(രചന: അനു)
എന്റെ സജീവേ രാവിലെ വെറും വയറ്റിൽ ഇതെല്ലാംകൂടെ വലിച്ചു കേറ്റാതെ. മുന്നിലിരിക്കുന്ന മദ്യകുപ്പിയിലേക്ക് നോക്കിക്കൊണ്ട് മനു പറഞ്ഞു.
എന്നാൽ അവൻ പറയുന്നതൊന്നും വക വെക്കാതെ തുടരെ തുടരെ ഗ്ലാസ്സിലേക്ക് മദ്യം പകർന്നു കൊണ്ട് വായിലേക്ക് ഒഴിച്ചു കൊണ്ടിരുന്നു സജീവ്.
എന്റെ വേദന നിനക്ക് പറഞ്ഞാൽ മനസിലാകില്ലെടാ…. പറഞ്ഞുകൊണ്ട് വീണ്ടും മദ്യവും ഗ്ലാസും വായിലേക്ക് കമഴ്ത്തി.
നിന്റെ ഭാര്യ മക്കൾ അമ്മ അച്ഛൻ എല്ലാവരും ചേർന്ന സന്തുഷ്ട കുടുംബം എന്റേതോ…. നീ ആലോചിച്ചു നോക്കിയിട്ടുണ്ടോ എന്റെ അവസ്ഥ.
രാവിലെ തൊട്ട് സന്ധ്യവരെ അതും പൊരിവെയിലത്ത് കിടന്നു പണിയെടുത്തു വീട്ടിൽ വരുമ്പോൾ ഇത്തിരി സമാധാനം കിട്ടില്ലെങ്കിൽ പിന്നെ എന്തോന്ന് ജീവിതം.
ദേഷ്യവും സങ്കടവും നിറഞ്ഞു നിന്നിരുന്നു സജീവിൽ.
വളരെ ചെറുപ്പത്തിലേ തന്നെ അച്ഛനെ നഷ്ടപ്പെട്ട സജീവ് പ്ലസ്ടു കഴിഞ്ഞ ഉടൻ തന്നെ ജോലിക്കു പോയി തുടങ്ങി.
വീട്ടിൽ അമ്മയും സഹോദരിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്.സജീവിന്റെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞു പോയിരുന്നത്.
പതിയെ ജീവിത ചിലവുകൾ കൂടി വന്നപ്പോൾ ശമ്പളം കൂടുതൽ കിട്ടുന്ന പണികളിലേക്ക് തിരിഞ്ഞു.
കുറച്ച് കഷ്ടപാട് ആണെങ്കിലും കെട്ടിടം പണിക്ക് നല്ല വരുമാനം കിട്ടിതുടങ്ങിയപ്പോൾ അതിലേക്ക് തന്നെ പോയി.
ആദ്യം കൈയ്യൊക്കെ പൊട്ടി ചോര ഒലിച്ചു ആഹാരം വാരി കഴിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു. പിന്നീട് എല്ലാത്തിനോടും പൊരുത്തപ്പെട്ടു.
കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ മുഴുവനും സജീവിൽ ആയിരുന്നു.
ജോലിക്ക് പോയതിൽ പിന്നെ ദുശീലങ്ങളും കൂട്ടായി കൂടെകൂടി. കള്ളുകുടി സിഗരറ്റ് വലി അങ്ങനെയൊക്കെ.എന്നാലും എല്ലാത്തിനുമൊരു പരിധി സജീവ് കാത്തു സൂക്ഷിച്ചിരുന്നു.
പെങ്ങളായ സജിതയെ വിവാഹ പ്രായം എത്തിയപ്പോൾ ഒരു അച്ഛന്റെ സ്ഥാനത്തു നിന്നു കൈ പിടിച്ചു സുമേഷിനെ ഏൽപ്പിച്ചുകൊണ്ട് അവളുടെ വിവാഹം ഭംഗിയായി തന്നെ നടത്തി.
സജീവിനെയും വീട്ടുകാരെയും പോലെ തന്നെ തികച്ചു സാധാരണക്കാരായ ആൾക്കാർ ആയിരുന്നു സുമേഷിന്റെ വീട്ടുകാരും.
കൃത്യം ഒരുവർഷം ആയപ്പോൾ കയ്യിലൊരു കുഞ്ഞിനേയും കൊണ്ടാണ് സജിതയും മാനേജും ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ നിന്നത്.
സജിതയുടെ വിവാഹം കഴിഞ്ഞു മൂന്ന് വർഷം കഴിഞ്ഞപ്പോൾ സജീവിനും പെണ്ണ് നോക്കി തുടങ്ങാമെന്നുള്ള അമ്മയുടെ നിർബന്ധത്തിന് വെള്ള കൊടിവീശാൻ മനസ്സ് അനുവദിച്ചില്ല.
പഴകി ദ്രവിച്ചൊരു വീടാണുള്ളത്… ആദ്യമൊരു വീട് അതിന് ശേഷം മതി വിവാഹമെന്ന് അമ്മയോട് തറപ്പിച്ചു പറഞ്ഞു.
പെങ്ങളുടെ വിവാഹത്തിന്റെ കടം ഇത്തിരി ബാക്കിയുണ്ടായിരുന്നു എങ്കിലും വീട് വേണമെന്നുള്ള ആഗ്രഹം അതിയായതുകൊണ്ട് അതിന് വേണ്ടി തന്നെ ഇറങ്ങി തിരിച്ചു.
പഞ്ചായത്തിൽ നിന്നും കുറച്ച് തുക കിട്ടിയിരുന്നു. അതുകൊണ്ട് ആദ്യം അവരുടെ കണക്കിലുള്ളത് പോലെ വെച്ചു.
പിന്നെ രാത്രിയിലൊക്കെ നിന്ന് ഒറ്റയ്ക്ക് പണിയെടുത്തും കൂടെയുള്ളവരൊക്കെ സഹായിച്ചതു കൊണ്ടും വലിയ ബാധ്യതകൾ ഉണ്ടായില്ല വീട് വെച്ചതിൽ, എങ്കിലും ചെറിയ കടങ്ങൾ ഉണ്ടായിരുന്നു…
ഗ്രഹപ്രേവേശനത്തിനൊപ്പം കല്യാണം എന്നൊരു ആലോചന വന്നപ്പോൾ ഞാൻ വീണ്ടും എതിർത്തു. ഒരു വർഷമെങ്കിലും കഴിയാതെ എങ്ങനെയാ… ഈ കടങ്ങളൊക്കെ കുറച്ചെങ്കിലും തീർക്കണ്ടേന്നു കരുതി.
വീടും കൂടെ ആയപ്പോഴേക്കും ആലോചനകൾ ഇങ്ങോട്ട് വന്നു തുടങ്ങി… അമ്മക്ക് പിന്നെ ധൃതിയായി. അങ്ങനെ അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അനുനെ പെണ്ണുകാണാൻ പോകുന്നത്.
ഒരുപാട് സൗന്ദര്യമെന്നോന്നും പറയാൻ കഴിയില്ലെങ്കിലും കാണാൻ തെറ്റില്ലാത്തൊരു കുട്ടി. ഇടത്തരം കുടുംബം ഡിഗ്രി കഴിഞ്ഞു പിഎസ്സി കൊച്ചിങ്ങിന് പോയി കൊണ്ടിരിക്കുകയാണെന്നു പറഞ്ഞു.
താഴെ ഒരു അനിയൻ ചെക്കനുണ്ട്. അച്ഛൻ സ്വന്തമായൊരു പലചരക്ക് കട നടത്തുകയാണ്. അമ്മ പണിക്കൊന്നും പോകുന്നില്ല.
വീട്ടിൽ വന്നു അമ്മയോട് വിവരങ്ങൾ പറപ്പോൾ എന്റെ അഭിപ്രായം തിരക്കി.
ഇഷ്ടകുറവ് ഒന്നുമില്ലെന്ന് പറഞ്ഞു…ഉടൻ തന്നെ അമ്മ അവരുടെ വീട്ടിലേക്കു വിളിച്ചു, വിവാഹത്തിന് താല്പര്യം ഉണ്ടെന്നും ബന്ധം മുന്നോട്ട് കൊണ്ടുപോകാമെന്നും അറിയിച്ചു.
വിവാഹമൊക്കെ നന്നായി തന്നെ നടന്നു ആദ്യത്തെ ഒന്നുരണ്ടു മാസം കുഴപ്പങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോയി. എന്നാൽ പിന്നീട് അമ്മായിയമ്മയും മരുമകളും തമ്മിലുള്ള അങ്കം തുടങ്ങി.
എന്നും വഴക്ക്… തമ്മിൽ തമ്മിൽ കണ്ടുപോയാൽ രണ്ടും അപ്പൊ തുടങ്ങും… ഒരാളെടുക്കുന്നെ മറ്റേയാൾക്ക് പിടിക്കില്ല. പറയുന്ന പിടിക്കില്ല… തൊട്ടതിനും പിടിച്ചതിനുമൊക്കെ ബഹളം.
ഇത്തിരി നേരം പോലും വീട്ടിൽ ഇരിക്കാൻ സ്വൈര്യം തരില്ല.
ആദ്യമൊക്കെ അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. പിന്നെ വഴക്ക് പറഞ്ഞു..അപ്പോഴേക്കും അവള് കരച്ചിലും തുടങ്ങും എനിക്കി അവളെ ഇഷ്ടമല്ലെന്നു പറഞ്ഞു.
അമ്മയോട് പറയാൻ ചെന്നാലോ.. പെണ്ണുപിള്ളേടെ വാക്ക് കേട്ടോണ്ട് അമ്മയെ ഭരിക്കാൻ ചെല്ലുവാ അച്ചികോന്തൻനെന്നു പറഞ്ഞു തുടങ്ങും കണ്ണു തുടക്കാനും മൂക്ക് പിഴിയാനും.
വഴക്കിന്റെ കാരണങ്ങൾ അനേഷിച്ചു ചെല്ലുമ്പോഴായിരിക്കും ഒരു കാര്യവും ഇല്ലാത്ത കാര്യങ്ങൾക്കാണ് രണ്ടും കൂടി ഈ കണ്ട പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നു അറിയുന്നത്.
അവൻ ആലോചിച്ചു.
ഇന്ന് എന്താ പ്രശ്നം മനു അവനോടു തിരക്കി.
അമ്മടെ പെൻഷൻ കിട്ടിയ കാശ് കാണുന്നില്ലെന്നു. അത് എടുത്തത് അവളാണെന്നു അമ്മ പറയുന്നു. അല്ലാതെ പുറത്ത് നിന്നും ആരും അങ്ങോട്ട് വന്നിട്ടില്ലെന്നു.
അനു കിടന്നു കരച്ചിലും ബഹളവും അവളെ കള്ളിയാക്കിയെന്നു പറഞ്ഞു.ഞാൻ എന്ത് ചെയ്യാനാ എനിക്ക് മടത്തു…. ഇന്നലെ തൊട്ടു തുടങ്ങിയ ബഹളമാണ്.
എടാ… ഞാൻ മനസ്സിലാക്കിയടുത്തോളം അമ്മായിയും മരുമകളും തമ്മിൽ മുടിഞ്ഞ സ്നേഹമാണ്… ഇങ്ങനെയൊക്കെ വഴക്ക് അടിക്കുന്നെങ്കിലും.
നീയൊരു കാര്യം ചെയ്യ് അവളെ കൊണ്ടുപോയി ഒരാഴ്ച അവളുടെ വീട്ടിൽ നിർത്ത്. അപ്പോഴേക്കും ഈ പ്രശ്നമൊന്നും തണുക്കുകയും ചെയ്യും. അവളെ വിളിച്ചോണ്ട് വരാൻ അമ്മ നിന്നോട് പറയുകയും ചെയ്യും ബാക്കി അന്നേരം നമുക്ക് നോക്കാം.
മനു പറഞ്ഞത് സമ്മതിച്ചുകൊണ്ട് സജീവ് വീട്ടിലേക്കു പോയി.
വീട്ടിൽ ചെല്ലുമ്പോഴും അങ്ങോട്ടും ഇങ്ങോട്ടും സംസാരം തുടർന്നുകൊണ്ടിരിക്കുകയാണ്.
ഒന്നും മിണ്ടാതെ കട്ടിലിൽ കേറി കിടന്നു ഉറങ്ങി.
വൈകിട്ട് എഴുന്നേറ്റ് കുളിച്ചിറങ്ങി വന്ന് അനുനോട് ഒരുങ്ങാൻ പറഞ്ഞു.അവള് കണ്ണ് മിഴിച്ചു നോക്കിനിന്നു .
പോയി ഒരുങ്ങടി ശബ്ദം ഉയർത്തി പറഞ്ഞപ്പോഴേക്കും മുറിയിലേക്ക് ഓടിക്കെയറിയിരുന്നു.
അമ്മയും അമ്പരന്നു നിൽക്കുകയായിരുന്നു.
അവള് റെഡിയായി ഇറങ്ങി വന്നു.
നിനക്ക് വേണുന്ന അത്യാവശ്യം ഡ്രെസ്സുകളൊക്കെ ഒരു ബാഗിൽ എടുത്തുകൊണ്ട് വരാൻ പറഞ്ഞു.
ഒന്നു തിരിഞ്ഞു നോക്കിയ ശേഷം അവൾ മുറിയിലേക്ക് കയറി.
തിരിച്ചിറങ്ങി വരുമ്പോൾ അവളുടെ കയ്യിൽ ബാഗ് ഉണ്ടായിരുന്നു.
നടക്ക് മുന്നോട്ട് ….
അവൾ അമ്മയെയൊന്നു നോക്കിയ ശേഷം കരഞ്ഞുകൊണ്ടിറങ്ങി…
ടാ കൊച്ചിനെ എവിടെ കൊണ്ടുപോകുവാ…. ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ പിന്നാലെ ചെന്നു അമ്മ ചോദിച്ചു.
മറുപടിയൊന്നുമില്ലാതെ തിരിഞ്ഞു നോക്കിയ ശേഷം വണ്ടി ഇരപ്പിച്ചു കൊണ്ട് കടന്നുപോയി.
അവളുടെ വീട്ടിൽ കൊണ്ടിറക്കി കാര്യങ്ങളെല്ലാം പറഞ്ഞു. ഇറങ്ങാൻ നേരം അച്ഛനോട് മാത്രം ഒരാഴ്ച കഴിഞ്ഞു വരാമെന്നു പറഞ്ഞിറങ്ങി.
തിരിച്ചു വീട്ടിലെത്തിയപ്പോൾ അവളെ
അന്വേഷിച്ചു അമ്മ ബഹളം തുടങ്ങി.
അവളെ അവിടെ വീട്ടിൽ കൊണ്ടുപോയി ആക്കി. അവളെപോലൊരു പെണ്ണല്ല ഈ വീടിന് ചേരുന്ന മരുമകൾ. എന്നും വഴക്കും ബഹളവും. എനിക്കും വേണ്ടേ ഇത്തിരി മനസമാധാനം. പരുക്കൻ ശബ്ദത്തിൽ പറഞ്ഞു മുറിയിലേക്ക് കയറി.
തിരിച്ചു അമ്മയ്ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല.
അന്ന് വൈകിട്ട് തന്നെ കാണാതെ പോയ പൈസ അമ്മക്ക് കിട്ടിയെന്നു. കൈലിയുടെ കോണിൽ കെട്ടിയിട്ടിരുന്നിട്ടാണ് അവളുടെ നേരെ കുതിരകേറാൻ ചെന്നത്.
വന്നു നിന്നു താണ് കേണു പറഞ്ഞു അവളെ വിളിച്ചോണ്ട് വരാൻ.
വിളിക്കില്ലെന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു.
രണ്ടു ദിവസം കൊണ്ട് വീട് ആകെ ശോകമൂകമായി. അമ്മ തീർത്തും നിശബ്ദയായി.
അവളും ഫോണിൽ വിളിതുടങ്ങിയിരുന്നു. ഇങ്ങോട്ട് വരണം പോലും… ഇനി വഴക്കുണ്ടാക്കില്ലെന്നു.
കല്യാണം കഴിഞ്ഞ ശേഷം ആദ്യമായിട്ടാണ് അവള് ഇങ്ങനെ മാറി നിൽക്കുന്നത്, അമ്മയെക്കാളും അവളെക്കാളും വേദന എനിക്ക് ഉണ്ടായിരുന്നെങ്കിലും ഇങ്ങനെയെങ്കിലും നന്നാവുമെന്ന് കരുതിയാണ് മനു പറഞ്ഞ വഴി തെരഞ്ഞെടുത്തത്.
വൈകിട്ട് കലങ്ങിൽ ഇരിക്കുമ്പോൾ മനുവിനോട് രണ്ടുപേരും പറഞ്ഞ കാര്യങ്ങൾ പറഞ്ഞു.
അനുവിനെ പോയി ഇനി കൂട്ടികൊണ്ട് വരല്ലേ…. ഞാൻ അവനോടു ചോദിക്കുമ്പോൾ ധൈര്യമായി വിളിച്ചോണ്ട് വരാൻ പറഞ്ഞു മനു..
പിന്നേറ്റ് ഞായറാഴ്ച വൈകിട്ട് അവളെ പോയി വിളിച്ചോണ്ട് വരാമെന്നു കരുതി.
ഞായറാഴ്ച ജോലി ഇല്ലാത്തതുകൊണ്ട് താമസിച്ചാണ് ഉറക്കം എഴുന്നേറ്റത്.
അടുക്കളയിലേക്ക് ചെന്നു അമ്മയെ നോക്കി അവിടെ കാണാത്തതു കൊണ്ട് വെളിയിലേക്കുള്ള വാതിലിൽ തുറന്നു പുറത്തേക്ക് ഇറങ്ങി.
ഈ സമയത്താണ് റോഡിലൊരു ഓട്ടോ വന്നു നിന്നത്.അതിൽ നിന്ന് അമ്മയിറങ്ങി പിന്നാലെ അനുവും.
സജീവിന് ചിരിയാണ് വന്നത് എങ്കിലും അത് മറച്ചു പിടിച്ചുകൊണ്ടു ഗൗരവത്തോടെ നിന്നു.
ഞങ്ങള് തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും എന്തേലും പറയുന്നതിന് നീ എന്തിനാ ഇടപെടുന്നത്…. ഇവള് തന്നെയാണ് ഈ വീടിന് ചേരുന്ന മരുമകൾ.
കേറി വരുമ്പോളുള്ള എന്റെ നോട്ടം കണ്ട് ഒന്നും ചോദിക്കാതെ തന്നെ ഇങ്ങോട്ട് പറഞ്ഞു.
വിളിച്ചോണ്ട് വന്നതും , വിളിച്ചപ്പോൾ ഇറങ്ങി വന്നതുമൊക്കെ കൊള്ളാം…. ഈ വീടിന്റെ വെളിയിലേക്ക് രണ്ടിന്റെയും ശബ്ദം കേട്ടാൽ രണ്ടിനെയും ഒരുമിച്ചായിരിക്കും ഈ വീട്ടിൽ നിന്ന് ഇറക്കി വിടുന്നത്… പറഞ്ഞില്ലെന്നു വേണ്ടാ. ഒരു തക്കിതോടെ പറഞ്ഞു നിർത്തി.
എന്നെയൊന്നു നോക്കിയിട്ട് രണ്ടുപേരും അകത്തേക്ക് കയറി പോയി. ആ പോക്ക് കണ്ട് അത്രയും നേരം മസ്സില് പിടിച്ചു നിന്ന സജീവൊന്നും ചിരിച്ചു.
അനു തിരികെ വന്നിട്ട് ആഴ്ച ഒന്നു കഴിഞ്ഞിരുന്നു.
ഇപ്പൊ എങ്ങനെയുണ്ടെടാ മനു തിരക്കി.
ഒരു കുഴപ്പവുമില്ല രണ്ടുപേരും തമ്മിൽ മുടിഞ്ഞ സ്നേഹം. എവിടെപ്പോയാലും രണ്ടുപേരും ഒരുമിച്ചാണ് യാത്രയൊക്കെ സന്തോഷത്തോടെയുള്ള സജീവിന്റെ വാക്കുകൾ കേട്ട് മനുവിനും ആശ്വാസം തോന്നി.
പക്ഷെ സജീവ് അറിയുന്നുണ്ടായിരുന്നില്ല ഈ സമയത്തു വീട്ടിൽ രണ്ടുപേരും തമ്മിൽ അങ്കം നടക്കുകയാണെന്നു…
തിരികെ വിളിച്ചോണ്ട് വന്നിട്ടും നടന്നുവന്ന ആചാരങ്ങൾക്ക് ഒരുകുറവും വന്നിട്ടില്ലായിരുന്നു.
സജീവിന്റെ തലവെട്ടം കാണുമ്പോൾ രണ്ടുപേരും വഴക്ക് നിർത്തും പിന്നെ ഭയങ്കര സ്നേഹം ആയിരിക്കും പാവം സജീവ് ഇതുവല്ലതും അറിയുന്നുണ്ടോ??? അവന് എന്തായാലും സമാധാനം കിട്ടുന്നുണ്ട് അതോർത്തു ആശ്വാസിക്കാം അല്ലേ….
നിർദോഷകരമായ കുഞ്ഞു വഴക്കുകളില്ലെങ്കിൽ പിന്നെയെന്തു ജീവിതം.