കുഞ്ഞിനെ നിങ്ങൾ ഏറ്റെടുത്താൽ അവർക്ക് സമ്മതാ ത്രെ, രാമചന്ദ്രൻ അത് പറയുന്നത്..

(രചന: ജ്യോതി കൃഷ്ണകുമാർ)

“”കുഞ്ഞിനെ നിങ്ങൾ ഏറ്റെടുത്താൽ അവർക്ക് സമ്മതാ ത്രെ “”””

രാമചന്ദ്രൻ അത് പറയുന്നത് കേട്ട് രമണി അമൃതയെ നോക്കി.. അവൾ മറ്റെങ്ങോ മിഴികൾ നട്ട് നിൽക്കുകയാണ്..

“”അമ്മേ.. “”” എന്നു വിളിച്ചു കണ്ണൻ ഓടി വന്നു… അംഗനവാടിയിലെ വിശേഷം പറയലാണ് അടുത്ത ജോലി…

അതിനവൻ അമ്മയെ…

“”ബാ “”” എന്ന് പറഞ്ഞ് അകത്തേക്ക് കൂട്ടി..

അവൾ അകത്തേക്ക് പോയപ്പോൾ രമണി ശബ്ദം താഴ്ത്തി പറഞ്ഞു

“”ഇത്രേം ചെറ്യേ കുട്ടിയെ എങ്ങനാ അവൾ പിരിയാ…”” എന്ന്…

“”ന്നാ പിന്നെ ഇവിടെ വച്ചോണ്ടിരുന്നോളിൻ പെണ്ണിനെ “”‘ എന്ന് തെല്ലു ഈർഷ്യയോടെ പറഞ്ഞു രാമചന്ദ്രൻ…

“”ഞാൻ സമ്മതിപ്പിച്ചോളാം “”” എന്ന് ഒരു ദീർഘ നിശ്വാസത്തിനു ശേഷം പറഞ്ഞു നിർത്തി രമണി..

മറ്റന്നാൾ അവരേം കൊണ്ട് വരാം എന്നും പറഞ്ഞ് അയാൾ പോയി.. രമണി ചെന്നതും ഉള്ളിൽ നിന്ന് അങ്കണവാടിയിൽ നിന്നും പഠിച്ച പാട്ട് കണ്ണൻ പാടുന്നത് കേട്ടു…

“””പാരി പരക്കുന്ന പൂമ്പാത്ത.. പൂമ്പോദി ചിന്നുന്ന പൂമ്പാത്ത.. പൂവിലോറങ്ങുന്ന പൂമ്പാത്ത.. പൂചിറകുള്ളൊരു പൂമ്പാത്ത””””

വല്ല്യേ കാര്യത്തിൽ ചൊല്ലി തീർത്തു അമ്മയുടെ മുഖത്തേക്ക് നോക്കി നിൽക്കുന്നുണ്ട്…

“””അമ്മേടെ മിടുക്കൻ കുഞ്ഞ്…”””

എന്നും പറഞ്ഞവന്റെ കവിളിൽ അമൃത ചുണ്ട് ചേർക്കുമ്പോൾ അവന്റെ കുഞ്ഞ് മുഖം സന്തോഷം കൊണ്ട് വിടരുന്നുണ്ടായിരുന്നു…

“”വിശക്കണില്ലേ അമ്മേടെ കണ്ണന് “”” എന്ന് പറഞ്ഞ് അവനെയും എടുത്തു വരുന്നവളെ ഒന്ന് നോക്കി..

“””അവര് മറ്റന്നാൾ കാണാൻ വരും ന്ന് “”‘. എന്നവളോട് അലസമായി പറഞ്ഞു…

“”അതെന്തിനാ അമ്മേ വരാൻ പറഞ്ഞെ…??? കണ്ണനെ ഉൾക്കൊള്ളാൻ പറ്റാത്തവരോട് വെറുതെ വരാൻ പറഞ്ഞിട്ട് എന്തിനാ “”‘

“”എന്തിനാ എന്നോ നിന്നെ കല്യാണം കഴിച്ച് കൊടുക്കാൻ… എന്റെ കണ്ണടയും മുമ്പ്..'””

“”ആയിക്കോട്ടെ.. വേണ്ട എന്ന് പറയണില്ല… ഞാൻ ഭാരാന്ന് നിക്ക് തന്നെ അറിയാം.. സമ്മതിച്ചോളാം… പക്ഷെ ഇത്തിരി സമയല്ലേ ചോദിച്ചുള്ളൂ.. മനസ്സിനെ ഒന്ന് പാകപ്പെടുത്താൻ”””

അവളുടെ മിഴികൾ നിറഞ്ഞിരുന്നു… അത് കാണെ ഒരു കുഞ്ഞി കൈ അത് തുടച്ചു നീക്കിയിരുന്നു.. അവൾ കണ്ണനെയും എടുത്തു അടുക്കളയിലേക്ക് പോയി.. രമണി എല്ലാം കണ്ട് ഉള്ള് നൊന്ത് അവിടെ തന്നെ തറഞ്ഞു നിന്നു… “”‘

പാലിൽ മുക്കി ബിസ്കറ്റ് കുഞ്ഞിന്റെ വായിൽ വച്ചു കൊടുക്കുമ്പോഴും അവളുടെ മിഴികൾ നിറഞ്ഞൊഴുകി…

“”ന്തിനാ അമ്മ കയ്യണേ””

കൊഞ്ചി ചോദിക്കുന്നവനെ കാണെ മിഴികൾ തുടച്ചു അവൾ…

“”അമ്മേടെ കണ്ണിൽ കരട് പോയതാ””” എന്ന് പറഞ്ഞു ഒന്ന് ചിരിച്ചു കാണിച്ചു…

രാത്രി പപ്പടവും മോര് കാച്ചിയതും കൂട്ടി കണ്ണന് ചോറ് കൊടുത്തു അതിന്റെ ബാക്കി മാത്രം കഴിച്ച് അവനെ ഉറക്കാൻ കിടക്കുമ്പോ,

അവളാ കുഞ്ഞി മുഖത്തേക്ക് നോക്കി.. വിവേകേട്ടനെ അങ്ങനെ പറിച്ചു വച്ചിട്ടുണ്ട്… ചിരിക്കുമ്പോൾ കുറുകുന്ന മിഴികളും. മൂക്കിന്റെ തുമ്പത്തെ കാക്കപ്പുള്ളിയും എല്ലാം..

കുഞ്ഞി കണ്ണുകളിൽ ഉറക്കം വന്ന് മൂടിയപ്പോൾ… അവളുടെ ചിന്തകൾ പുറകിലേക്ക് പോയി….

അന്ന് നവവധുവായി ഒരു പതിനെട്ടുകാരി വിവേകേട്ടന്റെ ജീവിതത്തിലേക്ക് കയറി ചെന്നപ്പോൾ ഉള്ളിൽ മുഴുവൻ ഭയമായിരുന്നു

കളിപ്രായം കഴിഞ്ഞിട്ടില്ലാത്തവൾക്ക് ഭാര്യ ആവേണ്ടി വന്നതിന്റെ ആധി.. അച്ഛൻ ഇല്ലാത്ത മകളെ അമ്മ സുരക്ഷിതമായ കൈകളിൽ ഏല്പിച്ചതായിരുന്നു…

സ്നേഹിക്കാൻ മാത്രം അറിയാവുന്ന ആളായിരുന്നു വിവേകേട്ടൻ, പക്ഷെ കുടി മാത്രം ആയിരുന്നു ഒരു പ്രശ്നം..

ചില ദിവസങ്ങൾ ബോധം നശിക്കും വരെ കുടിക്കും… കുടിച്ചാലും സ്നേഹം കൂടും എന്നല്ലാതെ ഉപദ്രവം ഒന്നും ഇല്ലായിരുന്നു…

ആദ്യം ഒന്നും അത്രക്ക് ഉണ്ടായിരുന്നില്ല.. പിന്നെ പിന്നെ കൂടുതൽ ആയി.. അപ്പോഴേക്കും കണ്ണനും എന്റെ ഉള്ളിൽ ജന്മം എടുത്തിരുന്നു…

ആകെ കൂടെ സന്തോഷത്തിൽ ആയിരുന്നു വിവേകേട്ടൻ… ഇനി കുടിക്കില്ല എന്ന് എന്നെയും വയറ്റിൽ കിടക്കുന്ന കുഞ്ഞിനേയും പിടിച്ചു സത്യം ചെയ്തു… അത് പാലിക്കുകയും ചെയ്തു…

പക്ഷെ ഒരു ദിവസം ജോലി കഴിഞ്ഞു വരുമ്പോഴാ കവലയിൽ വച്ച് നെഞ്ച് വേദന വന്നതും കുഴഞ്ഞു വീണതും.. കുടിച്ചിട്ട് കിടക്കാണ് എന്ന് കരുതി ആരും തിരിഞ്ഞു നോക്കിയില്ല..

ആരോ പിന്നെ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്ക് എല്ലാം കഴിഞ്ഞിരുന്നു..

എന്നിട്ടും അവിടെ നിന്നു… ആ വീട്ടിൽ…
പ്രസവം വരേയ്ക്കും ആ ഓർമ്മകളും ആയി… വിവേകേട്ടന്റെ അമ്മ മകൻ പോയതിന്റെ കുറ്റം കണ്ണന്റെ മേൽ ചാർത്തും വരെയും അവിടെ തുടർന്നു..

അങ്ങനെ പറഞ്ഞപ്പോൾ മാത്രം സഹിക്കാതെ പടിയിറങ്ങി… ഇവിടെ അമ്മയുടെ കൂടെ..

അമ്മക്ക് പിന്നെയും ആധി കൂട്ടാൻ… പറഞ്ഞ ദിവസം തന്നെ അവർ വന്നു…

ചെക്കൻ അഡ്വക്കേറ്റ് ആണെന്ന് പറയുന്നത് കേട്ടിരുന്നു ആദ്യത്തെ വിവാഹം പിരിഞ്ഞതാണത്രേ..
കുട്ടികൾ ഇല്ല… ഇപ്പോ പാവപ്പെട്ട വീട്ടിൽ നിന്നും മതി എന്ന് പറഞ്ഞാണ് ഇവിടെ വരെ എത്തിയത്…

ആളെ കണ്ടു… യോഗ്യൻ…

സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞ് വന്നപ്പോൾ കണ്ണനും എന്റെ കൈ പിടിച്ചു കൂടെ ഉണ്ടായിരുന്നു..

അമ്മ അവനെ വലിച്ച് കൊണ്ടുപോകാൻ നോക്കിയപ്പോൾ ആൾ തന്നെയാണ് പറഞ്ഞത് അവിടെ നിന്നോട്ടെ എന്ന്..
അത് കേട്ട് അമ്മ മെല്ലെ അവിടെ നിന്നും മാറി…

എന്റെ സാരിയിൽ മുഖം മറച്ചു ഇടക്ക് മാത്രം അയാളെ നോക്കി കണ്ണനും നിൽപ്പുണ്ട്.

‘”””എന്റെ പേര് മഹേന്ദ്രൻ… അമൃത അല്ലെ??”””

എന്ന് പറഞ്ഞു തുടങ്ങിയ ആളോട് വെറുതെ എല്ലാത്തിനും മൂളി കൊടുത്തു… അവസാനം തനിക്ക് എന്തേലും പറയാൻ ഉണ്ടോ എന്ന് ചോദിച്ചപ്പോഴാണ്,

മടിച്ചാണേലും പറഞ്ഞു ഒപ്പിച്ചത്,

കുഞ്ഞിനെ പിരിയാൻ വയ്യ എന്ന്… അങ്ങനെ ഒരു ജീവിതം ആഗ്രഹിക്കുന്നില്ല എന്ന്…

നേർത്ത ഒരു ചിരിയോടെ ആൾ പറഞ്ഞു അതിനാരാ കുഞ്ഞിനെ കളഞ്ഞ് വരാൻ പറഞ്ഞെ എന്ന്…

അമ്മയെ ഒരു മക്കളിൽ നിന്നും പിരിക്കാൻ അയാൾ ആഗ്രഹിക്കുന്നില്ല എന്ന്… അങ്ങനെ താൻ നിർബന്ധിക്കപ്പെട്ടപ്പോഴാ ആദ്യത്തെ വിവാഹം ഒഴിയേണ്ടി വന്നത് എന്ന്…

ഏറെ കഷ്ടപ്പെട്ട് അച്ഛനില്ലാത്ത തന്നെ വളർത്തിയ അമ്മയെ പറ്റി പറയുമ്പോൾ ആ മിഴികൾ തിളങ്ങിയിരുന്നു…

ആ അമ്മയെയും കൂടെ കൺസിഡർ ചെയ്യുന്ന ഒരു കുട്ടി മതി ഇനി എന്നാണ് തന്റെ തീരുമാനമെന്നും…

അത്രയും മതിയായിയുന്നു…

ആ വിവാഹം നടന്നു… കണ്ണനെ സ്വന്തം പോലെ അദ്ദേഹം കൊണ്ടു നടന്നു… പകരമായി ആ അമ്മയെ ഞാനും…

ജീവിതം വീണ്ടും മനോഹരമാവാൻ തുടങ്ങി… ആയിടക്ക് പുതിയൊരു ജീവൻ കൂടെ എന്റെ ഉള്ളിൽ നാമ്പിട്ടതറിഞ്ഞു…

എന്റെ പേടി വെറുതെ ആണെന്ന് തെളിയിച്ച് കണ്ണന് അദ്ദേഹം ആദ്യ കുഞ്ഞിന്റെ സ്ഥാനം തന്നെ നൽകി… അവൻ തിരിച്ചും….

അദ്ദേഹത്തിന്റെ മോളെയും കണ്ണനെയും വേറെ വേറെ കണ്ടില്ല ആ മനുഷ്യൻ..

സന്തോഷം മാത്രമേ പിന്നെ ഉണ്ടായിരുന്നുള്ളൂ.. അവരുടെ പരസ്പരം ഉള്ള സ്നേഹം… എല്ലാം കണ്ട് മനസ്സ് നിറഞ്ഞ് ഞാനും…

Leave a Reply

Your email address will not be published. Required fields are marked *