പിന്നെ ഏതാടാ അവൾ, നിന്നെ തിരക്കി രാവിലെ തന്നെ അണിഞ്ഞൊരുങ്ങി..

ചാന്ദിനി
(രചന: Aneesh Pt)

ഗിരീഷേട്ടനില്ലേ ഇവിടെ .മുറ്റത്തിന്റെ ഒരു മൂലയിലിരുന്നു ഗോതമ്പു കഴുകി വെയിലത്തിടുന്ന സാവിത്രിയമ്മ തല പൊക്കിയൊന്നു നോക്കി.

അമ്മേ ഗിരീഷേട്ടനില്ലേ ? പെട്ടെന്നുള്ള അമ്മേ ‘ വിളിയിൽ തെല്ലൊന്നു അമ്പരന്നിട്ടാണെങ്കിലും സാവിത്രിയമ്മ തിരിച്ചു ചോദിച്ചു.

മോളേതാ ‘

അത് ഗിരീഷേട്ടനറിയാം…

ഇത്രയും കേട്ടപ്പോഴേക്കും നെഞ്ചിൽ കൈമർത്തി സാവിത്രിയമ്മ അകത്തേക്കോടിയിരുന്നു.

കട്ടിലിൽ മൂടിപുതച്ചുറങ്ങുന്ന ഗിരീഷിന്റെ പുറത്തിട്ടു ടപ്പേ ‘ ടപ്പേ ‘ എന്നു രണ്ടു അടിയായിരുന്നു.

ഓർക്കാപ്പുറത്തുള്ള അടി കിട്ടിയതും ഗിരീഷൻ അയ്യോ ‘ എന്നു വിളിച്ചു ചാടിയെഴുന്നേറ്റു.

ഏതാടാ എരണം കെട്ടവനെ ആ പെൺകൊച്ചു ‘

പെൺകൊച്ചോ ‘ ഏത് പെൺകൊച്ചു.
അമ്മക്കിതെന്താ പ്രാന്തായോ, മനുഷ്യന്റെ ഉറക്കവും പോയി. ഗിരീഷൻ പുറം തടവിക്കൊണ്ട് കണ്ണൊന്നുചിമ്മി.

പിന്നെ ഏതാടാ അവൾ'” നിന്നെ തിരക്കി രാവിലെ തന്നെ അണിഞ്ഞൊരുങ്ങി വന്നിരിക്കുന്നത്.

എന്നെ തിരക്കിയോ.

ആ ഉമ്മറത്ത്‌ നിൽക്കുന്നുണ്ട് ഗിരീഷേട്ടനെവിടെ എന്നും ചോദിച്ചു.

അതാരാ ‘” അമ്മ ചോദിച്ചില്ലേ.

എന്റെ പൊന്നു മോനേ അമ്മക്കൊരു അപേക്ഷയെ ഉള്ളു നാട്ടുകാരെക്കൊണ്ട് മോഹൻ മാഷിന്റെ മോനൊരു പെണ്ണ് പിടിയനെന്നു പറയിപ്പിക്കരുത്.

അമ്മേ ഒന്ന് നിർത്തിയെ, ഏതോ ഒരുത്തി എന്നെ അന്വേഷിച്ചു വന്നതിന് എന്നെ ഒരു പെണ്ണ് പിടിയനാക്കുകയാണോ.

എവിടെ അവൾ. ഗിരീഷൻ കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു ഉമ്മറത്തെത്തി.

ഏതാടി നീ ‘

മുറ്റത്ത്‌ വേലിയിൽ പടർന്നുകേറിയ മുല്ല ഒന്ന് ഉള്ളം കയ്യിലാക്കാൻ ശ്രമിക്കുന്നതിനിടയിൽ ഗിരീഷിന്റെ ഒച്ച കേട്ടു അവളൊന്നു പേടിച്ചു.

ആ നീയോ ‘ നീയെന്താ ഇവിടെ ‘

ആ അപ്പൊ നിനക്കിവളെ അറിയാലേ.

ഗിരീഷിന്റെ പിന്നാലെ വന്ന സാവിത്രിയമ്മ ആശ്ചര്യത്തോടെ പറഞ്ഞു.

എന്റമ്മേ ഇതു അമ്മ കരുതുന്നത് പോലെ ഒന്നുമല്ല, ഇന്നലെ ടൗണിലേക്ക് പോകുന്ന വഴി എന്റെ ബൈക്ക് ഒന്ന് ഇവളുടെ വണ്ടിയുമായി ഒന്നു മുട്ടി അത്രേയൊള്ളൂ.

എന്റെ കൊച്ചേ നിനക്കിന്നലെ ഒന്നും പറ്റിയില്ലല്ലോ പിന്നെ എന്നാതിന ബാക്കിയുള്ളോന്റെ സ്വയ്ര്യം കെടുത്താൻ രാവിലെ തന്നെ ഇറങ്ങിയേക്കുന്നെ.

ഗിരീഷന്റെ ചോദ്യതിനുത്തരമായി തന്റെ ഇടതു കാലിന്റെ ചുരിദാർ അൽപ്പമൊന്നു ഉയർത്തി, കാലിലെ മുറിവൊന്നു കാണിച്ചു.

ങേ, ഇന്നലെ നിനക്കൊന്നും പറ്റിയിരുന്നില്ലല്ലോ.

അത് പിന്നെ ഞാൻ കോളേജിൽ ചെന്നപ്പോഴാണ് നോക്കിയത്. വല്ല്യ മുറിവൊന്നും ഇല്ലല്ലോ കൊച്ചേ.
സാവിത്രിയമ്മ കുറച്ചു ആവലാതിയോടെ
ചോദിച്ചു.

ഇല്ലമ്മേ.

വണ്ടിയൊക്കെ നോക്കി ഓടിക്കണ്ടേ മോളെ. അത് പിന്നെ ഗിരീഷേട്ടൻ ആണ് റോങ്ങ്‌ സൈഡ് കയറി വന്നത്.
അവൾ പതുക്കെ പേടിയോടെ പറഞ്ഞു.

സാവിത്രിയമ്മ കുറച്ചു ദേഷ്യത്തോടെ ഗിരീഷനെ ഒന്നു നോക്കി. താൻ അതും ഇതൊന്നും ഇപ്പോൾ പറയണ്ട ഏതായാലും തനിക്കു വല്ല്യ മുറിവൊന്നും ഇല്ലല്ലോ. പിന്നെ ഗിരീഷേട്ടാ എന്റെ വണ്ടി ഇപ്പോൾ അനങ്ങുന്നില്ല, അതൊന്നു ചേട്ടൻ ശരിയാക്കി തരണം.

അനങ്ങുന്നില്ല എന്നോ, എടോ എന്നിട്ടു താൻ ഇന്നലെ അതും കൊണ്ടാലോ കോളജിലേക്ക് പോയത്, ഞാൻ നോക്കിയിട്ടു വണ്ടിക്കു ഒരു കുഴപ്പവും കണ്ടില്ല.

കോളേജിൽ എത്തുന്നത് വരെ കുഴപ്പമൊന്നുമുണ്ടായില്ല. ക്ലാസ്സ്‌ കഴിഞ്ഞു തിരികെ പോരാനായി വണ്ടി സ്റ്റാർട്ട്‌ ആക്കിയപ്പോൾ അനങ്ങുന്നില്ല.

ഗിരീഷ് അവളെ ആകെ അടിമുടിയൊന്നു നോക്കി.
മോളുടെ പേരെന്താ എന്നു പറഞ്ഞെ.

ചാന്ദിനി .

എന്നാ ചാന്ദിനി . ഇന്നലെ കാലിൽ മുറിവൊന്നും ഉണ്ടായില്ല ഇന്നു കാലിൽ മുറിവ്. ഇന്നലെ വണ്ടിക്കൊരു
കുഴപ്പവും ഇല്ലായിരുന്നു ഇന്നു ദേ വണ്ടി അനങ്ങുന്നില്ല കൊച്ചെന്തിനുള്ള പുറപ്പാടാ.

ഞാൻ സത്യമാണ് ഗിരീഷേട്ടാ പറയുന്നത്.

എനിക്കു തന്റെ വണ്ടി നന്നാക്കി തരാൻ ഇപ്പോൾ സമയമില്ല. കൊച്ചു വണ്ടി വിടാൻ നോക്കു. അമ്മ ഇങ്ങു വന്നേ എനിക്കിന്ന് ഓഫീസിൽ മീറ്റിംഗ് ഉള്ളതാ നേരത്തെ പോണം.

എടാ ഈ കൊച്ചിന്റെ വണ്ടി.

അമ്മ ഒന്നിങ്ങോട് വരണുണ്ടോ.
ഇതു പറഞ്ഞു ഗിരീഷൻ വീണ്ടും അകത്തേക്കു പോയി.

അവൾ നിസ്സഹായതയോടെ അമ്മയെ നോക്കി.

മോളെ അവൻ ഒരു വെട്ടു പോത്തിന്റെ സ്വഭാവം ആണ്, മോളു വേറെയാരെയെങ്കിലും കൊണ്ടു മോളുടെ വണ്ടി നന്നാക്കി.
ഇതു പറഞ്ഞു സാവിത്രിയമ്മയും അകത്തേക്കു പോയി.

കുറച്ചു വിഷമത്തോടെ അവൾ അവിടെ നിന്നും ഇറങ്ങി.

ഗിരീഷേ സെയിൽസ് മൊത്തം മോശം ആണല്ലോ. ഇങ്ങനെ പോയാൽ ഗിരീഷിനും ടീമിനും ടാർഗറ്റ് അച്ചീവ് ചെയ്യാൻ ബുദ്ധിമുട്ടാകും. അറിയാലോ ടീം ലീഡർ ആകാൻ പിള്ളേരെ വേറെ റെഡിയാണ്.

സോറി സാർ ഇനി വൺ വീക്കുണ്ടല്ലോ
എങ്ങനെയെങ്കിലും ടാർഗറ്റു എത്തിക്കാം സാർ.

ഗിരീഷിനെ എനിക്കു വിശ്വാസം ആണ് അന്നാലും ഞാനൊന്നു ഓർമിപ്പിച്ചെന്നേ ഉള്ളൂ.

ബി. എമ്മിന്റെ വായിൽ നിന്നും കണക്കിന് കേട്ടു തിരികെ ക്യാബിനിൽ വന്നിരുന്നില്ല അപ്പോഴേക്കും സുകുവേട്ടൻ ക്യാബിനിലെത്തി.

ഗിരീഷ് സാറിനെ കാണാൻ താഴെ ഒരു പെൺകുട്ടി വന്നിട്ടുണ്ട്.

സുദർശനൻ അമ്മാവന്റെ മോള് അനുവാണെന്ന് കരുതിയാണ് ഗിരീഷ് താഴേക്കെത്തിയത്.

ഷോറൂമിന്റെ ഡോർ തുറന്നു ഗിരീഷ് പുറത്തെത്തിയപ്പോൾ ചാന്ദിനി ഒരു മൂലയിൽ നിൽക്കുന്നത് കണ്ടു.

രാവിലെ വീട്ടിൽ വന്നു അമ്മയുടെ ചീത്ത കേട്ടതും ഇപ്പോൾ ബി എമ്മിന്റെ കയ്യിൽ നിന്നു കേട്ടതുമൊക്കെ ആയപ്പൊളേക്കും ചാന്ദിനിയെ കണ്ടപ്പോൾ ഗിരീഷിന്റെ കോപം ഇരട്ടിച്ചു.

നീ ഇവിടെയും എത്തിയോ നിന്നോട് ഞാൻ പറഞ്ഞില്ലേ എനിക്കു നിന്റെ വണ്ടിയുടെ പുറകെ നടക്കാൻ സമയമില്ലെന്ന്. മനുഷ്യനിവിടെ ടാർഗറ്റ് പ്രഷറിൽ ആകെ പ്രാന്ത് പിടിച്ചിരിക്കുകയാണ് അപ്പോഴാണ് അവളുടെ ഒരു കോപ്പിലെ വണ്ടി.

ഇനി നിനക്കു പൈസ ആണ് വേണ്ടതെങ്കിൽ ഇന്ന കൊണ്ടോയി തിന്നടി എന്നു പറഞ്ഞു ഗിരീഷ് അവന്റെ പോക്കറ്റിൽ നിന്നും കുറച്ചു നോട്ടെടുത്തു അവളുടെ മുന്നിലേക്കായി ഇട്ടു കൊണ്ടു തിരിഞ്ഞു നടന്നു.

അവളൊന്നും മിണ്ടാതെ ഗിരീഷ് എറിഞ്ഞു കൊടുത്ത പൈസ നിലത്തു നിന്നും പെറുക്കിയെടുത്തു ഗിരീഷിന്റെ തന്നെ വണ്ടിയുടെ സീറ്റ്‌ കവറിൽ ഇട്ടു തിരിഞ്ഞു നടന്നു.

ക്യാബിനിൽ തിരികെ വന്നെങ്കിലും ഗിരീഷ് ആകെ അസ്വസ്ഥനായിരുന്നു.

ഏതാടാ ആ സുന്ദരി കുട്ടി ” നീയെന്തിനാ ആ കൊച്ചിനോട് ഇത്രയ്ക്കു ദേഷ്യപ്പെട്ടത്.

ഗിരീഷിന്റെ സുഹൃത് വിപിൻ ക്യാബിനിലെത്തി . ഗിരീഷ് അവൾ രാവിലെ വീട്ടിൽ വന്നതും ഉണ്ടായ സംഭവങ്ങളും എല്ലാം വിപിനോട്
പറഞ്ഞു . എല്ലാം കേട്ട ശേഷം വിപിൻ ഗിരീഷിനോടായി പറഞ്ഞു .

ഡാ കണ്ടിട്ടാളോരു പാവം ആണെന്ന് തോന്നുന്നു ,,നീ പറയുന്നത് പോലെ കാശ് അടിച്ചു മാറ്റാനൊള്ള പരിപാടിയാണെന്ന് എനിക്ക് തോന്നുനില്ല .

എങ്കിൽ നീ പോയി അവളുടെ വണ്ടി നന്നാക്കി കൊടുക്കെടാ ..ഗിരീഷ് ദേഷ്യത്തോടെ അവനെ നോക്കി പറഞ്ഞു .

ആ ,,അതിനു എന്റെ വണ്ടിയിൽ വന്നു കേറണ്ടേ അളിയാ ..നിന്റെയൊക്കെ ഒരു യോഗം ,അല്ലാതെന്താ ..
വിപിൻ ഗിരീഷിനെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു

അല്ലളിയാ ഈ പേര് പറഞ്ഞു അവളുടെ നമ്പർ ഒക്കെ വാങ്ങി നിനക്കങ്ങു അവളെ വളച്ചുടെ.

വിപിൻ ഇതുകൂടി പറഞ്ഞപ്പോൾ
‘നീയൊക്കെ ഞങ്ങൾ ആണുങ്ങൾക്കൊരു അപമാനം ആണെട എന്നു പറഞ്ഞു ഗിരീഷ് പുറത്തേക്കു പോയി .

താഴെയെത്തി ഗിരീഷ് ഒരു സിഗരറ്റെടുത്തു വലിച്ചു .

പെട്ടെന്നാണ് പോക്കെറ്റിൽ കിടന്ന ഫോൺ വൈബ്രേറ്റ് ചെയ്തത് .
എടുത്തു നോക്കിയപ്പോൾ
അനുവിന്റെ നമ്പർ .

ഹെലോ അനു .

ഏട്ടാ അമ്മായി ഒന്നു തല ചുറ്റി വീണു ,ഇവിടെ അമല ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കിയിരിക്കുവാ.

അമ്മക്കെന്താ പറ്റിയെ അനു .

ഒന്നുമില്ല ,,ഏട്ടനൊന്ന് വേഗം വന്നാൽ മതി എത്രയും കേട്ടപ്പോഴേക്കും ഗിരീഷ് ശരിക്കും ഭയന്നിരുന്നു .

വേഗം വണ്ടിയെടുത്തു അമല ഹോസ്പിറ്റൽ എത്തി .

റൂം നമ്പർ തേടി പിടിച്ചു ഗിരീഷ് റൂമിലെത്തിയപ്പോഴേക്കും സാവിത്രിയമ്മയെ സ്കാനിങ്ങിനു കൊണ്ടു പോയിരിക്കുകയായിരുന്നു .

റൂമിൽ അനുവിനെയും അമ്മയേയും കാണാതെ ആയപ്പോൾ ഗിരീഷ് വീണ്ടും റൂമിൽ നിന്നും പുറത്തെ വരാന്തയിലെത്തി നേരെ സ്കാനിംഗ് റൂം ലക്ഷ്യമാക്കി നടന്നു .

കുറച്ചു നടന്നപ്പോഴേക്കും ചാന്ദിനി സാവിത്രിയമ്മയെ വീൽ ചെയറിൽ ഇരുത്തിക്കൊണ്ടു എതിരെ വരുന്നത് കണ്ടു .. ഗിരീഷ് ഓടി അവർക്കരികിലെത്തി .

അമ്മെ ,,എന്താ ഉണ്ടായത് ..

ഏയ്യ് ഒന്നും ഇല്ലെടാ ഒന്ന് തല ചുറ്റി വീണതാ .

ഒന്നും ഇല്ലാതെയാണോ സ്കാനിങ്ങിനു കൊണ്ടു പോയത് .

കാലിനു ചെറുതായി ഒന്ന് ഉളുക്ക് പറ്റിയിട്ടുണ്ട് . ചാന്ദിനിയാണ് അതിനു മറുപടി പറഞ്ഞത് .

നിന്നോടാരാ എന്റെ അമ്മയെ . ഗിരീഷ് കോപത്തോടെ പല്ലു ഞെരിച്ചു .

ഗിരീഷേ വേണ്ട നിർത്തു ..ഒരാപത്തിൽ കൂടെ നിൽക്കുന്നവരോടാണോ ഇങ്ങനെ പെരുമാറുന്നത് .

അല്ലമ്മേ ഇവൾക്കെന്താ ഇവിടെ കാര്യം .

അനുയെവിടെ പോയി .

അനു ഫാർമസി വരെ ഒന്ന് പോയേക്കുവാട അപ്പോഴാ ഈ കൊച്ചിനെ ഇവിടെ കണ്ടത് . ഈ കൊച്ചും നമ്മുടെ അനുവും ഒരേ കോളേജിൽ ആണ് പഠിക്കുന്നത് .ഇവളെ കണ്ടപ്പോൾ ഞാനാണ് പറഞ്ഞത് ഒന്ന് മുറി വരെ ആക്കാൻ .

രാവിലെ മുതൽ ഇവളു കാരണം വീട്ടിലും ഓഫീസിലും സ്വസ്ഥതയില്ല മനുഷ്യന്
നിന്റെ സഹായം എന്റെ അമ്മക്ക് ഇനി ആവശ്യമില്ല ഒന്ന് പോയി തരാമോ .

ഗിരീഷ് എടുത്തടിച്ചതു പോലെ ചാന്ദിനിയോട് പറഞ്ഞു .

ഗിരീഷേ ,,ഒന്ന് മതിയാക്കെടാ .
സാവിത്രിയമ്മ ഒന്നു ഒച്ചയിട്ടു .

ചാന്ദിനി കണ്ണു നിറച്ചു തിരിഞ്ഞു നടന്നു .

ഗിരീഷ് അമ്മയേയും കൊണ്ടു മുറിയിലെത്തി .

അവർക്കു തൊട്ടു പിന്നാലെ അനു മരുന്നുകളുമായെത്തി .

നീ കണ്ണി കണ്ടവരെ എന്റെ അമ്മയെ ഏൽപ്പിച്ചു എവിടെ പോയിരുന്നെടി . ഗിരീഷ് അനുവിനെതിരെ ചാടി തിരിഞ്ഞു .

ഗിരീഷേട്ടൻ എന്താ ചാന്ദിനിയോട് പറഞ്ഞത് .

ഓ അവളെ ഇവിടുന്നു തല്ലി വിടേണ്ടതായിരുന്നു .

എന്നിട്ടെന്തേ തല്ലി വിടാതിരുന്നേ .
അനുവിന്റെ മുഖം ചുവന്നു .

നീയെന്താടി നിന്റെ കൂട്ടുകാരിക്ക് വക്കാലത്തു പിടിക്കാൻ വന്നേക്കുവാണോ .

ഞാൻ ആർക്കും വക്കാലത്തു പിടിക്കണില്ല ഏട്ടാ ,പിന്നെ ഏട്ടൻ ഇപ്പൊ ചീത്ത പറഞ്ഞു വിട്ട ആ കുട്ടി ഇല്ലായിരുന്നെങ്കിൽ അമ്മായി ഇപ്പൊ ജീവനോടെ ഉണ്ടാവില്ല .

അനുവിന്റെ വാക്കുകൾ കേട്ടു സാവിത്രിയമ്മയും ഗിരീഷും ഒരുപോലെ ഒന്നു നടുങ്ങി ..

മോളെ എന്താ നീ ഈ പറയുന്നത് അപ്പൊ നിയല്ലേ എന്നെ ആശുപത്രിയിൽ കൊണ്ടുവന്നത് .

അല്ല അമ്മായി ,ചാന്ദിനി ”
ചാന്ദിനിയാണ് തലകറങ്ങി വീണ അമ്മായിയേയും കൊണ്ടു ഹോസ്പിറ്റലിൽ വന്നത് .

അമ്മായിയെ ഇവിടെ കൊണ്ടുവന്നിട്ടുണ്ടെന്നു കോളേജ് വിട്ടു വരുന്ന വഴിക്കു ഓട്ടോ ഓടിക്കുന്ന സുധിയാണ് എന്നോട് പറഞ്ഞത് .
ഞാൻ വന്നപ്പോഴേക്കും എല്ലാത്തിനും എനിക്ക് മുന്നേ ചാന്ദിനി ഇവിടെ ഉണ്ടായിരുന്നു .

ഇത്രയും കേട്ടു കഴിഞ്ഞപ്പോഴേക്കും സാവിത്രിയമ്മയുടെ കണ്ണു നിറഞ്ഞിരുന്നു.

ഗിരീഷിന്റെയും മുഖം കുറ്റബോധത്താൽ താഴ്ന്നിരുന്നു .

കുറച്ചു നേരത്തേക്ക് ആരും പരസ്പരം ഒന്നും സംസാരിച്ചില്ല .

ഒന്നും മിണ്ടാത്തെ ഗിരീഷ് പുറത്തെ വരാന്തയിൽ വന്നിരുന്നു .

ശേ ഒന്നും വേണ്ടായിരുന്നു ..വെറുതെ ആ കുട്ടിയെ ഒരുപാട് ..ഗിരീഷിന്റെ മനസ്സിൽ സഹതാപത്തിൻറെയും നിരാശയുടെയും ഒരു വേലിയേറ്റം തന്നെ ആയിരുന്നു .

ഗിരീഷേട്ട ..

പിന്നിൽ അനുവിന്റെ വിളി .

അനു എന്നോട് ഷമിക്കടി ഞാൻ അറിയാതെ ,വേറെന്തൊക്കെയോ മനസ്സിലിട്ടു അറിയാതെ ആ കുട്ടിയോട് അങ്ങനെ പറഞ്ഞു പോയി .

സാരമില്ല ഏട്ടാ ..ചാന്ദിനി എന്നോട് എല്ലാം പറഞ്ഞിരുന്നു .കഴിഞ്ഞ ദിവസം ഏട്ടന്റെ വണ്ടി അവളുടെ വണ്ടിയുമായി മുട്ടിയതും ഇന്നു രാവിലെ വീട്ടിലും ഓഫീസിലും ഒക്കെ വന്നു ശല്യപ്പെടുത്തിയതും .

ഒരു പാവം ആണ് ഏട്ടാ ചാന്ദിനി .
അച്ഛനില്ല ,അമ്മയും ഒരനിയനും മാത്രമേ അവൾക്കൊള്ളു .

പിന്നെ ഏട്ടനോടു അവൾ കള്ളം പറഞ്ഞതായിരുന്നു അവളുടെ വണ്ടിക്കു കുഴപ്പമൊന്നും പറ്റിയിട്ടുണ്ടായിരുന്നില്ല. ഏട്ടനെ വെറുതെ കോളേജിൽ ഒന്നു വരുത്താൻ വേണ്ടിയായിരുന്നു ആ പാവം ഏട്ടന്റെ പുറകെ നടന്നത് .

എന്താ നീ പറയുന്നത് അനു . എനിക്കൊന്നും മനസിലാകുന്നില്ല .

കോളേജിൽ ഒരു രാഹുൽ എന്നൊരു പയ്യൻ അവളെ നിരന്തരം ശല്യപ്പെടുത്തുന്നുണ്ട് .രാഹുലിന്റെ ചേട്ടൻ ഒരു റൗഡി ആണ് ,അതിനാൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു പോലെ പേടിയാണ് അവനെ .

ചാന്ദിനിയുടെ പുറകെ നടക്കുന്നത് ഒരു ശല്യം ആയപ്പോൾ അവൾ പ്രിൻസിപ്പലിനു ഒരു പരാതി കൊടുത്തു .

അതിന്റെ ദേഷ്യത്തിൽ രാഹുൽ കോളേജ് ക്യാമ്പസിൽ എന്നവൾ കാലു കുത്തുന്നോ അപ്പോൾ അവളെ എല്ലാവരും നോക്കി നില്ക്കെ അവളെ പരസ്യമായി ‘”ഉമ്മ'” വെക്കുമെമെന്നു കൂട്ടുകാർക്കിടയിൽ ബെറ്റ് വച്ചിരിക്കുകയാണ് .

അന്ന് ഇതറിഞ്ഞതിന്റെ പേടിയിൽ രാവിലെ കോളേജിൽ നിന്നും അവൾ വണ്ടിയെടുത്തു പോയതാർന്നു അപ്പോഴാ ഏട്ടന്റെ വണ്ടിയിൽ . അവൾക്കും കൂടെ ആളുണ്ടെന്ന് കാണിക്കാൻ വേണ്ടിയാണു മനപ്പൂർവം വണ്ടി കേടാണെന്നു പറഞ്ഞത് .

ദേഡാ രാഹുലെ നോക്കിക്കേ ആരാ ആ വരുന്നതെന്ന് .

ബുക്ക് മുഖത്തു മറച്ചു കൊണ്ടു ബൈക്കിൽ ചാരിയിരിക്കുന്ന രാഹുലിനെ നോക്കി ജോജോ പറഞ്ഞു .

രാഹുൽ ബുക്ക് മാറ്റി ഒന്നു നിവർന്നിരുന്നു

ഹോ ,,ഐ വാ ബ്രോസ് ..

രാഹുൽ ബൈക്കിന്റെ കണ്ണാടിയിൽ ഒന്നു മുഖം നോക്കി മുടിയൊന്നു ഒതുക്കി നാക്കൊന്നു ചുണ്ടുകൾക്കിടയിലൂടെ ഓടിചൊന്നു മിനുസം വരുത്തി .

ശക്തിയായുള്ളോരു കയ്യടി കോളേജിലെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി .

ഗയ്‌സ് നമ്മുടെ രാഹുലണ്ണൻ ഇന്നൊരു
പെൺകുട്ടിക്ക് തന്റെ ചുണ്ടുകൾ കൊണ്ടു ശാപമോക്ഷം കൊടുക്കുന്ന കാഴ്ചയിലേക്ക് നിങ്ങൾ എല്ലാവരെയും ഞങ്ങൾ ക്ഷണിക്കുകയാണ് .

അതെ ഗയ്‌സ് സിനിമയിൽ മാത്രം കണ്ടിട്ടുള്ളതും നിങ്ങളെല്ലാവരും കാണാൻ കൊതിക്കുന്നതുമായ അതി ഗംഭീരമായൊരു ചുംബനത്തിനു നമ്മുടെ കോളേജ് ഇവിടെ ഇന്നു സാക്ഷ്യം വഹിക്കുകയാണ് കൂട്ടുകാരെ .

ജോജോ ഇത്രയും പറഞ്ഞപ്പോഴേക്കും ബാക്കിയുള്ള രാഹുലിന്റെ ശിങ്കിടികൾ ചാന്ദിനിയെ വട്ടം ചുറ്റി കഴിഞ്ഞിരിക്കുന്നു .

പെൺകുട്ടികളെല്ലാം പേടിച്ചു ക്ലാസിലേക്കു ഓടി കയറിയിരുന്നു .
ആൺകുട്ടികൾ എല്ലാം തന്നെ കാഴ്ചക്കാരായി ചുറ്റും നിരന്നു .
ചിലർ അവരുടെ മൊബൈൽ ക്യാമെറകൾ ഓൺ ചെയ്തു കാത്തിരിപ്പായി .

ഒന്നാം നിലയിലും രണ്ടനിലായിയുമായി പെൺകുട്ടികൾ നിസഹയതോടെ നോക്കി നിന്നു.

ദേ നോക്കിയേ അളിയാ ഇത്രയും പറഞ്ഞിട്ട് അവളുടെ മുഖത്തൊരു ഭാവവത്യാസം പോലുമില്ലല്ലോ .

രാഹുൽ തന്റെ റെയ്ബാൻ ഗ്ലാസ്‌ ഒരു അവളുടെ അരികിൽ വന്നു നിന്നു.

ജ്വലിക്കുന്ന കണ്ണുകളോടെ ചാന്ദിനി രാഹുലിന്റെ നേരെ നോക്കി .

നീ കംപ്ലയിന്റ് കൊടുത്താൽ എന്നെ മാനേജ്മെന്റ് അങ്ങ് പുളുത്തുമെന്നു കരുതിയോടി .നീ ഇവിടെ തീരാണെടി .

ഇനി ഈ കോളേജിൽ ഒരു പെണ്ണും എന്റെ നേർക്കൊരു നോട്ടം പോലും അയക്കരുത് അതിനു ഞാൻ പുറകെ നടന്ന നീ തന്നെ എനിക്ക് വഴിയൊരുക്കി തന്നല്ലോ ചാന്ദിനി ഇത്രയും പറഞ്ഞു കൊണ്ടു രാഹുൽ അവന്റെ ചുണ്ടുകൾ അവളുടെ മുഖത്തേക്ക് ചേർത്തു .

മൊബൈൽ ക്യാമെറകൾ ആ ദൃശ്യം പകർത്താൻ ഒരുങ്ങി . പെൺകുട്ടികൾ കണ്ണുകൾ അടച്ചു .

പെട്ടെന്നാണ് ഒരു ബുള്ളെറ്റ്
ശബ്ദത്തോടെ കോളേജ് ക്യാമ്പസിലേക്കു പ്രേവശിച്ചത് .

എല്ലാവരും നോക്കി നില്ക്കെ ആ ബുള്ളെറ്റ് ക്യാമ്പസിന്റെ പാർക്കിങ്ങും കഴിഞ്ഞു നേരെ രാഹുലിന്റെ മുന്നിലായി വന്നു നിന്നു .

രാഹുലും ഗാങ്ങും ഒന്നു പതറി .

ബുള്ളറ്റിൽ ഇരുന്നുകൊണ്ട് തന്നെ ഗിരീഷ് അത് സെന്റെർ സ്റ്റാൻഡിൽ ഇട്ടു.
എന്നിട്ടു ചാന്ദിനിയെ നോക്കി ഒന്നു കണ്ണിറുക്കി .

ടപ്പേ ‘”” എന്നൊരു ഒച്ചയാർന്നു പിന്നെ എല്ലാരും കേട്ടത് .

രാഹുൽ ചാന്ദിനിയുടെ അടി കൊണ്ടു നിലത്തു വീണു കിടക്കുന്നു .

ഇത് കണ്ടു എടി എന്നു പറഞ്ഞു ചാന്ദിനിയെ അടിക്കാൻ കയ്യോങ്ങിയ ജോജോയെ ഗിരീഷ് ചാടി കടന്നു പിടിച്ചു .

ഒരു ഊക്കൻ ശബ്ദത്തോടെ ഗിരീഷ് ജോജോയുടെ വലതു കവിളിൽ അടിച്ചു .
നിലത്തു വീണ ജോജോയുടെ മൂക്കിലൂടെ ര ക്തം ഒഴുകി .

ഇത് കണ്ടു പകച്ചു നിന്ന രാഹുലിന്റെ ശിങ്കിടികൾ എല്ലാം ചിതറി ഓടി .അടി കൊണ്ടു വീണു കിടന്ന രാഹുലിന്റെ നെഞ്ചിൽ കാലു വച്ചിട്ട് ഗിരീഷ് ചോദിച്ചു ,'”

നിയാണോടാ ഗിരീഷിന്റെ പെണ്ണിന്റെ മേൽ കൈ വെക്കുന്നത് .ഇനി നിന്റെ ഒരു നിഴലെങ്ങാനും ഈ കോളേജിലെ ഏതെങ്കിലും ഒരു പെൺകുട്ടിയുടെ മേൽ വീണെന്നറിഞ്ഞാൽ ഞാൻ ഒരു വരവ് കൂടെയങ്ങു വരും ,അത് നിന്റെ ശവം കൊണ്ടുപോകാനായിരിക്കും .

ഇത്രയും പറഞ്ഞു കൊണ്ടു ഗിരീഷ് തിരിഞ്ഞു നടന്നതും .ചുറ്റും നിന്നവർ കയ്യടിച്ചിരുന്നു .

ബുള്ളെറ്റ് സ്റ്റാർട്ട് ആക്കി ഗിരീഷ് ചാന്ദിനിയെയും കൊണ്ടു ആ ക്യാമ്പസിൽ നിന്നും ഇറങ്ങുമ്പോൾ കോളേജ് റോഡിനു ഇരുവശവുമുള്ള വാകകളിൽ നിന്നും പൂക്കൾ അവരുടെ മേൽ പതിക്കുന്നുണ്ടായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *