വരും ജന്മങ്ങളിൽ
(രചന: ദയ ദക്ഷിണ)
“”ഒരാളോട് പ്രണയം തോന്നാൻ വല്യ കാരണമൊന്നും വേണ്ടാ അല്ലെ മീര…… “” കടലിലേക്ക് മിഴിയൂറപ്പിച്ച് നിസംഗമായി അഥർവ് ചോദിക്കുമ്പോൾ ഒരുവേളയവൾ അവനെ ഉറ്റുനോക്കി…..
“”എന്തേയിപ്പോ അങ്ങനെ തോന്നാൻ….?”” അത്രനേരവും തിരയെണ്ണിയ മിഴികളിൽ ആകാംക്ഷ നിഴലിച്ചിരുന്നു… ആദ്യമായാണ് അവന്റെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു ചോദ്യമെന്നവൾ ഓർത്തു….
ഓഫീസിലെ വിരസത മനം മടുപ്പിക്കുമ്പോൾ ഇടയ്ക്കുള്ളതാണീ ഒരുമിച്ചുള്ള നടത്തം….
സംസാരിക്കാനേറേയും തനിക്കായിരിക്കും….. അഥർവ് എന്നും ഒരു നല്ല കേൾവിക്കാരൻ മാത്രമാണ്…. ചുണ്ടിലൊളുപ്പിച്ച പുഞ്ചിരിയോടെ ഒപ്പം നടക്കുന്നവനെ ഇടയ്ക്കിടെ ഒളികണ്ണാൽ നോട്ടമേറിയുന്നതാണ് തന്റെ പ്രിയപ്പെട്ട വിനോദം….
ഒന്നും സംസാരിക്കാതെയാണെങ്കിലും ആളുടെ സാമീപ്യം നൽകുന്ന കുളിരിൽ ചുറ്റുമുള്ളതെല്ലാം വിസ്മരിക്കും……
താനും ആളും മാത്രമായി ലോകം ചുരുങ്ങി പോകും പോലെ….. ഇന്നവന്റെ നാവ് തനിക്കുനേരെ ചലിക്കുമ്പോൾ എന്താണെന്നറിയാനുള്ള വ്യഗ്രതയായിരുന്നു ഉള്ളു നിറയെ….
“”എന്തേയിപ്പോ അങ്ങനെ തോന്നാൻ…..?”””
“”ഹേയ് ഒന്നുല്ല ഞാൻ വെറുതെ….”””
നിറഞ്ഞു വന്ന കൗതുകത്തോടെ മറു ചോദ്യമയക്കുമ്പോൾ പാതിയിൽ നിർത്തിയ അവന്റെ ഉത്തരത്തിനും ഒപ്പമുണ്ടായിരുന്ന പുഞ്ചിരിക്കും അർഥങ്ങൾ പലതുണ്ടെന്ന് തോന്നി…..
അവയ്ക്കുള്ളിൽ ഒരായിരം കഥകൾ മറഞ്ഞിരിക്കും പോലെ…..
“”വെറുതെയൊന്നുമല്ല…. പറയടോ
ആരോടാ തനിക്ക് തോന്നി തുടങ്ങിയത്….?””
ഒരു ചെറു പുഞ്ചിരി എടുത്തണിഞ്ഞ് വർധിച്ചു വന്ന ഹൃദയമിടിപ്പോടെ വാക്കുകൾ മുറിയാതിരിക്കാൻ പാടുപെട്ടു കൊണ്ടുള്ള മീരയുടെ ചോദ്യം കേട്ടപ്പോൾ അവനിലെ ചിരി പെട്ടെന്ന് മാഞ്ഞു……. ഒരു തരം നിർവികാരത അവനെ പൊതിഞ്ഞു നിന്നു……
“”നമുക്കൊന്ന് നടന്നാലോ മീരാ…..””
കടലിനഭിമുഖമായുള്ള മര ബെഞ്ചിൽ നിന്നും എഴുന്നേറ്റു കൊണ്ട് പ്രതീക്ഷയോടാവൻ ചോദിക്കുമ്പോൾ എതിർക്കാൻ തോന്നിയില്ല…..
വീശിയടിക്കുന്ന തെക്കൻ കാറ്റിൽ ആടിയുലയുന്ന മുടിയിഴകളെ ചെവിക്കിടയിൽ ഉറക്കി കിടത്തി ഒരു കൈയാൽ ചുരിദാറിന്റെ ദുപ്പട്ടയൊന്ന് ഒതുക്കിപിടിച്ചവൾ കടലിനെ നോക്കികൊണ്ട് അവനൊപ്പം നടന്നു….
“”അറിയണോ തനിക്കവളെ പറ്റി….?””
കടലിന്റെ ശീൽക്കാരത്തെയും സഞ്ചാരികളുടെ കോലാഹലങ്ങളെയും ഭേദിച്ചുകൊണ്ടവന്റെ ആർദ്രമായ സ്വരം കാതുകളെ കീഴ്പ്പെടുത്തി…..
അറിയണമെന്ന രീതിയിൽ തല കുലുക്കുമ്പോഴും ഉള്ളിലെവിടെയോ ഒരു നോവ് മുള പൊട്ടി തുടങ്ങിയിരുന്നു…. ഹൃദയം തുളച്ചു കയറിയ ചോദ്യത്തിനുമുന്നിൽ ദേഹം തളരുന്നത് പോലെ….
എത്ര മറച്ചുപിടിക്കാൻ ശ്രമിച്ചിട്ടും കണ്ണുകൾ പെയ്യാൻ തിടുക്കം കൂട്ടുന്നുണ്ടായിരുന്നു…. എങ്കിലും ആ വെമ്പലിനെ അടക്കി നിർത്തി അവനായി കാതോർത്തു…..
“”കനിലക്ഷ്മി അതായിരുന്നു പേര്….””
അവനൊന്ന് നിർത്തിയപ്പോൾ. ആ പേരവൾ ഉരുവിട്ടുകൊണ്ടിരുന്നു…. ഒന്നും രണ്ടുമല്ല…. പലപ്രാവശ്യം…. വെറുതെ…. എന്തിനോ വേണ്ടി…..
ഹൃദയത്തിലൊരു നോവ് തടം കെട്ടുന്നതറിഞ്ഞിട്ടും പിന്നെയും പിന്നേയും അവളിൽ ആ പേരങ്ങനെ നിറഞ്ഞു നിന്നു….. ആ പേരിന്നോടെന്തോ അസൂയ തോന്നും വിധം….
“”പ്രണയമായിരുന്നോ അവളോട്… എങ്ങനെയാ പരിചയം… കണ്ടിട്ടുണ്ടോ സുന്ദരിയാണോ?””
ഒരായിരം ചോദ്യങ്ങളാൽ അവനെ വരിഞ്ഞു മുറുക്കുമ്പോൾ ഹൃദയത്തിലെ പിടപ്പിന്റെയാഴം കൂടി വന്നുകൊണ്ടിരുന്നു….
നിശ്വാസത്തിനു പോലും ഇട നൽകാതെ ചോദ്യമെറിയുന്നവളെ ഒരു കുഞ്ഞിനെയെന്ന പോലെ നോക്കി കാണുകയായിരുന്നു അഥർവും…..
“”പ്രണയമാണോ എന്നുചോദിച്ചാൽ സംശയമാവും…. പ്രാണനായിരുന്നു…. മറ്റാർക്കും പകരം വയ്ക്കാനാവാത്തവൾ…..”””
ഇത് പറഞ്ഞു നിർത്തിയപ്പോൾ അവന്റെ കണ്ണുകൾ വല്ലാതെ തിളങ്ങി….. ചൊടിയിണകൾക്ക് വല്ലാത്ത ചന്തമുണ്ടായിരുന്നു…..
ദൂരെയെങ്ങോ നോക്കി നിൽപാണെങ്കിലും മനസുകൊണ്ടവൻ കനിയെ തേടി പോകുകയാണെന്ന് തോന്നി…. ഇടയ്ക്കിടെ ചിമ്മി തുറക്കുന്ന കണ്ണുകൾ എന്തോ ഒളിപ്പിക്കും പോലെ…..
ഇത്ര കാലത്തെ സൗഹൃദത്തിനിടയിൽ അഥർവിന്റെ ഈ ഭാവം മീരക്ക് പുതുമയുള്ളതായിരുന്നു……. നോക്കി നിന്നുപോയി…. വീണ്ടും കാതുകൾ അവനെ തേടി ചെന്നുകൊണ്ടിരുന്നു….
“”പരിചയമെങ്ങനെയെന്ന് അറിഞ്ഞാൽ ചിലപ്പോ മീര ചിരിക്കും.. അങ്ങനൊരാളോട് ഇത്രയും കാലമായിട്ടും വേരറുത്ത് മാറ്റാനാവാത്ത വിധം ഇഷ്ട്ടം തോന്നുന്നതെങ്ങനെയെന്ന് അത്ഭുതപ്പെടാം…
പക്ഷെ എനിക്കന്നൂമിന്നും അവളോട് പ്രണയം മാത്രമേയുള്ളു….”””
അഥർവ് പറയുമ്പോൾ അവനെ കേട്ടിരുന്നു….. ഇത്രയും കാലം ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിക്ക് ഇന്നാദ്യമായി പ്രണയ ഭാവം കയ് വന്നപോലെ…..
“”തനിക്കറിയാല്ലോ എനിക്കിച്ചിരി എഴുത്തിന്റെ അസുഖമുണ്ടായിരുന്നു എന്ന്…..””
അത് കേട്ടപ്പോൾ അവളും ഓർമകളെയൊന്ന് ചികഞ്ഞു…. ശരിയാണ്…. സ്ഥിരം കയ്മാറുന്ന പുഞ്ചിരികൾ വിശേഷം തിരക്കലിലേക്ക് വഴിമാറിയപ്പോൾ….. പിന്നെയെന്നോ കൂടെയിരുന്നു ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോൾ…..ഒന്നിച്ചുള്ള സവാരികൾ പതിവായപ്പോൾ…..
ഏതോ ഒരു വിശ്രമ വേളയിൽ അവന്റെ എഴുത്തിനോടുള്ള കമ്പത്തേക്കുറിച്ച് വാചാലനായിട്ടുണ്ട് …. ഒളിപ്പിച്ചു വച്ചിരുന്നവയൊക്കെയും തന്റെ വാശിക്കുമേൽ തുറന്നു കാട്ടിയിട്ടുമുണ്ട്… എല്ലാം. ഒന്നിനൊന്നു മനോഹരമായ കവിതകൾ….
പ്രണയമായിരുന്നു എല്ലാത്തിലും…. ഇടയ്ക്കിടെ പ്രണയ നഷ്ട്ടവും പറയാതെ പോയ പ്രണയവുമൊക്കെ അതിൽ വിരുന്നു കാരായി ….. ഏതോ ഓർമയുടെ ബാക്കി പത്രമെന്ന പോലെ അവളൊന്നു പുഞ്ചിരിച്ചു….
“”ആ എഴുത്തായിരുന്നോ പ്രണയത്തിന്റെ കാരണം…?”””
“”അങ്ങനെയും പറയാം…. എന്റെ കവിതകളുടെ ആരാധികയായിരുന്നവൾ…. ഓരോ തവണ എഴുതുമ്പോഴും മറ്റാരും നൽകാത്ത അത്ര മനോഹരമായി മറു കുറിപ്പുകൾ തന്നവൾ…
ആദ്യമൊന്നും കാര്യമാക്കിയില്ല… ഒന്നോ രണ്ടോ വരികളിൽ എന്റെ മറുപടി നൽകി…. പിന്നെ പിന്നെ എന്നും ആ കുറിപ്പുകൾക്ക് കാത്തിരിപ്പായി…..
അത്രമേൽ പ്രണയാർദ്രമായി അവളെഴുതുന്ന വരികളിൽ ആരെയോ തേടുന്ന പോലെ….എന്റ എഴുതുകളെല്ലാം അവളുടെ കുറിപ്പിനായി മാത്രമാണോ എന്നുപോലും തോന്നി തുടങ്ങിയിരുന്നു….
അവളുടെ പേരിനെ തിരഞ്ഞിറങ്ങൽ പതിവായി……. കണ്ടില്ലെങ്കിൽ ഒരു നിരാശ പടരും…..അതിനിടയിലെപ്പഴോ അവളുടെ പ്രൊഫൈലിലേക്ക് റിക്വസ്റ്റ് ഇട്ടു…. പിന്നെയൊരു കൗതുകത്തിന് മെസ്സേജ് അയച്ചു തുടങ്ങി….
ആദ്യമൊക്കെ അടുപ്പം കാണിക്കാതിരുന്നവൾ എപ്പഴോ വാതോരാതെ സംസാരിച്ചു തുടങ്ങി…. അവളുടെ കുറുമ്പുകൾ…. ആഗ്രഹങ്ങൾ….. എന്നുവേണ്ട ഓരോ നിമിഷവും നടക്കുന്ന കാര്യങ്ങൾ പോലും എന്നോട് പങ്കുവെച്ചു തുടങ്ങി……
ആദ്യമുണ്ടായിരുന്ന കൗതുകതിനപ്പുറം മറ്റാരോടും തോന്നാത്തൊരു പ്രത്യേക സ്നേഹം അവളിലേക്കെന്നെ കൂടുതൽ അടുപ്പിച്ചു…. പതിയെ പതിയെ അവൾക്ക് ഞാൻ ആദിയും എനിക്കവൾ ലച്ചുവുമായി …..
മൗനത്തിനിത്രമേൽ നോവുണ്ടെന്നറിഞ്ഞത് അവളുടെ പിണക്കത്തിലൂടെയായിരുന്നു…… ഇത്തിരി പിണക്കവും അതിലേറെ മധുരമുള്ള ഇണക്കങ്ങളുമായി മറ്റാർക്കും കടന്നുവരാൻ അനുവാദമില്ലാത്ത ലോകം….
അതിനിടയിൽ എന്നോ ഒരിക്കൽ അവളുടെ അക്കൗണ്ടിലേക്ക് കണ്ണ് പാഞ്ഞപ്പോൾ വല്ലാതെയമ്പരന്നു…. അവളെഴുതിയ ഓരോ വരികളിലും പ്രണയം സ്ഫുരിക്കുന്നുണ്ടായിരുന്നു….. അത്രമേൽ പ്രണയം തുളുമ്പുന്ന ആ സൃഷ്ട്ടികളോട് വല്ലാത്ത ഇഷ്ട്ടം തോന്നി പോയി…..
ഇടയിലെപ്പഴോ കുറച്ചുനാൾ കാണാതായപ്പോൾ ഒരുതരം ശൂന്യതയായിരുന്നു മനസ്സിൽ…. അവളില്ലാതെ പറ്റില്ലെന്നോരു തോന്നൽ….
ഒരു നിമിഷം പോലും ചിന്തിക്കാൻ വയ്യാത്തത്ര ആഴത്തിൽ ആ പെണ്ണെന്നിൽ വെരുറപ്പിച്ചെന്ന് തോന്നി….ഹൃദയം മിടിക്കാൻ മടിക്കും പോലെ…. ദിവസങ്ങൾക്കു വേഗതയില്ലെന്ന് തോന്നി…. നിമിഷങ്ങൾക്ക് പോലും മണിക്കൂറുകളുടെ ദൈർഘ്യമുണ്ടെന്ന് തോന്നി…..
അവളോടുള്ള സ്നേഹത്തിന് സൗഹൃദത്തിൽ കവിഞ്ഞൊരു അർത്ഥമുണ്ടെന്നു ഹൃദയം മൊഴിഞ്ഞു കൊണ്ടേയിരുന്നു…. പ്രണയമാണോയെന്ന് പലയാവർത്തി ചോദിച്ചപ്പോഴും മനസ് സമ്മതം മൂളിക്കൊണ്ടിരുന്നു….
നാളുകൾക്കു ശേഷം തിരിച്ചു വന്നപ്പോൾ ഹൃദയത്തിൽ താഴിട്ടുപൂട്ടിയ…… അരുതെന്നൊരായിരം വട്ടം വിലക്കിയ എന്നിലെ പ്രണയം നിറഞ്ഞു കവിയുന്നതറിഞ്ഞു…. ഉറങ്ങാൻ മറന്ന രാത്രികളുണ്ട്….
എത്രയോ പകലുകൾ അവളെ മാത്രം ചുറ്റി ദിവസങ്ങൾ കടന്നുപോയിട്ടുണ്ട്…. ഉള്ളിനുള്ളിൽ കുഴിച്ചുമൂടാൻ തോന്നുമ്പോഴൊക്കെയും എന്റെ മനസിലെന്നോ കൂടുകൂട്ടിയ…. ഞാൻ സങ്കല്പിച്ച അവളുടെ മുഖം തെളിഞ്ഞു വരും….
ഒടുക്കം നാളുകളായി ഒളിപ്പിച്ച പ്രണയത്തെ അവൾക്കു മുന്നിൽ തുറന്നുകാട്ടിയത് ഒരു ചോദ്യത്തിലൂടായിരുന്നു…..അങ്ങനൊരു ചോദ്യമെന്നിൽ ഉടലെടുക്കാൻ അവളുടെ എഴുത്തുകളും ഒരു കാരണമായിരുന്നു….
“”ലച്ചു നിനക്ക് പ്രണയമുണ്ടോ? ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ….””
ഒരു ചിരിയായിരുന്നു മറുപടി…. ഇല്ലെന്ന് പറഞ്ഞപ്പോൾ നെഞ്ചിൽ നിറഞ്ഞ ഭാരം ഒഴിഞ്ഞു പോയി…..
ദിവസങ്ങൾ കടന്നുപോയപ്പോൾ ഉള്ളിൽ നിറഞ്ഞ പ്രണയത്തെ നെഞ്ചിടിപ്പോടെ അവൾക്കുമുന്നിൽ തുറന്നു കാട്ടുമ്പോൾ ഒന്ന് മാത്രമായിരുന്നു അപേക്ഷ….”””എന്നെ വിട്ടുപോകരുത്…. “”” എന്ന് മാത്രം…..
ഒന്നും പറഞ്ഞില്ലവൾ…. ഇഷ്ട്ടമാണെന്നോ…. അല്ലെന്നോ…. ഒന്നും…
പക്ഷെ ദിവസമെറും തോറും അവളോടുള്ള പ്രണയത്തിന് മാറ്റെറിക്കൊണ്ടിരുന്നു….അവളിൽ നിന്നൊരു മടക്കം സാധ്യമല്ലാത്ത വിധം….. ഒന്നിനും പിഴുതെറിയാൻ വയ്യാത്ത വണ്ണം അവളെന്നിൽ നിറഞ്ഞു നിന്നു….
“”ഞൻ ആരാണെന്നറിയുവോ എന്താണെന്നറിയുവോ….?””
ഇടയ്ക്കെപ്പഴോ ചോദ്യങ്ങളാൽ അവൾ വീർപ്പുമുട്ടിച്ചപ്പോൾ എന്റ കയ്യിൽ ഒരുത്തരം മാത്രമേ ഉള്ളായിരുന്നു…
“” നിന്നെയെനിക്കിഷ്ട്ടമാണ്……ഒരുപാട് ഒരുപാട്….. “”
“”ഒരിക്കൽ പോലും കാണാത്തവളെ എങ്ങനയിത്ര ആത്മാർത്ഥമായി പ്രണയിക്കാൻ ആവുന്നു….??””
“”അങ്ങനെയത്രയോ ആൾക്കാരെ കണ്ടിരിക്കുന്നു എന്നിട്ടും ഇതുപോലൊരു ഇഷ്ട്ടം തോന്നിയില്ലല്ലോ…..””
മറുചോദ്യത്താൽ അവളെ നിശബ്ദയാക്കുമ്പോൾ എന്റെ പ്രണയത്തിനായിരുന്നു മുൻതൂക്കം….
ഒരിക്കലുമവൾ ഇഷ്ട്ടമാണെന്ന് പറഞ്ഞിട്ടില്ല…. ഓരോ പഴുതുകൾ സൃഷ്ടിച്ച് എന്നിലെ പ്രണയത്തെ കുഴിച്ചുമൂടാൻ പ്രേരിപ്പിച്ചപ്പോഴും കൂടുതൽ ആഴത്തിൽ അവളെന്നിൽ പതിഞ്ഞു കൊണ്ടിരുന്നു…..കാരണങ്ങൾ നിരത്താനാവാതെ അവളെ കൂടുതൽ കൂടുതൽ പ്രണയിച്ചുകൊണ്ടേയിരുന്നു..
ഒടുക്കം….. സാഹചര്യങ്ങളുടെ വേലിക്കെട്ടുകളിൽ ആ ഇഷ്ട്ടത്തെ വാക്കാൽ മുറിച്ചു മാറ്റുമ്പഴും ഉള്ളിലെ പ്രണയമെന്ന നിർവചനത്തിന് മറ്റൊരു മുഖം ഇല്ലായിരുന്നു….. അവളല്ലാതെ…..
കൂടെകൂട്ടാൻ കൊതിയുണ്ടായിട്ടും പ്രണയത്തിനുമേൽ പട്ടിണി വില്ലനായപ്പോഴും പരാതിയൊന്നുമില്ലായിരുന്നവൾക്ക്….. എന്നോ അവളുമെന്നേ സ്നേഹിച്ചിരുന്നെന്ന് തോന്നിപോയി…..
മനുഷ്യനെ മോഹിപ്പിക്കാനും മുറിവേൽപ്പിക്കാനും സ്നേഹത്തോളം സാധ്യമാവുന്ന മറ്റൊന്നുമില്ലല്ലോ ഭൂമിയിൽ ….. ആശിപ്പിച്ചിട്ടോടുക്കം അകന്നുമാറേണ്ടി വരുന്നതിന്റെ വേദന അത്രമേൽ ഭീകരമല്ലേ…. അവിടെയും അവളെന്നെ തോൽപ്പിച്ചു….
“”വെറുക്കുമോ'”” എന്ന ചോദ്യത്തിന് മുന്നിൽ അതിനെനിക്ക് കഴിയുമോ എന്നവളുടെ മറുപടിയിൽ ഞാൻ വല്ലാതെ ചെറുതായി പോയി….. പലപോഴും ഇതേ ചോദ്യം ആവർത്തിച്ചപ്പോഴും മറുപടിയൊന്നു തന്നെ…..
ഇനി എപ്പഴെങ്കിലും ഇതുപോലൊരാൾ പ്രണയം പറഞ്ഞാൽ വിശ്വസിക്കാതിരിക്കാൻ അല്ലെങ്കിൽ സ്വീകരിക്കാതിരിക്കാൻ ഞാനൊരു കാരണമാവരുത് എന്ന ചിന്തയായിരുന്നു എന്നെയാ ചോദ്യത്തിൽ കൊണ്ട് നിർത്തിയത്……
ഒടുവിൽ ജീവിതത്തോണി കരയ്ക്കടുപ്പിക്കാൻ തൊഴിലു തേടി ഞാൻ നാട് കടന്നപ്പോൾ നഷ്ട്ടങ്ങളുടെ കൂട്ടത്തിൽ ആദ്യ സ്ഥാനം അവൾക്കായിരുന്നു…. എന്റെ ലച്ചുവിന്…..
ഒരു ദീർഘ നിശ്വാസത്തോടെ അവൻ പറഞ്ഞു നിർത്തുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു …. ഒപ്പം മീരയുടെയും….. ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസ്സിൽ ബാക്കിയായിരുന്നു….. അഥർവ് ഓക്കേ ആയെന്ന് കണ്ടപ്പോൾ വെറുതെയൊന്ന് ചോദിച്ചു…..
“”ഇപ്പഴും ഇഷ്ടമാണോ അവളെ?””
ആ ചോദ്യത്തിന്റെ മറുപടിയറിയാനവൾക്ക് ആകാംക്ഷയെറിയിരുന്നു….. കാറ്റിൽ നൃത്തമാടുന്ന അവളുടെ കുഞ്ഞു ജിമിക്കിയും മൂക്കിൻ തുമ്പിലെ ഒറ്റ നക്ഷത്രവും അവന്റെ ഉത്തരത്തിനായി കാതോർക്കും പോലെ……
“”എപ്പഴും ആണല്ലോ….. “”
നിമിഷങ്ങൾക്കിപ്പുറം അവൻ മറുപടി പറയുമ്പോൾ അവളുടെ ഹൃദയം നിലച്ചു പോവും പോലെ തോന്നി…. ഒരുവേള കനീയെന്ന പെണ്ണിനോട് വല്ലാത്ത അസൂയ തോന്നിപോയി… അവളായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോയി…..
“”മറ്റൊരാളെ ഇനിയൊരിക്കലും കൂടെ കൂട്ടില്ലെന്നാണോ?”””
അവസാനത്തെ പിടിവള്ളിയെന്നപോലെ അവനെ ഉറ്റുനോക്കുമ്പോൾ തൊണ്ടക്കുഴിയിൽ ഒരു ഗദ് ഗദം തളം നിന്നിരുന്നു…..
“””എനിക്കതിനു കഴിയുമെന്ന് തോന്നുന്നില്ല മീര…. ഒരിക്കലും…. എന്നിൽ നിന്നെന്നോ പടിയിറങ്ങിയ ചിരി തിരിച്ചു നൽകിയവളായിരുന്നു….. എല്ലാ സങ്കടത്തിലും വിളിപ്പാടകലെയുണ്ടായിരുന്നു…. ഇന്ന്…. ഈ നിമിഷം വരെ അവളോളം ആരുമെന്റെ ഹൃദയം കീഴടക്കിയിട്ടില്ല….
ആ പഴയ എന്നെ മറന്നു വച്ചത് അവളിലാണ്….. മറ്റാർക്കും ആ മുറിവ് നിക്കത്താനാവില്ല….തനിക്കറിയുവോ…. ഓരോ ആൾക്കൂട്ടത്തിലും ഞനിന്നും അവളെ തിരയാറുണ്ട്……
എന്നെങ്കിലും കണ്ടു കിട്ടുമെങ്കിൽ എനിക്കവളെ കൂടെ വിളിക്കണം…..””
പറഞ്ഞവസാനിപ്പിച്ചവൻ കണ്ണ് തുടയ്ക്കുമ്പോൾ അവളിലെന്നോ നാമ്പിട്ട പ്രണയ മുകുളങ്ങൾക്കുമേൽ കനൽ പതിച്ചു…..
തുറന്നു പറയാൻ അവസരമൊരുങ്ങിയിട്ടും എന്ത് കരുതുമെന്ന പേടിയോടെ കാല് പിൻവലിച്ചിട്ടുണ്ട്…. അതിപ്പോൾ നന്നായെന്ന് തോന്നി… പറഞ്ഞിരുന്നെങ്കിൽ അവന്റെ അവഗണന താങ്ങാൻ പറ്റിയെന്നു വരില്ല….
പിന്നെയുമേറെ നേരം അവിടെ തന്നെ നിന്നു…. കടലിനെ നോക്കികൊണ്ട്….. കരയെ ചുംബിക്കുന്ന തിരകളെ വെറുതെ നോക്കി നിന്നു…. അപ്പഴും ഇരുവരിലും നിറഞ്ഞത് ഒരു പേരായിരുന്നു…. കനി ലക്ഷ്മി….
ഒരുവനിൽ അവളെ കുറിച്ചുള്ള ഓർമകളെങ്കിൽ അടുത്തയാളിൽ അവളെന്ന പെണ്ണിനെ കുറിച്ച് അൽഭുതമായിരുന്നു…. ഇത്രമേലാഴത്തിൽ ഒരാൾക്ക് മറ്റൊരാളുടെ ഹൃദയത്തിൽ കുടിയേറി പാർക്കാനാവുമോ….
അതും കാലമിത്ര കഴിഞ്ഞിട്ടും… പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് ചില മനുഷ്യർ……കാലം കടന്നുപോയാലും അവരുടെ ഓർമകളിൽ നമ്മെയെങ്ങനെ തളച്ചിടും……
കാൽപാദങ്ങളെ പുണർന്നു തിരികെ പോകുന്ന തിരകളെ നോക്കി പിന്നെയുമവർ വെറുതെയവിടെ നിന്നു…. കടലിന്റെ ആഴങ്ങളിലേക്ക് നോട്ടമയക്കുമ്പോൾ മീര ഓർക്കുകയായിരുന്നു അവളിൽ നിറഞ്ഞു തൂവുന്ന പ്രണയത്തെക്കുറിച്ച്….
ഒരുവേള അതും ഈ തിരകളെ പോലെയാണെന്ന് തോന്നിപ്പോയി….ഒരായിരം വട്ടം തേടിവന്നിട്ടും കരയെ സ്വന്തമാക്കാനാവാതെ തിരികെ മടങ്ങുന്ന തിരമാലകളെ പോലെ….
എന്നിട്ടും അവ കരയെ പുണരാൻ മടിക്കുന്നില്ലല്ലോ… വിട്ടുപോകണമെന്നറിഞ്ഞിട്ടും പ്രണയിക്കുന്നില്ലേ……
സ്വന്തമാക്കണമെന്ന വാശിയില്ലല്ലോ…. എന്നെങ്കിലും സ്വന്തമാവുമെന്ന പ്രതീക്ഷ മാത്രം…… ഇനിയഥവാ തന്റെതായില്ലെങ്കിലും ഉള്ളിലെ പ്രണയത്തിന് മാറ്റമൊന്നുമില്ലല്ലോ……
അന്നവർ അവിടെ നിന്നും മടങ്ങുമ്പോൾ ഭൂമിയെ വിരഹിണിയാക്കി സൂര്യനും കടലിൽ മുത്തമിട്ടിരുന്നു….. ഒരുമിച്ച് നടക്കുമ്പോൾ രണ്ടാളും മൗനത്താൽ പോരടിക്കുകയായിരുന്നു…. ഇരുൾ വീണു തുടങ്ങിയിരുന്നു…..
മാനത്ത് കിളികൾ കൂടണയാൻ വെമ്പുന്ന തിരക്കിലാണ്……. മണൽത്തരികളെ മുറിവേൽപ്പിച്ച് കാറിനടുത്തേക്ക് പോകുമ്പോൾ വല്ലാത്ത ശൂന്യതയായിരുന്നു ഉള്ളു നിറയെ…
പലതും പരസ്പരം ചോദിക്കാനുണ്ടായിട്ടും മൂകതയുടെ മതിൽകെട്ടിനീരുവശത്തായി രണ്ടു ജീവിതങ്ങൾ…… ഒരേ തോണിയിലെ ഇരു ദിശയിലെ യാത്രക്കാരെന്ന പോലെ…..
“””മനുഷ്യരുടെ ഹൃദയം പലപ്പോഴും കസ്തൂരി മാനീനെ പോലെയാണല്ലേ അഥർവ്….?”””
“”അതെന്താടോ അങ്ങനൊരുപമ…. തനിക്ക് കഥയെഴുതാൻ വല്ല പ്ലാനും ഉണ്ടോ….?? എന്തായാലും കൊള്ളാം. കണ്ണിൽ പകർത്തി വച്ചു കൊണ്ടവൻ ചോദിക്കുമ്പോൾ അവൾടെ മിഴികളും അവനിൽ തറഞ്ഞു നിൽപ്പായിരുന്നു….
“”ഈ ജീവിതം തന്നൊരു കഥയല്ലെടോ…. നമ്മളൊക്കെ അതിലെ കഥാപാത്രങ്ങളും…. ‘”കാലമൊടും തോറും മാറുന്ന കഥാപാത്രങ്ങൾ…..””
താൻ കാര്യം പറയടോ എന്തിനാ ഈ മുഖവുരയോക്കെ….??
ചുറ്റുമുള്ള സ്നേഹം കാണാതെ സ്നേഹതിനു വേണ്ടി തിരയുകയല്ലേ നാം… ഒന്ന് വെറുതെ കണ്ണോടിച്ച മനസിലാവും നമ്മെ സ്നേഹിക്കുന്നവരും നമ്മടെ സ്നേഹം കൊതിക്കുന്നവരും ഒപ്പം തന്നുണ്ട് എന്ന്…. ഒരു നിഴൽ പോലെ…..
ഇപ്പൊ ഇങ്ങനൊക്കെ പറയാനെന്താ കാരണം…..?
””കയ്യെത്തും ദൂരത്തോരാൾ തന്റെ പ്രണയത്തിനായി കൊതിക്കുന്നുണ്ടെങ്കിലോ അഥർവ്?”””
“”മീരയുടെ ചോദ്യം കേട്ടപ്പോൾ ആരെന്ന രീതിയിലവൻ പുരികം ചുളിച്ചു….. ‘”
അവന്റെ ഭാവം കണ്ടിട്ടും ഏറെ നേരമവൾ അവനോടൊന്നും പറഞ്ഞില്ല……
“””ചേർത്ത് നിർത്താൻ കഴിയാതെ പോയവരെ കുറിച്ചോർത്ത് നമ്മോട് ചേർന്ന് നിൽക്കാൻ കൊതിക്കുന്നവരെ കണ്ടില്ലെന്ന് നടിക്കരുതെടോ…. നമ്മുടെയൊരു നോട്ടത്തിനു വേണ്ടി വേണ്ടി തപസ്സിരിക്കുന്നവരുണ്ടാവും…. ഒന്ന് കണ്ണ് തുറന്ന് നോക്കിയാൽ മതി……””
അവസാനം ഹോസ്റ്റലിനു മുന്നിൽ വണ്ടി നിർത്തിയപ്പോൾ കാറിൽ നിന്നിറങ്ങി ചില്ലു ഗ്ലാസിനരികിൽ വന്നു നിന്നൊരു വരണ്ട ചിരിയോടെ ഇത്രയും പറഞ്ഞു കൊണ്ട് നടന്നകലുന്നവളെ നോക്കിയിരുന്നു പോയി….
മീര പറഞ്ഞതിന്റെ പൊരുൾ തേടുകയായിരുന്നു മനസ്…. അപ്പോഴും അവളുടെ ഹൃദയത്തിലെ ഇഷ്ടത്തിന് തെല്ലും ചന്തം ചോർന്നിരുന്നില്ല………
രണ്ടു വർഷങ്ങൾക്കിപ്പുറമൊരു സായാഹ്നം……
മര ബെഞ്ചിലെ രണ്ടറ്റങ്ങളിലായി ഇരുവരും സ്ഥാനം പിടിച്ചിരിക്കുന്നു… പരസ്പരം ഒന്നും മിണ്ടാതെ കടന്നുപോയ നിമിഷങ്ങൾ…. വീശിയടിക്കുന്ന കാറ്റിനോപ്പം ഇളകിയാടുന്ന അവളുടെ മുടിയിഴകളിലേക്കവൻ വെറുതെ നോക്കി നിന്നു….
മൗനം വാചാലമാവുന്ന നേരം…. അവളും ഇടയ്ക്കിടെയവനെ കുസൃതി ചിരിയോടെ ഒളിഞ്ഞു നോക്കുന്നുണ്ട്… പണ്ടുണ്ടായിരുന്ന അതെ വിനോദം ഇപ്പഴും തുടരുന്നു…… ഇരുവർക്കും സാക്ഷിയായി സാഗരവും…..
“”എന്താ വരാൻ പറഞ്ഞത്?””
ഏറെ നേരത്തെ നിശബ്ദതയെ നോവിച്ചുകൊണ്ട് അവളുടെ സ്വരം…..
“”എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു…..””
വീണ്ടും മൗനം ഭവിച്ചുകൊണ്ടവൾ അനുവാദം നൽകുമ്പോൾ ഇരു ദിശയിലായിരുന്ന കൈകൾ ഒരെ ദിശ തേടി വന്നു…. അവളുടെ ഇടം കയ്യിൽ അവന്റെ വലം കയ്യ് കൊരുത്തു….
അവൾ ഞെട്ടിപ്പിടഞ്ഞവനെ നോക്കി… അപ്പഴും പതിവ് മുഖഭാവം തന്നെ ശാന്തമായവൻ കടലിലേക്ക് കണ്ണേറിയുന്നു…… നിമിഷമെറും തോറും കോരുത്ത് പിടിച്ച കയ്യ്കളുടെ മുറുക്കം എറി വന്നു….
“”താൻ ഒരിക്കെ പറഞ്ഞില്ലേ ചേർന്ന് നിൽക്കാൻ കൊതിക്കുന്നവരെ ചേർത് നിർത്തണമെന്ന്….. അന്നതിന്റെ പൊരുളെനിക്ക് അറിയില്ലാരുന്നു….. പകഷെ താൻ പറഞ്ഞപോലെ കണ്ണ് തുറന്നൊന്നു നോക്കിയപ്പോൾ മനസിലായി കരുതലിനു കൊതിക്കുന്ന മനുഷ്യരെ….. “””
പെട്ടെന്നവൾ അവനെ തന്നെ ഉറ്റു നോക്കി…..
‘”””അറിയാം ഈ നോട്ടത്തിന്റെ അർത്ഥം…. രണ്ടു വർഷം വേണ്ടി വന്നോ അത് മനസിലാക്കാൻ എന്നല്ലേ….. വേണ്ടി വന്നു മീര…. പഴയ എന്നെയൊന്നു ദഹിപ്പിക്കാൻ….
ചില മനുഷ്യർ അങ്ങനെയല്ലേ അകന്നുപോയാലും ഓർമകൾ കൊണ്ടെന്നും നമ്മെ വീർപ്പു മുട്ടിക്കും…… ഒപ്പമുണ്ടെന്ന് തോന്നിക്കും….. മറ്റാർക്കും കടന്നു വരാൻ കഴിയാത്ത വിധം ഹൃദയത്തിന്റെ വാതിലങ്ങടയ്ക്കും…… ലച്ചുവിനെ മറക്കുകയെന്നത് അത്രയേളുപ്പമല്ലായിരുന്നു….
എന്നിരുന്നാലും താനന്ന് പറഞ്ഞതെന്റെ ഹൃദയത്തിലെവിടെയോ മുറിവ് തീർത്തിരുന്നു.. ഈ രണ്ടു വർഷക്കാലം ഒരേ കുടക്കീഴിലുണ്ടായിട്ടും അപരിചിതനായി നടന്നത് അതിനു വേണ്ടിയായിരുന്നു…. ഒരുപക്ഷെ തന്റെയിഷ്ട്ടം മറന്നുകാണുമോ എന്നും തോന്നി പോയി….””””
“”ഇല്ല അതൊരിക്കലും സംഭവിക്കില്ല അധർവ്…. തന്നെയെന്നോ ഹൃദയത്തിൽ സൂക്ഷിച്ചതാണ് ഞാൻ…. പറിച്ചെറിഞ്ഞിട്ടില്ല ഇന്നി നിമിഷം വരെ…. പറയണമെന്ന് പലവട്ടം തോന്നിയിരുന്നതാണ്… പറ്റിയില്ല….
ലച്ചുവിനെ കുറിച്ച് കേട്ടപ്പോൾ പൂർണമായും വേണ്ടെന്ന് തോന്നി.. പക്ഷെ മറക്കാൻ എനിക്കാവില്ലായിരുന്നു…. ആഗ്രഹിക്കുന്നതെന്തും സ്വന്തമാവണമെന്ന് വാശിപിടിക്കരുതല്ലോ….'””””
പറഞ്ഞു നിർത്തുമ്പോൾ തൊണ്ടക്കുഴിയിലൊരു നോവ് തടം കെട്ടിയിരുന്നു…. ശ്വാസം വിലങ്ങും പോലെ…..
“””എന്നാൽ ഇനി വാശിപിടിച്ചോളൂ…. തന്നെ ഈ ജന്മം മുഴുവൻ ചേർത്ത് നിർത്താൻ തന്നെയാണ് തീരുമാനം…..”””
ബെഞ്ചിൽ നിന്ന് എഴുന്നേറ്റുകൊണ്ട് അവൾക്കു നേരെ കയ്യ് നീട്ടുമ്പോൾ കണ്ണുനീർ കാഴ്ചയെ മറച്ചു തുടങ്ങിയിരുന്നു….. കണ്ണീരിനിടയിലും പുഞ്ചിരിച്ചുകൊണ്ടവൾ അവന്റെ കയ്യിൽ മറു കൈ ചേർക്കുമ്പോൾ കൈവിടാതെ കാക്കാമെന്ന ഉറപ്പുകൂടി ഉണ്ടായിരുന്നു അതിൽ….
മീരയെ നെഞ്ചോട് ചേർത്തുകൊണ്ട് ആ സൂര്യാസ്തമയം ഒരുമിച്ചാസ്വദിക്കുമ്പോൾ ഇനിയുള്ള പുലരികളൊക്കെയും അവർക്കുള്ളതാണെന്ന് പറയാതെ പറയുകയായിരുന്നു……
ജീവിതം പലപ്പോഴും ഇങ്ങനെയാണ്….അത്രമേൽ ആഗ്രഹിക്കുന്നതെല്ലാം തട്ടി എറിഞ്ഞു കൊണ്ട് പുതിയതിനെ നീട്ടും….
കയ്യെത്തി പിടിക്കാൻ മോഹിക്കുന്നതിനെ അകലത്താക്കും…. വിരുന്നു വരുന്നവരെ നമ്മളിലേക്ക് ചേർക്കും…. കിട്ടാതെ പോയതൊക്കെയും നമ്മുടേതല്ലെന്ന് വിശ്വസിക്കാം….
ഈ ജന്മം ഇനിയെന്നും അഥർവിനു കൂട്ടായി മീരയുണ്ടാവും….. വരും ജന്മങ്ങളിൽ അവരൊന്നിക്കട്ടെ ലച്ചുവിന്റെ മാത്രം ആദിയായി….