മോൾടെ ബാക്കിയുള്ള ഗോൾഡ് കൂടി ഇന്നലെ വിറ്റെന്നാ പറയുന്നത്, ഒരു വാക്ക് നമ്മളോട്..

അവൾ
(രചന: അഥർവ ദക്ഷ)

ഭാമ അടുക്കളയിൽ തിരക്കിട്ട പണിയിൽ ആയിരുന്നു…. ഉച്ചയൂണിനുള്ളത് എല്ലാം ഒരുങ്ങി കഴിഞ്ഞു …. പണി കഴിഞ്ഞ് അവിടമാകെ ക്ലീൻ ചെയ്തതിന് ശേഷം….

നെറുകയിൽ കുറച്ച് എണ്ണ ഇട്ടുകൊണ്ട്.. കുളിക്കുവാനായി അവർ പുറത്തെ ബാത്‌റൂമിലേക്ക് നടന്നു…. ഡ്രസ്സ്‌ ഒക്കെ നേരത്തെ തന്നെ അവിടേക്ക് കൊണ്ടുവന്ന് വെച്ചിരുന്നു…..

നടക്കുന്നതിനിടയിൽ കാളിങ് ബെൽ ശബ്ദിക്കുന്നത് അവർ കേട്ടു…. അപ്പുറത്ത് ഭർത്താവും അമ്മയും ഉണ്ടായിരുന്നത് കൊണ്ടു തന്നെ അവർ അത് ശ്രെദ്ധിക്കാതെ കുളിക്കുവാനായി കയറി……

കുളി കഴിഞ്ഞ് മാറിയ ഡ്രസ്സ്‌ ഒക്കെ വാഷിങ് മെഷീനിൽ ഇട്ടതിനുശേഷം അവർ അകത്തേക്ക് നടന്നു…. കിച്ചണിൽ നിന്നും ഡെയിനിങ് ഹാളിലേക്ക് കയറുമ്പോളെ ലിവിങ്ങിൽ നിന്നും മകളുടെ ശബ്ദം അവർ കേട്ടു…..

ഭാമ അവിടേക്ക് ചെല്ലുമ്പോൾ…. ഗീതു സെറ്റിയിൽ ചാരി കണ്ണുകൾ അടച്ചു കിടക്കുകയാണ്… അടുത്ത് ഉണ്ണിയും അമ്മയും ഇരിക്കുന്നുണ്ട്….

“എന്ത് പറ്റി…. “അവർ ഭർത്താവിനെ നോക്കി…

“മോൾടെ ബാക്കിയുള്ള.. ഗോൾഡ് കൂടി ഇന്നലെ വിറ്റെന്നാ പറയുന്നത്… ഒരു വാക്ക് നമ്മളോട് കൂടി ആലോചിക്കാതെ….” ഉണ്ണിയുടെ സംസാരത്തിൽ ദേഷ്യം നിറഞ്ഞു….

“എന്താ മോളെ….” ഭാമ മോളുടെ അടുത്ത് ചെന്നിരുന്നു….

“പിറകിലുള്ള സ്‌ഥലം കൂടി വാങ്ങാനായിട്ടാ അമ്മേ….. ഇനി ഗോൾഡ് ആയി ഇതൊക്കെയുള്ളൂ….”

കഴുത്തിലും കൈയ്യിലും കിടക്കുന്നത് കാട്ടി കൊണ്ട് അവൾ അമ്മയുടെ മടിയിലേക്ക് തല ചായിച്ചു….

“ഇത്‌ ചോദിക്കണം ഉണ്ണി…. ഇങ്ങനെ വിട്ടാൽ ശരിയാകില്ല…..”അമ്മയ്ക്കും ദേഷ്യം തന്നെ ആയിരുന്നു….

“എന്തിന്…. അവരുടെ ആവിശ്യത്തിനായിട്ടല്ലേ എടുത്തെ….അതിന് നമുക്കെന്ത് പറയാനാകും….”

ഭാമ മകളുടെ തലയിൽ തലോടി കൊണ്ട് ഭർത്താവിനെയും അമ്മയേയും നോക്കി…..

“കൂടെ പഠിച്ചവരൊക്കെ ഓരോ ജോലിക്കായി കയറി കഴിഞ്ഞു…. ഞാൻ മാത്രം ഇങ്ങനെ അടുക്കളയിൽ കിടന്ന് നരകിക്കണം….ഒന്ന് മനസിലാക്കി ചേർത്ത് പിടിക്കുക പോലുമില്ല”

അമ്മയുടെ മടിയിൽ കിടന്നു കൊണ്ട് അവൾ അവളുടെ സങ്കടം പറഞ്ഞ് കൊണ്ടിരുന്നു….

ഗീതു…. ഭാമയുടെയും ഉണ്ണിയുടെയും മകളാണ്…. അവളെ കൂടാതെ ഒരു മകൻ കൂടിയുണ്ട് അവർക്ക് എൻജിനിങ്ങിന് പഠിക്കുന്നു……ഗീതുവിന്റെ വിവാഹം കഴിഞ്ഞിട്ട് 5വർഷമായി…4വയസുള്ള ഒരു കുഞ്ഞുമുണ്ട്….

ഗീതുവിന്റെ ഭർത്താവായ സന്തോഷ്‌ ഒരു ബാങ്ക് മാനേജർ ആണ്… വിദ്യാസമ്പന്നനായ അയാൾക്ക് പക്ഷേ ഭാര്യയെ ജോലിക്കായി വിടുന്നതിനു മാത്രം താല്പര്യം ഇല്ലായിരുന്നു….

വയസായ അമ്മയെയും അച്ഛനേയും … പിന്നെ കുഞ്ഞിനേയും നോക്കാൻ ഗീതു വീട്ടിൽ തന്നെ വേണമെന്ന് സന്തോഷ്‌ വാശിപിടിച്ചിരുന്നു….

“ഞാൻ ബാങ്കിലേക്ക് ഇറങ്ങും വഴി ഇവിടേക്ക് കയറിയതാണ്… ചെന്നിട്ട് വേണം അമ്മയ്ക്ക് ഊണ് കൊടുക്കാൻ….” കുറച്ചു നേരം അമ്മയുടെ മടിയിൽ തല ചായിച്ച് കിടന്നു കൊണ്ട് ഗീതു വേഗം എഴുനേറ്റു….

“അവർക്കെന്താ തനിയെ എടുത്ത് കഴിച്ചു കൂടെ… നീ മോള് എത്താരാകുമ്പോളേക്കും അങ്ങ് പോയാൽ മതി മോളെ….”

അച്ഛമ്മ പറയുന്നത് കേട്ടിട്ടും ഗീതു ചിരിയൊടെ ബാഗ് കൈയ്യിലേക്ക് എടുത്തു….

“അതൊന്നും ശരിയാകില്ല അച്ഛമ്മേ … ഞാൻ ചെല്ലട്ടെ…”

“ന്നാൽ കഴിച്ചിട്ടേലും പോകാം… ഒന്നും കുടിക്കുക പോലും ചെയ്തില്ലാലോ നീ….” ഉണ്ണിക്ക് സങ്കടമായി

“അതൊന്നും കുഴപ്പമില്ല… ഇറങ്ങട്ടെ അമ്മേ….”അവൾ എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു….

“ഉം…”ഭാമ ഒന്ന് മൂളി പിന്നെ മകളുടെ പുറകെ ചെന്നു….

ഗീതുവിന്റെ വണ്ടി ഗെയ്റ്റ് കടന്നു പോകും വരെ അവർ ആ നിൽപ്പ് നിന്നു പിന്നെ ദീർഘ നിശ്വസത്തോടെ തിരിഞ്ഞ് അകത്തേക്ക് വന്നു…..

“ഇങ്ങനെയുള്ള ബന്ധമൊക്കെ തുടരാതിരിക്കുന്നതാ നല്ലത് …. ഓരോന്ന് പത്രത്തിൽ ഒക്കെ കാണുന്നതല്ലേ….” ഉണ്ണിയുടെ അമ്മ പറഞ്ഞ് കൊണ്ടിരുന്നു…

“പറയാൻ നിസാരമായി കഴിയും… ഒരു ബന്ധം അറുത്തെറിയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല….”ഭാമ ഭർത്താവിനെയും അമ്മയേയും മാറി മാറി നോക്കി…

“നീ കേട്ടതെല്ലേ… ഗോൾഡ് കൊടുക്കില്ലന്ന് പറഞ്ഞപ്പോൾ… അവൻ പല അനാവശ്യവും അവളെ പറഞ്ഞെന്ന്… അതൊക്കെ കേട്ട് എല്ലാം സഹിച്ച് അവൾ അവിടെ തന്നെ നിൽക്കണമെന്നാണോ….”ഉണ്ണി ഭാര്യയെ രൂക്ഷമായി നോക്കി….

“നിൽക്കണം എന്നല്ല… അവൾ നിൽക്കും….” ഭാമയുടെ മുഖം മുറുകിയിരുന്നു…

“എന്തിന് ….” ഉണ്ണി ദേഷ്യത്തോടെ ചാടിഎഴുനേറ്റു….

“അവൾ എന്റെ മകളായത് കൊണ്ട്… എന്റെ ജീവിതം അവൾ കണ്ടു വളർന്നത് കൊണ്ട്…” ഭർത്താവിനോടായി ഉറച്ച ശബ്ദത്തിൽ പറഞ്ഞുകൊണ്ട് അവർ കിച്ചണിലേക്ക് നടന്നു…..

ഉച്ചയൂണിനുള്ളതെല്ലാം…. ഭാമ സാവധാനത്തിൽ ഡെയിനിങ് ടേബിളിൽ കൊണ്ടു വെച്ചു… അമ്മയും മകനും കഴിക്കാൻ വരുന്ന ഭാവം ഇല്ല എന്ന് കണ്ടപ്പോൾ അവർ അവരുടെ അടുത്തേക്ക് ചെന്നു…

“എന്താ കഴിക്കുന്നില്ലേ…..”അവർ തിരക്കി….

“കഴിക്കാൻ വിശപ്പ് വേണമെല്ലോ….” അമ്മ പിറുപിറുത്തു

“അതെന്താ… അമ്മയ്ക്ക് വിശപ്പില്ലാത്തത്…”

“എന്റെ മോൾടെ സങ്കടം കേട്ടോ…. ന്റെ മോൻ ചോര നീരാക്കിയുണ്ടാക്കിയതാടി… അവരെടുത്ത് നിസാരമായി വിറ്റു തീർത്തത്…..”അവർ അലറി…

“ഓ… അപ്പോൾ ഇങ്ങനെയുള്ള ഫീലിങ്‌സ് ഒക്കെ ഇവിടെയുള്ളവർക്കുണ്ട്….”ഭാമ അവരെ നോക്കി പരിഹസിച്ചു ചിരിച്ചു…..

“നിനക്കുണ്ടാകില്ല… അതൊക്കെയുണ്ടാക്കിയതിന്റെ പ്രയാസം എനിക്കെ അറിയൂ….. നീ അതൊരിക്കലും മനസിലാക്കില്ല…. എന്റെ കുഞ്ഞിനെ ജോലിക്കും മറ്റും വിടാതിരിക്കുമ്പോൾ എന്റെ അധ്വാനത്തിന് കൂടിയാ വിലയില്ലാതെ പോകുന്നെ…

ഞാൻ എന്റെ മോൾക്ക് കൊടുത്തത് എന്നോട് ഒരു വാക്ക് ചോദിക്കാതെ ഇല്ലാതാക്കിയെന്നു കേൾക്കുമ്പോൾ ചങ്കു പിടയും…..”അയാൾ ദേഷ്യത്തോടെ പറഞ്ഞ് കൊണ്ടിരുന്നു….

“19 വർഷം മുൻപ് ഈ ചങ്കു പിടച്ചിലൊന്നും ഞാൻ കണ്ടില്ലല്ലോ…..” പരിഹാസത്തോടെ ഭാമ തിരക്കി….

ഉണ്ണി മനസിലാകാത്ത പോലെ അവരെ നോക്കിയപ്പോൾ… അതേ ഭാവത്തിൽ തന്നെ അവർ റൂമിലേക്ക് നടന്നു… കൈയ്യിൽ ഒരു ഫയലും ആൽബവുമായി അപ്പോൾ തന്നെ തിരിച്ചു വരുകയും ചെയ്തു….

“ഇതെന്റെ സർട്ടിഫിക്കറ്റ്സ് ആണ്… ഇത്‌ നമ്മുടെ കല്യാണ ആൽബവും….”ഭാമ അത് ഉണ്ണിയുടെ മുന്നിൽ കിടന്ന ടീപോയിലേക്ക് വെച്ചു….

“മനസിലായില്ല…”അയാൾ നെറ്റി ചുളിച്ചു….

“മനസിലാകില്ല… കാരണം അന്ന് നിങ്ങൾ ഈ വീടിനോടുള്ള എന്റെ കടമയെ കുറിച്ചാണെല്ലോ വാചാലനായിരുന്നത്…. അന്ന് എന്റെ അച്ഛൻ എനിക്ക് തന്നതെല്ലാം എടുത്ത് കൊണ്ടു പോകുമ്പോളും…

ഞാൻ കണ്ണുനീർ വാർത്തപ്പോളും.. സഹതാപം നിറഞ്ഞ ഒരു നോട്ടം പോലും അമ്മയുടെ ഭാഗത്തു നിന്നും ഉണ്ടായില്ലല്ലോ….”അടക്കിവെച്ച പലതും പുറത്തേക്ക് വന്നു കൊണ്ടിരുന്നു…..

“അത് അന്ന് ഈ സ്‌ഥലം പേരിൽ ആക്കാൻ…” ഉണ്ണി ഒന്ന് വിയർത്തു….

“ആരുടെ പേരിൽ ആക്കാൻ… ഉണ്ണിയേട്ടന്റെയും അമ്മയുടെയും… അതിനായി എടുത്തത് എന്റെ അച്ഛന്റെ കഷ്ടപ്പാടും….. കഴുത്തിൽ കിടന്ന മാല പോലും പോയ സങ്കടത്തിൽ ഞാൻ കരഞ്ഞപ്പോൾ…..”

അവരെ പറഞ്ഞ് തീർക്കാൻ വിടാതെ ഉണ്ണി കൈ എടുത്തു തടഞ്ഞു….

“അന്ന് ഞാൻ പറഞ്ഞല്ലോ… നിന്റെ പേരിലേക്ക് മാറ്റിയെഴുതി തരാമെന്ന്…..”

“അപ്പോൾ ഉണ്ണിയേട്ടന്റെ അമ്മ പറഞ്ഞതെന്താ…. അതെന്തിനാ എന്ത് കാര്യത്തിനാ എന്ന് അല്ലെ….. ഞാൻ കേട്ടില്ലെന്ന് നിങ്ങൾ കരുതേണ്ട…..” അമ്മയും മകനുമായുള്ള സംസാരം യാദൃശ്ചികമായി കേട്ടതായിരുന്നു അവൾ….

“അത്… ഞാൻ….” അമ്മയൊന്ന് വിക്കി….

“അതാണ് അമ്മേ സ്വന്തം കാര്യത്തിൽ എല്ലാവരും സ്വാർത്ഥരാണ്…. ഇവിടത്തെ കാർണവർ ഏട്ടന് കൊടുത്തതാണ് ഈ സ്‌ഥലം… അത് പോലെ എന്റെ വീട്ടുകാർ എനിക്ക് തന്ന സമ്പാദ്യമായിരുന്നു…

എന്റെ സ്വാർണ്ണവും… എനിക്ക് നെൽകിയ വിദ്യാഭ്യാസവും….. ഇത്‌ രണ്ടും ഉണ്ടായിരുന്നിട്ടും…. ഇടയ്ക്കിടെ ഞാൻ ഇവിടെ അഭയാർത്തി ആണെന്ന് തോന്നാറുണ്ട്…..” ഭാമ കിതക്കുന്നുണ്ടായിരുന്നു…..

ഉണ്ണിയും അമ്മയും ഒന്നും മിണ്ടിയില്ല അവരുടെ തല കുനിഞ്ഞു പോയിരുന്നു….ഭാമ അവരെ ഒന്ന് നോക്കി കൊണ്ട് റൂമിലേക്ക് പോയി….

വൈകിട്ടോളം അവർ ആ റൂമിൽ തന്നെയിരുന്നു പിന്നെ എന്തോ ആലോചിച്ചു ഉറപ്പിച്ച പോലെ… ഡ്രസ്സ്‌ ചെയ്ത് പുറത്തേക്ക് വന്നു…..

“ഉണ്ണിയേട്ടൻ എന്നെ ഒന്ന് മോൾടെ വീട് വരെ കൊണ്ടു പോകണം….”ഹാളിൽ ഇരുന്ന ഉണ്ണിയോടായി അവർ പറഞ്ഞു…

“എന്തിന്…..”അയാൾ നെറ്റി ചുളിച്ചു….

“പറ്റുമെങ്കിൽ കൊണ്ടു പോകൂ… അല്ലേൽ ഞാൻ ഓട്ടോ വിളിക്കും….”ഭാമ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു…. അയാൾ അവരെ ഒന്ന് നോക്കി കൊണ്ടു അകത്തേക്ക് പോയി കാർ ന്റെ കീയുമായി വന്നു….

അവിടേക്കുള്ള യാത്രയിലുടനീളം അവർ പരസ്പരം സംസാരിച്ചില്ല…. ഗീതുവിന്റെ വീട്ടിലെത്തുമ്പോൾ… സന്തോഷും അച്ഛനും അമ്മയും സിറ്റൗട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു…..

ഭാമ കാറിൽ നിന്നും ഇറങ്ങി നേരെ സന്തോഷത്തിന്റെ അടുത്തേക്ക് ചെന്നു…. അവരുടെ പാഞ്ഞുള്ള വരവ് കണ്ടാകാം സന്തോഷ് എഴുനേറ്റു

അപ്പോൾ തന്നെ ഭാമയുടെ കൈ അവന്റെ കവിളിൽ പതിച്ചിരുന്നു….. എല്ലാവരും ഒന്ന് ഞെട്ടി….

“നിനക്കെന്താ ഭ്രാന്തുണ്ടോ ഭാമേ….” സന്തോഷിന്റെ അമ്മ മുന്നോട്ട് വന്നു…

“നിങ്ങൾ മിണ്ടരുത്…..”ഭാമ അവർക്ക് നേരെ വിരൽ ചൂണ്ടി….

“എന്റെ വീട്ടിൽ കയറി വന്ന്…. എന്റെ കുഞ്ഞിനെ ത ല്ലിയിട്ട് എന്നോട് മിണ്ടരുതെന്നോ…” അവർ പല്ല് ഞെരിച്ചു…

“ആഹാ… അപ്പോൾ നിങ്ങളുടെ കുഞ്ഞിനെ ത ല്ലിയാൽ നിങ്ങൾക്ക് നോവും… ഇവന്റെ കൈ പലതവണ എന്റെ കുഞ്ഞിന് നേരെ ഉയർന്നത് നിങ്ങൾ അറിഞ്ഞോ… അറിഞ്ഞില്ലേൽ ഇപ്പോൾ അറിഞ്ഞോ… “സന്തോഷ്‌ ഉപദ്രവിച്ച കാര്യം ഇന്നലെയാണ് ഗീതു അമ്മയോട് പറഞ്ഞത്…

“അമ്മേ വേണ്ട…” ഗീതു കണ്ണീരോടെ അമ്മയെ തടഞ്ഞു….

“ഇവിടെ നീ അമ്മയെ തോൽപ്പിച്ചാൽ എന്നും നീ തോറ്റ് ജീവിക്കേണ്ടി വരും…. ജനിച്ച വീടും… വിധിച്ച വീടും സ്വന്തമല്ലാതെ….” അമ്മയുടെ വാക്കുകൾ അവളെ നിശബ്ദയാക്കി…..

“എന്റെ കുഞ്ഞിനെ നിന്നെ ഏൽപ്പിച്ചത് അവളെ ത ല്ലാനോ കൊ ല്ലാനോ അല്ല… അവളെ നിനക്ക് കല്യാണം കഴിപ്പിച്ചു തന്നതാണ് അല്ലാതെ അവളെ നട തള്ളിയതല്ല….” ഭാമ സന്തോഷിനു നേരെ തിരിഞ്ഞു….

“അവർ തമ്മിലുള്ള സൗന്ദര്യ പിണക്കം നമ്മളായിട്ട് വലുതാക്കണോ….” സന്തോഷിന്റെ അച്ഛൻ ശാന്തമായി പറഞ്ഞു….

“ഇത്‌ നിസാരമല്ല… സന്തോഷിന്റെ അച്ഛാ… നീ എന്തിനാണ് എന്റെ മകളെ ത ല്ലിയത്…”അച്ഛനോടായി പറഞ്ഞു കൊണ്ടു… ഭാമ സന്തോഷിനോട് തിരക്കി…

“അത്…. ഇവൾക്ക് ഒരു കാര്യത്തിലും വിശ്വാസമില്ല… എന്റെ പേരിൽ സ്‌ഥലം വാങ്ങുന്നതിന് അവളുടെ ഗോൾഡ് തരുന്നതിലെന്താ….. സ്വന്തം ഭർത്താവിനെ വിശ്വാസം ഇല്ല….” സന്തോഷ്‌ ദേഷ്യത്തോടെ പറഞ്ഞു…

“ആ വിശ്വാസം തിരിച്ച് നിനക്ക് അവളോട് ഉണ്ടോ… അതുണ്ടായിരുന്നെങ്കിൽ എന്റെയും നിന്റെയും എന്ന് നീ ഇവിടെ പറയില്ലായിരുന്നു…. എല്ലാം പോട്ടെ നിന്റെ ഭാര്യയുടെ ഇഷ്ട്ടങ്ങളും ആഗ്രഹങ്ങളും എന്താണെന്നെലും നിനക്ക് അറിയാവോ….” ഭാമ പുച്ഛത്തോടെ അവനെ നോക്കി…

“അവളുടെ എന്ത് കാര്യങ്ങളാണ് ഞാൻ നോക്കാത്തത്….”

“വയറു നിറയെ ഫുഡ്‌ കൊടുക്കുന്നതും ഡ്രസ്സ്‌ വാങ്ങി കൊടുക്കുന്നതുമാണോ നീ ഇപ്പോൾ പറഞ്ഞത്…. അത് നിന്റെ കടമയാണ് സന്തോഷ്‌… ഭാര്യക്ക് മാത്രമുള്ളതല്ല ഈ കടമകൾ എന്ന് പറയുന്നത് മനസിലായോ….” ഭാമ തുടർന്നു….

“അവളുടെ മനസ്സ് മനസിലാക്കി കൂടെ കൂട്ടാം എന്നുണ്ടെങ്കിൽ മാത്രം നിനക്ക് ഈ ബന്ധം തുടരാം അല്ലെങ്കിൽ എന്റെ മകളെ ഞാൻ കൊണ്ടു പോകും… അവൾ ആർക്കും ഒരു ഭാരമാകില്ല… അതിനുള്ള വിദ്യാഭ്യാസം ഞങ്ങൾ അവൾക്ക് കൊടുത്തിട്ടുണ്ട്….”

“ഇപ്പോൾ ഞാനെന്താ വേണ്ടത്… ആ സ്‌ഥലം ഇവളുടെ പേരിൽ വാങ്ങണം അതെല്ലേ…”സന്തോഷ്‌ ഭാമയെട് ചോദിച്ചു

“അവളുടെ അച്ഛൻ അവൾക്കായി നെൽകിയ ഒന്ന് അത് അവൾക്ക് നഷ്ട്ടമാകുന്നത് സങ്കടം തന്നെയാണ്.. സന്തോഷ്‌…

അവൾക്ക് നിന്നോടുള്ള വിശ്വാസം നഷ്ട്ടായത് എവിടെയാണെന്ന് അറിയുമോ.. അവൾ കഷ്ടപ്പെട്ട് നേടിയ അറിവിന്‌ എന്ന് നീ വിലകൽപ്പിക്കാതായോ അന്ന് മുതൽ…”

“ചട്ടിയും കലവും ഒക്കെയാകുമ്പോൾ തട്ടിയും മുട്ടിയുമൊക്കെ ഇരിക്കും അതിന് ഭാമേ…” സന്തോഷിന്റെ അമ്മ ഭാമയെ അനുനയിപ്പിക്കാൻ നോക്കി

“എനിക്ക് സന്തോഷിന്റെ തീരുമാനം അറിഞ്ഞേ മതിയാവൂ….” ഭാമ തീർത്ത് പറഞ്ഞു

“അമ്മേ… ഞാൻ ഇപ്പോൾ എന്താണ് വേണ്ടത്….” അവൻ കുറച്ചു നേരം ആലോചനയോടെ നിന്നിട്ട് തിരക്കി…..

“അവളോട് ഒന്ന് ശാന്തമായി സംസാരിക്കൂ.. എന്ത് തീരുമാനം എടുക്കുന്നതിന് മുന്നും അവളോട് ഒന്ന് തിരക്കൂ….. അവളെ അറിയാൻ ശ്രമിക്കൂ….ഇഷ്ടവും പരിഗണനയും രണ്ടും വിവാഹ ജീവിതത്തിൽ ഇല്ലാതെ പറ്റില്ല… നീ അത് മനസിലാക്കൂ….”ഭാമ ശാന്തമായി തന്നെ പറഞ്ഞു….

“അമ്മേ…..തെറ്റ് പറ്റിയിട്ടുണ്ട്… തിരുത്താൻ ശ്രെമിക്കാം…..” അവൻ ഗീതുവിനെയും ഭാമയെയും നോക്കി….

“നിന്നെ ഒരിക്കൽ കൂടി ഞാൻ വിശ്വസിക്കുവാണ്….. പക്ഷേ തെറ്റിച്ചാൽ…. ഈ ഭാമയെ ആകില്ല ഇനി കാണുക മറക്കേണ്ട……”സന്തോഷിനോട് അവർ പറഞ്ഞു പിന്നെ തിരിഞ്ഞ് മകളെ നോക്കി….

“എന്തിനും ഏതിനും കൂടെയുണ്ടാകും എന്നല്ല അമ്മ പറയുന്നത്… നിന്റെ ഭാഗത്താണ് ശരിയെങ്കിൽ… നിയാണ് സത്യമെങ്കിൽ…. അമ്മയുണ്ടാകും… മനസിലായോ കുട്ടിക്ക്….”

അമ്മയുടെ കൈകളിൽ ഗീതു മുറുകെ പിടിച്ചു ആ കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും അവൾ തല ഉയർത്തിപ്പിടിച്ചിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *