ലേഖ ചെറുപ്പമാണ് എന്താണെന്ന് വെച്ചാൽ ആലോചിച്ചു തീരുമാനിക്കാം, ഡോക്ടർ..

ലേഖ
(രചന: Aneesh Anu)

“ഇതെന്താ ഏട്ടൻ നേരത്തെ എഴുന്നേറ്റോ” ലേഖ രാവിലെ ഉണർന്ന് നോക്കിയപ്പോ വിവേക് കണ്ണ് തുറന്ന് കിടപ്പുണ്ട്.

‘ഉറക്കം ഒക്കെ പോയി എത്രയും പെട്ടെന്ന് ഡോക്ടർ കണ്ടു റിപ്പോർട്ട് വാങ്ങിക്കണം’ അയാൾ ഉത്സാഹത്തോടെ പറഞ്ഞു.

“അതിനിപ്പോഴേ എണീക്കണോ ഏട്ടാ കുറച്ചു നേരം കൂടി കിടന്നോളു” അവൾ അയാളുടെ നെറ്റിയിൽ തലോടി കൊണ്ട് പറഞ്ഞു.

‘ഞാനിങ്ങനെ കിടന്നും ആ ചക്ര കസേരയിൽ ഇരിപ്പും തുടങ്ങിയിട്ട് മൂന്ന് വർഷം കഴിഞ്ഞില്ലേ മോളെ ഇനിയെങ്കിലും’ അയാൾ പറഞ്ഞു മുഴുവനാക്കിയില്ല.

അതേ മൂന്ന് കൊല്ലമായി വിവേക് കിടപ്പിലാണ് കല്യാണം കഴിഞ്ഞു മൂന്ന് മാസം കഴിഞ്ഞപ്പോൾ പറ്റിയൊരപകടം അരയ്ക്ക് കീഴ്പോട്ട് തളർന്നു പോയി.

ഇക്കാലമത്രയും കാണിക്കാത്ത ഡോക്ടർമാരില്ല, ഒരു പരാതിയും കൂടാതെ വിവേക്ന്റെ എല്ലാ. കാര്യങ്ങൾക്കും ഒപ്പം നിൽക്കാൻ ലേഖയും.

കഴിഞ്ഞ ആറുമാസക്കാലമായി പ്രസിദ്ധനായ ഡോക്ടർക്ക് കീഴിൽ ചികിത്സയിലാണ് വിവേക്. അവസാന പ്രതീക്ഷയെന്നോണം ഒരു ടെസ്റ്റ്‌ കൂടി നടത്തി കഴിഞ്ഞു അതിന്റെ റിസൾട്ട് വരുന്ന ദിവസമാണിന്ന്.

‘ഏട്ടൻ ഓരോന്ന് ആലോചിച്ചു വിഷമിക്കണ്ട, കസേരയിലേക്ക് ഇരുന്നോളു ഞാൻ പോയി കാപ്പി ഇട്ട് കൊണ്ട് വരാം’ അയാളെ പിടിച്ചു വീൽ ചെയറിലേക്ക് ഇരുത്തിയ ശേഷം അവൾ അടുക്കളയിലേക്ക് നടന്നു.

കുറച്ച് കഴിഞ്ഞപ്പോഴേക്കും അവൾ കാപ്പിയുമായി വന്നു അപ്പോഴേക്കും വിവേക് തന്റെ പല്ല് തേപ്പും ഷേവിങ്ങുമെല്ലാം ചെയ്തിരുന്നു.

അയാൾക്ക് എത്താൻ പാകത്തിന് എല്ലാ സജ്ജീകരണങ്ങളും ആ മുറിക്കുള്ളിൽ ഒരുക്കിയിട്ടുണ്ട്.

“ആഹാ ഇതിപ്പോ ഞാൻ കുറച്ചൂടെ വൈകിയിരുന്നേൽ ഏട്ടൻ കുളിച്ചേനല്ലോ”

‘നിന്നെ ബുദ്ധിമുട്ടിക്കണ്ട വിചാരിച്ചു’

“വേഗം കാപ്പി കുടിച്ചോ അത് കഴിഞ്ഞു വേണം കുളിയ്ക്കാൻ” അയാളുടെ തലയിൽ എണ്ണയിട്ട് കൊണ്ട് അവൾ പറഞ്ഞു.

“വേഗം കുളിക്കാം അത് കഴിയുമ്പോഴക്കും ബ്രേക്ക് ഫസ്റ്റ് ഉണ്ടാക്കിക്കോളാൻ അമ്മയോട് പറയൂ.”

‘അതൊക്കെ ഉണ്ടാക്കുന്നുണ്ട് ഏട്ടാ ധൃതി പിടിക്കാതെ’ വിവേകിനെ കുളിപ്പിച്ചു ഒരുക്കിയശേഷമാണ് ലേഖ തന്റെ കാര്യങ്ങൾ എല്ലാം ചെയ്തു തീർത്തത്.

“അമ്മ വരുന്നില്ലേ ഹോസ്പിറ്റലിലേക്ക്” ഇറങ്ങാൻ നേരം അവൾ തിരക്കി.

‘ഞാനില്ല മോളെ നിങ്ങൾ പോയിട്ടു വരൂ’ മകന്റെ നെറ്റിയിൽ കൈ വെച്ചു അനുഗ്രഹിച്ചു കൊണ്ട് അവർ പറഞ്ഞു.

വിവേകിനെ കാറിലേക്ക് കയറ്റാൻ ഡ്രൈവറും സഹായിച്ചു പ്രതീക്ഷയുടെ നാളങ്ങളുമായി കാർ ആശുപത്രിയിലേക്ക് നീങ്ങി.

തന്റെ ടോക്കൺ വിളിക്കുന്നത് വരെ വിവേക് അക്ഷമയോടെ കാത്തിരുന്നു. ഒടുവിൽ അകത്തേക്ക് വിളിച്ചു.

“ഹൌ ആർ യൂ വിവേക്” ഘനഗംഭീരമായ ശബ്ദത്തോടെ ഡോക്ടർ ഐസക് അയാളോട് ചോദിച്ചു.

‘ഫൈൻ ഡോക്ടർ’

“റിയ വിവേക്ന്റെ പതിവ് ചെക്ക് ആപ്പ് നടക്കട്ടെ” അയാൾ അസിസ്റ്റന്റ്സിനോടായി പറഞ്ഞു.

‘ശെരി സർ

“ലേഖ വരൂ നമുക്ക് ഓഫീസിലേക്ക് ഇരിക്കാം” ക്ലിനിക്കൽ റൂമിൽ നിന്നും കാബിനിലേക്ക് അയാൾ നടന്നു പുറകെ ലേഖയും. വിവേകിന്റെ റിപ്പോർട്ടുകൾ എല്ലം അയാൾക്ക് മുന്നിലിരിപ്പുണ്ട്.

“എന്താണ് ഡോക്ടർ എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ടോ” അവൾ ആകാംഷയോടെ ചോദിച്ചു.

‘ലേഖ ഇരിക്കു’ ഡോക്ടർ കസേരയ്ക്ക് നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു അക്ഷമയോടെ അവൾ അതിലിരുന്നു.

“ഇനിയൊരു പ്രതീക്ഷ വേണ്ട ലേഖാ, വിവേക് ഇനി എണീറ്റ് നടക്കാൻ പോകുന്നില്ല. അരയ്ക്ക് താഴോട്ട് ഉള്ള ചലനശേഷി പൂർണമായും നഷ്ടപ്പെട്ടു പോയിരിക്കുന്നു”

‘ഡോക്ടർ’ ഞെട്ടലോടെ അവൾ വിളിച്ചു.

“മൂന്നാലു വർഷം ആയില്ലേ തന്നേ ഞാൻ കാണുന്നു ഒരു ഇമ്പ്രൂവ്മെന്റ് ഇല്ലാത്തൊരു കേസിനു പ്രതീക്ഷ ഉണ്ടെന്ന് പറഞ്ഞു മുന്നോട്ട് പോകുന്നതിൽ അർത്ഥമില്ല.

അയാൾ ഇനിയൊരിക്കലും എഴുന്നേറ്റ് നിൽക്കാൻ പോകുന്നില്ല. എന്നും ചക്രകസേരയിൽ ഇരിക്കുന്നൊരു ഭർത്താവ് എന്നതിലപ്പുറം അയാളിൽ നിന്ന് തനിക്കും ഒന്നും ലഭിക്കാൻ പോകുന്നില്ല.

ലേഖ ചെറുപ്പമാണ് എന്താണെന്ന് വെച്ചാൽ ആലോചിച്ചു തീരുമാനിക്കാം.” ഡോക്ടർ പറഞ്ഞു നിർത്തി.

‘ശരി ഡോക്ടർ ‘ റിപ്പോർട്ടുകൾ എല്ലാം തിരികെ വാങ്ങി പതിയെ പുറത്തേക്ക് നടന്നു, പുറത്ത് ഇരിപ്പുണ്ട് വിവേക്.

“പോവാം ഏട്ടാ” അവൾ പതിയെ അയാളോട് പറഞ്ഞു.

‘എന്തായി മോളെ റിസൾട്ട്’ അയാളുടെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു.

“പുതിയതായിട്ട് ഒന്നുമില്ല ഏട്ടാ എല്ലം പഴയത് പോലെ തന്നേ” തെല്ല് ഈർഷ്യയോടെ അവളത് പറഞ്ഞു.
സകല പ്രതീക്ഷകളും കൈവിട്ട കണക്കെ അയാൾ പെട്ടെന്ന് നിശബ്ദതനായി.

വീൽ ചെയറും തള്ളി കൊണ്ട് അവൾ പുറത്തേക്ക് നടന്നു. വീടെത്തുന്ന വരെ അവർ പരസ്പരം സംസാരിച്ചില്ല വല്ലാത്തൊരു വിങ്ങലായിരുന്നു വിവേകിന്റെ ഉള്ള് നിറയെ.

“എന്തായി മോളെ റിസൾട്ട്‌” വീട്ടിൽ വന്നയുടനെ അമ്മ അവളോട് തിരക്കി. വിങ്ങി പൊട്ടിയൊരുകരച്ചിലുമായി അവൾ അകത്തേക്ക് കയറിപ്പോയി.

‘അവളോട് ഒന്നും ചോദിക്കേണ്ട അമ്മേ, ഈ ജീവിതകാലം മൊത്തം ഞാനിങ്ങനെയായിരിക്കും എല്ലാവർക്കും ഒരു ഭാരമായി.’

അയാൾ പറഞ്ഞു നിർത്തി ആ മനസിന്റെ വിങ്ങൽ അറിയാവുന്ന അമ്മ അയാളെ ചേർത്തു പിടിച്ചു.

അന്ന് മുഴുവൻ അവിടമാകെ നിശബ്ദത നിറഞ്ഞു നിന്നു. എല്ലാം യന്ത്രികമായി അവൾ ചെയ്തു തീർത്തു രാത്രി പുലരുവോളം ഉറക്കമില്ലാതെ ഒരു ബെഡിന് രണ്ട് ഭാഗങ്ങളിൽ അവർ ഇരുവരും കിടന്നു.

പിറ്റേന്ന് രാവിലെ പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് വീടിനുമുന്നിലൊരു കാർ വന്ന് നിന്നത്.

“അല്ല ആരിത് ലേഖയുടെ അച്ഛനോ, അകത്തേക്ക് വരണം” വിവേകിന്റ അമ്മ അയാളെ അകത്തേക്ക് ക്ഷണിച്ചു.

‘മോൾ എവിടെ’

“അകത്തുണ്ട്, എന്താ പെട്ടെന്ന് വിശേഷിച്ചു എന്തെങ്കിലും”

‘വിശേഷം എല്ലം ഇവിടല്ലേ, വിവേകിന്റെ അച്ഛനില്ലേ?’

“ഉണ്ട് ഞാൻ വിളിക്കാം” അവർ അകത്തേക്ക് പോയി.

“അല്ല ആരിത് ലക്ഷ്മണനോ ഈ വഴി മറന്നോ” വിവേകിന്റെ അച്ഛന്റെ അങ്ങോട്ട്‌ വന്നു കൊണ്ട് ചോദിച്ചു.

‘അങ്ങനെ മറക്കാൻ പറ്റോ വാരിജാക്ഷാ’

“ഇതിപ്പോ ന്താ പതിവില്ലാതെ”

‘മോളെ ഒന്ന് വീട്ടിലേക്ക് കൂട്ടാംന്ന് കരുതി ഇനി ഇവിടെ നിർത്തുന്നതിൽ ഒരു അർത്ഥമില്ലല്ലോ’ ഞെട്ടാലോടെയാണ് അവരത് കേട്ടത്..

“ഇതിപ്പോ ന്താ ലക്ഷ്മണാ ഈ പറയണേ, മോളെ കൊണ്ട് പോവേ അവൾ സമ്മതിക്കോ”.

‘അവൾ തന്ന്യാ എന്നെ വിളിച്ചു കാര്യങ്ങൾ പറഞ്ഞെ അവൾക്ക് വയ്യാന്നു.’

“മോളെ ലേഖേ” വാരിജാക്ഷൻ അകത്തേക്ക് നീട്ടി വിളിച്ചു.

‘ഞാനിവിടെയുണ്ട് ഏട്ടന്റെ അച്ഛാ’

“ന്താ മോളെ ഈ കേൾക്കണേ” അയാൾ വിറയ്ക്കുന്ന ശബ്ദത്തോടെ ചോദിച്ചു.

‘സത്യമാണ് അച്ഛാ അതെന്റെ തീരുമാനമാണ്, ഏട്ടന് ഇനി ആവശ്യം ഒരു ഹോം നഴ്സിനെയാണ് അതിന് വേണ്ടി ഞാൻ എന്റെ ജീവിതം കളയേണ്ടല്ലോ.

ഒരിക്കലും ചലനശേഷി തിരിച്ചു കിട്ടാത്ത ഒരാളോടൊപ്പം ജീവിച്ചു തീർക്കാൻ മാത്രം ത്യാഗമനസ്സ് ഒന്നും എനിക്ക് ഇല്ലാ അച്ഛാ.

ഞാൻ ഇറങ്ങുകയാണ് അതാണ് എന്റെ തീരുമാനം.’അവൾ പറഞ്ഞു നിർത്തി എല്ലം കേട്ട് കൊണ്ട് വിവേകും അവിടേക്ക് വന്ന് ചേർന്നു.

“മോനെ കേട്ടില്ലേടാ അവൾ പറഞ്ഞത്”

‘അത് അവളുടെ തീരുമാനം ആണ് അച്ഛാ അതിൽ ആരും കൈകടത്തണ്ട അവൾക്കും ആഗ്രഹങ്ങൾ കാണില്ലേ അതൊക്കെ ഹോമിച്ചു ഇവിടെ നിന്നിട്ട് എന്താ കാര്യം’ അയാൾ പറഞ്ഞു നിർത്തി.

“എന്നാ പിന്നേ ഇറങ്ങാൻ നോക്കാ മോളെ” ലക്ഷ്മണൻ ധൃതി കൂട്ടി, ലേഖ അകത്തേക്ക് ചെന്ന് അവളുടെ ബാഗ് എടുത്തു വന്നു.

‘ഇറങ്ങുവാണ് ലേ ഇനിയൊരു കൂടി കാഴ്ച പരമാവധി ഒഴിവാക്കാം ഒരു ജോയിന്റ് പെറ്റീഷൻ എത്രയും പെട്ടെന്ന് മൂവ് ചെയ്തോളു ട്ടോ’ ലേഖയോടായി വിവേക് പറഞ്ഞു.

അയാളുടെ കയ്യിൽ ഒന്ന് പിടിച്ച ശേഷം അവൾ അച്ഛന് പുറകെ കാറിലേക്ക് നടന്നു കയറി.

വിവേക് തന്റെ വീൽചെയർ ഹാളിലെ ലൈബ്രറി റൂമിലേക്ക് തിരിച്ചു അതാണ് അയാളുടെ ഇനിയുള്ള ലോകം….

Leave a Reply

Your email address will not be published. Required fields are marked *