സിയ എന്ന പെൺകുട്ടി
(രചന: Husian Husian Mk)
കടയിലെ തിരക്കൊഴിഞ്ഞ വിരസമായ സമയങ്ങളിൽ നേരം പോക്കാനെത്തുന്ന ഒരു കിളിക്കൊഞ്ചലുണ്ടായിരുന്നു ബംഗാളി പെൺകൊടിയായിരുന്ന സിയ.
തൊട്ടടുത്ത ബേക്കറിയിലേക്ക് സർവീസ് ലേഡിയായി വന്ന സിയയോട് നാഗാലാൻറിൽ നിന്നും വന്ന സർവീസ് ലേഡികളോടൊന്നും തോന്നാത്ത ഒരടുപ്പം തോന്നിയിരുന്നു.
അവൾ ജോലി ചെയ്യുന്ന ബേക്കറിയിൽ നല്ല ചായ കിട്ടുമായിരുന്നെങ്കിലും എൻ്റെ കൈയിൽ നിന്നുള്ള ചായ കിട്ടാൻ വേണ്ടി അവൾ സമയം കണ്ടെത്തുമായിരുന്നു.
വിരസമായ ഉച്ച സമയങ്ങളിലാണ് അവൾ കൂടുതലും വരാറ്.
കാശ് കൗണ്ടറിനടുത്തുള്ള കസേരയിൽ തന്നെ അവൾ ഇരിക്കുകയും ബംഗാളി ഭാഷയിൽ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
ഞാൻ എല്ലാം മൂളിക്കേൾക്കും ഒരു കേൾവിക്കാരനായി.
ഉച്ചഭക്ഷണത്തിന് വേണ്ടി ആ ബേക്കറിയിലേക്ക് പോകുമ്പോൾ ഞാൻ കഴിച്ചു കഴിയുന്നത് വരെ അവൾ എന്നെ ചുറ്റിപ്പറ്റി നിൽക്കുമായിരുന്നു.
അവളുടെ അടുപ്പവും പെരുമാറ്റവും കണ്ടിട്ടാവണം ബേക്കറി മുതലാളി എന്നോട് പറഞ്ഞത് “തലയിലാവും, ചുമക്കേണ്ടി വരുമെന്ന്”.
ഒരു ദിവസം കടയിൽ ഭാര്യയുണ്ടായിരിക്കെ അവൾ കടയിൽ വന്നിരുന്നത് എന്നെ ആകെ ആശങ്കപ്പെടുത്തിയിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഭാര്യയുടെ പരിചയക്കാരിലാരോ എന്നെ സൂക്ഷിക്കണമെന്നും സ്ത്രീകൾ കൂടുതലായി കടയിൽ വരുന്നുണ്ടെന്നും പറഞ്ഞ് ഭാര്യയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയത്.
സിയയുടെ കാര്യം ഭാര്യ നേരിട്ട് കണ്ടതോടെ ഇന്നൊരു പൊട്ടിത്തെറിയുണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും
കുന്ന് കുലുങ്ങിയാലും കുഞ്ഞാത്തു കുലുങ്ങില്ലാ എന്നത് പോലെ ഉറപ്പുള്ള ഭാര്യയായതിനാൽ
അന്നും സുഖമായി ഉറങ്ങാൻ കഴിഞ്ഞു.
പിറ്റേ ദിവസം വർദ്ധിച്ച ആവേശത്തോട് കൂടി അവളുടെ കിളിക്കൊഞ്ചൽ കേൾക്കാൻ ഞാൻ കാത്തിരുന്നെങ്കിലും അവൾ വന്നില്ല.
ഉച്ചഭക്ഷണത്തിനായി ഞാൻ ബേക്കറിയിലേക്ക് പോയെങ്കിലും അവളെ കണ്ടില്ല.
ഒരു പക്ഷേ പനിയോ മറ്റോ ആയത് കാരണം പുറത്തിറങ്ങിയിട്ടുണ്ടാവില്ല എന്ന് കരുതിയിരിക്കുമ്പോഴാണ് മുതലാളി വന്ന് പറഞ്ഞത് നിൻ്റെ ആള് നാട്ടിലേക്ക് പോയെന്ന്.
അവളുടെ ബന്ധത്തിലാരോ മരിച്ചെന്നും പറഞ്ഞ് ഫോൺ വന്നിരുന്നു. രാവിലെ ട്രെയിൻ ഉണ്ടായിരുന്നത് കൊണ്ട് വേഗം പറഞ്ഞു വിട്ടു.
മാസങ്ങൾ കഴിഞ്ഞെങ്കിലും അവളെപ്പറ്റി ഒരു വിവരവും ഉണ്ടായിരുന്നില്ല.
പിന്നീട് എൻ്റെ ഉമ്മ മരിച്ച സമയത്ത് നാല് ദിവസം കട അടച്ചിരുന്നു.
ആ സമയത്ത് അവൾ കാണാൻ കടയിൽ വന്നിരുന്നത്രെ. അവൾ ജില്ലക്ക് പുറത്തുള്ള ഏതോ നഗരത്തിലെ ഹോട്ടലിലാണിപ്പോൾ എന്ന് മനസിലാക്കാൻ കഴിഞ്ഞു.
അവൾ പിന്നീട് ഒരു ദിവസം കൂടി കാണാൻ വന്നിരുന്നെങ്കിലും അന്നും കട ലീവായിരുന്ന തിനാൽ പരസ്പരം കാണാൻ കഴിഞ്ഞില്ല.
മാസങ്ങൾ പിന്നെയും അനവധി കഴിഞ്ഞു പോയിരുന്നു. അവളും കാലത്തിൻ്റെ യവനികക്കുള്ളിൽ മറഞ്ഞു പോവുകയാണെന്നുള്ള യാഥാർത്ഥ്യം എനിക്ക് മനസിലായിത്തുടങ്ങിയിരുന്നു.
ഫോൺ മെസ്സേജുകളുടെ കൂട്ടത്തിൽ ഒരു 118 രൂപ അക്കൗണ്ടിൽ കയറിയതായുള്ള ആ മെസ്സേജ് ഞാൻ ആശ്ചര്യത്തോട് കൂടിയാണ് നോക്കിയത്.
ബംഗാളിലെ 24 പർഗാനയിലെ ഒരു ബാങ്കിൽ നിന്ന് അയച്ച കാശിൻ്റെ ഉടമയെ അറിയാൻ ഞാൻ എൻ്റെ പറ്റു ബുക്കിലാണ് പരതിയത്.
അവിടെ ആ118 രൂപയുടെ കൂടെ അവളുടെ പേരായിരുന്നു. സത്യത്തിൽ അപ്പോഴാണെനിക്ക് സമാധാനമായത്. അല്ലെങ്കിലും പണത്തിനു മീതെ ഒരു പ്രണയവും പറക്കില്ലെന്നേ.