(രചന: ഛായാമുഖി)
പ്രായം മുപ്പത്തഞ്ചായി ഇനിയും പെണ്ണ് തേടി നടന്നിട്ട് കാര്യമില്ല. അല്ലെങ്കിൽ തന്നെ ആ കൊച്ചിന് എന്താ കുഴപ്പം കാണാൻ സുന്ദരിയല്ലേ,
പിന്നെ ഒരു കാലിന് ഇത്തിരി സ്വാധീന കുറവുണ്ട് അതുകൊണ്ട് നടക്കാൻ കുറച്ച് പ്രയാസവും. വയ്യാത്ത കാലും കൊണ്ട് ആ കൊച്ചിന്റെ തന്ത പോകാത്ത ആശുപത്രികളില്ല…
സ്വാധീനം തിരികെ കിട്ടിയില്ലെങ്കിലും അതിന്റെ മുറിമുഴുവൻ ഓരോ കുന്ത്രാണ്ടങ്ങൾ ഇരിപ്പുണ്ട്. വീൽചെയർ പോലുള്ളതിൽ കയറിയിരുന്നാൽ മതി, സ്വിച്ച് അമർത്തുമ്പോളേക്കും അത് ഓടി പോകും.
നിസ്സാര മട്ടിലുള്ള വിമലയുടെ സംസാരം കേട്ടപ്പോൾ രാജീവിന്റെ ഇളയ സഹോദരിക്ക് കലികയറി.
അമ്മ എന്ത് ആലോചിച്ചിട്ടാ ഇതൊക്കെ പറയുന്നത് ഇതിലിൽ ഭേദം ഏട്ടൻ കെട്ടാതിരിക്കുന്നതാ.
ഇച്ചിരി പ്രായകൂടുതൽ ഉണ്ടെങ്കിലും കാഴ്ച്ചയിൽ അത് തോന്നിക്കുന്നില്ലല്ലോ ഏട്ടന്, പിന്നെന്തിന്റെ കുറവ് കണ്ടിട്ടാണ് ഈ ബന്ധം ആലോചിക്കുന്നത്. നീരസത്തോടെ രാജി പറഞ്ഞു നിർത്തി.
ഇതിലിപ്പോൾ അഭിപ്രായം പറയേണ്ടത് അളിയനാണ്…ഉള്ളിലുള്ളത് എന്താണെന്ന് വെച്ചാൽ തുറന്നു പറ.
എല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതിരിക്കുന്ന രാജീവിനെ നോക്കി മൂത്ത അളിയനായ വേണു പറഞ്ഞു.
രണ്ടു ദിവസം കഴിയട്ടെ ഞാൻ എന്റെ തീരുമാനം പറയാം.
ഈ ആലോചന വേണ്ടെന്നവൻ തീർത്തു പറഞ്ഞില്ലല്ലോ… അതോർത്തപ്പോൾ വിമലക്കു സമാധാനം തോന്നി.
നിങ്ങളിരിക്ക് ഞാൻ പോയൊന്നു കുളിച്ചിട്ടും വരാം. അയയിൽ കിടന്ന തോർത്തെടുത്തുകൊണ്ട് രാജീവൻ എല്ലാവരോടുമായി പറഞ്ഞു കുളിമുറിയിലേക്ക് പോയി.
തലയിലേക്ക് തണുത്ത വെള്ളം കോരി ഒഴിക്കുമ്പോളും അവന്റെ തലയിലെ ചൂടിന് ഒട്ടും കുറവ് തോന്നിയില്ല.
ബാധ്യതകൾ ഒരുപാടുണ്ടെന്നു കരുതി ജീവിത കാലം മുഴുവൻ കൂടെ വേണ്ടവളെ സമ്പത്ത് മോഹിച്ച് കല്യാണം കഴിക്കാൻ പലരെയും പോലെ സ്വാർത്ഥനല്ല താൻ . പക്ഷെ അമ്മയുടെ സംസാരം കേൾക്കുമ്പോൾ…
കുടുംബത്തിന് വേണ്ടിയുള്ള ഓട്ടത്തിനിടയിൽ സ്വന്തം കാര്യം ചിന്തിച്ചിട്ടില്ല, വിവാഹം വേണമെന്നും തോന്നിയിട്ടില്ല.ചിന്തകൾ പിടിവിട്ടു പോകുന്നുവെന്ന് തോന്നിയപ്പോൾ കുളി മതിയാക്കി തലത്തുവർത്തികൊണ്ട് വെളിയിലേക്കിറങ്ങി.
നിനക്കെന്താടി പെണ്ണെ… ഈ വീട്ടിലെ ബുദ്ധിമുട്ടുകളൊക്കെ നിനക്കും അറിയാവുന്നതല്ലേ. എത്രനാള് വളയം പിടിച്ചാൽ ഈ കടങ്ങളൊക്കെ അവനെകൊണ്ട് വീട്ടാൻ പറ്റും.
എനിക്കും സങ്കടമില്ലന്നാണോ നീ കരുതുന്നത്, നിങ്ങളുടെ രണ്ടുപേരുടെയും വിവാഹം നടത്തിയതിന്റെ കടം പോലും ഇതുവരെ തീർന്നിട്ടില്ല, പറഞ്ഞ സ്ത്രീധനമൊട്ടും തന്നിട്ടുമില്ല. നിങ്ങളുടെ മനസ്സിന്റെ നന്മകൊണ്ട് ചോദിച്ചില്ലെങ്കിൽ പോലും അറിഞ്ഞു തരേണ്ടത് ഇവിടുള്ളവരുടെ കടമയല്ലേ.
ആകെയുള്ള ഈ സ്ഥലത്തിന്റെ പ്രമാണം പോലും ബാങ്കിലാണ്, അടുത്ത നിന്റെ പ്രസവം വരുന്നു ഇതിനൊക്കെ ചിലവില്ലേ….
ഈ പറഞ്ഞതിനൊക്കെ നിർത്തുണ്ടെങ്കിലും ബ്ലെയിഡ്കാരൻ മാത്തച്ചന് മാസ്സം എത്രരൂപയാ പലിശയിനത്തിൽ എണ്ണികൊടുക്കുന്നത്.
മുതലിൽ ഒരു രൂപ പോലും അടച്ചിട്ടില്ല.
അവനിക്കിടന്നു ഓടുന്നതൊക്കേ ഞാൻ കണ്ടോണ്ടിരിക്കുവല്ലേ… മുട്ടുവേദന വെച്ചോണ്ട് എന്തെങ്കിലും ജോലിക്ക് എനിക്കിറങ്ങി പോകാനും പറ്റുന്നില്ല…. പിന്നെ എങ്ങനെ ഞാനവനെ സഹിയിക്കാനാണ്.
കണ്ണു തുടച്ചുകൊണ്ടുള്ള വിമലയുടെ സംസാരത്തിൽ ആർക്കും ഒന്നും തിരിച്ചു പറയാനില്ലായിരുന്നു.
എനിക്കുള്ള സ്ത്രീധനം തന്നില്ലെങ്കിലും സാരമില്ല ഈ വിവാഹം വേണ്ടമ്മേ… പ്രവണേട്ടനോട് ഞാൻ പറഞ്ഞോളാം, എന്നാലും ഏട്ടനെ ഇതുപോലൊരു ബന്ധത്തിലേക്ക് പിടിച്ചിടേണ്ട.
ഏട്ടനോടുള്ള സ്നേഹവും കരുതലും കൊണ്ടാണ് രാജി ഇതൊക്കെ പറയുന്നതെന്ന് എല്ലാവർക്കും മനസിലാകുന്നുണ്ടായിരുന്നു.
കാലിന് സ്വാധീനകുറവെന്നേയുള്ളു പാവമൊരു കൊച്ചാണത്. ഇത്രയും സ്വത്തും പണവുമുള്ളതിന്റെ അഹങ്കാരമൊന്നും അതിനില്ല.
ഒരുപാട് ആലോചനകൾ ചെല്ലുന്നുണ്ട് അതെല്ലാം പണം മോഹിച്ച് മാത്രമാണെന്ന് അവർക്കറിയാം. ഇതിപ്പോൾ രാജീവനെ നന്നായിട്ടറിയുന്ന അവന്റെ മുതലാളി തന്നെ പറഞ്ഞിട്ടാണ് അവർക്ക് ഇതിനോട് താൽപ്പര്യം വന്നത്.
നമ്മുടെ വീട്ടിലെ കൊച്ചുങ്ങൾക്ക് ആർക്കേലുമാണ് ഈ അവസ്ഥ ഉണ്ടായതെങ്കിലോ… അവനി കല്യാണത്തിന് സമ്മതിക്കുമെങ്കിൽ ഞാനുള്ള കാലം വരെ അവളെ ഞാൻ നോക്കും.സങ്കടത്തോടെ വിമല പറഞ്ഞു നിർത്തി.
രാധേ നീ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്. നിനക്കിതിൽ അഭിപ്രായമൊന്നുമില്ലേ .
രാജീവന്റെ മൂത്ത സഹോദരിയായ രാധയോട് ഭർത്താവ് വേണു ചോദിക്കുമ്പോൾ അവരും എന്ത് തീരുമാനം എടുക്കണമെന്ന് അറിയാതെ കുഴങ്ങി നിന്നു.
അമ്മയും രാജിയും പറയുന്നതിൽ കാര്യമുണ്ട് ഇനിയെല്ലാം അവന്റെ തീരുമാനത്തിന് വിട്ടുകൊടുക്കാം. നിസ്സഹായതയോടെ രാധ പറഞ്ഞു.
എന്നാൽ കുളി കഴിഞ്ഞു വന്ന രാജീവൻ എല്ലാവരുടെയും സംസാരങ്ങൾ കേട്ട് മുറ്റത്ത് തന്നെ നിൽപ്പുണ്ടായിരുന്നുവെന്നുള്ളത് ആരും അറിഞ്ഞിരുന്നില്ല.
അത്താഴം കഴിക്കാനിരിക്കുമ്പോളും പതിവിന് വീപരിതമായി എല്ലാവരും നിശബ്ദരായിരുന്നു. വേഗം തന്നെ ആഹാരം കഴിച്ചുകൊണ്ട് രാജീവൻ ഇറയത്തേക്ക് ചെന്നിരുന്നു.
രാധയും വേണുവും മക്കളുമൊക്കെ തിരികെ വീട്ടിലേക്ക് പോകാൻ റെഡിയായിറങ്ങി.
രണ്ടു ദിവസമല്ല ഒരാഴ്ച്ച തന്നെയെടുത്തു നല്ലതുപോലെ ചിന്തിച്ചൊരു തീരുമാനം എടുത്താൽ മതി അളിയൻ. നിന്റെ ജീവിതമാണ് നീയാണ് തീരുമാനം എടുക്കേണ്ടതും തോളിലൊന്നും തട്ടിക്കൊണ്ടു വേണു പറഞ്ഞു.
പോട്ടെടാ… നീ എന്താന്ന് വെച്ചാൽ വിവരം അറിയിച്ചാൽ മതി.രാധ അവന്റെ കൈയ്യിൽ പിടിച്ചു പറയുമ്പോൾ മറുപടിയായി അവനൊന്നു മൂളി.
എല്ലാരോടും യാത്ര പറഞ്ഞുകൊണ്ട് വേണുവിന്റ ഓട്ടയിൽ അവർ യാത്രയായി.
ഓട്ടോ കണ്ണിൽ നിന്നും മറഞ്ഞതും അവരെ യാത്രയാക്കാൻ വെളിയിലേക്കിറങ്ങിയ രാജീവിൻ തിരികെ വീടിനുള്ളിലേക്ക് നടന്നു.
രാജിമോളെ പോയി കിടക്കാൻ നോക്ക്… ഒത്തിരി നേരം ഇങ്ങനെ നിൽക്കണ്ട വീർത്തുന്തിയ അവളുടെ വയറ്റിലേക്കു നോക്കിയൊരു ശ്വാസനയോടെ അവൻ പറഞ്ഞു.
അവള് അകത്തേക്ക് പോയതും മുൻവശത്തെ വാതിൽ ചേർത്തടച്ചുകൊണ്ട് അവനും തന്റെ റൂമിലേക്ക് നടന്നു.
കട്ടിലിലേക്ക് കിടക്കുമ്പോൾ മനസ്സുമുഴുവൻ ആ കുഞ്ഞി കണ്ണുകൾ ആയിരുന്നു. അമ്മ പറഞ്ഞതുപോലെ സുന്ദരിയാണവൾ ആ കാലിന്റെ കുഴപ്പം ഒഴിച്ചാൽ തനിക്കൊന്നും സ്വപ്നം പോലും കാണാൻ കഴിയാത്ത പെണ്ണ് .
അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു. ആ ചിരിയോടെ തന്നെയവൻ ഉറക്കത്തിലേക്കു വീണു.
രാവിലെ കുളിച്ചൊരുങ്ങി ഓട്ടം പോകാനായി സ്റ്റാൻഡിലെത്തിയപ്പോൾ ദേവരാജൻ മുതലാളിയും ബേബിചേട്ടനും കൂടി അരുകിലെത്തി വിവരങ്ങളൊക്കെ തിരക്കി.
ഗായത്രിയുടെ വിവാഹം ആദ്യമൊന്നുറപ്പിച്ചതും. നിച്ഛയത്തിന് ശേഷം ഓരോ ആവശ്യങ്ങൾ പറഞ്ഞു അവനും അവന്റെ വീട്ടുകാരും പൈസ വാങ്ങിക്കുകയും അവസാനം അവന്റെ പെങ്ങൾക്ക് സ്ഥലം വാങ്ങുന്നതിനായി പത്തുലക്ഷം രൂപ ആവിശ്യപ്പെട്ടന്നും,
അത് കൊടുക്കാതെ വന്നപ്പോൾ അവൻ ചെന്നു ബഹളം ഉണ്ടാക്കി ആ കൊച്ചിനെ വായിൽ വരുന്നതൊക്കെ പറഞ്ഞിട്ടാണ് പോയതെന്നും അതോടെ അവര് ആ കല്യണം വേണ്ടെന്നു വെച്ചു.
ആ സംഭവത്തിന് ശേഷം ഇനിയൊരു വിവാഹമേ വേണ്ടെന്നുള്ള തീരുമാനത്തിൽ ആയിരുന്നു അത്, എത്രയെക്കോയായാലും അച്ഛനും അമ്മയ്ക്കും അങ്ങനെ കരുതിയിരിക്കാൻ പറ്റുമോ?.
അവരുടെ കാലം കഴിഞ്ഞാൽ അതിനും ആരേലും കൂട്ട് വേണ്ടേ. സ്വത്തും പണവും എത്ര ഉണ്ടായിട്ടെന്താ കാര്യം താങ്ങായി കൂട്ടിനൊരു ആളല്ലേ വേണ്ടത്….
പിന്നെയും ദേവരാജൻ മുതലാളിയും ബേബിചേട്ടനും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ഗായത്രിയെ കുറിച്ചും അവളുടെ വീട്ടുകാരെ കുറിച്ചു. എല്ലാം കേട്ട് നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല.
ദിവസങ്ങൾക്കു ശേഷം അത്താഴം കഴിക്കാനായിരിക്കുമ്പോൾ വിമല വീണ്ടും ഈ വിഷയം എടുത്തിട്ടു, അത് കേൾക്കുകയും കഴിച്ചുകൊണ്ടിരുന്ന ആഹാരം മതിയാക്കി അവൻ എഴുന്നേറ്റ് പോയി. അത് കാൺകെ വിമലയുടെ മുഖം മങ്ങി.
ഏട്ടന് ഇഷ്ടമല്ലെന്നുള്ളത് അമ്മക്ക് മനസിലായല്ലോ… ഇനിയിതും ചോദിച്ചു ഏട്ടന്റെ പിന്നാലെ നടക്കരുത്… രാജിയുടെ ശ്വാസന നിറഞ്ഞ വാക്കുകൾ കേൾക്കെ അവർ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി.
രണ്ടു ദിവസങ്ങൾക്കു ശേഷം ജോലിക്ക് പോകാൻ ഇറങ്ങുന്നതിനു മുൻപ് രാജീവൻ അടുക്കളയിലേക്ക് ചെന്നു.
ഈ കല്യാണത്തിന് എനിക്കു സമ്മതം ആണെന്ന് അളിയനോട് വിളിച്ചു പറഞ്ഞേക്ക്…
ഗൗരവത്തോടെയുള്ള അവന്റെ വാക്കുകൾ അവർക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. പകപ്പോടെ വിമല മകനെ നോക്കി നിന്നു.
ആരുടെയും വാക്കു കേട്ടുകൊണ്ടു ഇതിനു നീ സമ്മതിക്കേണ്ട… രാജി പറഞ്ഞ വാക്കുകളൊക്കെ ഓർത്തുകൊണ്ട് അവർ അവനോട് പറഞ്ഞു.
ആരുടെയും വാക്കുകൾ കേട്ട് ഒന്നും ചെയ്യുന്നവനല്ല ഞാൻ. അതും എന്റെ ജീവിതത്തിന്റെ കാര്യമാകുമ്പോൾ ഒട്ടും കേൾക്കില്ല…
നിങ്ങളുടെയൊക്കെ നിർബന്ധത്തിന് വഴങ്ങി ഒന്നിരണ്ടെടത്തു പെണ്ണുകാണാൻ പോയതെന്ന് അല്ലാതെ കല്യാണത്തോട് എനിക്ക് താൽപ്പര്യം ഉണ്ടായിരുന്നില്ലെന്നുള്ളത് അമ്മക്ക് അറിയാമല്ലോ…
പക്ഷെ ഗായത്രിയെ കണ്ടപ്പോഴെ ചെറിയ ഇഷ്ടം തോന്നിയിരുന്നു എന്നാൽ അവളെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ എന്തോ അവളെ ജീവിതത്തിലേക്ക് കൂട്ടണമെന്ന് തോന്നി. അത് അവളുടെ സമ്പത്ത് കണ്ടിട്ടോ,സഹതാപം തോന്നിയട്ടോ അല്ല .
തന്റെ കുറവുകൾ ഓർത്തു മുറിക്കുള്ളിലേക്ക് ഒതുങ്ങാതെ അവളെ കൊണ്ടു പറ്റുന്ന കാര്യങ്ങളൊക്കെ ചെയ്തു മറ്റുള്ളവരെ സഹായിക്കുന്ന അവളുടെ കരുത്തുറ്റ ആ മനസ്സും അതിലെ നന്മയും എന്നെ ഒരുപാട് ആകർഷിച്ചു അവളിലേക്ക് ….
തനിച്ച് ജീവിക്കാൻ തീരുമാനിച്ചിടത്തു അവളെ പോലൊരു പെണ്ണിനെ കൂടെ കൂട്ടുന്നതിൽ എനിക്കും സന്തോഷം തന്നെയാണ്.
ലക്ഷ്മിയെ കുറിച്ച് എത്ര പറഞ്ഞിട്ടും മതിയാകാതെ വീണ്ടും വീണ്ടും ഓരോന്ന് പറയുന്നവനെ കാണുമ്പോൾ അവർക്കും മനസിലാകുന്നുണ്ടായിരുന്നു അവന് ശരിക്കും അവളെ ഇഷ്ടമായി തുടങ്ങിയെന്നു.
വിവാഹ ചടങ്ങുകൾ എല്ലാം വളരെ പെട്ടന്ന് തന്നെ നടന്നു. പുഴക്കരയിനെ കണ്ണന്റെ അമ്പലത്തിൽ വെച്ചു അവളെ താലി ചാർത്തി കൊണ്ട് എന്നന്നേക്കും കൂട്ടായി കൂടെ കൂട്ടിയവൻ.
ലക്ഷ്മിയെ കൈകളിൽ കോരിയെടുത്തു രാജീവൻ വീടിനുള്ളിലേക്ക് കടക്കുമ്പോൾ വിമല കൊടുത്ത നിലവിളക്ക് ശോഭയോടെ പ്രകാശിച്ചു, വരാനിരിക്കുന്ന അവരുടെ ജീവിതം പോലെ.