ഒരിക്കൽ അച്ഛനെ പ്രാണനോളം സ്നേഹിച്ചത് അല്ലേ, എന്റെ അമ്മ ആയിട്ട്..

പ്രിയദർശിനി
(രചന: Aswathy Karthika)

ഒന്ന് നിന്നെ ഡോക്ടറേ എന്തൊരു സ്പീഡ് ആണ്…. ഗൗതം നോക്കുമ്പോൾ പ്രിയ അവന്റെ പുറകെ ഓടി വരുന്നുണ്ട്….

ഗൗതം എറണാകുളം ഗവൺമെന്റ് ഹോസ്പിറ്റലിലെ കാർഡിയാക് ഡോക്ടർ ആണ്..

പ്രിയദർശിനി എന്ന പ്രിയ…. അച്ഛനും അമ്മയും ഡോക്ടർമാരാണ്… ഗൗതം വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ തന്നെ വർക്ക് ചെയ്യുന്നു…

പ്രിയ ഇപ്പോൾ ഡിഗ്രി കഴിഞ്ഞു നിൽക്കുകയാണ്..

ഓ താൻ ആയിരുന്നോ….

തന്നെ ഇപ്പോൾ കണ്ടത് എന്തായാലും നന്നായി ഞാൻ നോക്കി നടക്കുകയായിരുന്നു….

ഗൗതത്തിന്റെ വാക്കുകേട്ട് പ്രിയ സന്തോഷത്തോടെ അവനെ നോക്കി…

ഈശ്വരാ മൂന്നു വർഷമായി ഞാൻ ഡോക്ടറുടെ പുറകെ നടക്കാൻ തുടങ്ങിയിട്ട്… എന്റെ കാലിലെ ചെരുപ്പ് തേഞ്ഞതല്ലാതെ ഒരു ഗുണവും ഉണ്ടായിട്ടില്ല…

ഇന്നാണ് ഡോക്ടർ എന്നെ കാണണമെന്ന് പറഞ്ഞത് സന്തോഷമായി മരിച്ചാലും വേണ്ടില്ല …..

എനിക്കറിയായിരുന്നു ഡോക്ടർ എന്തായാലും എന്റെ ഇഷ്ടം തിരിച്ചറിയുമെന്ന്…

പ്രിയ നിർത്താതെ സന്തോഷത്തോടെ അവനോട് സംസാരിച്ചു….

ഒന്ന് നിർത്തുന്നുണ്ടോ…

അവസാനം സഹികെട്ട് ഗൗതം കുറച്ചു ഉറക്കെ പറഞ്ഞു…

നോക്കു പ്രിയ ഞാൻ നിന്നോട് നേരത്തെ പറഞ്ഞിട്ടുണ്ട് എനിക്ക് നിന്നെ വിവാഹം കഴിക്കാൻ താല്പര്യം ഇല്ല എന്ന്…

പിന്നെ തന്നെ കാണണമെന്ന് പറഞ്ഞത് എന്താണെന്ന് വെച്ചാൽ ഞാൻ ഇവിടെ നിന്നും പോവുകയാണ്…

നാട്ടിൽ തന്നെ ഹോസ്പിറ്റലിലേക്ക് മാറ്റം കിട്ടി… പിന്നെ അടുത്ത മാസം എന്റെ വിവാഹമാണ്…..

ഹേ….

കേട്ടത് വിശ്വസിക്കാനാവാതെ പ്രിയ കണ്ണുനിറഞ്ഞു നോക്കി…

ഇവിടുന്ന് പോവേ….

എങ്ങോട്ട്….

പിന്നെന്താ പറഞ്ഞേ കല്യാണം ആണെന്നോ ആരുടെ?

ഡോക്ടറുടെയോ ഞാനല്ലേ ഡോക്ടറുടെ പെണ്ണ് എങ്ങനെ ഞാനില്ലാതെ കല്യാണം നടക്കും…. കണ്ണു നിറച്ചു കൊണ്ടുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ അവനും സങ്കടം തോന്നി…

ബാ നമുക്ക് അങ്ങോട്ട് മാറി നിന്ന് സംസാരിക്കാം ഇവിടെ നിന്ന ആൾക്കാരൊക്കെ ശ്രദ്ധിക്കും… ഗൗതം അവിടെയുള്ള തണൽ മരത്തിന്റെ ചുവട്ടിലേക്ക് പോയിരുന്നു…

പ്രിയയും അവനൊപ്പം വന്നു…

നോക്കു പ്രിയ ഞാൻ നിന്നോട് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ എനിക്ക് നിന്നെ ഇഷ്ടമാണെന്ന്…

നീ ഇഷ്ടമാണെന്ന് പുറകെ വന്നു പറഞ്ഞപ്പോൾ ഒക്കെ വേണ്ട എനിക്ക് താല്പര്യം ഇല്ല എന്നല്ലേ ഞാൻ പറഞ്ഞിട്ടുള്ളത്…

ഇഷ്ടമാണെന്ന് തരത്തിലുള്ള എന്തെങ്കിലും ഒരു നോട്ടമോ സംസാരമോ എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടോ….

ഇല്ല എന്നുള്ള അർത്ഥത്തിൽ പ്രിയ തല അനക്കി അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു….

പിന്നെ എന്തിനാണ് താനെന്നെ പ്രതീക്ഷിക്കുന്നത്…

ഞാൻ നേരത്തെ പറഞ്ഞില്ലേ എനിക്ക് തന്നോട് അങ്ങനെയൊരു ഇഷ്ടം ഒന്നും തോന്നിയിട്ടില്ല ഇതുവരെ…

ഇനി തോന്നി കൂടെ… ഡോക്ടർക്ക് എന്നെ ഇഷ്ടമല്ലാത്തത് കാരണം എന്താ ഉള്ളത്..

കാണാൻ വലിയ സുന്ദരി ഒന്നുമല്ലെങ്കിലും തരക്കേടില്ല എന്നാണ് എന്റെ വിശ്വാസം… അത്യാവശ്യം വിദ്യാഭ്യാസവും നല്ല ഫാമിലിയും അല്ലേ എന്റെത്… എന്റെ അച്ഛനെയും അമ്മയെയും ചേട്ടനെയും ഒക്കെ ഡോക്ടർ അറിയുന്നതല്ലേ പിന്നെന്താണ്.

പ്രിയ എന്റെ വിവാഹം പണ്ടേ പറഞ്ഞു വച്ചിട്ടുള്ളത് ആണ്….

കാർത്തിക… എന്നാണ് കുട്ടിയുടെ പേര്.. അവൾ നാട്ടിൽ തന്നെ ഒരു സ്കൂളിൽ അധ്യാപികയാണ്….

ഓർമ്മവച്ചപ്പോൾ മുതൽ എന്റെ ഒപ്പം ഉള്ളവൾ ആണ് അവൾ… ഞാനൊന്ന് പിണങ്ങിയാൽ മനസ്സ് തകർന്നു പോകുന്ന പെണ്ണ്.. ദേഷ്യത്തോടെ ഞാൻ ഒന്ന് നോക്കിയ കണ്ണുനിറച്ച് വിതുമ്പുന്ന പെണ്ണ്…

പിറന്നാളിനും എനിക്ക് ജോലി കിട്ടാനും ഒക്കെ വേണ്ടി അമ്പലങ്ങളിൽ ഓടിനടന്ന് വഴിപാട് നടത്തുന്ന ഒരു പാവം പിടിച്ച പെണ്ണ്…

എന്റെ കാശിയുടെ പെങ്ങൾ…

എന്റെ കാത്തു…….

തൊട്ടടുത്ത വീടുകളിൽ ആണ് ഞങ്ങൾ രണ്ടാളും താമസം…

അച്ഛന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ മകൾ…. ഞാൻ എന്നാൽ പ്രാണനാണ് അവൾക്ക്… അവള്ക്കു മാത്രമല്ല എനിക്കും… കാത്തു ആണ് എന്റെ ഭാര്യ എന്നു എന്നോ മനസ്സിലുറപ്പിച്ചു വച്ച് വാക്കുകളാണ്… അത് മാറ്റാൻ എന്റെ മനസ്സ് അനുവദിക്കില്ല…

ചിലപ്പോൾ ഒരുപക്ഷെ എനിക്ക് അവളെ വിവാഹം കഴിക്കാൻ താല്പര്യം ഇല്ല…വേറൊരു കുട്ടിയെ ഇഷ്ടം ആണെന്ന് പറഞ്ഞ അവൾ കരഞ്ഞു കൊണ്ടാണെങ്കിലും എന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകും….

പക്ഷേ അങ്ങനെ ചെയ്താൽ ഞാൻ ഒരു മനുഷ്യൻ അല്ലാതാകും…

പിന്നെ ഒരിക്കലും എനിക്ക് സന്തോഷത്തോടെ ജീവിക്കാൻ പറ്റില്ല അവളെ ഒഴിവാക്കി ഒരു ജീവിതം എനിക്ക് ഒരു സന്തോഷവും തരാനും പോകുന്നില്ല…

അതുകൊണ്ട് പ്രിയ എന്നെ മറന്നു വേറൊരു ജീവിതം തിരഞ്ഞെടുക്കണം….

അച്ഛനും അമ്മയ്ക്കും ഒക്കെ ഒരുപാട് പ്രതീക്ഷകളുണ്ട് പ്രിയയെ കുറിച്ച്…

അവരുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയരണം…

അടുത്ത മാസം 15 നാണ് എന്റെ വിവാഹം അച്ഛനും അമ്മയും ഒക്കെ വരും കൂട്ടത്തിൽ പ്രിയയും വരണം…

നല്ലൊരു കൂട്ടുകാരി ആയിട്ട് പ്രിയ എന്നും എന്റെ മനസ്സിൽ ഉണ്ടാകും…

വരട്ടെ….

അവൻ അവിടെ നിന്ന് അകലുന്നത് നോക്കി പ്രിയ ഇരുന്നു…

ഇല്ല ഡോക്ടറെ… പ്രിയദർശിനി യുടെ ജീവിതത്തിൽ ഒരേയൊരു പുരുഷനെ സ്ഥാനം കൊടുത്തിട്ടുള്ളൂ… അത് നിങ്ങൾക്ക് ആയിരുന്നു.. ഇനി മരണംവരെ എന്റെ ജീവിതത്തിൽ വേറൊരു പുരുഷനും വരാനും പോകുന്നില്ല…..

ഒന്നു കിട്ടിയില്ലെങ്കിൽ മറ്റൊന്നിനെ തേടിപോകുന്ന സ്വഭാവ പ്രിയ അന്നുമില്ല ഇന്നുമില്ല ഇനിയൊരിക്കലും ഉണ്ടാവുകയുമില്ല….

നിങ്ങൾക്കല്ലേ എന്നെ സ്നേഹിക്കാൻ പറ്റാത്ത ഉള്ളൂ എനിക്ക് സ്നേഹിക്കാമല്ലോ അത് വേണ്ടെന്ന് ആരു പറയും ……

വീട്ടിൽ ചെന്നിട്ടും ഒരു മനസ്സമാധാനം ഇല്ല…

ഇന്നല്ലെങ്കിൽ നാളെ ഡോക്ടർ എന്റെ ഇഷ്ടം മനസ്സിലാക്കും എന്നാണ് വിചാരിച്ചത്…

പക്ഷെ ഇത് ഇപ്പൊ. ഓർക്കുന്തോറും നെഞ്ചു പൊടിഞ്ഞു പോകുന്ന പോലെ… ഗൗതത്തിന്റെ താലിക്ക് അവകാശിയായി വേറൊരു പെൺകുട്ടി…. വയ്യ അങ്ങനെയൊന്ന് ചിന്തിക്കാൻ കൂടി വയ്യ… നെഞ്ചിൽ ഒരു കഠാര കുത്തിവയ്ക്കുന്നത് പോലെയാണ് തോന്നുന്നത്…

പ്രണയം എത്ര സുഖം ഉള്ള അനുഭൂതി ആണോ അത്രത്തോളം തന്നെ വേദനയും തരും. മരണത്തോളം വേദന… മരിച്ചാലും പോവാത്ത വേദന… ഓരോന്നും ഓർത്തു സമയം പോയത് അറിഞ്ഞില്ല..

അച്ഛനും അമ്മയും വന്ന് വിളിക്കുമ്പോൾ ആണ് ഇത്രയും നേരമായിട്ട് വന്ന വസ്ത്രം പോലും മാറിയില്ല ല്ലോ എന്നോർത്തത്.. പ്രിയയുടെ മുഖം കണ്ടപ്പോഴേ അച്ഛനും അമ്മയ്ക്കും കാര്യം മനസ്സിലായി… ഗൗതതിനോടുള്ള അവളുടെ ഇഷ്ടം ആദ്യം അവൾ പറഞ്ഞത് അച്ഛനോടും അമ്മയോടും ആണ്..

ഗൗതത്തെ പോലെ ഒരു മരുമകനെ അവരും ആഗ്രഹിച്ചിരുന്നു…

അമ്മ അവളുടെ അടുത്തേക്ക് വന്നു…

സാരല്ല മോളെ… ഇഷ്ടം ഒന്നും നമുക്ക് പിടിച്ചു വാങ്ങാൻ കഴിയില്ല…

ഓരോരത്തർക്കും ഉള്ളത് അവരവരുടെ അടുത്തേക്ക് തന്നെ എത്തും..

മോൾക്ക് അവനെ വിധിച്ചിട്ടില്ല എന്ന് വിചാരിച്ച മതി…

പ്രിയേ അച്ഛൻ വിളിച്ചു…

അച്ഛന്റെ മോക്ക് വേണ്ടി അച്ഛനും അമ്മയും വേണമെങ്കിൽ ഗൗതത്തിന്റെ കാലു പിടിച്ചു സമ്മതിപ്പിക്കാം.. പക്ഷെ അതു കൊണ്ട് ഗുണം ഒന്നും കിട്ടില്ല..

സന്തോഷം ഉള്ള ഒരു ജീവിതം നിനക്കോ അവനോ കിട്ടില്ല..

ഒരാളെയും നിർബന്ധിച്ചു നമുക്ക് സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ല മോളെ…

എനിക്ക് അറിയാം അച്ഛാ. പെട്ടന്ന് കേട്ടപ്പോൾ ഒരു വിഷമം…

ഒരുപാട് നാളായി മനസ്സിൽ കൊണ്ട് നടന്നത് അല്ലേ…

എന്നെങ്കിലും എന്നെ മനസ്സിലാക്കും എന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നു മനസ്സിൽ….

സാരല്ല… മോൾ ഇങ്ങനെ വിഷമിച്ചു ഇരിക്കരുത്…

അത് ഞങ്ങൾക്ക് സഹിക്കില്ല…

അച്ഛൻ അവളെ നെഞ്ചോട് ചേർത്തു വച്ച് പറഞ്ഞു…

അച്ഛനും അമ്മയും താഴേക്ക് പോയി…

എങ്ങനെ വിഷമിച്ചു ഇരുന്നാൽ അച്ഛനും അമ്മയ്ക്കും സങ്കടം ആവുകയുള്ളൂ…

ഇന്നുവരെ ഒരു ആഗ്രഹത്തിന് എതിരു നിന്നില്ല രണ്ടാളും…

ഗൗതത്തിനെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴും പഠിത്തമൊക്കെ കഴിയുമ്പോഴും ഈ സ്നേഹം മനസ്സിൽ ഉണ്ടെങ്കിൽ അന്ന് നടത്തി തരാം എന്നാണ് പറഞ്ഞത്….

ഗൗതത്തിന്റെ മുഖം മനസ്സിലേക്ക് വരുന്തോറും മരിക്കാൻ വരെ തോന്നുന്നു….

പക്ഷെ ഞാനിങ്ങനെ തളർന്ന എന്റെ അച്ഛനും അമ്മയും…

പാടില്ല…

എന്നെ ചുറ്റിപ്പറ്റിയാണ് അവരുടെ ലോകം തന്നെ….

എല്ലാം മറന്നു വെന്ന് പുറമേ കാണിച്ചേ പറ്റു…

പ്രിയ കുറച്ചുനേരം കണ്ണടച്ചിരുന്നു…

പിന്നെ പോയി ഫ്രഷ് ആയി അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് ചെന്നു….

തങ്ങളുടെ മുന്നിൽ ചിരിച്ചു കാണിക്കുമ്പോഴും മകൾ ഉള്ളിൽ കരയുക ആണെന്ന് അച്ഛനും അമ്മയ്ക്കും അറിയാം.. പക്ഷെ പിന്നെ രണ്ടാളും അതിനെ പറ്റി ഒന്നും ചോദിച്ചില്ല..

മറക്കാൻ ശ്രമിക്കും തോറും ഗൗതം കൂടുതൽ ശക്തിയോടെ മനസ്സിൽ തെളിഞ്ഞു വരുന്നു… രാത്രി പ്രിയ അച്ഛനും അമ്മയ്ക്കും ഒപ്പം ഭക്ഷണം കഴിക്കുക ആണ്..

മോളെ നാളെ ആണ് ഗൗതത്തിന്റെ വിവാഹം….പോകാതെ ഇരിക്കാൻ പറ്റില്ല.. നാളെ ഞങ്ങൾ പോയി ജസ്റ്റ്‌ ഒന്നു തല കാണിച്ചു വരാം…

പ്രിയ പെട്ടന്ന് കഴിക്കുന്നത് നിർത്തി..

ഞാനും വരുന്നു അച്ഛാ….

ഗൗതം വേറെ ഒരു പെണ്ണിന്റെ കഴുത്തിൽ താലി ചാര്ത്തുന്നത് എനിക്ക് കാണണം.. അല്ലങ്കിൽ എന്റെ മനസ്സിൽ എന്നും ആ പഴയ ഗൗതം ആയിരിക്കും..

ആ കാഴ്ച എനിക്ക് കണ്ണ് നിറയെ കാണണം ഞാനും വരും…. അവൾ പറഞ്ഞത് ശരി ആണെന്ന് അച്ഛനും അമ്മയ്ക്കും തോന്നി.. കിടന്നിട്ടും ഉറക്കം ഒന്നും വരുന്നില്ല… തിരിഞ്ഞും മറിഞ്ഞും കിടന്ന് വെളുപ്പിന് ആയപ്പോഴാണെന്ന് മയങ്ങിയത്

സാരി ഒക്കെ ഉടുത്തു നല്ല ഭംഗി ആയി തന്നെ ആണ് പ്രിയ ഇറങ്ങിയത്..

ഗൗതത്തിന്റെ നാട്ടിലെ അമ്പലത്തിൽ വച്ചാണ് വിവഹം.. പ്രിയ ഒക്കെ ചെന്നാപ്പോഴക് താലി കേട്ടാനുള്ള മുഹൂർത്തം ആയി… വെളുത്ത കുർത്ത ഒക്കെ ഇട്ടു മനോഹരമായ പുഞ്ചിരിയോടെ താലി കെട്ടുന്ന ഗൗതത്തിന്റെ മുഖം പ്രിയ കണ്നിറയെ കണ്ടു…

കാത്തുവിന്റെ മുഖത്തേക്ക് നോക്കി നിന്നു പ്രിയ… അവളുടെ നെറ്റിയിലെ സിന്ദൂരചുവപ്പ് ഗൗതം ഇനി ഒരിക്കലും തനിക്ക് ആരും ആവില്ല എന്ന് അവളെ ഓർമ പെടുത്തി…

ഗൗതം കാത്തുവിനെ എല്ലാവർക്കും പരിചയപെടുത്തി… പ്രിയ കൊണ്ടുവന്ന ഗിഫ്റ്റ് കാത്തുവിന് കൊടുത്തു… വിവാഹവും കഴിഞ്ഞു ഭക്ഷണം ഒക്കെ കഴിച്ചു ആണ് അവർ മടങ്ങിയത്….

ഇരുപത് വർഷങ്ങൾക്ക് ശേഷം…

പ്രിയ മേഡത്തിന് ഒരു ഗസ്റ്റ്‌ ഉണ്ട്…

രാവിലെ അടുക്കളയിൽ നിൽക്കുമ്പോൾ ആണ് സെക്യൂരിറ്റി വന്നു പറഞ്ഞത്…

അതാരാ ഇപ്പൊ ഈ രാവിലെ…

പ്രിയ കൈ തുടച്ചു കൊണ്ട് ഉമ്മറതേക്ക് ചെന്നു..

എന്തോ ഒരു ധൈര്യത്തിന് വന്നതാണ് ഇവിടേക്ക്… പ്രിയദർശിനി അവർ എങ്ങനെയുള്ള ആളാണെന്ന് അറിയില്ല… കേട്ടതൊക്കെ വച്ചുനോക്കുമ്പോൾ പാവം ആണ്…

പക്ഷേ ഞാനാരാണെന്നും വന്നത് എന്തിനാണെന്ന് അറിയുമ്പോൾ എന്താവും പ്രതികരണം അറിയില്ല…

പ്രിയ വന്ന് നോക്കുമ്പോൾ ഒരു 18 – 19 വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടി ഹാളിൽ നിൽക്കുന്നു…

അവൾ ചുമരിലുള്ള പെയിന്റിംഗ് ഒക്കെ നോക്കുകയാണ്…

ആരാ മനസ്സിലായില്ലല്ലോ…. അവളെ നോക്കി ചിരിക്കുന്ന ആമുഖം എവിടെയോ കണ്ടതുപോലെ തോന്നി പ്രിയയ്ക്ക്…

എവിടെയോ കണ്ടു മറന്ന കണ്ണുകൾ…. വന്ന പെൺകുട്ടി പ്രിയ തന്നെ നോക്കി നിൽക്കുകയാണ്… കുട്ടിയെ ഏതാണ് എനിക്ക് മനസ്സിലായില്ലല്ലോ…

അവൾ പ്രിയയുടെ അടുത്തേക്ക് വന്നു….

എന്റെ പേര് സാരംഗി…

എന്റെ പേര് പറഞ്ഞാൽ അറിയാൻ വഴിയില്ല…

പക്ഷേ എന്റെ അച്ഛനെ നന്നായി അറിയും…

ഗൗതം… ഡോക്ടർ ഗൗതം…

ഒരു നിമിഷം പ്രിയ ഒന്ന് ഞെട്ടി…
പിന്നെ സമനില വീണ്ടെടുത്ത് അവളെ നോക്കി ചിരിച്ചു…

ഗൗതത്തിന്റെ മകളാണോ…

വരൂ ഇരിക്കൂ..

പ്രിയ അവിടെയുള്ള കസേരയിലേക്ക് ചൂണ്ടി പറഞ്ഞു… പ്രിയ കുറച്ചുനേരം സാരംഗി യെ തന്നെ നോക്കിയിരുന്നു… ഗൗതം തിന്റെ ഛായ ആണ് കുട്ടിക്ക് …

മോളെ കണ്ടപ്പോഴേ എവിടെയോ കണ്ടു മറന്ന പരിചയം തോന്നിയിരുന്നു.. ഗൗത ത്തിന്റെ മക്കൾ ആകും എന്ന് തീരെ പ്രതീക്ഷിച്ചില്ലട്ടോ..

പിന്നെ എന്നെ അന്വേഷിച്ച് ഇവിടേക്ക് വരണ്ട ആവശ്യം ഒന്നും ഇല്ലല്ലോ…

സാരംഗി ഒന്നു ചിരിച്ചു…

പിന്നെ അവൾ അവിടെയുള്ള ചിത്രങ്ങളെല്ലാം നോക്കാൻ തുടങ്ങി…

ഇതെല്ലാം വരച്ചത് തന്നെയാണോ…

അതെ…

നന്നായിട്ടുണ്ട്… ചിത്രകാരിയാണ് എന്നെനിക്കറിയാമായിരുന്നു… പക്ഷേ ഇത്രയും മനോഹരമായി വരയ്ക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല….

കഴിഞ്ഞമാസം എറണാകുളത്ത് വച്ച് ഒരു എക്സിബിഷൻ നടത്തിയില്ലേ… അന്നു അവിടേക്ക് വരണം എന്ന് വിചാരിച്ചതാണ് .. പക്ഷേ ഒരു എക്സാം ഉണ്ടായിരുന്നു വരാൻ പറ്റിയില്ല…

മോള് വീട്ടിൽ പറഞ്ഞിട്ടാണോ എന്നെ കാണാൻ വന്നത്…

സാരംഗി പ്രിയയുടെ അടുത്ത് ചെന്നിരുന്നു…..

വീട്ടിൽ അച്ഛന് അറിയില്ല…

കാശി ക്കറിയാം… ( കാത്തു വിന്റെ ചേട്ടൻ )

കാശി യോ അതാരാ..

സാരംഗി അവളെ നോക്കി ചിരിച്ചു..

കാശിന്നു പറഞ്ഞാൽ എന്റെ അമ്മാവൻ ആണ്..ഞാൻ വിളിക്കുന്ന പേര് കാശി ന്നാ..

മം…

ഇപ്പൊ ഇത്രയും നാളെ കഴിഞ്ഞ് എന്നെ അന്വേഷിച്ച് ഇവിടെ വരാനുള്ള കാരണം എന്താണ്…

അതും വീട്ടിൽ അച്ഛനും അമ്മയും ഒന്നുമറിയാതെ…

അമ്മയ്ക്കറിയാം അമ്മ കാണുന്നുണ്ടായിരിക്കും ഇപ്പോൾ..

ഏഹ്… അത് എങ്ങനെ..

മരിച്ചുപോയവർക്ക് നമ്മളെ കാണാൻ പറ്റും ആയിരിക്കുമല്ലോ…..

എന്താ പറഞ്ഞത്. മരിക്കെ..

കേട്ടത് വിശ്വസിക്കാനാവാതെ പ്രിയ ചോദിച്ചു…

എനിക്ക് രണ്ടു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു… ഞാൻ ഉണ്ടായി കഴിഞ്ഞപ്പോൾ അച്ഛൻ ബാംഗ്ലൂർ ഒരു ഹോസ്പിറ്റലിലേക്ക് മാറിയിരുന്നു… ഞങ്ങൾ അവിടെയായിരുന്നു താമസം…

കാശിടെ കല്യാണത്തിന് പങ്കെടുക്കാൻ ആയിട്ട് നാട്ടിലേക്ക് വരുന്ന വഴിക്ക് ആക്സിഡന്റ് പറ്റി അമ്മ പോയി..
അച്ഛൻ കുറച്ചുനാള് ഹോസ്പിറ്റലിൽ ഒക്കെയായിരുന്നു..

കാശിക്കു ചെറിയൊരു അപകടം പറ്റി അങ്ങനെ കാശിയുടെ കല്യാണവും മുടങ്ങി.. അതുകഴിഞ്ഞ് പിന്നെ ഞങ്ങൾ നാട്ടിൽ തന്നെ ആയിരുന്നു… അച്ഛൻ നാട്ടിലെ ഹോസ്പിറ്റലിലേക്ക് തന്നെ മാറി..

കാശി ഞങ്ങളുടെ ഒപ്പം കൂടി..വേറെ കല്യാണം ഒന്നും കഴിച്ചില്ല..

ഗൗതം.. ഗൗതം ഇപ്പൊ? പ്രിയ ചോദിച്ചു

അച്ഛൻ നാട്ടിൽ തന്നെയുള്ള ഗവൺമെന്റ് ഹോസ്പിറ്റൽ ഡോക്ടർ ആണ് ഇപ്പൊ…

അമ്മയ്ക്ക് വലിയ ആഗ്രഹമായിരുന്നു ഞാനും ഡോക്ടർ ആവണമെന്ന്…

അതിന്റെ കാര്യങ്ങളൊക്കെ ശരിയായി… ബാംഗ്ലൂരാണ് അഡ്മിഷൻ കിട്ടിയത്… അടുത്തമാസം കൂടെ കഴിഞ്ഞ് ഞാൻ അവിടേക്ക് പോകും… അച്ഛൻ അച്ഛനെ ഒറ്റയ്ക്കാക്കി പോകാൻ ഒരു മടി.. ഇന്ന് ഈ നിമിഷം വരെ അച്ഛൻ ജീവിക്കുന്നത് എനിക്ക് വേണ്ടിയാണ്…

അമ്മ മരിച്ചതിനുശേഷം ജീവിതത്തിൽ അച്ഛന്റെ ഇഷ്ടങ്ങൾക്ക് ഒരു സ്ഥാനവും കൊടുക്കുന്നില്ല…

ഒക്കെ എന്റെ ഇഷ്ടമാണ്…

അങ്ങനെയുള്ള അച്ഛനെ ഒറ്റയ്ക്കാക്കി പോകാൻ എനിക്ക് കഴിയില്ല….

അമ്മ മരിച്ച മൂന്നാം വർഷം കഴിഞ്ഞപ്പോൾ തൊട്ട് എല്ലാവരും വേറൊരു വിവാഹത്തിന് നിർബന്ധിക്കുന്നുണ്ട്… പക്ഷേ അച്ഛൻ സമ്മതിച്ചില്ല…

എനിക്കറിയാം അത് എനിക്ക് വേണ്ടിയാണ് അന്ന് കേറുന്ന ആളെ നന്നായി നോക്കുമോ എന്ന് അച്ഛനും പേടിയുണ്ട് അതുകൊണ്ടാണ് എനിക്കറിയാം….

ഞാനെന്തു പറഞ്ഞാലും അച്ഛൻ എനിക്ക് അത് സാധിച്ചു തരും..

എനിക്ക് എങ്ങനെ അച്ഛനോട് ഒന്നും ആവശ്യപ്പെടേണ്ടത് ആയിട്ട് കണ്ടിട്ടില്ല എല്ലാം കണ്ടറിഞ്ഞു അച്ഛൻ ചെയ്യും..

ഞാൻ ആദ്യമായിട്ട് അച്ഛനോട് ആവശ്യപ്പെടാൻ പോകുന്ന ഒരു കാര്യം അച്ഛൻ വേറൊരു വിവാഹം കഴിക്കണമെന്നാണ്…

എന്റെ മനസ്സിൽ ഇങ്ങനെ ഒരു ആഗ്രഹം തോന്നിയപ്പോൾ ആദ്യം പറഞ്ഞത് കാശിയോട് ആണ് ….

ആദ്യം കാശി എതിർപ്പ് പറഞ്ഞെങ്കിലും പിന്നെ നിർബന്ധം കാരണം സമ്മതിച്ചു….

അങ്ങനെ ഓരോന്നും പറഞ്ഞ് ഇരിക്കുമ്പോഴാണ് കാശി അച്ഛനെ പണ്ട് ജീവനോളം പ്രണയിച്ച ഒരു പെൺകുട്ടിയുടെ കഥ എനിക്ക് പറഞ്ഞു തന്നത്……

അത് കേട്ടപ്പോ ആളെ കാണണമെന്ന് മനസ്സിൽ തോന്നി…

അങ്ങനെ പഴയ അഡ്രസ്സ് ഒക്കെ വെച്ച് തപ്പി… അവിടെ ചെന്നപ്പോൾ ആരുമില്ല… പക്ഷേ അവിടെ നിനക്ക് പ്രിയദർശിനിയെ കുറിച്ച് അറിവ് കിട്ടി.. അറിയപ്പെടുന്ന ചിത്രകാരിയായ പ്രിയദർശിനി ആണ് എന്റെ അച്ഛനേ സ്നേഹിച്ച പ്രിയ എന്ന് ഞാൻ അപ്പൊ അറിഞ്ഞു….

അങ്ങനെ നിങ്ങളെ കുറിച്ച് ഞാൻ കൂടുതൽ അന്വേഷിച്ചു…

അപ്പോൾ ഈ അഡ്രസ് കിട്ടി.. കൂട്ടത്തിൽ നിങ്ങൾ ഇതുവരെ വിവാഹം കഴിക്കാതെ ഇരിക്കുകയാണ് എന്നുള്ള അറിവും…

അത്രയും പറഞ്ഞ് സാരംഗി സംസാരം നിർത്തി….

പ്രിയ നോക്കി കാണുവാരുന്നു അവളെ.. സംസാരത്തിലും നോട്ടത്തിലും ഒക്കെ പ്രായത്തെക്കാൾ കവിഞ്ഞ പക്വത…

ഞാൻ പറയുന്നത് തെറ്റാണെങ്കിൽ എന്നോട് ക്ഷമിക്കണം. എന്റെ അച്ഛൻ ഒറ്റയ്ക്ക് ആവരുത് എന്നുള്ള ആഗ്രഹം കൊണ്ട്…. ഒരിക്കൽ അച്ഛനെ പ്രാണനോളം സ്നേഹിച്ചത് അല്ലേ… എന്റെ അമ്മ ആയിട്ട് വരുന്നുണ്ടോ….

അത്രയും പറഞ്ഞ് പ്രിയയുടെ മുഖത്തേക്ക് നോക്കി… ആ മുഖത്ത് വന്ന ഭാവം എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല… പ്രിയ ഒന്നും മിണ്ടാതെ കണ്ണടച്ച് ചാരിയിരുന്നു… ഈശ്വരാ എന്തായിരിക്കും ഒന്നും പറയാതിരുന്നത് ചോദിച്ചത് അബദ്ധമായോ…

സാരംഗി ടെൻഷൻ ഓടെ പ്രിയയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…. പ്രിയയുടെ കയ്യിൽ പിടിച്ചു… സോറി… ഞാൻ എന്റെ ഒരു ആഗ്രഹം കൊണ്ട് പറഞ്ഞതാണ്…

മോൾ എന്തിനാണ് സോറി പറയുന്നത്…

പെട്ടെന്ന് കേട്ടപ്പോൾ എനിക്ക് ഒരു ഷോക്ക് ആയി പോയി…

നീ നിന്റെ ഒരു ആഗ്രഹം പറഞ്ഞു…

നല്ല കുട്ടിയാണ് നീ…

അച്ഛനെ ഒരുപാട് സ്നേഹിക്കുന്നുണ്ട് അതുകൊണ്ടാണല്ലോ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്…

നല്ല കാര്യമാണ് മോളെ… പക്ഷേ ഞാൻ…
അത് ശരിയാവില്ല… ഇപ്പോൾ ഞാൻ അതൊന്നും ആഗ്രഹിക്കുന്നില്ല.. പണ്ട് ആഗ്രഹിച്ചിരുന്നു ഒരുപാട്… നഷ്ടപ്പെട്ട പോയപ്പോൾ മാനസികമായി ആകെ തകർന്നു… അന്ന് കൂട്ടു പിടിച്ചതാണ് ചിത്രരചന….

നീ പറഞ്ഞത് ശരിയാണ് നിന്റെ അച്ഛനെ ഞാൻ സ്നേഹിച്ചിരുന്നു പ്രാണനോളം അല്ല അതിനുമപ്പുറം…. പക്ഷേ അദ്ദേഹത്തിന്റെ മനസ്സിൽ അതിനു മുന്നേ ഒരാൾ കയറിയിരുന്നു…

ഞാൻ അത് അറിയാൻ വൈകി…

അറിഞ്ഞു കഴിഞ്ഞപ്പോൾ ആദ്യമൊക്കെ ദേഷ്യം തോന്നി…

പിന്നെ ആലോചിച്ചപ്പോൾ…

എനിക്ക് അദ്ദേഹത്തെ എന്റെ മനസ്സിൽ നിന്ന് അടർത്തി മാറ്റാൻ പറ്റുന്നില്ല… അതുപോലെ തന്നെയല്ലേ അദ്ദേഹത്തിനും… മറ്റൊരു വിവാഹം കഴിക്കാൻ ആദ്യമൊക്കെ അച്ഛനും അമ്മയും എന്നെ നിർബന്ധിച്ചു…

പക്ഷേ ഞാൻ അങ്ങനെ ചെയ്താൽ അത് എന്നോട് മാത്രമല്ല എന്നെ വിവാഹം കഴിക്കുന്ന വ്യക്തിയോട് ചെയ്യുന്ന തെറ്റ് കൂടിയാവും എന്ന് തോന്നി…

കാരണം എനിക്കറിയാം ഒരിക്കലും നിന്റെ അച്ഛനെ മറന്ന വേറൊരാളെ ആ സ്ഥാനത്ത് കാണാൻ എനിക്ക് കഴിയില്ല..

ഇപ്പോൾ ഞാൻ ഈ ജീവിതത്തിൽ സന്തോഷവതിയാണ് കുട്ടി…

നിന്റെ അമ്മയുടെ സ്ഥാനം… അച്ഛന്റെ മനസ്സിൽ ആസ്ഥാനം നിന്റെ അമ്മയ്ക്ക് മാത്രമേയുള്ളൂ…ഞാൻ ഇപ്പൊ അത്‌ ആഗ്രഹിക്കുന്നുമില്ല…

ഞാൻ ഒരിക്കലും അവിടേക്ക് കയറി വരില്ല അത് നേരത്തെ തീരുമാനിച്ചുറപ്പിച്ചതാണ്… നിന്റെ നിർബന്ധം കാരണം ചിലപ്പോൾ അച്ഛൻ സമ്മതിക്കും ആയിരിക്കും… പക്ഷേ അതൊരിക്കലും പൂർണമനസ്സോടെ ആവില്ല…

മറ്റാരെക്കാളും അത് എനിക്ക് മനസ്സിലാകും…. ചിലരങ്ങനെയാണ് മോളെ… മനസ്സിൽ പതിഞ്ഞു പോയ അതിനെ മാറ്റി മറ്റൊന്നിനെ പ്രതിഷ്ഠിക്കാൻ കഴിയില്ല…

കേൾക്കുന്നവർക്ക് തമാശയാണെന്ന് വട്ടാണെന്ന് ഒക്കെ തോന്നും..

പക്ഷേ നമ്മുടെ ജീവിതം അല്ലേ…

പ്രിയ പറയുന്നതൊക്കെ കൂടെ കേട്ടപ്പോൾ സാരംഗി ക്ക് ആകെ വിഷമമായി…

സോറി ഞാൻ ഈ ആവശ്യം ആയിട്ട് ഇവിടെ വരാൻ പാടില്ലായിരുന്നു…

ഞാൻ വിചാരിച്ചത് ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് ഒരുപാട് സന്തോഷം ആവും എന്നാണ് പക്ഷേ ഞാൻ ചിന്തിച്ചതിനു ഒക്കെ ഒരുപാട് ഉയരത്തിലാണ് നിങ്ങൾ…

നിങ്ങളുടെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇപ്പോൾ സമ്മതിച്ചേ നെ…

എന്തായാലും ഞാനിവിടെ സംസാരിച്ചതും എല്ലാം ചെന്ന് അച്ഛനോട് പറയും…

അച്ഛൻ ചിലപ്പോ വഴക്കുപറയും ആയിരിക്കും ചോദിക്കാതെ ഞാൻ ഇങ്ങനെ ചെയ്തതിന്…
സാരമില്ല എന്റെ തെറ്റാണ്…

ഞാൻ പോട്ടെ എന്നാ…. സാരംഗി പോവാൻ ആയിട്ട് എണീറ്റു… എന്തായാലും ഇവിടം വരെ വന്നതല്ലേ എന്നെ അന്വേഷിച്ച്… കുറച്ചുനേരം കഴിഞ്ഞു പോവാ…

എനിക്കൊരിക്കലും നിന്റെ അമ്മയാവാൻ കഴിയില്ല… നല്ലൊരു ഫ്രണ്ട് ആയിട്ട് നിനക്കെന്നെ കാണാം… നിന്റെ എന്ത് വിഷമങ്ങൾ എന്നോട് പറയാം … സാരംഗി പ്രിയയെ നോക്കി ചിരിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *