തന്റെ സഹോദരന്റെ ഷർട്ടിൽ പിടിച്ചുലച്ച് ഒരു ഭ്രാന്തിയെ പോലെ കലിതുള്ളിയ അവളെ പിടിച്ചുമാറ്റാൻ ശ്രമിച്ച ജയേഷിനോട്..

(രചന: അംബിക ശിവശങ്കരൻ)

“ഒരുപാട് നാളുകൾക്ക് ശേഷമാണ് നാട്ടിലേക്ക് വരുന്നത്. മനപ്പൂർവ്വം ഇങ്ങോട്ടേക്കുള്ള യാത്രകൾ ഒഴിവാക്കിയതാണ്.

പല മുഖങ്ങളും മനസ്സിൽ നിന്നും പറിച്ചെറിയാൻ… പല മുഖം എന്ന് പറഞ്ഞാൽ അതൊരു കള്ളമാകില്ലേ..?

അതെ അതൊരു കളവാണ്. ഒരു മുഖം മാത്രം മനസ്സിൽ നിന്നും പറിച്ചു കളയാനാണ് ഇത്രനാൾ പാടുപെട്ടത് മുഴുവനും. ”

യാത്രാമധ്യേ നിർത്തിയിട്ട കാറിന്റെ പിൻസീറ്റിൽ ഇരുന്ന് ലേഖ എന്തൊക്കെയോ ഓർത്തുപോയി. ഭർത്താവ് ജയേഷ് കരിക്ക് വാങ്ങാൻ വേണ്ടി സൈഡിൽ ഒതുക്കിയിട്ട് കച്ചവടം നടത്തുന്ന സ്ഥലത്തേക്ക് പോയി. അന്നേരമാണ് ചിന്തകൾ കാടുകയറിയത്.

“എന്താടോ കാത്തിരുന്നു മുഷിഞ്ഞോ?

ജയേഷ് തനിക്ക് നേരെ നീട്ടിയ കരിക്ക് വാങ്ങി പുഞ്ചിരിച്ചുകൊണ്ട് അവൾ ഇല്ലെന്ന് തലയാട്ടി.

“നല്ല ചൂടായതുകൊണ്ട് കടയിൽ നല്ല തിരക്കുണ്ട്.ദാ ഇത് കഴിച്ചോ തനിക്ക് ഏറ്റവും പ്രിയപ്പെട്ട പുളിമുട്ടായികളാ.. ആ കടയിൽ കണ്ടപ്പോൾ തനിക്ക് വേണ്ടി വാങ്ങിയതാണ്.”

ന്യൂസ് പേപ്പറിൽ പൊതിഞ്ഞ മിട്ടായികൾ അവൾക്ക് നേരെ നീട്ടിയപ്പോൾ സന്തോഷവും സങ്കടവും ഒരുപോലെ അവളുടെ കണ്ണിലൂടെ മിന്നി മാഞ്ഞു.ദേവൻ എപ്പോഴും തനിക്ക് വാങ്ങിത്തരാറുള്ള തന്റെ പ്രിയപ്പെട്ട മിഠായികൾ.

“ഇടയ്ക്കൊക്കെ ഞാൻ ചിന്തിക്കാറുണ്ട് എന്നുമുതലാണ് എനിക്ക് ഇത് പ്രിയമായതെന്ന്…അതിനൊരു ഉത്തരം ചിലപ്പോൾ ദേവൻ എന്നും ഇത് സമ്മാനമായി തന്നു തുടങ്ങിയതു മുതലായിരിക്കാം.”

” ഒരു മിട്ടായി മാത്രം വായിലേക്ക് ഇട്ട് ബാക്കി പൊതിയോടെ തന്നെ ബാഗിലേക്ക് വച്ചു.

“ഇനി ഒന്നും വാങ്ങാൻ ഇല്ലല്ലോ.. നേരെ വീട്ടിലേക്ക് അല്ലേ? ”

“ആഹ് ഒന്നും വാങ്ങാനില്ല.”

അവൾ തലകൊണ്ട് ആദ്യം കാണിച്ചു

പോകുന്ന വഴികളത്രയും അവൾ ഇമ വെട്ടാതെ നോക്കിക്കൊണ്ടിരുന്നു. ഒരുമിച്ച് കൈപിടിച്ച് നടന്നയിടങ്ങൾ. സന്തോഷം പങ്കുവെച്ച നിമിഷങ്ങൾ. അതൊന്നും ഇനിയില്ല. അവളുടെ മനസ്സ് വിങ്ങുന്നത് പോലെ തോന്നി.

ഉച്ചയോടുകൂടി വീട്ടിലെത്തി അച്ഛനും അമ്മയും ഏട്ടനും എല്ലാം സന്തോഷത്തോടെ അവരെ ആനയിച്ചു. സന്തോഷമില്ലാതിരുന്നത് അവൾക്ക് മാത്രമായിരുന്നു.

ഒരു വർഷത്തിനുശേഷം തിരികെ ഈ വീട്ടിലേക്ക് കയറുമ്പോൾ എന്തോ വീർപ്പുമുട്ടുന്നത് പോലെ അവൾക്ക് തോന്നി.

ഉച്ചയൂണ് കഴിഞ്ഞ് എല്ലാവരും പരസ്പരം വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടിരുന്നപ്പോൾ തലവേദന എന്ന് പറഞ്ഞ് അവൾ മനപ്പൂർവ്വം ഉൾവലിഞ്ഞു. മുറിയിൽ വന്നു കിടന്നു വെറുതെ കണ്ണുകൾ ഇറക്കി അടച്ചു കിടന്നു.

“ആരായിരുന്നു ദേവൻ…?”

“ആരായിരുന്നു എന്ന് ചോദിച്ചാൽ ദേവൻ തനിക്ക് എല്ലാമായിരുന്നു. പ്രണയം എന്നതിനപ്പുറത്തേക്ക് മറ്റെന്തെങ്കിലും പേര് പറഞ്ഞു വിളിക്കേണ്ട ഒരു അടുപ്പമായിരുന്നു തങ്ങൾക്ക്. മൗനം കൊണ്ട് പോലും ഞങ്ങൾ ഇരുവരും സംസാരിക്കുമായിരുന്നു.

ഒരു പാവമായിരുന്നു ദേവൻ. ആരോടും പകയില്ല വെറുപ്പില്ല വിദ്വേഷവും ഇല്ല. എപ്പോഴും പുഞ്ചിരിച്ചു മാത്രം സംസാരിക്കാറുള്ള ദേവന് എല്ലാവരോടും എപ്പോഴും സ്നേഹമായിരുന്നു. അതാണ് തന്നെ ദേവനിലേക്ക് ഇത്രയേറെ അടുപ്പിച്ചതും.

തന്റെ ഇഷ്ടം വീട്ടിൽ അറിഞ്ഞതോടെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി. നിന്നെ പോറ്റാനുള്ള സാമ്പത്തികമില്ല എന്നതായിരുന്നു വീട്ടുകാർ ദേവനിൽ കണ്ടെത്തിയ ഏറ്റവും വലിയ കുറവ്.

ദേവൻ ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ളതുകൊണ്ടായിരുന്നു വീട്ടുകാരുടെ മുന്നിൽവച്ച് തന്നെ സർവ്വതും ഉപേക്ഷിച്ച് ഇറങ്ങിപ്പോയത്.

എന്നാൽ നമ്മുടെ പ്രണയം കളിതമാശയായിരുന്നെന്നും തനിക്ക് വേറെ ഒരാളുമായി അടുപ്പം ഉണ്ടെന്നും എല്ലാവരുടെ മുന്നിൽ വച്ച് ദേവൻ തുറന്നു പറഞ്ഞതും ഇല്ലാതായത് താനും തന്റെ പ്രണയവുമാണ്.

അന്നുമുറിയിൽ കയറി ഒറ്റയ്ക്കിരുന്നു ഉറക്കെ കരഞ്ഞു. താൻ എന്തെങ്കിലും ചെയ്തു പോയാലോ എന്ന് കരുതി അച്ഛനും അമ്മയും രാത്രികളിൽ കാവലിരുന്നു.

ഒടുക്കം അവരുടെ സങ്കടം കാണാൻ വയ്യാതെയായപ്പോഴാണ് അവർ തീരുമാനിച്ച വിവാഹത്തിന് തയ്യാറാണ് എന്ന് വാക്ക് കൊടുത്തത്.

ഒടുവിൽ ജയേഷന്റെ മുന്നിൽ കഴുത്ത് നീട്ടി കൊടുത്തപ്പോഴും ആത്മാർത്ഥ പ്രണയത്തിനു മുന്നിൽ മരണപ്പെട്ട ഒരു രക്തസാക്ഷിയായി നിന്നു.

” ദേവൻ നല്ല പൈസയുള്ള ഒരു പെൺകുട്ടിയെയും കെട്ടി ഗൾഫിലേക്ക് പോയി. ”

വിവാഹം കഴിഞ്ഞ് ഒന്നാമത്തെ മാസം ബാംഗ്ലൂരിൽ കഴിയുമ്പോഴാണ് ചേട്ടൻ അത് വിളിച്ചു പറഞ്ഞത്. അന്നും ഒരുപാട് കരഞ്ഞെങ്കിലും മനഃപൂർവം ദേവന്റെ ഓർമ്മകൾ മനസ്സിൽ നിന്ന് പറിച്ചെറിയാൻ ശ്രമിച്ചു.

സ്നേഹനിധിയായ തന്റെ ഭർത്താവിന് വേണ്ടി. ജയേഷിനും ദേവനെ പറ്റി അറിയാം. ഇതെപ്പറ്റി താൻ എല്ലാം സംസാരിച്ചിട്ടുണ്ട്.”

ചിന്തയിൽ എപ്പോഴൊ അവൾ ഉറങ്ങിപ്പോയി. പുളി മിട്ടായിയുടെ രുചി നാവിൽ നുണഞ്ഞപ്പോഴാണ് ഞെട്ടിയുണർന്നത്.

“എന്താണ് വീണ്ടും വീണ്ടും ഈ രുചി എന്നെ വേട്ടയാടുന്നത്? ബാഗിലെ മിഠായികൾ മുഴുവനും തിന്ന് തീർക്കാൻ തോന്നുന്നത്ര കൊതി!”

അവൾ വേഗം ബാഗ് എടുത്ത് അതിലെ ഓരോ മിട്ടായികളായി വായിലേക്ക് ഇട്ടു നുണഞ്ഞു കൊണ്ടിരുന്നു.അവസാനത്തെ മിട്ടായി ബാഗിലേക്ക് ഇടാൻ നേരമാണ് പേപ്പറിൽ കൊടുത്തിരിക്കുന്ന ഒരു വാർത്ത അവളുടെ കണ്ണിലുടക്കിയത്.

‘അജ്ഞാത മൃതദേഹം. ‘

പേപ്പറിൽ പതിഞ്ഞ വ്യക്തമല്ലാത്ത ഫോട്ടോയിലേക്ക് അവൾ സൂക്ഷ്മതയോടെ നോക്കി. കുറച്ച് സമയം നോക്കി നിന്നതും അവളുടെ മനസ്സിലൂടെ ഭയത്തിന്റെ തീ മിന്നൽ മിന്നി മാഞ്ഞു.

“ദൈവമേ…എവിടെയോ നല്ല പരിചയമുള്ള മുഖം.”

കുറച്ചുസമയം കണ്ണുകൾ അടച്ചിരുന്ന നേരം മനസ്സിൽ എന്തൊക്കെയോ ചിന്തകൾ കുമിഞ്ഞുകൂടി.

“ലേഖ ഇത് ഞാനാണ്.”

ഞെട്ടിത്തെറിച്ചവൾ കണ്ണുതുറന്നതും ആദ്യം പ്രത്യക്ഷപ്പെട്ട മുഖം ദേവന്റെയാണ്.

” എന്റെ കൃഷ്ണ… ഒരിക്കലും ഇത് സത്യമാകരുതെ…”

അവളുടെ മനസ്സ് ദൈവത്തോട് കെഞ്ചി.

“ഗൾഫിലേക്ക് പോയെന്ന് ചേട്ടൻ പറഞ്ഞ ദേവൻ എങ്ങനെ ഇവിടെ? ഇതിൽ എന്തൊക്കെയോ നിഗൂഢതകൾ ഉണ്ടല്ലോ?”

അവളുടെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ ഉടലെടുത്തു

പേപ്പറിലെ ഡേറ്റ് നോക്കിയപ്പോൾ ആണ് മനസിലായത് ഇന്നലത്തെ പേപ്പർ ആണെന്ന്.

“ദൈവമേ അങ്ങനെയെങ്കിൽ ജീവൻ വെടിഞ്ഞിട്ട് അധികം നേരം പോലുമായിട്ടില്ല.”

അവൾ ആ പേപ്പർ തുണ്ടുമെടുത്ത് നേരെ പാഞ്ഞത് ചേട്ടനും ജയേഷും ഒരുമിച്ചിരിക്കുന്നിടത്തേക്ക് ആണ്.

“എന്താ ചേട്ടാ എന്നിൽ നിന്നും ഇത്രനാൾ മറച്ചുവെച്ചത്??ദേവന് എന്താ സംഭവിച്ചത്? എന്നോട് എന്തിനാ കള്ളം പറഞ്ഞത്?”

തന്റെ സഹോദരന്റെ ഷർട്ടിൽ പിടിച്ചുലച്ച് ഒരു ഭ്രാന്തിയെ പോലെ കലിതുള്ളിയ അവളെ പിടിച്ചുമാറ്റാൻ ശ്രമിച്ച ജയേഷിനോട് വേണ്ടെന്ന് അയാൾ ആദ്യം കാണിച്ചു. അപ്പോഴും അമ്മയും അച്ഛനും തൊട്ടരികിൽ പേടിച്ചു നിൽപ്പുണ്ടായിരുന്നു.

“എന്താ പറ്റിയത് ദേവന് എനിക്ക് അത് അറിയണം.’

അപ്പോഴേക്കും അവളുടെ സകല നിയന്ത്രണവും നഷ്ടമായിരുന്നു.

“പറയാം മോളെ…

എന്നായാലും നീ ഇത് അറിയുമെന്ന് ഞങ്ങൾക്കുറപ്പുണ്ടായിരുന്നു. തുറന്നു പറഞ്ഞില്ലെങ്കിൽ അതൊരു കുറ്റബോധമായി കിടക്കുകയും ചെയ്യും.

ദേവൻ നിരപരാധിയാണ്. ദേവനെ കൊണ്ട് അങ്ങനെയെല്ലാം പറയിപ്പിച്ചത് ഞങ്ങളാണ്. തന്റെ കൂടെ ജീവിച്ചാൽ നിനക്ക് ഒരിക്കലും സന്തോഷം ലഭിക്കില്ലെന്ന് ഞങ്ങൾ അവനെ പറഞ്ഞു വിശ്വസിപ്പിച്ചു.

നിന്റെ നല്ലതിന് വേണ്ടിയാണ് അന്ന് അവൻ നിന്നെ തള്ളിപ്പറഞ്ഞത്. ഞങ്ങളുടെ സ്വാർത്ഥത എന്നും അതിനെ വിളിക്കാം.

ആ നിഷ്കളങ്കനായ ചെറുപ്പക്കാരന് പക്ഷെ ഞങ്ങളുടെ ചതിയുടെ മുഖം മനസ്സിലായില്ല. നിന്റെ വിവാഹം ദൂരെ മാറിനിന്ന് കണ്ടുപോയ അവനോട് ഇനി ഒരിക്കലും നിന്റെ മുന്നിൽ വരരുതെന്ന് താക്കീത് നൽകിയത് ഞാനാണ്.

പിന്നീട് അവൻ ഇവിടേക്ക് വന്നിട്ടില്ല. അവൻ ഗൾഫിലേക്ക് പോയെന്ന് കള്ളം പറഞ്ഞത് നീ അവനെ വെറുക്കാൻ വേണ്ടിയായിരുന്നു.

മാനസിക നില തെറ്റിയ അവസ്ഥയിൽ രണ്ടുമൂന്നുവട്ടം ചിലർ അവനെ കണ്ടതായി പറഞ്ഞിരുന്നു. രണ്ടുമാസമായി ഒരു വിവരവും കേട്ടില്ല.”

അയാൾ പറഞ്ഞു നിർത്തിയതും തന്റെ തല നെടുകേ പിളർന്നു പോയതായി അവൾക്ക് തോന്നി.

“കൊലയ്ക്ക് കൊടുത്തല്ലോ ദൈവമേ ഞാൻ ആ പാവത്തെ…”

സ്വന്തം തലയ്ക്കടിച്ച് നിലവിളിച്ച അവളെ തടുക്കുമ്പോൾ ജയേഷിനും ദേവനോട് കരുണ തോന്നി. ഒപ്പം തന്റെ ഭാര്യയുടെ വീട്ടുകാരോട് വെറുപ്പും.

“ദേവൻ മരിച്ചു ജയേഷ്…. ഞാനാ ആ പാവത്തേ കൊന്നത്.ദാ കണ്ടില്ലേ…ഇനി ആരെയും ആ പാവം ശല്യം ചെയ്യില്ല.”

അവർക്ക് നേരെ നീട്ടിയ പേപ്പറിലെ വ്യക്തമല്ലാത്ത മുഖത്തേക്ക് അവരെല്ലാം സൂക്ഷിച്ചുനോക്കി.

“മോളെ ഇത് ദേവൻ ആയിരിക്കില്ല മറ്റാരെങ്കിലും ആവും മോള് കരയാതെ…”

ആശ്വസിപ്പിക്കാൻ വന്ന തന്റെ സഹോദരന്റെ കൈ അവൾ തട്ടിയെറിഞ്ഞു.

“തൊട്ടുപോകരുതെന്നെ..ഒരു പാവത്തെ കൊലയ്ക്ക് കൊടുത്തിട്ട് ന്യായം പറയുന്നോ?”

അയാൾക്ക് ഉത്തരംമുണ്ടായില്ല. അവളുടെ കണ്ണുകൾ കോപത്താൽ ജ്വലിച്ചു കൊണ്ടിരുന്നു.

” ജയേഷ് നമുക്ക് ഒന്ന് അവിടെ വരെ പോകാം…. അത് ദേവൻ ആയിരിക്കരുത് എന്ന് തന്നെയാണ് എന്റെ പ്രാർത്ഥന. പക്ഷേ അതെനിക്ക് നേരിൽ കണ്ട് ഉറപ്പുവരുത്തണം. എന്നെ ഒന്ന് കൊണ്ടുപോകുമോ ജയേഷ്.. ”

തന്റെ മുന്നിൽ കിടന്നു കേണപേക്ഷിക്കുന്ന അവളെ അവൻ ആശ്വസിപ്പിച്ചു.

” താൻ റെഡിയാക് നമുക്ക് പോയിട്ട് വരാം”

അത് കേട്ടതും ഒരു നിമിഷം പോലും കളയാതെ അവൾ റെഡിയായി വന്നു.

പോകുന്ന വഴിയിലൂടെ നീളം അവളുടെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു.

“ദൈവമേ അത് ദേവൻ ആയിരിക്കരുതേ…”

മോർച്ചറിയുടെ വാതിൽക്കൽ എത്തുമ്പോൾ അവളുടെ നെഞ്ചിടിപ്പ് നിലച്ചു പോകുന്നത് പോലെ തോന്നി.

ജീവനക്കാരോട് സംസാരിച്ച് ബോഡി കാണാൻ അനുവാദം വാങ്ങുമ്പോൾ അവൻ അവളെ മുറുകെപ്പിടിച്ചു.

രണ്ടു മൂന്നുമാസമായി ഇവിടെയൊക്കെ തെണ്ടി തിരിഞ്ഞു നടക്കുന്നതായി ആളുകൾ പറഞ്ഞു കേട്ടു. മിനിഞ്ഞാന്ന് ഒരു വണ്ടിയുടെ മുന്നിലേക്ക് എടുത്ത് ചാടിയതാ..ആ നിമിഷം തന്നെ തീർന്നു.”

“ദൈവമേ മനഃപൂർവം ജീവൻ വെടിഞ്ഞതാണ്..അപ്പോൾ ജീവിതം അത്ര കണ്ട് മടുത്തു കാണും.”

മുൻപേ പോയ ഒരാൾ ചെന്ന് മുഖം മറച്ചിരുന്ന തുണി മാറ്റിയതും വികൃതമായി തുടങ്ങിയ മുഖത്തേക്ക് അവൾ ഉറ്റുനോക്കി.

ആ ചിരി മങ്ങാതെയുണ്ട്. അവളുടെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. വിറയാർന്ന കൈകൊണ്ട് നെഞ്ചിന് മുകളിൽ മറഞ്ഞു കിടന്നിരുന്ന തുണി തെല്ലൊന്നു മാറ്റിയതും അവൾ അലമുറയിട്ട് കരഞ്ഞുകൊണ്ട് ജയേഷന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

“ജയേഷ് ഇത് ദേവൻ തന്നെയാണ്… ഇത് ദേവൻ തന്നെയാണ്…ആ പാവം പോയി ജയേഷ്… ഞാൻ കൊലക്ക് കൊടുത്തു ആ സാധുവിനെ…”

കരച്ചിൽ അടക്കാൻ പ്രയാസപ്പെട്ടുകൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവളെ ആശ്വസിപ്പിച്ചുകൊണ്ട് ജീവനറ്റു കിടക്കുന്ന ആ ശരീരത്തിന്റെ നെഞ്ചിലേക്ക് നോക്കിയതും എന്തോ പച്ചകുത്തി വെച്ചിരിക്കുന്നത് പോലെ തോന്നി.

വായിച്ചെടുക്കാൻ പ്രയാസപ്പെട്ടതിനാൽ കുറച്ചുകൂടി അരികിലേക്ക് ചെന്ന് നോക്കിയതും ഉണങ്ങി തുടങ്ങിയ രക്ത കറക്കുള്ളിൽ പതിഞ്ഞ അക്ഷരങ്ങൾ വ്യക്തമായി കണ്ടു.

“ലേഖ”

അപ്പോഴേക്കും അവളുടെ ബോധം മറഞ്ഞിരുന്നു.