നിഹാരിക
(രചന: അഥർവ ദക്ഷ)
കൂട്ടുകാർക്ക് നടുവിൽ സംസാരിച്ചു കൊണ്ട് നിൽക്കുമ്പോളും അവന്റെ കണ്ണുകൾ തിരഞ്ഞിരുന്നത് അവളെയായിരുന്നു…..
എല്ലാവരെയും ഒന്നിച്ച് കണ്ടതിന്റെ സന്തോഷം മനസ്സിൽ നിറയുമ്പോളും എന്തോ ഒരു നോവ് അവന്റെ ഉള്ളിൽ നിറഞ്ഞു നിന്നു…
പലരെയും നേരിൽ കണ്ടിട്ട് വർഷങ്ങൾ കഴിഞ്ഞിരുന്നു എല്ലാവരുടെയും അടുത്ത് ചെന്ന് വിശേഷങ്ങൾ തിരക്കുമ്പോളാണ്….
ബീച്ചിനോട് ചേർന്ന പാർക്കിങ് ഏരിയയിലേക്ക് ഒരു കാർ വന്നു നിന്നത് അവനൊരു പിടച്ചിലോടെ അവിടേക്ക് നോക്കി… കാറിന്റെ ഡ്രൈവിങ് സീറ്റിൽ നിന്നും ഇറങ്ങുന്ന അവളെ കണ്ടതും…
ഒരു നിമിഷം തന്റെ ഹൃദയം നിന്നു പോകും പോലെ തോന്നി അവന്…..
ചുണ്ടിൽ ഒരു ചെറു ചിരിയുമായി അവിടേക്ക് വരുന്ന അവളെ തന്നെ നോക്കി നിന്നു അവൻ….. ഇപ്പോളും ഒരു മാറ്റവും ഇല്ല ഇന്നും തന്റെ പഴയ നിഹ തന്നെ…. അവൻ മനസിലോർത്തു….
വിടർന്ന വലിയ കണ്ണുകളിൽ ഇന്നും അവൾ കരി ഇട്ടിരുന്നില്ല….. നെറ്റിയിൽ ഒരു കുഞ്ഞി പൊട്ടു മാത്രം ചുരുണ്ടു നീണ്ട മുടി അലസമായി പിന്നി മുന്നോട്ടിട്ടിരിക്കുന്നു…
ബ്ലാക്ക് കളർ സിമ്പിൾ നെറ്റ് സാരി ആയിരുന്നു അവളുടെ വേഷം…..
“നിഹാ….. ” അവളെ കണ്ടപാടേ എല്ലാവരും അവൾക്ക് ചുറ്റും കൂടി…..
എല്ലാവരോടും അവൾ സംസാരിക്കുന്നതും വിശേഷങ്ങൾ തിരക്കുന്നതും അവൻ അത്ഭുതത്തോടെ നോക്കി നിന്നു…. പഴയ ആ പതുങ്ങിയിരിക്കുന്ന നിഹാരിക അല്ല അതെന്ന് അവൻ സന്തോഷത്തോടെ ഓർത്തു…..
ആരോടൊക്കെ സംസാരിച്ചിട്ടും…. അവളുടെ ഒരു നോട്ടം പോലും തന്നെ തേടിയെത്തിയില്ല എന്നത് അവന്റെ മനസിനെ ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു….
പലവട്ടം അറിയാതെ അവൾ അവന്റെ മുന്നിൽ വന്നു വെങ്കിലും ഒരു പരിചയ ഭാവം പോലും ആ കണ്ണുകളിൽ മിന്നിയില്ല
അലയടിച്ചു കൊണ്ടിരിക്കുന്ന കടലിലേക്ക് അസ്തമയ സൂര്യൻ താഴ്ന്നു പോകുന്നതും… അതിന് ശേഷം അവിടെമാകേ ഇരുൾ നിറയുന്നതും കാറ്റിന്റെ തണുപ്പ് കൂടുന്നതും ഒന്നും അവൻ അറിഞ്ഞതേയില്ല…..
എല്ലാവരോടും യാത്ര പറഞ്ഞ് നിഹ തിരികെ പോകുമ്പോളും ആ കണ്ണുകൾ അവനെ തേടിയെത്തിയില്ല…. അവസാനം ആ തീരത്തോട് യാത്ര പറഞ്ഞ് അവനും കാറിലേക്ക് കയറി…..
അത് വരെ അടക്കി വെച്ചിരുന്ന വേദനയെല്ലാം കണ്ണു നീരായി അവന്റെ കവിളിനെ നനച്ചു കൊണ്ടിരുന്നു…. ഓർമ്മകൾ ഒരു വിങ്ങലായി അവന്റെ മനസ്സിൽ നിറഞ്ഞു….
നിഹ എന്ന നിഹാരിക…. അവളെ ആദ്യമായി ഓം കാണുന്നത് അവർ പഠിക്കുന്ന കോളേജിൽ വെച്ചായിരുന്നു… ഓമിന്റെ ഉറ്റ സുഹൃത്തിന്റെ കസിൻ….
നന്നേ പതുങ്ങിയ ഒരു സുന്ദരി കുട്ടി ഇടയ്ക്കൊന്ന് സംസാരിച്ചിരുന്നു എന്നതൊഴിച്ചാൽ അവർ തമ്മിൽ പേരിനായി പോലും ഒരു സൗഹൃദം ഇല്ലായിരുന്നു…
കോളേജിൽ നിന്നും പടിയിറങ്ങിയതോടെ അവൻ ബിസിനസ് കാര്യങ്ങളിൽ മുഴുകുകയും…. വിദേശയാത്രകളും മറ്റുമായി തിരക്കാകുകയും ചെയ്തു…..
ബിസിനസ്സിലെ പ്രഷർ പിന്നെ വീട്ടിലെ ചെറിയ ചെറിയ പ്രേശ്നങ്ങൾ എല്ലാത്തിനും ഇടയിൽ അവന് ആകെ ഒരു ആശ്വാസം തന്റെ പ്രിയ സുഹൃത്തായ ലാവണ്യ ആയിരുന്നു….
ഇടയ്ക്കെപ്പോളോ അവളിലെ സൗഹൃദം ഒരു പ്രേണയത്തിലേക്ക് വഴിമ്മാറുന്നു എന്ന് കണ്ടപ്പോൾ അവളെ അവൻ തടഞ്ഞു.. എങ്കിലും ആ സൗഹൃദം നല്ല രീതിയിൽ തന്നെ മുന്നോട്ട് പോയ് കൊണ്ടിരിന്നു….
ഒന്ന് രണ്ട് വർഷങ്ങൾ കഴിഞ്ഞപ്പോൾ ലാവണ്യയ്ക്ക് വിവാഹലോചനകൾ വരാൻ തുടങ്ങി…അവളുടെ എൻഗേജ്മെന്റ് കഴിഞ്ഞതോടെ ഓമിന്റെ മനസ്സ് ആസ്വാസ്‌ഥമാകുവാൻ തുടങ്ങി…… അവളെ പിരിയാൻ തനിക്കാവില്ല എന്ന വേദനയിൽ അവൻ നീറി…..
വിവാഹം കഴിഞ്ഞ് അവൾ പോയതോടെ അവന് മറ്റൊന്നിലും ശ്രെദ്ധിക്കാൻ കഴിയാതെയായി…വീട്ടിൽ നിന്നും ഉള്ള എതിർപ്പുകൾ അവഗണിച്ച് അവൻ ബിസിനസിൽ നിന്നും വിട്ട്…..വീടും ഫ്രണ്ട്സുമായി കുറച്ചു നാൾ ചിലവഴിക്കാൻ അവൻ തീരുമാനം എടുത്തത് അങ്ങനെയാണ്…..
ചില ദിവസങ്ങളിൽ തനിയെ ഇരിക്കണം എന്ന് തോന്നുമ്പോൾ ബൈക്കുമായി ഓം നേരെ ബീച്ചിലേക്ക് പോകുമായിരുന്നു… അവിടെ ചെന്ന് കടലിലേക്ക് നോക്കി അവൻ വെറുതെ ഇരിക്കും…..
അങ്ങനെ ഇരുന്ന ദിവസങ്ങളിൽ ഒന്നിലാണ് കുറച്ചകലെ വെറും പൂഴിയിൽ കടലിലേക്ക് നോക്കിയിരിക്കുന്ന പെൺകുട്ടിയെ ശ്രെദ്ധിക്കുന്നത്….
കാൽ മുട്ടുകളിൽ താടി താങ്ങി അവൾ കുനിഞ്ഞ് ഇരിക്കുകയായിരുന്നു…. ഇടയ്ക്ക് അവൾ എഴുനേറ്റ് കടലിനു നേരെ നടന്നു…..
കടൽ തിരകൾ അവളുടെ പാദങ്ങളെ ആർത്തിയോടെ ചുംബിച്ചു….. കാറ്റിൽ പാറുന്ന മുടിയിഴകളും…. ഷാളും ഒരിക്കൽ പോലും അവൾ പിടി ചൊതുക്കിയില്ല…. അസ്തമയ സൂര്യൻ അവളെ കൂടുതൽ മനോഹരിയാക്കി….. അവൾ തിരിഞ്ഞു നടന്നപ്പോൾ ആണ് ഓം അവളുടെ മുഖം കണ്ടത്….
“നിഹാരിക…. “അവന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു….
അവൾ അന്ന് അവനെ കണ്ടില്ല സംസാരിക്കാൻ അവനും ശ്രെമിച്ചില്ല… പിന്നീടുള്ള അവന്റെ വരവിൽ എല്ലാം അവനെ കാണുക പതിവായിരുന്നു….
ഒരിക്കൽ നിറഞ്ഞ കണ്ണുകൾ ആരും അറിയാതെ നിഹാരിക തുടയ്ക്കുന്നത് കണ്ടപ്പോൾ അവൻ അവളുടെ അരികിലേക്ക് ചെന്നു…..
“നിഹാ….”അങ്ങനെ വിളിക്കാനാണ് അവന് തോന്നിയത്…
“ഓം….” തിരിഞ്ഞു നോക്കിയ അവൾ പെട്ടന്ന് തന്നെ അവനെ തിരിച്ചറിഞ്ഞു… അതൊരു തുടക്കമായിരുന്നു ആരും കൊതിക്കുന്ന ഒരു സൗഹൃദത്തിലേക്കും അതിലുപരി ഒരു ഇഷ്ടത്തിലേക്കുമുള്ള തുടക്കം…….
നിഹ…. ഒരു സാധാരണ കുടുംബത്തിലെ പെൺകുട്ടി ആയിരുന്നു പഠനം കഴിഞ്ഞതോടെ അച്ഛൻ നിശ്ചയിച്ച ആളുടെ മുന്നിൽ അനുസരണയോടെ അവൾ കഴുത്ത് നീട്ടി കൊടുത്തു….
കുന്നോളം സ്വപ്നങ്ങളും കുന്നിക്കുരുവോളം ആഗ്രഹങ്ങളുമായി പുതിയൊരു ജീവിതത്തതിലേക്ക് കടന്ന അവൾക്ക്… ആദ്യമാദ്യം അതൊരു സ്വപ്ന ലോകം തന്നെ ആയിരുന്നു….
പിന്നെ പിന്നെ എല്ലാം മാറുവാൻ തുടങ്ങി…. ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരുപ്പ് അതിന് വേണ്ടിയുള്ള ട്രീറ്റ്മെന്റ് എല്ലാം അവളുടെ ശരീരത്തെ വല്ലാതെ മാറ്റി….
ഒരു കുഞ്ഞ് കൂടി വന്നതോടെ….. അവൾ വല്ലാതെ വണ്ണം വെച്ചു… മാ റി ടങ്ങൾ ഇടിഞ്ഞു… ശരീത്തിൽ അവിടെയും ഇവിടെയും പാടുകൾ വീണു.. ദിവസങ്ങൾ കഴിഞ്ഞു പോകെ അയാൾക്ക് അവൾ കളിയാക്കാനും മറ്റുള്ളവർക്ക് മുന്നിൽ നാണം കെടുത്താനും വേണ്ടിയുള്ള എന്തോ ആയി മാറി കൊണ്ടിരുന്നു…..
എല്ലാം ഒരു ചെറു പുഞ്ചിരിയിൽ ഒതുക്കി മുന്നോട്ട് പോകെ….7വയസായ മകന്നിൽ നിന്നും ഒരിക്കൽ വന്ന വാക്കുകൾ അവളെ വല്ലാതെ വേദനിപ്പിച്ചു….
“മമ്മി എന്റെ സ്കൂളിലേക്ക് വരേണ്ട… മറ്റുള്ള മമ്മിയെ പോലെ എല്ലാ മമ്മി… ബ്ലാക്ക് ആ … വല്ലാതെ തിൻ ആ… മമ്മിക്ക് ഡ്രൈവിങ് അറിയില്ല…എനിക്ക് ഷൈയിം ആ…”
“മോന്… ഡാഡി വന്നാൽ മതിയോ…” മോന്റെ വാക്കുകൾ കേട്ട് കണ്ണു നിറച്ച അവളെ കണ്ടപ്പോൾ പാതിയായവന് വല്ലാത്ത ഹരമാണ് തോന്നിയത്….
അങ്ങനെ തൊട്ടതിനും പിടിച്ചത്തിനും കുറ്റങ്ങൾ കണ്ടെത്തി അയാളും വീട്ടുകാരും ചേർന്ന് അവളെ ഒഴിവാക്കി…. മോൻ അവളുടെ കൂടെ വരാൻ തയ്യാറായില്ല അവന് അച്ഛൻ മതിയായിരുന്നു…..
അതിന് ആ കുഞ്ഞിനോട് അവൾക്ക് പരാധിയില്ലായിരുന്നു… തന്നെ പോലെ ആകാതിരിക്കാൻ തന്നോട് സ്നേഹ കൂടുതൽ ആകാതിരിക്കാൻ… മോനെ പരമാവതി അവളിൽ നിന്നും അകറ്റാൻ അവളുടെ അമ്മായയമ്മ കുഞ്ഞിലേ മുതൽ ശ്രെദ്ധിച്ചിരുന്നു….
കുഞ്ഞിനെ കാണാൻ ചെന്നാലും അവൻ അവളെ കാണാൻ കൂട്ടാകുമായിരുന്നില്ല… പെറ്റമ്മയുടെ ആധി കൊണ്ടാകാം ഇപ്പോൾ അവൾ വല്ലാതെ ക്ഷീണിച്ചിരുന്നു… പക്ഷേ ആ കണ്ണുകളിൽ എപ്പോളും വിഷാദ ഭാവമായിരുന്നു
ഇടയ്ക്കിടെ ഓമും നിഹയും കാണുക പതിവായി….. നേരിട്ടുള്ള സംസാരത്തിലൂടെയും ഫോൺ വിളികളിലൂടെയും അവർ പരസ്പരം അറിഞ്ഞു…
എത്രവട്ടം പിണങ്ങിയാലും ഒരിക്കലും സംസാരിക്കില്ല എന്ന് പറഞ്ഞ് പോയാലും… അതൊക്കെ മറന്ന് നിഹ പെട്ടന്ന് തന്നെ അവന്റെ അടുത്തേക്ക് എത്തുമായിരുന്നു…. ഒരുദിവസം പോലും അവൾക്ക് അവനോടൊ…അവന് അവളോടോ സംസാരിക്കാതിരിക്കാൻ ആകുമായിരുന്നില്ല……
ഒരിക്കൽ ബീച്ചിൽ വെച്ച് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഓമിന്റെ ഫോണിലേക്ക് ഒരു കാൾ വന്നു…. നിഹയുടെ കൈയ്യിൽ ആയിരുന്നു അവന്റെ ഫോൺ അവൾ ആ ഫോണിലേക്ക് ഒന്ന് നോക്കി പിന്നെ നെറ്റി ചുളിച്ചു കൊണ്ട് ഫോൺ അവനു നീട്ടി….
സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ടപ്പോൾ അവനും ആകെയൊന്ന് വിളറി…. പിന്നെ കാൾ എടുത്ത് പുറത്താണ് എന്ന് പറഞ്ഞ് കൊണ്ട് കാൾ കട്ട് ചെയ്തു…
“അവൾ ഇപ്പോളും നിന്നെ വിളിക്കാറുണ്ടോ..” നിഹ അവന്റെ കണ്ണുകളിലേക്ക് നോക്കി…..
“ഇടയ്ക്ക്….. നല്ലൊരു ഫ്രണ്ട് ആയി അവൾ കൂടെയുണ്ട്…..”ലാവണ്യയുമായി ഉണ്ടായിരുന്ന ബന്ധം അവൻ തന്നെ അവളോട് പറഞ്ഞിരുന്നു…
“ഉം….”അവളൊന്നുമൂളി….
അപ്പോളാണ് അവന്റെ വാട്സാപ്പിൽ മെസ്സേജ് നോട്ടിഫിക്കേഷൻ വരുന്നത്…. സാധാരണ മെസ്സേജ് വന്നാൽ നോക്കുന്ന അവൻ അന്ന് അത് നോക്കിയില്ല….
“നോക്കുന്നില്ലേ…”അവൾ നെറ്റി ചുളിച്ചു….
“അത് അവളാണ്….”ഓം നിഹയുടെ മുഖത്തേക്ക് നോക്കിയില്ല
“ഉം… നോക്കൂ…”അവൾ കടലിലേക്ക് മിഴിയൂന്നി….
“എന്താണ്… നൈറ്റ് കാൾ ചെയ്യും എന്നാണോ….”ആ ഇരുപ്പിൽ ഇരുന്നു കൊണ്ട് അവൾ തിരക്കി….
“അത്….”അവനൊന്നു നിറുത്തി
“തെറ്റാണ് ഓം… തെറ്റ് തന്നെയാണ്….” ഉറച്ച ശബ്ദത്തിൽ നിഹ പറഞ്ഞു….
“നിഹ…. മറക്കാനും പിരിയാനും ആകുമായിരുന്നില്ല…..”ഓമിന് അവളുടെ കണ്ണുകളെ നേരിടാൻ ആകുമായിരുന്നില്ല….
“ശെരി സമ്മതിക്കുന്നു…. എന്നിട്ട്… എന്നിട്ട്.. നിങ്ങൾ എന്ത് ചെയ്തു നിങ്ങളുടെ പ്രേണയത്തിന് വേണ്ടി…..” അവളുടെ ചുണ്ടിൽ ഒരു പരിഹാസ ചിരി വിരിഞ്ഞു…..
“ഒന്നും ചെയ്യാൻ ആകുമായിരുന്നില്ല…. അവളെ പിരിയാൻ ആകില്ലെന്ന് മനസിലാക്കിയപ്പോഴേക്കും വൈകിയിരുന്നു….”
“അവൾ… മറ്റൊരാളുടെ താലിയാണിയുന്നതിനു തൊട്ടുമുമ്പ് വരെ നിങ്ങൾക്ക് സമയം ഉണ്ടായിരുന്നല്ലെ ഓം…. അല്ല അവൾക്ക് രണ്ട് പേരെ ഒരേ സമയം വഞ്ചിക്കാൻ ഏങ്ങനെ കഴിയുന്നു…..”അവളുടെ വാക്കുകളിൽ അത്ഭുതം നിറഞ്ഞു….
“തെറ്റാണെന്നറിയാം…..അവളുടെ ഹസ്ബൻഡ് ഒരു പാവമാണ്… പക്ഷേ….” അവൻ തുടരാൻ ശ്രെമിച്ചു…
“നിർത്തു… ഓം….”അവൾ ഇരു ചെവികളും പൊത്തി പിടിച്ചു…..
“സ്വന്തം ജീവിതവും അഭിമാനവും കാണ്മുന്നിൽ ചവിട്ടി അരയ്ക്കപ്പെടുന്നത് നിസഹായയായി നോക്കി നിൽക്കേണ്ടി വന്ന എനിക്ക് ഇതൊക്കെ കേൾക്കുമ്പോൾ പുച്ഛം മാത്രമേ…. തോന്നൂ…..” അവൾ ഇരു നിടത്ത് നിന്നും എഴുന്നേറ്റു…..
“ഇത് വരെയുള്ളത് ഞാൻ ക്ഷേമിച്ചെന്നു വരാം…. പക്ഷേ ഇനിയും ആവർത്തിച്ചാൽ എന്നെ നീ കാക്കേണ്ട…..” അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ തിരിഞ്ഞു നടന്നു…..
ഓമിന്റെ കണ്ണുകൾ നിറഞ്ഞു വന്നു ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും വീണ്ടും വീണ്ടും അവളുടെ വിളിക്കായി താൻ കാത്തിരുന്നത് എന്തിനാണ് എന്നത് അവനറിയില്ലായിരുന്നു…..
നിഹ തന്റെ ജീവിതത്തിലേക്ക് വന്നതിൽ പിന്നെയാണ് ലാവണ്യയേ താൻ മറക്കാൻ തുടങ്ങിയത്….. മാസങ്ങൾക്കു ശേഷം ഇന്ന് രാവിലെ അവളുടെ മെസ്സേജ് കണ്ടപ്പോൾ സന്തോഷവും അതിനൊപ്പം ടെൻഷനും മനസ്സിൽ നിറഞ്ഞു……
ഓമിനെ കാണാതിരിക്കുന്ന സംസാരിക്കാതിരിക്കുന്ന ഓരോ നിമിഷവും നിഹ വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു….
പക്ഷേ അവൾ വാശിയിൽ തന്നെയായിരുന്നു…… അവസാനം കുറെ ദിവസങ്ങൾക്ക് ശേഷമാണ് അവനോട് സംസാരിക്കാൻ തന്നെ അവൾ കൂട്ടാക്കിയത്……പതിയെ പതിയെ അവർ അവരുടേതായ ലോകത്തേക്ക് പറന്നുയരാൻ തുടങ്ങിയിരുന്നു…….
കുഞ്ഞിനെ ഓർത്തുള്ള വേദന നിഹയിൽ നിറയുമ്പോൾ എല്ലാം “ഒരിക്കൽ അവൻ തന്റെ അമ്മയെ ഓർത്ത് അഭിമാനിക്കണം…” എന്ന ഓമിന്റെ വാക്കുകൾ പതിയെ പതിയെ നിഹയിൽ മാറ്റങ്ങൾ ഉണ്ടാക്കി തുടങ്ങി….
പൊതുവെ എല്ലാത്തിനോടും പേടി കാട്ടിയിരുന്ന അവൾ ഡ്രൈവിങ് പഠിക്കാനും മറ്റും താൽപ്പര്യം കാട്ടി തുടങ്ങി… ഓം തന്നെയാണ് എല്ലാത്തിനും അവൾക്ക് ധൈര്യമായി നിന്നത്…..
അച്ഛന്റെ സഹായത്തോടെ ചെറിയൊരു കോഫി ഷോപ്പ് തുടങ്ങുമ്പോൾ സ്വന്തം കാലിൽ നിന്ന് വിജയിച്ചു കാട്ടണം എന്നൊരു വാശിയും അവളിലുണ്ടായിരുന്നു…..
വീണു കിട്ടുന്ന ചെറിയ ഇടവേളകളിൽ എല്ലാം അവൾ പണ്ടെങ്ങോ മറന്ന തന്റെ ഉറ്റ കൂട്ടുകാരായ അക്ഷരങ്ങളുമായി വീണ്ടും സൗഹൃദത്തിലായിരുന്നു…. വല്ലാത്ത ആവേശത്തോടെ അവൾ എഴുതുമായിരുന്നു…. അക്ഷരങ്ങൾ അഗ്നിയായ് തന്നെ അവൾ കടലാസുകളിലേക്ക് പകർത്തി…..
ഒന്ന് രണ്ടു ബുക്സ് പബ്ലിഷ് ആയതോടെ അവൾ ശ്രെദ്ധിക്കപെടുവാനും തുടങ്ങി…. പതുങ്ങിയിരുന്ന നിഹയിൽ നിന്നും ഒത്തിരി സംസാരിക്കുന്ന നിഹയിലേക്ക് അവൾ ഇതിനകം മാറിയിരുന്നു…..
നിഹായുമായുള്ള അടുപ്പത്തിന്റെ പേരിൽ ഓമിന്റെ വീട്ടിൽ ചെറിയ ചെറിയ സംസാരങ്ങൾ പതിവായിരുന്നു…. നിഹ ഒരിക്കൽ വിവാഹിതയായിരുന്നത് കൊണ്ട് തന്നെ ഓമിന്റെ അമ്മയ്‌ക്കൊ അച്ഛനോ ആ ബന്ധത്തിൽ താൽപ്പര്യം ഇല്ലായിരുന്നു…..
“ഓം… നമുക്കൊരു യാത്ര പോയാലോ…. ” ഒരിക്കൽ നിഹ അവനോട് തിരക്കി….
“എവിടേക്ക്……”
“ദൂരേക്കേങ്ങും വേണ്ട…നമുക്ക് എന്റെ അച്ഛന്റെ നാട്ടിലേക്കൊന്ന് പോയാലോ… തറവാട്ടിൽ ഇപ്പോൾ ആരും താമസിക്കുന്നില്ല എങ്കിലും അവിടേക്കൊന്നു പോകണം കുടുംബ ക്ഷേത്രത്തിൽ ഒന്ന് തൊഴണം… പോയാലോ ഓം….”
“അതിനെന്താടോ നെക്സ്റ്റ് വീക്ക് തന്നെ പോയ് കളയാം…..”അവൻ സമ്മതിച്ചു…..
ഓം പറഞ്ഞ പോലെ തന്നെ അടുത്ത ആഴ്ച അവർ… നിഹയുടെ അച്ഛന്റെ നാട്ടിലേക്ക് പുറപ്പെട്ടു…. ഒരു പാട് സംസാരിക്കാൻ ഉള്ളത് കൊണ്ട് തന്നെ ദൂരം അവർക്കൊരു പ്രേശ്നമായി വന്നില്ല……
സിറ്റിയിലെ തിരക്ക് പിടിച്ച അന്തരീക്ഷത്തിൽ നിന്നും… പ്രകൃതിയുടെ പച്ചപ്പിലേക്ക് കടന്നപ്പോൾ ഇരുവരുടെയും മനസ്സ് ഒരു പോലെ തണുത്തു……
വണ്ടി മെയിൻ റോഡിൽ നിന്നും പോക്കറ്റ് റോഡിലേക്ക് കടന്നപ്പോഴേയ്യും മഴ പതിയെ ചാറ്റൽ തുടങ്ങിയിരുന്നു……ആ ഇടവഴികൾ അത്രയും നോക്കി നിഹ വാചാലയായി…..
ആ വഴിയുടെ അവസാനം അവർ തറവാട്ടിലെത്തി….. ചെറുതെങ്കിലും കാണാൻ വൃത്തിയും ഭംഗിയുമുള്ള ഒരു ഓട് മേഞ്ഞ വീടായിരുന്നു അത്…. ചുറ്റും തൊടിയൊക്കെയുണ്ട് പിറകിലൊക്കെ പുല്ല് പിടിച്ചു കിടക്കുന്നു…..
“നിഹാര കുട്ടി….. എത്ര നാളായി കണ്ടിട്ട്….” അവിടെ പ്രായം ചെന്ന അമ്മ അവരെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു….
“സുഖല്ലേ അമ്മാളുവമ്മേ….. ചേച്ചിയൊക്കെ എവിടെ….”അവൾ സ്നേഹത്തോടെ അവരുടെ കൈകളിൽ പിടിച്ചു……
ആ വീടിന്റെ കീ അവരുടെ കൈയ്യിൽ ആണെന്നും ഇപ്പോൾ അവിടത്തെ കാര്യങ്ങൾ നോക്കുന്നത് അവരാണെന്നും… അവരുടെ സംസാരത്തിൽ നിന്നും ഓമിന് മനസിലായി…..
അവരെ തമ്മിൽ പരിചയപ്പെടുത്തുവാനും അവൾ മറന്നില്ല….. അമ്മാളുവമ്മ പോയപ്പോൾ അവർ കതക് തുറന്ന് അകത്തേക്ക് കയറി…. വലിയ ഹാളും.. കുഞ്ഞി മുറികളും ഉള്ള ഒരു വീട് മുറികളുടെ എല്ലാം വാതിലുകൾ പുറത്ത് നിന്നും കേറും വിതമായിരുന്നു…..എല്ലാം തൂത്ത് തുടച്ചു വൃത്തിയാക്കിയിട്ടിരുന്നു….
“ഒന്ന് കുളിച്ചു ഫ്രഷ് ആകാം…. കുളിമുറി പുറത്താണ്…” നിഹ പറഞ്ഞു…
പുറത്തേ വലിയ കിണറ്റിൽ നിന്നും വേണം ആവശ്യമായ വെള്ളം എടുക്കാൻ….. ഓം അതിന് തുനിഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല…
അവൾ സാരിയുടെ മുന്താണി അരയിൽ തിരുകി സാരി അൽപ്പം പൊക്കി കുത്തി…. കാലപ്പഴക്കം കൊണ്ടാകാം തൊട്ടി വലിക്കുമ്പോൾ കപ്പിയിൽ നിന്നും കിര കിരെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു…..
ഓമിന്റെ കുളികഴിഞ്ഞതിനുശേഷമാണ്… നിഹ കുളിച്ചത്… അപ്പോളേക്കും സന്ധ്യയായിരുന്നു…. ഇറൻമാറി നിഹ പൂജമുറിയിലേക്ക് കയറി അവിടെ അച്ഛമ്മയുടെ പഴയ നിലവിളക്കും… അതിന്റെ അടുത്ത് എണ്ണയും തിരിയും ഒക്കെയുണ്ടായിരുന്നു….
അവൾ വിളിക്കു തെളിയിച്ചു കൊണ്ട് ഉമ്മറത്തേക്ക് നടന്നു…. വിളക്ക് വെച്ചതിനുശേഷം തൊഴുതു കൊണ്ട് അരമത്തിലിൽ വന്നിരുന്നു അവിടെ കിടന്നിരുന്ന ചെയറിൽ ഓമും ഇരുന്നു….
“ഓം…. പണ്ടൊക്കെ ഇവിടമാകെ എപ്പോളും കളഭം മണക്കുമായിരുന്നു….. അച്ഛമ്മ പോയതിനുശേഷം ക്ഷേത്രത്തിൽ തൊഴാൻ വരുമ്പോൾ മാത്രം എല്ലാവരും ഇവിടെ തങ്ങും….”പുറത്തേക്ക് കണ്ണും നട്ടു കൊണ്ടാണ് അവളത് പറഞ്ഞത്…..
ഓം അവളുടെ മുഖത്തേക്ക് നോക്കി ലൈറ്റ് ഇടാത്തത് കൊണ്ട് നിലവിളക്കിന്റെ വെളിച്ചമേയുണ്ടായിരുന്നുള്ളൂ….. കാർമേഘം മൂടിയിരിക്കുന്നത് കൊണ്ട് പുറത്ത് ഇരുട്ട് പര ന്നിരുന്നു…. നേർത്ത കാറ്റിൽ പാറികളിക്കുന്ന മുടിയിഴകളും മൂക്കിൽ മിന്നുന്ന വൈര്യക്കൽ മൂക്കുകുത്തിയും അവൾക്ക് ഭംഗികൂട്ടി…..
ഓരോന്ന് സംസാരിച്ചിരിക്കുന്നതിനിടയിൽ അമ്മാളുവമ്മയും പേരക്കുട്ടിയും കൂടി അവർക്കുള്ള ഊണുമായി വന്നു….. നല്ല കാളനും.. ചീവ കിഴങ്ങു മെഴുക്കു പുരട്ടിയും… പപ്പടവും…..
കഴിക്കാൻ ഇരുന്നപ്പോൾ നിഹ ആദ്യത്തെ ഉരുള അവനായി നീട്ടി…. അത് വാങ്ങി കഴിക്കുമ്പോൾ ഇന്നോളം കഴിച്ചതിൽ സ്വാദുള്ള ഫുഡ് അതാണെന്ന് തോന്നി ഓമിന്
അത്താഴത്തിന് ശേഷവും അവർ ഒരുപാട് നേരം സംസാരിച്ചിരുന്നു…..അതിന് ശേഷമാണ് ഉറങ്ങുവാൻ മുറികളിലേക്ക് പോയത്…..
ഓമിന് എന്ത് കൊണ്ടോ ഉറക്കം വന്നില്ല മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു… തുറന്നിട്ട ജനാലയിലൂടെ തണുത്ത കാറ്റ് അകത്തേക്ക് കടന്നു അത് അവനെ തൊട്ടു തലോടി പുറത്തേക്ക് തിരികെ പോയി….
പുറത്ത് അപ്പോളേക്കും മഴ ആർത്തലച്ച് എത്തിയിരുന്നു….. ഓം മെല്ലെ എഴുനേറ്റ് കതക് തുറന്ന് പുറത്തേക്ക് ഇറങ്ങി….. മുറ്റത്തെ കാഴ്ച അവൻ കൗതുകത്തോടെ നോക്കി നിന്നു പോയി….
മഴയത്ത് ഇറങ്ങി നിൽക്കുന്ന നിഹ ഇരു കൈകളും നിവർത്തി പിടിച്ച് മുഖം മേലോട്ട് ഉയർത്തി… മഴ മതിമറന്ന് അസ്വാദിക്കുകയാണവൾ……
ഓം പതിയെ മുറ്റത്തേക്ക് ഇറങ്ങി അവളുടെ പിറകിലൂടെ ചെന്ന് അരയിലൂടെ കൈ ചുറ്റി അവളെ തന്നിലേക്ക് ചേർത്തു….. മെല്ലെ അവളുടെ കാതിൽ മുക്കുകൊണ്ട് ഉരസി മൃദുവായി അവൻ വിളിച്ചു….
“നിഹാ…..”
അവന്റെ ചുടു ശ്വസം കാതുകളിൽ പതിഞ്ഞപ്പോൾ അവളൊന്നു പിടഞ്ഞു…. തിരിഞ്ഞ് നിന്ന് അവന്റെ മിഴികളിലേക്ക് നോക്കി…..പരസ്പരം ചേർന്ന് കണ്ണുകളിലേക്ക് നോക്കി കുറച്ചു നേരം അവർ അങ്ങനെ നിന്നു……
തന്റെ ഇണയെ കണ്ട വേഗതയിൽ അവന്റെ ചുണ്ടുകൾ അവളുടെ വിറയ്ക്കുന്ന ചോ ര ചുണ്ടുകൾ ലക്ഷമാക്കി നീങ്ങി…..
“പോടാ… തെമ്മാടി…..”നിഹാ അവനെ തള്ളി നീക്കി ഉമ്മറത്തേക്ക് കയറി കൊണ്ട് അവനെ നോക്കി ചിരിച്ചു….. എന്നിട്ട് അകത്തേക്കോടി
“നിന്നെ എന്റെ കൈയ്യിൽ കിട്ടും.. കാന്താരി….”അവൻ നനഞ്ഞു നെറ്റിയിലേക്ക് വീണ മുടിയിഴകൾ കൈകൊണ്ട് ഒതുക്കികൊണ്ട് അവൾ പോകുന്നത് നോക്കി ചിരിച്ചു….
പിറ്റേന്ന് ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങും വരെ എന്നും ഓർത്തിരിക്കാൻ ഒത്തിരി നിമിഷങ്ങൾ അവർക്ക് വീണു കിട്ടിയിരുന്നു…….
ഒരു ദിവസം കോഫി ഷോപ്പിൽ നിഹയെ തേടി ഒരാൾ എത്തി വേദ…. നിഹയുടെ ക്ലാസ്സ് മേറ്റ് ആയിരുന്നു ഇപ്പോൾ uk ആണ് വന്നിട്ട് കുറച്ചു ദിവസമേ ആയിരുന്നുള്ളൂ…അവരുടെ സൗഹൃദ സംഭക്ഷണത്തിനിടയിൽ ലാവണ്യയുടെ കാര്യം കയറി വന്നു…
“അവളും… ഓമും തമ്മിൽ അഫ്‌യർ ഉണ്ടായിരുന്ന കാര്യം ആരേലും അറിഞ്ഞോ ഇപ്പോളും അവര് തമ്മിൽ വിളിക്കാരൊക്കെയുണ്ട്…..”വേദ പറഞ്ഞു….
“ഒരിക്കൽ പ്രണയിച്ചിരുന്നവർക്ക് പിന്നീട് നല്ല ഫ്രണ്ട്‌സ് ആയി ഇരിക്കാറുണ്ടല്ലോ…”മനസ്സിൽ ഒരു തീ മഴ പെയ്തെങ്കിലും അവൾ ചിരിച്ചു….
“ഏയ് ഇതതൊന്നും അല്ല അവർക്ക് പിരിയാൻ പറ്റാത്തതത് കൊണ്ടാ എന്നാ എന്നോട് പറഞ്ഞെ… ഇപ്പോൾ ഇതൊക്കെ സാധാരണയാടി…..”വേദ പറഞ്ഞു…..
വേദ പോയ ഉടനെ നിഹ ഓമിനെ വിളിച്ചു….നേരിൽ കാണണം എന്ന് മാത്രം പറഞ്ഞു… പറയുകയല്ല വാശിപിടിച്ചു…… അവൻ എത്തും മുന്നേ തന്നെ അവൾ കടൽക്കരയിലെത്തി… അലയടിക്കുന്ന കടൽ പോലെ തന്നെയായിരുന്നു അവളുടെ മനസ്സ്….
“പെണ്ണെ നിനക്ക് വാശി കൂടി വരുവാണോ….” ഓം ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു…..
“നി ഇപ്പോൾ ലാവണ്യയോട് സംസാരിക്കാറുണ്ടോ…..” പെട്ടനായിരുന്നു അവളുടെ ചോദ്യം….
“എന്താ ഇപ്പോൾ ഇങ്ങനെ….” അവനൊന്നു ഞെട്ടി
“ഉണ്ടോ… ഇല്ലയോ…..”അവളുടെ കണ്ണിൽ നിന്ന് കണ്ണു നീർ ഒഴുകുന്നുണ്ടായിരുന്നു….
“എന്ത് പറ്റി നിനക്ക്….”അവൻ കൈയ്യെത്തിച്ച് കണ്ണുകൾ തുടയ്ക്കാൻ ഒരുങ്ങി…
“തൊടരുതെന്നെ….. എനിക്കുള്ള മറുപടിയാണ് നി തരേണ്ടത്….”അവൾ അവന്റെ കൈ തട്ടി മാറ്റി…..
“നി അന്ന് പറഞ്ഞതിന് ശേഷം ഒന്നോ രണ്ടോ തവണ മാത്രം….. “അവൻ പറഞ്ഞു….
“എന്ത് കൊണ്ട് നി അതെന്നോട് പറഞ്ഞില്ല….”
“പറഞ്ഞാൽ നി ഇത് പോലെയാകും പ്രതികരിക്കുക എന്നറിയാവുന്നത് കൊണ്ട്…. ഞാൻ നിനക്ക് ഉറപ്പ് തന്നതാണ് ഞാൻ ആയി ഒരു ഫ്രണ്ട് എന്ന രീതിയിൽ പോലും അവളെ തേടി പോകില്ലെന്ന്….. ഇത്തവൾ വിളിച്ചതാണ്…. അതും….”അവൻ വിശദീകരിച്ചു…..
“നിനക്ക് ഒഴിവാക്കാമായിരുന്നു…..ഇല്ലേ….”
“ചില കാര്യങ്ങൾക്ക് ഇങ്ങനെ വാശി കാട്ടരുത് നിഹ…..”അവൻ അവളെ നോക്കി….
“എനിക്ക് ഈ കാര്യത്തിൽ വാശിയുണ്ടെന്ന് വെച്ചോളൂ…. എനിക്കിഷ്ട്ടല്ല… ഇഷ്ട്ടല്ല….”
“പക്ഷേ എനിക്ക് ഇഷ്ട്ടാണ് അത് കൊണ്ട്…. എനിക്കങ്ങനെ അവളെ ഒഴിവാക്കാൻ പറ്റില്ല നിനക്ക് ഒന്ന് ചിന്തിച്ചു കൂടെ നിനക്ക്….”അവനു ദേഷ്യം വന്നു
“ഓഓഓ ആയിക്കോട്ടെ… അങ്ങനെ രണ്ടു വള്ളത്തിൽ ഒന്നിച്ചു കാൽ വെയ്ക്കേണ്ട.. അല്ലേലും ഞാൻ നിന്റേതാണെന്ന് ആയിരം വട്ടം പറയുമ്പോളും… നീയെന്റേതാണെന്ന് നി പറഞ്ഞിരുന്നില്ലല്ലോ ഓം ….”
“നിഹ….ഞാൻ അത് പറഞ്ഞിട്ട് വേണോ..ഇത് ഓവർ ആണ് ഞാൻ പറഞ്ഞു…”
“ഒന്നും പറയേണ്ട…. ഇത് ഞാൻ ക്ഷമിക്കില്ല ഇതെനിക്ക് ഷമിക്കാൻ പറ്റില്ല…. നോക്കേണ്ട ഇനി ഒരിക്കലും നിഹയെ… വരില്ല ഒരിക്കലും ഞാൻ ഇനി…..”കണ്ണുകൾ അമർത്തി തുടച്ച് അവൾ മുന്നോട്ട് നടക്കാൻ അഞ്ഞു
“നിഹ പറയുന്നത് മനസിലാക്ക്… തല പൊട്ടുവാ….”അവൻ അവളെ തടഞ്ഞു….
“ഇത് നി ആയിട്ട് പറഞ്ഞിരുന്നേൽ… നി എന്ത് പറഞ്ഞാലും ഞാൻ വിശ്വസിച്ചേനെ പക്ഷേ ഇത് ഞാൻ ആയി അറിഞ്ഞു ചോദിച്ചതാ ഇനി ഇനിയില്ല…..” അവൾ അവനെ മറി കടന്ന് മുന്നോട്ട് നടന്നു…..
എത്ര പിണങ്ങിയാലും അതേ പോലെ തിരിച്ചു വരുന്ന അവൾ അതിനുശേഷം അവനെ തേടിയെത്തിയില്ല…. എത്ര കാണാൻ ശ്രെമിച്ചിട്ടും അവൾ അവനു മുഖം കൊടുത്തില്ല……
വൈകാതെ അവൾ വലിയച്ഛനൊപ്പം UAE യിലേക്ക് പോകുകയും ചെയ്തു…..എത്ര വട്ടം കോണ്ടാക്ട് ചെയ്യാൻ ശ്രെമിച്ചിട്ടും അവൾ അതിന് തെയ്യാറായില്ല…..
2 വർഷത്തിനിപ്പുറം നേരിൽ കണ്ടിട്ടും തന്നോട് കാട്ടുന്ന ഈ അവഗണന അവന് അവനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു…..
അവളില്ലാതെ കഴിഞ്ഞ ഈ 2വർഷം കാണാതിരിക്കുമ്പോളും സംസാരിക്കാതിരിക്കുമ്പോളും അവളോട് കൂടുതൽ അടുത്തതല്ലാതെ… അവളെ മറക്കാൻ അവനു കഴിഞ്ഞിരുന്നില്ല….. തന്നോട് ഷമിക്കാൻ തന്റെ നഹയ്ക്കാകും എന്ന പ്രേതീക്ഷ ഇന്ന് വരെ അവനിൽ ഉണ്ടായിരുന്നു….
“തെറ്റ് ചെയ്തിട്ടുണ്ട്… പക്ഷേ അവൾ തന്റെ ജീവിതത്തിൽ വന്നതിനുശേഷം താൻ മാറാൻ തുടങ്ങിയിരുന്നു… മാറിയിരുന്നു…
ലാവണ്യയെ ഒഴുവാക്കാൻ പറ്റിയിരുന്നില്ല എന്നത് സത്യമെന്നിരിക്കെ അവളോട് വേറൊരു രീതിയിൽ സംസാരിക്കുകയോ പെരുമാറുകയോ ചെയ്തിട്ടില്ല….
അപ്പോളൊക്കെ മനസ്സ് നിറയെ അവളായിരുന്നു തന്റെ…നിഹ”അവന്റെ കണ്ണുകൾ നിറഞ്ഞൊഴുക്കുന്നുണ്ടായിരുന്നു ദേഷ്യത്തോടെ അലക്ഷ്യമായി അവൾ ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു…
രാത്രി തീരെ ഉറങ്ങാനായില്ല ഓമിന് എന്തൊക്കെയോ ആലോചിച്ചു കൂട്ടി അവന്റെ മനസ്സ് വല്ലാതെ പിടച്ചു കൊണ്ടിരുന്നു…..
രാവിലെ ഏതോ ഒരു തോന്നലിൽ അവൻ നേരെ ബീച്ചിലേക്ക് ചെന്നു…. മോർണിങ് വാക്കിന് നേരത്തെ സ്‌ഥിരം പോയിരുന്നതാണ്…. കാറിൽ നിന്നിറങ്ങി കാറിൽ ചാരി നിന്നു കൊണ്ട് അവൻ വെറുതെ കടലിലേക്ക് നോക്കി
അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു…കടൽ നോക്കി പൂഴിയിൽ ഇരിക്കുന്ന നിഹയുടെ അടുത്തേക്ക് അവൻ നടന്നു…..
ഒന്നും മിണ്ടാതെ അവൻ അവളുടെ അരികിൽ ചെന്നിരുന്നു ആ തോളിലേക്ക് തല ചായിച്ചു…..
“എന്തേ… സങ്കടായോ….”കടലിലേക്ക് നോക്കി കൊണ്ട് തന്നെ അവൾ തിരക്കി…
“സന്തോഷായി…. നിയെന്നെ ഒരുപാട് ഇഷ്ട്ടപെടുന്നത് കൊണ്ടല്ലേ….”അവൻ ചിരിച്ചു…
“ആര് പറഞ്ഞു….. എനിക്ക് ഒരുപാട് ഇഷ്ട്ടം ഒന്നും ഇല്ല….”അവൾ മുഖം കൂർപ്പിച്ചു
“ഓഹോ…. ടി പെണ്ണെ നി എന്റെ ആരാ…”
“ഞാൻ നിന്റെ അമ്മുമ്മ…. മാറങ്ങോട്ട്….” അവൾ അവനെ തള്ളി മാറ്റി….
“പെണ്ണെ നിനക്ക് എങ്ങനെ കഴിഞ്ഞു … ഇത്രയും നാൾ…. ക്ഷമിച്ചൂടായിരുന്നോ…” അത് ചോദിക്കുമ്പോൾ അവന്റെ ശബ്ദം ഇടറി
“വിങ്ങുവായിരുന്നു മനസ്സ്…. പക്ഷേ നിന്നെ പങ്കു വെച്ച് പോകുന്നത് ഞാൻ സഹിക്കില്ല… അത് മാത്രം ക്ഷമിക്കില്ല ഞാൻ….”അവളുടെ കണ്ണുകൾ നിറഞ്ഞു….
“സോറി പെണ്ണെ…. ഇപ്പോൾ എന്താ പിന്നെ ക്ഷേമിച്ചേ….”
“പിണങ്ങി പോയതാണ് അല്ലാതെ ഇട്ടേച്ച് പോയതല്ല…. ഈ കിറുക്കന്റെ കിറുക്കില്ലാതെ പറ്റില്ല എനിക്ക്….”അവൻ അവളുടെ നെഞ്ചോട് ചേർന്നിരുന്നു
“എന്റെ മോൻ എന്റെ അടുത്തേക്ക് വന്നത് നി അറിഞ്ഞില്ലേ ഓം….”അവൾ തിരക്കി
“നിന്റെയല്ല… നമ്മുടെ മോൻ…. അച്ഛൻ പുതിയ മോഡേൺ ആയ അമ്മയെ കൊണ്ട് വന്നപ്പോൾ സ്വന്തം അമ്മയുടെ വില അവൻ മനസിലാക്കിയല്ലേ…..”
“ഉം…. “അവൾ മൂളി
“2 വർഷമായി ഇനി നിന്നെ പിരിഞ്ഞിരിക്കുന്നു ഇനി പറ്റില്ല.. നീയും മോനും നമ്മുടേത് മാത്രമായൊരു ലോകം …
നിന്നെ പോലെ ആരാ ഉള്ളെ പെണ്ണെ… നിന്നോട് എനിക്ക് വെറും പ്രണയം മാത്രമല്ല അതിനുമപ്പുറം അനർവർണ്ണനീയമായ എന്തോ ഒന്ന്….” അവൻ അവളെ നെഞ്ചോട് ചേർത്ത് വെച്ചു….