അവളുടെ പരാതിയും പരിഭവങ്ങളും അടുക്കളയിലെ സിങ്കിൽ കുന്നുകൂടി കിടക്കുന്ന..

അവൾ
(രചന: Gopika Vipin)

അവൾ മാതാപിതാക്കളുടെ ശിരസ്സ് കുനിക്കാന് അനുവദിക്കാത്ത മകളാണ്… ഭർത്താവിന്റെ ഇഷ്‌ടാനിഷ്ടങ്ങൾ പറയാതെ അറിയുന്ന പത്നിയാണ്…

തന്റെ സന്തനങ്ങൾക്ക് നേർവഴി കാട്ടുന്ന വിളക്കാണ്.. അടുക്കളയിൽ രുചിക്കൂട്ടുകൾ കൊണ്ട് മായാജാലം തീർക്കുന്ന മന്ത്രവാദിനിയാണ്…

സ്വീകരണമുറിയിൽ ആതിഥേയത്വം തെറ്റിക്കാത്ത മരുമകളാണ്…

തീൻമേശയിൽ ഓരോരുത്തരുടെയും വയററിഞ്ഞു ഊട്ടുന്ന അന്നപൂർണേശ്വരിയാണ്…
പൂജാമുറിയിൽ മറ്റൊരു ദേവിയാണ്…
കിടപ്പുമുറിയിൽ മുല്ലപ്പൂവിന്റെ സുഗന്ധമാണ്…

ഓരോ പകലിലും കണികണ്ടുണരാനുള്ള കണിക്കൊന്നയാണ്… ഓരോ രാത്രിയിലും ഉറക്കത്തിലേക്ക് വഴുതി വീഴാനുള്ള താരാട്ടു പാട്ടാണ്…

അതിനുമപ്പുറം…. അവൾക്ക് മറ്റാരും അറിയാത്ത ഒരു രൂപമുണ്ട്….. ഭാവമുണ്ട്…. അവസ്ഥയുണ്ട്…. അവൾ….
അവൾ ഒരു തടവുകാരിയാണ്‌…

ഒരിക്കലും തകർക്കാൻ കഴിയാത്ത പാകത്തിൽ ഇരുമ്പുകൾ കൊണ്ടു നിർമിച്ച അഴികൾ ആണ് അവൾക്ക് മുന്നിൽ….

തോട്ടു പിറകിൽ അന്തമില്ലാത്ത അന്ധകാരവും….

ബന്ധങ്ങൾ അദൃശ്യമായ ഇരുമ്പ് ചങ്ങലകൾ പോലെ ഇരുകാലുകളെയും ബന്ധനത്തിൽ ആക്കിയിരിക്കുന്നു… ശെരിയാണ്… ബന്ധങ്ങൾ ബന്ധനകൾ….

ചങ്ങല കണ്ണികൾ ഉണ്ടാക്കിയ വൃണങ്ങൾ ഇന്ന് പഴുതു പുഴുവരിച്ചു തുടങ്ങിയിരിക്കുന്നു…

“ആഹ്….” അസഹ്യമായ നീട്ടൽ… ചോരപൊടിഞ്ഞിരിക്കുന്നു….

കണ്ണുകൾ വറ്റി വരണ്ടിരിക്കുന്നു…. നീറി പുകയുന്ന രണ്ടു അഗ്നി ഗോളങ്ങൾ….
എരിയുന്നുണ്ട് സർവ്വവും ചുട്ടു ചാമ്പലാക്കാൻ കെൽപ്പുള്ള തിരസ്കാരത്തിന്റെ അഗ്നി ചുരുളുകൾ….

പക്ഷേ പുറത്തു വരാത്ത വണ്ണം അവയെ അടക്കി നിർത്താൻ പഠിച്ചവൾ യഥാർത്ഥ സ്ത്രീ….

സുഖം…… ആഹാ എത്ര നല്ല പദം…. വേദനയാണ്… പരാതികളുണ്ട്… കുഞ്ഞ് കുഞ്ഞ് പരിഭങ്ങൾ ഉണ്ട്….

തളർച്ചയുണ്ട്… തനിച്ചാണ്… ആയിരം കാര്യങ്ങൾ ഉള്ളിൽ ഉരുവിട്ട് കൊണ്ടു പുറത്തു എല്ലാവരെയും നോക്കി വീണ്ടും അവൾ ആവർത്തിക്കും….

“സുഖം….. പരമ സുഖം”

നല്ല അഭിനയത്രിയാണ്‌…. ഉള്ളിൽ ഒരായിരമടങ്ങു തളർന്നു തകർന്നു ഒറ്റപ്പെടലിന്റെ അഗാധഗർത്തങ്ങളിലേക്ക് ആണ്ട് താണ് പോകുമ്പോളും പുറമെ ഒന്നും സംഭവിക്കാത്ത പോലെ ശാന്തമായി നിലകൊള്ളാൻ പഠിച്ചവൾ…

തച്ചു തകർക്കണം എന്നുണ്ട്…. മുന്നിൽ തടസമായി നിൽക്കുന്ന ഇരുമ്പഴികളെ….. അറുത്ത്‌ ദൂരേക്ക് വലിച്ചെറിയണം എന്നുണ്ട് കാലിൽ കാലങ്ങളായി മുറുകി വരുന്ന ചങ്ങലകണ്ണികളെ….

പക്ഷേ അശക്തയാണ്‌…. ഒരു ചുവടു പോലും മുന്നോട്ടു വയ്ക്കാൻ കഴിയാത്ത വണ്ണം…

ചെവിക്കൊള്ളാതെ പോയ ആയിരം അഭിപ്രായങ്ങൾ ഇപ്പോളും അവൾക്ക് ചുറ്റും വട്ടമിട്ടു പറക്കുന്നുണ്ട്…

ഗതികിട്ടാതെ അലയുന്ന ആത്മാക്കളെ പോലെ… കൊല്ലാതെ കൊല്ലുന്നുണ്ട്….. താല്പര്യം ഒട്ടും ഇല്ലാതെ അങ്കീകരിക്കേണ്ടി വന്ന തീരുമാനങ്ങൾ…

ഒരുമൂലയിൽ കുന്നുകൂടി കിടക്കുന്ന വിഴുപ്പുഭാണ്ഡങ്ങളുമായി മല്ലിടുമ്പോൾ അകത്തെ കട്ടിലിനടിയിൽ മരപെട്ടിയിൽ ആർക്കും വേണ്ടാതെ ചിതലരിച്ചു തുടങ്ങിയ എണ്ണമറ്റ സർട്ടിഫിക്കറ്റുകൾ അവളെ നോക്കി കൊഞ്ഞനം കുത്തും…

അവളുടെ പരാതിയും പരിഭവങ്ങളും അടുക്കളയിലെ സിങ്കിൽ കുന്നുകൂടി കിടക്കുന്ന പാത്രങ്ങളോട് തീർക്കുമ്പോൾ,

അകത്തു ആമാടപ്പെട്ടിയിൽ ചുവന്ന പട്ടിൽ മഞ്ഞാടി കുരുക്കൾ കൊണ്ടു മൂടി ഇന്നും അവൾ ഒരു നിധി പോലെ സൂക്ഷിച്ചു വച്ച,

ഒരുകാലത്തു അവരുടെ ഹൃദയതുടിപ്പുകളായിരുന്ന ആ രണ്ടു ചിലങ്കകൾ തങ്ങളോട് കൂട്ടുകൂടാൻ പിന്നീട് ഒരിക്കൽ പോലും അവൾ എത്തിയില്ലല്ലോ എന്നോർത്തു കണ്ണുനീർ വാർക്കും

എന്നാലും ഭാഗ്യവതി ആണ്…. സൗഭാഗ്യവതി… മുൻജന്മത്തിൽ ചെയ്ത കർമ്മ പുണ്യം പോലെ ഈ ജന്മം നേടിയെടുത്തവൾ… ഭാഗ്യവതിയാണ്‌….

മുഖത്തു ഒരു ചിരി വിരിഞ്ഞു… സ്വന്തം മനസാക്ഷിയെ വഞ്ചിച്ചു താൻ നേടിയെടുത്ത പദവിയെ കുറിച്ചോർത്‌ നിർവികാരമായ ഒരു ചിരി…. തന്നോട് തന്നെ ഉള്ള പുച്ഛം നിറഞ്ഞു നിന്ന ചിരി….

സമർത്ഥയാണ്…… ഉള്ളിൽ ഒരു കടൽ ഇരമ്പുബോളും , തനിക്ക് ഒരിക്കലും ചേരാത്ത ഒരു പേര് ചാർത്തി കിട്ടുമ്പോളും,

ഉള്ളിൽ ഒരു തരിപോലും സന്തോഷം തോന്നുന്നില്ലെങ്കിലും, ഒരിക്കലും തനിക്ക് ചേർന്ന പദവിയല്ല എന്ന് ഉള്ളിൽ ഉറക്കെ വിളിച്ചു പറയുമ്പോളും,

സന്തുഷ്ടയാണെന്ന് തനിക്കുചുറ്റുമുള്ളവരെ തെറ്റുധരിപ്പിക്കാൻ ഒരിക്കലും തിളക്കം മങ്ങാത്ത ഒരു ചിരി എപ്പോളും ചുണ്ടിൽ കാത്തുവയ്ക്കാൻ മിടുക്കുള്ളവൾ……

അപ്പോളും ഒരു അശരീരി പോലെ അവൾക്ക് ചുറ്റും മുഴങ്ങി കേട്ടു,, ഭാഗ്യവതി ആണ്…….. സൗഭാഗ്യവതി….

Leave a Reply

Your email address will not be published. Required fields are marked *