അവളുടെ ഇഷ്ടം
(രചന: Jolly Varghese)
ദേ.., മനുഷ്യാ.. എനിക്ക് എത്രയാ പ്രായം എന്നറിയാവോ..?
നിനക്കതിനിപ്പോ ഏതാണ്ട്…
നിങ്ങളിനി ഏതാണ്ട് തപ്പി കഷ്‌ടപ്പെടണ്ട.
എനിക്ക് പ്രായം അൻപത്തി രണ്ടായി ..
ഹൊ.. നിന്നെ കണ്ടാൽ ഇപ്പോഴും ഒരു മുപ്പതു മുപ്പത്തിയഞ്ചു അത്രയേ പറയൂ..
ങും.. അതൊക്ക നേരാ.. അവൾക്ക് അൽപം അഹങ്കാരം പെട്ടന്ന് കേറിവന്നു.
അതുകണ്ടപ്പൊ അയാൾ അവൾ കാണാതെ ചുണ്ട് വക്രിച്ചു.
അതൊക്ക പോട്ടെ.., നീയെന്താ ഇപ്പോ പ്രായത്തെ പറ്റി പറയുന്നത് ..? നീ ഈ പ്രായത്തിലും സുന്ദരി ആന്നേ..
പുകഴ്ത്തലിൽ വീഴാത്ത സ്ത്രീകൾ ഇല്ലെന്നുള്ള കാര്യം അയാൾക്കറിയാം.
വീണ്ടും കേറിവന്ന അഹങ്കാരത്തെ അമർത്തി പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.
അതായത് എന്റെ പ്രായം അൻപത്തിരണ്ട് . നിങ്ങളോടൊപ്പം കൂടിയിട്ട് മുപ്പത്തിരണ്ട് വർഷം.
അതിനിടയിൽ രണ്ട് കുട്ടികൾ. അവരെ വളർത്തി വലുതാക്കി രണ്ട് പുത്രന്മാർക്ക് ജോലിയായി വിവാഹവും കഴിഞ്ഞു.
അവളൊന്നു നിർത്തി ദീർഘനിശ്വാസമെടുത്തു.
അതെ.. അതല്ലെടീ നമ്മുടെ ഉത്തരവാദിത്തവും സന്തോഷവും.?
അതൊക്ക നേരാ. പക്ഷേങ്കില് ഈ മുപ്പത്തി രണ്ട് വർഷം ഞാൻ നേരാം വണ്ണമൊന്ന് ശ്വാസം പോലും എടുത്തിട്ടില്ല. അറിയ്യോ.. നിങ്ങക്ക്.?
ങേ..,
അതെ മനുഷ്യാ.. നിങ്ങളുൾപ്പടെ മൂന്നെണ്ണത്തിന്റെ കാര്യങ്ങളു നോക്കി.. നോക്കി.. ഞാൻ എന്നെത്തന്നെ മറന്നു പോയി. എന്റെ ഓരോ നിമിഷവും നിങ്ങൾക്ക് വേണ്ടി മാത്രമാണ് ചിലവഴിച്ചത്.
ഇവളെന്തൊക്കെയാണീപറയുന്നത്. അയാളുടെ കണ്ണുകൾ അൽപം പുറത്തേയ്ക്ക് തള്ളി വന്നു. അവൾ തുടർന്നു.., അതുകൊണ്ട് ഞാൻ ഒരു കാര്യം തീരുമാനിച്ചു.
“ഇനി എനിക്കായി എന്റെ സന്തോഷത്തിനായി കുറച്ചു ജീവിക്കണം. എനിക്കും ആഗ്രഹങ്ങൾ ഇല്ലേ..? എനിക്ക് ഞാനായി ജീവിക്കാൻ സ്വാതന്ത്ര്യം ഇല്ലേ..?
എപ്പോഴും നിങ്ങളുടെ സന്തോഷത്തിനു വേണ്ടി ഞാൻ ജീവിക്കുകയാരുന്നില്ലേ..? എന്റെ സന്തോഷത്തിനു വേണ്ടി നിങ്ങൾ എന്തേലും ചെയ്തോ..?
എല്ലാരും കല്പിക്കുന്ന പോലെ ജീവിച്ചു..
അമ്മാ.. അതെടുത്തെ.. ഇതെടുത്തെ.. ഹൊ.. അതെനിക്ക് വേണ്ടാ.. ഇതുണ്ടാക്കിയാൽ എന്താ കുഴപ്പം. എന്നൊക്ക മക്കൾ.
എടീ.. അതിങ്ങെടുത്തോ.. ഹൊ എന്തുവാ.. നിനക്കിവിടെന്താ പണി.. എന്ന് തുടങ്ങി പന്ത് തട്ടും പോലെയല്ലേ അച്ഛനും മക്കളും കൂടി എന്നെ തട്ടിയത്.
അയാൾ ഏതോ ഒരു ഭാവത്തിൽ അവളുടെ ഭാവമാറ്റം ശ്രദ്ധിച്ചു.
അതിനിപ്പോ ഇങ്ങനൊക്കെ പറയാൻ എന്തുണ്ടായെടീ..?
ഒന്നും ഉണ്ടായിട്ടല്ല. മനുഷ്യന് ഒരു ജന്മം അല്ലേയുള്ളൂ.. അപ്പോ അവനവാനായി അല്പമെങ്കിലും ജീവിക്കണ്ടേ.. മനുഷ്യാ..
സ്വന്തം വീട്ടിൽ പോകാൻ, ഇഷ്‌ടമുള്ള വസ്ത്രം ഇഷ്‌ടത്തിനൊത്തു മേടിക്കാൻ, കൂട്ടുകാരോടൊന്നു സംസാരിക്കാൻ, യാത്ര പോകാൻ,
മതിയാവോളം ഉറങ്ങാൻ, വെറുതെ ഇരിക്കാൻ. വായിക്കാൻ, പാട്ടുകേൾക്കാൻ.. എന്നുവേണ്ട.. ഫോണിൽ തോണ്ടാനും, കാണാനും വരെ.
ഹൊ.. ഇത്രയേ ഉള്ളോ.. ഞാനങ്ങു പേടിച്ചു പോയല്ലോടീ..
ഞാനോർത്തു നീ എന്നെ വേണ്ടന്ന് വെച്ചു എങ്ങോട്ടോ പോകുവാന്ന്..?
അങ്ങനെ ഞാൻ പോകുവോ മനുഷ്യാ.. നിങ്ങളൊക്കെ ഇല്ലാതെ എനിക്ക് ജീവിക്കാനാകുവോ.?
എന്റെമനസ്സിലുള്ള കൊച്ചു കൊച്ചു സന്തോഷങ്ങൾ എനിക്കാസ്വദിക്കണം. സ്വപ്‌നങ്ങൾ കാണണം.
ആരുടെയും പന്ത് ആവാതെ.., മെഴുകുതിരി പോലെ ഉരുകാതെ ജീവിക്കണം . അത്രയേ ഉള്ളൂ.. അവളുടെ ശബ്‌ദം ഇടറി.
അയ്യേ..പോടീ.. നിന്റെ മനസ്സിൽ എത്രയൊക്കെ കാര്യങ്ങൾ ഉണ്ടാരുന്നോ..? അയാൾ അവളെ ചേർത്തു നിർത്തി..എടീ.. മക്കളൊക്കെ അവരായി അവരുടെ ജീവിതമായി.. ഇനി അവരെയോർത്തു നീ ഉരുകേണ്ട.
എന്നെയോർത്തും വേണ്ടാ.. നീ നീയായിട്ട് ജീവിച്ചോടീ.. കട്ടയ്ക്ക് ഞാനില്ലേ.. കൂടെ. എനിക്ക് നീയും നിനക്ക് ഞാനും..
അവൾ നിറഞ്ഞു ചിരിച്ചുകൊണ്ട് അയാളുടെ മാറിൽ ചാരി.
അന്നുമുതൽ അവൾ അവൾക്കായി കുറച്ചു സമയം മാറ്റിവച്ചു..
ഇടയ്ക്ക് അയാൾ അവളെ കളിയാക്കും ഈയുള്ളവന് ഇത്തിരി കഞ്ഞിയും വെള്ളവും തരണേ.. മേഡം..
പോ.. മനുഷ്യാ…
എന്തൊക്ക പറഞ്ഞാലും സ്ത്രീകൾക്ക് അവരുടെ ഉത്തരവാദിത്തം കഴിഞ്ഞേ മറ്റെന്തും ഉള്ളൂ.. അതാണ് പൂർണ്ണത…