അമ്മ കിടക്കുവാടാ മുത്തേ, ഒരു സർപ്രൈസ് ഉണ്ട് വാ നമുക്ക് അമ്മേടെ അടുത്ത്..

ജീവനും ജീവന്റെ പാതിയും
(രചന: Aneesh Anu)

“തുള്ളിയിടുന്ന മഴത്തുള്ളികൾ,
കൈയ്യിൽ കട്ടൻ ചായയും മുന്നിലെ പ്ലേറ്റിൽ ഇത്തിരി മിക്സ്ചറും ഉമ്മറത്തിണ്ണയിൽ പേപ്പറും പേനയും വീണ്ടുമൊരു രചനയ്ക്കായുള്ള ഇരുത്തം.

അങ്ങ് ദൂരെ നിന്നെ കാണാം ദ്വിതിക്കുട്ടിയുടെ സ്കൂൾ കഴിഞ്ഞുള്ള വരവ്. കുഞ്ഞിപോപ്പിക്കുടയും കയ്യിൽ പിടിച്ച് മഴയത്തുള്ളികളെ തട്ടിത്തെറിപ്പിച്ചു ഓടിചാടി വരുന്നുണ്ട് കൊച്ചുകാന്താരി,

കൊച്ചുമോളുടെ കുസൃതിതരങ്ങൾക്കെല്ലാം കൂട്ട് നിന്ന് പിന്നാലെ അച്ഛമ്മയും.

പലവട്ടം മോളുനോട് പറഞ്ഞിട്ടുണ്ട് അച്ഛൻ വരാം മോളെ കൊണ്ടുവരാൻ അച്ഛമ്മയെ ഇങ്ങനെ നടത്തിക്കണോ എന്ന്. അന്നേരം അവളുടെ മറുപടി ഇപ്രകാരം ആണ്.

“അച്ഛൻ വരുന്നത് കാറിൽ അല്ലേ അന്നേരം ഞാൻ എങ്ങനാ ഓട്ടോയിൽ കൂട്ടുകാരോട് ചിരിച്ചും കളിച്ചും തല്ലുകൂടിയും വരിക,

ഓട്ടോ ഇറങ്ങി വരുന്ന വഴികളിലെ പൂക്കളോടും കിളികളോടും ചേച്ചിമാരോടും ചേട്ടൻമാരോടും വിശേഷം ചോദിക്കാൻ വേറെ ആരാ ഉള്ളേ.

പിന്നെ ഈ അച്ഛമ്മ ഇവിടെ വെറുതെ ഇരുന്നു വയ്യാതെ ആക്കണ്ടല്ലോ. ?

അവളുടെ കുറുമ്പുകൾ കാണുമ്പോൾ ഓർമ്മവരുന്നത് പൊന്നുവിന്റെ ചെറുപ്പകാലമാണ്. ആ വികൃതിയും കുസൃതിയുടെയും അളവുകോൽ ഇത്തിരികൂടിയിട്ടേ ഉള്ളു മോൾക്ക്‌.

പൊന്നുവിന്റെ അമ്മച്ചി പറയുന്നത് പോലെ നീതുമോളു ചെറുതായി വലുതാവുകയാണ് ദ്വിതി കുട്ടീടെ രൂപത്തിൽ.

ആദ്യം കാമുകിയുടെ രൂപത്തിൽ ജീവിതം മനോഹാരമാക്കി പിന്നീട് ഭാര്യയായി തന്നെ വിസ്മയിപ്പിച്ചു ഇപ്പോഴിതാ കുഞ്ഞുമാലാഖയായ് എന്റെ മുന്നിൽ.

ഓടിച്ചാടി മഴവെള്ളവുതെറിപ്പിച്ചു വന്ന കൊച്ചുകാന്താരി പതിവില്ലാതെ ഉമ്മറക്കോലായിൽ എന്നെ കണ്ടതും സഡൻ ബ്രേക്ക് ഇട്ടു നിന്നു. പുറകെ വന്നു അമ്മേടെ ശാസന.

“മോളുട്ടി മഴ നനഞ്ഞു ഓടല്ലേ വഴുതി വീഴും, മൊത്തം നനഞ്ഞു ആ കുട ഒന്ന് നേരെ പിടിച്ചേ”

” ഉം മതി അച്ഛമ്മേടേം മോൾടേം നാടകം രണ്ടിനേം ഞാൻ ശരിയാക്കിതരാം. നിങ്ങൾ രണ്ടും കൂടെ കുഞ്ഞുകളിച്ചാണ് ഇവളെ ഇങ്ങനെ താന്തോന്നിയാക്കൂന്നെ” വെറുതെ മോളൂട്ടിയുടെ നേരെ കണ്ണുരുട്ടി.

ഓടിവന്നു കെട്ടിപിടിച്ചു കവിളിൽ ഒരുമ്മയായിരുന്നു അതിനവളുടെ മറുപടി.

കയ്യിൽ കരുതിയ ടവ്വൽ കൊണ്ട് ആ തല നന്നായി തോർത്തുമ്പോൾ കണ്ണിമവെട്ടാതെ എന്നെ നോക്കിനില്പുണ്ടവൾ.

ചീത്ത പറഞ്ഞതിനുള്ള സങ്കടം ആ കണ്ണിൽ കാണാം. ചേർത്തുപിടിച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്തു.

” അച്ഛൻ ചുമ്മാ പറഞ്ഞതല്ലേ മോളുകളിച്ചോട്ടോ”

രണ്ടുകവിളിലും പിടിച്ചു വലിച്ചു ” നീ പോടാ അച്ഛാ” എന്നും പറഞ്ഞു അകത്തേക്ക് ഒരോട്ടം. “മോളിപ്പോ വരാട്ടോ ഉടുപ്പ് മാറട്ടെ”…

” ന്റെ കാന്താരി ഇങ്ങുവാ ട്ടോ ”
ഉടുപ്പുമാറി പാൽകപ്പും പിടിച്ചുകൊണ്ട് മടിയിൽ കയറി ഇരുന്നു മോളുട്ടി.

” അല്ലാ ഇന്നെന്താ നേരത്തെ വന്നേ, അച്ഛന്റെ പൊന്നുവേന്ത്യേ”…

ഡി.. ഡീ.. കുഞ്ഞുവായിൽ വലിയ വർത്തമാനം പറയുന്നോ? അടികിട്ടും പൊന്നുവല്ല അമ്മ ആഹ്.

” എന്റെ അമ്മ, അച്ഛന്റെ പൊന്നു, എവിടെ കാണുന്നില്ലാലോ ന്റെ കണ്ണേട്ടാ?

“നിന്നെ ഞാനിന്നു ആ ചെവി പൊന്നാക്കും” കുഞ്ഞുചെവിയിൽ കൈപിടിച്ചു. അമ്മയ്ക്കും അച്ഛനും നേരെതിരിഞ്ഞു ” നിങ്ങൾ രണ്ടുമാ ഇവളെ ഇങ്ങനെ വഷളാകുന്നെ”..

” അയ്യടാ, അല്ലാണ്ട് നിങ്ങൾ അച്ഛനും അമ്മയും പുന്നാരിച്ചിട്ടല്ലല്ലേ. ” കൊച്ചിന്റെ ചെവിയിൽ നിന്നുകൈഎടുക്കടാ”

അച്ഛൻ എന്നെ നോക്കി കണ്ണുരുട്ടി. അച്ഛച്ചനും അച്ഛമ്മയും ഒറ്റകെട്ടായി.

” അമ്മ കിടക്കുവാടാ മുത്തേ, ഒരു സർപ്രൈസ് ഉണ്ട് വാ നമുക്ക് അമ്മേടെ അടുത്ത് പോകാം” മോളെയും കൂട്ടി റൂമിലേക്ക്‌ നടന്നു.

രണ്ടുദിവസമായുള്ള ഛർദിയും തലചുറ്റലും കാരണം തളർന്നുറങ്ങുകയാണ് പ്രിയതമ.

അരുകിൽ ചെന്നിരുന്നു നെറ്റിയിൽ കൈവെച്ചു. ആ സ്പർശനം അറിഞ്ഞപ്പോഴേ അവൾ ഉണർന്നു.

” ഇതെപ്പോഴാ ഏട്ടാ എണീറ്റു പോയെ ഒത്തിരി നേരം ആയോ മോളോട് പറഞ്ഞില്ലാല്ലോ ?. കെട്ടുകഴിഞ്ഞു ഒരമ്മ ആയിട്ടും അവളുടെ ചിണുങ്ങലിനു മാറ്റം ഒന്നുമില്ല.

” അയ്യേ അച്ഛന്റെ പൊന്നുവിന്റെ കാര്യം മോളേക്കാൾ കഷ്ടം ആണല്ലോ അച്ഛാ. ദ്വിതികുട്ടി കളിയാക്കി ചിരിച്ചു.

” ഡീ കാന്താരി നീ എപ്പോ വന്നു, ഈശോയെ ഒരുപാട് നേരമായല്ലേ ഏട്ടാ , ഒന്ന് വിളിച്ചൂടാരുന്നോ മനുഷ്യാ?

” നീ കിടക്ക്‌ റസ്റ്റ്‌ എടുക്കാൻ അല്ലേ ഡോക്ടർ പറഞ്ഞേ അതാണ് വിളിക്കാഞ്ഞേ”

അവളെ അവിടെ തന്നെ പിടിച്ചു കിടത്താൻ ശ്രെമിച്ചു എങ്കിലും അവളെന്റെ തോളിൽ ചാരി ഇരുന്നു. താഴെ നിന്നു മോൾ ഞങ്ങളെ മാറി മാറി നോക്കി.

” സത്യം പറ രണ്ടും കൂടി എന്താ ഒപ്പിച്ചു വച്ചേ കണ്ണേട്ടാ, പൊന്നുസെ പറ മോളോട്. അവൾ കണ്ണുരുട്ടി.

” പറയാലോ മോളിങ്ങു വന്നേ” അവളെ പിടിച്ചു മടിയിൽ ഇരുത്തി. അച്ഛേടെ മോളൂട്ടിക്ക് ഒരു അനിയൻകുട്ടി വരാൻ പോണുന്ന് “.

” ശെരിക്കും സത്യമാണോ അച്ഛാ, പൊന്നു ശെരിക്കും”

” ഡീ എന്നെ പേര് വിളിക്കുന്നോ ഇടി മേടിക്കുവോ”. പൊന്നു കൊച്ചിനെ നോക്കി കണ്ണുരുട്ടി.

” അതേടാ ചക്കരെ മോളുട്ടിക്കൊരു അനിയൻകുട്ടൻ ഉണ്ടാവാൻ പോകുന്നുന്ന് “.

കേട്ടപാതി ഓടിച്ചെന്നു പൊന്നുവിന്റെ വയറ്റിലോട്ടു ചുണ്ട് ചേർത്തുവെച്ചു എന്നൊക്കെയോ കിന്നാരം പറയുന്നു ചെവി ചേർത്തുവെക്കുന്നു .

” അച്ഛാ ഇനി ഒരുപാട് ദിവസം കാത്തിരിക്കാണോ മോനുട്ടനെ കാണാൻ”

” വേണംലോ മോളുസെ ഒരാരേഴു മാസം കാത്തിരിക്കണം ട്ടോ”

” അപ്പോൾ വെറുതെ അല്ല കണ്ണേട്ടൻ ഇന്ന് പേനയും പേപ്പറുമായി എഴുതാൻ ഇരുന്നേ. പുതിയ കഥയുടെ പേര് എന്താ അച്ഛാ ഇഷാൻ എന്നാണോ” ദ്വിതികുട്ടിടെ സംശയം.

” അത് അച്ഛൻ എഴുതി കഴിഞ്ഞു കാണിക്കാവേ. ” അച്ഛനും മോളും കഥ എഴുതു കേട്ടോ.

ഞാനൊരു കാപ്പി ഉണ്ടാക്കി കുടിക്കട്ടെ ട്ടോ”. പൊന്നു കൈകൊണ്ടുതലയിൽ ഒന്നുതലോടി എണീറ്റുപോയി.

” അച്ഛാ നമുക്ക് മോനുട്ടന് കുറെ കളിപ്പാട്ടവും കുഞ്ഞുടുപ്പും ഒക്കെ വാങ്ങാണ്ടെ. റൂമിൽ ഒരു തൊട്ടിൽ കേട്ടണ്ടേ അച്ഛാ” കിന്നാരം പറഞ്ഞു മോൾ നെഞ്ചിൽ കയറി.

പതിയെ അവളെയും ചേർത്തുപിടിച്ചു ബെഡിലേക്കു കിടന്നു.

ഓർമയിലേക്ക് ഓടി വന്ന കാര്യങ്ങൾ ആണവൾ പറഞ്ഞത് കണ്മഷിയും കരിവളയും, കുഞ്ഞുകൊലുസും കുഞ്ഞുടുപ്പുകളും, തേനും വയമ്പും, കാതുകുത്തുമ്പോൾ ഉള്ള കരച്ചിലും എല്ലാം മനസ്സിൽ നിറഞ്ഞു.

എല്ലാറ്റിനുമപ്പുറം ആ കുഞ്ഞുമുഖവും ചിരിയും. “ഇഷാൻ “ആ പേര് ചുണ്ടുകൾ മന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *