(രചന: അപ്പു)
“അച്ഛാ.. വൈകിട്ട് വരുമ്പോൾ കേക്ക് കൊണ്ടു വരണേ..”
ജോലിക്ക് ഇറങ്ങുന്ന സമയത്ത് പിന്നിൽ നിന്ന് മകൾ വിളിച്ചു പറയുന്നത് കേട്ടു. ഒരു നിമിഷം അമ്പരന്നു പോയെങ്കിലും പെട്ടെന്ന് അവളെ തിരിഞ്ഞു നോക്കി. എന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായപ്പോൾ അവൾ മുഖം വീർപ്പിച്ചു.
” അച്ഛന് അല്ലെങ്കിലും ഇപ്പോൾ എന്റെ ഒരു കാര്യത്തിലും ഒരു ശ്രദ്ധയും ഇല്ലാതെ ആയിരിക്കുന്നു. അല്ലെങ്കിൽ പിന്നെ എന്നെ സംബന്ധിക്കുന്ന ഇത്രയും വലിയൊരു കാര്യം അച്ഛൻ മറന്നു പോകുമോ..?'”
പരിഭവത്തോടെ അവൾ ചോദിച്ചപ്പോൾ ആദ്യം അത്ഭുതം തോന്നി.പിന്നെ പെട്ടെന്ന് തന്നെ തീയതിയെ കുറിച്ച് ഓർത്തു.
ശരിയാണ് അവളുടെ പിറന്നാളാണ്.. പക്ഷേ നാളെയാണല്ലോ പിറന്നാൾ..
ആലോചനയുടെ അവളെ നോക്കിയപ്പോഴേക്കും അവളുടെ മറുപടി വന്നു.
“നാളെ തന്നെയാണ് സംഭവം. പക്ഷേ ഇത്തവണ ഒരു വെറൈറ്റിക്ക് രാത്രി 12 മണിയാകുമ്പോൾ കേക്ക് മുറിക്കാം എന്നാണ് ഞാൻ വിചാരിക്കുന്നത്.”
വലിയ ആളുകളെപ്പോലെ ആ പത്ത് വയസ്സുകാരി പറയുന്നത് കേട്ടപ്പോൾ ചിരി വന്നു.പക്ഷേ ചിരിച്ചാൽ പണി കിട്ടും എന്ന് ഉറപ്പുള്ള അതുകൊണ്ടുതന്നെ ശരി എന്ന് തലയാട്ടി അവിടെ നിന്നിറങ്ങി വേഗം തന്നെ ബസ്റ്റോപ്പിലേക്ക് നടന്നു.
ഇന്ന് ഒരല്പം നേരത്തെയാണ്. അതുകൊണ്ടു തന്നെ ബസ് വരാൻ ഇനിയും സമയമുണ്ട്. ബസ് സ്റ്റോപ്പിലേക്ക് കയറിയിരുന്നു.
” ഇന്ന് മിക്കവാറും നല്ല മഴയുണ്ടാകും എന്നാണ് തോന്നുന്നത്. കണ്ടില്ലേ മാനം മുഴുവൻ കറുത്തിരുണ്ട് കയറുന്നത്..? ”
ബസ്റ്റോപ്പിൽ ഇരുന്ന് ആരോ പറയുന്നത് കേട്ട് ആശ്ചര്യത്തോടെ ആകാശത്തേക്ക് നോക്കി. ശരിയാണ് വാനം മുഴുവൻ കറുത്ത മേഘങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്നു.
മഴയുടെ മുന്നോടി എന്നപോലെ തുമ്പികൾ പാറി പറക്കുന്നു.പെട്ടെന്ന് എവിടെ നിന്നോ ഇടിമിന്നലിന്റെ ശബ്ദം കേട്ടു. അതോടെ ഞെട്ടൽ പൂർണമായി.
അന്നും മഴയായിരുന്നു.അനാമിക എന്ന അനു ഞങ്ങളുടെ ജീവിതത്തിലേക്ക് വന്ന അന്നും പെരുമഴയായിരുന്നു. പരസ്പരം ആർക്കും ആരെയും കാണാൻ പോലും സാധിക്കാത്ത അത്രയും വലിയ മഴ.
അറിയാതെ തന്നെ ഓർമ്മകൾ ആ ദിനത്തിലേക്ക് ഓടി പോവുകയായിരുന്നു.
ഒരുപാട് കഷ്ടപ്പെട്ട് പിഎസ്സി പരീക്ഷകൾ ഒക്കെ എഴുതി എങ്ങനെയൊക്കെയോ ലിസ്റ്റിൽ കയറി പറ്റിയതാണ്.
പക്ഷേ പോസ്റ്റിങ്ങ് കിട്ടിയത് നാട്ടിൽ നിന്ന് ഒരുപാട് അകലെയായിരുന്നു. അതുകൊണ്ടുതന്നെ വീട്ടിൽ നിന്ന് അവിടേക്ക് പോകാൻ തനിക്ക് വല്ലാത്ത മടിയുണ്ടായിരുന്നു.
ഒന്നാമത്തെ കാര്യം കല്യാണം കഴിഞ്ഞിട്ട് കുറച്ചു നാളുകളായെങ്കിലും ഒരു കുട്ടി ഉണ്ടാകാത്തതിന്റെ സങ്കടം ഞങ്ങൾക്ക് രണ്ടുപേർക്കും ഉണ്ടായിരുന്നു.
അതിനിടയിൽ ഇങ്ങനെ പിരിഞ്ഞു നിൽക്കുക കൂടി ചെയ്യുന്നത് ചിന്തിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.
എന്റെ വിഷമം മനസ്സിലാക്കിയത് പോലെ രണ്ട് വീട്ടുകാരും ഒരുപോലെ പറഞ്ഞത് ഞങ്ങളോട് രണ്ടാളോടും ഒന്നിച്ചു പൊയ്ക്കോളാൻ ആയിരുന്നു. ഞങ്ങൾക്കും അത് സന്തോഷമായിരുന്നു.
അതുകൊണ്ടാണ് ആ ഗ്രാമത്തിലേക്ക് ഞങ്ങൾ എത്തിച്ചേർന്നത്.
പഞ്ചായത്ത് ഓഫീസിൽ ആയിരുന്നു എനിക്ക് ജോലി. ഞാൻ ജോലിക്ക് പോയി കഴിഞ്ഞാൽ ബാക്കിയുള്ള സമയം മുഴുവൻ അവൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. അവളുടെ വിരസത മാറ്റാൻ അവൾ പച്ചക്കറി കൃഷികളും മറ്റും ചെയ്യുമായിരുന്നു.
പിന്നെ ഇടയ്ക്കൊക്കെ പിഎസ്സി പഠനവും അങ്ങനെയൊക്കെയായി ജീവിതം നല്ല രീതിയിൽ തന്നെ മുന്നോട്ടു പോയി.
ഒരു മലഞ്ചെരിവ് ആയിരുന്നു ആ ഗ്രാമം. അവിടെ നന്മ നിറഞ്ഞ കുറെയേറെ മനുഷ്യർ ഉണ്ടായിരുന്നു.
ഞങ്ങൾ അവിടേക്ക് പുതിയതായി എത്തിയതാണ് എന്നൊരു ഭാവം പോലുമില്ലാതെ ഞങ്ങളെ അവിടെയുള്ളവരെ പോലെ തന്നെ അവർ ചേർത്ത് പിടിച്ചു.
ഞങ്ങളുടെ എന്താവശ്യങ്ങൾക്കും അവർ എല്ലായിപ്പോഴും തയ്യാറായിരുന്നു. അതുകൊണ്ടുതന്നെ ആ ഗ്രാമത്തിനോടും ഗ്രാമത്തിലുള്ളവരോടും ഞങ്ങൾക്ക് വല്ലാത്തൊരു ആത്മബന്ധം ഉടലെടുക്കാൻ തുടങ്ങിയിരുന്നു.
അവിടെയുള്ള എന്ത് ആഘോഷങ്ങളിലും ആവശ്യങ്ങളിലും ഞങ്ങൾ മുഖ്യാതിഥികളായിരുന്നു. സത്യം പറഞ്ഞാൽ ആ ദിനങ്ങൾ ഒക്കെ വല്ലാതെ ആഘോഷിക്കുകയായിരുന്നു ഞങ്ങൾ എല്ലാവരും.
അതിനിടയിൽ ഞങ്ങളുടെ അയൽക്കാരിയായ കുമാരിക്ക് ഒരു കുഞ്ഞു കൂടി പിറന്നു. എന്റെ ഭാര്യയ്ക്ക് അത് വല്ലാത്ത സന്തോഷമായിരുന്നു.
അവൾക്ക് വിശേഷം ഉണ്ട് എന്ന് അറിഞ്ഞ സമയം മുതൽ എന്റെ ഭാര്യ അവിടെ തന്നെയായിരുന്നു എന്ന് പറയുന്നതാണ് ശരി.
അവൾക്ക് എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടെങ്കിൽ ഏറ്റവും കൂടുതൽ ടെൻഷൻ അനുഭവിച്ചിരുന്നത് എന്റെ ഭാര്യയായിരുന്നു. കുഞ്ഞിനെ ആദ്യം എന്റെ കയ്യിൽ തന്നെ ഏറ്റുവാങ്ങണം എന്ന് അവൾ എല്ലായിപ്പോഴും പറയുമായിരുന്നു.
ഞങ്ങളുടെ മനസ്സും ഞങ്ങളെയും നന്നായി അറിയാവുന്നതു കൊണ്ട് തന്നെ അവർക്കൊക്കെയും അത് സന്തോഷം ഉള്ള കാര്യമായിരുന്നു.
കുമാരി പ്രസവിച്ചു. പെൺകുഞ്ഞ് ആയിരുന്നു. എന്റെ ഭാര്യയുടെ ആഗ്രഹം പോലെ തന്നെ അവൾ തന്നെയായിരുന്നു കുഞ്ഞിനെ ആദ്യം ഏറ്റുവാങ്ങിയത്.
ആ കുഞ്ഞിനെ ഏറ്റുവാങ്ങി ആ മുഖത്തേക്ക് നോക്കി നിൽക്കുമ്പോൾ അവൾക്ക് വല്ലാത്തൊരു നഷ്ടബോധം ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു.
കുഞ്ഞിനെയും കുമാരിയെയും വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴും എല്ലായിപ്പോഴും ആ വീട്ടിലേക്ക് കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം എന്റെ ഭാര്യക്ക് ഉണ്ടായിരുന്നു.
പലയിടത്തും കണ്ടിട്ടുള്ളതു പോലെ മച്ചിയാണ് എന്നൊരു പേര് വിളിച്ച് അവളെ അവരാരും മാറ്റി നിർത്തിയില്ല.
പകരം എത്രയും വേഗം അവൾക്കും ഒരു കുഞ്ഞു ഉണ്ടാകാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്ന് പറഞ്ഞ് അവളെ ആശ്വസിപ്പിക്കുകയാണ് അവരൊക്കെ ചെയ്തത്.
സന്തോഷമായി തന്നെ ദിവസങ്ങൾ മുന്നോട്ടു പോയി. പക്ഷേ ആ ഗ്രാമത്തിൽ കരിനിഴൽ വീണ് തുടങ്ങിയിരുന്നു.
പെട്ടെന്നൊരു ദിവസത്തിൽ അവിടെ നല്ലൊരു മഴ തുടങ്ങി. ഇന്ന് മാറും നാളെ മാറും എന്ന് പറഞ്ഞ് കാത്തിരുന്നു കാത്തിരുന്ന് ഒരാഴ്ചയോളം ആ മഴ നീണ്ടു നിന്നു.
കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരായിരുന്നു ആ ഗ്രാമത്തിൽ ഒരുപാട്.ഒരാഴ്ച നീണ്ടുനിന്ന മഴയിൽ കൃഷിയിടങ്ങൾ പൂർണമായും നശിച്ചിരുന്നു.തങ്ങളുടെ പ്രതീക്ഷകൾ മുഴുവൻ അസ്തമിച്ചവരായി ആ ഗ്രാമത്തിലുള്ള ഓരോരുത്തരും മാറി.
പഞ്ചായത്തു നിന്ന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് നോക്കണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു.
പക്ഷേ അന്നത്തെ ആ രാത്രി എല്ലാ കാര്യങ്ങളും മാറി മറിഞ്ഞു.
ആ രാത്രി തീരെ പ്രതീക്ഷിക്കാതെ ഉരുൾപൊട്ടി. കുന്നിൻ ഒരു ആയതുകൊണ്ട് തന്നെ കല്ലുകളും മരങ്ങളും ശക്തമായി വന്ന് പതിക്കാൻ തുടങ്ങിയപ്പോഴാണ് ഭൂരിഭാഗം ആളുകളും ഉരുൾപൊട്ടലിനെ കുറിച്ച് അറിഞ്ഞത് തന്നെ.
കയ്യിൽ കിട്ടിയത് ഒക്കെ വാരിയെടുത്ത് ജീവനും കൊണ്ട് നെട്ടോട്ടം ഓടുകയായിരുന്നു ഓരോരുത്തരും. വിവരമറിഞ്ഞപ്പോൾ ആളുകളോടൊപ്പം പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു ഞാനും.
പക്ഷേ എന്നോടൊപ്പം പുറത്തിറങ്ങിയ അവൾ ആദ്യം ഓടിയെത്തിയത് കുമാരിയുടെ വീട്ടിലേക്ക് ആയിരുന്നു.
അവിടെ വിവരം പറഞ്ഞു കുഞ്ഞുമായി പുറത്തേക്ക് ഇറങ്ങി വന്നത് അവളായിരുന്നു. അവൾക്ക് പിന്നാലെ തന്നെ കുമാരിയും ഭർത്താവും അമ്മയും ഒക്കെ ഓടി വരുന്നത് ഞാൻ കണ്ടു.
അവളുടെ കൈപിടിച്ച് വലിച്ച് കുറെ ദൂരം ഞാൻ മുന്നോട്ട് ഓടി. പക്ഷേ പെട്ടെന്നൊരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ ഞങ്ങൾക്ക് പിന്നാലെ ഓടിവന്നിരുന്ന ഒരു കൂട്ടം ആളുകൾ മണ്ണിന് അടിയിൽ പെട്ടു പോയതാണ് കണ്ടത്.
ആ ഭീകര ദൃശ്യത്തുനിന്ന് ഈ നിമിഷവും തനിക്ക് മോചനം കിട്ടിയിട്ടില്ല.
കുറേയേറെ ആളുകളുടെ ജീവനെടുത്തു കൊണ്ട് ആ ഉരുൾപൊട്ടലും പേമാരിയും അവസാനിച്ചു. അപ്പോഴും ഞങ്ങളുടെ കയ്യിൽ കുമാരിയുടെ കുഞ്ഞ് ഭദ്രമായിരുന്നു.
ആ കുഞ്ഞിനെ ഒരിടത്തും ഉപേക്ഷിച്ചു കളയാൻ എനിക്ക് തോന്നിയില്ല. അല്ലെങ്കിലും ഒരു കുഞ്ഞ് ഇല്ലാത്തതിന്റെ വേദന അറിയുന്ന ഞങ്ങൾ എങ്ങനെ ഒരു കുഞ്ഞിനെ കയ്യിൽ കിട്ടുമ്പോൾ അതിനെ അനാഥാലയത്തിൽ ഉപേക്ഷിക്കും..?
അധികം വൈകാതെ ആ ഗ്രാമത്തിൽ നിന്ന് എനിക്ക് സ്ഥലം മാറ്റം കിട്ടി.ഒരുപക്ഷേ ഞാൻ അത് ഒരുപാട് ആഗ്രഹിച്ചിരുന്നു എന്ന് പറയുന്നതാണ് ശരി.
കാരണം അനാമിക വളർന്നു വരുമ്പോൾ, അവളുടെ അച്ഛനും അമ്മയും ഞങ്ങളല്ല എന്ന് ആ ഗ്രാമത്തിൽ ഞങ്ങൾ തുടരുന്ന കാലത്തോളം ആ കുട്ടി അറിയും.
അവരുടെയൊക്കെ കൺവെട്ടത് നിന്ന് അവളെയും കൊണ്ട് ഓടിക്കാൻ ഞങ്ങൾക്ക് കിട്ടിയ അവസരമായിരുന്നു എന്റെ സ്ഥലം മാറ്റം. അതുകൊണ്ടുതന്നെ സന്തോഷത്തോടെയാണ് അവിടെ നിന്ന് ഈ നാട്ടിലേക്ക് വന്നത്.
ഈ നാട്ടിലുള്ളവരുടെ കണ്ണിൽ അവൾ ഞങ്ങളുടെ കുഞ്ഞാണ്.. അത് എന്നും അങ്ങനെ തന്നെയായിരിക്കും..!
അവളെ ഞങ്ങൾക്ക് ലഭിച്ച ആ ദിവസം.. അതാണ് നാളെ… അവളുടെ പിറന്നാൾ എന്ന് ഞങ്ങൾ പറഞ്ഞു വിശ്വസിപ്പിച്ചു വച്ചിരിക്കുന്ന ആ ദിവസം..!
നെടുവീർപ്പോടെ അത് ചിന്തിച്ചു കഴിഞ്ഞപ്പോഴേക്കും പോകാനുള്ള ബസ് മുന്നിൽ വന്നു ബെല്ലടിച്ചിരുന്നു.
ബസ്സിലേക്ക് ഓടിക്കയറുമ്പോൾ വൈകുന്നേരം കേക്ക് വാങ്ങുന്ന കാര്യം ഒരിക്കൽ കൂടി ഞാനോർത്തു..