എന്റെ പെണ്ണ്
(രചന: അഥർവ ദക്ഷ)
ജിഷ്ണു കണ്ണുകൾ അടച്ച് വെറുതെ ഇരുന്നു… മനസ്സിൽ നിറയെ തന്റെ പെണ്ണിന്റെ മുഖമായിരുന്നു…. കാതിൽ അവളുടെ ചിരിയും……
ഡിഗ്രിക്ക് പഠിക്കുമ്പോളേ ഒഴിവുള്ള ദിവസങ്ങളിൽ എല്ലാം താൻ വലിയച്ഛനോടൊപ്പം….
കല്പണിക്ക് പോകുക പതിവായിരുന്നു… ഫൈനൽ എക്സാം കഴിഞ്ഞതോടെ അത് സ്‌ഥിരമായി…. ഒരിക്കൽ ഒരു വലിയ വീടിന്റെ കോൺട്രക്ട് വർക്ക് കിട്ടി അവിടെ വെച്ചാണ് അവളെ ആദ്യമായി കാണുന്നത്….. നീലിമയെ….
ഉണ്ട കണ്ണുകളുള്ള കവിളിൽ നുണക്കുഴിയുള്ള ആ സുന്ദരി പെണ്ണ് അച്ഛനൊപ്പം തങ്ങളുടെ വീട് പണി നോക്കി കാണാൻ വന്നതായിരുന്നു.. കണ്ട മാത്രയിൽ അവന്റെ ഉള്ളൊന്നു പിടച്ചു…
ഇത് വരെ അറിയാത്ത എന്തോ ഒരു വികാരം അവനിൽ നിറഞ്ഞു…. എല്ലാവരെയും നോക്കി മനോഹരമായി പുഞ്ചിരിക്കുന്ന അവൾ അവനെയും നോക്കി ചിരിച്ചു…. കുറച്ചു നേരം അവർ ചെയ്യുന്ന ജോലികൾ നോക്കി നിന്നു….
പിന്നീടുള്ള ഒഴിവു ദിവസങ്ങളിൽ എല്ലാം അവൾ അച്ഛനോടൊപ്പമോ ഏട്ടനോടൊപ്പമോ അവിടേക്ക് വരുന്നത് പതിവായിരുന്നു
പിന്നീടെപ്പോളാണ് അവളുടെ കണ്ണുകൾ തന്നെ തിരയ്യുന്നതും…. തന്നെ കാണുമ്പോൾ ആ കണ്ണുകളിൽ നക്ഷത്രങ്ങൾ തിളങ്ങുന്നതും അവൻ ശ്രെദ്ധിച്ചത്…….
ആ വീടിന്റെ വാർമിംഗ് ഫങ്ക്ഷന് ഇടയിൽ ആരും കാണാതെ അവൾ അവന്റെ അരികിൽ വന്നു….
“ചേട്ടായീടെ ഫോൺ നമ്പർ തരാവോ….”
പെട്ടന്നുള്ള അവളുടെ ചോദ്യം കേട്ട് അവനൊന്ന് ഞെട്ടി
“അതെന്തിനാ…..” അങ്ങനെ ചോദിക്കാനാ അവനു തോന്നിയെ….
“നമ്പർ എന്തിനാ ഇടയ്ക്ക് വിളിക്കാൻ….” അവൾ നുണക്കുഴികൾ തെളിയുമാറ് ചിരിച്ചു….
“അതെന്തിനാ വിളിക്കുന്നെ….” മനസ്സിൽ കുസൃതി തോന്നിയത് കൊണ്ട് വീണ്ടും തിരക്കി…
“ചേട്ടായി എനിക്കിവിടെ അധികം നിൽക്കാൻ പറ്റത്തില്ല….” അവളുടെ മുഖം മങ്ങി….
പിന്നെ കളിപ്പിക്കാൻ തോന്നിയില്ല നമ്പർ പറഞ്ഞപ്പോൾ അവൾ സന്തോഷത്തോടെ ഇടയ്ക്കിടെ തിരിഞ്ഞു നോക്കി കൊണ്ട് മുന്നോട്ട് നടന്നു…..
രണ്ട് ദിവസം അവളുടെ മെസ്സജോ കാളോ പ്രേതീക്ഷിച്ചു വെങ്കിലും അതുണ്ടായില്ല…. അപ്പോളത്തെ ഒരു ആവേശത്തിന് ചോദിച്ചതാകും…..
അതും പ്രേതീക്ഷിച്ചിരുന്ന താനൊരു വിഡ്ഢി സ്വയം തലയ്ക്കൊന്നു കിഴുക്കി ചിരിച്ചെങ്കിലും അവന്റെ മനസ്സിൽ ഒരു നോവ് നിറയുന്നുണ്ടായിരുന്നു…..
ഞായറാഴ്ച കൂട്ട് കാർക്കൊപ്പം ആൽത്തറയിൽ ഇരിക്കുമ്പോളാണ് പരിചയമില്ലാത്ത നമ്പറിൽ നിന്നും കാൾ വരുന്നത് അത് അവൾ ആയിരുന്നു…. നീലിമ എന്ന നീലു…..
ആദ്യം ആദ്യം സൗഹൃദത്തിന്റെ പുറമൂടിയിൽ ഒളിപ്പിച്ചെങ്കിലും…അവൾ അധികം നാൾ അങ്ങനെ കൊണ്ട് പോകാൻ സമ്മതിച്ചില്ല…
“ചേട്ടായി ഇല്ലാതെ എനിക്ക് പറ്റില്ലാട്ടോ…. ചേട്ടായി വീട്ടിൽ വന്ന് ചോദിക്കുവോ….” ആ ചോദ്യം നിഷ്കളങ്കമായിരുന്നെങ്കിലും വല്ലാത്തൊരുറപ്പുണ്ടായിരുന്നു അതിന്…..
“സമയമാകട്ടെ..”എന്നൊരു മറുപടി കൊടുത്തെങ്കിലും എങ്ങനെ അവളെ ചോദിച്ച് അവളുടെ വീട്ടിൽ ചെല്ലും എന്ന് മാത്രം അവന് അറിയില്ലായിരുന്നു….
പക്ഷേ ഈ ജന്മം അവളെ പിരിയാൻ കഴിയില്ലെന്നതും ഒരു സത്യമായിരുന്നു… അങ്ങനെ പിണക്കങ്ങളും ഇണക്കങ്ങളുമായി ദിവസങ്ങൾ വേഗതത്തിൽ ഓടി പോയി…
ജിഷ്ണു പിജി കംപ്ലീറ്റ് ചെയ്തു… അവൾ ഡിഗ്രി സെക്കന്റ് ഇയർ ആയിരുന്നു… ജോലിക്ക് വേണ്ടിയുള്ള അലച്ചിലുകളിൽ അവളെ വിളിക്കാൻ മറക്കുന്നതും കാൾ അറ്റൻഡ് ചെയ്യാൻ പറ്റാത്തതും പതിവായിരുന്നു….
അതിൽ പിണങ്ങി ഇരുന്നാലും…. തന്റെ “കൊച്ചേ…” എന്നൊരു വിളിയിൽ അവൾ എല്ലാം മറക്കുമായിരുന്നു….
ഒരു ദിവസം 2 ഇന്റർവ്യൂ അറ്റന്റ് ചെയ്തു ആകെ ഷീണിച്ച് വീട്ടിലെത്തി സൈലന്റ് ആയിരുന്ന ഫോൺ എടുത്തു നോക്കിയപ്പോൾ പെണ്ണിന്റെ ഒരുപാട് മിസ്സ്ഡ് കാൾ ഉണ്ട്…..
ഇനിയിപ്പോൾ പരാതി തീർക്കാതെ കിടന്നാൽ പറ്റില്ല… അവളും ഉറങ്ങില്ല എനിക്കും ഉറങ്ങാൻ പറ്റില്ല….ഞാൻ കാൾ ചെയ്ത ഉടനെ അപ്പുറത്ത് കാൾ അറ്റൻഡ് ചെയ്തു…
“ചേട്ടായി…. നാളെ എന്നെ കാണാൻ ആരൊക്കെയോ വരുന്നു എന്ന്… ഞാൻ സമ്മതിക്കില്ലന്ന് പറഞ്ഞു…..” പതിഞ്ഞ ശബ്ദം കേട്ടാൻ അറിയാം നന്നായി കരഞ്ഞിട്ടുണ്ട്…
“കൊച്ചേ… നീ കരഞ്ഞോ…” അവന്റെ ഉള്ളൊന്ന് പിടഞ്ഞു…
“എന്നെ കാണാൻ ആരും വരേണ്ടന്ന് പറഞ്ഞു…. ചേട്ടായീടെ കാര്യം ഞാൻ പറഞ്ഞു…..” ഏങ്ങി കരയുകയാണ് ആൾ
“പെണ്ണെ….”
ഇത്തവണ അവന്റെ ശബ്ദം ഉറച്ചതായിരുന്നു….
“ഉം….” അവളൊന്നു മൂളി….
“ഞാൻ രാവിലെ വരാം… കരയാതെ ഉറങ്ങിക്കോ….” എന്തോ ധൈര്യം മനസ്സിൽ വന്ന് കൂടിയിരുന്നു അവന്….
“ഏട്ടന് സങ്കടായി ചേട്ടായി…..” അവൾക്ക് ഒരു സഹോദരന്നേയുള്ളൂ പരസ്പരം ജീവനായി കരുതുന്ന ചേട്ടനും അനിയത്തിയും
“ത ല്ലിയോ…..”
“ഏട്ടനല്ലേ… ചേട്ടായി കുഴപ്പമില്ല… എനിക്ക് നീയില്ലാതെ പറ്റില്ല ചേട്ടായി…” വീണ്ടും കരച്ചിലായി….
“പെണ്ണെ… നീ കരയുന്നത് എനിക്ക് ഇഷ്ട്ടമല്ല നീ ഇപ്പോൾ കിടന്നുറങ്ങു ചെല്ല്….”
“ഉം…”
“ഉം… അല്ല ഉറങ്ങുമെന്ന് വാക്ക് താ….”
“ഉറങ്ങി കൊള്ളാം…”
കാൾ കട്ട് ചെയ്ത് വീണ്ടും ഫോണിലേക്ക് നോക്കിയിരുന്നു വലിയച്ഛന്റെ നമ്പറിൽ നിന്നും കാൾ ഉണ്ട്…. അവളുടെ വീട്ടിൽ നിന്നും ചിലപ്പോൾ വിളിച്ചു കാണും തിരിച്ചു വിളിക്കണോ ഒന്ന് ആലോചിച്ചു… വേണ്ട…
പിറ്റേന്ന് രാവിലെ തന്നെ വീട്ടിൽ നിന്നും ഇറങ്ങി നീലുവിന്റെ വീടായിരുന്നു ലക്ഷ്യം കൂടെ ഒന്ന് രണ്ട് ഫ്രണ്ട്സും ഉണ്ടായിരുന്നു …. വലിയച്ഛൻ അവിടേക്ക് വരും എന്ന് ഉറപ്പായിരുന്നു അങ്ങനെ വന്നാൽ നീലുവിന്റെ വീട്ടിലേക്ക് വിടില്ല….
എന്താ സംഭവിക്കാൻ പോകുന്നത് ചെയ്യുന്നത് തെറ്റാണോ ശെരിയാണോ ഒന്നും അറിയില്ല…. അവളുടെ കരച്ചിൽ മാത്രമായിരുന്നു അപ്പോൾ മനസ്സിൽ നിറയെ…
ആ വലിയ വീടിന്റെ ഗെയ്റ്റ് കടക്കുമ്പോൾ ഉള്ളിൽ പെരുമ്പറ മുഴക്കുകയായിരുന്നു….
നീലുവിന്റെ ഏട്ടൻ ആയിരുന്നു ആദ്യം അവരെ കണ്ടത് കണ്ടയുടനെ ഞങ്ങൾക്ക് നേരെ വന്നു… ശബ്ദം കേട്ട് അകത്തു നിന്നും വന്നവരും കൂടി ആയപ്പോൾ ചെറിയ രീതിയിൽ ഒരു വാക്കേറ്റം ഉണ്ടായി……
“ചേട്ടായി….. ” അതിനിടയിൽ നീലു അകത്തു നിന്നും കരഞ്ഞു കൊണ്ട് ഓടി വന്നു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…..
അവളെ ചേർത്ത് പിടിക്കുമ്പോൾ ഉള്ളിൽ ധൈര്യം കൂടുകയാ ചെയ്തത്…
അവളെ പിടിച്ചു അവളുടെ ഏട്ടൻ വന്നു അവളെ തന്നിൽ നിന്നും അടർത്തി മാറ്റാൻ ശ്രെമിക്കവേ…. അവൾ തന്നെ തന്നെ തന്നിൽ നിന്നും അടർന്നു മാറി ഏട്ടനെ നോക്കി…..
“ഞാൻ ഒരിടത്തും പോകില്ല ഏട്ടാ… നിങ്ങളുടെ സമ്മതം ഇല്ലാതെ ചേട്ടായിക്കൊപ്പം ഞാൻ പോകില്ല…..” അവൾ ഏട്ടന്റെ കൈയ്യിൽ പിടിച്ചു…..
അവൾ പറയുന്നത് കേട്ട് താനൊന്നു ഞെട്ടി… ആ ഒരു നിമിഷം…..
“പക്ഷേ ചേട്ടായിയെ മറക്കാനും എനിക്ക് കഴിയില്ല….. ചേട്ടായി ഇല്ലാതെ പറ്റില്ല… എത്ര നാൾ വേണേലും കാത്തിരിക്കാം ഞാൻ അറിയാതെ ഇഷ്ട്ടപ്പെട്ടു പോയതാ ഏട്ടാ….”
അവൾ തന്റെ ഏട്ടന്റെ കൈയ്യിൽ മുഖം പൂഴ്ത്തി പൊട്ടി കരഞ്ഞു
അച്ഛനോടും അമ്മാവന്മാരോടും അവൾ അത് തന്നെ ആവർത്തിച്ചു കൊണ്ടിരുന്നു….. ഒടുവിൽ അവളുടെ കരച്ചിലിനും വാശിക്കും മുന്നിൽ അവൾക്ക് സമ്മതിക്കേണ്ടി വന്നു…..
ആദ്യമൊക്കെ അവളുടെ നിർബന്ധത്തിന് വഴങ്ങി മാത്രമായിരുന്നു വെങ്കിലും… വിവാഹ നിശ്ചയത്തിന് ശേഷം തന്നെയും വീട്ടുകാരേയും അടുത്തറിഞ്ഞപ്പോൾ നീലുവിന്റെ വീട്ടുകാരും സന്തോഷത്തിൽ തന്നെയായിരുന്നു….
അവളുടെയും അമ്മയുടെയും പ്രാർത്ഥനയുടെയും തന്റെ പരിശ്രമത്തിന്റെയും ഫലമായി ഒരു ജോലിക്കൂടി കിട്ടിയതോടെ…. എല്ലാവരുടെയും പൂർണ്ണ സമ്മതത്തോടെയും അനുഗ്രഹത്തോടെയും അവൻ അവളുടെ കഴുത്തിൽ താലി ചാർത്തി….
ജിഷ്ണുവിന്റെ അമ്മ കൈയ്യിലേക്ക് വെച്ചു കൊടുത്ത ഏഴ് തിരിയിട്ട നിലവിളക്കുമായി വലതു കാൽ വെച്ച് അവൾ കയറിയത് ആ വീടിന്റെ മരുമകൾ ആയല്ല മകളായിട്ടായിരുന്നു…..
അമ്മയ്‌ക്കൊപ്പം കൊഞ്ചി പിന്നാലെ നടന്നും… പണി കഴിഞ്ഞു വരുന്ന അച്ഛന്റെ പലഹാര പൊത്തിക്കായി കാത്തിരുന്നും എല്ലാവരെയും സ്നേഹം കൊണ്ടും കുസൃതി കൊണ്ടും കീഴ്പ്പെടുത്തി…..
ആ കൊച്ചു വീട്ടിലെ ചെറിയ ചെറിയ കാര്യങ്ങൾ വരെ അവൾ ശ്രെദ്ധിച്ചു …. അറിയാത്തത് അമ്മയോട് തിരക്കി അറിഞ്ഞു….
ജിഷ്ണുവിന്റെ ശബ്ദം അറിയാതെയൊന്ന് തനിക്ക് നേരെ ഉയർന്നാൽ മാത്രം അവൾ സഹിക്കില്ലായിരുന്നു….
മുഖം വീർപ്പിച്ചിരിക്കും പക്ഷേ എത്ര പിണങ്ങിയാലും രാത്രിയിൽ ആ നെഞ്ചിൽ തല ചായിച്ചേ പെണ്ണ് ഉറങ്ങാറുള്ളായിരുന്നു…..
പിജിക്ക് ചേരാൻ പറഞ്ഞപ്പോൾ “വേണ്ട…. അതൊക്കെ പിന്നെ എനിക്കിപ്പോൾ ഒരു ഉണ്ണി വാവയെ വേണം…..” എന്നും പറഞ്ഞ് അവന്റെ നെഞ്ചോട് ചേർന്ന് നിന്നു പെണ്ണ്….
ഒരു കുഞ്ഞി വിശേഷം ആയപ്പോളോ… വിഷമതകൾ എണ്ണി പറഞ്ഞും അവനോട് ഒട്ടി നിന്നും മാസങ്ങൾ തള്ളി നീക്കി…. കാത്തിരിപ്പിന്റെയും പ്രാർത്ഥനകളുടെയും ഒടുവിൽ അവൾ ആഗ്രഹിച്ചത് പോലെ തന്നെ ഒരു മോനെയും കിട്ടി….
“മോൻ… അച്ഛനെ മുറിച്ച മുറിയാ….”എന്ന് കാണുന്നവരൊക്കെ പറയുമ്പോൾ പെണ്ണിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു….
മോന്റെ ഒന്നാം പിറന്നാളിനുള്ള ഒരുക്കങ്ങൾ നടക്കേണ്ട ഒരു രാത്രി പതിവ് പോലെ… അവന്റെ നെഞ്ചിൽ കിടന്നു വെങ്കിലും അന്ന് അവൾ വാചാലയായില്ല
“കൊച്ചേ എന്ത് പറ്റിയിന്ന്….”അവൻ അവളുടെ മുടിയിൽ തലോടി…
“മം… ചേട്ടായി ഞാനൊന്ന് ചോദിക്കട്ടെ….” അവൾ തല ചരിച്ച് അവനെ നോക്കി
“ചോദിക്ക്….”
“ചേട്ടായി… വേറെ ആരേലും ആണ് കല്യാണം കഴിച്ചേച്ചെങ്കിൽ ഇത്രയും സ്നേഹമുണ്ടാകുമോ… എന്നോട് ഇപ്പോൾ ഉള്ളത്ര….”
“ആം… ”
“വേണ്ട….”പെണ്ണിന്റെ ഭാവം മാറി അവൾ അവന്റെ വായ പൊത്തി
“ഇതെന്ത് പാട്…. എന്റെ ഭാര്യയോട് എനിക്ക് സ്നേഹം കാണില്ലേ…”അവന് ചിരി വന്നു
“വേണ്ടാന്നെ… ഞാൻ ആയോണ്ടാ അത് കൊണ്ട് മാത്രാ ഇത്ര ഇഷ്ടമെന്ന് പറ….” അവൾ കൈയെത്തിച്ച് അവന്റെ താടിയിൽ ഒന്ന് വലിച്ചു
“ആ … അങ്ങനെ തന്നാ” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു… അത് കേട്ടതും ആൾ വീണ്ടും മൗനത്തിലായി
“പെണ്ണെ….”അവൻ വിളിച്ചു…
“ഞാൻ മരിച്ചു പോയാൽ ചേട്ടായി വേറെ കെട്ടുമോ….”അടുത്ത ചോദ്യം എത്തി
“കെട്ടിയേക്കാം എന്തിനാ കുറയ്ക്കുന്നെ….” അവൻ ചിരി അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു…
“കൊല്ലും ഞാൻ… നിങ്ങളെയും കൊല്ലും അവളെയും കൊല്ലും….”പെട്ടന്ന് അവന്റെ നെഞ്ചിൽ ഒന്ന് കടിച്ചു കൊണ്ട് അവൾ അവനെ നോക്കി…
“ഇവളെന്നെ കൊള്ളൂലോ… അതിനിപ്പോൾ ആരാടി പോത്തെ ചാവാൻ പോകുന്നെ… കുഞ്ഞി തലയിൽ വേണ്ടാത്തതൊന്നും വേണ്ടാ …”
അവൻ അവളെ ചേർത്ത് പിടിച്ച് നെറുകിൽ മുത്തം കൊടുത്തു കൊണ്ട് പറഞ്ഞു….
രാവിലെ വന്നപ്പോൾ മുതൽ ജിഷ്ണുവിന് ജോലിയിൽ ഒന്നും ശ്രെദ്ധിക്കാൻ പറ്റുന്നില്ലായിരുന്നു…. എന്തോ വയ്യായിക പോലെ.. ഉള്ളിൽ എന്തോ കത്തി അമരുന്നു…
വിയർക്കും പോലെ… ഹോസ്പിറ്റലിൽ പോകണോ അവനൊന്നു സംശയിച്ചു.. അപ്പോൾ ആണ് ഫോൺ ശബ്ധിച്ചത് നോക്കിയപ്പോൾ അച്ഛനാണ്…
“മോനെ… നീലു ഒന്ന് തല ചുറ്റി വീണു.. ഹോസ്പിറ്റലിൽ കൊണ്ട് പോകുവാ…നീ വേഗം വായോ…”ഇത്രയും പറഞ്ഞു കാൾ കട്ട് ആയി….
വേഗത്തിൽ പിടഞ്ഞെഴുനേറ്റു…. ചെറിയ തല വേദന വന്നാൽ പോലും കൂടെ താൻ വേണം പെണ്ണിന്… വേണ്ടാത്ത എന്തൊക്കെയോ മനസ്സിൽ കയറ്റിയിട്ടുണ്ട് bp കൂടിയതാകും… ഹോസ്പിറ്റലിലേക്കുള്ള യാത്രയിൽ ഇതൊക്കെയായിരുന്നു അവന്റെ മനസ്സിൽ…
അവിടെ ചെല്ലുമ്പോൾ അടുത്തുള്ള ഒന്ന് രണ്ട് പേർ ഫോൺ ചെയ്തു കൊണ്ട് വെളിയിൽ ഉണ്ടായിരുന്നു….. അവനെ കണ്ടതും അവർ അവന്റെ കൈയ്യിൽ പിടിച്ചു……അവരുടെ മുഖം കാണെ അവനിൽ ഭയം വർധിച്ചു….
“പോയി മോനെ….. പോയി…..”കരഞ്ഞു കൊണ്ടിരുന്ന അമ്മ അവനെ കണ്ടതും ആർത്തലച്ച് അവന്റെ അടുത്തേക്ക് വന്നു….
“പോയെന്നോ…. ആര്….”ജിഷ്ണുവിന് ഒന്നും മനസിലായില്ല അവൻ എല്ലാ മുഖങ്ങളിലേക്കും മാറി മാറി നോക്കി….
“തല വേദനിക്കുന്നു അമ്മേ എന്നും പറഞ്ഞ്… കുഞ്ഞ് കിടക്കാൻ പോയതാണെ… അപ്പോളേക്കും എന്റെ ദൈവേ ഇങ്ങനെ പറ്റുവോ…..”അമ്മ പതം പറഞ്ഞ് കൊണ്ടിരുന്നു….
ജിഷ്ണുവിന് മാത്രം ചുറ്റും നടക്കുന്നതൊന്നും മനസിലായില്ല….. ചുറ്റും ആരൊക്കെയോ ചെവിയിൽ എന്തോ മൂളും പോലെ…..
ആരുടെയൊക്കെയോ ഒപ്പം അവൻ എവിടെക്കെക്കയോ പോയി….. എന്തൊക്കെയോ ചെയ്തു തലയിൽ കനം കൂടി വരും പോലെ…..
“ചേട്ടായിയെ….”ശബ്ദം കേട്ട് നോക്കുമ്പോൾ മുന്നിൽ നീലു കുളി കഴിഞ്ഞുള്ള വരവാ
“എന്താ പെണ്ണെ….”
“എനിക്ക് സിന്ദൂരം തൊട്ട് താ….ചേട്ടായി അല്ലാതെ ഞാൻ സമ്മതിക്കില്ലാട്ടോ…. അല്ല മോൻ എവിടെ…..”അവൾ നോക്കി ചിരിക്കുകയാണ്….
പെട്ടന്ന് കുഞ്ഞിന്റെ കരച്ചിൽ അവന്റെ ചെവിയിൽ പതിച്ചു….. ജിഷ്ണു ഞെട്ടി എഴുനേറ്റ് റൂമിലേക്ക് ചെന്നു പോകുന്നതിനിടയിൽ പലവട്ടം തട്ടി വീഴാൻ ഒരുങ്ങിയ അവനെ ആരൊക്കെയോ താങ്ങി…
“ഞാൻ തൊട്ടു കൊടുക്കാറാ പതിവ് അല്ലേൽ അതിന് പിണങ്ങും….”അവൻ അവളുടെ അലമാരയിൽ നിന്നും സിന്ദൂരം കൈയ്യിൽ എടുത്ത് തിരിഞ്ഞു നടന്നു….
“മോൻ അവനെവിടെ….”പുറത്തേക്ക് ഇറങ്ങും വഴി അവൻ ആരുടെയോ കൈയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി…
“ജിഷ്ണു….”ആരൊക്കെയോ അവന്റെ പിറകെ ചെന്നു… കുഞ്ഞുമായി ഉമ്മറത്തെത്തിയപ്പോൾ അവൻ കണ്ടു…. താൻ കൊടുത്ത പട്ടു പുടവ ചുറ്റി സുന്ദരിയായി കിടക്കുന്ന അവളെ….
“പെണ്ണെ…. നീ പതിവിലും സുന്ദരിയാണല്ലോടി….”അവളുടെ സീമന്തത്തിൽ അവസാനമായി സുന്ദൂരം ചാർത്തി കൊണ്ട് അവൻ അവളുടെ കവിളിൽ മുത്തം നെൽകി….
ചുറ്റും നിന്നവർ ആ കാഴ്ച്ച കണ്ട് വിതുമ്പി കരഞ്ഞു…. ഉറങ്ങി കിടക്കുന്ന അമ്മ തന്റെ കരച്ചിൽ കേട്ടിട്ടും ഉണരാത്തത് കൊണ്ടാകാം കുഞ്ഞ് അലറി കരഞ്ഞു കൊണ്ടിരുന്നു….
“അമ്മ വരത്തില്ലടാ… അച്ഛയോട് പിങ്ങി അവളെങ്ങു പോയി…..”അത് വരെ കരയാൻ മറന്നു പോയ അവൻ കുഞ്ഞിനെ ചേർത്ത് പിടിച്ച് ഉറക്കെ കരഞ്ഞു
പ്രകൃതി മൂക സാക്ഷിയായി…..കാറ്റ് പോലും കണ്ണീർ പൊഴിച്ച് എവിടെയോ മറഞ്ഞു നിന്നു…..
“മോനെ….”അച്ഛന്റെ ശബ്ദം അവനെ ഓർമ്മകളിൽ നിന്നും ഉണർത്തി….
അവൻ അച്ഛനെ ഒന്ന് നോക്കി കൊണ്ട് ഇളകിയിരുന്നു…..
“മോള് പോയിട്ടിപ്പോൾ വർഷം 2ആയി…..അമ്മയില്ലാത്ത ആ മോന് അമ്മയുടെ കരുതൽ കിട്ടാനെങ്കിലും….” അച്ഛൻ അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു….
“അവന് അച്ഛനായും അമ്മയായും ഞാനുണ്ട് അച്ഛാ അത് മതി……..ഇനി ഇതിൽ ഒരു സംസാരമില്ല….”
അവൻ തീർത്തു പറഞ്ഞു….അച്ഛൻ അവനെ നോക്കി ഒരു നെടുവീർപ്പോടെ എഴുനേറ്റ് പോയി
ജിഷ്ണു ഉറങ്ങി കിടക്കുന്ന മകനെ ഒന്ന് നോക്കി കൊണ്ട് ജനലിന്റെ അരികിൽ പോയി നിന്നു…. തെക്കേ തൊടിയിൽ തന്റെ പെണ്ണുറങ്ങുന്നിടത്തേക്ക് അവൻ വെറുതെ നോക്കി നിന്നു
“പെണ്ണെ എന്ന് ഓരോ വട്ടം വിളിച്ചതും ഈ നെഞ്ചിൽ ഈ ജന്മവും ഇനിയുള്ള ജന്മവും നീ മാത്രം എന്ന് ഉറപ്പിച്ചാ പെണ്ണെ…..” അവൻ മനസ്സിൽ പറഞ്ഞു.