ഒരറപ്പും വെറുപ്പുമില്ലാതെ തന്നെ നോക്കുന്ന, ഇങ്ങനെ ഒരു ഭാര്യയെയും മക്കളെയും..

ആ ദിവസത്തിന്റെ ഓർമ്മകൾ
(രചന: അഥർവ ദക്ഷ)

അടുക്കളയിലെ തിരക്കിട്ട പണികൾ കിടയിൽ ആണ് അമ്മയുടെ കാൾ അവൾക്ക് വരുന്നത്….. ഇത്രയും രാവിലെ എന്താവോ എന്ന ചിന്തയോടെ അവൾ കാൾ അറ്റന്റ് ചെയ്തു……

“മോളെ…. ഇടയ്ക്കൊന്ന് അച്ഛന്റെ അടുത്തേക്ക് ചെല്ലണം…. എന്തോ തീരെ വയ്യ… പണിയൊക്കെ വേഗതത്തിൽ തീർത്ത് ഞാനും നേരത്തെ വരും…” അമ്മയുടെ ശബ്ദം അവളുടെ കാതുകളിൽ പതിഞ്ഞു

“എന്തേ പെട്ടന്ന്…. അവന് ഇന്ന് ക്ലാസ്സുണ്ടോ….” അവൾ നെറ്റി ചുളിച്ചു…..

“ഇല്ല… അവൻ അവിടെയുണ്ട് അതാ അമ്മ പോന്നത്… അച്ഛനെന്തോ വല്ലാത്ത ക്ഷീണം ഉണ്ട്….”

“ആ….ഹോസ്പിറ്റലിൽ പോകണോ….” അവൾ തിരക്കി…

“ഡോക്ടർ വന്ന് നോക്കാം എന്ന് പറഞ്ഞിട്ടുണ്ട്….മോള് പോകുമ്പോൾ കഴിക്കാൻ എന്തേലും എടുത്തൊ നീ കൊണ്ട് വരുന്നത് മതിയെന്ന് പറഞ്ഞിട്ടുണ്ട്….”

“ശെരി… ഞാൻ വേഗത്തിൽ ചെല്ലാം….” അവൾ കാൾ കട്ട്‌ ചെയ്തു….

“എന്താ മോളെ ആലോചിക്കുന്നേ….” കൈയ്യിൽ ഫോണും പിടിച്ച് ആലോചനയോടെ നിൽക്കുന്ന അവളെ കണ്ടു കൊണ്ടാണ് ലക്ഷ്മി അടുക്കളയിലേക്ക് വരുന്നത്…..

“അമ്മയായിരുന്നു…. അച്ഛനെന്തോ വയ്യായിക… ഒന്ന് അവിടേക്ക് പോകണം എന്ന് പറഞ്ഞു….” അവൾ ലക്ഷ്മിയെ നോക്കി…..

“എന്നാൽ മോള് പൊയ്ക്കോ… ബാക്കി ജോലി അമ്മ നോക്കി കോളാം…..” അവർ പറഞ്ഞു….

“അച്ഛന് കഴിക്കാൻ ന്തേലും എടുക്കണം… കടല വെന്തിട്ടുണ്ട് അത്‌ തോട് കളഞ്ഞു ഉള്ളി മൊരിയിച്ച് എടുക്കുന്നത് അച്ഛന് ഇഷ്ട്ടാണ്….” അവൾ വേഗത്തിൽ ഉപ്പിൽ പറ്റിച്ച കടലയെടുത്ത് തോട് കളയാൻ തുടങ്ങി

ചീനച്ചട്ടി അടുപ്പിൽ വെച്ച് കടുക് വറക്കുന്നതിനിടയിൽ അവൾ ഫോൺ കൈയ്യിൽ എടുത്തു

“വിളിച്ചു നോക്കാം …”അവൾ ആലോചനയോടെ അച്ഛന്റെ നമ്പർ ഡയൽ ചെയ്തു…..

പക്ഷേ അപ്പുറത്ത് കാൾ എടുക്കുന്നില്ല അതോടെ ആതി കൂടി…. അച്ഛന് കഴിക്കാനുള്ളത് എടുത്ത ശേഷം.. അവൾ വേഗതത്തിൽ റൂമിലേക്ക് ചെന്നു…. വിഷ്ണുവിനെ വിളിച്ചുണർത്തി കാര്യം പറഞ്ഞു….

“ഞാൻ വരണോ…”അവൻ ഉറക്കചടവോടെ എഴുന്നേറ്റിരുന്നു……

“ഏട്ടൻ വരേണ്ട… ഇന്നലെ വൈകിയല്ലേ വന്നേ… കുറച്ചു കഴിഞ്ഞു പോകുകയും വേണ്ടേ… ഞാൻ പോയിട്ട് വിളിക്കാം…..”

വേഗതത്തിൽ ഇട്ടിരുന്ന ഡ്രസ്സ്‌ മാറി ഒരു ചുരിദാർ എടുത്തിട്ട്… മുടി ഒതുക്കി വെച്ച്….

ബെഡിൽ കിടന്നുറങ്ങുന്ന കുഞ്ഞിന് തോളിലേക്ക് എടുത്തിട്ട് ഒരു ടർക്കി കൊണ്ട് കുഞ്ഞിന് പുതപ്പിച്ച് കൊണ്ട് അവൾ വേഗതത്തിൽ പുറത്തേക്ക് നടന്നു…..

അമ്മയോടും വിഷ്ണുവിനോടും യാത്ര പറഞ്ഞ് മുന്നോട്ട് നടക്കുമ്പോൾ… വഴിയിൽ പലരും എവിടെക്കാണെന്ന് തിരക്കി കൊണ്ടിരുന്നു…

വീട്ടിലേക്ക് എന്ന് പറഞ്ഞ് അവൾ വേഗതത്തിൽ തന്നെ നടന്നു…. വീട്ടിലെത്തി അച്ഛനെ കണ്ടാലേ മനസ്സിലെ തീ തെല്ലോന്ന് അടങ്ങൂ എന്ന് അവൾക്ക് അറിയാമായിരുന്നു…..

ഇടയ്ക്കിടെ അച്ഛന് ഇങ്ങനെ പതിവുള്ളതാണ്… ഡോക്ടർ വീട്ടിൽ വന്ന് നോക്കും ഹോസ്പിറ്റലിൽ കൊണ്ട് പോകണം എങ്കിൽ കൊണ്ട് ചെല്ലാൻ പറയും ട്രിപ്പും മറ്റും ചെല്ലുമ്പോൾ ആള് ഓക്കേ ആകും…

ഹിമയുടെ വീടും ഭർത്താവായ വിഷ്ണുവിന്റെ വീടും തമ്മിൽ 15മിനിറ്റ് നടക്കേണ്ട ദൂരമേയുണ്ടായിരുന്നുള്ളൂ…..

“അച്ഛാ…. “വീട്ടിലെത്തി ചാരിയിട്ട വാതിൽ തുറന്ന് അകത്തേക്ക് കയറുമ്പോൾ അവൾ പതിവ് പോലെ നീട്ടി വിളിച്ചു….

എന്നും ഒരു മൂളലിലൂടെ അവളുടെ വിളിക്ക് മറുപടി കേട്ടിരുന്ന അച്ഛന്റെ ശബ്ദം അന്നവൾ കേട്ടില്ല…. അച്ഛന്റെ റൂമിൽ ചെന്നു….

റൂമിൽ നിന്നും ലോഷന്റെയും… കൊതുക് തിരിയുടെയും ഗന്ധം വമിക്കുന്നുണ്ടായിരുന്നു…..നോക്കുമ്പോൾ കണ്ണുകൾ അടച്ച് മയക്കത്തിൽ ആയിരുന്നു അദ്ദേഹം….

“നിന്റെ കാൾ ഇപ്പോളാണ് കണ്ടത്.. ഞാൻ ഉറങ്ങി പോയി…”അച്ഛന്റെ ഫോൺ കൈയ്യിൽ പിടിച്ചു കൊണ്ട് ഹിമയുടെ അനുജൻ അവിടേക്ക് വന്നു

“അച്ഛൻ ഫോൺ അടുത്ത് വെച്ചില്ലേ അപ്പോൾ…”ഒരു നേരം പോലും ഫോൺ അടുത്ത് നിന്നും മാറ്റാൻ സമ്മതിക്കാത്ത ആൾ ആണ് അച്ഛൻ…

“ഇല്ലടി… ഇന്നലെ വൈകിട്ട് മുതൽ ഒന്നും തിരക്കുന്നില്ല… കാൾ വന്നാലൊന്നും എടുക്കുന്നില്ല…..”അവൻ അവളുടെ കൈയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി…..

ഹിമ അച്ഛനെ ഒന്ന് നോക്കി… പിന്നെ അച്ഛന്റെ കട്ടിലിനോട് ചേർന്ന് കാലിനടുത്തായി ഇട്ടിരിക്കുന്ന കസേരയിലേക്ക് ഇരുന്നു…..

ഹിമ… ദേവിയുടെയും…വേണുവിന്റെയും രണ്ട് മക്കളിൽ മൂത്തവൾ ആണ്….. ഇളയവൻ ഹേമന്ത്…. ITA പഠിക്കുവാണ്…. ഹിമ 10ഇൽ പഠിക്കുമ്പോൾ ആണ്… പേരറിയാത്ത അസുഖം ബാധിച്ച് അച്ഛൻ ഇരിപ്പിലാകുന്നത്…..

ആയൂർവേദവും… ഹോമിയോപതിയും… അലോപ്പതിയുമായി ഒരുപാട് മരുന്നുകൾ ഡോക്ടർ മാർ… പക്ഷേ അസുഖം എന്തെന്ന് മാത്രം കണ്ടെത്താനായില്ല…..

കടം വാങ്ങിയും… നാട്ടുകാരുടെ സഹായത്തോടെയും പ്രതീക്ഷ കൈ വിടാതെ അപ്പോളും ചികിത്സ തുടർന്ന് കൊണ്ടിരുന്നു……

ഹിമയുടെ അനുജന് അന്ന് 7വയസ്സ് പ്രായമേയുള്ളൂ….. രണ്ട് മക്കളെയും നോക്കാനും… കുടുംബം പുലർത്താനുമായി അവളുടെ അമ്മ ചോ ര വെള്ളമാക്കി തന്നെ അധ്വാനിച്ചു… മാന്യമായ എന്ത് ജോലിക്കും പോയി…..

ആ അമ്മയുടെ തണലിൽ ആ അച്ഛനും മക്കളും സുരക്ഷിതരായിരുന്നു…. അമ്മ അടുത്തില്ലാത്തപ്പോൾ ഒക്കെ കൊച്ചു കുഞ്ഞിനെ എന്ന പോലെ മക്കൾ അച്ഛനെ കൊണ്ട് നടന്നു……

ഭക്ഷണം കഴിക്കാത്തപ്പോൾ വാരിയൂട്ടാനും…. കൈയ്യിൽ പിടിച്ച് മെല്ലെ നടത്താനും…. കുളിപ്പിക്കാനും വേണ്ടതൊക്കെ ചെയ്തു കൊടുക്കാനും അവർക്ക് ഒരു മടിയും ഇല്ലായിരുന്നു……

അച്ഛനെ നോക്കി ഇരിക്കുമ്പോൾ എന്തു കൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു…. വെളുത്ത് ഒത്ത ശരീരവും കട്ടതാടിയുമൊക്കെ ആയി എത്ര ഐശ്വര്യമായിരുന്നു തന്റെ അച്ഛനെ കാണാൻ…

നാട്ടുകാർക്കൊക്കെ വേണ്ടപെട്ടവൻ… ആരോടും മാന്യമായേ പെരുമാറൂ…. അങ്ങനെയുള്ള തന്റെ അച്ഛൻ കൈകാലുകൾ ശോഷിച്ച്… ക്ഷീണിച്ചോട്ടി… യൂറിൻ ട്യൂബ്മായി കിടക്കാൻ തുടങ്ങിയിട്ട് വർഷം രണ്ട് കഴിഞ്ഞു……

ഹിമയുടെ വിവാഹത്തിന് ശേഷമായിരുന്നു അച്ഛന് ഇത്രയും വയ്യായിക ആയത്….ഹിമ മെല്ലെ അച്ഛന്റെ കാലിലൊന്നു തൊട്ടു…. ഒരു ഞെരക്കത്തോടെ അച്ഛൻ കണ്ണുകൾ വലിച്ചു തുറന്നു…..

ആ കണ്ണുകളിലെ പ്രകാശം നഷ്ടപ്പെട്ടിരുന്നു അതാകെ കലങ്ങി ഇരുന്നതായി തോന്നി അവൾക്ക്….. അവൾ എഴുനേറ്റ് അച്ഛന്റെ അടുത്ത് ചെന്നു….

“അച്ഛാ… ഞാൻ ചായയ്ക്ക് കഴിക്കാൻ കൊണ്ട് വന്നിട്ടുണ്ട്… തരട്ടെ….”അവൾ തിരക്കി…

“ആ….”അവശതയോടെ തന്നെ അച്ഛൻ തലയാട്ടി

“എഴുന്നേൽപ്പിച്ച് ഇരുത്തണോ…..” ഹേമന്ത് അവിടേക്ക് വന്നു….

“അച്ഛന് എഴുനേറ്റ് ഇരിക്കണോ….” അവൾ ചോദിച്ചു….

വേണ്ട എന്ന് അച്ഛൻ നിഷേധാർഥത്തിൽ തലയാട്ടി…. അവൾ കൊണ്ട് വന്ന കടല മെഴുക്കുപുരട്ടി ചെറിയ സ്പ്പൂണിൽ കോരി അവൾ അച്ഛന് കൊടുത്തു……

അത്‌ ചവയ്ക്കാൻ തന്നെ അച്ഛൻ ആകെ പ്രയാസപ്പെടും പോലെ തോന്നി അവൾക്ക്…. ഒന്ന് രണ്ട് സ്പൂൺ പിന്നെ അച്ഛൻ വേണ്ടന്ന് പറഞ്ഞു.. അച്ഛന് വാ കഴുകാൻ പോലും വയ്യായിരുന്നു…..

കുറച്ചു കഴിഞ്ഞപ്പോൾ അമ്മ പണി കഴിഞ്ഞ് ഓടിയെത്തി… പിറകെ ഡോക്ടറും അച്ഛനെ നോക്കുവാൻ എത്തി…..

അമ്മ വിളിച്ചു പറഞ്ഞത് കൊണ്ട് അമ്മയുടെ അനുജനും അമ്മമ്മയും പിന്നെ അച്ഛന്റെ അമ്മാവന്റെ മകനും അവിടെയെത്തിയിരുന്നു….

അവർ വന്ന് നോക്കി ഇറങ്ങുമ്പോൾ പുറത്തു നിന്ന വലിയച്ഛനോടും… മാമനോടും എന്തോ പറയുന്നത് ഹിമ കണ്ടു ……

“ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകാം അല്ലേ……”ഹേമന്ത് അവരുടെ അടുത്തേക്ക് ചെന്നു…..

“വേണ്ട മോനെ… തന്ന മരുന്നൊക്കെ തന്നെ കൊടുക്കാൻ പറഞ്ഞു…”അവർ അത്‌ പറയുമ്പോൾ അവന്റെ മുഖത്തേക്ക് നോക്കിയില്ല…..

അമ്മമ്മയെ അവിടെ നിർത്തി കൊണ്ട് കുറച്ചു കഴിഞ്ഞപ്പോൾ അമ്മാവൻ വീട്ടിലേക്ക് തിരികെ പോയി….. വലിയച്ഛൻ അതിനു മുന്നേ പോയിരുന്നു…….

അന്നത്തെ ദിവസം എങ്ങനെയൊക്കെയോ കടന്നുപോയി…. വൈകിട്ട് ഹിമ വിഷ്ണുവിന്റെ വീട്ടിലേക്ക് തിരികെ പോയി …. പിന്നീടുള്ള ദിവസങ്ങളിൽ അവൾ രാവിലെ അച്ഛന്റെ അടുത്ത് പോകും വൈകിട്ട് തിരികെ പോരുമായിരുന്നു..

അവളുടെ അമ്മ ജോലിക്ക് പോകുന്നില്ലായിരുന്നു… ഇടയ്ക്കിടെ ഡോക്ടറും വേറെ ആരൊക്കെയോ അച്ഛനെ കാണാൻ വന്നും പോയി കൊണ്ടും ഇരുന്നു…

ഒരു ദിവസം തിരികേ വിഷ്ണുവിന്റെ വീട്ടിൽ ചെന്ന്……..കുറേ കഴിഞ്ഞപ്പോളാണ് വിഷ്ണു ജോലി കഴിഞ്ഞ് എത്തുന്നത്……

വരും വഴി അച്ഛന്റെ അടുത്ത് കയറിയെന്നും അവിടെ…. വലിയച്ഛന്റെ മക്കളും മറ്റും വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ന്ത് കൊണ്ടോ ഹിമയുടെ മനസ്സിൽ വീണ്ടും ആതിയായി….

“അമ്മേ ഞാൻ വീട്ടിലേക്ക് തിരികെ പൊയ്ക്കോട്ടേ…. അച്ഛന് ഭേദമായ ശേഷം തിരികെ വരാം…..”അവൾ ലക്ഷ്മിയെ നോക്കി….

“അതിനെന്താ മോൾക്ക് പോണേൽ പൊയ്ക്കോ… വിഷ്ണു കൊണ്ട് ചെന്ന് വിട്…..”ലക്ഷ്മി മകനോടായി പറഞ്ഞു….

“ഡ്രെസ്സും മറ്റും എടുക്കണേൽ എടുത്തൊ… അപ്പോളേക്കും ഞാൻ ഒന്നു കുളിച്ചിട്ട് വരാം…..”വിഷ്ണുവും എതിർപ്പൊന്നും പറഞ്ഞില്ല….

അവൾ തലയാട്ടി കൊണ്ട് റൂമിലേക്ക് നടന്നു അത്യാവിശമുള്ളത് എല്ലാം എടുത്തു കൊണ്ട് വേഗതത്തിൽ തന്നെ ഒരുങ്ങുകയും ചെയ്തു…..

വിഷ്ണുവിനോടൊപ്പം വീട്ടിലേക്ക് ചെല്ലുമ്പോൾ അവിടെ ഒരുപാട് പേര് അച്ഛനെ കാണാൻ എത്തിയിട്ടുണ്ടായിരുന്നു…… അവൾ അച്ഛന്റെ റൂമിലേക്ക് ചെന്നു അപ്പോളും അച്ഛൻ മയക്കത്തിൽ ആയിരുന്നു…..

അപ്പോളാണ് അവൾ കണ്ടത് യൂറിൻ ട്യൂബിലൂടെ യൂറിൻ ബാഗിലേക്ക് വീഴുന്നത് ബ്ലഡ് ആണ്….. പെട്ടന്ന് അച്ഛൻ ഒന്നു വാ തുറന്നു വായിൽ നിന്നു ബ്ലഡ് വരുന്നു….

“വിഷ്ണുവേട്ടാ… ഇതെന്താ ഇത്…. അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം… ഞാൻ പോകും വരെ ഇങ്ങനെ ഒന്നും ഇല്ലായിരുന്നെല്ലോ…..”അവൾ കരയാൻ തുടങ്ങി….

“മോള് ഇങ്ങു വാ….”വലിയമ്മ വന്ന് അവളെ കൂട്ടി കൊണ്ട് പോയി……

ഹോസ്പിറ്റലിലേക്ക് ഇനി കൊണ്ട് ചെല്ലേണ്ട എന്ന് ഡോക്ടർ തന്നെ പറഞ്ഞെന്നും….. ഇവിടെ വന്ന് നോക്കി കൊള്ളാം എന്നും ഒക്കെ അവർ പറയുന്നത് ഒരു മൂളക്കം പോലെ അവൾ കേൾക്കുന്നുണ്ടായിരുന്നു…..

“മോളെ അച്ഛൻ ഇനി അതിക ദിവസം നമ്മൾക്കൊപ്പം ഉണ്ടാകില്ല…..”അത്‌ പറഞ്ഞപ്പോൾ അവൾ വലിയമ്മയെ തുറിച്ചു നോക്കി….

പിന്നെ ഇത് പോലെ എത്രയോ വട്ടം അച്ഛൻ ഞങ്ങളെ പേടിപ്പിച്ചിരിക്കുന്നു….. കുറച്ചു കഴിയുമ്പോൾ അച്ഛൻ പഴയപോലെ ആകും അവൾ മനസ്സിൽ പറഞ്ഞ് കൊണ്ടിരുന്നു…..

പക്ഷേ എന്നത്തെയും പോലെ കാര്യം അത്ര നിസാരമല്ലന്ന് പിന്നീടുള്ള ദിവസങ്ങളിൽ അവൾക്ക് മനസിലാകുകയായിരുന്നു……

അച്ഛനെ കാണാൻ എല്ലാവരും എത്തി കൊണ്ടിരുന്നു… ആകെ ഒരു മൂകത അവിടമാകെ തളം കെട്ടി നിന്നു…. അച്ഛൻ ആ കിടപ്പ് തന്നെ ഇടയ്ക്കിടെ സ്പൂൺ കൊണ്ടും പഞ്ഞിയിൽ നനച്ചും വെള്ളം കൊടുക്കുന്നത് ഒഴിച്ചാൽ വേറെ ആഹാരം ഒന്നും കഴിക്കുന്നില്ല……

വയ്യാതെ ആയതിൽ പിന്നെ മരുന്നുകളോട് വല്ലാത്തൊരു ആസക്തി പോലെ ആയിരുന്നു അച്ഛന്…. ഡോ ലോയും പാ ര സെറ്റമോളും ഒക്കെ എല്ലാ ദിവസവും എന്നപോലെ കഴിക്കും വാങ്ങി കൊടുക്കാത്തിരുന്നാൽ….

“വേദനഎടുത്ത് ചാവുകയാണ്….. എന്നെ കൊല്ലാനാണോ…”എന്ന് പറഞ്ഞ് ഉറക്കെ കരയും…

അമിതമായി കഴിച്ച മരുന്നുകളുടെ സൈഡ് എഫക്ട് ഇത്ര മാരകമാകുമെന്ന് ആരും കരുതിയിരുന്നില്ല…. വായിൽ നിന്ന് ഇടയ്ക്കിടെ ബ്ലഡ് എടുക്കുന്നുണ്ടായിരുന്നു..

വേദന കൊണ്ടാണോ അറിയില്ല അച്ഛൻ ഇടയ്ക്കിടെ പല്ല് ഞെരിക്കുന്നുണ്ടായിരുന്നു…..

ദിവസങ്ങൾ ഒന്നു രണ്ട് അങ്ങനെ കടന്നു പോയി… രാത്രിയിൽ അമ്മ അച്ഛന്റെ അടുത്ത് തന്നെ കസേരയിൽ ഇരുന്ന് ഉറങ്ങും… അമ്മമ്മ അടുത്ത റൂമിൽ കിടക്കും… ഹിമയും കുഞ്ഞും അനുജനും.. ഹാളിൽ പായ വിരിച്ച് അവിടെ കിടക്കും…..

എന്തൊക്കെയോ ഓർത്തു കിടന്ന് ഉറക്കത്തിലേക്ക് വഴുതി പോകവേ…. അമ്മ അവളെ കുലുക്കി വിളിച്ചു അവൾ ഞെട്ടി എഴുനേറ്റ് അമ്മയെ നോക്കി…..

“മോളെ അച്ഛനെ ഒന്നും നോക്കിക്കേ എന്തോ വിത്യാസം പോലെ….”അമ്മ പറയുന്നത് കേട്ടപ്പോൾ അവൾ വേഗം എഴുനേറ്റ് അച്ഛന്റെ അടുത്തേക്ക് ചെന്നു.. അമ്മമ്മയുണ്ടായിരുന്നു അവിടെ……

എവിടെ നിന്നോ നായ്ക്കളുടെ നിർത്താതുള്ള ഓരിയിടലും… കുരയും.. അവൾ കേട്ടു…. എന്തോ വല്ലാത്തൊരു അസ്വസ്‌ഥത തന്നെ പൊതിയുന്നത് ഹിമ അറിഞ്ഞു…..അവൾ അച്ഛനെ നോക്കി… ശ്വസം ഒന്നു ആഞ്ഞു വലിച്ചു പിന്നെ അനങ്ങുന്നില്ല….

“അച്ഛാ…”അവൾ വിളിച്ചു…

“ഉം….”അച്ഛൻ ഒന്നു മൂളി പിന്നെ പല്ലു ഞെരിച്ചു… അവൾ സ്പൂണിൽ വെള്ളം എടുത്ത് അച്ഛന് കൊടുത്തു… പിന്നെ അച്ഛനെ തന്നെ നോക്കി നിന്നു…..

“മോള് ഒന്നു വലിയച്ഛനെയും… വിഷ്ണുവിനെയും വിളിക്ക്… ഒന്നും ഇല്ലേലും അവരൊന്നു വന്നു പൊയ്ക്കോട്ടേ…..”അമ്മ അവളോടായി പറഞ്ഞു…

അവൾ വേഗം ഫോൺ കൈയ്യിൽ എടുത്തു നമ്പർ ഡയൽ ചെയ്യുമ്പോൾ തന്നെ ഹേമന്തിനെ അവൾ തട്ടി വിളിച്ചു…..

ഫോൺ ചെയ്യേണ്ട താമസം എല്ലാവരും ഓടിയെത്തി….. എല്ലാവരും അച്ഛന്റെ അടുത്തേക്ക് ചെന്നു… പഞ്ഞിയിൽ മുക്കി അച്ഛന്റെ മക്കൾ ഒക്കെ വെള്ളം ആ ചുണ്ടിലേക്ക് ഇറ്റിച്ചു…..

“ഓം നമഃശിവായ…ഓം.. നമഃശിവായ…” അടക്കിപ്പിടിച്ച തേങ്ങൽ പോലെ അമ്മയുടെ ശബ്ദം അവൾ കേട്ടു….

“കരയല്ലേ…. അച്ഛൻ പേടിക്കും…..”വലിയ വായിൽ കരയാൻ തുടങ്ങിയ ഹിമയെ വലിയമ്മ ചേർത്തു നിറുത്തി….

“പോയി….”ഏതാനും സെക്കൻഡ് കഴിഞ്ഞപ്പോൾ ആരോ പറഞ്ഞു…

“പോയൊ…. പോയൊ… ദൈവേ….” അമ്മയുടെ അലറിയുള്ള കരച്ചിൽ ഹിമയുടെ കാതിൽ പതിച്ചു…

“അച്ഛാ……”അവളും അലറി കരഞ്ഞു….

ഹിമയുടെ കൈയ്യും കാലും മരവിക്കും പോലെ തോന്നി അവൾക്ക്… മനസ്സിൽ എന്തോ ഉറഞ്ഞു കൂടിയത് പോലെ… കണ്ണു നീർ പുറത്ത് വരാത്തത് പോലെ…..

ആരൊക്കെയോ ചേർന്ന് അച്ഛനെ വള്ള പുതപ്പിച്ച് താഴെ ഹാളിൽ കിടത്തിയതും… അതിനരികിലേക്ക് തങ്ങളെ ഇരുത്തിയതും… ആരൊക്കെയോ അടുത്ത് വരുന്നതും ഒക്കെ അറിഞ്ഞും അറിയാതെയും നിർവികാരതയോടെ അവൾ ഇരുന്നു……

നേരം പുലർന്നത്തോടെ ആളുകൾ കൂട്ടമായി എത്തി തുടങ്ങി….. ചേച്ചിമാർ വന്ന് നെഞ്ചിൽ തല്ലി കരയുമ്പോളും ഹിമയ്ക്ക് കരയാൻ പറ്റിയില്ല……

മനസ്സിൽ നൂറായിരം ഓർമ്മകൾ…. അച്ഛൻ താങ്ങായി നിന്നതിനേക്കാൾ ഏറെ അച്ഛന് താങ്ങായി നിന്ന ഒരുപാട് നിമിഷങ്ങൾ……

“കുളിക്കാൻ പോകുവാണോ…. മാസങ്ങളായല്ലോ നന്നായൊന്നു കുളിച്ചിട്ട്… നന്നായി കുളിച്ചു വായോ……”അമ്മയുടെ അലർച്ച വീണ്ടും അവളെ ഞെട്ടിച്ചു….

അച്ഛനെ കുളിപ്പിക്കാൻ കൊണ്ട് പോകുവാണ്‌… ആരൊക്കെയോ ചേർന്ന് അമ്മയെയും അവളെയും താങ്ങി റൂമിലേക്ക് കൊണ്ട് പോയി…..

കർമ്മത്തിന് നിൽക്കാനായി ഇറനോടെ കുരുത്തോല പന്തലിലേക്ക് ഇറങ്ങുമ്പോൾ അവൾ കണ്ടു കുളിച്ച്…. പുതിയ ഷർട്ടും.. മുണ്ടും ഉടുത്ത് കുറി വരച്ചു കിടക്കുന്ന അച്ഛനെ…..

“എന്റെ അച്ഛൻ പോകുവാണോ…. ഇനി ഒന്നും അറിയേണ്ടാലോ…..”അച്ഛനെ വലത്തിട്ട് ആ കാലിൽ തൊടുമ്പോൾ അവൾ പറഞ്ഞു കൊണ്ടിരുന്നു

“ന്റെ പൊന്നു മക്കളെ… കാക്ക കുഞ്ഞിനെ പോലെ മക്കള് കൊണ്ടു നടന്നിട്ടും കൊത്തി പറിച്ചു കൊണ്ട് പോയല്ലോ….”അച്ഛനെ കാണാൻ കൊണ്ട് വന്നപ്പോൾ ആ അമ്മ കരയുന്നത് കേട്ട് ചുറ്റും നിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു

അത്‌ വരെ വിങ്ങി നിന്ന ഹിമ തല ഉയർത്തി അനുജനെ നോക്കി….. വിങ്ങി കൊണ്ട് കണ്ണു നീർ തുടയ്ക്കുന്ന അവനെ കണ്ടതും….

“ഹേമു….”എന്ന് വിളിച്ച് ഉറക്കെ കരഞ്ഞു കൊണ്ട് അവൾ അവന്റെ കൈയ്യിൽ പിടിച്ചു….

വിതുമ്പി കരഞ്ഞു കൊണ്ട് അവൻ ചേച്ചിയെ ചേർത്തു പിടിച്ചു….. അച്ഛനെ മാത്രമല്ല…. കൈയ്യിൽ കൊണ്ട് നടന്ന കൈ കുഞ്ഞിനെ കൂടി നഷ്ട്ടപെട്ട അവരുടെ അവസ്‌ഥ കണ്ട് എല്ലാവരും വിതുമ്പി….

ഈ ജന്മത്തിൽ നല്ലത് മാത്രം ചെയ്ത ഒരു പാവം മനുഷ്യൻ… മുൻജന്മ പാപം പോലെ ഒരുപാട് അനുഭവിച്ച് ആന്മാവ് നഷ്ട്ടപ്പെട്ട്…

ഒരു പിടി ചാരമാകാൻ…. പ്രിയപ്പെട്ടവർക്ക് ഓർമ്മ മാത്രമാകാൻ ശ്മശാനാത്തിലേക്ക് മകന്റെ ഒപ്പം യാത്രയാകുമ്പോൾ….അമ്മയും മകളും അകത്ത് പതം പറഞ്ഞു കരഞ്ഞു കൊണ്ടിരുന്നു….

“മോളെ….”തളർന്നിരിക്കുന്ന അവളുടെ അടുത്തേക്ക് അവളുടെ അമ്മായിയും മറ്റും ചെന്നു…..

“അമ്മായി… ഞങ്ങൾ എന്താ ഇത്ര പാപികൾ ആയി പോയെ….. ഏല്ലാവരും അച്ഛനൊപ്പം നടക്കുമ്പോൾ എത്ര കൊതിച്ചിട്ടുണ്ടെന്ന് അറിയോ…… ഇത്ര നന്നായി നോക്കിയിട്ടും എത്ര വേദനിച്ചാ ന്റെ അച്ഛൻ പോയെ…..”അവൾ വീണ്ടും വിങ്ങി കരഞ്ഞു…..

“പാപികളോ…. നിങ്ങളാ മക്കളെ ഏറ്റവും സുകൃതം ചെയ്ത മക്കൾ… വീണ് പോയ സ്വന്തം അച്ഛനെ കൈ കുഞ്ഞിനെ പോലെ നോക്കിയില്ലേ എത്ര വട്ടം ഞങ്ങളൊക്കെ വരുമ്പോൾ അച്ഛൻ ഇത് പറഞ്ഞിട്ടുണ്ടെന്ന് അറിയാമോ…

ഒരറപ്പും.. വെറുപ്പുമില്ലാതെ തന്നെ നോക്കുന്ന… ഇങ്ങനെ ഒരു ഭാര്യയെയും മക്കളെയും കിട്ടാൻ എന്ത് സുകൃതമാണ് താൻ ചെയ്തതെന്ന് അറിയില്ലെന്ന്….” അവർ കണ്ണു നീരോടെ തന്നെ പറഞ്ഞു…

“വേദനിക്കുന്ന ശരീരമായി അച്ഛൻ ഇങ്ങനെ കിടക്കുന്നത് കഷ്ട്ടമല്ലേ… അച്ഛൻ എന്നും നിങ്ങൾക്കൊപ്പം ഉണ്ടാകും… നിങ്ങൾക്ക് വേണ്ടി തമ്പുരാനോട് നേരിട്ട് കൈ നീട്ടാൻ….” വലിയമ്മയും അവളെ അശ്വസിപ്പിച്ചു…

പക്ഷേ ഒരു ആശ്വസ വാക്കുകളും അവളുടെ കാതിൽ പതിച്ചില്ല എന്ന് വേണം പറയാൻ…. പ്രിയപെട്ടവരുടെ മരണം അത്‌ ഏത് രീതിയിൽ ഉള്ളതാണേലും… നഷ്ട്ടപെട്ടവർക്കുണ്ടാകുന്ന വേദന മരവിപ്പ്…….

ഒന്നു കരയാൻ പോലും ആകാതെ പ്രിയപ്പെട്ടവരുടെ മരണത്തിന് മുന്നിൽ ചിലർ പകച്ചു നിന്ന് പോകുന്നതും അത്‌ കൊണ്ട് തന്നെയാകാം….

Leave a Reply

Your email address will not be published. Required fields are marked *