നാണം കെട്ടവൻ, പെണ്ണ് കെട്ടറായി ഇപ്പഴും അവനു വാരി കൊടുക്കണം പോലും..

(രചന: AK Khan)

രാവിലെ പോത്ത് പോലെ കിടന്നുറങ്ങുന്ന
എന്നെ, രണ്ടര മണിക്കൂറിൻ്റെ പരിശ്രമത്തിനു ശേഷം വിളിച്ചുണർത്തുന്ന അമ്മ…

എന്തിനേറെ പറയുന്നു, ചപ്പാത്തി കോൽ കൊണ്ടുള്ള അടി മുതൽ മുഖത്ത് വെള്ളം കോരി ഒഴിച്ചുള്ള പ്രയോഗം വരെ നടത്തിയിട്ടും എഴുന്നേൽക്കാത്ത ഞാൻ, അമ്മയുടെ പതിനെട്ടാമത്തെ അടവിൽ ചാടി എഴുന്നേൽക്കുന്നു!!

എന്താണെന്നല്ലേ!!!? അത് തന്നെ,,,! ഫാൻ ഓഫ് ആക്കിയിട്ടു മുങ്ങുന്ന പരിപാടി…

ചെവിയുടെ മൂട്ടിൽ വന്നിട്ടുള്ള കൊതുകിൻ്റെ മൂളിച്ചയും, പുതപ്പിനുള്ളിലെ ചൂടും
കാരണം ഫാനിടാൻ അമ്മയെ വിളിച്ച് അലറുന്ന ഞാൻ……

അത് കേട്ട ഭാവമേ ഇല്ലാതെ അടുക്കളയിൽ നിക്കുന്ന അമ്മ…

അവസാനം ഗതികെട്ട് എഴുന്നേറ്റ് മേശപ്പുറത്ത് നിന്ന് ഫോണും എടുത്ത് ഒരു അര മണിക്കൂർ കട്ടിലിൽ തന്നെ ഇരുന്നു…..

“”രാവിലെ തന്നെ തുടങ്ങും ആ കുന്ത്രാവും എടുത്ത് കുത്താൻ….എത്ര പറഞ്ഞാലും ഈ ചെക്കൻ്റെ തലയിൽ കെറത്തില്ല…””

മുറിയിൽ വന്ന് എന്നെ നോക്കി സ്ഥിരം
ഇറക്കുന്ന ഡയലോഗും പറഞ്ഞ് അമ്മ അടുക്കളയിലോട്ട് തന്നെ തിരിച്ച് പോയി.
ഞാൻ മൈൻഡ് ചെയ്തില്ല.

ഞാൻ എഴുന്നേറ്റ്,,, പല്ല് തേക്കാൻ ബ്രഷ്
എടുത്ത്.

നോക്കിയപ്പോ പേസ്റ്റ് ഇല്ല. ഉടനെ സൈറൺ മുഴങ്ങി.

“”അമ്മേ…….??? പേസ്റ്റ് എടുത്ത് വയ്ക്കണം എന്നറിയില്ലേ?
വേഗം കൊണ്ട് വാ……………””

“നിനക്ക് അങ്ങോട്ട് പോയി എടുത്താൽ എന്താണ്….എനിക്ക് അടുക്കളയിൽ നൂറുകൂട്ടം പണി ഉള്ളതാണ്, നിൻ്റെ ബാക്കിന്ന് നടക്കാൻ എനിക് സമയമില്ല.

പല്ലിരുമ്മി കൊണ്ട് അമ്മ
പേസ്റ്റ്റ്റും എടുത്ത് എൻ്റെ മുന്നിൽ കൊണ്ട് വച്ചു.

അതിനു ശേഷം കുളി കഴിഞ്ഞു തോർത്തിനായുള്ള വിളി.

“അമ്മേ…തോർത്ത് കൂയ്!”

അങ്ങനെ പ്രഭാത കൃത്യവും കുളിയുമോകെ കഴിഞ്ഞ് സോഭയിൽ വന്നിരുന്നു അന്നത്തെ പത്രം എടുത്ത് വായിക്കാൻ തുടങ്ങി.

രണ്ട് പേജ് വായിച്ചപ്പോഴേക്കും അടുത്ത സൈറൺ മുഴങ്ങി.

“അമ്മേ….. ഫുഡ് എടുക്ക്……..വേഗം വിശന്നിട്ട് വയ്യ….ഇപ്പൊ തന്നെ വേണം…. അമ്മാ ഫുഡ്”

ഇത്തവണത്തെ നോട്ടം രൂക്ഷമായിരുന്നു. പിന്നെ ഒരലർച്ചയും!!!!

“എനിക്ക് കയ്യ് രണ്ടെ ഉള്ളൂ….
ഭക്ഷണം ആവുമ്പോൾ മേശപുറത്ത്
കൊണ്ട് വയ്ക്കും…..!”

കൊറച്ച് കഴിഞ്ഞപ്പോൾ ഫുഡ് കൊണ്ട് വന്നു മേശ പുറത്ത് വച്ചു.
പത്രം അപ്പോഴും വായിച്ച് കഴിഞ്ഞില്ല.
എനിക്കാണെങ്കിൽ ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാനും ഒരു മടി….

സുഖം പിടിച്ച് പോയി. അതുകൊണ്ട് അടുത്ത സോപ്പിടൽ
ഡയലോഗ്:

“അമ്മേ, വായിൽ വച്ച് താ….അമ്മ
തരുമ്പോൾ ഉള്ള ടെസ്റ്റ് ഞാൻ കഴിക്കുമ്പോൾ കിട്ടില്ല…. പ്ലീസ് അമ്മ….!”

ഉടനെ കിട്ടി മറുപടി.

“നാണം കെട്ടവൻ, പെണ്ണ് കെട്ടറായി….ഇപ്പഴും അവനു വാരി കൊടുക്കണം പോലും….
ഒരു വക ചെയ്യത്തില്ല,, കുഴിമടിയൻ!!!”

പല്ലിളിച്ചു കാണിക്കുന്ന എൻ്റെ വായിലേക്ക് ഒരുള്ള ഉരുട്ടിയങ്ങ് വച്ച് തന്ന്.

ഫുഡ് കഴിച്ച് ഞാൻ ഫോണും കൊണ്ട് കട്ടിലിലേക്ക് വീണു.പെട്ടന്ന് എൻ്റെ നീട്ടിയുള്ള വിളികേട്ടിട്ട് അപ്പുറത്തെ വീട്ടിലെ സരള ചേച്ചിയോട് സംസരിച്ചൊണ്ടിരുന്ന അമ്മ ഓടി കിതച്ച് എൻ്റെ റൂമിൽ എത്തി.

“എന്താടാ….എന്തിനാ നീ കിടന്ന് വിളിച്ചത്?
എന്ത് പറ്റി….?”

നെഞ്ചത്ത് കയ്യ് വച്ച് കൊണ്ട് അമ്മ ചോദിച്ചു.

“അത് പിന്നെ, അമ്മ…. ആ ഫാൻ
ഒന്നു ഇടാൻ വിളിച്ചതാ….”

ഇളിച്ച് കൊണ്ട് അത് പറഞ്ഞപ്പോൾ
എന്നെ കൊല്ലാനുള്ള ദേഷ്യം ആ മുഖത്ത്
ഉണ്ടായിരുന്നു.

ഇനിയും ഒണ്ട് പലതും.

ഗേറ്റ് തുറക്കാൻ ഉള്ള നീട്ടി വിളി….

ബൈക്കിൻ്റെ താക്കോൽ എടുത്തോണ്ട് വരാനുള്ള കല്പന……

ഒരു ഗ്ലാസ് വെള്ളം…. തിന്നാൻ വല്ല കടപ്പണ്ടാരവും വാങ്ങാനുള്ള ഉത്തരവ് …… അങ്ങനെ പലതും…..

കൊറച്ച് കഴിഞ്ഞ് പുള്ളിക്കാരി ഒരു സഞ്ചിയും എടുത്ത് എൻ്റെയടുത്ത് കൊണ്ട് വച്ചിട്ട് പറഞ്ഞു.

“എടാ, മോനെ നീ പോയി റേഷൻ കടയിൽ നിന്ന് അരിയും മണ്ണണ്ണയും വാങ്ങിയിട്ട് വാ….പിന്നെ വരുന്ന വഴി ലീലയുടെ കടയില് നിന്ന് അഞ്ച് മുട്ടയും..”

എൻ്റെ വിധം അങ്ങ് മാറിയില്ലേ….

“എനിക്കൊന്നും വയ്യ, ഞാൻ പോയി ചുമക്കണോ ഇനി…. വേണെമെങ്കിൽ പോയി വാങ്ങ്.,,അമ്മയ്ക്ക് എന്താ കയ്യും കാലുമില്ലെ…ഞാനിവിടെ ഒരു പണി ചെയ്യുന്നത് കണ്ടില്ലേ അമ്മ??!”

“അസത്ത്,,, ഒരുപയോഗവും ഇല്ല ഇതിനെ കൊണ്ടൊന്നും,,,വല്ല വാഴയും വച്ചാൽ മതിയായിരുന്നു….”

നിന്നിട്ട് കാര്യമില്ലായെന്ന് മനസ്സിലാക്കിയ പുള്ളിക്കാരി എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് പോയി.

ഒരു കൂസലുമില്ലാതെ തൊട്ടു പിറകെ തന്നെ എൻ്റെയടുത്ത വിളി:

“അമ്മേ….വിശക്കുന്നു,,
എന്തെങ്കിലും തായോ….!”

അടുക്കളയിൽ പാത്രങ്ങളുടെ ഒച്ച
കേട്ടത് മാത്രം ഓർമ്മയുണ്ട്….പിന്നെ ഒന്നും ഓർമയില്ല…

NB: based on true events..
ഒട്ടുമിക്ക എല്ലാരുടെയും അനുഭവം ഇത് തന്നെ ആണെന്ന് വിശ്വസിക്കുന്നു…. സ്നേഹപൂർവ്വം എല്ലാ അമ്മമാർക്കും വേണ്ടി

Leave a Reply

Your email address will not be published. Required fields are marked *