മധുര മിഠായി
(രചന: അഥർവ ദക്ഷ)
അമ്മ കയ്യിൽ വെച്ചു കൊടുത്ത ബ്രഷും പേസ്റ്റുമായി കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്ലുകളിൽ ഒന്നിൽ അച്ചു ഇരുന്നു ….
ആ കുഞ്ഞി കണ്ണുകൾ കുറച്ച് മാറിയുള്ള കരിങ്കൽ തറയിലായിരുന്നു …..
“അച്ഛമ്മേ എന്നാ നമ്മുടെ വീടും അപ്പച്ചിയുടെ വീട് പോലെ വലിയവീടാകുന്നെ ….”
മുറ്റമടിക്കുന്ന അച്ഛമ്മയോടായി അവൾ തിരക്കി …അവളുടെ മനസ്സ് നിറയെ അപ്പോൾ അച്ഛൻ പെങ്ങളുടെ മനോഹരമായ വീടായിരുന്നു
“അതിന് ഇനിയും ഒത്തിരി പണിയുണ്ട് മോളെ ….” മുറ്റം അടിച്ചു കൊണ്ട് തന്നെ അവർ അതിന് ഉത്തരം നെൽകി
“എന്നിട്ട് വേണം എല്ലാ വരെയും വിളിച്ച് പാർപ്പ് നടത്താൻ ….” അവളുടെ കുഞ്ഞി കണ്ണുകൾ തിളങ്ങി ….
“അതിനെന്താ നടത്താലോ ….”
കുഞ്ഞിനോട് അങ്ങനെ പറഞ്ഞു കൊണ്ട് തറയിലേക്ക് നോക്കി അവരൊന്ന് നെടുവീർപ്പിട്ടു
“നമ്മുടെ വീടിന് അകത്തേക്കൂടിയാണോ സ്റ്റെപ് അപ്പച്ചിയുടെ വീട് പോലെ ….” അവളുടെ അടുത്ത സംശയം അതായിരുന്നു …
“അച്ചൂ ….” അപ്പോളേക്കും അമ്മയുടെ നീട്ടിയുള്ള ശബ്ദം അവൾ കേട്ടു …..
“ദേ വന്നമ്മേ …” വേഗത്തിൽ പല്ല് തേച്ച് പൈപ്പിൽ നിന്നും വായും മുഖവും കഴുകി കൊണ്ട് അവർ ഇപ്പോൾ താമസിക്കുന്ന കുഞ്ഞി ഷെഡിലേക്ക് ഓടി ….
അമ്മ അച്ചു കുഞ്ഞിന് പുട്ടും കടലയും കുഴച്ച് വായിൽ വെച്ചു കൊടുത്തു …..അച്ചു ഒന്നാം ക്ലാസ്സിലാണ് പഠിക്കുന്നത് ….ഇപ്പോൾ ഓണം വെക്കേഷൻ ആണ് …..
“അച്ഛൻ ഇന്ന് നേരത്തെ വരോ .. അമ്മേ …” അവൾ കഴിക്കുന്നതിനിടയിൽ തിരക്കി
“അറിയില്ല മോളെ … ….” അച്ചുവിന്റെ അച്ഛൻ ഡ്രൈവർ ആണ് ….
“ഇന്ന് ..അച്ഛമ്മയുടെ വീട്ടിൽ നിന്ന് ഇവിടത്തെ മാമനും ചേട്ടനും വരും അപ്പോളേക്കും അച്ചുമോള് കുളിച്ച് സുന്ദരി ആയി ഇരിക്കട്ടൊ ….”അച്ഛമ്മ മുറ്റമടി കഴിഞ്ഞ് അവിടേക്ക് വന്നു …
“ആണോ ….ആ ചേട്ടൻ ഗൾഫിൽ അല്ലെ അപ്പൊ അച്ചൂന് ചോക്ലേറ്റ് ഒക്കെ തരോ ….” അവളിൽ സന്തോഷം നിറഞ്ഞു
“ഉം തരും ….” അമ്മ അവളുടെ കവിളിൽ തലോടി ….
പിന്നെ അവൾക്ക് അക്കെ ഉത്സാഹമായിരുന്ന ….അമ്മ അവളെ കുളിപ്പിച്ച് കണ്ണിൽ കണ്മഷിയൊക്കെ ഇട്ട് മുടക്കിയാക്കി …അച്ചു അല്ലേലും ഒരു കൊച്ച് സുന്ദരിയാണ് …..
പിന്നെ വിരുന്നുകാർക്കുള്ള കാത്തിരുപ്പായിരുന്നു ……അങ്ങനെ അവരെത്തി അച്ഛമ്മയും അമ്മയും അവരെ സൽക്കരിക്കുമ്പോളും അവളുടെ കണ്ണുകൾ അവരുടെ കൈയ്യിൽ ഇരുന്ന കവറിലായിരുന്നു ……
അച്ചുവിനോട് അവർ വിശേഷങ്ങൾ തിരക്കി ….അവൾ ഉത്സാഹത്തോടെ തന്നെ അവരോട് സംസാരിച്ചു …
ഇറങ്ങാൻ നേരം ആ വലിയ കവറിൽ നിന്നും ചെറിയൊരു പൊതിയെടുത്ത് അവൾക്ക് അവർ നീട്ടി …
സന്തോഷത്തോടെ അവൾ അത് വാങ്ങി തുറന്നു കുറച്ച് ചോക്ലേറ്റുകൾ ..അവൾ അവരെ നോക്കി മനോഹരമായി പുഞ്ചിരിച്ചു ….
“എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ…”അവർ പോകാനായി എഴുനേറ്റു ….
“ഗീതുവിന്റെ വീട്ടിൽ കയറുന്നില്ലേ …. വേറെ എവിടെയെങ്കിലും ഇന്നിനി പോകാനുണ്ടോ …” അച്ചുവിന്റെ അച്ഛമ്മ അവരോട് ചോദിച്ചു
“ഗീതുവിന്റെ വീട്ടിലേക്ക് പോകുന്നുണ്ട് … വേറെ ഒരിടത്തേക്കും ഇല്ല ഇനി നേരെ വീട്ടിലേക്ക് …. ഇതിൽ കുറച്ച് കേക്ക് ഒക്കെയാണ് ഇവിടെ ഫ്രിഡ്ജ് ഇല്ലല്ലോ പുറത്ത് വെച്ചാൽ മേൽറ്റ് ആയി പോകും ….”
അതും പറഞ്ഞ് ആ വലിയ കവറുമായി അവർ പുറത്തേക്ക് നടന്നു അച്ഛമ്മ അവരെ അനുഗമിച്ചു ….
“എന്താമ്മേ മോൾക്ക് കേക്ക് തരാഞ്ഞേ ….” അച്ചുവിന്റെ കുഞ്ഞി മുഖം മങ്ങി കണ്ണുകൾ നിറച്ച് അവൾ അമ്മയെ നോക്കി ….
“അത് …മോൾക്ക് ചോക്ലേറ്റ് തന്നല്ലോ… ഇവിടെ ഫ്രിഡ്ജ് ഇല്ലാത്തത് കൊണ്ടല്ലേ കേക്ക് തരാഞ്ഞേ ….” അമ്മ അവളെ ആശ്വാസിപ്പിച്ചു
“കുറച്ച് തരാഞ്ഞെല്ലോ …മോൾക്ക് കഴിക്കാൻ …” അവളുടെ സങ്കടം തീർന്നില്ല …….
“പോട്ടെ കുഴപ്പം ഇല്ല ….”ആ അമ്മയുടെ മനസ്സ് വല്ലാതെ പിടച്ചു
“അപ്പച്ചിയുടെയൊക്കെ പോലെ വലിയ വീടൊക്കെ ആയിരുന്നേൽ അവർ മോൾക്കും തരുമായിരുന്നു അല്ലെ അമ്മേ ….”
“മോള് മിടുക്കിയായി പഠിച്ച് വലിയ വീടൊക്കെ വെയ്ക്കണം എല്ലാ വരുടെയും മുന്നിൽ തല ഉയർത്തി നിൽക്കണം ….”
ആ അമ്മയുടെ സങ്കടം വാക്കുകളായി പുറത്ത് വന്നു ..
“പക്ഷേ അന്ന് ….അച്ചു വീടില്ലാത്തോർക്കും തോനെ മിഠായി കൊടുക്കോലോ ….”
കണ്ണുകൾ തുടച്ചു കൊണ്ട് അവൾ ചിരിച്ചു പിന്നെ ചോക്ലേറ്റ് എടുത്ത് കഴിക്കാൻ തുടങ്ങി …
പക്ഷേ എന്തു കൊണ്ടോ ആ അമ്മയുടെ കണ്ണിൽ നിന്നും കണ്ണ് നീർ ചാലിട്ടൊഴുകി കൊണ്ടിരുന്നു …….