വൃത്തികേട് കാണിച്ചിട്ട് ന്യായീകരിക്കുന്നോ, പ്രണയിക്കാൻ പോയപ്പോൾ..

മുത്തുഗവ്വു
(രചന: Jinitha Carmel Thomas)

വൈകുന്നേരത്തെ കുടുംബസദസ്സ്.. അമ്മച്ചിയുടെ മടിയിലങ്ങനെ അലസിച്ചു കിടക്കവേ..

“മോനു, തുമ്പി എന്തിയേ??”

“അമ്മച്ചീടെ തുമ്പിമോൾ ഇന്നത്തെ കുരുത്തകേടിനുള്ള വകനോക്കി മുറിയിൽ വടക്ക് തെക്ക് നടക്കുവാ..”

അരികിലിരുന്ന പപ്പ,

“പെൺകുട്ടികളായാൽ കുറച്ചു കുറുമ്പും കുരുത്തകേടും വേണം.. എങ്കിലേ വീടിനൊരു ഒച്ചയും വെളിച്ചവും വരത്തുള്ളൂ..”

“ഉവ്വ്.. പ്ലാന്റർക്ക് അങ്ങനെ പറയാം.. എന്റെ പപ്പേ ചോക്ലേറ്റ് വാങ്ങി കൊടുത്തില്ലെങ്കിൽ എന്നെ കേസിൽ അകത്താക്കുമെന്നതാ ഭീഷണി.. നാല് വർഷത്തിലൊരിക്കൽ പിറന്നാൾ വരുന്ന അവൾ മൈനർ ആണെന്ന്..

പൊട്ടികാളി.. പള്ളിയിൽ ഉറങ്ങി ഇരുന്ന ഈ ആ റ്റം ബോം ബിനെ കൃത്യമായി കണ്ടുപിടിച്ച അമ്മച്ചിയെ ഞാൻ സമ്മതിച്ചു..”

“മോനൂ, കൂടുന്നുണ്ട്…”

“കളിയാക്കിയതല്ല.. ആദ്യ തുടർക്കഥയ്ക്ക്, മത്സരത്തിൽ ഫസ്റ്റ് കിട്ടിന്ന് പറഞ്ഞു ഇന്നലെനിയ്ക്ക് സ്വൈരം തന്നിട്ടില്ല.. ചോക്ലേറ്റ്സിന്റെ ലിസ്റ്റെടുക്കുവാരുന്നു, ഞാൻ വാങ്ങികൊടുക്കാൻ…”

ചേട്ടായി: “കഴിഞ്ഞയാഴ്ചയും ഇതല്ലാരുന്നോ??”

“അന്ന് k ലൈക്സ് കിട്ടിയതിന് ട്രീറ്റ് വാങ്ങിയതാണ്.. ഓരോ ആഴ്ചയും കുട്ടി ഓരോന്ന് കണ്ടുപിടിക്കുന്നുണ്ട് മിട്ടായ്ക്കായി..”

എല്ലാവരും ചിരിക്കെ,

അമ്മച്ചി: “ദാ തുമ്പിമോൾ വരുന്നുണ്ട്..”

“അമ്മച്ചി, ഇന്നലത്തെ അവളുടെ സന്തോഷത്തിനു വേണേൽ രാത്രി ബുള്ളറ്റ് യാത്ര കൊണ്ടുപോകാമെന്ന് ഞാൻ പറഞ്ഞപ്പോൾ പറയുവ..

ബുള്ളറ്റ് വേണ്ട ഗോസ്റ്റ് റൈഡേർ സിനിമയിലെ നിക്കൊളസിന്റെ കത്തുന്ന ബൈക്ക് മതിന്ന്.. വല്ല സെമിത്തേരിയിലും രാത്രി നടത്തം പോകാന്ന് അവൾക്ക് തോന്നുമുന്നേ ഞാൻ ഉറങ്ങി..”

പറഞ്ഞു കഴിയും മുന്നേ കാളികുട്ടി എനിക്കരുകിൽ വന്നിരുന്നു..

“അമ്മച്ചി, ഈ അനന്തശയനം അനക്കോണ്ട എന്നെ എന്തുകുറ്റാ പറഞ്ഞേ??”

“അന്നകൊച്ചേ കേട്ടല്ലോ… സകല ജീവികളുടെയും പേര് എനിക്കിടുന്നുണ്ട്.. എബിന്ന പേര് ഞാൻ പോലും മറന്ന്..”

അമ്മച്ചി: “മോനു, ഏത് പേരിട്ടാലും ചേർച്ച കോഴിയാ….”

“ഇവളോട് കൂടി അമ്മച്ചിയ്ക്കും ഈയിടെയായി കുരുത്തക്കേട് കൂടുന്നുണ്ട് ട്ടാ.. ഇനി കളിയാക്കിയാൽ ഞാൻ നാടുവിടും നോക്കിക്കോ..”

അമ്മച്ചി: “പോകുമ്പോൾ ഗേറ്റ് കൂടി അടച്ചിട്ട് പൊയ്ക്കോ..”

“അമ്മച്ചീ, ഞാനാ ഇവിടെത്തെ മോൻ..”

“സത്യം മോനു.. നീയിവിടെ കാട്ടിക്കൂട്ടുന്നത് കാണുമ്പോൾ കോഴി എന്നാ ചേർച്ചയാന്ന് അറിയോ??”

അമ്മച്ചീടെ ഗോളടി കഴിഞ്ഞതും അതുവരെ ഇച്ചേച്ചിയെ നോക്കി വെള്ളമിറക്കിയിരുന്ന ചേട്ടായി,

“ശരിയാണ്.. തേപ്പും വാങ്ങി കെട്ടും കുരവയും വേണ്ടെന്ന് നടന്നവനാ.. ഇപ്പൊ ഏഴ് കൊല്ലം മുന്നേ അവനെ കെട്ടിക്കാത്തത് എന്താന്ന മട്ടിൽ നടക്കുവാ..”

“ഹെന്റെ വ്യാകുലമാതാവേ ഇതുവല്ലതും കാണുന്നുണ്ടോ?? തേപ്പ് വാങ്ങി ദേവദാസ് കീ ജയ് പറഞ്ഞുനടന്ന കാലത്തുപോലും എന്നെ ബഹുമാനിച്ചവരാ..

ഇപ്പോൾ കാളികുട്ടിയോട് ചേർന്നെന്നെ കളിയാക്കുന്നതാ വിനോദം.. ഹാം അവരെ പറഞ്ഞിട്ടും കാര്യമില്ല, എനിക്കും ആ പ്രേമകാലം ഇപ്പോൾ കോമഡി ഷോ പോലെയായി..”

അല്പം ഉച്ചത്തിലായ മ്മടെ ആത്മഗതം കേട്ട കാളികുട്ടി.

“ഇച്ചേ സത്യം അതിൽ കോമഡിയേ ഉള്ളൂ..”

“ദേ പൊന്നുസെ, എന്റെ പൊട്ടിപ്പൊളിഞ്ഞ പ്രേമത്തെ കളിയാക്കിയാലുണ്ടല്ലോ…”

കപടകോപത്തിൽ മ്മള് പറഞ്ഞിട്ടും അവിടെ കുലുക്കമൊന്നുമില്ല..

“കളിയാക്കും.. കോഴിപ്രേമം.. തല്ലിപൊളി പ്രേമം..”

കേട്ടിരുന്ന പപ്പ,

“രണ്ടാളും തുടങ്ങി…”

“പപ്പെടെ തുമ്പിമോളാ തുടങ്ങിയെ.. വായ് തുറന്നാൽ അങ്ങു തിരുവനന്തപുരം ജില്ല വരെ കേൾക്കും..”

“ഉവ്വ, എബിമോന് ഓഡിയോ കണക്ഷൻ പോയി കിടക്കുവാ.. വല്ലപ്പോഴും ഒച്ചയങ്ങു ഡൽഹി വരെ എത്തും.. കാട്ടുകോഴി.. വിശുദ്ധ കോഴി..”

വാക്പോരാട്ടം മുറുകുമ്പോൾ അതിന്റെ ഗും കളഞ്ഞുകുളിച്ചു ചേട്ടായിയുടെ ചോദ്യം എത്തി..

“വിശുദ്ധ കോഴി?? അതെന്നതാ തുമ്പി??”

ചേട്ടായിടെ ചോദ്യംകേട്ടതും പറയട്ടെ എന്ന ഭാവത്തിൽ എന്നെനോക്കിയ ഭാര്യയോട്,

“മോളുസെ പറയരുത്.. ഇച്ച ഐസ്ക്രീം വാങ്ങി തരും..”

“തുമ്പിമോളെ നീ പറഞ്ഞേ.. ഐസ്ക്രീം ചേട്ടായി വാങ്ങിത്തരാം..”

“അമ്മച്ചി സത്യം പറയ്, ഇതെന്റെ ചേട്ടായി തന്നെയാന്നോ?? ഡെയ് ചേട്ടായി, നീയെന്റെ പൊക കണ്ടെ അടങ്ങുള്ളൂ??”

“മിണ്ടരുത് മോനു.. മോള് പറഞ്ഞേ..”

“പ്രേമിച്ച സമയം ഇത് വിശുദ്ധൻ എന്നല്ലാരുന്നോ അമ്മച്ചി എന്നോട് പറഞ്ഞേ.. എന്നാൽ അങ്ങനെയല്ല.. ആ മുല്ല(ജാസ്മിൻ)യ്ക്ക് ഉമ്മ കൊടുത്ത മുതലാ അമ്മച്ചീടെ മടിയിൽ കിടക്കുന്ന ഈ അനക്കോണ്ട.. അതും മൂന്നെണ്ണം..”

ചുറ്റും നിശബ്ദത.. എല്ലാവരുടെയും ഭാവം എന്താന്ന് ഒരു പിടിയുമില്ല..

“എന്റെ കർത്താവേ, മുണ്ട് തലവഴിയിട്ട് ഞാൻ ഓടേണ്ടി വരും.. വെറുതെയല്ല നാട്ടുകാർ പറയുന്നത് പൊട്ടിയ പ്രേമമൊന്നും ഭാര്യേ അറിയിക്കരുതെന്നു..

ദേ ഇതുപോലെ കളിയാക്കി ഒരു വഴിയാക്കും.. പ്ലാന്റരുടെ കണ്ണിൽനിന്നും തീ വരുന്നുണ്ട്.. എബി നീ നാട് വിട്ടോ അതാ നല്ലത്..” (ആത്മഗതം)

തീ തുപ്പും ഡ്രാഗണായി പപ്പ,

“അന്നേ, ഇവൻ മെഡിക്കൽ കോളേജിൽ നിന്നും ഓരോന്ന് പഠിച്ചു പൂത്തുലഞ്ഞു നടക്കുമ്പോഴേ ഞാൻ പറഞ്ഞായിരുന്നു, സൂക്ഷിക്കാൻ.. ഇപ്പൊ കണ്ടോ??”

മ്മളിലെ സിംഹം സടകുടഞ്ഞു എണീറ്റു..

“ഇപ്പൊ എന്നാ കണ്ടൊന്നു?? പ്ലാന്ററെ എന്റെ അനാട്ടമി ക്ലാസ്സിനെ പറയരുത്.. എന്റെ പ്രണയം നിഷ്‌കു ആയിരുന്നു പപ്പേ.. കോഴിത്തരമൊക്കെ കാളികുട്ടിയോട് മാത്ര..”

“വൃത്തികേട് കാണിച്ചിട്ട് ന്യായീകരിക്കുന്നോ?? പ്രണയിക്കാൻ പോയപ്പോൾ നിന്നോട് ഞാൻ പറഞ്ഞാരുന്നു.. ശരീരത്തിൽ തൊടുന്നതും, അനാവശ്യ സംസാരത്താലുള്ള പ്രണയവും വേണ്ടെന്ന്.. നീ മുത്തം കൊടുത്ത പെങ്കൊച്ചു ഇന്ന് നിന്റെ ഭാര്യയാന്നോ??”

“അല്ല..”

“സ്വന്തമായതിനുവേണം മുത്തം നൽകാൻ അല്ലാതെ സ്വന്തമാകും എന്ന തോന്നലിൽ നൽകരുത്..”

“യൂട്യൂബ് നോക്കി പിള്ളേർ പ്രസവം വരെ നടത്തുവാ.. അന്നേരമാ മുത്തം കൊടുത്ത ഞാൻ..”

“നാട്ടുകാരുടെ വിത്ത്കാള ആകാനല്ല എന്റെ മക്കളെ ഞാൻ വളർത്തിയത്..”

മറുപടി വല്ലതും പറഞ്ഞാൽ ജീവിതത്തിൽ ആദ്യമായി പപ്പയുടെ തല്ല് മേടിക്കേണ്ടി വരുമെന്ന് തോന്നിയതിനാൽ മ്മള് മൗനത്തെ കൂട്ടുപിടിച്ചു..

വാരിയെടുത്തു എന്നെ റൂമിൽ കൊണ്ടുവയ്ക്ക് ഭാര്യേ ന്ന ഭാവത്തിൽ നോക്കുമ്പോൾ ദേ അവിടെ കിളി മൊത്തം പോയി ഇരിക്കുന്നു..

“അയ്യോ പപ്പേ, പപ്പ കരുതുന്നപോലല്ല..”

മിടുക്കി.. പോയ ഏതോകിളി അവിടെ തിരികെ വന്നിട്ടുണ്ട്.. (ആത്മഗതം)

“എന്നോട് പറഞ്ഞപ്പോൾ ഞാനും ഫ്രഞ്ചോ ജർമനിയോ ആകുമെന്ന് കരുതി.. ഇത് വെറും ചൈനീസാ..”

ഇച്ചേച്ചി- “ചൈനീസോ?? ഫ്ളയിങ് കിസ്സ് ആന്നോ തുമ്പി??”

കാളികുട്ടി- “അതൊക്കെ വീണ്ടും ഭേദമാ ഇച്ചേച്ചി..”

അമ്മച്ചി- “മോളെ, നീ കാര്യം പറഞ്ഞേ..”

“അമ്മച്ചീ, ഇത് വലിയ മെത്രാപ്പോലീത്ത.. ലവൾ മാർപാപ്പ.. മെത്രാപ്പോലീത്തയുടെ ഇനം കൈമുത്തം ആയിരുന്നു.. മൂന്ന് തവണയും..”

വീണ്ടും ചെറിയ നിശബ്ദത.. മ്മക്ക് നാണം വന്നു… പെട്ടെന്ന് അമ്മച്ചി,

“അയ്യേ, എഴുന്നേറ്റ് പോടാ.. മൂന്ന് കൈമുത്തം നടത്തിയിട്ടാണ് ഇത്രേം വർഷം നീയിവിടെ ദേവദാസ് കളിച്ചത്.. അല്ലിയോ??

“ദേ അമ്മച്ചി, എന്റെ പ്രേമം തീവ്രമായിരുന്നു..”

“തീ വ്ര വാദം ആയിരുന്നു.. ഉണ്ടയില്ല തോക്കും.. അവന്റെ സന്യാസവും…”

“മുത്തം കൊടുത്തത് കുറ്റം.. കൈമുത്തം അതിലും വലിയകുറ്റം.. ഞാൻ എന്നാ ചെയ്യാനാ ഈശോയെ.. അന്നകൊച്ചേ അല്പം വൈകിയാണേലും കാളികുട്ടിയെ ഞാൻ കെട്ടിയല്ലോ..”

“ഇത്രയും ദാരിദ്ര്യം പിടിച്ച പ്രണയത്തിനാ അമ്മച്ചീ ഇങ്ങേർ ദേവദാസ് ചമഞ്ഞേ…” എന്നെനോക്കി കോക്രി കാണിച്ച ഭാര്യയോട്, നിനക്കിട്ട് ഞാൻ തരുന്നുണ്ട് എന്ന ഭാവത്തിൽ,

“എന്റെ കെട്ട് വൈകാനുള്ള കാരണം നീയാ ഭാര്യേ.. ഹും…”

“ഞാനോ?? ദേ മനുഷ്യാ എന്റെന്ന് വല്ലോം വാങ്ങരുത്..”

“ഞാൻ പ്രണയിച്ചു നടന്നകാലം നിന്റെ നാട്ടിൽ ആയിരുന്നു.. നീയെന്നെ തേടിയോ?? ഇല്ല.. തേപ്പ് വാങ്ങിയ ശേഷം എത്രതവണ ഞാനാ ജില്ലയിൽ വന്നു, നീ അന്വേഷിച്ചോ എന്നെ?? ങേ ഹേ..

ലാസ്റ്റ് നീയെന്റെ നാട്ടിൽ വന്നു.. നിന്നെ കണ്ടുപിടിച്ചു ഞാൻ മിന്നുംകെട്ടി.. ഇപ്പോൾ മനസ്സിലായോ ആരാ വൈകിപ്പിച്ചേന്ന്..”

“ങേ.. അതിന് ഞാൻ.. എനിക്ക്……”

“ഇനിയൊന്നും മിണ്ടരുത്.. ഇതാണോ ഭാര്യേ ഉത്തരവാദിത്വം?? ഒന്നുമല്ലേലും എന്റെ ഏഴെട്ട് വാരിയെല്ല് കർത്താവ് നിനക്ക് തന്നിട്ടില്ലേ??

ആയെന്നെ തേടി കണ്ടെത്തണം എന്നൊന്നും നിനക്ക് തോന്നിയില്ലല്ലോ.. പാവം ഞാൻ ഇന്ന് വരും നാളെ വരും മറ്റെന്നാൽ വരും എന്നൊക്കെ കാത്തിരുന്നു..”

കേട്ടിരുന്ന പപ്പ,

“ഏഴെട്ടോ?? ആദാമിന്റെ ഒരെണ്ണമല്ലേ??”

“അതാ ഇപ്പോ മുഖ്യം.. മോളുടെ ഉത്തവാദിത്വമില്ലായ്മയാ വിഷയം..”

പറഞ്ഞതും കെട്ടിയോളെ നോക്കി.. അവിടെ കൻഫ്യൂഷനായി കണ്ണുംതള്ളി ഇരിപ്പുണ്ട്.. ശോ പാവം കുറുമ്പികാളി.. കൂടുതൽ ഹാപ്പി ആകേണ്ട എബി.. ഏതേലും കിളി തിരികെ കയറി വാരിയെല്ലിന്റെ എണ്ണം അവൾ ചോദിച്ചാൽ നീയിന്ന് തീർന്നെടാ.. (ആത്മഗതം)

എന്റെ അവസ്‌ഥ അറിയാതെ അമ്മച്ചി,

“ആ പറഞ്ഞത് ശരിയാണ്.. പള്ളിയിൽ ചെന്നൊന്നു മോളെ കാണാൻ പറഞ്ഞ ദിവസം, ഇവിടെ ഒരു ഭൂകമ്പം നടത്തിയിട്ടാ ഇവൻ വന്നത്..

തിരികെ വന്നതോ മൊബൈലിൽ ഫോട്ടോയും എടുത്തേച്ചു.. എന്നിട്ട് പറയുവാ, ‘എന്റെ കാളിപെണ്ണിനെ കൈപിടിച്ചു കയറ്റാൻ കുരിശുമാല വേഗം മേടിച്ചോ അന്നകൊച്ചേന്ന്’..”

എന്റെ നെറുകയിൽ ഒരു മുത്തം നൽകിയ അമ്മച്ചി തുടർന്നു..

“വർഷങ്ങൾക്ക് ശേഷം എന്റെ കുഞ്ഞൊന്ന് മനസ്സുതുറന്ന് ചിരിച്ചനാളാ അന്ന്..”

ഏവരും ചിരിച്ചു രംഗം അല്പം ശാന്തമായി.. ഗോളടിച്ചെ സന്തോഷത്തിൽ അമ്മച്ചീടെ മടിയിൽ ഞാൻ ആർമാദിക്കുമ്പോൾ ചേട്ടായി..

“തുമ്പിമോളെ, മാർപാപ്പ തിരികെ മുത്തം കൊടുത്തില്ലാരുന്നോ??”

“ടാ ദ്രോഹി ചേട്ടായി.. എന്നെ നിനക്ക് വേണ്ടേ??” (ആത്മഗതം)

മ്മടെ ആത്മഗതം ശ്രവിക്കാതെ ഫോമിലായ കാളികുട്ടി..

“ആ വെള്ളപെരുച്ചാഴി ഇതിന്റെ കവിളിൽ കൊടുത്തു.. രണ്ട് തവണ..”

“പ്രേമിച്ച സമയം അവൾ പെരുച്ചാഴി അല്ലാരുന്നു മുത്തേ..”

പറഞ്ഞ ശേഷമാണ് അബദ്ധം മനസിലായെ. കാളി എന്റെ വധം ഇന്ന് നടത്തും..

“കണ്ടോ അമ്മച്ചി ന്നോട് ഒരു സ്നേഹവും ഇല്ല.. കുറച്ചുമുന്നേ എന്തായിരുന്നു തള്ളൽ.. പുട്ട്കുറ്റി…”

“സ്നേഹം ഇല്ലെന്നാ?? അത് മാത്രേ എനിക്കുള്ളൂ..”

“എന്നിട്ടാ എനിക്കുവേണ്ടി ഒരു പാട്ട്പോലും പാടാത്തെ.. ആ പെരുച്ചാഴിയോട് ‘അരികിൽ നീ ഉണ്ടായുന്നെങ്കിലെന്ന് ഞാൻ’ എന്നൊക്കെയാ പാടിയത്…”

പപ്പ “അതെന്നാടാ മോൾക്ക് ഒരു പാട്ട് പാടി കൊടുക്കാഞെ??”

“പപ്പേ, കാമുകിമാർക്ക് വേണ്ടി മാത്രേ സിനിമാപാട്ടുകൾ ചിട്ടപെടുത്തിയിട്ടുള്ളൂ..”

അമ്മച്ചി- “ഭാര്യക്കായി ‘പൂമുഖ വാതിൽക്കൽ’ ഉണ്ടല്ലോ??” ഉടൻ കുരുത്തക്കേട് വന്നു.

“പൂമുഖവാതിൽക്കൽ കുറ്റിയടിച്ചു നിൽക്കണ പാട്ട് എനിക്ക് വേണ്ട.. ഹും..”

“കേട്ടല്ലോ.. ഇനി പറയ് ഇവൾക്ക് ഞാനേത് പാട്ട് പാടും?? ഈ പാട്ടിന്റെ ഒരു വരി പാടി തീർക്കാൻ എന്നെ സമ്മതിച്ചിട്ടില്ല..” ഉത്തരംമുട്ടി ഏവരും ഇരിക്കുമ്പോൾ, പെട്ടെന്ന് കാളികുട്ടി എണീറ്റ് പുറത്തേയ്ക്ക് പോയി..

അമ്മച്ചി- “ഒരു നല്ല പാട്ട് പാടി കൊടുക്കടാ.. പാവം അവൾക്ക് സങ്കടമുണ്ട്..”

“അമ്മച്ചി, എന്നെ തേച്ചവൾക്ക് ഞാൻ പാടിയിട്ടുണ്ടെങ്കിൽ എന്റെ ഭാര്യയ്ക്കായി അതിലും നല്ലത് പാടും.. ഇതവളെ ഞാൻ ചൊറിയുന്നതാ ആ കുരുത്തക്കേട് കേൾക്കാൻ..”

പറഞ്ഞതും എഴുന്നേറ്റ് കാളികുട്ടിയുടെ പുറകെ ചെന്നു.. പൂക്കളോട് പരാതി പറഞ്ഞു നിന്നവളെ ചേർത്തു പിടിച്ചു പാടി..

“പാതിയെ എൻ പാതിയേ
യേൻ നീൻകിനായ് എനയ് അരയ്
നിഴലോടുതാൻ നാൻ പോകിറേൻ
വിഴി തേടുതേയ് ഉനയ്…….”

അവിടെ ഗോസ്റ്റ് റൈഡറെ കണ്ട സന്തോഷം.. കുറെതവണ എന്നെ പാടിപ്പിച്ച ശേഷം,

“ഇച്ചേ ശരിക്കും എന്റെ ശബ്ദം കൊള്ളുലെ??”

“ആര് പറഞ്ഞു??”

“ഇച്ച നേരത്തെ പറഞ്ഞില്ലേ അങ്ങു തിരുവനന്തപുരം വരെ കേൾക്കുമെന്ന്..”

“എന്റെ പൊട്ടികാളി, പറഞ്ഞത് സത്യവാ.. പക്ഷെ അത് മാറ്റാൻ ഞാൻ പറഞ്ഞില്ലല്ലോ.. ഈ ശബ്ദം അങ്ങ് ഡൽഹിവരെ എത്തിയാലും എനിക്ക് ഇഷ്‌ടവുമാ..” അവളുടെ തോളിൽ കയ്യിട്ട് എന്നോട് ചേർത്തുകൊണ്ടു..

“എനിക്കേ സൗമ്യതയും, അടക്കവും ഒതുക്കവും പോരാത്തതിന് ഊമയുമായ നല്ലൂട്ടി ഭാര്യയെ വേണ്ട..

തല്ലുകൂടി തലോടി, ബഹളംവച്ചു ഒപ്പം നടന്ന്, എന്റെ നല്ലതും മോശവും എന്നോട് പറഞ്ഞു, ആരെയും അനുകരിക്കാൻ ശ്രമിക്കാത്ത ഈ കാളിപെണ്ണിനെ മതി… എന്റെ കാളികുട്ടിയ്ക്ക് വേറെ ബ്രാഞ്ചുകൾ വേണ്ട..”

“എങ്കിൽ ഞാൻ നന്നാവണ്ട ല്ലേ ഇച്ചേ??”

“വേണ്ടന്നേ.. അതൊക്കെ ബോറാ..”

നന്നാകേണ്ട എന്ന തീരുമാനത്തോടെ ഒരു മുത്തുഗവ്വും കൈമാറി ഞങ്ങൾ കോഴികൂടിലേയ്ക്ക് അല്ല വീട്ടിലേയ്ക്ക് കയറി….

Leave a Reply

Your email address will not be published. Required fields are marked *