യക്ഷി
(രചന: Sinana Diya Diya)
കർപ്പൂരം കത്തുന്ന സുഗന്ധം വെളുപ്പാൻ കാലത്ത് തുറന്നിട്ട ജനലഴികളിലൂടെ അകത്തേയ്ക്ക് വന്നപ്പോഴാണ് മാറിൽ ഒട്ടികിടക്കുന്ന കുഞ്ഞാറ്റയെ വിട്ട് ഞാൻ എഴുന്നേറ്റത്…
“ഭഗവതി.. നേരം വൈകിയിരിക്കുന്നു…” കിടക്കയിൽ നിന്നുമെഴുനേറ്റ് കണ്ണടച്ച് പ്രാർത്ഥിച്ചു കൊണ്ട് ജനലഴിയിലൂടെ കാവിലേയ്ക്ക് നോക്കി…
ഇന്ന് കാവിലെ മുല്ലത്തറയിലെ യക്ഷിയെ പ്രീതിപ്പെടുത്തുന്ന ദിവസമാണ്…
കർപ്പൂരം കത്തിച്ച് ഉഴിഞ്ഞ് കരിക്കിൻ വെള്ളം കൊണ്ടു ധാര കോരികളഭവും ചന്ദനവും മഞ്ഞളും കൊണ്ടു രൂപം തീർത്ത് മഞ്ഞ ഉടയാടായും കാപ്പും ചിലമ്പും വാളും വച്ച് ചെത്തിപ്പൂവും തുളസിയിലകളും മുറിച്ചുവച്ച ഇലകളിൽ ഒരുകൈക്കുമ്പിൾ വീതം വച്ച്…
ഇലയടയും തവിടും പാത്രങ്ങളിൽ പകർന്ന്…. ഇനി വരാൻ പോകുന്ന വർഷങ്ങൾ തറവാട്ടിലെ പൈതങ്ങളെ കാത്തു കൊള്ളണമേ എന്ന് എല്ലാവരും കൂടി നിന്നുപ്രാർത്ഥിക്കുന്ന ദിവസം…
ഉത്സവം തന്നെയാണ്… വലിയച്ഛൻ നേരത്തെ തന്നെ കുളിച്ചു ശുദ്ധമായി ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു..
തണുത്ത വെളുപ്പാൻകാലത്ത് താൻ എഴുന്നേറ്റു മാറിയപ്പോൾ കുഞ്ഞാറ്റ അമ്മയുടെ ചൂടിന് വേണ്ടി കൈകൾ പരതി.. കാണാഞ്ഞിട്ടാകും.. നിർത്താതെ കരഞ്ഞു കൊണ്ടിരുന്നു.
“കരയല്ലേ വാവേ അമ്മ ഇവിടെ ഉണ്ടല്ലോ… ഇന്ന് അമ്മയുടെ തറവാട്ടിലെ ഉത്സവമല്ലേ.. നമുക്ക് യക്ഷിയെ കാണാൻ പോകണ്ടേ…”
കുഞ്ഞാറ്റയെ മാറോട് ചേർത്തു… മോണകാട്ടികരയുന്ന ചൊരിവായെ മാറിലേയ്ക്ക് ചേർത്തു …
“വാവേ….. ഉം….ഉം…ഉം….”ഹൃദയത്തിൽ നിന്നും താരാട്ട് പാട്ട് ഉതിർന്നുകൊണ്ടിരുന്നു…
ചുവരിലെ ഛായാ ചിത്രത്തിൽഇരുന്നു മുത്തശ്ശി എന്നെ നോക്കി പുഞ്ചിരിക്കുന്നത് പോലെ തോന്നി… കണ്ണുകൾ മെല്ലെയടച്ചു കൊണ്ടവൾ ഓർമ്മകളുടെ വാതിൽതുറന്നു പുറത്തേക്കിറങ്ങി..
ഏതോ നല്ലകാലങ്ങളിൽ പോയ്മറഞ്ഞ ബല്യകാലസ്മരണകൾക്ക് ഇരുൾ മൂടിയ തെക്കിനിയുടെ വാതിൽ തുറക്കുമ്പോൾ വരുന്ന കല്ലിലരച്ച ചന്ദനക്കുറിയുടെ ഗന്ധമാണ്..
തൃസന്ധ്യക്ക് മുത്തശ്ശിമാരുടെ നെറ്റിയിൽ ചാർത്തുന്ന ഭക്സ്മക്കുറിയുടെയും കത്തി പുകയുന്ന കർപ്പൂരത്തിന്റെയും ഗന്ധമാണ്… എന്റെ ഓർമ്മകൾക്ക് എന്നും മുത്തശ്ശിപകർന്നു നൽകിയ വെണ്ണ കുഴച്ച ചോരുരുളകളുടെ സ്വാദാണ്..
എന്ത് രസമായിരുന്നു അന്നൊക്കെ
എല്ലാവരുമായി ഇല്ലത്തു തറവാട്ടു വീട്ടിൽ ഒത്തുകൂടുന്നത്
അങ്ങനെ ഒരവസരം കിട്ടിയിരുന്നത് ഓണത്തിന്റെ വെക്കേഷൻ സമയത്തായിരുന്നു..
കടുമാങ്ങ അച്ചാറും, ചക്ക വരട്ടിയതും,ചക്ക വറുത്തതും എല്ലാം, മുത്തശ്ശി ഭരണിയിൽ ഒരുക്കി വെച്ചിട്ടുണ്ടാവും ഞങ്ങൾക്കായ്..
മുത്തശ്ശിയുടെ കൂടെ എല്ലാറ്റിനും കുട്ടിപട്ടാളങ്ങൾ മുന്നിലാവും കറിവേപ്പിലയും തുളസിയും വെളിച്ചെണ്ണയിൽ ഇട്ടു കാച്ചിയ എണ്ണ നെറുകയിൽ തേച്ചു പിടിപ്പിച്ചു തരും അതിരാവിലെ തന്നെ പിന്നീട് കുളത്തിലേക്ക് ഉള്ള പുറപ്പാടാണ്
എല്ലാവരും കൂടിപോകുന്ന വഴിയിൽ നിന്നും ചെമ്പരത്തിയുടെ ഇല പൊട്ടിക്കും എന്നിട്ട് കല്ലിൽ അരച്ച് താളിയായി തലയിൽ തേക്കും…കുളക്കടവിലും, വെള്ളത്തിലുമായി താമര പറിച്ചും,മീനുകളെ പിടിച്ചും,കളിയിൽ മുഴുകിയിട്ടുണ്ടാവും ഞങ്ങൾ…
മുത്തശ്ശിയുടെ വഴക്ക് കേട്ടാലേ വീട്ടിലേക്കു നടക്കുകയുള്ളു.. പെൺകുട്ടികൾ ഈറൻ മുടിയിൽ തുളസിക്കതിർ വെക്കുന്നതും നെറ്റിയിൽ ചന്ദനം തൊടുന്നതും മുത്തശ്ശിക്ക് നിർബന്ധം ആയിരുന്നു..
തെക്കിനിയുടെ കിഴക്കു ഭാഗത്തായി മുല്ലവള്ളികൾ പടർന്നു പന്തലിച്ചു നിൽക്കും മുല്ലപ്പൂവിന്റെ ഗന്ധം ഇല്ലത്താകെ കാറ്റിൽ പറന്നു നടക്കും…
തെച്ചിപ്പൂവും തുളസിക്കതിരും ചേർത്തു നല്ല ഭംഗി ആയി മുത്തശ്ശി കാവിലെ യക്ഷിയ്ക്കു മാല കോർക്കുന്നത് ഞങ്ങൾ കൗതുകത്തോടെ നോക്കിയിരിക്കും..
നടുമുറ്റത്തു തന്നെ വല്യ മൂവാണ്ടൻ മാവ് ഉണ്ട് അതിന്റെ കെമ്പിൽ ഊഞ്ഞാൽ കെട്ടിത്തരും ഇല്ലത്തെ പണിക്കാർ…
മാവ് പൂത്തു മാങ്ങകൾ ആയിതുടങ്ങിയാൽ കിളികളുടെയും അണ്ണാറക്കണ്ണന്മാരുടെയും ബഹളമാവും കൂടെ ഞങ്ങൾ കുട്ടികളും..
മുറ്റത്തു മാവിൻ ചുവട്ടിൽ ഇരുന്ന് മുത്തശ്ശി ഉണ്ടാക്കിയ ഇലയപ്പം കൊതിയോടെ കഴിക്കും കൂടെ ഒരുപാട് കഥകളും പറഞ്ഞു തരും മുത്തശ്ശി..
വൈകുന്നേരം മേൽ കഴുകി വിളക്ക് വെക്കാൻ കാവിൽ പോവും അവിടം ആകെ ആൽമരങ്ങളും കുങ്കുമമരങ്ങളും കൊണ്ട് അലങ്കരിച്ചപോലെ ഉണ്ടാവും
ഇലഞ്ഞിപ്പൂക്കളുടെ ഗന്ധം ഇളം കാറ്റിലൂടെ നമ്മെ തഴുകിയുണർത്തും അന്നേരം മുത്തശ്ശി പറഞ്ഞ കഥകൾ ഭയത്തോടെ ഓർമ്മ വരും…..
അന്നത്തെ ആ ഏഴാം ക്ലാസുകാരിയായ, അന്യനാട്ടിൽ ജനിച്ചു വളർന്ന തനിക്ക്
ഈ ഇല്ലവും ഇവിടെയുള്ള ഓരോ ജീവജാലങ്ങളും ഏറെ പുതുമയുള്ളതും സന്തോഷം നൽകുന്നതും മിഴികളിൽ കൗതുകവും ആയിരുന്നു…..
അതുകൊണ്ടുതന്നെയാണ് വെക്കേഷന് വന്നു തിരിച്ചു പോകുമ്പോൾ അച്ഛന്റെയും അമ്മയുടെയും കൂടെ പോവാൻ താല്പര്യമില്ലാതെ ഞാൻ ഇനി ഈ ഇല്ലത്തു മുത്തശ്ശിയുടെ കൂടെയാണ് നിൽക്കുന്നത് എന്ന് പറഞ്ഞതും ഇവിടുത്തെ ഗവൺമെന്റ് സ്കൂളിൽ ചേർത്തതും…….
അച്ഛനും അമ്മയ്ക്കും എതിർ അഭിപ്രായം ഒന്നും ഉണ്ടായിരുന്നില്ല കാരണമെന്തെന്നാൽ അവർക്ക് മകളെ നോക്കാനും സ്നേഹിക്കാനും അവരുടെ കൂടെ സമയം ചെലവഴിക്കാനും
അവരുടെ ജോലി തിരക്ക് മൂലം സാധിക്കുമായിരുന്നില്ല എപ്പോഴും അവരുടെ ജോലിക്ക് ആയിരുന്നു മുൻഗണന നൽകിയിരുന്നത്….
ഒരുപാട് തവണ കൊതിച്ചിട്ടുണ്ട് അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിനായി ഒരു തലോടലിനായി ഒന്ന് ചേർത്തുനിർത്തി ഒരു ചുംബനത്തിനായി
പക്ഷേ അതൊക്കെ എനിക്ക് അന്യമായിരുന്നു ഒറ്റപ്പെട്ട അവസ്ഥയായിരുന്നു എന്റെത് ആഗ്രഹങ്ങളെല്ലാം സഫലം ആവാതെ മനസ്സിൽ തന്നെ കൂട്ടിയിടും അന്നത്തെ ആ ബാല്യം ……
മുത്തശ്ശിയുടെ അടുത്തേക്ക് വരുമ്പോൾ മാത്രമാണ് മനസ്സറിഞ്ഞു സന്തോഷിച്ചിരുന്നുന്നത്..
വെക്കേഷൻ കഴിഞ്ഞ് എല്ലാവരും തിരിച്ചു പോയി ഇല്ലത്ത് മുത്തശ്ശിയും വല്യച്ഛനും വല്യമ്മയും ഞാനും മാത്രമായി…
വല്യച്ഛനും വല്യമ്മക്കും കുട്ടികൾ ഉണ്ടായിരുന്നുന്നില്ല…അവർക്ക് സ്വന്തം മോളെ പ്പോലെ ആയിരുന്നു ഞാൻ..ഞാൻ ഇവിടേക്ക് വന്നതിൽ പിന്നെയാണ് അവരൊക്കെ ഇത്രക്ക് സന്തോഷത്തിൽ കാണുന്നത് എന്നു മുത്തശ്ശി എപ്പോഴും പറയുമായിരുന്നു….
അച്ഛനും അമ്മയും തരാത്ത സ്നേഹം മുഴുവനും എനിക്ക് ഇവരിൽനിന്ന് കിട്ടിയിരുന്നു….. എന്റെ എല്ലാ വാശിക്കും കുശുമ്പിനും കൂട്ടുനിൽക്കും ഈ സ്നേഹം ഒക്കെ ഒരിക്കലും അകലരുതേ എന്ന് ഞാനെന്നും പ്രാർത്ഥിക്കുമായിരുന്നു
വേണ്ടുവോളം സ്നേഹവും വാത്സല്യവും തന്നു അവർക്കിടയിൽ ഞാനും പാറി പറഞ്ഞു… ജീവിതത്തിൽ ആദ്യമായാണ് ഇത്രയും സന്തോഷങ്ങൾ ക്കിടയിൽ കഴിയുന്നത്.
സ്കൂൾ ഇല്ലാത്ത സമയങ്ങളിൽ അവരോടൊപ്പം കൂടി പാടത്തും പറമ്പിലും എല്ലാം നടക്കും ഒരുപാട് കഥകൾ പറഞ്ഞു തന്നും അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു അങ്ങനെ നീങ്ങും….
പണിക്കാർ എല്ലാം ഓരോരോ പണിയിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നത് കാണാം…
മുത്തശ്ശിയുടെ മറ്റു മക്കളെല്ലാം നല്ല ഉദ്യോഗം കിട്ടി വിദേശത്തേക്ക് പോയി… വല്യച്ഛൻ മാത്രം മുത്തശ്ശി ഒറ്റക്കല്ലേയെന്ന് വിചാരിച്ച് ഉദ്യോഗം വേണ്ടെന്നുവെച്ചു ഇവിടെത്തന്നെ കൂടി കൃഷിയിൽ മാത്രം ശ്രദ്ധ കൊടുക്കുകയായിരുന്നു….
വർഷങ്ങൾ കഴിഞ്ഞു പോകവേ വിഷുവിനും ഓണത്തിനും മാത്രം എല്ലാവരും ഒത്തുകൂടും അന്നേരം ആയിരുന്നു അച്ഛനെയും അമ്മയെയും കണ്ടിരുന്നത്….അല്ലാത്തപ്പോൾ എപ്പോഴെങ്കിലും ഒരു ഫോൺകോളിൽ രണ്ടോ മൂന്നോ വാക്കിൽ ഒതുക്കും ആയിരുന്നു….
എന്റെ മനസ്സ് എന്നോട് പറയുമായിരുന്നു അവരിൽ നിന്നെല്ലാം ഞാൻ ഒരുപാട് അകലത്തിൽ ആയി മാറിയിരിക്കുന്നു എന്ന്…..
അങ്ങനെ ആ ഏഴാം ക്ലാസുകാരി നല്ല മാർക്കോട് കൂടി തന്നെ എല്ലാ ക്ലാസ്സിലും
മുന്നേറി കൊണ്ടിരുന്നു…..
പീഡിഗ്രിക്ക് പഠിക്കുന്ന സമയത്തു ആണ് ശരത്തേട്ടനുമായി അടുപ്പത്തിൽ ആവുന്നത് ഒരേ കോളേജിൽ ആയിരുന്നു പഠിച്ചിരുന്നത് അതിലുപരിവലിയച്ഛന്റെ കൂട്ടുകാരന്റെ മകനും കൂടി ആയിരുന്നു… വീടുകൾ തമ്മിൽ കുറച്ചു ദൂരമുണ്ട്…
ഇടക്കൊക്കെ ശരത്തേട്ടനും അച്ഛനും അമ്മയും അനിയത്തിയും ഇല്ലത്തേക് വരാറുണ്ട് ഒഴിവ് സമയങ്ങളിൽ ഞാനും വല്യച്ഛന്റെ കൂടെ അവരുടെ വീട്ടിലും പോവാറുണ്ട്…..
അങ്ങനെ ഞങളുടെ ബന്ധം ആർക്കും ഒരു സംശയത്തിന് ഇട വരുത്താതെ ജീവന് തുല്യം സ്നേഹിച്ചും കലഹിച്ചും സന്തോഷത്തോടെ ഇനി തമ്മിൽ പിരിയാൻ പറ്റാത്ത അത്രയും ദൃഢതയോടെ മുന്നോട്ടു പോയി കൊണ്ടിരുന്നു….
ഈ ബന്ധത്തെ ശരത്തേട്ടന്റെ വീട്ടിൽ സമ്മതിച്ചാലും പക്ഷെ എന്റെ വീട്ടിൽ അമ്മ സമ്മതിക്കില്ല എന്നത് എനിക്ക് നല്ല ഉറപ്പായിരുന്നു കാരണം അമ്മക്ക് ബന്ധത്തേക്കാളും മൂല്യം പണത്തിനു ആയിരുന്നു അത് എനിക്ക് നന്നായി അറിയാം….
എന്നാലും മറ്റുള്ളവർ എതിർ നിൽക്കില്ലന്ന് മനസ്സിന് ഒരു ആശ്വാസം ആയിരുന്നു…
അങ്ങനെയാണ് ഒരു ദിവസം കോളേജ് വിട്ട് വന്നപ്പോൾ മുത്തശ്ശി പറയുന്നത് കേട്ടു..
ഇപ്രാവിശ്യത്തെ വിഷുവിനു ഇല്ലത്തു എല്ലാരും ഒത്തു കൂടുന്നുടെന്നു വല്യച്ഛനും വല്യമ്മയും നല്ല സന്തോഷത്തിൽ ആയിരുന്നു എനിക്കും സന്തോഷം തോന്നിയെങ്കിലും ശരത്തേട്ടന്റെ കാര്യം വീട്ടിൽ പറഞ്ഞാൽ എന്താകും എന്ന ചിന്ത എന്നെ വല്ലാതെ അലട്ടി….
എന്നിരുന്നാലും രണ്ടും കല്പിച്ചു ആദ്യം മുത്തശ്ശിയോടും വല്യച്ഛനോടും വല്യമ്മയോടും പറഞ്ഞു അവർക്കൊക്കെ സമ്മതം ആയിരുന്നു ശരത്തേട്ടന്റെ വീടുമായി നല്ല ബന്ധം ഉള്ളത് കൊണ്ട് അവർക്ക് സന്തോഷം ആയിരുന്നു
എല്ലാവരും വിഷുവിനു വരുമല്ലോ അപ്പൊ സംസാരിക്കാം എന്നു മുത്തശ്ശി പറഞ്ഞു അത് കൊണ്ട് തന്നെ ഞങ്ങടെ ബന്ധം ഒന്നൂടെ കെട്ടുറപ്പുള്ളതായി…
പക്ഷെ അതിനു ആയുസ്സ് കുറവായിരുന്നു… വിഷുവിനു ഇല്ലത്തു എല്ലാരും വന്നപ്പോൾ മുത്തശ്ശി കാര്യം അവതരിപ്പിച്ചു എന്നാൽ അച്ഛനും അമ്മയും ഒഴികെ
ബാക്കി ഉള്ളവർക്കു സന്തോഷം ആയി എല്ലാരും നിർബന്ധിച്ചപ്പോൾ അച്ഛൻ സമ്മതിച്ചു മോൾടെ ഇഷ്ടം നടക്കട്ടെ എന്നു പറഞ്ഞു എന്നാൽ അമ്മ ഒട്ടും സമ്മതിച്ചില്ല
ഇല്ലത്തു നിർത്തി എന്റെ സ്വഭാവം കേടു വരുത്തി എന്നു പറഞ്ഞു മുത്തശ്ശയെയും വല്യച്ഛനെയും വല്യമ്മയെയും ഒരുപാട് ചീത്ത പറഞ്ഞു
എന്റെ ഇഷ്ടം നടക്കാൻ പോവില്ലന്നും
എല്ലാതും മനസ്സിൽ നിന്നും കളഞ്ഞാൽ നിനക്ക് നന്നെന്നും പറഞ്ഞു അമ്മ കുറെ വഴക്ക് പറഞ്ഞു ആ പിടി വാശിയാലേ എന്നെ അവരുടെ കൂടെ കൊണ്ടു പോയി…
അകന്നിരുന്നപ്പോൾ ആണ് ഞങ്ങൾ പരസ്പരം മനസ്സിലാക്കിയത് ഈ ബന്ധത്തിന്റെ ആഴം എത്രയാണെന്ന്… എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ പോലെ ആയി. അതിനിടയിൽ അമ്മ എനിക്ക് വേണ്ടി ഒരു ബിസിനെസ്സ് കാരനെ കണ്ടു പിടിച്ചിരുന്നു..
കല്യാണം നടത്താൻ തീരുമാനിച്ചു പഠിത്തം കഴിഞ്ഞു ജോലി കിട്ടിയിട്ട് മതി എന്നു വാശി പിടിച്ചു..കല്യാണത്തിന് സമയം നീട്ടി കിട്ടി…ഇതിനിടയിൽ ഒരിക്കൽ പോലും ഞാനും ശരത്തേട്ടനും കണ്ടിട്ടും സംസാരിച്ചിട്ടും ഇല്ല..
അമ്മയുടെ കണ്ണ് വെട്ടിച്ചു കൂട്ടുകാരുടെ ഫോണിൽ നിന്നാണ് ഇല്ലത്തു തറവാട്ടിക്കു വിളിച്ചിരുന്നത് അവർക്കെല്ലാം വിളിക്കുന്നത് അമ്മ വിലക്കിയിരുന്നു.. അവരിൽ നിന്നെല്ലാം ശരത്തേട്ടന്റെ കാര്യങ്ങൾ അറിയുമായിരുന്നു…
അങ്ങനെ ശരത്തേട്ടന് ഗവണ്മെന്റ് സ്കൂളിൽ ടീച്ചർ ആയി ജോലി കിട്ടിയെന്നും കല്യാണത്തിന് സമ്മതിക്കുന്നില്ലന്നും എന്റെ സ്ഥാനത്തു വേറെ ഒരാളെ കാണാൻ കഴിയില്ലെന്നും
എന്നൊക്കെ ഉള്ള വിവരങ്ങൾ അറിയാൻ കഴിഞ്ഞു അതൊരു ആശ്വാസം ആയിരുന്നു മുന്നോട്ട് ജീവിക്കാനും പഠിക്കാനും ആ ഒരു തീരുമാനം ആയിരുന്നു എനിക്കും..
ശരത്തേട്ടന്റെ സ്ഥാനത്തു എനിക്കും വേറെ ഒരാളെ കാണാൻ കഴിയുമായിരുന്നില്ല…
എനിക്കും പഠിച്ചു നല്ല ജോലി വാങ്ങണം എന്ന വാശിയും ചിന്തയും ആയിരുന്നു…
അതിനിടയിൽ അമ്മ എനിക്ക് വേണ്ടി കണ്ട് പിടിച്ച ബിസ്സിനെസ്സ് കാരൻ അമ്മയുടെ കോടികൾ മുക്കി കടന്നു കളഞ്ഞു..
അയാൾക് ആവശ്യം പണം ആയിരുന്നു അത് വരെയും അച്ഛനും അമ്മയും സമ്പാദിച്ചതെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായി കേസ് കൊടുത്തു അതിന്റെ പിന്നാലെ നടന്നത് മിച്ചം…
പിന്നീടാണ് അറിയുന്നത് അയാൾ മ യ ക്കുമരുന്ന് മാ ഫി യ യുടെ കണ്ണിയാണെന്ന്.. പിന്നെ കൂടുതൽ ഒന്നിനും നിന്നില്ല… അവിടുത്തെ ബിസിനസ്സുകൾ അവസാനിപ്പിച്ച് രണ്ടാളും നാട്ടിലേക്കു പോന്നു…
അമ്മയെ എല്ലാവരും കുറ്റപ്പെടുത്തി.. വലിയൊരു തിരിച്ചടി ഉണ്ടായിട്ടും അമ്മ മറ്റുള്ളവരെ അംഗീകരിച്ചില്ല…എന്റെ വിവാഹം അമ്മയുടെ ഇഷ്ടത്തിന് നടത്തണമെന്ന വാശി ഉപേക്ഷിച്ചിരുന്നില്ല…
ആരും കാണാതെ ശരത്തേട്ടൻ കാവിലെ യക്ഷി തറയിൽ ഒരുദിവസം വന്നു..അങ്ങനെ അഞ്ചു വർഷങ്ങൾക്ക് ശേഷം ഞാനും ശരത്തേട്ടനും കണ്ടുമുട്ടി…
പരസ്പരം ഒരുപാട് നേരം സംസാരിച്ചു ഇനി ഒരു അകൽച്ചക്ക് ഇടംകൊടുക്കാതെ പരസ്പരം ഒന്നാവാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു …രണ്ടുപേരും യക്ഷിയെ മനസ്സറിഞ്ഞു പ്രാർത്ഥിച്ചു…
പെണ്ണെ നിന്നെ ആർക്കും വിട്ടുകൊടുക്കില്ല ഞാൻ… കാവിലെ യക്ഷിയാണെ സത്യം..
കരഞ്ഞു കലങ്ങിയ എന്റെ കണ്ണുകളിൽ ചുംബിച്ചു കൊണ്ട് ശരത്തേട്ടൻ എന്നെ മാറോടു ചേർത്തു…ഞങ്ങൾ പരസ്പരം ചുംബിച്ചു… കാവിൽ എണ്ണയും തിരിയും വയ്ക്കാൻ വന്ന മുത്തശ്ശി ഞങ്ങളെ കണ്ടു..
“കുട്ട്യോളെ… നിങ്ങൾക്ക് ഒരിക്കലും പിരിയാൻ പറ്റില്ലെന്ന് ഈ മുത്തശ്ശിക്ക് മനസ്സിലായി.. മോളെ നീ എന്നും യക്ഷിയെ പ്രാത്ഥിച്ചു മാലകെട്ടിചാർത്തു.. യക്ഷി ഒരിക്കലും കൈവിടില്ല നിങ്ങളെ…”
” മുത്തശ്ശി… ഞാനെന്നും പ്രാർത്ഥിക്കുന്നുണ്ട്…”
” വിഷമിക്കാതെ ഇരിക്കു മോളെ ഞാൻ അച്ഛനോട് സംസാരിക്കാം.. ”
ഞങ്ങൾക്ക് ഒരിക്കലും പിരിയാൻ പറ്റില്ല എന്ന് മനസ്സിലാക്കിയ മുത്തശ്ശിയാണ് അച്ഛനോട് പറഞ്ഞത്.. “കുട്ടിടെ ഇഷ്ടം നമുക്ക് നടത്തി കൊടുക്കാം….. ”
അച്ഛന് സമ്മതമായിരുന്നു…..
എന്നിരുന്നാലും അമ്മയ്ക്ക് ഭയങ്കര വാശിയായിരുന്നു ശരത്തേട്ടന്റെ വീട്ടുകാരോട് പണ്ടെങ്ങോ ഒരു തെറ്റിദ്ധാരണയുടെ പേരിൽ പിണങ്ങിയതാണ് അമ്മ…
ഇതൊന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു… അതുകൊണ്ട് ഈ ബന്ധം വേണ്ട എന്ന് പറഞ്ഞുകൊണ്ടിരുന്നത്…
“മോളുടെ സന്തോഷത്തെകാട്ടിലും വലുത് നിനക്ക് നിന്റെ വാശി ആണോ..”
എന്ന് ചോദിച്ചു എല്ലാവരും അമ്മയെ കുറ്റപ്പെടുത്തി എങ്കിലും അമ്മ അമ്മയുടെ തീരുമാനത്തിൽ ഉറച്ചു നിന്നു…
അവസാനം അമ്മയുടെ ആങ്ങളയുടെ മകനുമായി എന്റെ വിവാഹം നടത്താൻ തീരുമാനിച്ചു… പണത്തിനു വേണ്ടി തറവാട് ഭാഗം വയ്ക്കണം എന്നുവരെ അമ്മ ആവശ്യപ്പെട്ടു…
മുത്തശ്ശി ഭാഗം വയ്പ്പിനെ എതിർത്തെങ്കിലും തറവാട്ടിലെ മറ്റുള്ളവർ അമ്മയ്ക്ക് അനുകൂലമായി നിന്നു…
അച്ഛനും വലിയച്ഛനും മുത്തശ്ശിയും ആകെ വിഷമിച്ചു… വിവാഹനിശ്ചയം കഴിഞ്ഞാൽ ഭാഗം വയ്ക്കാമെന്നു അവസാനം എല്ലാവരും സമ്മതിച്ചു…
എന്റെ കണ്ണീരു കണ്ടു സഹിക്കവയ്യാതെ ഒരു ദിവസം മുത്തശ്ശി ചോദിച്ചു…
“എന്റെ കുട്ടിക്ക് സമ്മതം അല്ലാന്നു അറിയാം.. എന്താ ഇപ്പോൾ ചെയ്യാ.. നിന്റെ അമ്മയുടെ പിടിവാശി കാരണം കുടുംബത്തിന്റെ സ്വസ്ഥത പോയി.. എല്ലാവരുടെയും മുന്നിൽ യുദ്ധം ചെയ്തു പിടിച്ചു നിൽക്കാൻ എനിക്ക് വയ്യ… ഈ മുത്തശ്ശി എന്താ ചെയ്യാ കുട്ട്യേ…”
“എനിക്ക് വേറെ ആരുടേയും സമ്മതം വേണ്ട മുത്തശ്ശി… അച്ഛൻ മനസ്സുകൊണ്ട് എന്നെ അനുഗ്രഹിക്കും മുത്തശ്ശി മാത്രം സമ്മതമാണെന്ന് ഒരുവാക്ക് പറഞ്ഞാൽ മതി..
ശരത്തേട്ടൻ വരും എന്നെ കൊണ്ടുപോകുവാൻ… ഈ തറവാടിന്റെ മുറ്റത്തു വച്ച് തന്നെ എന്നെ താലികെട്ടും…”
“എന്റെ കുട്ട്യേ… നിന്റെ അപ്പൂപ്പൻ പണ്ട് എന്നെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുവന്നു താലികെട്ടിയതു കാവിലെ മുല്ലതറയിലെ യക്ഷിയുടെ മുന്നിൽ വച്ചാണ്… യക്ഷി നിങ്ങളെ കാക്കും.. അവനോട് വരാൻ പറയു…”
ശരത്തേട്ടൻ വന്ന് തന്നെ വിളിച്ചിറക്കിയതും മുല്ലത്തറയിൽ വച്ച് താലിചാർത്തിയതും ഇന്നലെ എന്നത് പോലെ ഞാനോർക്കുന്നു..
തടയാനെത്തിയ അമ്മയ്ക്ക് മാത്രം ദൃശ്യമായി യക്ഷി പ്രത്യക്ഷപെട്ടെന്ന് അമ്മ ഇപ്പോഴും ഇടയ്ക്ക് പറയാറുണ്ട്… മുത്തശ്ശി ഞങ്ങളെ വിട്ട് പോയെങ്കിലും ഇപ്പോഴും ഈ വീട്ടിൽ ഓരോ മൂലയിലും മുത്തശ്ശിയുടെ സാനിധ്യമുണ്ട്…
കുഞ്ഞാറ്റ നല്ല ഉറക്കമായി… പുറത്തേയക്ഷിക്കാവിൽ നിന്നും എഴുന്നള്ളിപ്പിന്റെ കൊമ്പ് വിളി മുഴങ്ങി… തുറന്നിട്ട ജനാലയിലൂടെ എനിയ്ക്ക് മാത്രം ദൃശ്യയായി യക്ഷി മഞ്ഞ പ്പട്ടുടുത്തു പുഞ്ചിരിച്ചു നിൽക്കുന്നു..
കൂടെ എന്റെ മുത്തശ്ശിയും… അതേ.. എന്റെ മുത്തശ്ശി തന്നെയാണ് ഇപ്പോൾ കാവിലെ യക്ഷിയായി അവതരിച്ചിരിക്കുന്നത്…കണ്ണുകൾ അടച്ചുഞാൻ കൈകൂപ്പിനിന്നു..
“തറവാട്ടിലെ പൈതങ്ങളെ കാത്തോളണേ… ദൈവങ്ങളെ..”