എന്റെ കല്യാണം ഉറപ്പിച്ചു, ഞാൻ വീട്ടിൽ പറഞ്ഞിരുന്നു വീട്ടുകാർ സമ്മതിക്കുന്നില്ല..

ഒരു തേപ്പ് കഥ
(രചന: ബഷീർ ബച്ചി)

എന്റെ വീട്ടിൽ നിന്നിറങ്ങി മെയിൻ റോഡിലേക്ക് കേറുന്ന ഇടവഴി റോഡിലെ അഞ്ചാമത്തെ വീടായിരുന്നു അവളുടെ വീട്.

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ മനസ്സിൽ കൂട് കൂട്ടിയവൾ.. അവൾ പ്ലസ്ടു പഠിക്കുമ്പോഴായിരുന്നു എനിക്ക് അവളോട് എന്റെ ഇഷ്ടം തുറന്നു പറയാൻ ധൈര്യമുണ്ടായത്..

ഞങ്ങൾ തമ്മിൽ രണ്ടു വയസ്സിന്റെ വിത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു..
അവൾക്കും ഇഷ്ടം. അന്ന് മുതൽ ആത്മാർത്ഥമായി തന്നെ പരസ്പരം പ്രണയിച്ചു.

എന്നും രാവിലെ ഞാൻ ജോലിക്ക് പോകുന്ന സമയത്ത് അവൾ മുറ്റമടിക്കുന്ന ഭാവേനെ വീടിന്റെ മുമ്പിൽ

നില്പുണ്ടാവും പുറത്ത് ആരുമില്ലെങ്കിൽ കുറച്ചു സംസാരിക്കും അല്ലങ്കിൽ ഒരു പുഞ്ചിരി അത് മതിയാരുന്നു അന്നത്തെ ദിവസം മനസ്സിൽ സന്തോഷവും ഊർജ്ജവും നിറയാൻ..

ഇടക്ക് അവൾ ഉമ്മാന്റെ ഫോൺ കട്ടെടുത്തു വിളിക്കും അങ്ങനെ ഞങ്ങളുടെ പ്രണയം തടസ്സങ്ങൾ ഒന്നുമില്ലാതെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു..

അന്ന് പതിവ് പോലെ ജോലിക്ക് പോകുന്ന സമയം വഴിവക്കിൽ അവളെ കണ്ടില്ല..

പിന്നെ അടുത്ത ദിവസങ്ങളിലും ഇതാവർത്തിച്ചു.. മനസ്സാകെ കലങ്ങി മറിഞ്ഞു..

വീട്ടിൽ കേറി ചെന്നാലോ എന്തെങ്കിലും കരുതുമോന്നൊരു ഭയവും. അന്ന് വൈകുന്നേരം കണ്ടില്ലെങ്കിൽ അവളുടെ വീട്ടിൽ കേറി നോക്കാമെന്നു റാഫി പറഞ്ഞത് അനുസരിച്ചു നേരത്തെ വീട്ടിലേക്ക് തിരിച്ചു.

വൈകുന്നേരം അവളുടെ വീടിന്റെ അരികിൽ എത്തിയപ്പോൾ അയൽവക്കത്തുള്ള താത്താമാരുടെ വട്ടം കൂടി നിന്നുള്ള സംസാരം വീശിച്ചു കൊണ്ട് അവൾ തൂണും ചാരി അവിടെ നില്പുണ്ട്.

എന്നേ കണ്ടതും അവൾ തിരിഞ്ഞു വീടിനുള്ളിലേക്ക് കയറി പോയി..

ഇവൾക്ക് ഇതെന്തു പറ്റി നിന്നെ തേക്കാനുള്ള പരിപാടി വല്ലതും ഉണ്ടോടാ… ചോദിച്ചു കൊണ്ട് റാഫി എന്റെ മുഖത്തേക്ക് നോക്കി.

ഹേയ് നീ എന്താ ഈ പറയുന്നേ അവൾ അങ്ങനെയൊന്നും ചെയ്യില്ല.. പിന്നെന്താ അവൾ ഇങ്ങനെ…? അറിയില്ല എന്റെ കണ്ണുകൾ നിറയുന്നത് കണ്ടിട്ടവൻ മുഖം തിരിച്ചു കളഞ്ഞു..

അവൾ വിളിക്കുമോ നോക്ക് ഇല്ലെങ്കിൽ രാവിലെ നോക്കാം നീ ടെൻഷൻ അടിക്കേണ്ട.

രാത്രി കിടന്നിട്ട് ഉറക്കം വരുന്നില്ലായിരുന്നു. പലതും ആലോചിച്ചു ഇരുട്ടിലേക്ക് നോക്കി കിടന്നു.

എന്നെയും മനസറിഞ്ഞു സ്നേഹിക്കാൻ ഒരു പെൺകുട്ടി ഉണ്ടല്ലോ എന്നുള്ള സന്തോഷമായിരുന്നു ഇത് വരെ…
അപ്പോഴാണ് മൊബൈൽ ബെല്ലടിച്ചത്
അവൾ എന്റെ നസീമ
വേഗം ഫോൺ എടുത്തു..

എന്റെ കല്യാണം ഉറപ്പിച്ചു.. ഞാൻ വീട്ടിൽ പറഞ്ഞിരുന്നു വീട്ടുകാർ സമ്മതിക്കുന്നില്ല ബച്ചി എന്നേ മറക്കണം
വേറെ നല്ലൊരു കുട്ടിയെ കല്യാണം കഴിക്കണം എന്നോട് ഒന്നും തോന്നരുത്..
നസീ..

നീ എന്താ ഈ പറയുന്നത് പെട്ടെന്ന് ഇങ്ങനെയൊക്കെ.. എന്റെ ശബ്ദം വിറച്ചിരുന്നു… എന്നോട് കഷമിക്കണം അതും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു.

കാരമുള്ളുകൾ കൊണ്ട് വലിക്കുന്നത് പോലെ ഹൃദയത്തിൽ നിന്നൊരു വേദന..

കണ്ണുകൾ നിറഞ്ഞു ഒഴുകി തുടങ്ങിയിരുന്നു.

അത്രമേൽ ആഴത്തിൽ സ്നേഹിച്ചിരുന്നു അവളെ… എന്നിട്ടും പട്ടെന്ന് അവളിങ്ങനെ..

ഉറക്കം വരാതെ നടന്നും കിടന്നും നേരം വെളുപ്പിച്ചു. അവളുടെ വീട്ടിൽ ചെന്നു ചോദിച്ചില്ലങ്കിൽ എനിക്കൊരു സമാധാനവും കിട്ടില്ലായിരുന്നു.

മുഖം കഴുകി നേരെ അവളുടെ വീട്ടിലേക്ക് നടന്നു… വീടിന്റെ മുൻവശത്ത് കണ്ട ബെല്ലിൽ വിരലമർത്തി.
അവളുടെ ഉമ്മ ആയിഷതാത്തയായിരുന്നു വാതിൽ തുറന്നത്

എന്താടാ ബച്ചി നീ അതിരാവിലെ..
എന്ത് പറ്റി?

നസിയുടെ കല്യാണം ഉറപ്പിച്ചോ..?
മുഖവുര ഒന്നുമില്ലാതെ തന്നെ ഞാൻ ചോദിച്ചു.

ആ രണ്ടാഴ്ച മുൻപ് ഓളുടെ ഉപ്പയുടെ കൂടെ ജോലി ചെയ്യുന്നൊരു പയ്യൻ വന്നു കണ്ടിരുന്നു. അവിടെ നല്ല ശമ്പളമുള്ള ജോലിയാ പിന്നെ കാണാനും തരക്കേടില്ല വല്യ വീട്ടുകാരാണ്..

അവർക്കു പരസ്പരം ഇഷ്ടായ സ്ഥിതിക്ക് അത് നടത്താൻ തീരുമാനിച്ചു.
നിശ്ചയം ഒക്കെ ഉണ്ടായാൽ നീ അറിയൂലെ..

അവൾ എന്റെ കാര്യം വല്ലതും പറഞ്ഞിരുന്നോ?

ഇല്ല എന്തേ..?

ഞങ്ങൾ തമ്മിൽ കുറെ വർഷങ്ങളായി ഇഷ്ടമായിരുന്നു..

റബ്ബേ എന്താ നീ ഈ പറയുന്നത് അവളുടെ ഉമ്മ ഞാൻ പറഞ്ഞത് കേട്ട് സ്തംഭിച്ചു നിന്ന് പോയി.

പിന്നെ അവൾ എന്തിനായിരുന്നു ഇന്നലെ എന്നോട് കള്ളം പറഞ്ഞത്?അവൾ ഒന്നും പറഞ്ഞിട്ടില്ല.

എന്നേ ഒഴിവാക്കുവാനുള്ള അവളുടെ തന്ത്രമായിരുന്നു അതെന്ന് ഞാൻ വേദനയോടെ മനസിലാക്കി. അവളുടെ മനസ്സിൽ എപ്പോഴാണ് ഞാൻ കൊള്ളരുതാത്തവൻ ആയി തുടങ്ങിയത്…?

എന്റെ ശബ്ദം കേട്ടിട്ട് അവൾ വിറച്ചു കൊണ്ട് ഡൈനിങ് ഹാളിൽ നില്കുന്നത് ഞാൻ കണ്ടു.

എനിക്കവളോടൊന്ന് സംസാരിക്കണം ഞാനൊന്നും ചെയ്യില്ല അവളുടെ ഉമ്മയുടെ സമ്മതത്തിന് കാത്തു നില്കാതെ ഞാൻ അകത്തേക്ക് കേറി. ആർത്തലച്ചു കരയുന്ന മനസിനെ അടക്കി നിർത്തി ഞാൻ അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു..

അഭിനയം അസ്സലായിട്ടുണ്ട് കെട്ടോ..

അവൾ തല താഴ്ത്തി

കാശും സൗന്ദര്യവും കണ്ടപ്പോൾ ഉടനെ കാല് മാറിയ നിന്റെ മാലിന്യം നിറഞ്ഞ മനസ് ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞത് നന്നായി.

നമ്മൾ ഒരുമിച്ചിട്ട് ആയിരുന്നു ഇങ്ങനെ നിനക്ക് തോന്നിയിരുന്നെങ്കിലോ
ഒരുപാട് നന്ദിയുമുണ്ട് കേട്ടോ..

ഇനി അവനെക്കാൾ കാശുള്ളവനെ കണ്ടാൽ അങ്ങോട്ട് ചാടി ആ പാവത്തിനെ ചതിക്കരുത്. പുച്ഛത്തോടെ അവളുടെ മുഖത്തേക്ക് നോക്കി ഞാൻ പുറത്തേക്ക് ഇറങ്ങി.

അവളുടെ ഉമ്മ അപ്പോഴും പൂമുഖത്ത് വെപ്രാളപെട്ട് ഒന്നും സംസാരിക്കാൻ കഴിയാതെ നില്പുണ്ടായിരുന്നു
ഒരു സാധു സ്ത്രീ.

പേടിക്കണ്ട ഉമ്മ ഞാൻ ഈ കല്യാണം മുടക്കാൻ ഒന്നും വരില്ല.. ഇത് വരെ അരുതാത്തത് ഒന്നും സംഭവിച്ചിട്ടുമില്ല.. ഇനി ആരും അറിയുകയും വേണ്ട..

അതും പറഞ്ഞു ഞാനിറങ്ങി നടന്നു..
അത് വരെ അടക്കി പിടിച്ചിരുന്ന മിഴികൾ പെയ്തു തുടങ്ങിയിരുന്നു.
റാഫിയുടെ വീട്ടിലേക്ക് ചെന്നു.

നീയെന്താടാ ഇത്ര ഭാഗ്യം കെട്ടവനായി പോയത്..? റാഫിയുടെ മുഖത്തു വിഷമവും അവളോടുള്ള ദേഷ്യവും ഒരുമിച്ചു കാണാമായിരുന്നു.

അറിയില്ല എന്റെ ജീവിതം ഇങ്ങനെയായിരിക്കും.. നിയന്ത്രണം നഷ്ടപെട്ടവനെ പോലെ ഞാൻ അവിടിരുന്നു വിങ്ങി കരഞ്ഞു…

അന്ന് തകർന്ന് തരിപ്പണമായി പോയ എന്റെ മനസിനുറപ്പ് തരാൻ എന്നേ വിട്ടുപിരിയാതെ അവൻ കൂട്ടിനുണ്ടായിരുന്നു.

പിന്നെ ഒരു വർഷത്തോളം വേണ്ടി വന്നു ആ വേദനയിൽ നിന്ന് മോചിതനാകാൻ..

പിന്നെ രണ്ടു വർഷങ്ങള്ക്ക് ശേഷം അവൾ എന്നോട് കരഞ്ഞുകൊണ്ട് ക്ഷമ ചോദിച്ചു വന്നിരുന്നു.

അത് ചിലപ്പോൾ അവളുടെ ജീവിതാനുഭവങ്ങൾ കൊണ്ട് പഠിച്ചതാവാം ഞാൻ ചോദിച്ചറിയാൻ ശ്രമിച്ചില്ല.

കാരണം അപ്പോഴേക്കും കടുക്കനിട്ടവൾ പോയപ്പോൾ പിന്നാലെ കമ്മലിട്ടവൾ തന്നെ എന്റെ ജീവിതത്തിലേക്കു കടന്നു വന്നിരുന്നു. അതൊരു മാറ്റകല്യാണത്തിലൂടെ..

(ആണായാലും പെണ്ണായാലും പ്രണയിച്ചു ആരും ആരെയും ചതിക്കാതെയിരിക്കുക. അതൊരു വല്ലാത്ത വേദന തന്നെയാണ്.

അവരുടെ സ്വാകാര്യത മാനിച്ചു കൊണ്ട് പേരുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്
ജീവിതാനുഭവങ്ങൾ പകർത്തിയതാണ് പോരായ്മകൾ ഉണ്ടാവാം ക്ഷമിക്കുമല്ലോ )

Leave a Reply

Your email address will not be published. Required fields are marked *