ്ട് യാത്ര ചോദിച്ചവൻ അവളെയും കൊണ്ട് ഇറങ്ങി. ഇരുവരും പോയവഴിയേ നോക്കി ഇരിക്കുമ്പോൾ അവർക്ക് അവളോട് സഹതാപം തോന്നിപ്പോയി.
“ഈശ്വരൻ അങ്ങനെയാണ്… പലരെയും സങ്കടത്തിലാക്കി വിധിയെന്ന പേര് ചാർത്തി കൊടുക്കുന്നവൻ “.
കാറിലിരുന്ന് പുറം കാഴ്ചകളിൽ മുഴുകുമ്പോഴും അവളുടെ കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു.
ഉള്ളിലാഞ്ഞടിക്കുന്ന തിരകളെ ശമിപ്പിക്കാൻ കഴിയാതെ കണ്ണുകൾ അടച്ചു കൊണ്ട് ചാരിയിരുന്നു.
വീട്ടിലെത്തിയതും മുറിയിൽ കയറി വാതിലടച്ചു അവൾ. നടന്നതെല്ലാം രശ്മിയോട് പറയുമ്പോൾ അവൻ സ്വാർത്ഥനായി പോയി.. അവളുടെ കാര്യത്തിൽ.
“”രെച്ചു ഞാൻ ന്താ ചെയ്യാ.. അവൾക്ക് വലുത് ആ കുഞ്ഞായിരിക്കാം… പക്ഷെ നമുക്ക് അവളുടെ ജീവനല്ലേ വലുത്.
നീ തുമ്പിയോട് ഒന്ന് സംസാരിച്ചു നോക്ക്..
നിക്ക് അവളാ വലുത്.. അവൾ മാത്രം..
അവൾടെ ജീവൻ വെച്ച് ഇതിന് കൂട്ടു നിക്കാൻ നിക്ക് പറ്റില്യ.””
“ആദിയേട്ടാ… അവളുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ, അവളമ്മയാണ്.. അവളതിനെ ജീവനെക്കാളേറെ സ്നേഹിക്കുന്നു.. പിന്നെ എങ്ങനെ സമ്മതിക്കും ഇതിന്. ഞാൻ സംസാരിച്ച് നോക്കാം പക്ഷെ തീരുമാനം അവളുടെയാ..അതിനെ തിരുത്താൻ ആർക്കും ആവില്യ. അവളെന്തു തീരുമാനിച്ചാലും ഞാൻ ഉണ്ടാവും തുമ്പിടെ കൂടെ.”
മുറിയിലെ ഇരുട്ടിനെ കൂട്ടുപിടിച്ചവൾ ഇരുന്നു…
“”തുമ്പി…..””
“ഏട്ടത്തിക്കും ആ ഡോക്ടർടെ അഭിപ്രായം ആണോ. ഏട്ടത്തിയും ന്നെ ഉപദേശിക്കാൻ വന്നതാ. ന്റെ തീരുമാനം മാറ്റണമെങ്കിൽ ഞാൻ മരിക്കണം.
സമ്മതിക്കില്ല ഞാൻ ഒരിക്കലും.. അതിപ്പോ ഞാൻ മരിക്കേണ്ട വന്നാലും സമ്മതിക്കില്യ.”
“”ഞാൻ അതിന് തുമ്പ്യെ ഉപദേശിക്കാൻ വന്നതാന്ന് ആരാ പറഞ്ഞേ.. ഞാൻ ഇണ്ടാവും എന്തിനും.. അവര് പറയണ പോലെ ഒന്നും ഇണ്ടാവില്യാന്നെ. സന്തോഷായി ഇരിക്ക്. ധൈര്യമായി ഇരിക്ക്. ഈശ്വരൻ ഒന്നും വരുത്തില്യ.””
രശ്മിയുടെ വാക്കുകൾ തുമ്പിയിൽ ആശ്വാസം പടർത്തി. മാസങ്ങൾ കടന്നുപോകുമ്പോഴും ഉള്ളിലേ ആധിയെ മറച്ചു കൊണ്ടവൾ തുമ്പിക്ക് കൂട്ടായ് ഉണ്ടായിരുന്നു.
ആദിയുടെ ഉള്ളിൽ തുമ്പിയുടെ ജീവനെ കുറിച്ചോർത്തുള്ള ഭയമായിരുന്നു.
കണ്ണാം തുമ്പി കഥ തുടർന്നു വായിക്കുവാൻ (അവസാന ഭാഗം)