കാരണം നീന്റെ കല്യാണം കഴിഞ്ഞ അന്ന് എനിക്ക് വല്ലാത്ത വിഷമം തോന്നി എന്തോ..

ഞാൻ ഓക്കെയാണ്
(രചന: Jolly Varghese)

ഞാൻ നിന്നെ കല്യാണം കഴിക്കട്ടെ..??? അവൻ എന്നോട് ചോദിച്ചു.
ഹ..ഹ..ഹ.. ഇതായിരുന്നു എന്റെ മറുപടി.

അവനെന്റെ നല്ല കൂട്ടുകാരനായിരുന്നു. അയല്പക്കത്തെ നല്ല കുടുംബം. എല്ലാകാര്യവും അങ്ങോട്ടും ഇങ്ങോട്ടും അറിയാം.

പക്ഷേ ഞങ്ങൾ തമ്മിൽ പ്രേമമോ, പ്രണയമോ ഒന്നും ഇല്ലായിരുന്നു.
പിന്നെയെന്താ അങ്ങനൊരു ചോദ്യം എന്നല്ലേ…? പറയാം.

നി റം സിനിമ ഇറങ്ങിയ കാലം. അവൻ ആ സിനിമ പോയി കണ്ടു. അന്നൊന്നും സിനിമ കാണാൻ വീട്ടിൽ നിന്നും വിടാത്ത കൊണ്ട് ഞാൻ ആ സിനിമ കണ്ടിട്ടില്ല.

അപ്പോ സിനിമ കണ്ട അവൻ പറയുവാ ഒരു പെണ്ണിനും, ആണിനും ഒരിക്കലും സുഹൃത്തുക്കളായി മാത്രം ഇരിക്കാനാവി
ല്ലെന്ന് . അവരുടെ ഇടയിൽ എപ്പോഴെങ്കിലും ഒരിഷ്ടം ഉണ്ടാവുമെന്ന്. എന്നിട്ട് ആ സിനിമ കഥ അവൻ വിവരിച്ചു.

ഏയ്‌.. അത് സിനിമയല്ലേ.. സിനിമയിൽ അങ്ങനൊക്കെ ആവാം പക്ഷേ നമ്മൾ അങ്ങനല്ലല്ലോ.. ഡാ..

അങ്ങനല്ല, പക്ഷേ ഭാവിയിൽ അങ്ങനയായാലോ.? അതിനാൽ ഒരഡ്വാൻസ് ചോദ്യം ചോദിച്ചെന്നെ ഉള്ളൂ..

ഓഹോ..

സത്യത്തിൽ നിനക്കെന്നെ ഇഷ്‌ടമാണോ..? ഞാൻ ചോദിച്ചു.

നിന്റെ പോസിറ്റീവ് മൈന്റ് എനിക്കിഷ്‌ടമാണ്.

നിനക്കോ..? അവൻ എന്നോട് ചോദിച്ചു.
ഇഷ്‌ടമാണ്‌ പക്ഷേ.. കല്യാണം കഴിക്കാൻ ഇഷ്‌ടമല്ല.

അതെന്താ..അങ്ങനെ..?

കല്യാണം കഴിച്ചാൽ നമ്മൾ തമ്മിൽ വഴക്കിടും, പിണങ്ങും ഈ ഇഷ്‌ടവും പോകും. അതെനിക്ക് ഇഷ്‌ടമില്ല. ഞാൻ ജനിച്ച നാൾമുതൽ കാണുന്നതല്ലേ നിന്നെ. അപ്പോ ഞാൻ മരിക്കുന്ന വരെ ഈ ഇഷ്ടം മതി.

എടീ.. ഇപ്പോ നിന്നെയെനിക്ക് ശരിക്കും കല്യാണം കഴിക്കണം എന്ന് തോന്നുവാ..

ഒന്ന് പോടാ.. അവിടുന്ന്.

അന്ന് ഞങ്ങൾ രണ്ടാളും ആർത്തു ചിരിച്ചു.

പിന്നീട് ജോലിയായി അവൻ മറ്റൊരു ദേശത്തേയ്ക്കും, ഞാൻ പഠനവും ശേഷം ജോലിയുമായി വേറൊരിടത്തും. വല്ലപ്പോഴും കത്തുകൾ അയയ്ക്കും പിന്നീട് അതും ഇല്ലാതായി.

എപ്പോഴെങ്കിലും നാട്ടിൽ വരുമ്പോ കാണും അത്യാവശ്യം സംസാരിക്കും അത്ര തന്നെ.

മൂന്നാല് വർഷം കഴിഞ്ഞപ്പോ എന്റെ കല്യാണം കഴിഞ്ഞു. അന്നോടി നടന്ന് എല്ലാകാര്യവും ചെയ്യാൻ അവനും ഉണ്ടായിരുന്നു.

എന്റെ കല്യാണം കഴിഞ്ഞു ഒരു വർഷത്തിനു ശേഷം അവനും വിവാഹം കഴിച്ചു. ഒരു സ്കൂൾ ടീച്ചറെ.

പിന്നീട് വർഷങ്ങൾ പലതു കഴിഞ്ഞു. ഒരു വർഷം മുൻപ് ഞാൻ ഒറ്റയ്ക്ക് വീട്ടിൽ പോകേണ്ട ഒരാവശ്യം വന്നു.
അങ്ങനെ പോകാനായി..

നാട്ടിലേക്കുള്ള ബസ്സ് കാത്തുനിൽക്കുമ്പോ അവനെ യാദൃശികമായി കണ്ടു മുട്ടി. അവൻ ഒരു യത്ര കഴിഞ്ഞു വീട്ടിലേയ്ക്ക് പോകുന്ന വഴിയാണ്.

വീട്ടിലേയ്ക്ക് ആണല്ലോ നീ.. എന്നാലിനി ബസ്സൊന്നും കാക്കണ്ട എന്റെ കൂടെ പോരെ.

അങ്ങനെ അവനോടൊപ്പം ആ കാറിൽ സഞ്ചരിക്കുമ്പോ ഞങ്ങൾ ആ പഴയ ഞങ്ങളായി. വാതോരാതെ സംസാരിച്ചു.

അപ്പോൾ അവൻ എന്നോട് പറഞ്ഞു. “എടീ ഞാൻ പണ്ട് നിന്നോട് ചോദിച്ചില്ലേ നിന്നെ കല്യാണം കഴിക്കട്ടെയെന്നു.. ”

ഉം.. ഞാൻ മൂളി.

എടീ അന്നത് തമാശയാരുന്നെങ്കിലും പിന്നീട് പലപ്പോഴും നിന്നെ കല്യാണം കഴിക്കാമായിരുന്നു എന്ന് ചിന്തിച്ചിട്ടുമാഗ്രഹിച്ചിട്ടുമുണ്ട്.

കാരണം നീന്റെ കല്യാണം കഴിഞ്ഞ അന്ന് എനിക്ക് വല്ലാത്ത വിഷമം തോന്നി എന്തോ ഒന്നെനിക്കു നഷ്‌ടമായെന്ന തോന്നൽ. അന്നേരം ഞാൻ എന്റെ മനസ്സിനോട് ചോദിച്ചു..?
എന്തായിങ്ങനെയെന്ന്..?

അപ്പോ മനസ്സെനിക്ക് കാട്ടിത്തന്നു നിന്നോടുള്ള എന്റെ സ്നേഹം എത്ര വലുതായിരുന്നു എന്ന്.

ഹഹഹ.. അന്നത്തെ പോലെ ഞാൻ വീണ്ടും ചിരിച്ചു പക്ഷേ ആ ചിരിക്ക് അത്ര ഭംഗി ഉണ്ടായിരുന്നില്ല.

എടീ.. എന്നെങ്കിലും നിന്നോടീകാര്യം പറയണം എന്ന് വിചാരിച്ചു എന്തായാലും അത് സാധിച്ചു. അപ്പോ അടുത്ത ജന്മം നീ ഓക്കെ അല്ലേ..? അവൻ എന്നെ നോക്കി മധുരമായി ചിരിച്ചു.

ഒന്നു പോടാ.. എനിക്ക് ചെറിയ നാണം വന്നു.

ഇന്നിപ്പോ എന്റെ ചുറ്റിലും അവനും അവന്റെ ഓർമ്മകളും അവന് വേണ്ടിയുള്ള പ്രാർത്ഥനയും മാത്രമാണ്.

കാരണം മരണത്തിന്റെ പടിവാതിലിൽ അവൻ എത്തി നിൽക്കുന്നു. ഹൃദയസംബന്ധമായ അസുഖത്താൽ വെന്റിലേറ്ററിൽ കഴിയുന്നു.
ബോധം നഷ്‌ടമായി..

ജീവിതത്തിലേയ്ക്ക് തിരിച്ചുവരുവോ എന്നറിയില്ല. എങ്കിലും, തിരിച്ചു വാ.. തിരിച്ചു വാ..എന്ന് മനസ്സ് നൊന്തു പ്രാർത്ഥിക്കുന്നു.

“ഞാൻ നിന്നെ കല്യാണം കഴിക്കട്ടെ..? അടുത്ത ജന്മം നീ ഓക്കെ അല്ലേ.. ? ”

മനസ്സിനെ കീറി മുറിക്കുന്ന ശബ്ദം എന്നെ വല്ലാതെ നൊമ്പരപെടുത്തുന്നു. ഞാനും നിന്നെ സ്നേഹിച്ചിരുന്നു എന്ന് ഞാനിപ്പോ തിരിച്ചറിയുന്നു.

“നീ മടങ്ങി വരൂ.. നിന്റെ കൈകളിൽ എന്റെ കൈകോർത്തു കൊണ്ട് നിന്റെ കണ്ണുകളിൽ നോക്കി എനിക്ക് പറയണം.. അടുത്ത ജന്മം ഞാൻ ഓക്കെ ആണെന്ന്..”

ദൈവമേ…, ഈ ജന്മം എനിക്ക് ആരൊക്കയോ ആയിരുന്ന അവനെ തിരികെ തരൂ..

അവന്റ മുൻപിലെ വാതിൽ തുറക്കണ്ട.. അവനെ മടക്കി അയയ്ക്കൂ.. അവന്റെ പ്രിയപ്പെട്ടവർ അവനെ കാത്തിരിക്കുന്നു.. ഒപ്പം ഞാനും..

Leave a Reply

Your email address will not be published. Required fields are marked *