നളപാചകം
(രചന: Jinitha Carmel Thomas)
“നൂറാ…”
കണ്ടു കൊണ്ടിരുന്ന ടി. വി. ചാനലിൽ നിന്നും കണ്ണെടുക്കാതെ തന്നെ സാദിഖ് അടുക്കളയിൽ പണിയിൽ ആയിരുന്ന ബീവിയെ നീട്ടി വിളിച്ചു..
“ഇക്കാ വരുന്നു…”
ചെയ്തിരുന്ന പണി ഉപേക്ഷിച്ചു നൂർജഹാൻ എന്ന നൂറാ എത്തി..
”എന്താ ഇക്കാ?? എന്തിനാ വിളിച്ചത്??”
“ടി, കുടിക്കാൻ കുറച്ചു വെള്ളം..”
“ഇക്കാര്യം വിളിച്ചപ്പോൾ പറഞ്ഞിരുന്നെങ്കിൽ ഞാൻ കൂടെ കൊണ്ടു വരുമായിരുന്നു..”
“ഇപ്പോൾ എന്താ വെള്ളം എടുക്കാൻ പറ്റില്ലേ??”
ചോദ്യം അവഗണിച്ചു അവൾ അടുക്കളയിൽ ചെന്നു വെള്ളം കൊണ്ട് കൊടുത്തു.. രണ്ടാളും അവരവരുടെ പണി തുടർന്നു.
അല്പസമയത്തിനു ശേഷം ടിവിയുടെ അരുകിൽ ചാർജിൽ ഇട്ടിരുന്ന ഫോൺ ശബ്ദിച്ചു..
“നൂറാ, ഫോണിൽ ആരാ എന്നു നോക്കിക്കേ..”
അടുക്കളയിൽ നിന്നും അവൾ വരുമ്പോൾ ഫോണിലെ കിളിനാദം നിലച്ചിരുന്നു..
“അടുക്കളയിൽ നല്ല പണി ഉണ്ട്. ഇവിടേക്ക് ഓടി വന്നാൽ പണി തീരില്ല ഇക്കാ..”
“അടുക്കളയിൽ നിനക്ക് എന്താ ഇത്ര പണി നൂറാ.. പണി എളുപ്പത്തിൽ തീർക്കാൻ ആവശ്യം ആയ എല്ലാ യന്ത്രങ്ങളും വാങ്ങി തന്നിട്ടില്ലേ ഞാൻ..”
‘യന്ത്രങ്ങൾ ഉണ്ട്. അവ പ്രവർത്തിപ്പിക്കാൻ ഒരാൾ വേണം ഇക്കാ.. ഇക്കാ അടുത്തിരിക്കുന്ന ഫോൺ എടുക്കാൻ വിളിക്കുന്നത് കഷ്ടം ആണ്.. കുഞ്ഞിനുള്ള കുറുക്ക് ഗ്യാസിൽ ഇരിക്കുന്നു..”
“എല്ലാവീട്ടിലും നടക്കുന്ന ജോലികൾ തന്നെയല്ലേ നൂറാ ഇവിടെയും നിനക്കുള്ളത്.. കുഞ്ഞിനെ നോക്കുന്നതും വളർത്തുന്നതും എല്ലാ വീട്ടിലും ഉള്ളതാണ്..”
“ഇക്കാ, ലോ ക്ക്ഡൗൻ പ്രഖ്യാപിച്ച അന്ന് മുതൽ രാവിലേ മുതൽ രാത്രി വരെ ചാനൽ മാറ്റി ഇരിക്കുന്നത് അല്ലാതെ എന്തെങ്കിലും പണി ചെയ്യുന്നുണ്ടോ?? ഇല്ല…”
ചാടി തുള്ളി അടുക്കളയിൽ പോകുന്ന ഭാര്യയെ കണ്ടപ്പോൾ സാദിഖ്നും മനസിലായി ഭാര്യ പറഞ്ഞതു സത്യം ആണ്.. പതുക്കെ എണീറ്റ് അടുക്കളയിൽ ചെന്നു..
“നൂറാ, നമ്മൾ രണ്ടാൾക്കും ആറുമാസം ആയ കുഞ്ഞിനും ഉള്ളതൊക്കെ അല്ലെ തയ്യാറാക്കേണ്ടത്.. അതിന് നീ എന്തിനാ ദിവസം മുഴുവൻ അടുക്കളയിൽ കഴിയുന്നത്??”
“പറഞ്ഞാൽ നിങ്ങൾ ആണുങ്ങൾക്ക് മനസിലാകില്ല.. നാളെ ഇക്ക ഞാൻ ചെയ്യുന്ന പണികൾ ഒക്കെ ചെയ്യൂ.. ഞാൻ ഇക്ക ചെയ്ത പണികൾ ചെയ്യാം..”
“ശരി.. നാളെ ഞാൻ നോക്കട്ടെ എന്താ പണി നിനക്കിവിടെ എന്ന്..”
അന്നത്തെ ദിനം പതിവുപോലെ കടന്നുപോയി.. കിടക്കയിൽ ലോ ക്ക്ഡൗൻ ലംഘിക്കാൻ ശ്രമിച്ച ഭർത്താവിനെ
സാമൂഹ്യ അകലം പാലിക്കേണ്ട ആവശ്യകത ബോധ്യപെടുത്തി നാളത്തെ പണികൾ ഓർമിപ്പിച്ച ശേഷം നൂർജഹാൻ ഉറങ്ങി..
ഉറക്കം ആശ്ലേഷിക്കാത്തതിനാൽ സാദിഖ് പഴയതൊക്കെ ഒന്നു റിവേഴ്സ് ചെയ്തു..
ബാങ്ക് ജീവനക്കാരനായ തനിക്ക് പത്താം തരം മാത്രമുള്ള പെൺകുട്ടിയുടെ ആലോചനയുമായി ബ്രോക്കർ വന്നപ്പോൾ അമർഷം ആയിരുന്നു..
പക്ഷേ കണ്ടപ്പോൾ ഈ മോഞ്ചത്തിയെ മതി എന്നായി.. നിക്കാഹും കഴിഞ്ഞു, ഒരു കുഞ്ഞും ആയി.. ബീവിയുടെ കൈപുണ്യം അപാരം ആയതിനാൽ അടുക്കളയിൽ പരീക്ഷണം ഒന്നും വേണ്ടി വന്നിട്ടില്ല..
ഹാം.. തോൽക്കാൻ പറ്റില്ല.. ഏറ്റെടുത്തപ്പോലെ വെല്ലുവിളി നിറവേറ്റണം.. ചിന്തിച്ചു കൂട്ടി എപ്പോഴോ ഉറങ്ങി..
പുലർച്ചെ തന്നെ ഭാര്യ വിളിച്ചുണർത്തി ചൊല്ലി..
“യുവർ ടൈം സ്റ്റാർട്ട്സ് നൗ..”
“ചായ ഇടണം.. രാവിലെ കഴിക്കാനുള്ള പലഹാരം ചെയ്യണം..”
“ഭാര്യേ, ഒരു ചായ തരൂ.. ഞാൻ തുടങ്ങാം..”
“ഇക്കാ ഞാൻ സ്വയം ചായ ഇട്ടു കുടിച്ചിട്ടാ തുടങ്ങുന്നത്.. മറ്റാരും എനിക് ചായ ഇട്ട് തരില്ല..”
ദേഷ്യത്തിൽ സാദിഖ് അടുക്കളയിൽ ചെന്നു.. യൂട്യൂബ് ദൈവം സഹായിച്ചതിനാൽ പണികൾ വേഗനെ തീർക്കുമ്പോൾ ഒരു വിളി..
“ഇക്കാ..”
പപ്പടം കാച്ചുകയായിരുന്ന സാദിഖ് ഓടി മുറിയിൽ ചെന്നു..
“ഇക്കാ, കുഞ്ഞു എണീറ്റു.. അവന്റെ കരച്ചിൽ മാറ്റിക്കെ.. ഉറങ്ങാൻ പറ്റുന്നില്ല.. പുറത്തെങ്ങാനും കൊണ്ടുപോയി അവനെ ഉറക്കിക്കേ..”
“നൂറാ പപ്പടം എണ്ണയിൽ കിടന്നു കരിയുന്നുണ്ട്.. നീ കളിക്കാതെ അവനെ എടുക്ക്..”
“ഇക്ക, എന്റെ പണി ഇക്ക ചെയ്യും എന്ന പറഞ്ഞത്.. അവനെയും എടുത്തു അടുക്കളയിൽ ചെന്ന് പണി ചെയൂ.. ഞാൻ ദിവസവും അങ്ങനെ ആണ്..”
കരയുന്ന കുഞ്ഞുമായി സാദിഖ് അടുക്കളയിൽ എത്തി.. സാദിഖ് പടിച്ചപണി പതിനെട്ടും നോക്കി കുഞ്ഞിനെയും വച്ചുള്ള അടുക്കള അഭ്യാസം നടക്കുന്നില്ല.. ഭാര്യ ദിവസവും എങ്ങനെ ഇതൊക്കെ ചെയ്യുന്നു..
ആദ്യമായി അയാളിൽ ചെറിയൊരു നോവ് പടർന്നു.. ദിനവും രാവിലെ കുഞ്ഞിനെ അൽപസമയം നോക്കാൻ പറഞ്ഞാൽ താൻ ഉറക്കം എന്ന പേരിൽ നിരാകരിച്ചിട്ടുണ്ട്..
കുഞ്ഞിന്റെ കരച്ചിൽ കൂടുതൽ ഉച്ചത്തിൽ ആയി.. സാദിഖ് ഭാര്യയുടെ അരികിൽ എത്തി..
“നൂറാ വിശന്നിട്ടാ കുഞ്ഞു കരയുന്നെ… നീ അവന്റെ വിശപ്പ് മാറ്റൂ..”
“ഇക്ക, എല്ലാ പണിയും എന്നതിൽ കുഞ്ഞിന്റെ വിശപ്പ് മാറ്റുന്ന പണിയും ഉണ്ട്.”
“നമ്മൾ തന്നിലെ മത്സരത്തിൽ നമ്മുടെ കുഞ്ഞിന്റെ കാര്യം നീ മറക്കരുത്.. ബാക്കി ഞാൻ ചെയ്യാം.. അവന്റെ വിശപ്പ് നീ മാറ്റിക്കോ..”
“ശരി.. ഒരു തവണത്തേക്ക് സഹായിക്കാം..”
ഭാര്യയുടെ മുന്നിൽ തോൽക്കാതിരിക്കാൻ ചിക്കൻ ബിരിയാണി തയ്യാറാക്കാൻ തീരുമാനിച്ചു.. അതിനായ് അയാൾ ഫ്രിഡ്ജിൽ ഇരുന്ന കോഴി എടുത്തു..
“ഇക്കാ. തുണി അലക്കിയിട്ടില്ല ഇതുവരെ. കുഞ്ഞിന്റെ തുണികൾ വാഷിംഗ് മെഷീനിൽ ഇടരുത്.. കുഞ്ഞിനെ കുളിപ്പിച്ചിട്ടും ഇല്ല. രണ്ടും വേഗം വേണം..”
സാദിഖ് കുഞ്ഞിന്റെ തുണികളുമായി അലക്ക് കല്ലിനരികിൽ ചെന്ന് അലക്കൽ തുടങ്ങി..
“ഇക്കാ, ഒന്നിങ്ങു വന്നേ..”
“എന്താ??”
“കുടിക്കാൻ വെള്ളം വേണം..”
“എന്റെ നൂറാ വെയിലിൽ നിന്നും തുണിയലക്കി ഞാൻ ഉണക്കമീൻ ആയി.. അതിനിടക്ക് ഇങ്ങനെ കാറി വിളിക്കാതെ നിനക്ക് വെള്ളം എടുത്തു കുടിച്ചൂടെ??”
“ഇക്കാ എന്നും ഞാൻ ഇതേ പണി ചെയ്യുമ്പോൾ അനങ്ങാതെ ഇരുന്ന് ഇക്കയും എനിക്ക് ഉത്തരവുകൾ മാത്രമേ നല്കിയിട്ടുള്ളൂ..”
വെള്ളം നൽകിയശേഷം പണിയൊക്കെ മിടുക്കനായ ചെയ്തു തീർത്ത സാദിഖ് അടുക്കളയിൽ ചെന്നു..
യൂട്യൂബ് ദൈവത്തിൽ ആശ്രയിച്ചു പാചകം തുടങ്ങി.. പാചകം അല്പം പുരോഗമിച്ചപ്പോൾ സാദിഖ് ഒരു കാര്യം മനസിലാക്കി.. ചിക്കൻ കഷ്ണങ്ങൾ ആക്കിയിട്ടില്ല..
“നൂറാ… ഒന്നു സഹായിക്കൂ..”
“ഇക്കാ, ടിവിയിൽ കണ്ട സിനിമകൾ വീണ്ടും കാണാനായി കഷ്ണങ്ങൾ ആക്കാതെയ മേടിച്ചു കൊണ്ടുവരുന്നത്.. ഞാൻ ഒരു യുദ്ധം നടത്തിയാണ് കഷ്ണങ്ങൾ ആക്കുന്നത്. ഇക്കയും ഇന്ന് എല്ലാം ഒറ്റയ്ക്ക് ചെയ്യണം..”
ഭാര്യയോട് വെല്ലുവിളി നടത്തിയ സമയത്തെ ശപിച്ചു കൊണ്ടു ചിക്കൻ കഷ്ണങ്ങളാക്കി മാറ്റി..
വീണ്ടും പാചകം തുടർന്നു. ഇടയ്ക്ക് മഴ വന്നതിനാൽ ഉണങ്ങിത്തുടങ്ങിയ തുണികൾ എടുക്കാനായി ഒരു ഓട്ടമത്സരവും നടന്നു.. പാചകം പൊളിച്ചു. ചിക്കൻ ബിരിയാണി തയ്യാറായി..
അല്പം വിശ്രമിക്കാം എന്നു കരുതി കസേരയിൽ ഇരുന്നതും വന്നു അടുത്ത പണി.. കുഞ്ഞിന് കുറുക്കും നൽകി ഉറക്കുക.. പഠിച്ച പണി പതിനെട്ടും നോക്കി കുഞ്ഞു ഉറങ്ങുന്നില്ല..
ഭാര്യ ചാനൽ മാറ്റി കളിക്കുന്നു.. തന്ത്രം മാറ്റി tv കാണാൻ എന്ന വ്യാജേന ഭാര്യയുടെ അടുക്കൽ ഇരുന്നു കുഞ്ഞിനെ മടിയിൽ വച്ചുകൊടുത്തു.. ഇരുന്നതും അടുത്ത വിളി വന്നു..
“ഇക്ക സമയം ഒന്ന് കഴിഞ്ഞു.. കഴിക്കാം..”
ഊണ് മേശയിൽ….
ഭാര്യക്കും തനിക്കും പാത്രത്തിൽ ചിക്കൻ ബിരിയാണി സാദിഖ് വിളമ്പി.. പണി ചെയ്ത ആവേശത്തിൽ സാദിഖ് കഴിക്കാൻ തുടങ്ങി..
“വലിയ കുഴപ്പമില്ല.. നീ എന്താ നൂറാ കഴിക്കാതിരിക്കുന്നെ??”
“ഇക്ക ഒരു കാര്യം ചോദിക്കട്ടെ..”
“പൊന്നു നൂറാ നാളെ മുതൽ ഞാൻ നിന്നോട് ഓഡർ ഇടില്ല.. കഴിയുന്ന സഹായം ചെയ്തു തരാം.. എനിക്ക് തെറ്റ് മനസിലായി..”
“അതല്ല ഇക്ക..”
“വേറെ ഏതാ??”
“ഇക്കാ ചിക്കൻ ബിരിയാണിയിലെ ചിക്കൻ കഴുകിയായിരുന്നോ??”
സാദിഖ്ന്റെ കണ്ണ് രണ്ടും പ്ലേറ്റിൽ വീണു. കഴുകാതെയാണ് ബിരിയാണിയുടെ ചിക്കൻ തയ്യാറാക്കിയത്.. യൂട്യൂബ് ദൈവം കഴുകുന്നത് കാണിച്ചില്ല..
തനിക്ക് പറ്റിയ അമളിയോർത്തു വായിൽ വച്ചതു ഇറക്കാനും കളയാനും വഴിയില്ലാതെ ഇരുന്ന സാദിഖ്നോട് നൂർജഹാൻ പറഞ്ഞു..
“എനിക് കഴിക്കാൻ ഊബറിൽ ബുക്ക് ചെയ്തിട്ടുണ്ട്. ഞാനതു കഴിച്ചോളാം.. ഇക്കാ മുഴുവൻ കഴിച്ചോളൂ”
(പാചകം എന്നത് ഒരു പണി തന്നെയാണ്)