കണ്ണാം തുമ്പി (അവസാന ഭാഗം)
(രചന: അഖില അഖി)
“ഏട്ടാ…. ഞാൻ ആദ്യമായും അവസാനമായും ഒരു കാര്യം ആവശ്യപ്പെടാ സാധിച്ചു തരോ…”
അവളുടെ ചോദ്യം എല്ലാവരിലും സങ്കടം ഉണ്ടാക്കിയെങ്കിലും അവൻ എന്താണെന്ന് ചോദിച്ചു.
“നിക്ക് ന്തെങ്കിലും പറ്റിയ ഏട്ടനും ഏട്ടത്തിയും ന്റെ വാവേ നോക്കണേ.
നിങ്ങള് രണ്ടാളും നന്നായി നോക്കുംന്ന് അറിയാം. ന്നാലും… നന്നായി നോക്കണം.
ആര് വന്ന് അവകാശം പറഞ്ഞാലും വാവേടെ അവകാശികൾ നിങ്ങള് തന്ന്യാ… എന്നും.
ന്റെ തലേ തൊട്ട് സത്യം ചെയ്യോ..
നിക്ക് എന്തെങ്കിലും പറ്റിയ എന്നെ നോക്കിയപോലെ വാവയേം നോക്കുംന്ന്.. ആർക്കും കൈവിട്ട് കൊടുക്കില്യാന്ന്…”.
അവളുടെ ചോദ്യത്തിൽ അവൻ പതറിയെങ്കിലും, അവളുടെ കൈകളിൽ പിടിച്ചവൻ രശ്മിയെ നോക്കി. ഇരുവരും ചേർന്നവളെ ചേർത്തു പിടിച്ചു.
“”ഒന്നും വരില്യാ തുമ്പി കുട്ട്യേ.. ഇനി ഇങ്ങനെ ഒന്നും പറഞ്ഞു വേദനിപ്പിക്കല്ലേ ഡി. ഞാൻ ഉണ്ടാവും നിനക്കും വാവയ്ക്കും ഒന്നും വരില്യാ.
സന്തോഷായി ഇരിക്ക്… ഓരോന്ന് ചിന്തിച്ചു കൂട്ടാതെ… ഇനി ഇങ്ങനെയൊന്നും പറയരുത്.””
“മരിക്കാൻ പേടിയില്യാ നിക്ക്… ന്നാലും അങ്ങനെയാണ് ഈശ്വരന്റെ തീരുമാനമെങ്കിൽ അന്ന് പറയാൻ പറ്റാതെ പോവാണെങ്കിലോ.. അപ്പൊ ന്റെ ഒരു സമാധാനത്തിന്…” നിക്ക് അറിയാം രണ്ടാളും ന്റെ വാവയെ പൊന്നു പോലെ നോക്കുംന്ന്. അത്ര ഇഷ്ട..വിശ്വാസ..ഏട്ടത്തിനേം ഏട്ടനേം..”
“”നീ ഇനി ഓരോന്ന് ഓർത്ത് സങ്കടപ്പെടാതെ തുമ്പി കുട്ട്യേ.. ഞങ്ങളില്ലേ നിനക്ക്. ഒന്നും വരില്യാ..””
“ഏട്ടന് എന്നോട് ദേഷ്യണ്ടോ?… ഏട്ടനെ ഞാൻ അനുസരിക്കാത്തതിൽ… ഞാൻ ന്തെങ്കിലും അറിയാതെ പറഞ്ഞു പോയിണ്ടെങ്കിൽ ഒക്കെ മറന്നു കളയണേ.. ഒന്നും അറിഞ്ഞോണ്ട് പറയണതല്ല.. അറിഞ്ഞൂടാ… പേടിയാ… ഇപ്പൊ എല്ലാരേയും…”.
‘ മതി രണ്ടുപേരും വന്ന് കിടക്കാൻ നോക്ക്. വെറുതെ ഓരോന്ന് ആലോയ്ച്ച് ആധി പിടിപ്പിക്കാണ്ട് പോയി കിടക്കാൻ നോക്ക് തുമ്പി.’
രശ്മിയുടെ പറച്ചിലിൽ രണ്ടുപേരും ഉറങ്ങാനായി കിടന്നു. നിദ്ര പോലും പിണങ്ങി നിന്ന സമയം…
“”അയാളെന്നെ ഓർക്കുന്നുണ്ടാവോ?…
മറക്കാൻ പോലും കഴിയാതെ വേരുറച്ചു പോയി… ദേഷ്യത്തിന്റെ മുഖംമൂടിയിൽ ഒളിപ്പിക്കുമ്പോഴും മറക്കാൻ കഴിയാത്തത് എന്തുകൊണ്ട്?””.
അകലം കൊതിക്കുന്നവനെ ഞാൻ അരികിലേക്ക് വിളിക്കാനില്ല… ആ ഇഷ്ടങ്ങളിൽ തന്നെയാണ് ഞാനിന്നും… ആ ഇഷ്ടങ്ങളോട് തന്നെയാണ് എന്റെ പ്രണയവും…
ഈ ഇരുട്ടിനെ ഞാൻ സ്നേഹിക്കുന്നു…
എന്റെ സങ്കടങ്ങളിൽ പങ്കുചേരുന്ന സുഹൃത്താണവൻ… അകന്നു പോയവർ അകന്നു തന്നെ ഇരിക്കട്ടെ.
“”നമുക്ക് നമ്മള് മാത്രം മതിലെ….””
വയറിനെ തലോടി കൊണ്ടവൾ പറഞ്ഞു.
അർദ്ധരാത്രിയിൽ കലശലായ വേദനയോടെ അവൾ പുളയുമ്പോഴും ഭയമായിരുന്നു ഉള്ളിൽ… അവളെ വാരിയെടുക്കുമ്പോഴും ഹോസ്പിറ്റലിൽ എത്തിക്കുമ്പോഴും, ഡോക്ടർ പറഞ്ഞ വാക്കുകളായിരുന്നു അവന്റെ ഉള്ളിൽ.
“”വൈശാഖിയ്ക്ക് ഇതൊരു പ്രശ്നമാണ്… ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രെമിക്കാം.””
“രെച്ചു, നിക്ക് പേടിയാകുന്നു…
മനസിലാകെ ഒരു പിരിമുറുക്കം…”
അവന് ആശ്വാസം നൽകിയവൾ ലേബർ റൂമിന്റെ വാതിക്കലിലായി ഇരുന്നു.
“”അമ്മ ഒറ്റക്കാ… നല്ല പേടിയുണ്ട് അമ്മയ്ക്കും. ഒന്നൂല്യ… ധൈര്യമായി ഇരിക്ക്… തുമ്പിയ്ക്കും കുഞ്ഞി തുമ്പിയ്ക്കും ഒന്നും പറ്റില്യ.
മണിക്കൂറുകൾക്ക് ദൈർഘ്യമില്ലാത്തതുപോലെ… സമയം കടന്നുപോകുമ്പോഴും അവനാശ്വാസമായി അവളും ഉണ്ടായിരുന്നു. അവന്റെ ഉള്ളിൽ തുമ്പിയുടെ വാക്കുകൾ മുഴങ്ങി കൊണ്ടിരുന്നു…
” തുമ്പി പോയാലും തുമ്പി കുട്ടി ഉണ്ടാകും ഏട്ടനും ഏട്ടത്തിക്കും… നിക്ക് തന്നില്യേ..ആ വാക്കിന്റെ സമാധാനത്തിലാ ഞാൻ. ”
“ഒരുപാട് ഇഷ്ട നിങ്ങൾ രണ്ടുപേരെയും.
ന്റെ ജീവനെ സന്തോഷത്തോടെ ഏല്പിക്കാ “.
അവൾ പറഞ്ഞ വാക്കുകൾ അവന്റെയുള്ളിലെ തീയെ ആളി പടർത്തി. നീണ്ട നാല് മണിക്കൂറുകൾക്ക് ശേഷം ലേബർ റൂമിന്റെ വാതിൽ തുറക്കപ്പെടുമ്പോൾ പിടയുന്ന മനസുമായി ഇരുവരും അങ്ങോട്ടേക്ക് നടന്നടുത്തു.
വെള്ള തുണിയിൽ പൊതിഞ്ഞ കുഞ്ഞുതുമ്പിയിൽ ആയിരുന്നു രശ്മിയുടെ ശ്രദ്ധ. ആദിയുടെ കണ്ണുകൾ ലേബർ റൂമിന്റെ അകത്തേക്കും മുന്നിൽ നിൽക്കുന്ന ഡോക്ടറിന്റെ മുഖത്തേക്കും മാറി മാറി സഞ്ചരിച്ചു.
“”തുമ്പി….. അല്ല, വൈശാഖി….””
“വൈശാഖിയ്ക്ക് പെൺകുട്ടിയാണ്…”
അത് കേട്ടപ്പോൾ ഇരുവരുടെയും മുഖം ഒന്ന് വിടർന്നു. തുമ്പിയെ കുറിച്ചറിയാനുള്ള വ്യഗ്രതയിൽ അവൻ അവരുടെ മറുപടിക്കായി കാത്തു.
“വൈശാഖിയുടെ ബോഡി നല്ല വീക്ക് ആയിരുന്നു. ഒരുപാട് കോംബ്ലിക്കേഷൻ ഉണ്ടായിരുന്നു. ഞങ്ങൾ മാക്സിമം ശ്രമിച്ചു… പക്ഷെ….. സോറി….. മിസ്റ്റർ ആദി.”
അടുത്ത് നിൽക്കുന്ന നഴ്സിന്റെ കയ്യിലെ കുഞ്ഞിനെ രശ്മി ഏറ്റുവാങ്ങി.
നിറഞ്ഞ കണ്ണുകളോടെയവൾ കയ്യിലിരിക്കുന്ന കുഞ്ഞുതുമ്പിയെയും ആദിയെയും നോക്കി. ഒന്ന് ചലിക്കാൻ പോലും ആവാതെ അവനവിടെ തറഞ്ഞു നിന്നു.
കണ്ണു ചിമ്മാൻ പോലും മറന്ന്, തന്റെ അടുത്തിരിക്കുന്നവനെ നോക്കിയവൾ കുഞ്ഞുതുമ്പിയെ ചേർത്തു പിടിച്ചു പൊട്ടി കരഞ്ഞു പോയി.
മറ്റൊരിടത്ത്,
ചെയ്തു പോയ തെറ്റിന്റെ പേരിൽ പശ്ചാതപിച്ചു കൊണ്ടൊരുവനും ഉണ്ടായിരുന്നു. അവൻ അവന്റെ മനസാക്ഷിയോട് തന്നെ ചോദിച്ചു…
“എന്ത് തെറ്റാണവൾ ചെയ്തത്.. എന്തിന് വേണ്ടിയാണവളെ മനപൂർവം തള്ളി കളഞ്ഞത്?..
എന്ത് നേടി…. അവളെ ഉൾക്കൊള്ളാതെ ശരീരം പ്രാ പിച്ച് നിഷ്കരുണം ഉപേക്ഷിക്കാനും മാത്രം ക്രൂരൻ ആയോ… ഇത്രയും തരം താഴ്ന്നു പോയോ താൻ…
കയ്യിലെ സി ഗരറ്റ് ആഞ്ഞു വലിച്ചവൻ
വിദൂരതയിലേക്ക് നോക്കി നിന്നു. അവന്റെ ഉള്ളിൽ ആദി പറഞ്ഞ വാക്കുകൾ അലയടിച്ചു കൊണ്ടിരുന്നു.
“കസ്തൂരിമാനേ ഉപേക്ഷിച്ചു കസ്തൂരി തേടിയിറങ്ങിയ വിഡ്ഢിയാണ് താൻ.”
“വൈശാഖി……..” ഇരുട്ടിലേക്ക് നോക്കിയവൻ ഉറക്കെ വിളിച്ചു.
“പൊറുക്കാൻ കഴിയാത്ത തെറ്റാ ഞാൻ ചെയ്തെ, എന്നോട് ക്ഷമിക്കുമോ നീ….”.
ഉറക്കം നഷ്ടപ്പെട്ടിട്ട് നാളുകൾ ഏറെ ആയിരിക്കുന്നു. അവളുടെ നിറഞ്ഞ കണ്ണുകൾ വേട്ടയാടാൻ തുടങ്ങിയിട്ട് സമാധാനം പോലും വെടിഞ്ഞിരിക്കുന്നു.
ഉപേക്ഷിച്ചു പോയ ഒരുത്തിക്ക് വേണ്ടി കാത്തിരുന്ന, അവളെ തേടിയിറങ്ങിയ താൻ വിഡ്ഢിയാണ്.
നിന്റെ കാലിൽ വീണു മാപ്പു പറയാൻ പോലും അർഹതയില്ലാത്തവനാണ്
വൈശാഖി ഞാൻ…
അവന്റെ ഉള്ളിൽ അവളിൽ നിന്നറിഞ്ഞ കാര്യങ്ങളായിരുന്നു.
“സ്വന്തം ചോ രയെ പോലും ഉപേക്ഷിച്ചവൻ തനിക്ക് വേദനിക്കാൻ പോലും അവകാശമില്ല…” ഉള്ളിലിരുന്ന് ആരോ പറയും പോലെ. അവളുടെ പേര് ഉരുവിട്ട് കൊണ്ടവൻ ടറസിൽ നീണ്ടു നിവർന്നു കിടന്നു.
മൃതശരീരം വീട്ടിലെത്തിച്ചു, അകത്തേക്ക് കിടത്തുമ്പോഴും അവൾക്കടുത്തായി അവനും ഇരുന്നു. കരഞ്ഞു തളർന്ന അമ്മയ്‌ക്കരികിൽ കുഞ്ഞുതുമ്പിയെ കിടത്തിയവൾ അവന് ആശ്വാസം പകർന്നു ചേർത്തു പിടിച്ചു.
ശവദാഹത്തിനെടുക്കുമ്പോൾ ആർത്തലച്ചു പെയ്യുന്ന മഴ പോലവൻ രശ്മിയുടെ തോളിൽ അഭയം പ്രാപിച്ചു.
ആരോ പറഞ്ഞറിഞ്ഞ് അവനും എത്തിയിരുന്നു, ദ്രുപത്…അവളെ അവസാനമായി ഒരു നോക്ക് കാണാൻ…
“”വൈശാഖി……..””
അവളുടെ അടുത്തേക്ക് ഇടറിയ ചുവടുമായി അടുക്കുന്നവനെ കണ്ട് മുറുകിയ മുഖത്തോടെ ആദി തടയാനായി മുന്നോട്ട് വന്നു.
ആദിയുടെ വലിഞ്ഞു മുറുകിയ മുഖം അവന്റെ അടക്കാനാവാത്ത കോപത്തെ എടുത്തു കാട്ടി.
“ഞാൻ…. ഞാനൊന്ന് കണ്ടോട്ടെ.
എനിക്കൊന്ന് കാണണം ആദി… ഒരു വട്ടം… ഒരേ ഒരു വട്ടം… ഒന്ന് മാപ്പു പറയണം.”
“”എറങ്ങി പോടാ നായെ ന്റെ വീട്ടീന്ന്.
നിന്റെ ആരും ഇവിടില്ല. സ്വന്തവും ബന്ധവും ആയിരുന്നു… ഈ കിടക്കുന്നവളെ എന്ന് നീ ജീവനോടെ തകർത്തു കളഞ്ഞോ… അന്ന് തീർന്നതാ നീയുമായുള്ള എല്ലാ ബന്ധവും.
കടക്ക് പുറത്ത്… ഇനി ഒരു നിമിഷം പോലും നീ ഇവിടെ നിന്നാൽ ന്റെ തുമ്പിക്ക് ശാന്തി കിട്ടില്യാ.
ഇറങ്ങി പൊക്കോണം.””
ആദിയുടെ ജ്വലിക്കുന്ന കോപത്തെ നോക്കി കാണുകയായിരുന്നു എല്ലാവരും.
അവനെ പിടിച്ച് പുറത്തേക്ക് തള്ളുമ്പോഴും തുമ്പിയുടെ നിറഞ്ഞ കണ്ണുകളായിരുന്നു അവന്റെയുള്ളിൽ.
അകലെ നിന്നവൻ അവളെ നോക്കി. അവ്യക്തമായിരുന്നെങ്കിലും മൗനമായ് മനസുകൊണ്ട് മാപ്പു പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.
“പാപിയാണ് താൻ… മഹാപാപി…
ഈശ്വരൻ പൊറുക്കാത്ത തെറ്റ് ചെയ്തവൻ….
“വൈശാഖി… തെറ്റ് പറ്റി പോയി…
ഒരവസരം കൂടി തരാമായിരുന്നില്ലേ…”
കാറിൽ കയറി സ്റ്റിയറിങ്ങിൽ തലവെച്ചവൻ കിടന്നു. അവന്റെയുള്ളിൽ അവൾ പറഞ്ഞ വാക്കുകൾ മുഴങ്ങി കൊണ്ടിരുന്നു…
“”നമ്മളിനി പരസ്പരം കാണാൻ ഇടവരാതിരിക്കട്ടെ “.
ചെവി പൊത്തി പിടിച്ചവൻ ആഞ്ഞു ശ്വാസമെടുത്തു.
ഓർമകളുടെ വേലിയേറ്റങ്ങളിൽപെട്ട് മൂന്ന് മനസുകൾ പിടയുന്നുണ്ടായിരുന്നു. കുഞ്ഞു തുമ്പിയെ ഒന്നെടുക്കാൻ പോലും ആദിക്ക് പറ്റുന്നുണ്ടായിരുന്നില്ല.
ദിവസങ്ങൾ കടന്നു പോയെങ്കിലും അവളുടെ സാന്നിധ്യം ആ വീട്ടിൽ ഉണ്ടെന്ന വിശ്വാസത്തിൽ അവനും ദിവസങ്ങൾ തള്ളി നീക്കി.
ഹാളിലെ ചുവരിൽ ഫ്രയിം ചെയ്തു വെച്ചിരിക്കുന്ന തുമ്പിയുടെ ഫോട്ടോയിലായിരുന്നു ആദിയുടെ കണ്ണുകൾ. ഇത്രയും ദിവസം കുഞ്ഞു തുമ്പിയെ കാണാൻ പോലും മനസ് വരാതവൻ അവളുടെ മാത്രം ചിന്തയിലായിരുന്നു.
“”ആദിയേട്ട….””
രശ്മിയുടെ നീണ്ട വിളിയിൽ അവൻ തിരിഞ്ഞു നോക്കി. അവളുടെ കയ്യിൽ കിടക്കുന്ന കുഞ്ഞിപെണ്ണിലേക്ക് നോക്കി കൊണ്ടവൻ അവൾക്ക് അരികിലേക്ക് നടന്നടുത്തു.
“”ഇതും നമ്മടെ തുമ്പിയല്ലേ….. ഇവളെ മറന്നുപോയോ….. തുമ്പി കുട്ടി നമുക്ക് തന്നതാ അവളുടെ ജീവനെ…..
അതിനെ തിരിഞ്ഞു നോക്കിയില്ലെങ്കി അവൾക്ക് ശാന്തി കിട്ടോ?….
പോയോടത്തെങ്കിലും അവള് സന്തോഷത്തോടെ ഇരിക്കട്ടെ…. അവള് തന്ന്യാ ഇവളും…. തുമ്പിയെ പോലെ തന്നെയല്ലേ കുഞ്ഞു തുമ്പിയും.””
അവന്റെ കയ്യിലായി കുഞ്ഞു തുമ്പിയെ ഏൽപ്പിക്കുമ്പോൾ….സമാധാനത്തോടെ പുതിയ പുലരിയെ വരവേൽക്കാൻ ഒരുങ്ങുകയായിരുന്നു അവളും.
നീണ്ട മൂന്നു വർഷങ്ങൾക്കു ശേഷമുള്ള ഒരു സന്ധ്യാ നേരം.
“അച്ഛേടെ കണ്ണാം തുമ്പ്യെ….”
കുഞ്ഞിനെ കയ്യിലെടുത്തു പൊക്കി, ചിരിപ്പിക്കുന്ന ആദിയെയും അടുത്തിരുന്നു അവരുടെ കളികൾ കാണുന്ന രശ്മിയെയും കണ്ടു കൊണ്ട് പടികടന്നു വരുന്നവനിൽ ആയിരുന്നു അമ്മയുടെ ശ്രദ്ധ.
“”രെച്ചു….. ആദി….””
അവരുടെ വിളികേട്ടവർ തിരിഞ്ഞു നോക്കി. അമ്മയുടെ ശ്രദ്ധ പോയ ഭാഗത്തേക്ക് നോക്കുമ്പോൾ അവിടെ നിൽക്കുന്ന ആളെ കണ്ടവന്റെ ര ക്തം തിളച്ചു. കുഞ്ഞിനെ രെച്ചുവിനെ ഏൽപ്പിച്ചവൻ വന്നിരിക്കുന്ന ആളുടെ അരികിലേക്ക് പാഞ്ഞു ചെന്നു.
“”നിനക്ക് മതിയായില്ലേ… എന്താ ഈ വരവിന്റെ ഉദ്ദേശം… നീ ഒരുത്തൻ കാരണം ഞങ്ങൾക്കുണ്ടായ നഷ്ടം തീർന്നിട്ടില്ല. ഇനിയും നിനക്ക് ന്താ വേണ്ടേ… പറയടാ…പറയ്…””
അവന്റെ ഷോൾഡറിൽ കുത്തി പിടിച്ചു ദേഷ്യപ്പെടുന്നവനെ കണ്ടവൾ കണ്ണാം തുമ്പിയെ അമ്മയെ ഏല്പിച്ച് ആദിയ്ക്ക് അരികിലേക്ക് ചെന്നു.
“ആദിയേട്ടാ… ന്ത് പ്രാന്താ ഈ കാട്ടണെ.. അയാളെ വിട്..” അവന്റെ കയ്യിനെ മോചിപ്പിച്ചു കൊണ്ടവൾ ആദിയെ തടഞ്ഞു.
“”ദ്രുപത്…. നീ ഇവിടെ വരാൻ പാടില്ലായിരുന്നു… ഇപ്പൊ എന്തിനാ വന്നേ… നീയുമായുള്ള എല്ലാ ബന്ധവും അവസാനിച്ചതല്ലേ… ഇപ്പൊ വന്നതിന്റെ ഉദ്ദേശം ന്താ?…””
“രശ്മി…. ഞാൻ ആരെയും ഉപദ്രവിക്കാനോ വിഷമിപ്പിക്കാനോ വന്നതല്ല…. ഞാൻ ചെയ്തത് തെറ്റ് തന്നെയാ. ഞാൻ അത് നിഷേധിക്കുന്നുമില്ല. എന്നോട് ക്ഷമിക്കണം……
അറിയാം തീർത്താൽ തീരാത്ത ദേഷ്യം ആയിരിക്കുമെന്ന്. എന്നാലും എന്റെ ഒരു സമാധാനത്തിന് പിന്നെയും ചോദിക്കാന്ന് മാത്രം…
പോവാണ് ഞാൻ ഈ നാട്ടീന്ന് തന്നെ.
ഒരു യാത്ര പറച്ചിലിനായിട്ട വന്നേ.
പിന്നെ ഒരാളെ കാണാനും.”
അമ്മയുടെ അരികിലേക്ക് അടുക്കുന്നവനെ നോക്കിയവൾ നിന്നു.
“”നിൽക്ക് അവിടെ. എന്ത് അവകാശത്തിന്റെ പേരിലാ നീ അവളെ കാണാൻ പോകുന്നെ. ആരാ നീ അതിന്…. അവളെന്റെ മോളാ…. എന്റെ മാത്രം.””
“ഛേ……..”
ആ വിളിയിൽ രണ്ടുപേരും ഒരുപോലെ തിരിഞ്ഞു നോക്കി.
“ഛേ……..”
ചിരിച്ചു കൊണ്ടു വിളിക്കുന്ന കുഞ്ഞു തുമ്പിയെ നോക്കി നിൽക്കെ ദ്രുപതിന്റെ കണ്ണുകൾ നിറഞ്ഞു തൂവി.
ഇരുവരും ഒരുപോലെ അവൾക്കരികിൽ എത്തി.
“”ഞാൻ.. ഞാനൊന്ന് എടുത്തോട്ടെ..””
അമ്മയെയും രശ്മിയെയും നോക്കിയവൻ ചോദിച്ചു. സ്വന്തം ചോ രയെ എടുക്കാൻ സമ്മതം ചോദിക്കേണ്ട വന്ന ഗെതികെട്ട അച്ഛൻ.
അവന് അവനോട് തന്നെ പുച്ഛം തോന്നി.
കണ്ണുകൾ കൊണ്ട് ആദിയോട് സമ്മതം വാങ്ങിച്ചവൾ ദ്രുപതിന്റെ കയ്യിലേക്ക് കുഞ്ഞിനെ കൊടുത്തു.
“വൈശാഖിയുടെ ഛായയാ മോൾക്ക്.”
അവൻ കുഞ്ഞിനെ എടുത്തു ഉമ്മ വെച്ചു.
തിരിച്ച് രശ്മിയുടെ കയ്യിലേക്ക് ഏൽപ്പിക്കുമ്പോൾ പിടക്കുന്ന നെഞ്ചിൽ കൈ ചേർത്തവൻ ഒരിക്കൽ കൂടി മാപ്പപേക്ഷിച്ചു.
കണ്ണാം തുമ്പിയുടെ തലയിൽ തലോടി അവൻ ഹാളിലെ ഭിത്തിയിൽ തൂക്കിയിരിക്കുന്ന തുമ്പിയുടെ ഫോട്ടോ നോക്കി. മനസു കൊണ്ട് ഒരായിരം വട്ടം മാപ്പു പറഞ്ഞു. അമ്മയുടെ കൈകളിൽ പിടിച്ചവൻ യാത്ര പറഞ്ഞു.
“ആദി….. ക്ഷമിക്കാൻ കഴിയില്ലെന്നറിയാം… ഒരിക്കലും ഇനി നാട്ടിലേക്കോ ഇവിടേക്കോ ഒരു വരവുണ്ടാകില്ല. നീറി നീറിയാ ഇപ്പോഴും ജീവിക്കണേ… ഇതിൽ കൂടുതൽ എന്ത് ശിക്ഷ കിട്ടാനാ.”
മിണ്ടാതെ നിൽക്കുന്ന ആദിയുടെ കൈയിലേക്ക് നിർബന്ധിച്ച് ഒരു ഫയൽ വെച്ചു കൊടുത്തു.
“ഇത് ആവിയത്തെ അവകാശിക്കുള്ള സ്വത്താ. മോൾക്ക് ഉള്ളതാ നിഷേധിക്കരുത്. അച്ഛന്റെ അവകാശം കാണിക്കാനോ.. ഒന്നിനും വേണ്ടിയല്ല.. സ്വീകരിക്കണം.”
“”ഇതിന്റെ ആവശ്യം എനിക്കോ എന്റെ മോൾക്കോ ഇല്യാ. അവളെ ഞാൻ വളർത്തും പൊന്നുപോലെ. അതിന് ഇതിന്റെ ആവശ്യം ഇല്യാ. എന്റെ തുമ്പിയ്ക്ക് കൊടുത്ത വാക്കാ..
അവൾടെ ജീവൻ ന്റെയും രശ്മിയുടെയും മോളാ. അതോണ്ട് ഇതൊന്നും എന്റെ മോൾക്ക് ആവശ്യം ഇല്യാ.””
മറുത്തൊന്നും പറയാതെ അവൻ പോകാനായി ഇറങ്ങി.
“”ഛേ……””
ആദിയെ വിളിച്ചു, അവന്റെ കയ്യിലേക്ക് ചായുന്ന കുഞ്ഞി പെണ്ണിനെ കണ്ടവൻ കുറ്റബോധം കൊണ്ട് യാത്ര പറഞ്ഞു ഇറങ്ങി.
പൂമുഖത്തെല്ലാവരും അവന്റെ പോക്കും നോക്കി നിന്നു. തിരിഞ്ഞു നോക്കുമ്പോൾ ആദിയുടെ മുടി പിടിച്ചു വലിക്കുന്ന തിരക്കിൽ ആയിരുന്നു കണ്ണാം തുമ്പി.
പാതിയിൽവച്ചവൻ നടത്തം നിർത്തി തിരിഞ്ഞു നോക്കി. പിന്നെ ചോദിച്ചു….
“”കണ്ണാം തുമ്പീടെ പേരെന്താ?””
“വൈദേഹി ആദിഷ്ദേവ് ”
രശ്മിയുടെ മറുപടിയിൽ ഒന്ന് ചിരിച്ചവൻ പറമ്പിലെ തെക്കേ ഭാഗത്തേക്ക് നടന്നു.
“കാലത്തിന് മായ്ക്കാൻ കഴിയാത്ത മുറിവുകൾ ഇല്ല..ആദിയേട്ടാ.. അവനെ യാത്രയാക്കണം. നിറഞ്ഞ മനസോടെ.”
കണ്ണാം തുമ്പിയെ നെഞ്ചോടു ചേർത്ത് അടക്കി പിടിച്ചു. അവന്റെ നടത്തം ചെന്നവസാനിച്ചത് അവളുടെ അസ്ഥിതറയ്ക്ക് അരികിൽ ആയിരുന്നു.
“”വൈശാഖി…… പൊറുക്കണം… നീയെന്നോട്… പോവാണ് ഞാൻ ഈ നാട്ടീന്ന് തന്നെ. നിന്റെ ഓർമകൾ എന്നെ ശ്വാസം മുട്ടിക്കുന്നു വൈശാഖി. ഇനിയും ഞാൻ ഇവിടെ തുടർന്നാൽ മുഴുഭ്രാന്തനായ് മാറും. പോകുന്നതിന് മുന്നേ നിന്നോട് യാത്ര പറയാൻ വന്നതാ ഞാൻ. ഇനിയും ഒരു തിരിച്ചു വരവ് ഉണ്ടാകില്ല.
വൈദേഹിയും വൈശാഖിയെ പോലെ തന്നെ…. നിന്റെ തീരുമാനം ആണ് ശെരി… നീയാണ് ശെരി… ഞാൻ… ഞാൻ…തോറ്റുപോയി.
പോവാണ് ഞാൻ….. അടുത്ത ജന്മമുണ്ടെങ്കിൽ നിന്നെ കരയിക്കാതെ ഒരു മരണത്തിനും വിട്ടു കൊടുക്കാതെ സ്നേഹിക്കും.
അടുത്ത ജന്മം നല്ല മനുഷ്യനായി മാറാൻ എനിക്കും കഴിയട്ടെ. ഈ ജന്മത്തിലെ വിരഹവും വേർപാടും അടുത്ത ജന്മത്തിൽ പ്രണയമായ് തീരട്ടെ.””
ഒരിക്കൽ കൂടി യാത്ര ചോദിച്ചവൻ മുറ്റത്തെത്തി. അവനോട് ക്ഷമിക്കണമെന്നുണ്ടെങ്കിലും ആദിയുടെ മനസ് അതിനെ വിലക്കി കൊണ്ടിരുന്നു.
എല്ലാവരോടും കണ്ണുകൾ കൊണ്ട് യാത്ര ചോദിച്ചവൻ പടിയും കടന്നു പോകുമ്പോൾ ഒരു മഴതോർന്ന പ്രതീതിയായിരുന്നു അമ്മയ്ക്കും രശ്മിയ്ക്കും.
ആദിയുടെ നെഞ്ചിൽ ഉറക്കം പിടിച്ചു കിടക്കുന്ന കണ്ണാം തുമ്പിയിൽ ആയിരുന്നു മൂന്നുപേരുടെയും കണ്ണുകൾ. കണ്ണാം തുമ്പിയുടെ ചിരിയും കളിയും വരവേറ്റ് ആ വീട് ഉണർന്നു. അവരുടെ സന്തോഷം കാണാനായ് കാണാമറയത്ത് അവളും ഉണ്ടായിരുന്നു…. തുമ്പി……..