എന്റെ ചെമ്പരത്തി
(രചന: അഥർവ ദക്ഷ)
അവൾ മെല്ലെ അമ്പലത്തിലെ കല്പടവുകൾ ഇറങ്ങി താഴേക്ക് വന്നു… അവനരികിൽ എത്തുവോളം അവൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു…
റോയൽ ബ്ലൂ കളറിൽ പ്രിന്റട്ട് വർക്കുള്ള പട്ടുപാവാടയും ബ്ലൗസ് ഉം ആയിരുന്നു അവളുടെ വേഷം… കറുത്ത ചുരുണ്ട മുടി അഴിച്ചിട്ട് നിറയെ മുല്ലപ്പൂ ചൂടിയിരുന്നു…..
ഉണ്ടക്കണ്ണുകൾ ഭംഗിയായി എഴുതി… നെറ്റിയിൽ കുങ്കുമ കളർ വട്ടപൊട്ടും ചന്ദന കുറിയും തൊട്ടിരുന്നു…..
അവന് അരികിൽ വന്ന് അവൾ കൈയ്യിലെ ഇലച്ചീന്തിൽ നിന്നും പ്രസാദം എടുത്ത് അവന്റെ നെറ്റിയിൽ തോട്ടു കൊടുക്കാൻ ഒരുങ്ങി …..
“ചേട്ടായി….. “കൈ എത്താത്തായപ്പോൾ അവൾ ചുണ്ട് കൂർപ്പിച്ചു
“എന്റെ വാവേ നീ …..”അവൻ അവളെ നോക്കി പിന്നെ മെല്ലെ കുനിഞ്ഞു കൊടുത്തു
അവൾ സന്തോഷത്തോടെ അവന്റെ നെറ്റിയിൽ ചന്ദനകുറി വരച്ചു…..അവൻ അവളെ നോക്കി ഒന്ന് ചിരിച്ചതിന് ശേഷം ബൈക്കിൽ കയറി ബൈക്ക് സ്റ്റാർട്ട് ആക്കി…
അവളും ചെറു ചിരിയോടെ അവന്റെ പിറകിൽ കയറി അവനോട് ചേർന്നിരുന്നു.. ആ തോളിൽ തല ചായിച്ച് കണ്ണുകൾ അടച്ച് അവൾ അങ്ങനെ ഇരുന്നു…
എന്തോ കലപില ശബ്ദം കെട്ടിട്ടെന്ന പോലെ അവൻ മെല്ലെ കണ്ണുകൾ തുറന്നു…. അടുത്തിരിക്കുന്നവൾ ഫുഡ് കഴിക്കുന്നതിന്റെ ബഹളമാണ്…
സുന്ദര സ്വപ്നം പാതി മുറിഞ്ഞ ഈർഷ്യയിൽ അവൻ അവരെ നോക്കി…. പിന്നെ പുറത്തേക്ക് കണ്ണും നട്ടിരുന്നു….
ഇത് നിവിൻ… അവൻ ചെന്നൈയിൽ ആണ് വർക്ക് ചെയ്യുന്നത് ഇപ്പോൾ 6മാസമായി ഇവിടേക്ക് വന്നിട്ട് ട്രെയിനിങ് കാലയളവിൽ ലീവ് അനുവദിക്കാത്തത് കൊണ്ട് ആറുമാസത്തിന് ശേഷമാണ് ഒരു ആഴ്ചത്തെ ലീവ്ന് അവൻ നാട്ടിലേക്ക് പോരുന്നത്…
അവിടെ നിന്നും ഇറങ്ങുബോൾ മുതൽ അച്ഛനെയും അമ്മയെയും അനിയത്തിയെയും കാണാൻ ഉള്ള സന്തോഷത്തിലായിരുന്നു….
പിന്നെ ആരും പറയാതെ താൻ മനസ്സിൽ സൂക്ഷിക്കുന്ന തന്റെ പ്രേണയത്തെ തന്റെ കല്ലുവിനെ കാണാനും അവളോട് തന്റെ ഇഷ്ട്ടം തുറന്നു പറയാനും അവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു…..
അത് കൊണ്ടാകാം ട്രെയിൻ കയറിയപ്പോൾ മുതൽ അവന്റെ മനസ്സിൽ അവളുടെ മുഖം മാത്രം ഓടി വരുന്നുണ്ടായിരുന്നുള്ളു…. കണ്ണടച്ചാലും മുന്നിൽ കല്ലുവായിരുന്നു…
ഒരു അവധി ദിവസം രാവിലെ ക്ഷേത്ര ദർശനത്തിനൊക്കെ ശേഷം കൂട്ടുകാരന്റെ വീട്ടിൽ ഇരിക്കുമ്പോൾ ആണ് അവളെ അവൻ ആദ്യമായി കാണുന്നത്…
കൈയ്യിൽ ഒരു പൂക്കൂടയുമായി ഒരു 13 വയസുകാരി അവിടേക്ക് വന്നു…. തൊട്ടടുത്ത് പുതിയതായി പണികഴിപ്പിച്ച വീട്ടിലെ തമസകാരാണ് അവർ
അപ്രതീക്ഷിതമായി ഞങ്ങളെ കണ്ടത് കൊണ്ടാകാം അവളൊന്നു പതുങ്ങി…. പിന്നെ പിന്നാം പുറത്തേക്ക് നടക്കാൻ ഒരുങ്ങി…
“കല്ലു… നീ മടിക്കേണ്ട ഇവരെന്റെ ഫ്രണ്ട്സ് ആണ്….. ” നിവിന്റെ ഫ്രണ്ട് പുറത്തേക്ക് ഇറങ്ങി അവളോടായി പറഞ്ഞു….
“ആ നീ വന്നോ… വാടി….” അപ്പോളേക്കും അവന്റെ അനിയത്തി അവിടേക്ക് വന്ന് അവളുടെ കൈയ്യിൽ പിടിച്ച് തൊടിയിലേക്ക് നടന്നു
അവർ പോയത് തൊടിയിലെ ചെമ്പരത്തി കൂട്ടങ്ങൾക്കടുത്തേക്കായിരുന്നു. കൂട്ടം കൂടി നിരന്നു നിൽക്കുന്ന ചെമ്പരത്തി ചെടികൾ അതിൽ നിറയെ ചുവന്ന ചെമ്പരത്തി പൂക്കൾ എന്നും വിടർന്നു നിൽക്കും….
കാണാൻ വല്ലാത്തൊരു ഭംഗിയാണ്… അവളും കൂട്ടുകാരന്റെ അനിയത്തിയും ചേർന്ന് ആ പൂക്കൂട നിറച്ചു….
ഇടയ്ക്കിടെ പിന്നെ അവളെ കാണുന്നത് പതിവായിരുന്നു…. തന്നെ കാണുമ്പോൾ എല്ലാം അവൾ ഓട്ട കണ്ണിട്ട് തന്നെ നോക്കുന്നതും.. താൻ നോക്കുമ്പോൾ പെട്ടന്ന് കണ്ണ് മാറ്റുന്നതുമെല്ലാം അവൻ ശ്രെദ്ധിക്കുമായിരുന്നു….
വർഷങ്ങൾ പോകെ അരുണിന്റെ അനിയത്തിയുടെ 18 ആം പിറന്നാളിന് അവന്റെ വീട്ടിൽ നവിനെല്ലാം രാവിലെയെത്തി അന്നും പതിവ് തെറ്റിക്കാതെ കല്ലു പൂ പറിക്കാൻ എത്തി
” ഇന്നലെ നിന്റെ birthday ആയിട്ടെന്താ… ഞങ്ങളെയൊന്നും വിളിക്കാത്തിരുന്നേ കുഞ്ഞി കേക്കിൽ ഒതുക്കിയല്ലേ…” അവൾ പൂ പറിച്ചു കൊണ്ടിരിക്കുമ്പോൾ അരുൺ അവിടെ നിന്നും വിളിച്ചു ചോദിച്ചു
“ന്റെ 17 ന്റെ ആയിരുന്നില്ലേ അടുത്ത വർഷം തകർക്കാന്ന് കരുതി….” അവൾ വിളിച്ചു പറഞ്ഞു
അടുത്ത വർഷം അവളുടെ birthday അന്ന് തന്നെ തന്റെ പ്രണയം അവളോട് പറയണമെന്ന്… അപ്പോൾ നവിൻ മനസ്സിൽ ഉറപ്പിച്ചു…
“എടി കല്ലൂ നിനക്ക് ചെമ്പരത്തി പൂവിനോട് അത്ര ഇഷ്ട്ടാണോ…” അവൾ തിരികെ പോകാൻ ഒരുങ്ങുമ്പോൾ അരുൺ തിരക്കി…
“ആ..” അവൾ ചിരിച്ചു….
“ഇഷ്ട്ടം എന്നല്ല ഭ്രാന്ത് എന്നാ പറയേണ്ടേ….” അരുണിന്റെ അനിയത്തി പറഞ്ഞു
“വെറുതെയല്ല ദിവസവും വന്ന് എടുക്കുന്നെ….”
“അയ്യടാ…. ഞാൻ ന്റെ കൃഷ്ണന് വെയ്ക്കാൻ എടുക്കുന്നതാ….” അവൾ ചുണ്ട് കോടി കാട്ടി…
“അരുണേട്ടാ…. കൃഷ്ണൻ ന്ന് പറയുമ്പോൾ ന്താ മനസ്സിലേക്ക് ഓടി വരുന്നേ….” പെട്ടന്നവൾ ചോദിച്ചു…
“മൂപ്പര് കിടു ആയിരുന്നില്ലേ… എത്ര പേരുടെ കാമുകനാ….” നെടു വീർപ്പോടെ അവൻ പറഞ്ഞു…
“അതാണ്…. പ്രണയം… ഭ്രാന്തമായ സ്നേഹമല്ലേ പ്രണയം…. അപ്പോൾ ചെമ്പരത്തി പ്രണയം തന്നെയല്ലേ….” അവൾ ചിരിച്ചു…
“അയ്യടാ ഈ കുഞ്ഞി തലയിൽ എത്ര വലിയ ചിന്തകളാ… പൊയ്ക്കോ അവിടന്ന്….” അവൻ പറയുന്നത് കേട്ടപ്പോൾ കോക്കിരി കാട്ടികൊണ്ട് അവൾ മുന്നോട്ട് നടന്നു…
പിന്നീട് ഒരിക്കൽ നല്ല മഴയത്ത് പൂക്കൾ പറിക്കുന്ന കല്ലുവിനെ നവിൻ കണ്ടിരുന്നു അന്ന് അവൾക്കൊപ്പം നവിന്റെ പെങ്ങൾ നവ്യയുമുണ്ടായിരുന്നു….
ഇരുവരും ഒരേ കോളേജിൽ ആണ് ക്ലാസ്സ് കഴിഞ്ഞുള്ള വരവാണ് ആകെ നനഞ്ഞു കുതിർന്നാണ് നിൽപ്പ്…. നവ്യയ്ക്ക് ഇടയ്ക്കിടെ വയ്യാതാകുന്നതാണ് തണുപ്പ് തീരെ പറ്റില്ല… മരുന്നിന്റെ പുറത്താണ് ഓരോ ദിവസവും തള്ളി നീക്കുന്നത്….
ആ കാഴ്ച കണ്ടപ്പോൾ നവിന് വല്ലാതെ ദേഷ്യം വന്നു….അവൻ കല്ലുവിന് നേരെ തിരിഞ്ഞു….
“നിനക്ക് വട്ടുണ്ടെൽ ഒറ്റയ്ക്ക് മഴ നനഞ്ഞാൽ പോരെ…. മറ്റുള്ളവരെയും നനയ്ക്കണോ….”
“ചേട്ടായി ഞാൻ പറഞ്ഞതാ… അവൾ കേട്ടില്ല….” കല്ലുവിന്റെ കണ്ണുകൾ നിറഞ്ഞു.
“സമയത്ത് വീട്ടിൽ പോകാൻ നോക്ക് കൊച്ചേ ഓരോ വട്ടുമായി നടക്കും …” നവ്യയെ പിടിച്ചു വലിച്ചു കൊണ്ട് മുന്നോട്ട് നടക്കുമ്പോൾ അവർ ഇരുവരും പറയുന്നത് ദേഷ്യം കൊണ്ട് അവൻ കേട്ടില്ലെന്ന് നടിച്ചു…
പിന്നെ കല്ലുവിനെ കണ്ടില്ല….. പിറ്റേന്ന് തന്നെ അവൻ ചെന്നൈയ്ക്ക് പോരുകയും ചെയ്തു….
ഇന്നിപ്പോൾ കല്ലുവിന്റെ birthday ആണ് വൈകിട്ടോടെ വീട്ടിൽ എത്തും ദീപാരാധന തൊഴാൻ അമ്പലത്തിൽ പോയാൽ തീർച്ചയായും അവളെ കാണാൻ ആകും….
രണ്ട് ദിവസം മുന്നേ അങ്ങെത്തണം എന്ന് കരുതിയതാണ് നടന്നില്ല…… അങ്ങനെ ഓരോ ന്നോർത്തും സ്വപ്നം കണ്ടും അവൻ യാത്ര തുടർന്നു…..
“ഞാൻ ഇല്ലേലും ചേട്ടായി ഹാപ്പി ആയിരിക്കോ….” അവൾ പരിഭവത്തോടെയാണ് അവനോട് അത് തിരക്കിയത്….
നാവിൻ എന്തോ പറയാൻ ഒരുങ്ങിയെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല തൊണ്ടയിൽ കുരുങ്ങി നിൽക്കും പോലെ….. അവനെ ഒന്ന് നോക്കി നിന്നു കൊണ്ട് അവൾ തിരിഞ്ഞു നടന്നു…..
“വാവേ…..” അവൻ ഉറക്കെ വിളിച്ചു അപ്പോളും ശബ്ദം പുറത്തേക്ക് വന്നില്ല….
നവിൻ ഞെട്ടിയുണർന്നു അവൻ വല്ലാതെ വിയർത്തിരുന്നു… തൊണ്ട വരളും പോലെ തോന്നി അവന്….. ബാഗിൽ നിന്നും മിനറൽ വാട്ടർ എടുത്ത് വായിലേക്കൊഴിച്ചു അത് തീർന്നിട്ടും ഉള്ളിലെ കത്തൽ മാറിയില്ല അവന് വല്ലാത്ത ആസ്വാസ്ഥ തോന്നി……
അവൻ ഫോൺ കൈയ്യിൽ എടുത്തു…. നവ്യയ്ക്ക് എന്തോ വയ്യായിക എന്ന് ഇന്നലെ അച്ഛൻ വിളിച്ചപ്പോൾ പറഞ്ഞിരുന്നു… അവൾക്ക് ഇടയ്ക്കിടെ അപസ്മാരം വരുന്നതാണ്… എന്തോ അവന് വല്ലാത്ത ടെൻഷൻ തോന്നി….
മനസ്സിൽ വല്ലാത്ത ഭാരം പോലെ…. സാധാരണ വീട്ടിൽ ആർക്കേലും വയ്യാതാകുബോൾ അവനുള്ളതാണത്…. ഫോൺ വിളിച്ചപ്പോൾ അച്ഛനെ കിട്ടി ഒന്ന് സംസാരിച്ചപ്പോൾ തെല്ല് ആശ്വാസമായി……
സ്റ്റേഷനിൽ എത്തി വീട്ടിലേക്ക് ഓട്ടോ വിളിച്ചു… അപ്പോളേക്കും എവിടെ നിന്നോ മഴ ഇരമ്പി നിന്നു……..
ആർത്തലച്ചു പെയ്യുന്ന മഴ തെല്ലു ശമനമില്ലാതെ പെയ്തു കൊണ്ടിരുന്നു…. മെയിൻ റോഡിൽ നിന്നും തിരിയുമ്പോളെ ആളുകൾ കൂട്ടമായി നിൽക്കുന്നതും…. വണ്ടികൾ ഒതുക്കിയിരിക്കുന്നതും അവൻ കണ്ടു…..
അരുണിന്റെ വീടിരിക്കുന്ന വഴിയിലേക്കാണ് ആളുകൾ നീങ്ങുന്നത് എന്നറിഞ്ഞപ്പോൾ…. അവൻ ഓട്ടോയിൽ നിന്നും ഇറങ്ങി ഓട്ടോ കാരനെ ക്യാഷ് കൊടുത്ത് വിട്ടതിനുശേഷം ബാഗുമായി.. കുട നിവർത്തി ആ പോക്കറ്റ് റോഡിലേക്ക് നടന്നു….
അരുണിന്റെ വീടിന് മുന്നിൽ എത്തിയപ്പോൾ മനസിലായി…. അവിടേക്കല്ല കല്ലുവിന്റെ വീട്ടിലേക്കാണ് എല്ലാവരും പോകുന്നത്…. പല മുഖങ്ങളും കരഞ്ഞു വീർത്തിരുന്നു…. വല്ലാത്തൊരു മൂകത നിറഞ്ഞ അന്തരീക്ഷം…
“എന്ത് നല്ല മോളായിരുന്നു…. “നടന്നു പോകുന്നതിൽ ഒരു സ്ത്രീ ഏങ്ങി കൊണ്ട് പറഞ്ഞു….
അത് കേട്ടതും അവനൊന്നു ഞെട്ടി നിന്നു…. അപ്പോളേക്കും അവിടെ നിന്നിരുന്ന അരുണും മറ്റും വന്ന് അവന്റെ തോളിൽ നിന്നും ബാഗ് വാങ്ങി…ആരോ കുടവാങ്ങി പിടിച്ചു
നിവിൻ വേഗത്തിൽ മുന്നോട്ട് നടന്നു അവളുടെ വീടിന്റെ മുന്നിൽ എത്തിയപ്പോൾ കണ്ടു…. മതലിൽ തൂക്കിയിരിക്കുന്ന ഫ്ലക്സിൽ വിടർന്ന ചിരിയുമായി ഇരിക്കുന്ന അവളെ……
ഇടറുന്ന കാലുകളോടെ അവൻ മുന്നോട്ട് നടന്നു…. കുരുത്തോലകൾക്ക് പകരം പിങ്ക് നിറംമുള്ള പൂക്കൾ കൊണ്ട് അലങ്കരിച്ച പന്തലിൻ നടവിൽ…
ശിതീകരിച്ച പെട്ടിക്കുള്ളിൽ എന്നും ചുണ്ടിലുള്ള പുഞ്ചിരിയുമായി അവൾ കിടക്കുന്നുണ്ടായിരുന്നു….. പെട്ടിക്ക് ചുറ്റും വിതറിയിരുന്ന ചെമ്പരത്തി പൂക്കൾ വാടി തുടങ്ങിയിരുന്നു……
റോയൽ ബ്ലു കളർ പാട്ടു പാവാടയും ബ്ലൗസ് ഉം ധരിച്ച്… കുങ്കുമ പൊട്ടു കുത്തി കിടന്നിരുന്ന അവളുടെ കണ്ണുകൾ എഴുതിയിരുന്നോ എന്ന് മാത്രം അവന് മനസിലായില്ല……
“ഒരുപാട് ആശിച്ചു തയ്ച്ച പിറന്നാൾ കോടിയിട്ടു തന്നാ എന്റെ കുഞ്ഞു പോകുന്നത്….. ചെമ്പരത്തി പൂവ് അമ്മ തന്നെയാട്ടോ വാവേ പിച്ചി കൊണ്ട് വന്നത്……”
അവളുടെ അമ്മ അവിടെയിരുന്നു നെഞ്ചു പൊട്ടി കരയുന്നുണ്ടായിരുന്നു…..
അവളുടെ അച്ഛൻ ഒന്നും മനസിലാകാത്തവനെ പോലെ എല്ലാവരെയും മാറി മാറി നോക്കി വെറും തറയിൽ കുത്തിയിരിക്കുന്നുണ്ടായിരുന്നു…
നെഞ്ചു പൊട്ടി പോകുമെന്ന് തോന്നിയപ്പോൾ അവൻ അവിടെ നിന്നും തിരിഞ്ഞു നടന്നു….
“നവിനേട്ടാ….” പുറത്തേക്ക് എത്തിയപ്പോൾ ഉള്ള ആ വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി.. അരുണിന്റെ അനിയത്തിയാണ്…
“ഇത് അവൾ… ഏട്ടന്.. തരാൻ….” ഇത്രയും പറഞ്ഞ് ഒരു ഡയറി അവന്റെ കൈയ്യിൽ വെച്ച് കൊടുത്തു കൊടുത്തു പിന്നെ വിങ്ങി കരഞ്ഞു കൊണ്ട് അവിടെ നിന്നും ഓടി പോയി….
അവനതൊന്നു തുറന്നു നോക്കി… “ചേട്ടായീടെ സ്വന്തം കല്ലു…..” അവൻ അത് അടച്ച് നെഞ്ചോട് ചേർത്ത് പിടിച്ചു….
കണ്ണുകൾ നിറഞ്ഞൊഴുകുമ്പോളും അവന് ശബ്ധിക്കാൻ ആയില്ല… കൂട്ടുകാർ പിടിച്ചു കൊടുത്ത കുടയിൽ പാതിനനഞ്ഞും അല്ലാതെയും അവൻ മുന്നോട്ട് നടന്നു…..
കുറച്ചകലെ അവൾ നട്ടു നനച്ചിരുന്ന…അവന്റെ വരവിനായി കാത്തിരുന്ന അവളുടെ ചെമ്പരത്തി പൂക്കൾ മിഴി നീർ വാർത്തു കൊണ്ട് താഴേക്ക് കൊഴിഞ്ഞു വീണു….
വീട്ടിൽ എത്തിയതും അവൻ താഴേക്ക് ഊർന്നിരുന്നു…. അമ്മയും അനിയത്തിയും വന്ന് അവനെ കെട്ടിപിടിച്ചു….
“ഞാൻ കാരണമാ ഏട്ടാ….. എന്നെ രക്ഷിക്കാൻ നോക്കിയതാ അവൾ….” നവ്യ പറയുന്നത് കേട്ടതും അവനൊന്നു ഞെട്ടി…..
നവ്യയും അമ്മാവന്റെ മകളും കൂടി അടുത്തുള്ള കടവിൽ വെറുതെ പോയിരുന്നതായിരുന്നു.. പിറന്നാളിനുള്ള ഡ്രസ്സ് തയിച്ചത് വാങ്ങാൻ എത്തിയ കല്ലു അവരാവിടെയുണ്ടെന്ന് അറിഞ്ഞാണ് അവിടേക്ക് ചെന്നത്……
അറിയാതെ കാൽ വഴുതി പുഴയിലേക്ക് വീണ നവ്യയെ രക്ഷിക്കാൻ ശ്രെമിക്കുന്ന രാഗിയെ കണ്ട് കല്ലുവും കൂടെ പുഴയിലേക്കിറങ്ങി…….
എല്ലാവരും ഓടി വന്ന് നവ്യയെയും രാഗിയേയും കരക്കെത്തിച്ചപ്പോളേക്കും. കല്ലു ആ പുഴയുടെ ആഴങ്ങളിലേക്ക് താണ് പോയിരുന്നു…..
“ഏട്ടൻ അന്ന് പിണങ്ങിയപ്പോൾ ഒരുപാട് സങ്കടത്തിലായിരുന്നു…. “നവ്യ ഏങ്ങി കരഞ്ഞു കിണ്ടിരുന്നു…..
നവിൻ ഒരു ഭ്രാന്തനെ പോലെ മഴയിലേക്ക് ഇറങ്ങി നിന്നു……. മഴത്തുള്ളികൾ അവനെ പുൽകി ഇറങ്ങി….
“ഞാൻ ഇല്ലാതെ ചേട്ടായി ഹാപ്പിയാകോ….” അവൾ വീണ്ടും ചോദിക്കുന്നത് അവൻ കേട്ടു…..
“നീയില്ലാതെ പറ്റില്ല വാവേ…..” എന്ന് ആയിരം വട്ടം അവളോട് പറയാൻ കൊതിച്ച അവന്റെ നാവുകൾ അപ്പോളും ശബ്ദിക്കുന്നുണ്ടായിരുന്നില്ല…