അച്ഛൻ ആ സ്ത്രീയെ വിളിച്ചു, ഇതാണ് ഇനി പൊന്നുവിന്റെ അമ്മ ഒരു നിമിഷം കൊണ്ട്..

ബാധ്യത
(രചന: Jils Lincy)

മോളേ… നാളെ അച്ഛൻ വരും. വൈകിട്ട് സ്കൂൾ വിട്ടു വന്ന് ചായ കുടിച്ചു കൊണ്ടിരിക്കെയാണ് അച്ഛമ്മ അതെന്നോട് പറഞ്ഞത്….

ഞാനൊന്നും മിണ്ടിയില്ല, അല്ല ആ വാർത്ത എന്നിൽ പ്രത്യേകിച്ചൊരു ഒരു വികാരവും ഉണ്ടാക്കിയില്ല എന്നതാണ് സത്യം….

അച്ഛമ്മ സന്തോഷത്തിൽ ആയിരുന്നു..
നാലു വർഷങ്ങൾക്ക് ശേഷം മകൻ ദുബായിൽ നിന്ന് നാട്ടിലേക്ക് വരുന്നു….

വീട്ടിലെ ജോലിക്കാരോടെല്ലാം ഓരോരോ നിർദ്ദേശങ്ങൾ നൽകി കൊണ്ട് അച്ചാച്ചനെയും ഏറെ നാൾ കൂടി സന്തോഷത്തിൽ കണ്ടു…..

ചായ കുടി കഴിഞ്ഞു മുകളിലത്തെ എന്റെ റൂമിലെ കട്ടിലിൽ കയറി കിടന്നു……

അച്ഛൻ!! വിളിച്ചിട്ട് എത്രയോ നാളുകളായിരിക്കുന്നു……

ഇങ്ങനെ ഒരു മകൾ ഉണ്ടെന്ന കാര്യം പോലും അച്ഛൻ ഓർക്കുന്നു എന്ന് തനിക്ക് മനസ്സിലാകുന്നത് പോലും ഓരോ വർഷവും പിറന്നാളിന് അച്ഛന്റെ കാൾ വരുമ്പോളാണ്…

Happy birthday പൊന്നു.. എന്ന ഒറ്റ വാക്കിൽ അച്ഛൻ എല്ലാം പറഞ്ഞു തീർക്കും…..

പതിഞ്ഞ ശബ്ദത്തിൽ താൻ പറയുന്ന thanks, അച്ഛൻ കേൾക്കാറുണ്ടോ എന്നറിയില്ല….

പക്ഷേ അതിന് മുൻപേ അച്ഛന് തിരക്കാണ് മോളേ അച്ഛൻ പിന്നെ വിളിക്കാം എന്നും പറഞ്ഞു കൊണ്ട് അച്ഛൻ ഫോൺ വെച്ചിരിക്കും…….

എത്ര പെട്ടന്നാണ് സന്തോഷത്തിന്റെ വസന്തങ്ങൾ കടന്ന് പോയത്…

തനിക്കോർമ്മ വെച്ചപ്പോൾ മുതൽ അച്ഛൻ ഗൾഫിലായിരുന്നു…ഒരു വർഷം കൂടുമ്പോൾ വരും… വരുമ്പോൾ കൈനിറയെ തനിക്കെന്തെങ്കിലും ഒക്കെ ഉണ്ടാകും…. ടോയ്‌സ്, ഡ്രസ്സ്‌, ആഭരണങ്ങൾ അങ്ങനെ എന്തെങ്കിലും…..

ആദ്യമൊക്കെ അച്ഛനും അമ്മയും വലിയ സന്തോഷത്തിൽ ആയിരുന്നു…. എപ്പോഴാണ് അവർ തമ്മിൽ പ്രശ്നങ്ങൾ തുടങ്ങിയത് എന്നറിയില്ല…

അവസാനമായി അച്ഛൻ നാട്ടിൽ വന്നപ്പോൾ അമ്മ കൂടെ കൂടെ കരയുന്നതും….. അച്ഛൻ ക്ഷോഭിച്ചു കൊണ്ട് അമ്മയോട് ഒച്ചയിടുന്നതും കാണാമായിരുന്നു…..

അവരുടെ വഴക്കിന്റെ കാരണം അറിയില്ലെങ്കിലും.. ഓരോ വഴക്കുകളും തന്റെ കുഞ്ഞു സന്തോഷങ്ങളുടെ നിറം കെടുത്തി കളഞ്ഞിരുന്നു…. എല്ലാ കുട്ടികളെയും പോലെ അച്ഛന്റെയും അമ്മയുടെയും കൂടെ പുറത്തു പോകുവാനും…

രാത്രിയിൽ അവരുടെ രണ്ടു പേരുടെയും ഇടയിൽ കിടന്നുറങ്ങുവാനും താൻ ഏറെ ആഗ്രഹിച്ചിരുന്നു….

ഒരു ദിവസം രാത്രിയിൽ അമ്മ വല്ലാതെ ഒച്ചയിട്ട് കരയുകയും ദേഷ്യപ്പെടുകയും ചെയ്യുന്നതും അച്ഛൻ നിശബ്ദനായി കട്ടിലിൽ കിടക്കുന്നതും താൻ കണ്ടിരുന്നു…

അന്നു രാത്രി പൊന്നു…. അമ്മ അമ്മമ്മയുടെ വീട്ടിലേക്ക് പോകുവാണ് മോള് അമ്മയുടെ കൂടെ വരണം എന്ന് അമ്മയെന്നോട് കരച്ചിലിനിടയിൽ പറഞ്ഞു…..

എനിക്കെന്ത് പറയണം എന്നറിയില്ലായിരുന്നു… അച്ഛന്റെ സ്നേഹം ആസ്വദിച്ചു മതിയാകാത്ത മോളായത് കൊണ്ടാവാം

ഞാൻ വരണില്ല അമ്മേ ഞാനിവിടെ അച്ഛന്റെ കൂടെ നിന്നോളാം എന്ന് ഞാൻ പറഞ്ഞത് അമ്മയ്ക്ക് ഉൾകൊള്ളാൻ ആവുന്നില്ലായിരുന്നു…..

നേരം വെളുക്കുമ്പോഴേക്കും മാമനും അമ്മമ്മയും വീട്ടിൽ എത്തി…. വസ്ത്രം മാറി അമ്മ എന്നെ എടുക്കാനാഞ്ഞതും ഞാൻ ഓടി അച്ഛമ്മയുടെ പുറകിൽ ഒളിച്ചു…. അമ്മയുടെ കൂടെ വാ.. പൊന്നു എന്ന് അമ്മ കരഞ്ഞു കൊണ്ട് പറയുന്നുണ്ടായിരുന്നു…

പൊന്നു പോകല്ലേ അച്ഛന് വിഷമമാകും മോളേ…. എന്ന അച്ഛമ്മയുടെ വാക്കുകൾക്ക് മുൻപിൽ അമ്മയുടെ കരച്ചിൽ ഞാൻ അവഗണിച്ചു….

കരഞ്ഞു കൊണ്ട് മാമന്റെ കൂടെ പോകുന്ന അമ്മയുടെ ചിത്രം ഒരു മൂന്നാം ക്ലാസുകാരിയുടെ ഹൃദയം എത്ര മേൽ മുറിച്ചു വെന്ന് ആരും അറിഞ്ഞില്ല…. അച്ഛൻ പോലും….

പൊന്നു അമ്മയുടെ കൂടെ പോയാൽ പിന്നെ അമ്മ അച്ഛന്റെ വീട്ടിലോട്ട് തിരിച്ചു വരില്ല, അതു കൊണ്ട് മോളിവിടെ
നിൽക്ക് എന്ന അച്ഛമ്മയുടെ വാക്കുകൾ വീണ്ടും പ്രതീക്ഷകൾ നൽകി ….

അച്ഛൻ ദുബായിക്ക് തിരിച്ചും പോയപ്പോൾ എങ്കിലും അമ്മ തിരിച്ചു വരുമെന്ന് വിചാരിച്ചു….. പക്ഷേ അന്ന് പോയ അമ്മ പിന്നീട് തിരിച്ചു വന്നതേയില്ല…..

ആദ്യം വിഷമമായിരുന്നു എങ്കിൽ പിന്നീടത് ദേഷ്യമായി മാറി… പിന്നീടമ്മ വിളിക്കുമ്പോൾ എല്ലാം താൻ ശക്തമായി തന്നെ വിളിക്കേണ്ട ഞാൻ അമ്മയുടെ കൂടെ വരുന്നില്ല എന്നുറപ്പിച്ചു പറഞ്ഞു….

അമ്മയുടെ മനസ്സിൽ എന്തായിരുന്നു എന്നെനിക്കറിയില്ലായിരുന്നു പക്ഷേ തന്നെ ഇട്ടിട്ട് പോയ അമ്മയോട് തനിക്കപ്പോഴേക്കും വല്ലാത്തൊരു വെറുപ്പ് നിറഞ്ഞിരുന്നു…

അച്ഛനെ കൂട്ടാൻ ആരും ചെല്ലേണ്ട എന്നു പറഞ്ഞിരുന്നു….. വൈകിട്ട് സ്കൂൾ വിട്ട് താൻ വന്നപ്പോൾ പരിചയമില്ലാത്ത ഒരു കാർ വീട്ടുമുറ്റത്തു കിടക്കുന്നുണ്ട്…

പൂമുഖത്തേക്ക് കയറിയതും കണ്ടു ചായ കുടിച്ചു കൊണ്ട് അച്ഛനിരിക്കുന്നു… കൂട്ടത്തിൽ ഒരു സ്ത്രീയും അവരുടെ മടിയിൽ ഒരു രണ്ടു വയസ്സു തോന്നിക്കുന്ന കുട്ടിയും……

തന്നെ കണ്ടതും അച്ഛൻ ആഹാ… പൊന്നു വന്നോ എന്ന് ചോദിച്ചു എഴുന്നേറ്റ് വന്നു… മടിച്ചു നിന്ന എന്റെ തോളത്തു കൈയിട്ടു ദേഹത്തോട് ചേർത്തു നിർത്തി….

വർഷങ്ങൾക്ക് ശേഷം അച്ഛന്റെ സ്പർശം ഏറ്റതു കൊണ്ടാവാം….

എന്തോ പേരറിയാത്തൊരു വിങ്ങൽ എന്റെ തൊണ്ടയോളം വന്നു തടഞ്ഞു നിന്നു… ജീവിക്കാൻ ഭക്ഷണം പോലെ തന്നെ സ്നേഹവും വേണമെന്ന് തോന്നി പോയി….

ജ്യോതി, ഇങ്ങോട്ട് വാ…… അച്ഛൻ ആ സ്ത്രീയെ വിളിച്ചു.. ഇതാണ് ഇനി പൊന്നുവിന്റെ അമ്മ.

ഒരു നിമിഷം കൊണ്ട്…അച്ഛൻ വന്നാൽ അമ്മയെ കൂട്ടി കൊണ്ട് വരുമെന്ന് വിചാരിച്ചിരുന്നു സ്വപ്‌നങ്ങൾ കൂട്ടിയ തന്റെ കുഞ്ഞു ഹൃദയം തകർന്നു തരിപ്പണമാകുന്നത് താനറിഞ്ഞു…

ലിപ്സ്റ്റിക്ക് ഇട്ട ചുണ്ടുകളിൽ മനോഹരമായ ഒരു ചിരി വരുത്തി അവർ തന്നെ കെട്ടിപിടിച്ചു… എനിക്കെന്തോ ശ്വാസം മുട്ടുന്ന പോലെ തോന്നി.

അന്ന് രാത്രിയിൽ അച്ഛമ്മ .. പൊന്നു.. ഇന്ന് അച്ഛമ്മയുടെ മുറിയിൽ കിടന്നോ അവിടെ അച്ഛൻ കിടക്കട്ടെ കേട്ടോ എന്ന് തന്നോട് പറഞ്ഞതും മാറ്റി നിർത്തലിന്റെ ഒരു ഉഷ്ണം എന്നെ വല്ലാതെ പൊതിഞ്ഞു…

തന്റെ മുറിയിലേക്ക് അച്ഛനും പിന്നെ ആ സ്ത്രീയും കുഞ്ഞും കൂടി കിടക്കാൻ പോകുന്നത് അനാഥത്വത്തിന്റെ വേവോട് കൂടി താൻ നോക്കി നിന്നു…..

വന്നു കിടക്കു പെണ്ണെ അച്ഛമ്മ ഒച്ചയിട്ടു…. അച്ഛമ്മയുടെ മുറിയിൽ ബെഡിന്റെ ഓരോരുത്ത് കിടന്ന്… അമ്മയുണ്ടായിരുന്നുവെങ്കിൽ എന്ന് മോഹിച്ചു പോയി….

തലയിൽ തലോടി അമ്മ ഉറക്കിയിരുന്നതോർക്കവേ ഹൃദയം മുറിഞ്ഞു രക്തം കണ്ണീർ തുള്ളികളായി ഒഴുകി തലയിണ നനഞ്ഞു…..

സ്നേഹിച്ചു കൊണ്ട് തന്നെ അനാഥമാക്കപ്പെട്ടിരിക്കുന്നു… എല്ലാവരും ഉണ്ടെന്ന് പറഞ്ഞു കൊണ്ട് തന്നെ ആരും ഇല്ലാതെയായിരിക്കുന്നു….

പിറ്റേന്ന് സ്കൂൾ വിട്ട് വരുന്ന വഴി പണിക്കരു മാമന്റെ കടയിൽ കയറി ഒരു ബുക്ക്‌ വാങ്ങി… പിന്നെ മടിച്ചു മടിച്ചു ഒന്ന് ഫോൺ വിളിക്കാൻ ചോദിച്ചു….

നോട്ട് ബുക്കിൽ എഴുതി വെച്ച നമ്പർ dial ചെയ്തു… അങ്ങേ തലക്കൽ ബെൽ അടിക്കുന്നുണ്ട്…. ഹൃദയം ശക്തിയായി മിടിക്കുന്നു…

സ്കൂൾ ബാഗിനുള്ളിൽ മുഴുവൻ പുസ്തകങ്ങളും എടുത്തിട്ടുണ്ട്… അത്യാവശ്യം ഡ്രെസ്സും… ഇനി തിരിച്ചു വീട്ടിലേക്കില്ല എന്ന് ഇന്നലെ തീരുമാനിച്ചിരുന്നു….

ഹലോ മറുതലക്കൽ അമ്മയുടെ ശബ്ദം, അമ്മേ തന്റെ സ്വരം ഇടറിയിരുന്നു… പൊന്നുവാണമ്മേ!!!
മോളേ!! പൊന്നു… മോളെവിടെയാണ്…

ഒരു കരച്ചിലോടെ താൻ ചോദിച്ചു അമ്മേ!!! ഞാൻ അമ്മയുടെ കൂടെ വരട്ടെ??

അമ്മ ഒന്ന് ഞെട്ടിയോ?

അറിയില്ല… ഒരു നിമിഷം അമ്മ ഒന്നും മിണ്ടിയില്ല…. പിന്നെ പതിയെ പറഞ്ഞു അമ്മ എത്ര തവണ മോളെ വിളിച്ചു….. ഇനിയിപ്പോൾ അമ്മയ്ക്കാവില്ല മോളെ അമ്മയിപ്പോൾ മറ്റൊരു വീട്ടിലാണ്…..

പിന്നെ ഒരു ദീർഘ ശ്വാസം എടുത്ത് അമ്മ പറഞ്ഞു അമ്മയുടെ കല്യാണം കഴിഞ്ഞു മോളേ…

പ്രതീക്ഷയുടെ മഞ്ഞു പാളികൾ ഒരു നിമിഷം കൊണ്ടുരുകി വീഴുന്നതും … ഹൃദയം ഒരു വേള നിന്നു പോകുന്നതും അറിഞ്ഞു….

ഇനി മോള് നല്ല കുട്ടിയായി അച്ഛന്റെയും അച്ഛമ്മയുടെയും കൂടെ നില്ക്കു….എന്ന അമ്മയുടെ വാക്കുകൾ താൻ കേട്ടതേ ഇല്ല….

നഷ്ടപെട്ട സ്വർഗ്ഗത്തിന്റെ വേദന തന്നെ.. തന്നെ അത്ര മേൽ മുറിപ്പെടുത്തി വേദനിപ്പിച്ചിരുന്നു …..

താൻ അനാഥയായിരിക്കുന്നു…… ഇനി ഒരു കൂട്ടി ചേർക്കലുകളില്ലാതെ…. അവിടെ നിന്നിറങ്ങി റോഡിലേക്ക് കയറിയതും ഹോണടിച്ചു വന്ന ഒരു ടിപ്പർ ലോറി ഒരു നിമിഷം കൊണ്ട് തന്നെ

ആ പന്ത്രണ്ടു വയസ്സുകാരിയുടെ സ്വപ്നങ്ങൾക്കും പരാതികൾക്കും മേൽ ചുവപ്പ് ചായം വീഴ്ത്തി കടന്നു പോയിരുന്നു …..

ചിതറി വീണ പുസ്തകങ്ങൾക്കിടയിൽ നിന്ന് I Love You Acha Amme എന്നെഴുതിയ ഒരു താൾ മാത്രം അവളുടെ മേലേക്ക് പറന്നു വീണു….

Leave a Reply

Your email address will not be published. Required fields are marked *