പവിത്രം
(രചന: ദയ ദക്ഷിണ)
“”ലക്ഷമിക്കുട്ട്യേ… തനിക്കോർമ്മയുണ്ടോടോ നമ്മള് ആദ്യായിട്ട് കണ്ടത്…..??'”
പിന്നെ ഓർമല്ല്യണ്ടിരിക്കുവോ….മാണിക്യ മംഗലത്തുന്നു ഒരു കൂട്ടര് കാണാൻ വരണു ന്നു കേട്ടു… വന്നതും കണ്ടു….. പേടിയാരുന്നു നിക്ക്..
ആ മുഖത്തോട്ടൊന്ന് നോക്കാൻ കൂടി പറ്റണില്യാ…ദേ ഇപ്പഴുള്ള ഈ കണ്ണടടെ ലേശം വലിപ്പം കൊറഞ്ഞ ഒന്നാരുന്നു മുഖത്ത്…. ഒരു ചിരി കൂടില്ല്യ… വീർപ്പിച്ച് വച്ചേക്കാരുന്നില്ലേ…..
ഞാൻ ആണെങ്കിലോ പഠിത്തം കഴിയട്ടെന്ന് വച്ച് വന്നോണ്ടിരുന്ന ആലോചനോളോക്കെ വേണ്ടാന്ന് വെക്കണ തിരക്കിലും….. പെട്ടെന്ന് ഇങ്ങനൊന്നു നടക്കും ന്നു സ്വപ്നത്തിൽ പോലും നിരീചില്യ…..
ന്താരുന്നൊരു ഗമ… അന്നുടുത്തോണ്ട് വന്ന വെള്ള മുണ്ടും ഷർട്ടും ദേ ഇപ്പഴുന്റെ മനസ്സിൽ ഇണ്ട്…. കണ്ണടടെ ഇടയ്ൽക്കൂടെ ഒരു നോട്ടാരുന്നു….
അപ്പഴും ഗൗരവം വിടാൻ ഭാവല്യ…. കൂടെ വന്നൊരാണെങ്കിലോ….. പറമ്പിന്റെ ആസ്തി അളക്കലും പൊന്നിന്റെം പണ്ടത്തിന്റേം കണക്കെടുക്കുന്നു…..
അവസാനം വിളിച്ചറിയിക്കാം ന്നു പറഞ്ഞു പോയിട്ട് രണ്ട് ആഴ്ച്ച കഴിഞ്ഞപ്പോ കത്ത് വന്നു….കല്യാണോം നടന്നു…. താലി കെട്ടുമ്പോ പോലും ആ മുഖത്തൊന്ന് നോക്കാൻ ധൈര്യില്ലാരുന്നു….
ഒടുക്കം ഇങ്ങട് കൂട്ടികൊണ്ട് പോന്നപ്പോ ഇവിടത്തെ അമ്മയും പറഞ്ഞു പാവാണ് ന്നു… ഇച്ചിരി മുൻ ശുണ്ഠി ഉണ്ടുന്നെ ഉള്ളുന്നു… ന്നാലും ന്റെ പേടി മാറില്യ…..
എന്നിട്ടേപ്പഴാ അത് മാറിത്??..
ഒരു ദൂസം…. അമ്മേടെ കൂടെ അമ്പലത്തിൽ പോയി വരുമ്പോ മഴ നനഞ്ഞില്ലേ…. അന്നു കൊഴപ്പൊന്നൂല്ലാരുന്നു… പിറ്റേന്ന് നോക്കുമ്പോ പൊള്ളി പതയ്ക്കല്ലേ മേല് മൊത്തോം….
എന്നിട്ട് പൊടിയരി കഞ്ഞിയും…. ഒരു പിടി ചമ്മന്തിയും…. കടുമാങ്ങാ അച്ചാറും കൂട്ടി വായിൽ വച്ചു തന്നില്ലേ… പിന്നെ തുണി നനച്ച് നെറ്റിയിലിട്ട് പനീ മാറണ വരെ കൂട്ടിരുന്നില്ലേ…. അപ്പോ ….
ഏതോ ഒരോർമയിൽ ചുണ്ടിലൊരു ചിരി തെളിഞ്ഞു…
ഹാ… ഹാ… അങ്ങനെ…. തനിക്ക് എന്തിനാടോ പേടി… മുൻ ശുണ്ഠി ഇണ്ട് ന്നുള്ളത് നേരാ…. അത് ര ക്തത്തിൽ അങ്ങട് അലിഞ്ഞു പോയി…..
ഹ്മ്…. നിക്ക് പേടിയാരുന്നു…. കുടുംബക്കാരുടെ വീട്ടിലേക്ക് പോവുമ്പഴും ആ കയ്യിലൊന്ന് പിടിക്കാൻ തോന്നിയില്ല….
വീണ്ടും പുഞ്ചിരി മാത്രം…..ഒരുകാറ്റ് വെറുതെ തലോടി പോയി……
ലക്ഷ്മിക്കുട്ടിയെ…. ആ പശുനെ അങ്ങട് അഴിച്ചു കെട്ടിക്കോളൂ…. ഇല്ലെങ്കി വാര്യത്തെ നെല്ലാ ഉള്ളത്…. കടിച്ചു നാശാക്കും….
നേരത്തെ ഞാൻ മാറ്റി കെട്ടീതാ…. കറക്കാറായില്ല്യേ…. അഴിചോണ്ട് വരണം…. കിടാവ് വള്ളിയൊക്കെ കടിച്ചുന്നു പറഞ്ഞിട്ട് ഇന്നാള് ഇച്ചിരി പ്രശ്നം ഇണ്ടാക്കിയതല്ലേ അവർ….
ഹാ…..പിന്നേ…. കൂട്ടാൻ ഇന്നെന്താ ഇണ്ടാക്കണേ….??
തൊടില് ഒരു വെള്ളരി ഇണ്ട് അത് വച്ചൊരു മോരു കറീ… പിന്നെ വാഴയ്ക്കാ മെഴുക്ക് പെരട്ടാം….
ഉപ്പിലിട്ടത് വല്ലതും ഇരിപ്പുണ്ടോ??
ആ ഭരണി ഒന്ന് നോക്കണം… ഇണ്ടാവും…
അതൂടി ഇണ്ടേൽ നന്നാവുട്ടോ….
നോക്കാം അതൊന്നിങ്ങട് എടുത്ത് താ…
പിന്നെ ചമ്മന്തി അരയ്ക്കണേൽ അതുമാവാം…
ഓ അത് വേണ്ടാ.. രാത്രിലിതെക്ക് ആയിക്കോട്ടെ…
പിന്നെ… കത്ത് വല്ലോം വന്നോ ശോഭേടെ…..??
അയക്കാന്നു പറഞ്ഞതല്ലാതെ ഈ നേരമായിട്ടും എത്തീട്ടില്ല…. അവർ ഇങ്ങോട്ട് വന്നു രണ്ടീസം നിക്കാന്നു പറയണ കെട്ടു….
ആഹാ കേമായി…. അപ്പോ ഒരു സദ്യക്കുള്ള ഒരുക്കൊക്കെ വേണ്ടെടോ….??
വേണം… ചീര പൊടിക്കണുണ്ട്…. അതിനിടാൻ വളം ഇച്ചിരി വാങ്ങണം…. പാവലിന് പന്തലിടണം… ആകെ ശോഷിച്ചു പോയി….
ഒക്കെ ചെയ്യാടോ….അവരൊക്കെ ഏതുമ്പൊ പാടോം… തൊടിയും മുറ്റൊക്കെ അങ്ങനെ നിറഞ്ഞു കെടക്കണം…..
എത്രയായി കുട്ട്യോളെ ഒന്ന് കണ്ടിട്ട് കൊതിയാവാ…. എന്തോരം വലുതായോ….,? തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടൊരാൻ പറഞ്ഞാ കേക്കില്യല്ലോ…
അവർക്ക് അവരുടെ ഇഷ്ട്ടല്ലെ ലകഷ്മി…. ദാസനു അവിടെ പണിയായൊണ്ടല്ലേ ശോഭയും വരാത്തെ…. കുട്ടിയോൾടെ പഠിത്തോം അവിടല്ലേ…
എന്നും വച്ച് ഒന്ന് വന്നു കണ്ടൂടാന്നില്ലലോ… രണ്ട് ആൾകാർ ഇവിടിങ്ങനെ ഇണ്ടെന്നുള്ള ബോധല്യാ…. ആഴ്ച കൂടുമ്പോ ഒരോ കത്തും… പിന്നെ ഓണത്തിനും വിഷുനുമൊരു കോടിയും അത്രന്നെ….
താൻ ഇങ്ങനെ മുഖം വീർപ്പിക്കാതെടോ… അവർക്ക് തോന്നുമ്പോ ഇങ്ങോട്ട് പോന്നോളും… ഇപ്പഴഴത്തെ കുട്ട്യോളല്ലെ… നിർബന്ധിക്കാൻ ഒക്കുവോ….
സുജ പറയന്നുണ്ട് എറണാകുളത്ത് അവളുടെ വീട്ടിലേക് മാറിക്കൂടെ അമ്മെന്ന്… എത്രാന്ന് വച്ചാ ഇങ്ങനെ കഴിയാന്നു…
ആഹാ… എന്നിട്ട് താൻ അതെന്നോട് പറഞ്ഞില്ലാലോ.
കഴിഞ്ഞ ഇടയ്ക്ക് ഫോൺ വിളിച്ചപ്പോ അങ്ങുമിങ്ങും തൊടാണ്ട് പറഞ്ഞതാ…
അവൾക്കറിയാം സമ്മതിക്കില്ലാന്ന്…. എന്നിട്ടും വെറുതെ പറഞ്ഞതാ…
താൻ എന്ത് പറഞ്ഞു….?? ന്നേ തിരക്കിലെ അവള്….
ഞാൻ ന്താ പറഞ്ഞിട്യുണ്ടാവുകാന്നു മാഷിന് നല്ല നിശ്ചില്ല്യെ…. വരണില്ലാന്ന് തീർത്തു പറഞ്ഞു… എനിക്ക് വയ്യാ മാഷേ ഈ നാടും നമ്മടെ വീടും അമ്പല കുളവും കാവും പാടോം ഒന്നും വിട്ടു പോകാൻ….
എവിടെ പോയാലും ഇതിന്റെ അത്ര ചെല് ഇണ്ടാകുവോ…. ഇവിടുന്നു കൊള്ളുന്ന മഴടെ സുഖം കിട്ടുവോ….. ഇവിടത്തെ തൊടിയിലെ തണൽ പോലാകുവോ അവിടത്തെ ഷീറ്റിട്ടാ വീട്…
സംഭാരത്തിന്റെ രുചി കിട്ടുവോ. പൊടി കലക്കിയ വെള്ളത്തിന്….
“””ഓ ഇനി അത് പറഞ്ഞു പിണങ്ങേണ്ടാ…
ഇവിടെ മതി രണ്ടാൾക്കും….. ആരു വന്നാലും പോയാലും…. അഥവാ ഇനി ഇങ്ങോട്ട് തിരിഞ് നോക്കിലേലും നമുക്ക് വല്യ പ്രശ്നമോന്നും ഇല്ല്യാലോ…. നമുക്ക് നമ്മളില്ലേ…”””
“””ലക്ഷ്മിക്കുട്ടി…. ഒനിങ്ങട് തിരിയു….. ന്താ മുഖത്തിനൊരു വാട്ടം പോലെ……
ഏയ്യ് ഒന്നുല്ല….
ഒന്നുല്ലാതെയല്ല…..ഉണ്ട്…. കണ്ണൊക്കെ കുഴിഞ്ഞിരിക്കണല്ലോ…. ആകെ വല്ലാതെ..
ഒന്നുല്ലെന്റെ മാഷേ…
ന്തോ ഇണ്ട് ലക്ഷ്മികുട്ടിയെ …പറയ്… ഇത്ര മടി ന്തിനാ
അത് നേരത്തെ ഒരു തല ചുറ്റൽ പോലെ തോന്നിരുന്നു…
ന്നാ ലെശം കെടന്നോളു… വെയിൽ കൊണ്ടിട്ടാവും പറമ്പിൽ പണി ണ്ടാരുന്നില്ലേ……ആവിപിടിക്കാം…..
വേണോച്ചാ ജംഗ്ഷനലെ ഡോക്ടർ രമേശനെ പോയി കണ്ടോളു…
അതിന്റെ ആവശ്യൊന്നില്ല മാഷേ..
ഇല്ലാന്ന് താനാ തീരുമാനിക്കാ….
ഇണ്ട്…
ഏറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല… മുറ്റത്ത് കരിയിലകളുടെ താളം മാത്രം ഉയർന്നു കേട്ടു…..
പിന്നൊന്നും പറയാൻ പോയില്ല…. ഒന്ന് നോക്കി ഒരു കള്ള നോട്ടം… മാഷിന്റെ ചുണ്ടിൽ ചിരി തെളിയണ വരെ…..
“”മാഷേ…. ന്നേ കൊണ്ടോവാൻ സുജ വരണു ന്നു…. കൊണ്ടുവാത്രെ അവരങ്ങട്…. നിക്ക് പോണ്ടാ മാഷേ ഇവിടുന്ന് എങ്ടും….
അതിപ്പോ…. അവരു പറയുമ്പോ… എങ്ങനാടോ വരില്യാ പറയാ…. താൻ പൊക്കോ…
മാഷിനിത് ങ്ങനെ തോന്നുണു പറയാൻ… മാഷില്ല്യാണ്ട് ഒരിടത്തേക്കും ഞാനില്ല…
ഞാൻ ഉണ്ടല്ലോ…. തന്റടുത്ത്…. തന്റെ തൊട്ടടുത്ത്….. എവിടായാലും ലക്ഷ്മികുട്ടി ഉള്ളിടത്ത് മാഷ്ണ്ടാവും….
“എന്നാലും മാഷേ…. മാഷുറങ്ങണ ഈ മണ്ണ് വിട്ടിട്ട് എവിടേക്കും പോണ്ട നിക്ക്….. എങ്ങോട്ടും ഇല്ല ഞാൻ… ഈ വീട്ടിൽ ഞാൻ നിന്നോളാ…. മാഷുണ്ടല്ലോ കൂട്ടിന് എനിക്കത് മതി…”””
“””ഇങ്ങനെ കരയേല്ലടോ….. ഞാനുണ്ടാകും…. ദേ… കണ്ണ് തൊടച്ചേ…”””
മാഷിന്റെ മണവും പേറിയൊരു കാറ്റ് അവരെ തട്ടി തടഞ്ഞു പോയി…. ചന്ദനത്തിന്റെ ഗന്ധം അവിടമാകെ നിറഞ്ഞു….
പിറ്റേന്ന് കാക്ക വന്നു ഉമ്മറമാകെ കൊത്തി പെറുക്കി…. സൂര്യൻ ജനൽ പാളികളിൽ മുത്തമിട്ടു…. തൊഴുത്തിലെ പശുകിടാവ് നിർത്താതെ കരഞ്ഞു….
കൂട്ടിലടച്ച കോഴി കുഞ്ഞുങ്ങൾ തീറ്റ പാത്രത്തിൽ പരസ്പരം കൊത്തി പറിച്ചു…. തലേന്നത്തെ കഞ്ഞിപ്പാത്രത്തിലേക്ക് നോട്ടമിട്ട് പശുക്കൾ കാവലിരുന്നു….
പക്ഷെ…. ലക്ഷ്മിയമ്മ ഉണർന്നില്ല……. കൈകൾ മരവിച്ചിരുന്നു….മാഷിന്റെ ലകഷ്മിയെ കൂട്ടി മാഷ് യാത്രയായി… ഇനിയൊരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക്……
പ്രണയിക്കണം….. കൗമാരത്തിലും യാവ്വനത്തിലും മാത്രമല്ല…. ഉടലിൽ ചുളിവുകൾ വീണാലും…. വെള്ള നൂലുകൾ മുടിയിഴകളിൽ മുത്തമിട്ടാലും കണ്ണുകളിൽ അന്ധത ചേക്കേറിയാലും….
സൗന്ദര്യത്തിന്റെ കേട്ടുപാടുകളെ പൊട്ടിച്ചെറിഞ്ഞു കൊണ്ട്… മനസ്സിൽ നിർമലമായ സ്നേഹം സൂക്ഷിച്ചു കൊണ്ട്…. മരണത്തിലും കൈവിടാതെ……
“””വരിക സഖി… യരികത്ത് ചേർന്ന് നില്ക്കു….. പഴയൊരു മന്ത്രം സ്മരിക്കനാമന്യോന്യ.
മൂന്നുവടികളായ് നിൽക്കാം …””””