ഓർമകൾ കഥപറയുമ്പോൾ
(രചന: Sebin Boss J)
ഹൈറേഞ്ചിലേക്കുള്ള കയറ്റം കേറുമ്പോൾ ആനവണ്ടിയിലെ അവസാന നിരയിലെ ഷട്ടർ മാത്രം തുറന്ന് കിടന്നിരുന്നു .
മുഖം മാത്രം വെളിയിൽ കാണാവുന്ന രീതിയിൽ കമ്പിളി ഷോൾ കൊണ്ട് പുതച്ചു പുറത്തേ കാഴ്ചകൾ നോക്കിയിരിക്കുന്ന രാധികയെ നോക്കി ശ്യാമ ചിരിച്ചു
”’ അതേയ് ..വീട്ടിൽ ചെന്ന് പനിച്ചു കിടക്കാനല്ല അമ്മാ ഞാൻ അങ്ങോട്ട് കൊണ്ട് പോകുന്നെ . സെൽഫ് കുക്കിങ്ങ് മടുത്തിട്ടാ ”
”’ നല്ല രസം മോളെ .. അടുത്തോ നമ്മുടെ സ്ഥലം ?”’
“‘ഇല്ല അമ്മാ … ഇനി ഒരു ബസ് സ്റ്റേഷൻ കൂടിയുണ്ട് .അവിടുന്ന് എന്തേലും കഴിക്കാം . വിശക്കുന്നില്ലേ ? ”’
” വിശപ്പ് തോന്നുന്നില്ല . ഒരു ചായ കുടിക്കാം . പണ്ട് അച്ഛൻ നാട്ടിലേക്ക് പോരും വഴി വാങ്ങി തന്ന ചായേടെ രുചി ഇപ്പഴുമുണ്ട് .ഏലക്കയുടെ സ്വാദും മണവുമുള്ള നല്ല കടുപ്പമുള്ള ചായ.”’
രാധിക പച്ചപുതച്ച തേയിലത്തോട്ടത്തിലേക്ക് നോക്കി .
സമയം രാവിലെ ഏഴുമണി ആകുന്നതേയുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും തേയിലത്തോട്ടങ്ങളിലേക്ക് ചാക്ക് പുതച്ച, പുറകിൽ കുട്ടകളുമായി നടന്നു നീങ്ങുന്ന സ്ത്രീകളെ കാണാമായിരുന്നു .
” നിനക്കിന്ന് ക്ളാസുണ്ടോ ?”’
”’ഊം … പോർഷൻ ഒരുപാടുണ്ട് പെൻഡിങ് ”’ ശ്യാമ അമ്മയെനോക്കി പുഞ്ചിരിച്ചു
”’ നീ താമസിക്കുന്ന വീടും തേയിലത്തോട്ടത്തിന് അടുത്താണോ ?”’
” തൊട്ടടുത്തല്ല അമ്മാ … പക്ഷെ ഈ ക്ളൈമറ്റ് തന്നെ .എന്താ തേയിലക്കാട് ഇത്ര ഇഷ്ടമാണോ ?”
”’ ഊം … പതിനഞ്ചു വയസിൽ പോന്നതാണ് ഹൈറേഞ്ചിൽ നിന്ന് .. പക്ഷെ ഇവിടുത്തെ ഓർമകൾ ഇപ്പഴും മനസിൽ ഒരു സിനിമ പോലെയുണ്ട് .ഹൈറേഞ്ചിന്റെ ഭംഗിയൊന്നും ജർമനിയിൽ പോലുമില്ല . ഇവിടുത്തെ ആളുകളുടെ സ്നേഹവും ഒന്നും ”’
”ഊം ഊം .. നൊസ്റ്റാൾജിക് മൂഡ് ആണല്ലോ . അമ്മാ ..ഇനി ഇവിടെ വല്ല കളിത്തോഴൻമാരും കാത്തിരിപ്പുണ്ടാകുമോ ?”’
“‘ഒന്ന് പോടീ …പതിനഞ്ചു വയസിൽ എന്തോന്ന് പ്രണയം ?”’
”’ അപ്പൊ അമ്മാ പറഞ്ഞ സൈമണോ..മധുരിക്കുന്ന പ്രായമെന്നത് പതിനേഴല്ല . ഓർമ്മയുറക്കുന്ന പത്തിനും പതിനഞ്ചിനും ഇടയിലുള്ള പ്രായമാണ് .
ആ പ്രായത്തിലെ പ്രണയമാണ് പ്രായോഗികം അല്ലെങ്കിലും പിന്നീട് മധുരിക്കുന്നത് കാരണം ആ പ്രായത്തിൽ കപടതകൾ ഇല്ല.എനിക്ക് അനുഭവിക്കാൻ യോഗം ഇല്ലാതെ പോയതും അതാണ്.””
” മോളെ … കഴിഞ്ഞകാലമൊക്കെ മറന്ന് കളയ് .എല്ലാം ഉപേക്ഷിച്ചു പോന്നതല്ലേ നമ്മൾ . അതോടൊപ്പം എല്ലാ മടുപ്പിക്കുന്ന ഓർമകളും കുഴിച്ചുമൂടണം ” രാധിക ശ്യാമയെ തോളിലേക്ക് ചായ്ച്ചു കിടത്തി.
”ഹ്മ്മ്മ് ”
” എറിക് … ” എന്തോ ചോദിയ്ക്കാൻ വന്ന രാധിക പെട്ടന്ന് മുഖം തിരിച്ചു പുറത്തേക്ക് നോക്കി
”’ പല തവണ വിളിച്ചിരുന്നു . ഞാൻ എന്റെ നമ്പർ മാറ്റി ”
”’ഹ്മ്മ്മ് … ”
” അമ്മയെ അവൻ കാണാൻ വന്നിരുന്നോ ?”’
”’ ഒരിക്കൽ … ഡാഡി ഉള്ളതുകൊണ്ട് എനിക്ക് അവനെ ഒളിക്കാൻ സാധിച്ചില്ല ”
”’ അരമണിക്കൂർ താമസമുണ്ട് കേട്ടോ ”’ കണ്ടക്റ്റർ വിളിച്ചു പറഞ്ഞപ്പോൾ സംസാരം മുറിഞ്ഞു .
” ഹാൻഡ് ബാഗ് മാത്രം എടുത്താൽ മതിയമ്മാ ”’ ശ്യാമ പറഞ്ഞിട്ട് പുറത്തേക്കിറങ്ങി . ദൂരെ മഞ്ഞ് മാറി സൂര്യൻ തെളിഞ്ഞിരുന്നു .
” ഓർക്കുന്നുണ്ടോ അമ്മാ മൂന്നാർ ഒക്കെ ?” ചൂട് ബജി ചമ്മന്തിയിൽ മുക്കി ആസ്വദിച്ച് കഴിക്കുന്ന രാധികയെ ശ്യാമ നോക്കി .
” ഒരുപാട് … കുഞ്ഞ് ആയിരുന്നപ്പോൾ നിനക്ക് നാടിന്റെ കഥകൾ ആയിരുന്നു കൂടുതൽ ഇഷ്ടം . മുത്തശ്ശിക്കഥകളേക്കാൾ കൂടുതൽ നീ കേട്ടിരുന്നതും എന്റെ കുട്ടിക്കാലമാണ് ”
”അമ്മ കഥകൾ ഒക്കെ പറഞ്ഞു തന്നിരുന്നോ .. അതും ഈ നാലഞ്ച് ഭർത്താക്കന്മാരുടെ ഇടയിൽ ”
”ഓഹ് ..ഓഹ് ”
” നോക്കി കുടിക്കമ്മാ ഞാൻ വെറുതെ പറഞ്ഞതാ ”’ ഓർക്കാപ്പുറത്ത് ശ്യാമ അങ്ങനെ പറഞ്ഞപ്പോൾ ചുമച്ചു വിക്കിയ രാധികയുടെ നെറുകയിൽ ശ്യാമ തട്ടിക്കൊണ്ട് പറഞ്ഞു.
”’ നീയുമമ്മയെ കുറ്റപ്പെടുത്തുവാണോ എന്നുള്ള ചോദ്യം കലഹരണപ്പെട്ടതാ ..അതുകൊണ്ട് അത് വേണ്ട ”ശ്യാമ ചിരിച്ചു
”’ കേട്ട് കേട്ട് ചെവി തഴമ്പിച്ചു അതുകൊണ്ടിപ്പോൾ കുഴപ്പമില്ല ” രാധികയും ചിരിച്ചുതള്ളി
”എന്താമ്മാ … ആരാ … ”
അവിടുന്ന് ബസ് എടുത്ത് അൽപനേരം കഴിഞ്ഞപ്പോൾ രാധിക തിരിഞ്ഞു നോക്കുന്നത് കണ്ട ശ്യാമ ചോദിച്ചു
”പാലം …”’
”’ ഹ്മ്മ് …എന്തുപറ്റി ..പാലം ഇതുവരെ കണ്ടിട്ടില്ലേ ”’
”’ ഒന്ന് പോടീ … ഈ പാലം കയറിയായിരുന്നു പണ്ട് സ്കൂളിൽ പോയിരുന്നത്”’
“” ഇവിടുന്ന് ചാടിയാണോ അമ്മ നീന്താൻ ശ്രമിച്ചത്?””
“” ഒന്ന് പോടീ.. ഇപ്പഴും അതോർക്കുമ്പോൾ പേടിയാണ്.””
ഒന്നൂടെ പറയ് അമ്മാ ആ കഥകൾ …ഇനീമുണ്ട് പത്തു പതിനഞ്ചു മിനുട്ട് വീട് എത്താൻ.”” ശ്യാമ രാധികയുടെ തോളിൽ തല ചായ്ച്ചു.
”’ ‘രാധൂ … നിക്കടി .. ഞാനും വരുന്നെടി ”’
”നീ പോയില്ലാരുന്നോ ലീലേ . കമ്മ്യൂണിസ്റ്റ് ചെടി വഴീൽ കണ്ടപ്പോ ഞാനോർത്തു നീ പോയീന്ന് ”
”’ ഞാനല്ല പച്ച ഒടിച്ചിട്ടേ … പുളിവേണോ ”
വാളൻപുളി പാതി കടിച്ചു നീട്ടിക്കൊണ്ട് ലീല പറഞ്ഞു
” ഞാൻ കൊടുക്കാടി ”’ സാരിക്കവറിൽ നിന്ന് പുസ്തകങ്ങൾ പുറത്തേക്കെടുത്തു അടിയിൽ സൂക്ഷിച്ചിരുന്ന വാളൻ പുളിയും ഇലുമ്പിക്കയും എടുത്ത് നീട്ടിക്കൊണ്ട് ലീലയുടെ ഒപ്പം ഓടി വന്നു ഉഷ പറഞ്ഞു
”ആ സൈമൺ ആരിക്കും പച്ച പറിച്ചിട്ടത് വഴീൽ … ”
” ആ വെളുമ്പനോ അതെന്തിന് ?”’ ലീല ചുണ്ട് വക്രിച്ചു .
”’ ആ … രാധൂനെ ഇടക്ക് നോക്കിനിക്കുന്ന കാണാം . ലൈൻ ആരിക്കും . കമ്മ്യൂണിസ്റ്റ് പള്ള കണ്ട് നമ്മള് പോയെന്ന് കരുതിയാൽ ഇവള് തന്നെയാവൂല്ലേ . അവന് ഒറ്റക്ക് സംസാരിക്കാൻ ആരിക്കും ”.”
“‘അയ്യേ ..അവനോ ..അവൻ നിന്റെ പുറകെ നടന്നതല്ലേ ഉഷേ ”
ഇലുമ്പിക്ക വായിലിട്ട് കടിച്ചു മുഖം കോട്ടി ലീല പുച്ഛിച്ചു
”’ ആ ..എന്നെക്കാളും നല്ലത് രാധൂനെ കാണാൻ അല്ലെ .. ”
”പിന്നെ .. ലൈൻ .. ഹൈസ്കൂളിൽ അല്ലെ ലൈൻ . “” രാധിക പൊട്ടിച്ചിരിച്ചു .
”ണിം ..ണിം ”” പുറകിൽ നിന്നൊരു സൈക്കിൾ മണി കേട്ടതും മൂവരും തിരിഞ്ഞു നോക്കി .
“‘ ദേ !! സൈമൺ ”’ ലീല മുഖം തിരിച്ചു . മുന്നോട്ടുപോയ സൈക്കിൾ വട്ടം തിരിച്ചു പിന്നെയും സൈമൺ അതിവേഗത്തിൽ അവരെയും കടന്ന് തിരിച്ചുപോയി .
”പിന്നേം വരും ഇവൻ .. മൂന്നാല് ദിവസമായി അങ്ങോട്ടുമിങ്ങോട്ടും നടപ്പ് . ഉഷ പറഞ്ഞപ്പോഴാ ശ്രദ്ധിച്ചേ ”’
” ഉഷേ ..എനിക്കൊരു അമ്പതുപൈസ തരാമോ ”
” അമ്പത് പൈസയോ പോടാ വാസു …ഞാനെങ്ങും തരില്ല ”
ഇടവഴിയിൽ നിന്നുമോടി അവർക്കൊപ്പം എത്തിയ വാസുദേവനോട് ഉഷ പറഞ്ഞു .
“‘നിങ്ങടെ കയ്യിലൊണ്ടോ … നിക്കറിന്റെ കൊളുത്തുപോയി . തയ്പ്പിക്കാനാ ”’ വാസു രാധികയെയും ലീലയെയും നോക്കി ഒരുകൈകൊണ്ട് നിക്കർ മുകളിലേക്ക് വലിച്ചുകേറ്റി
“‘ കൊടുക്കണ്ടാടി .. ഇവന് മുട്ടായി വാങ്ങാനാ . ഇന്നലെ പുളിമുട്ടായീം ഇഞ്ചി സോഡയും തിന്നുന്നത് ഞാൻ കണ്ടതാ ”’
പുസ്തകം ഇട്ട സാരിക്കവറിൽ നിന്ന് പൈസ തപ്പുന്ന രാധികയെ വിലക്കിക്കൊണ്ട് ലീല പറഞ്ഞു
“‘ അയ്യോ അത് സൈമൺ വാങ്ങി തന്നതാ ..അമ്മച്ചിയാണേൽ എന്റേൽ പൈസയൊന്നുമില്ല . ”
” നുണ … നീയും സൈമണുമായിട്ട് കൂട്ടൊന്നുമില്ലല്ലോ . പിന്നെയെന്തിനാ അവൻ നിനക്ക് മുട്ടായി വാങ്ങിത്തരുന്നേ ”
”അത് …അത് പിന്നെ .. ” വാസുദേവൻ രാധികയെ നോക്കി വിക്കി
”എന്നടാ വാസു .. കാര്യമ്പറ ”
”അതുപിന്നെ …അവന് രാധൂനെ ഇഷ്ടാണെന്ന് ..അത് ഞാൻ രാധുനോട് പറയാനാ മുട്ടായി വാങ്ങി തന്നെ ”
”അമ്പടാ മിടുക്കാ ..എന്നിട്ട് നീയിവളോട് പറഞ്ഞോ ‘”
”ഇല്ല … സൂപ്രണ്ടദ്ദേഹം അറിഞ്ഞാൽ എന്നെ കൊല്ലും . രാധൂനെ നോക്കണൊന്നാ എന്നോട് പറഞ്ഞേക്കുന്നെ ” വാസുദേവൻ ഒന്ന്കൂടി നിക്കർ വലിച്ചുകേറ്റി
”’ ഇതാ പൈസ വാസൂ … നീ തിരിച്ചൊന്നും തരേണ്ട . പിന്നേയ് ആ സൈമണോട് അധികം കൂട്ടൊന്നും കൂടേണ്ട ” രാധിക സഞ്ചിയിൽ നിന്ന് ചില്ലറ തുട്ടുകൾക്കിടയിൽ നിന്ന് രണ്ട് ഇരുപത്തിയഞ്ചുപൈസ എടുത്തു വാസുവിന് നീട്ടി
”ണിം ..ണിം ” സൈമന്റെ സൈക്കിൾ ഇടിച്ചു ഇടിച്ചില്ലായെന്നമട്ടിൽ അവരെകടന്നുപോയി വട്ടം തിരിച്ചു മുന്നിൽ വിലങ്ങനെ നിർത്തി .
”’ രാധികേ … വാസു വല്ലോം പറഞ്ഞൊ ”
” എന്ത് പറയാൻ … അവനൊന്നും പറഞ്ഞില്ല . നീ വഴീന്ന് മാറ് സൈമാ ”’ ഉഷ കലിച്ചു
” നീ പറഞ്ഞില്ലെടാ വാസൂ ”
”ഊഹൂം …”’ വാസു ചുമൽ കൂച്ചി
“‘ ഇപ്പ പറയടാ … “‘ സൈമൺ വാസുവിനെയും രാധികയെയും മാറിമാറിനോക്കി
” ഊഹൂം ..ഞാൻ പറയൂല്ല ” വാസു രാധികയെ നോക്കിയിട്ട് വീണ്ടും പറഞ്ഞു
” രാധികേ ..എനിക്ക് നിന്നെ ഇഷ്ടമാ … “‘ സൈമൺ സൈക്കിൾ വട്ടം കറക്കി എടുത്തുചാടി കാൽകൊണ്ട് തട്ടി സ്റ്റാൻഡിൽ വെച്ചിട്ട് , കയ്യിൽ കെട്ടിയിരുന്ന ചുവന്ന റിബൺ കടിച്ചഴിച്ചുകൊണ്ട് അവരുടെ മുന്നിൽ നിന്നു
”ദേ ,…സൈമാ ..വഴീന്നു മാറ് കേട്ടോ .. ഞങ്ങൾ ഹെഡ്മാസ്റ്ററുടെ അടുത്തുപറഞ്ഞുകൊടുക്കും ” ലീല രാധികയുടെ കൈപിടിച്ച് അവനെ കടന്നുപോകാൻ തുനിഞ്ഞതും സൈമൺ രാധികയുടെ കയ്യിൽ പിടിച്ചു .
“‘രാധികേ … പറഞ്ഞിട്ട് പോ .. ”
“‘സൈമാ .. വിട് കേട്ടോ ..അച്ഛൻ അറിഞ്ഞാൽ എന്നെ കൊല്ലും ”’
രാധിക കൈ കുതറിക്കൊണ്ട് പറഞ്ഞു
“‘ വിടാം ..നീ പറഞ്ഞിട്ട് പൊക്കോ “‘
സൈമൺ കയ്യിലെ പിടുത്തം മുറുക്കി.
” വിട് സൈമാ … ഹെഡ് മാസ്റ്ററുടെ അടുത്തുപറഞ്ഞുകൊടുക്കും കേട്ടോ ” ലീല അവന്റെ കൈ വിടുവിക്കാൻ നോക്കി
”’ പറഞ്ഞിട്ട് പോയാ മതി നീ ” സൈമൺ റിബൺ കടിച്ചുകൊണ്ട് വില്ലൻസ്റ്റയിലിൽ നിന്നു
” വിട് സൈമാ …. ”’ രാധിക കരയുന്ന വക്കിലെത്തി
” സൈമാ … രാധൂനെ വിട് ..വീട് സൈമാ ” വാസു കയ്യിൽ ഉണ്ടായിരുന്ന പുസ്തകങ്ങൾ നിലത്തിട്ടിട്ട് ഒരു കൈ കൊണ്ട് നിക്കർ പിടിച്ചു കൊണ്ട് മറുകൈ കൊണ്ട് സൈമണെ പിടിച്ചു പുറകിലേക്ക് വലിച്ചു.
” നീ പോടാ പട്ടിച്ചെറുക്കാ” പുറകിൽ നിന്ന് വട്ടം പിടിച്ച വാസുവിനെ കുതറിയെറിയാൻ സൈമൺ നോക്കിയെങ്കിലും അവനെക്കാൾ തടിയും പൊക്കവുമുള്ള വാസുവിന്റെ പിടിവിടുവിക്കാനായില്ല .
“‘എന്റെ മുട്ടീയീടെ പൈസാ താടാ പട്ടീ .. മുട്ടായീം തിന്നിട്ട് പറ്റിക്കുന്നോ ..നിന്നെ ഞാൻ കാണിച്ചു തരാടാ ”
വാസു പിടി വിട്ടപ്പോൾ സൈക്കിളെടുത്തു മുന്നോട്ട് പോയി തിരിഞ്ഞു നിന്ന് സൈമൺ വെല്ലുവിളിച്ചു
” ഞാൻ പൈസ തന്നോളം . ഞായറാഴ്ച രാധൂന്റെ വീട്ടിൽ പണിയൊള്ളതാ ”’
”എനിക്കിന്ന് തന്നെ പൈസ തന്നോണം .. സ്കൂളിലേക്ക് വാടാ ..നിന്നെ ഞാൻ കാണിച്ചുതരാം ” കലി തുള്ളി പറഞ്ഞിട്ട് സൈമൺ സൈക്കിൾ ചവിട്ടി പാഞ്ഞുപോയി
” രാധൂ …ഉഷേ .. വീട്ടിലും ഹെഡ്മാസ്റ്ററിന്റേം അടുത്തൊന്നും പറയാൻ പോകണ്ടട്ടോ . അവൻ ചീത്തയാ . നിങ്ങളെ എന്തേലും ചെയ്യും ” വാസു പേടിയോടെ പറഞ്ഞു .
”ഡീ … ഉഷേ ..രാധൂ … വാസൂനെ സൈക്കിളിടിച്ചു . റോഡില് വെച്ച് …ആരാന്ന് കണ്ടില്ല . ബോധം പോയി വാസൂന്റെ . മത്തായിസാറും മേരിട്ടീച്ചറും കൂടെ ആശൂത്രീൽ കൊണ്ടോയി ”
ഇന്റർവെല്ലിന് ഓടിപ്പിടുത്തം കളിക്കുന്നതിനിടയിലേക്ക് ഓടിവന്ന മൈക്കിൾ അവരോടായി പറഞ്ഞു .
” അയ്യോ .. എന്നിട്ട് .. ”’ മൂവരും കളി നിർത്തി മൈക്കിളിന്റെ ചുറ്റും കൂടി.
”കുഴപ്പമില്ലന്നാ പറഞ്ഞെ . ഇൻജെക്ഷൻ ചെയ്തത് കൊണ്ട് സ്റ്റാഫ്റൂമിൽ ഇരുത്തിയേക്കുവാ ”’
” മുറിഞ്ഞിട്ടുണ്ടല്ലോടാ വാസൂ … ”
ഉച്ചക്ക് വരാന്തയിൽ ചമ്രം പടിഞ്ഞിരുന്ന് ചോറ് കഴിക്കാനിരുന്ന രാധിക വാസുവിന്റെ നെറ്റിയിൽ നോക്കി പറഞ്ഞു . കവിളിലും കൈയിലും മുട്ടിലുമൊക്കെ തോല് മുറിഞ്ഞു ചോര പൊടിഞ്ഞിരുന്നു .
“”എന്റെ നിക്കറ് പിന്നേം കീറി. ആകെ നല്ലത് ഉണ്ടായിരുന്നത് ഇതാ ”
”കാണിച്ചേ … ” ഉഷ അവന്റെ ഷർട്ട് മുകളിലേക്ക് പൊക്കിയതും വാസു ബലമായി ഷർട്ട് താഴ്ത്തിയിട്ടു
” പൊറകിലാ … കൊറേ കീറി . ” അവന് സങ്കടം സഹിക്കാൻ പറ്റുന്നില്ലായിരുന്നു .
” ഇത് സൈമണാരിക്കും . “‘ ഉഷ കട്ടായം പറഞ്ഞു
“‘അതെ ..അവൻ തന്നെയാ ..എനിക്കുറപ്പുണ്ട് ”
വാസു ഒന്നും മിണ്ടിയില്ല
“‘നീയെന്തിനാ വാസൂ അവനെ പേടിക്കുന്നെ .. നിന്റെ ഒറ്റയിടിക്കില്ലല്ലോ അവൻ ” ലീല വാസുവിനെ നോക്കി .
“‘വഴക്കിനൊന്നും പോകണ്ട ”
ചോറ്റുപാത്രം ഭിത്തിയിലിടിച്ചു , തുറന്ന് കടച്ചക്ക തോരനും പരിപ്പുകറിയും വാഴക്കാപയറ് കൂട്ടും വാരി വാസുവിന്റെ ഇലയിലെ കപ്പപ്പുഴുക്കിന്റെ സൈഡിൽ വെച്ചിട്ട് രാധിക പറഞ്ഞു .
“‘ ചോറ് കഴിക്കടാ. ”’ ലീല തന്റെ ചോറിൽ കുറച്ചുഭാഗവും അവന്റെ ഇലയിലേക്കിട്ടു .
“‘ ഇല്ല.. വഴക്കിനൊന്നും ഇല്ല .. അവന്റെ ചാച്ചൻ എന്നേം അമ്മേനേം കുരുമുളക് പറിക്കാനും മറ്റും വിളിക്കുന്നതാ . ‘”
”എന്നും വെച്ച് … ഇവിടെ വേറെ എവിടേം പണികിട്ടൂല്ലേ … രാധൂന്റെ അച്ഛനോട് പറഞ്ഞാൽഎസ്റ്റേറ്റിൽ കിട്ടൂല്ലോ “”‘ ഉഷ പറഞ്ഞു
“”എസ്റ്റേറ്റിൽപണിക്കൊന്നും പിള്ളേരെ എടുക്കൂല്ല . അല്ലെങ്കി ഞാൻ പോയേനെ .. പിന്നെയിച്ചിരി സ്ഥലമുള്ളത് സൈമന്റെ വീട്ടിലും പള്ളിത്തോട്ടത്തിലുമാ .”’ ലീല പറഞ്ഞു .
”’സൈമാ … ഞാൻ വീട്ടിൽ പറയും … ഇന്നലെ ഞാൻ ക്ഷമിച്ചു . മുന്നീന്ന് മാറ് . ഞാൻ പഠിക്കാനാ സ്കൂളിൽ വരുന്നേ ”
പിറ്റേന്ന് പതിവ് പോലെ സ്കൂളിലേക്ക് വരുന്ന വഴി പാലത്തിന് നടുവിൽ തങ്ങളെ വിലങ്ങി സൈക്കിളിൽ നിന്ന സൈമണോട് രാധിക കനത്ത സ്വരത്തിൽ പറഞ്ഞു
”നീ പറയടി പോയി ആരോടാണെൽ … നിന്റപ്പന്റെ പണി പോകും ..എന്റപ്പന്റെ കൂട്ടുകാരനാ നിന്റപ്പൻ ജോലി ചെയ്യുന്ന എസ്റ്റേറ്റിന്റെ മാനേജര് ” സൈമൺ റിബൺ കടിച്ചഴിച്ചുകൊണ്ട് പറഞ്ഞു .
” നിന്റെ ഒക്കെ കൂടെ നടക്കുന്ന ആ വാലാട്ടിപ്പട്ടിയില്ലേ ..അവനിനി ഒരാഴ്ചത്തേക്ക് വരില്ല . അവൻ എന്നെ പിടിക്കാൻ വന്നേക്കുന്നു ”’ സൈമൺ സൈക്കിൾ സ്റ്റാൻഡിൽ വെച്ചിട്ട് രാധികയുടെ കയ്യിൽ പിടിച്ചു
“‘എന്നെ ഇഷ്ടമാണെന്ന് പറയടി ”’
”വിടാടാ അവളെ ..” ലീല പൊടുന്നനെ സൈമന്റെ പുറത്തുപിടിച്ചു തള്ളി
‘നീ പോടീ മാക്കാച്ചിത്തവളെ “”
സൈമൺ ലീലയെ റോഡിലേക്ക് തള്ളി വിഴ്ത്തി.
“‘ഡാ ..അവളെയൊന്നും ചെയ്യല്ലേ … ” ഉഷ സൈമന്റെ വട്ടം കയറി നിന്നതും സൈമൺ അവളെ ഉന്തി മാറ്റി
” ഠേ ”
”ഡീ ..നീയെന്നെ അടിക്കാറായോ … ”’
കൂട്ടുകാരികളെ ഉപദ്രവിക്കുന്നത് കണ്ട രാധിക തന്നെ അടിച്ചപ്പോൾ സൈമണ് കലി അടക്കാനായില്ല. അവൻ രാധികയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് പാലത്തിന്റെ കൈവരിയിലേക്ക് ചേർത്തു നിർത്തി.
” യ്യോ ..രാധൂ ..”
”അയ്യോ … രാധികേ …ഓടിവായോ അയ്യോ … ഓടിവായോ ”
പിടിവലിക്കിടെ പാലത്തിൽ നിന്നും രാധിക ആറ്റിലേക്ക് വീണത് കണ്ട ഉഷയും ലീലയും കാറി കൂവിയപ്പോൾ അമ്പരന്ന് പോയ സൈമൺ സൈക്കിളുപേക്ഷിച്ചു ഓടി …
“‘ എന്നാ ..എന്നാ പറ്റി ”’
ഒപ്പം എത്താനായി ഓടി വന്ന വാസു കരച്ചിലും ബഹളവും കേട്ട് കയ്യിൽ ഉണ്ടായിരുന്ന പുസ്തകങ്ങൾ വലിച്ചെറിഞ്ഞു അവരുടെ അടുത്തേക്ക് ഓടിയെത്തി .
” വാസൂ … വാസൂ … രാധു … രാധൂനെ അവൻ ആറ്റിൽ തള്ളിയിട്ടു ”’
ഉഷക്ക് ശബ്ദം പുറത്തേക്ക് വരുന്നില്ലായിരുന്നു .
” എഹ്…അയ്യോ … ”
താഴേക്ക് ഒരു നിമിഷം നോക്കിയ വാസു അടുത്ത നിമിഷം പാലത്തിന്റെ കൈവരിയിൽ കേറി താഴേക്ക് ചാടി.
”ഡാ ..സൂക്ഷിക്കണേ … ”
”അമ്മേ …ഇറങ്ങാറായി … ബാക്കി വീട്ടിൽ ചെന്നിട്ട് പറയണം കേട്ടോ ”
രാധികയുടെ തോളിൽ ചാരിക്കിടന്ന കഥ കേട്ടിരുന്ന ശ്യാമ എണീറ്റ് മുടിയൊക്കെ വാരിയൊതുക്കി സീറ്റിന് അടിയിൽ നിന്നും ബാഗുകൾ എടുത്തു.
” ഒത്തിരിയുണ്ടോടീ നടക്കാൻ ”’
” കവലയിൽ കുറച്ചുനേരം നിന്നാൽ ഓട്ടോ കിട്ടുമെന്ന് ഞാൻ പറഞ്ഞതല്ലേ … മടുത്തോ അമ്മാ …ഒരു പത്തുമിനിറ്റ് കൂടി നടക്കണം ”
വണ്ടിയിറങ്ങി നടക്കുന്നതിനിടെ രാധിക ചോദിച്ചപ്പോൾ ശ്യാമ ചിരിച്ചു.
” പോടീ ഒന്ന് … ഹൈസ്കൂൾ ആയപ്പോൾ സ്കൂളിൽ പോകാനുള്ള എളുപ്പത്തിനാ ഞങ്ങൾ ഇവിടുത്തെ എസ്റ്റേറ്റിലേക്ക് വന്നേ . അതിന് മുൻപ് അച്ഛൻ ജോലി ചെയ്തീരുന്നിടത്തു യൂ പി സ്കൂൾ വരെ ഉണ്ടായിരുന്നുള്ളൂ ..
എന്നിട്ടും ഇവിടെ ഒരു മണിക്കൂറോളം നടക്കാനുണ്ടായിരുന്നു . അന്നിത്രേം വീടുകൾ ഇല്ല
ഞാൻ വീണ ആ പാലമില്ലേ ..അവിടുന്ന് ഇത്രേം ദൂരത്തിനിടക്ക് നാലോ അഞ്ചോ വീട് മാത്രം . ബാക്കിയൊക്കെ എസ്റ്റേറ്റാ ”’
”’ ഓ … അതാരിക്കും അമ്മാ അന്ന് വീണപ്പോൾ ആരും വരാത്തത് അല്ലെ …ആട്ടെ വാസുവിന് എന്നിട്ടെന്തെലും പറ്റിയോ ?”’
” ഹേയ് ..മഴക്കാലത്ത് മലവെള്ള പാച്ചിലിൽ ആറ്റിലൂടെ വിറകും തേങ്ങയും ചിലപ്പോ ചെറുകാട്ടുമൃഗങ്ങളൊക്കെ ഒഴുകി വരുമായിരുന്നു .
അതൊക്കെ ആറ്റിൽ ചാടിപ്പിടിക്കും നീന്തലറിയുന്ന എസ്റ്റേറ്റ് പണിക്കാര് . അക്കൂട്ടത്തിൽ ചാടുന്ന ആളായിരുന്നു വാസുവും . അവനെന്ത് അടിയൊഴുക്ക് ?”
“‘ സ്കൂളിൽ എന്ത് പറഞ്ഞു എന്നിട്ട്?””
“”ഹൈസ്കൂൾ കുട്ടികൾ അല്ലെ … പഠിക്കുന്ന സമയത്ത് പ്രണയോം മറ്റും . അച്ഛനും സൈമന്റെ അപ്പച്ചനും അത്ര കാര്യമാക്കിയില്ല .
പിള്ളേർ തമ്മിലുള്ള ചെറിയ വഴക്കെന്ന് കരുതി . പക്ഷെ ഞാൻ സ്കൂളിൽ പോകുന്നില്ലെന്ന് തീർത്തു പറഞ്ഞു . പിന്നെ അച്ഛൻ നാട്ടിലുള്ള എസ്റ്റേറ്റ് ഫാക്ടറിയിലേക്ക് മാറി ”
“”സൈമണ് എന്ത് പറ്റി അമ്മാ … ?”‘
” അറിയില്ല . സൈക്കിളിൽ നിന്ന് വീണ് കാൽ ഓടിഞ്ഞെന്നു ലീല പറഞ്ഞറിഞ്ഞു.””
”’ ഹ്മ്മ്മ് …എന്നുമുണ്ട് ഈ പ്രണയത്തിന്റെ പേരിൽ പ്രശ്നങ്ങൾ . ചിലപ്പോ കൂട്ടത്തിൽ കാണാൻ കൊള്ളാവുന്നവൾ തന്റെ കാമുകി എന്ന് പറഞ്ഞു കൂട്ടുകാരുടെ മുന്നിൽ ഞെളിഞ്ഞു നടക്കാനാകും .അല്ലാതെ എട്ടുംപൊട്ടും തിരിയാത്ത ആ പ്രായത്തിലൊക്കെ എന്ത് പ്രണയമാണ് ഫീൽ ചെയ്യുന്നത് ?”
”’ ശ്യാമകൊച്ചെ വരുന്ന വഴിയാണോ ?”’
“‘ആഹാ .. ദേവേട്ടനോ . ജീപ്പിന്റെ ശബ്ദം കേട്ടപ്പോ ഞാനോർത്തു .ദേവേട്ടൻ ആയിരിക്കുമെന്ന്. ക്വാട്ടാ വാങ്ങാൻ പോയിവരുമായിരിക്കും അല്ലെ ”’
സൈഡിൽകൊണ്ട് വന്നു നിർത്തിയ ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് നോക്കി ചോദിച്ചിട്ട് ജീപ്പിന്റെ പുറകിലേക്ക് ശ്യാമ കയ്യിലെ ബാഗ് വെച്ചു.
“‘അമ്മാ … മുന്നിൽ കേറിക്കോ ..ഞാൻ പറഞ്ഞിട്ടില്ലേ ദേവേട്ടനെ പറ്റി . നമ്മുടെ ഹൌസ് ഓണർ .. ദേവേട്ടാ …ഇതാണെന്റെ അമ്മ …”’
“‘രാധിക മാഡം അല്ലെ … ശ്യാമകൊച്ച് എപ്പോഴും പറയും അമ്മേടെ കാര്യം. പക്ഷെ ജെർമനീൽ ഒക്കെ സെറ്റിലായ ആളെന്ന് കേട്ടപ്പോൾ ഞാനോർത്തു മുടിയൊക്കെ വെട്ടി കളർ ചെയ്ത് ജീൻസൊക്കെ ഇട്ട് മോഡേൺ ആയിരിക്കുമെന്ന് ”’
ദേവൻ ചിരിച്ചുകൊണ്ട് രാധികയെ നോക്കി പറഞ്ഞിട്ട് ജീപ്പെടുത്തു.
” മോഡേൺ ഒക്കെയായിരുന്നു ദേവേട്ടാ… പക്ഷെ അമ്മക്ക് എപ്പോഴും ഇവിടം ആയിരുന്നു ഇഷ്ടം. ഈ ഞാൻ പോലും അമ്മയുടെ ആ ഇഷ്ടങ്ങളിലാണ് ജീവിച്ചതും വളർന്നതും. ഞാൻ പറഞ്ഞിട്ടില്ലെ..
ടീച്ചിങ് എനിക്ക് ഇഷ്ടമുള്ള പ്രൊഫഷൻ ആണ്. പുറത്ത് സെറ്റിൽ ആകാതെ ഇവിടെ നോക്കിയതും ഞാൻ അമ്മയുടെ ഈ ഇഷ്ടം മനസ്സിലാക്കിയാണ്. ഇതുവരെയും അമ്മ എനിക്ക് വേണ്ടി മാത്രമാണ് ജീവിച്ചത് . ഇനിയെങ്കിലും അമ്മ അമ്മക്ക് വേണ്ടി ഇഷ്ടമുള്ള പോലെ സന്തോഷത്തോടെ ജീവിക്കട്ടെ””
“” എന്താ മോളെ ഇത്…നീ അമ്മയെക്കൂടി വിഷമിപ്പിക്കാതെ.”” ദേവൻ മിററിലൂടെ പുറകിലേക്ക് നോക്കി പറഞ്ഞു.
“” ഇനി ജർമ്മനിക്കുണ്ടോ തിരിച്ച്. നമുക്ക് മോൾടെ കൂടെ ഇവിടെയങ്ങ് കൂടാം രാധികാ മാഡം””
“” ഇനിയെങ്ങോട്ടുമില്ല ദേവേട്ടാ.. മോള് പറഞ്ഞിട്ടുണ്ടോ.. എന്റെ ബാല്യം ഇവിടെയായിരുന്നു. ഒൻപതാം പത്തു വരെ ..””
” പിന്നെ… എനിക്കറിയാം…. മാഡം ദേവൻ എന്നു വിളിച്ചാൽ മതി.””
“” അമ്മേ ..ആൾ ഇക്കാണുന്ന പോലെയൊന്നുമല്ല . ഇവിടുത്തെ ഒരു നാട്ടു പ്രമാണിയാ കേട്ടോ. മിലിട്ടറി റിട്ടയേർഡ്. ചെറിയൊരു എസ്റ്റേറ്റ്. നാട്ടുകാർ എല്ലാം ദേവൻ സാർ എന്നാ വിളിക്കുന്നെ. ഞാൻ പിന്നെ അടുപ്പം കൊണ്ട് ദേവേട്ടാ എന്നു വിളിക്കുന്നതാ.””
“” ആഹാ… എന്നിട്ടുമെന്തേ വിവാഹം കഴിക്കാത്തെ. ദേവന്റെ ഫാമിലി ? മോൾ വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിൽ ഒന്നും ദേവന്റെ ഫാമിലിയെ കുറിച്ച് പറഞ്ഞില്ല. അത് കൊണ്ടാണ് കേട്ടോ ചോദിച്ചത്… സോറി””
“” ആർമിയിൽ നിന്ന് വർഷത്തിൽ ഒന്നല്ലേ നാട്ടിൽ വരൂ… ആലോചിക്കാൻ ആരും ഉണ്ടായില്ല. ലീവ് കഴിഞ്ഞു ഞാൻ മടങ്ങുമ്പോൾ തനിച്ച് ഇവിടെ നിൽക്കാൻ ആരും തയ്യാറായുമില്ല.””
“” അച്ഛനും അമ്മയും സഹോദരങ്ങളുമൊക്കെ…””
“” അമ്മയെ ഉണ്ടായിരുന്നുള്ളൂ. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു… ഞാൻ ട്രെയിനിംഗ് പൂർത്തിയാക്കി ഉടനെ അതിർത്തിയിൽ ഒരു പ്രശ്നം ഉണ്ടായി.. ആ സമയത്താണ് അമ്മ മരിക്കുന്നത്. ഒന്ന് കാണാൻ കൂടി പറ്റിയില്ല”” ദേവന്റെ കണ്ഠം ഇടറി.
“” സോറി..ദേവാ…. ഞാൻ ഓരോന്ന്…ആരൊക്കെ ഉണ്ടാ യാലും ചിലപ്പോഴൊക്കെ തനിച്ചാവും ദേവാ.. മോൾ പറഞ്ഞിട്ടുണ്ടാകും ,ഞാൻ നാല് വിവാഹം കഴിച്ചു.
ആദ്യവിവാഹം ആറു മാസമേ നീണ്ടുള്ളൂ. ആക്സിഡന്റ് ആയിരുന്നു. അക്കൂടെ എന്റെ അച്ഛനും അമ്മയും പോയി. ഞാൻ മാത്രം തനിച്ചായി. അന്ന് ഞാൻ മൂന്ന് മാസം പ്രെഗ്നൻറ് ആണ്.
അച്ഛൻ പല എസ്റ്റേറ്റുകളിൽ ജോലി നോക്കിയുരുന്നത് കൊണ്ട് സ്വന്തമായി ഒരു വീടില്ലായിരുന്നു. അതുകൊണ്ട് ഒരു സുപ്രഭാതത്തിൽ നടുറോഡിൽ ഇറങ്ങിയ അവസ്ഥ. പത്രത്തിൽ കണ്ട ജോലികൾക്ക് ഒക്കെ അപേക്ഷിച്ചു. അങ്ങനെയാണ് പുറത്തേക്ക് പോയത് .
അവിടെ ജോലി നഷ്ടപ്പെട്ട് തിരികെ പോരുമെന്ന അവസ്ഥയിൽ ആണ് ഞാൻ രണ്ടാം വിവാഹം കഴിക്കുന്നത്. അവിടുത്തെ ഒരു പൗരനുമായി. ലിവിങ് ടുഗെതർ സംസ്കാരം ശീലിച്ചിട്ടുള്ള അവർക്ക് വെറും ഒരു നേരമ്പോക്ക് മാത്രമായിരുന്നു ആ വിവാഹം. അഡ്ജസ്റ്റമെന്റിന്റെ പരമാവധി ചെയ്ത് അവസാനം അത് പിരിഞ്ഞു ”
“”സാരമില്ല… ഓരോരുത്തർക്കും ഓരോന്നാണ് വിധിച്ചിട്ടുള്ളത് . രാധികമാഡം ഇപ്പഴും ചെറുപ്പം ആണല്ലോ. ഇനിയുമൊരു വിവാഹം വേണമെങ്കിൽ കഴിക്കാം..”” വലിയ ഒരു വീടിന്റെ പോർച്ചിലേക്ക് ജീപ്പ് നിർത്തി ദേവൻ പറഞ്ഞു.
“” ദേവേട്ടാ… വേണ്ടട്ടോ.. അമ്മ ചിലപ്പോ അതിനും റെഡി ആവും”‘ ബാഗുമെടുത്തു പുറത്തിറങ്ങിയ ശ്യാമ രാധികയെ കളിയാക്കി.
“”മോളെ…വെറുതെ അമ്മയെ എന്തിനാ…””
“അവൾ പറയട്ടെ ദേവാ… എന്നെ ശുണ്ഠി പിടിപ്പിച്ചാലെ അവൾക്ക് സുഖമുള്ളൂ…””
രാധിക ജീപ്പിൽ നിന്ന് എടുത്ത ബാഗ് വീടിന്റെ തിണ്ണയിലേക്ക് വെച്ചിട്ട് വീടിന്റെ ചുറ്റും നോക്കി.
“” വൗ …സൂപ്പർ.. ഇത്.. ദേ.. അത് ആരുടെ വീടാ… ദൈവമേ… അത് …ആ വീട്ടിൽ ആയിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അതേ…അതു തന്നെ…””
വീടിന് അല്പം താഴെ ഷീറ്റ് കൊണ്ട് മേഞ്ഞ ഒരു വീട് ചൂണ്ടി രാധിക അത്ഭുതത്തോടെ പറഞ്ഞു.
“” അതാണ് ദേവേട്ടന്റെ കൊട്ടാരം…” ശ്യാമ അമ്മയോടുപറഞ്ഞു
“”അതോ… അത് ചെറിയ വിടല്ലേ.. അതിലും വലിയ വീട് അല്ലെ ഇത്.. ഇത് വാടകക്ക് കൊടുത്തിട്ട് ദേവൻ എന്താ അവിടെ താമസിക്കുന്നെ?ഞാൻ ..ഞാനൊന്ന് പോയി കണ്ടോട്ടെ””
രാധികക്ക് സന്തോഷം സഹിക്കാൻ ആവുന്നില്ലായിരുന്നു.അവൾ കുത്തുകല്ലുകൾ ഇറങ്ങി ആ വീട്ടിലേക്ക് ഓടി.
“” ഞാൻ കാപ്പിയിടാം… മോളെ.. അമ്മയെ പരിസരമൊക്കെ ഒന്ന് കാണിക്ക് “” അവർക്ക് പുറകെയിറങ്ങിവന്ന ദേവൻ വീടിന്റെ വാതിൽ തുറന്ന് അകത്തേക്ക്. കേറിക്കൊണ്ടു പറഞ്ഞു.
“”ആദ്യം ഞാൻ അകമൊന്ന് കാണട്ടെ… ദൈവമേ… എല്ലാം അതുപോലെ ഉണ്ട്. പണ്ട് ആസ്ബറ്റോസ് ഷീറ്റ് ആയിരുന്നു. അടുക്കളയൊന്നും തേച്ചിട്ടില്ല.””
രാധിക വീട്ടിലേക്ക് കയറി ഉള്ളോക്കെ നോക്കി പറഞ്ഞു.
“” അധികം ഒന്നും എന്റെ കയ്യിൽ കിട്ടിയിട്ട് ഞാൻ ചെയ്തില്ല. ഒന്ന് പൊളിച്ചു മേഞ്ഞു. പിന്നെ പെയിന്റിങ്ങ്. “”
“” ഊം… നോക്ക് ഈ മാവിൽ ആയിരുന്നു ഊഞ്ഞാൽ കെട്ടിയിരുന്നത്. ഒന്നര വർഷം ഉള്ളൂ ഞങ്ങൾ ഇവിടെ താമസിച്ചിട്ട്. പക്ഷെ അതിന് മുമ്പ് താമസിച്ചിരുന്ന എസ്റ്റേറ്റിന്റെ ഓർമ ഒന്നുമില്ല അധികം. ഹൈസ്കൂൾ ഇവിടെ അല്ലായിരുന്നോ.അത്കൊണ്ടിവിടം ശെരിക്കും ഓർമയുണ്ട്.”
അടുക്കള വാതിലിലൂടെ പുറത്തേക്ക് ഇറങ്ങി പച്ചക്കറി തോട്ടത്തിലൂടെ ആവേശത്തോടെ രാധിക നടന്നു.
“” അമ്മാ… അന്ന് അമ്മേടെ ഫ്രണ്ട്സിന്റെ പേരൊക്കെ അറിയില്ലേ… ഒരു ഉഷ… അതെനിക്ക് ഓർമയുണ്ട്.. പക്ഷെ അങ്ങനെ ഒരാളെ ഇവിടെയൊക്കെ അന്വേഷിച്ചിട്ടു കണ്ടില്ല.””
” ഉഷ.. ലീല .ഞങ്ങൾ മൂന്നും ആയിരുന്നു ഭയങ്കര കൂട്ട്.. ഇലുമ്പിക്കയും വാളൻ പുളിയും ഒക്കെ ആയിട്ടാ അവർ വരുന്നെ.””
“”ഇലുമ്പി ഞാൻ ഒരെണ്ണം വെച്ചു പിടിപ്പിച്ചിട്ടുണ്ട് കേട്ടോ… കാപ്പി കുടിക്ക്.. നമ്മുടെ തോട്ടത്തിലെ കാപ്പിക്കുരു പൊടിച്ചതാ.ചിക്കിരി ചേർത്തത് .”” ദേവൻ കാപ്പിയുമായി വന്നു പറഞ്ഞു
“” ഹമ്… നല്ല ടേസ്റ്റ്…താങ്ക്സ് ദേവാ… ചുമ്മാതല്ല മോൾ ഇടക്ക് ഇവിടുന്ന് കാപ്പി കുടിക്കാൻ വരുന്നെ. ദേവന് കൈപ്പുണ്യം ഉണ്ട്..””രാധിക കാപ്പി മൊത്തി കുടിച്ചു കൊണ്ട് വീണ്ടും തോട്ടത്തിലൂടെ നടന്നു.
“”കേട്ടോ മോളെ…ഇവിടെ കൃഷി ഒന്നും നമുക്ക് ഇല്ലായിരുന്നല്ലോ . ആകെ ഉള്ളത് ഈ മാവും ഒന്ന് രണ്ട് തെങ്ങും.
അവര് കൊണ്ട് വരുന്ന പഴങ്ങളും എല്ലാം ഞങ്ങൾ വീതം വെക്കും…
പൊതിച്ചോറൊക്കെ വീതം വെച്ച്. ഇറച്ചിയും മീനുമൊക്കെ വീട്ടിലേ മേടിക്കാറുള്ളൂ . വല്ലപ്പോഴും ഉഷയും കൊണ്ട് വരും. അവൾടെ വീട്ടിൽ അച്ഛനും അമ്മക്കും ചേട്ടന്മാർക്കും എസ്റ്റേറ്റിൽ ജോലിയുണ്ടായിരുന്നു. ഞങ്ങളും വാസുവും കൂടെ… അയ്യോ ..വാസൂനെ മറന്നു…””
രാധിക തലയിൽ കൈ വെച്ചു.
“വാസുവിനെ ഞാനും തിരക്കി. പഴയ ആളുകളിൽ ആകെ ഉള്ളത് മൂന്നോ നാലോ വീട്ടുകാരാണ്. പക്ഷെ അവർക്കൊന്നും നിങ്ങളെ ഓർമയില്ല. പിന്നേ അമ്മാ…ഇവരെ ഒന്ന് കണ്ടു പിടിക്കണം… അമ്മാ…ഈ ദേവേട്ടൻ ഉണ്ടല്ലോ.. ഈ വീട് മേടിച്ചത് എന്താന്ന് അറിയോ. ഇവിടെ താമസിച്ചിരുന്ന ഒരു പെണ്ണിനെ ദേവേട്ടന് ഇഷ്ടമായിരുന്നു പോലും. സ്കൂളിലെ ശാരിക ടീച്ചർ പറഞ്ഞറിഞ്ഞതാ .അതാണ് പുതിയ വീട് വെച്ചിട്ടും ഇവിടെ തന്നെ താമസിക്കുന്നത് “”
“”ആഹാ !!അത് കൊള്ളാമല്ലോ ദേവാ..ഞങ്ങൾ പോയിട്ട് ആരാണ് വന്നതെന്ന് അറിയില്ല. ദേവൻ ഇവിടെയാണോ ജനിച്ചത്””
“” എടാ പട്ടീ…”” റോഡിന് മുകളിൽ നിന്നും ഉച്ചത്തിലുള്ള തെറി വാക്കുകൾ കേട്ടതും ദേവന്റെ മുഖം വിളറി .
“”ഇറങ്ങി വാടാ പട്ടീ ധൈര്യം ഉണ്ടേൽ…””
“”ഞാനിപ്പോ വരാം..””ദേവൻ അതിവേഗത്തിൽ വീട്ടിലേക്ക് കയറി പുറത്തിറങ്ങി പോകുന്നത് രാധിക കണ്ടു.
“”എന്നും അയാൾ വന്ന് ദേവേട്ടനെ ചീത്ത പറയും. മുഴുക്കുടിയനാ . മുടന്തനാ. അത് കൊണ്ടാരിക്കും ദേവേട്ടൻ ഒന്നും പറയാറില്ല. അല്ലേൽ ദേവേട്ടന്റെ ഒരു അടിക്കില്ല അയാൾ. ചിലപ്പോ ക്വാട്ടാ കിട്ടുന്ന കുപ്പി കൊടുക്കുന്ന കാണാം. ചിലപ്പോ പൈസയും കൊടുക്കും””
“”പഴേ ഒരു കൂട്ടുകാരനാ…പാവം”” തിരികെവന്ന് , മുറ്റത്തെ കിണറ്റിൽ നിന്നും വെള്ളം കോരി മുഖത്തൊഴിച്ചു കൊണ്ട് ദേവൻ ചിരിക്കാൻ ശ്രമിച്ചു.
“” ഹമ്… ഞങ്ങൾ എന്നാ പോയിട്ട് പിന്നെ വരാം ദേവാ.. ഇനി ഇവിടെയുണ്ടല്ലോ..””
ദേവന്റെ മുഖം വിളറിയത് ശ്രദ്ധിച്ച രാധിക പറഞ്ഞിട്ട് റോഡിലേക്ക് നടന്നു.
“”വാസൂ…””
മുറ്റത്തെ മാവിൽ ഊഞ്ഞാൽ കെട്ടുകയായിരുന്ന ദേവൻ പുറകിൽ നിന്നുള്ള ശബ്ദം കേട്ട് ഞെട്ടിത്തിരിഞ്ഞു .
“”രാധി..കാ …മാഡം”” ദേവന്റെ ശബ്ദം പതറി.
“”നീയെന്നെ വിളിച്ചിരുന്നത് രാധുന്നല്ലായിരുന്നോ വാസൂ.. മനപ്പൂർവ്വം ആളെ മനസ്സിലാകാത്തിരിക്കാൻ ആയിരുന്നോ നീ മാഡം എന്ന് വിളിച്ചത്.?””
” അല്ല…അന്നും സൂപ്രണ്ടിന്റെ മോളെ പേര് വിളിച്ചിരുന്നത് രാധു അങ്ങനെ വിളിച്ചാൽ മതിയെന്ന് കട്ടായം പറഞ്ഞത് കൊണ്ടല്ലേ..””
“” ഓഹോ.. എന്നിട്ട് ആണോ ആ വാസു എന്നെ ആരും അറിയാതെ പ്രണയിച്ചത്?””
“”രാധു ഞാൻ…””
“” എന്നെ…എന്നെ മനസിലായിരുന്നോ ഇന്നലെ..”” ദേവൻ വിക്കി
“”ഇല്ല… നീയാകെ മാറി പോയില്ലേ.. മുടിയൊക്കെ പറ്റെ വെട്ടി.. പൊക്കവും വണ്ണവും കൂടി..””
“”ശ്യാമകൊച്ചിനെ കണ്ടപ്പോഴേ എനിക്ക് രാധുന്റെ മോൾ എന്നു തോന്നിയിരുന്നു .അതേ പകർപ്പ്..പിന്നെ…പിന്നെയെങ്ങനെ മനസ്സിലായി ഞാൻ ആണെന്ന്””
“ഇന്നലെ റോഡിലേക്ക് കയറിയപ്പോൾ അവൻ അവിടെ ഉണ്ടായിരുന്നു….സൈമൺ. കുടിച്ചു ബോധം അവശനായി നിന്നെ തെറി പറഞ്ഞോണ്ട്…വാസുദേവൻ എന്നുള്ള നിന്റെ മുഴുവൻ പേര് ഞാൻ പോലും മറന്നല്ലോടാ… അന്ന്..അന്നെന്താ ഉണ്ടായെ..? സൈമണ് എന്താ സംഭവിച്ചത്?””
“” സൈമൺ പിന്നെയും രാധുനെ ഉപദ്രവിക്കുമെന്നു ഞാൻ പേടിച്ചു. പിറ്റേന്ന് വൈകിട്ട് അവൻ സൈക്കിളിൽ നിന്നും വരുന്ന വഴി ഞാൻ …..””
“”ആ ദേഷ്യത്തിനും പേടിയിലും എന്തൊക്കെയോ ചെയ്തു..അവന്റെ ബോധം പോയപ്പോ ഞാൻ പേടിച്ച് പോയി . അമ്മയും ഞാനും പിറ്റേന്ന് ആരും അറിയാതെ നാട്ടിലേക്ക് പോയി. ആ ദിവസം തന്നെ നിങ്ങളും ഇവിടം വിട്ട് പോയിരുന്നു “”
“ഒരിക്കൽ പോലും നീ ഭാവിച്ചിട്ടില്ലല്ലോടാ എന്നോടുള്ള പ്രണയം””
രാധികക്ക് അത്ഭുതം ആയിരുന്നു
“”ആർക്കും… ആരെയും സ്നേഹിക്കാമല്ലോ രാധു.. അതിന് അർഹത ഇല്ലെങ്കിൽ കൂടിയും…സൂപ്രണ്ടിന്റെ മോളെ ഞാൻ എങ്ങനെ ? “”
“”പറയാനാവാത്ത പ്രണയത്തിന് മരണമില്ല രാധൂ ..പറയാനാവാത്തതിനാൽ അവിടെ ആവശ്യങ്ങളില്ല ..പിണക്കങ്ങളും ആവലാതികളുമില്ല ..അതുകൊണ്ടൊക്കെയാകും ഞാൻ ഇപ്പോഴും ..”’..””
“” ഇത്ര നാളും എന്നെ മറക്കാതെ കാത്തിരുന്നിട്ട്…ഞാൻ എന്താണിപ്പോ വാസൂ നിന്നോട് പറയുക…”” രാധിക ദേവന്റെ പരുപരുത്ത താടിയിലൂടെ വിരലോടിച്ചു.
“” ശ്യാമ പറഞ്ഞിട്ടുണ്ട് എറിക്കിന്റെ കാര്യം. വൈഫ് ഇൻ ലോയെ അമ്മയെ പോലെ കാണുന്നത് ആണ് നമ്മുടെ നാട്.. നടന്നതൊക്കെ രണ്ടാളും മറക്കുക. ശ്യാമയെ നല്ല ഒരു ചെറുക്കനെ കൊണ്ട് കല്യാണം കഴിപ്പിക്കണം. അതെന്റെ കൂടെ ചുമതലയാണ്..””
“എന്നിട്ട് എന്തിനാ…എന്നെ കൂടെ കൂട്ടാനാ…”” രാധിക ചിരിച്ചു .
“”ഇത്ര നാളും മോൾക്ക് വേണ്ടിയല്ലേ ജിവിച്ചേ…അങ്ങനെ മതി ഇനിയും… “”
“ഹമ്…””
“” രാധു… ഒരു കാര്യം കൂടി…എല്ലാ ബാധ്യതളും തീർത്ത് ഒറ്റക്കായെന്ന് എന്നെങ്കിലും തോന്നിയാൽ…””
“”തോന്നിയാൽ…”
“”തോന്നിയാൽ . തോന്നിയാൽ മാത്രം.. ഞാനും ഇവിടെ ഒറ്റക്ക് ആണെന്ന് മനസിൽ ഓർക്കുക..””
“”ഹമ്..”” രാധിക പുഞ്ചിരിച്ചിട്ട് റോഡിലേക്ക് നടന്നു .
“” ധൈര്യം ഉണ്ടേൽ കേറി വാടാ… ടാ വാസൂ…സൈമന്റെ പെണ്ണാട അവൾ…””
ദേവന്റെ വീടിന് മുന്നിൽ വീണ്ടും ചീത്ത വിളിയുമായി എത്തിയ സൈമന്റെ കയ്യിലേക്ക് ഏതാനും നോട്ടുകൾ ചുരുട്ടി വെച്ച ശേഷം വീട്ടിലേക്ക് നടന്ന രാധികയുടെ മനസ് ആ പഴയ പതിനഞ്ച് കാരിയിലേക്ക് മടങ്ങിയിരുന്നു.