ബാധ്യത ആകാൻ മാത്രമേ എനിക്കാവൂ, അനിയത്തി കുട്ടിക്ക് പോലും ഒരു ജീവിതം..

(രചന: ജ്യോതി കൃഷ്ണകുമാര്‍)

ഇന്നിത്തിരി തിരക്ക് കുറവുണ്ട്.. വചൻ ചിന്തിച്ചു.. അല്ലെങ്കിലും ഇപ്പോ പത്രത്തിൽ പുതിയതായി താൻ തുടങ്ങിയ, “പുത്തൻ എഴുത്തുകാരും, എഴുത്തിലെ കാമ്പും ”

എന്ന വിഷയത്തിൽ ഡോക്യുമെന്ററി തുടങ്ങിയതിൽ പിന്നെ വളരെ തിരക്കാണ്..

മൂന്നു ആഴ്ചകളിലായി താൻ ഉൾപ്പടെ ഉള്ള പുതിയ എഴുത്തു കാരുടെ എഴുത്തുകൾ ഇഴ കീറി പരിശോധിക്ക ആയിരുന്നു..

അതിൽ ആളുകളുടെ പ്രതികരണം വേറെയും.. വായന മരിച്ചെന്ന് ആരാണ് പറഞ്ഞത്.. അത് മനുഷ്യനുള്ളിടത്തോളം നില നിൽക്കും..

പ്രതികരിച്ചതിൽ ഏറെയും ചെറുപ്പക്കാർ തന്നെ… അതും ആധികാരികമായി… എല്ലാം കാണുമ്പോൾ എന്തോ മനസ്സിനൊരു ആശ്വാസം…

“”ടോ…. അങ്ങനെ ആ തലവേദന തീർന്നല്ലേ???””

വാര്യർ ഏട്ടനാണ്.. എഡിറ്റൊറിയൽ ബോർഡിലെ.. വെറുതെ ഒന്ന് ചിരിച്ച് മെല്ലെ ഒന്ന് മൂളി..

“”തന്റെ ആർട്ടിക്കിൾ വല്ല്യേ സംഭവയല്ലോടോ.. മൂന്നാം കിട എന്ന് പറഞ്ഞ് മാറ്റി നിർത്തിയ പല സൃഷ്ടികളും അങ്ങനെ അല്ല എന്ന് ഒരു അവബോധം തനിക്ക് ഉണ്ടാക്കാൻ പറ്റി..മാനേജ്മെന്റ് ഇമ്പ്രെസ്ഡ് ആണ്..”””

“”അത് എഴുത്തിൽ അങ്ങനെ ഒന്നും ഇല്ലെന്നാണ് എന്റെ ഒരു വിശ്വാസം.. എല്ലാം മെച്ചം തന്നെ..ചിലതിൽ എഴുത്തുകാരന്റെ ആത്മസംതൃപ്തി… മറ്റു ചിലതിൽ വായനക്കാർക്ക്… പിന്നെ ഒക്കെ വെറും പ്രഹസനം അല്ലെ…”””

“”ഇപ്പോ ഡീഗ്രേഡ് ചെയ്തും ഫെയിം നേടാം… താനും തെറ്റില്ലാത്ത എഴുത്തു കാരനല്ലേ… ട്രൈ ചെയ്യടോ…”””

“”അയ്യോ.. വേണ്ടേ… ഇപ്പഴേ ഉണ്ട് ചീത്തപ്പേര്.. ഇനീം വയ്യ..””‘

“”‘അടുത്തത് ഉടനെ തുടങ്ങി വച്ചോ… ചരമ കോളം എഴുതുന്നതിൽ നിന്ന് പ്രൊമോഷൻ…..””

ചിരിയോടെ വാര്യർ ചേട്ടൻ പറഞ്ഞതിന് തിരിച്ചും ഒരു ചിരി നൽകി, ബാഗും എടുത്ത് മെല്ലെ പോകാൻ ഒരുങ്ങി..

പാതിക്ക് നിർത്തിയ ഒരു കഥ മനസ്സിനെ പിടി കൂടാൻ തുടങ്ങിയിട്ട് ഏറെ ആയിരിക്കുന്നു…

അതിനെ ചിറക് വച്ചു പറത്തണം… അതു വരെയും വല്ലാത്ത മാനസിക സംഘർഷമാണ്..

ഗർഭം ധരിച്ച യുവതിയെ പോലെ…

മെല്ലെ എണീറ്റു പോകാൻ തുടങ്ങുമ്പോഴാണ് ഫോൺ റിങ് ചെയ്തത്… ഫോണിൽ സംസാരിക്കുന്നത് വളരെ കുറവാണ്…

ഇഷ്ടവും അല്ല..

പ്രിയപ്പെട്ടവർക്കും അതറിയാം.. അതുകൊണ്ട് തന്നെ ഫോണിലേക്ക് ആരും വിളിക്കാറില്ല…

പരിചയമില്ലാത്ത ഒരു നമ്പർ… എടുക്കണോ എന്നൊന്ന് ആലോചിച്ചു… പിന്നെ എന്തോ അറ്റൻഡ് ചെയ്തു..

“””വചൻ ദേവ് സാർ അല്ലെ,??””

ഒരു പുരുഷ ശബ്ദം ആയിരുന്നു…

“”അതേ “” എന്ന് പറഞ്ഞപ്പോൾ,

“””എഴുതിയ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട് ട്ടോ “” എന്നായിരുന്നു മറുപടി..

ആരാധകർ ശല്യം ആകുമോ എന്ന ഭയം കാരണം ഫോൺ നമ്പർ രഹസ്യമാക്കി സൂക്ഷിച്ചിരുന്നു..

അത്ര താല്പര്യം കാണിക്കാതെ പറഞ്ഞു,

“”സന്തോഷം ട്ടോ “”” എന്ന്..

“”ചില എഴുത്തുകൾ ഇല്ലേ താങ്കളുടെ.. വിരഹത്തെ കുറിച്ച്.. ആ ഒരവസ്ഥയിലെ മനസ്ഥിതിയെ കുറിച്ച്.. ആ ഒരവസ്ഥയിലൂടെ കടന്നു പോയതാവാം, ആ വരികളിൽ കുരുങ്ങി കിടക്കുകയാണ് ഞാനിപ്പോഴും…”””

ആ സമയത്തിന്റെ ആണോ അതോ അയാളുടെ സംസാരത്തിന്റെ ആണോ എന്നറിയില്ല എന്തോ ഒരാകർഷണീയത തോന്നിയിരുന്നു..

വളരെ കുറച്ചു നേരം കൊണ്ട് അയാളുടെ നമ്പർ ഫോണിൽ അർജുൻ””. എന്ന് സേവ് ചെയ്യുന്നത് വരെ എത്തിയിരുന്നു ആ സൗഹൃദം….

സൗഹൃദം എന്ന് പറയാമോ എന്നറിയില്ല.. എന്നിൽ നിറഞ്ഞത് ഒരളവ്‌ വരെ ജിജ്ഞാസ ആയിരുന്നു…

പിന്നീടങ്ങോട്ട് ഇടക്ക് ആ വിളികൾ പതിവായി…. മൂന്ന് മിനിറ്റിൽ എറില്ല അതിന്റെ ദൈർഖ്യം എന്നത് കൊണ്ട് എപ്പോ വിളിച്ചാലും അറ്റന്റ് ചെയ്യാൻ ശ്രമിച്ചിരുന്നു….

അയാളുടെ പ്രണയത്തിലൂടെ.. വിരഹത്തിലൂടെ.. ഞങ്ങൾ ഒന്നു കൂടി സഞ്ചരിച്ചു…

എവിടെയോ ഞാൻ കോറിയിട്ട വരികൾക്ക് അതുമായി സാമ്യം വന്നത് എനിക്കും അത്ഭുതമായി… പിന്നെ ഇടക്ക് പത്രത്തിൽ പുതിയ ചില പംക്തികളും ആയി തിരക്കിലായി…

അയാളും എന്ത് കൊണ്ടോ കുറച്ച് കാലം വിളിച്ചില്ല… അങ്ങനെ ഇരിക്കുമ്പോഴാണ് ആ തവണത്തെ കേരളസഹിത്യ അവാർഡ് പ്രഖ്യാപിച്ചത്…

അവാർഡ് ദാന ചടങ്ങിൽ ഇരിക്കുമ്പോഴാണ് അവസാനമായി അയാൾ വിളിച്ചത്….

“””അർജുൻ “”

എന്തോ അറ്റൻഡ് ചെയ്തു.. അത്രമേൽ തിരക്കാണെങ്കിൽ കൂടിയും..

“””സാർ..””

എന്നൊരു നിരാശ കലർന്ന സ്വരത്തിൽ അയാൾ വിളിച്ചു…

“””അർജുൻ.. ഞാൻ ഇവിടെ ടൌൺ ഹാളിൽ…”””

“”അറിയാം… നല്ല ദിനം നഷ്ടപെടുത്തുന്നെങ്കിൽ ക്ഷമിക്കുക… ഇനി ഒരു പക്ഷെ നാം സംസാരിച്ചെന്നു വരില്ല… “”

പറഞ്ഞതിന്റെ പൊരുൾ തേടി ഞാൻ ഇരുന്നു… അയാൾ തുടർന്നു…

“””പണ്ട് മുംബൈയിൽ ജോലി ചെയ്തിരുന്നപ്പോൾ ഒരിക്കൽ ഞാൻ ഒരു തെരുവ് വേശ്യയെ തിരഞ്ഞു പോയി.. പ്രണയിച്ചു പോയവളോട് പ്രതികാരം വീട്ടാൻ… അവൾക്കായി കരുതിയ സ്നേഹം പകുത്ത് നൽകാൻ….””””

ഇത്തിരി നേരത്തെ മൗനം…

വീണ്ടും തുടർന്നു…

“”ഇപ്പോ ഞാൻ ഒരു മഹാ രോഗിയാണ്… ആളുകൾ ഭയത്തോടെ അകറ്റി നിർത്തുന്ന ഒരു രോഗി….”””

മുന്നിലെ പ്രസംഗവും ആളുകളും മറ്റും കാരണം എനിക്ക് അങ്ങോട്ടൊന്നും പറയാൻ കഴിയുമായിരുന്നില്ല …

അയാൾ വീണ്ടും പറഞ്ഞ് തുടങ്ങി…

“””ഒരു നിമിഷം ഞാൻ എന്നെ മറന്നതിന് എനിക്ക് കിട്ടിയ ശിക്ഷ… ഇനിയും ജീവിച്ചാൽ പ്രിയപ്പെട്ടവർക്കും ബാധ്യത ആകാൻ മാത്രമേ എനിക്കാവൂ..

അനിയത്തി കുട്ടിക്ക് പോലും ഒരു ജീവിതം കിട്ടാതാവും.. അതുകൊണ്ട്…. അതുകൊണ്ട് മാത്രം.. എല്ലാം അവസാനിപ്പിക്കുകയാണ്…”””

എന്താ വേണ്ടേ എന്ന് പെട്ടെന്ന് എനിക്ക് അറിയില്ലായിരുന്നു….

“അർജുൻ… അർജുൻ.. പറയുന്നത് കേൾക്കൂ “””” എന്ന് പറഞ്ഞപ്പോഴേക്ക് ഫോൺ കട്ട്‌ ആയി..

എനിക്ക് അവാർഡ് സ്വീകരിക്കാൻ ഉള്ള ക്ഷണവും കിട്ടി..

എല്ലാം കഴിഞ്ഞ് തിരിച്ചു വിളിക്കുമ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു…. എന്താ എന്നോ ഏതാ എന്നോ ഒന്നും അറിയാതെ…

ഇടക്ക് ആ നമ്പറിൽ കാൾ ചെയ്യുന്നത് പതിവായിരുന്നു…. അവനായി സമർപ്പിച്ചു അടുത്ത കഥ സമാഹാരം…

എവിടെ നിന്നോ ജീവിതത്തിലേക്ക് കടന്നു വന്നു… എങ്ങോ പോയി മറഞ്ഞവന് വേണ്ടി…. എന്റെ സ്നേഹ സമ്മാനം…

“”””ചിത്രശലഭം “”””””

അതു പ്രസിദ്ധീകരിച്ച അന്ന് വീണ്ടും വിളിച്ചു… കിട്ടില്ല എന്നറിഞ്ഞിട്ടും..
പക്ഷെ പെട്ടെന്ന് ഫോൺ എടുത്തു . മറുതലക്കൽ ഒരു കുഞ്ഞ് പെൺ ശബ്ദം..

“””അർജുന്റെ?????”””

“””അനിയത്തിയാ “”” എന്ന് പറഞ്ഞപ്പോൾ ആ നോവ് എന്നിലേക്ക് പടരുന്നത് അറിഞ്ഞു…

“”അർജുൻ???? “” എന്ന് ചോദിച്ചപ്പോൾ,

ചെറിയൊരു എങ്ങലോടെ പറഞ്ഞു… “””പോയി “”” എന്ന്…

പ്രണയിച്ച പെണ്ണിന് വേണ്ടിയാണ് എന്ന് കൂടി…

അല്ലെന്നും… അവന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി ആണെന്നും ഉള്ള സത്യം എന്റെ ഉള്ളിൽ പിടഞ്ഞോടുങ്ങി…

എന്റെ പുസ്തകത്തിൽ അവനെ ധീരനാക്കി…. ഏതോ ലോകത്ത് നിന്നും അവനത് നോക്കി കാണുന്നുണ്ടാവാം….

നോവോടെ ഓർക്കുന്ന പേരുകളുടെ കൂട്ടത്തിൽ ഒന്നൂടെ എഴുതി ചേർത്തിരുന്നു ഞാൻ,

“””അർജുൻ “”””””

കഥ ത്രെഡിന് കടപ്പാട്…

Leave a Reply

Your email address will not be published. Required fields are marked *