അമ്മ
(രചന: Jinitha Carmel Thomas)
ചായപാത്രത്തിൽ ശുദ്ധമായ പശുവിൻപാൽ ഒഴിച്ചു.. അതിലേക്ക് അല്പം വെള്ളം ചേർത്തശേഷം ഗ്യാസടുപ്പിൽ വച്ചു..
തീ കത്തിച്ചു.. ചൂടായി; തിള വരുന്നതിന് മുൻപ്, പൊടിച്ച കാപ്പിക്കുരുവും രണ്ട് ഏലക്ക ചതച്ചതും മധുരത്തിനായി അല്പം പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി…
പാൽകാപ്പി തിളച്ചുതുടങ്ങുമ്പോൾ അടുപ്പിൽ നിന്നും വാങ്ങിവച്ചു.. പുറകിൽ കാൽപെരുമാറ്റം.. തിരിഞ്ഞുനോക്കി.. പെണ്മക്കളാണ്..
പതിവില്ലാതെ അവർ അടുക്കളയിൽ?? ചോദിക്കാൻ പോയില്ല കാരണം, താൻ വിധവയായിട്ട് ഇരുപത് മണിക്കൂർ കഷ്‌ടിച്ചു ആകുന്നതെയുള്ളൂ.. അതിന്റെ ഭയപ്പാടാകും മക്കൾക്ക്..
ഒന്നും ഉരിയാടാതെ ഒരു ചില്ലുഗ്ലാസ്സിൽ പകർന്നൊഴിച്ച പാൽകാപ്പിയുമായി ഇറയത്തേയ്ക്ക് ഇറങ്ങി ഇരുന്നു.. തൊടിയിൽ പാകമായി നിന്നിരുന്ന കാപ്പികായ്കളും നോക്കി കാപ്പി മോന്തി കുടിച്ചു..
പാൽകാപ്പി ഓരോ തുള്ളിയും ആസ്വദിച്ചു കുടിക്കുകയായിരുന്നു.. ഇത്രയും സ്വാധിഷ്‌ടമായ കാപ്പി അടുത്തകാലങ്ങളിൽ താൻ കുടിച്ചിട്ടില്ല.. വിചിത്രമായ വിഷയം.. ഈ പാൽകാപ്പി തയ്യാറാക്കിയത് താൻ തന്നെയാണ്..
അതിൽ അത്ഭുതം എന്താണ്?? ഇന്നലെയും അതിന് മുൻപുള്ള നാളുകളിലും ഇതേ അടുക്കളയിൽ താൻ തന്നെയാണ് ചായയും കാപ്പിയും തയ്യാറാക്കിയിരുന്നത്..
പക്ഷെ ഇന്നലെകളിൽ അവയ്ക്ക് രുചി ഇല്ലായിരുന്നു.. നിറം ഇല്ലായിരുന്നു.. മണം ഇല്ലായിരുന്നു..
അവസാനമായി താൻ ഇത്രേയും രുചിയോടെ പാൽകാപ്പി കുടിച്ചത് എന്നാണ്..
സംശയം വേണ്ട, അത് സംഭവിച്ചത് ഏതാണ്ട് മുപ്പത്തിനാല് വർഷങ്ങൾക്ക് മുൻപ്.. കൃത്യമായി പറഞ്ഞാൽ തന്റെ വിവാഹത്തിന്റെ തലേദിവസം.. അന്നും താൻ തന്നെയാണത് തയ്യാറാക്കിയത്..
ഈ നീണ്ടകാലയളവിൽ താൻ കാപ്പിയുടെ രുചിക്കൂട്ട് മറന്നിരുന്നുവോ??
ഇല്ല.. ഇല്ല.. രുചിക്കൂട്ട് മറന്നിരുന്നില്ല.. എന്നും ഇതേപാകത്തിന് തന്നെയായിരുന്നു തയ്യാറാക്കിയിരുന്നത്..
പക്ഷെ, പഴയരുചി നാവിനറിയാൻ താൻ വിധവ ആകേണ്ടി വന്നു.. നെറ്റിയിലെ സിന്ദൂരമില്ലാത്ത ഇരുപതാം മണിക്കൂറിൽ..
വൈധവ്യം നൊമ്പരപ്പെടുത്തുന്നുവോ?? ഉവ്വ്.. നോവുന്നു.. ഇത്രേയും വർഷം അവയവംപോലെ ഒപ്പമുണ്ടായിരുന്ന ആൾ..
ഉറക്കത്തിൽ മിണ്ടാതെ പോയാൽ നോവില്ലേ നെഞ്ചകം?? ഇന്നലെ ചാരുകസേരയിൽ ഇരുന്ന്, ഉച്ചയൂണിന് ഇഷ്‌ടവിഭവമായ കത്തിരിയ്ക്ക തീയൽ വേണമെന്ന് പറഞ്ഞിരുന്നു..
അല്പം കഴിഞ്ഞു നോക്കുമ്പോൾ ഉറങ്ങിയതുപോലെ അദ്ദേഹം കസേരയിൽ.. പൊള്ളുന്നുണ്ട് തന്റെ ദേഹിയും ദേഹവും..
ചിന്തകൾ വഴി മാറുന്നു… കാപ്പിയുടെ രസക്കൂട്ടിലേയ്ക്ക് പോകാം..
വിവാഹം കഴിഞ്ഞ ആദ്യനാളിൽ സന്തോഷത്തോടെയാണ് ഏലയ്ക്കയിട്ട രണ്ടു ഗ്ലാസ് കട്ടൻചായയുമായി ഉമ്മറത്തേയ്ക്ക് ചെന്നത്.. താലത്തിലെ രണ്ടാമത്തെ ഗ്ലാസ് ചൂണ്ടി അദ്ദേഹം ചോദിച്ചിരുന്നു..
“ആർക്കാ??”
“എനിക്ക്..”
“എന്റെ സുമേ, താൻ ഇവിടെ കട്ടൻചായ ആസ്വദിച്ചു കുടിച്ചിരുന്നാൽ എനിക്ക് ഓഫീസിൽ പോകണ്ടെ??”
ശരിയാണ് ഇന്നലെ താൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു.. ചൂട് ചായ അല്പാല്പം, ആസ്വദിച്ചു കുടിയ്ക്കുന്നതാണ് ഇഷ്‌ടമെന്ന്.. തന്റെ ഇഷ്‌ടം അദ്ദേഹത്തെ വൈകിപ്പിക്കും..
വരണ്ടചിരിയുമായി, മൗനിയായി അടുക്കളയിലേക്ക് പിന്മാറി.. അന്നദ്ദേഹം ഇറങ്ങിയശേഷം, തണുത്ത കട്ടൻചായ കളയുമ്പോൾ ബോധ്യമായി, അതൊരു തുടക്കമാണ്..
എല്ലാ സ്ത്രീകളെയുംപോലെ ചൂടുള്ള ഭക്ഷണം തയ്യാറാക്കി കുടുംബത്തെ ഊട്ടിയശേഷം, തണുത്ത ഭക്ഷണം ഇഷ്‌ടക്കേടോടെ കഴിക്കണം.. അതും ഒറ്റയ്ക്കിരുന്ന്.. അന്ന് മുതൽ നാവ് രുചി മറന്നു തുടങ്ങി…
മൂന്ന് നാൾ മുൻപാണ് മക്കൾ കുടുംബസമേതം വന്നത്..
തൊടിയിൽ നിന്നും പിഴുതെടുത്ത ഇഞ്ചി കഴുകി വൃത്തിയാക്കി വെള്ളം വാർക്കാൻ വയ്ക്കുന്ന വേളയിൽ ഒരുകൂട്ടം കേട്ടിരുന്നു..
അടുക്കളയിൽ ചീഞ്ഞുനാറി ദ്രവിച്ചുപോകുന്ന സ്ത്രീകൾക്കായി മകൾ സോഷ്യൽമീഡിയയിൽ എന്തോ എഴുതിയിരിക്കുന്നു.. മൊബൈൽ ഫോൺ കയ്യിലെടുത്തു അവളത് അദ്ദേഹത്തെയും സഹോദരങ്ങളേയും വായിച്ചു കേൾപ്പിച്ചു..
“സ്ത്രീ… ചർച്ചകൾ പൊടിപൊടിക്കുമ്പോൾ, ഇതൊന്നും അറിയാതെ, അല്ലെങ്കിൽ തന്നെ ബാധിക്കുന്നവയല്ല എന്ന രീതിയിൽ ജീവിക്കുന്ന ഒരുകൂട്ടർ ഉണ്ടാകും; നമ്മുടെ സ്വന്തം അടുക്കളകളിൽ..
‘അമ്മ’, ഏത് ഭാഷയിലും ഏറ്റവും മനോഹരമായ പദം.. പദത്തിന്റെ ഭംഗി പക്ഷെ അവരുടെ ജീവിതത്തിൽ ഉണ്ടാകാറില്ല…
കുടുംബത്തിൽ ഒരാൾക്ക് രോഗം വന്നാൽ ഉറക്കമിളച്ചു മരുന്നും മന്ത്രവുമായി അമ്മ വർഗം ഉണ്ടാകും.. എന്നാൽ ആ അമ്മവർഗ്ഗം കഴിച്ചോ, ഉറങ്ങിയോ എന്നത് ആരും അന്വേഷിക്കില്ല..
എന്തിനേറെ തലവേദന വന്നാൽ കടുപ്പത്തിലൊരു കട്ടൻപോലും അമ്മവർഗ്ഗം സ്വയം തയ്യാറാക്കണം.. കുടുംബത്തിലെ ഓരോ അംഗത്തിന്റെയും ഇഷ്‌ടവും അനിഷ്‌ടവും നന്നായി അറിയുന്നത് അമ്മയ്ക്ക്..
പക്ഷെ അമ്മ എന്ന സ്ത്രീയുടെ ഇഷ്‌ടം എന്തെന്ന് ആരും ചോദിക്കാറില്ല.. അവർക്കായി ഒരിഷ്‌ടം പാടില്ലെന്ന ചിന്തയിലാണ് ലോകം..”
കുറച്ച് വായിച്ചശേഷം അവൾ ഏവരെയും നോക്കി.. അദ്ദേഹം ഭേഷ് എന്ന കൈമുദ്രയും കാണിച്ചു.. വായന തുടർന്ന മകളുടെ ശബ്ദം ചെറുചിരിയോടെ താനും ശ്രവിച്ചു..
“വീട്ടമ്മമാർ എന്നപേരിൽ അടുക്കളയിലെ മാറാല പിടിച്ചവരിൽ അധികവും വിദ്യാസമ്പന്നർ.. ഭാര്യയെ തൊഴിൽ നേടാൻ അനുവദിക്കാത്ത ഭർത്താക്കന്മാർ..
അലമാരയിൽ ഒളിപ്പിക്കപ്പെട്ട അമ്മമാരുടെ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണാതെ, ‘ഈ അമ്മയ്ക്ക് വിവരമില്ല’ എന്ന് കളിയാക്കും മക്കൾ..
ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇതൊക്കെ ഗാർഹികപീഡനം തന്നെയാണ്.. അവരുടെ മാനസികനിലയെ ബാധിക്കുന്ന പ്രവൃത്തികൾ..
എവിടെയാണ് സ്ത്രീസമത്വം?? സമത്വം, സ്വാതന്ത്ര്യം എന്നിവ ചർച്ച ചെയ്യപ്പെടുമ്പോൾ അതൊക്കെ എന്താണെന്ന് ഇന്നും അറിയാത്ത, അനുഭവിക്കാത്ത അമ്മമാർ..”
“കുടുംബത്തിലെ ഏവർക്കും സൗഹൃദ കൂട്ടായ്മകൾ ഉള്ളപ്പോൾ, അവയുടെ വലിപ്പം കൂട്ടാൻ ശ്രമിക്കുമ്പോൾ, അടുക്കളപാത്രങ്ങളോട് സൗഹൃദം പുലർത്തുന്നവർ, വീട്ടമ്മ.. രാജകുമാരിയായി മകളെ വളർത്തുന്ന പുരുഷന് ഭാര്യ ദാസി..”
“ജോലിയുടെ തിരക്ക് എന്നപേരിൽ ഭർത്താവും, പഠിക്കാനുണ്ട് എന്ന ന്യായീകരണത്തിൽ മക്കളും അവരവരുടെ മുറികളിൽ ചേക്കേറുമ്പോൾ, തിരക്കില്ലാത്ത ഒരു യന്ത്രം, പണിമുടക്കാതെ അടുക്കളയിൽ ഉണ്ടാകും..
ആവശ്യങ്ങളുടെ പൂർത്തീകരണത്തിനായി ആ യന്ത്രത്തെ സമീപിച്ചാൽ, മുഷിച്ചിൽ കൂടാതെ ചിരിയോടെ ചെയ്തുതരും ആ വിഡ്ഢിപാവ…”
മകളുടെ തീജ്വാലയാം വാക്കുകൾ കേട്ടവേളയിൽ ഒരുകാര്യം ഉറപ്പായി; വൻസ്വീകാര്യത ലഭിച്ചിരിക്കുന്നു മകൾക്ക്..
അഭിമാനിക്കേണ്ട നിമിഷം.. പക്ഷെ, തനിക്കത് സാധിച്ചില്ല.. എന്നാൽ, അദ്ദേഹം മകളെ അഭിനന്ദിച്ചു അവർക്കൊപ്പം തന്നെ ഇരുന്നിരുന്നു..
“മിണ്ടാനാരുമില്ലാതെ, ശൂന്യതയിൽ കണ്ണുംനട്ടിരിക്കും ബന്ധങ്ങളെ അവഗണിച്ചു; അടച്ചിട്ട മുറിയിലെ മൊബൈൽ ലോകത്തെ ബന്ധങ്ങളുടെ ദൃഢതയുറപ്പിക്കാൻ ചാറ്റ്ബോക്സിൽ അലയുന്ന ലോകം..
മൊബൈൽ ലോകത്തെ സുഹൃത്ത് മൗനം പാലിച്ചാൽ, കണ്ണീർ ചാലിച്ച വരികൾ പോസ്റ്റുന്ന യുവത..
എന്നാൽ അവരുടെ മ്ലാനവദനത്തിൻ കാരണം മാതാപിതാക്കൾ അന്വേഷിച്ചാൽ, ‘ശല്യം ചെയ്യാതെ പോകുന്നുണ്ടോ’ എന്നലറുന്ന യുവത്വം..”
മകളുടെ തീക്ഷ്ണമായ വാക്കുകൾ തന്നിലൊരു പുച്ഛചിരി വിരിക്കുമ്പോൾ അദ്ദേഹം തിരക്കിയിരുന്നു,
“എന്താ സുമേ??”
“ഏയ് ഒന്നുമില്ല..”
“പക്ഷെ താൻ ചിരിച്ചല്ലോ?? ചിരിക്കാനായി ഒന്നുമിവിടെ സംഭവിച്ചില്ലല്ലോ??”
“അല്ല.. ഞാൻ വേറെന്തോ ഓർത്തു ചിരിച്ചതാണ്..”
“ഉം..”
മകൾ: ” അമ്മാ, അമ്മ ഇവിടെ ഇരിക്കുവാണോ?? വേഗം ചായ എടുക്ക് അമ്മാ.. കടിയും വേണം.. വിശക്കുന്നുണ്ട്..”
അദ്ദേഹം: “ശരിയാ.. ഇന്ന് വൈകുന്നേരത്തെ ചായ വൈകിയല്ലോ സുമേ.. കുട്ടികൾ ക്ഷീണിച്ചിരിക്കും..”
“കുട്ടികൾ പറയുന്നതിൽ ശ്രദ്ധിച്ചു നിന്നതിനാൽ സമയം പോകുന്നത് ഞാൻ അറിഞ്ഞില്ല.. ഇപ്പോൾ ചായ കൂട്ടാം..”
ഉത്തരം നൽകി അടുക്കളയിലേക്ക് നീങ്ങുമ്പോൾ ഓർത്തു.. സോഷ്യൽ മീഡിയയിൽ നെല്ലും പതിരും അറിഞ്ഞു വിചിന്തനം നടത്തുന്ന യുവത അറിയുന്നില്ല അവർ തന്നെയാണ് ആ നെല്ലും പതിരും എന്നത്..
സോഷ്യൽ മീഡിയയിലെ ജീവിതം യഥാർത്ഥജീവിതമെന്ന കരുതി കയ്യടി വാങ്ങുന്ന വിഡ്ഢികളിൽ ഒരാളാണ് തന്റെ മകളും.. മൊബൈലാണ് ലോകമെന്ന് കരുതി ചുറ്റും നോക്കാൻ കഴിയാതെ കാഴ്ച നഷ്‌ടപെട്ടവർ..
ഇഞ്ചിയിട്ട കട്ടൻചായ തയ്യാറാക്കിയ വേളയിൽ വെറുതെ ഓർത്തു നിന്നു.. അദ്ദേഹത്തിനും മക്കൾക്കും ഇഷ്‌ടവിഭവങ്ങൾ വിളമ്പി നൽകുമ്പോൾ, അമ്മയും ഇരിക്കെന്ന സ്വരം ഇതുവരെ കേട്ടിട്ടില്ല..
ഒറ്റയ്ക്കിരുന്നു തിരുവോണസദ്യയിൽ വിരലിട്ടിളക്കുമ്പോൾ വെറുതെപോലും മക്കൾ ആ വഴി വന്നിട്ടുമില്ല..
മൊബൈലിൽ എന്താണെന്ന് ചോദിച്ചാൽ “പറഞ്ഞാൽ അമ്മയ്ക്ക് മനസിലാകില്ല” എന്നാകും ഉത്തരം.. പണ്ടത്തെ ഡിഗ്രിക്കാരിയായ വീട്ടമ്മയ്ക്ക് മനസിലാകില്ലപോലും..
കട്ടനിൽ ചെറുനാരങ്ങ കഷ്ണങ്ങൾ ഇട്ട് ഏവർക്കും നൽകിയ ശേഷം താൻ മകളോട് ചോദിച്ചിരുന്നു..
“സോഷ്യൽ മീഡിയയിൽ കയ്യടി വാങ്ങുമ്പോൾ ഈ വീട്ടിലെ അമ്മയെ നീ ഓർത്തിരുന്നോ??
നാട്ടിലെ അമ്മമാർക്ക് എഴുതിയ വരികളിലെ ഒരുവാക്ക് ഈ നിമിഷമെങ്കിലും പെറ്റമ്മയ്ക്കായി അച്ഛനോട് വാദിച്ചിട്ടുണ്ടോ??
നിന്റെ വരികളിലെ സ്ത്രീസ്വാതന്ത്ര്യത്തിന് നിന്റെയമ്മയായ എനിക്ക് അവകാശമില്ലേ??”
അവൾ മറുപടി പറയാൻ ശ്രമിച്ചുവോ?? അറിയില്ല.. മറുപടി ഉണ്ടാവില്ലെന്ന് ഉറപ്പുള്ളതിനാൽ തിരികെ നടന്നു.. ഒരുപക്ഷേ ഉത്തരം പറഞ്ഞിരുന്നുവെങ്കിൽ അതെന്തായിരിക്കുമെന്ന് തനിക്ക് അറിയാമായിരുന്നു..
അന്ന് മുതൽ അദ്ദേഹം മൗനിയായിരുന്നു.. ആ മൗനം തന്റെ വിജയവും..
ആ രാത്രി ഭക്ഷണത്തിന് ശേഷം ഉറക്കറയിൽ എത്തുമ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ ഒരു ഡയറി ഉണ്ടായിരുന്നു.. അത് നൽകിയ ശേഷം പറഞ്ഞിരുന്നു..
“സുമേ, ഈ ഡയറി പറഞ്ഞു തരും എനിക്ക് നീയെത്ര പ്രിയപ്പെട്ടവൾ എന്നത്..”
ഡയറി മേശയിൽ വച്ചശേഷം കിടക്കയിൽ ഉറങ്ങാൻ തയ്യാറെടുത്ത തന്നെ അദ്ദേഹം നോക്കി നിന്നിരുന്നു..
അദ്ദേഹത്തിന്റെ ചിതയിലേയ്ക്ക് ആ ഡയറി ഇടുമ്പോൾ അത് തുറന്ന് നോക്കാത്തതിൽ തെല്ലും നിരാശ തോന്നിയില്ല..
ജീവിച്ചിരിക്കെ വാക്കിലോ പ്രവർത്തിയിലോ പറയാതെ ഡയറിയിൽ സൂക്ഷിച്ചവ അറിയേണ്ട ആവശ്യമില്ലല്ലോ എന്ന ആശ്വാസം മാത്രം…..
ഇന്നലെ രാത്രിതന്നെ മക്കൾ ചർച്ച ചെയ്തിരുന്നു.. വീട് വിറ്റ് കിട്ടുന്ന തുക പങ്കിടുന്നതും, അമ്മയെ തവണയനുസരിച്ച് നോക്കാം അല്ലെങ്കിൽ ഏതെങ്കിലും വൃദ്ധസദനത്തിൽ ചേർക്കാം എന്നതൊക്കെ..
സന്തോഷമായി, അമ്മയ്ക്കായി ഇത്രേം കരുതൽ ഉണ്ട്.. കൈകുഞ്ഞുങ്ങൾ ആയിരുന്നപ്പോൾ ഇവർക്കായി അദ്ദേഹവും താനും എത്ര ഉറക്കം കളഞ്ഞിരിക്കുന്നു… എന്നിട്ടും അദ്ദേഹം മരണപ്പെട്ട ദിനം തന്നെ ലാഭം നോക്കുന്ന മക്കൾ..
മാതാപിതാക്കൾ മക്കളെ പരിപാലിക്കുന്നത് കടമ, അവരുടെ സമ്പാദ്യം മക്കളുടെ അവകാശം.. പക്ഷെ, മക്കൾക്ക് മാതാപിതാക്കൾ ഒരു ബാധ്യത.. വിചിത്രം തന്നെ.. അദ്ദേഹം ഇതൊന്നും അറിയുന്നില്ലല്ലോ, ഭാഗ്യവാൻ..
സംസ്കാരചടങ്ങിൽ വന്നിരുന്ന ചില പെണ്ണുങ്ങൾ പറഞ്ഞിരുന്നു, “സുമതിയുടെ ഭാഗ്യമായിരുന്നു അദ്ദേഹം.. മാതൃകാദമ്പതികൾ..”
ആ വാക്കുകളിൽ നിന്നാണ് മറന്നിരുന്ന സുമതി എന്ന പേര് തനിക്ക് തിരികെ കിട്ടിയത്.. അതുവരെ അദ്ദേഹത്തിന്റെ സുമ ആയിരുന്നു.. വിരലിൽ എണ്ണാവുന്ന നാളുകളിൽ സുമതിയും നഷ്ടമാകും..
ശിഷ്‌ടകാലം പേരില്ലാത്തവളായി, ഏതോ മുറിയിൽ മിണ്ടാൻ ആരുമില്ലാതെ, തണുത്ത ഭക്ഷണം കഴിച്ചു, തന്റെ ഇന്നലെകളുടെ തനിയാവർത്തനം തുടങ്ങും..
ഉത്തരവുകൾ നൽകാൻ അദ്ദേഹത്തിന് പകരം മക്കളോ മരുമക്കളോ അതുമല്ലെങ്കിൽ വൃദ്ധസദനത്തിലെ അധികാരിയോ ഉണ്ടാകും..
കാറ്റിൽ ഒഴുകിയെത്തിയ കാപ്പികുരുവിന്റെ മണവും നുകർന്ന് സുമതി പാൽകാപ്പി വീണ്ടും ചുണ്ടോട് ചേർത്തു..
നാളെ തന്നെ കാത്തിരിക്കുന്ന ഏകാന്തതയെ, അരുചിയെ സ്വീകരിക്കാൻ അവൾ വീണ്ടും വീണ്ടും രുചിയോടെ പാൽകാപ്പി നുകർന്നു..