നിഴൽ പോലെ
(രചന: Aneesh Anu)
ഇന്നത്തോട് കൂടി അച്ഛന്റെ മരണാനാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞിരിക്കുന്നു.
എത്രപെട്ടന്നാണ് ദിവസങ്ങൾ ഓടിപോകുന്നത് ഓരോന്ന് ഓർക്കുമ്പോ വല്ലാത്ത സങ്കടം വരുന്നു.
എത്ര മനോഹരമായിരുന്നു കുഞ്ഞുനാളുകൾ താനും അച്ഛനും അമ്മയും ഏട്ടന്മാരും. മക്കളെയെല്ലാം പഠിച്ചു വലിയ നിലയിൽ ആക്കണം എന്ന അച്ഛന്റെ സ്വപ്‌നം തന്റെ കാര്യത്തിൽ മാത്രം നടന്നില്ല.
പാതി വഴിയിൽ പഠിപ്പ് നിർത്തി പിന്നെ വർക്ക്ഷോപ്പിൽ പണിക്ക് പോയി തുടങ്ങി അതിനെ അച്ഛൻ ഒരിക്കലും എതിർത്തില്ല അതിന്നും ആശ്ചര്യമാണ്.
ഏട്ടന്മാരെല്ലാം ജോലിക്ക് കയറി കല്യാണമൊക്കെ കഴിഞ്ഞു കുടുംബമായി വിദേശത്തു സ്ഥിര താമസമാക്കി.
എട്ടുവർഷം മുൻപാണ് അച്ഛന് ഒരു ആക്സിഡന്റ് പറ്റിയത് ആദ്യം ഒരു ഭാഗം തളർന്നു, വൈകാതെ മറുവശവും.
എന്നിട്ടും അമ്മ തളർന്നില്ല പൊന്നു പോലെ നോക്കി, എല്ലാ ഇഷ്ടങ്ങളും ആഗ്രഹങ്ങളും എല്ലാം മാറ്റി വെച്ച് അച്ഛനൊപ്പം നിന്നു. ഇപ്പൊ വിട്ടുപോയപ്പോ ഏറ്റവും കൂടുതൽ വീർപ്പ് മുട്ടൽ അമ്മയ്ക്കായിരിക്കും.
രണ്ടു ദിവസമായി പലചർച്ചകളും നടക്കുന്നത് താൻ അറിയുന്നുണ്ട്. അമ്മയെ എവിടെ നിർത്തും എന്നത് തന്നെയാണ് ചർച്ചാവിഷയം.
വയസ്സുകാലത്ത് ഇനിയും അമ്മയെ പരീക്ഷങ്ങൾക്ക് വിട്ടു കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് താനാണ്, ആലോചിച്ചപ്പോൾ മനസ്സ് വല്ലാതെ പിടഞ്ഞു.
എന്ത് ചെയ്യണം എന്നറിയാതെ അങ്ങനെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴാണ് പുറത്തു നിന്നും സംസാരം കേട്ടത്.
“വല്യേട്ടാ അമ്മയെ ഇവിടിങ്ങനെ നിർത്തി പോകാൻ പറ്റോ”
“അനിലേ അതിപ്പോ ഞാൻ മാത്രായിട്ട് ന്താ പറയാ”
“ഏട്ടൻ കുഞ്ഞോനോട് സംസാരിക്കൂ”
“മ്മ് ഞാൻ സംസാരിച്ചു നോക്കാം, അമ്മയെ നിന്റെ കൂടെയോ എന്റെ കൂടെയോ നിർത്താം”
“ശെരിയാണ് രണ്ടിടത് ആണേലും ഫ്ലാറ്റിൽ ഒരാൾ ആവും പകലൊക്കെ, പിന്നെ നമ്മൾ ഓഫീസ് കഴിഞ്ഞു വരുന്നവരെ അമ്മക്ക് പിള്ളേരുടെ കൂടെ ഇരിക്കാം ലോ”
“അതൊക്കെ ശെരി തന്നെ പക്ഷെ അമ്മ സമ്മതിക്കണ്ടേ”
“സമ്മതിക്കാതെ പിന്നെ കുഞ്ഞോന്റെ അടുത്ത് ആക്കി പോവാനോ, അവൻ ആണേൽ പെണ്ണുപോലും കെട്ടിയിട്ടില്ല, നമ്മൾ സമ്മതിപ്പിക്കണം”
“ഞാൻ സംസാരിച്ചു നോക്കട്ടെ ഡാ”
രണ്ടുപേരും അവരവരുടെ മുറികളിലേക്ക് നടന്നു നീങ്ങുന്ന ശബ്ദം കേൾക്കാം. എത്ര പെട്ടെന്നാണ് മനുഷ്യർ സ്വാർത്ഥരാവുന്നത്, ഉള്ള ഉറക്കം കൂടി പോയല്ലോ ഈശ്വരാ.
നെറ്റിയിലൊരു നനുത്ത സ്പർശം ഏറ്റപ്പോഴാണ് തിരിഞ്ഞു നോക്കിയത് അമ്മ, അമ്മ കേട്ടുകാണുവോ എന്തോ.
അമ്മേടെ മടിയിൽ തലവെച്ചു അങ്ങനെ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ കാപ്പി കുടിച്ചോണ്ട് ഇരിക്കുമ്പോഴാണ് വല്യേട്ടൻ സംസാരിച്ചു തുടങ്ങിയത്.
“കുഞ്ഞോനേ അമ്മയെ ഞങ്ങൾ കൊണ്ട് പോയാലോന്നു ആലോചിക്ക്യാ, എന്താ നിന്റെ അഭിപ്രായം”
“അതിലിപ്പോ അവന് എന്താ എതിർപ്പ് പറയാനുള്ളേ ഏട്ടാ, അവനും അതൊരു ആശ്വാസമല്ലേ”
ഞാൻ അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കി കാർമേഘം മൂടിയ പോലെ ആശങ്കകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.
“അവിടെ ഇടയ്ക്കു അനിലിനും വന്നു കാണാം അമ്മക്ക് അങ്ങോട്ടും പോകാം, ഇവിടെ വേറെ ഒരാൾ ഇല്ലാത്ത സ്ഥിതിക്ക് അതല്ലേ നല്ലത്”
“എനിക്കും വല്യേട്ടന്റെ അഭിപ്രായം ആണ് ബാക്കി ഇനി നീ പറ” അനിലേട്ടനും പറഞ്ഞു നിർത്തി.
“ഏട്ടന്മാർക്ക് ഒന്നും തോന്നരുത് അമ്മയിപ്പോ തത്ക്കാലം എങ്ങോട്ടും വരുന്നില്ല. അതിപ്പോ നിങ്ങളോട് ഇഷ്ടക്കുറവുകൊണ്ടോ എന്നോടുള്ള സ്നേഹക്കൂടുതല് കൊണ്ടോ ഒന്നുമല്ല”
“പിന്നെ അമ്മ ഇവിടെ തന്നെ നിക്കാനോ”
“അതെ കഴിഞ്ഞ 8 വർഷക്കാലമായി അമ്മയിവീടിന്റെയുള്ളിൽ ഒതുങ്ങി കൂടാൻ തുടങ്ങിയിട്ട്.
മാസാമാസം ബാങ്കിലേക്ക് ഒരു യാത്ര അതും ഓട്ടോയിൽ അങ്ങോട്ടും ഇങ്ങോട്ടും.
നിങ്ങൾ വരുമ്പോ പോലും അമ്മ എങ്ങോട്ടും വരാറില്ല, എന്തിനു അടുക്കളയിൽ പോലും ഒരു സഹായത്തിനു അമ്മയെ കിട്ടാറില്ലെന്ന് ഏട്ടത്തിയമ്മമാർ പരാതി പറയുന്നത് ഞാനെത്ര കേട്ടിരിക്കുന്നു”
“ഭർത്താവിനെ നോക്കുക എന്ന കടമ തന്നെയായിക്കാം അമ്മ ചെയ്തത്. അതിലുപരി അമ്മയുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒക്കെ നഷ്ടപ്പെട്ടിട്ടുണ്ട്.
തൊട്ടപ്പുറത്തെ അമ്പലത്തിൽ പോയിട്ട് കാലമെത്രയായെന്നു ചോദിച്ചു നോക്ക്. ഇനി കുറച്ചു കാലം ഒന്ന് തന്റെ ഇഷ്ടങ്ങളിലൂടെ നടക്കട്ടെ ആ പാവം.
അല്ലാതെ അവിടെ കൊണ്ടുപോയി നിങ്ങളുടെ രണ്ടുപേരുടേം ഫ്ലാറ്റിൽ പകൽ മുഴുവൻ ഒന്ന് സംസാരിക്കാൻ പോലും ആളില്ലാണ്ട് കൂട്ടിലടച്ച കിളിയെ പോലെ നിക്കണോ? നിങ്ങൾ തന്നെ പറ”
കുറച്ചു നേരം എല്ലാരും നിശബ്ദരായി… കുറച്ചു നേരത്തിനു ശേഷം വല്യേട്ടൻ സംസാരിച്ചു തുടങ്ങി.
“നീ പറഞ്ഞത് തന്നെയാണ് ശെരി അമ്മ ഇവിടെ തന്നെ നിൽക്കട്ടെ”
അത് കേട്ടതും അമ്മയുടെ മുഖത്തേക്ക് ഞാനൊന്ന് നോക്കി ആശ്വാസത്തിന്റെ പുഞ്ചിരി അവിടെ തെളിഞ്ഞു നിന്നിരുന്നു.
“ഏട്ടാ അമ്മയെ നിങ്ങൾ എപ്പോ വേണേലും അങ്ങോട്ട് കൊണ്ട് പോകാം, അതെപ്പോൾ എന്നത് നമുക്ക് അമ്മയ്ക്ക് തന്നെ വിട്ടു കൊടുക്കാം”
“അതേ ഡാ അങ്ങനെ ചെയ്യാം, നിന്റെ തീരുമാനം തന്നെയാണ് ശെരി അമ്മ നിൽക്കേണ്ടത് ഇവിടെ തന്നെയാണ്.”
ഒരു നേർത്ത പുഞ്ചിരിയോടെ ഞാനത് കേട്ടു, ഇപ്പോഴെങ്കിലും അമ്മയുടെ മനസ്സ് അറിഞ്ഞില്ലെങ്കിൽ പിന്നെ എപ്പോഴാണ് അറിയുക.