മക്കളില്ലാത്തതിൽ തങ്കമ്മച്ചേച്ചി ഇടയ്ക്കൊക്കെ സങ്കടപ്പെടും, അപ്പോ കുമാരേട്ടൻ..

കുമാരേട്ടന്റെ തങ്കം
(രചന: Jolly Varghese)

തങ്കം.. എടിയേ… നീ എവിടാടി.. ഇവളിത് എവിടെപ്പോയി കിടക്കുവാ.. പട്ടാരടങ്ങാൻ. എടിയേ…

എന്തുവാ മനുഷ്യേനെ കിടന്ന് കൂവുന്നത്. ഞാനീ പുറകുവശത്തെ മിറ്റത്തുണ്ട്.
ഇങ്ങു വാടി നീ..

ഇതാ എപ്പോ വരാം. ഈ വിറക് ഒന്നെടുത്ത് വച്ചോട്ടെ മനുഷ്യ. തങ്കം ധൃതിയിൽ വിറക് വാരി പുറകിലെ തിണ്ണയിൽ വച്ചു..

ഓ ഇവള് ചത്തുപോയോ തങ്കം..

തങ്കം ഓടി ഉമ്മറത്തു ചെന്നു. എന്താടി വിളിച്ചിട്ട് വരാനിത്ര താമസം. എന്റെ കുമാരേട്ടാ ഞാനാ വിറക് വാരുവല്ലാരുന്നോ..

നിന്റെ ഒരു വിറക് പറയുന്നതിനൊപ്പം കുമാരേട്ടൻ ഒരു ത ല്ലുകൂടെ കൊടുത്തു തങ്കത്തിന്..

തങ്കം ഉച്ചത്തിൽ നിലവിളിക്കാനും പ്രാകാനും തുടങ്ങി. കാലമാട നിങ്ങളെന്നെ ത ല്ലിയല്ലേ.. നോക്കിക്കോ ഞാൻ കാണിച്ചുതരാം. തങ്കം മുറ്റത്തു മണ്ണിൽ വീണ് എണ്ണിപ്പെറുക്കി നിലവിളി തന്നെ.

കുമാരേട്ടൻ അതൊന്നും കേൾക്കുന്നു പോലുമില്ല. തങ്കത്തിന്റെ ചത്തുപോയ അപ്പനെയും അമ്മയെയും മറ്ററിയാവുന്നവരെയെല്ലാം തെ റി കൊണ്ട് അഭിഷേകം ചെയ്യുകയാണ്..

തങ്കത്തിന്റെ എണ്ണിപ്പെറുക്കൽ തുടർന്ന് കൊണ്ടേയിരുന്നു.. എന്തോരം നല്ല ആലോചന വന്നതാ എന്നിട്ടും എനിക്കീ കാലമാടനെ ആണല്ലോ ദൈവമേ വിധിച്ചേ തങ്കം മൂക്ക് പിഴിഞ് ഉടുമുണ്ടിൽ തൂത്തു. അവിടെ വഴക്ക് തുടരുന്നു..

ഇതാണ് കുമാരേട്ടനും തങ്കമ്മ ചേച്ചിയും. എന്റെ അയൽക്കാരാണ്. വയസ്സ് കുമാരേട്ടന് അറുപത്തഞ്ചും തങ്കമ്മച്ചേച്ചിക്ക് അറുപതും. രണ്ടുപേർക്കും ആരോഗ്യപരമായി അസുഖങ്ങൾ ഒന്നുംതന്നെയില്ല.

പിന്നെ എന്താന്ന് വച്ചാൽ കുട്ടികൾ ഇല്ല അവർക്ക്. കുമാരേട്ടന് തങ്കവും, തങ്കത്തിന് കുമാരേട്ടനും അതാണവരുടെ ജീവിതം രണ്ടുപേരും തമ്മിൽ ഇപ്പോഴും അടിയും വഴക്കും ആണെകിലും വല്യ സ്നേഹത്തിലുമാണ്.

തമ്മിൽ കാണാതെ പിരിഞ്ഞിരിക്കുകയെ ഇല്ല. വല്ലപ്പോഴും തങ്കമ്മ ചേച്ചി അനിയത്തിയെ കാണാൻ പോയാലോ സന്ധ്യക്ക്‌ മുമ്പേ വീടെത്തും.

കുമാരേട്ടൻ എന്തേലും കഴിച്ചോ, എന്തുചെയ്യുന്നു തുടങ്ങിയ വേവലാതിയാണവർക്ക്. തിരിച്ചും അങ്ങനെ തന്നെ. ചിലപ്പോൾ അവരുടെ സ്നേഹവും കരുതലും കാണുമ്പോൾ കണ്ണ് നിറയും.

ഞാൻ ജനൽ വഴി കുമാരേട്ടന്റെ വീട്ടിലേയ്ക്ക് നോക്കി.. ഇപ്പോ കാണുന്ന കാഴ്ച. തങ്കമ്മ ചേച്ചി കുമാരേട്ടന്റെ അടുത്ത് തിണ്ണയിൽ ഇരുന്നു ചായ ചൂടാറ്റി കൊടുക്കുന്നു.

കുമാരേട്ടൻ എന്തോ ഒരു സാധനം നുള്ളിയെടുത്തു തങ്കമ്മചേച്ചിടെ വായിൽ വച്ചുകൊടുക്കുന്നു. ഇപ്പോ കണ്ടാൽ ഇത്തിരി മുൻപ്‌ വഴക്കിട്ടവരാണ് എന്നാരും പറയില്ല. അതാണവര്.

എന്നാലും തങ്കമ്മ ചേച്ചിക്കൊരു വേവലാതി ഉണ്ട്. കാരണം കുമാരേട്ടൻ നന്നായി മ ദ്യ പിക്കും .

മ ദ്യ പിച്ചു അങ്ങേർക്ക് എന്തേലും സംഭവിക്കുമോ മോളേ.. എന്നോട് ഇന്നും ചോദിക്കുന്ന ചോദ്യം. എന്നെ വല്യ ഇഷ്‌ടമാണ്‌ രണ്ടാൾക്കും.

മക്കളില്ലാത്തതിനാലാവും. എന്തുണ്ടാക്കിയാലും ഞാനവർക്കും അവരെനിക്കും തരും. ഇവിടെ എന്താവശ്യത്തിനും അവരോടിയെത്തും. മക്കളില്ലാത്തതിൽ തങ്കമ്മച്ചേച്ചി ഇടയ്ക്കൊക്കെ സങ്കടപ്പെടും.

അപ്പോ കുമാരേട്ടൻ പറയും നീ എന്തിനാടി തങ്കം വിഷമിക്കുന്നേ.. നിനക്ക് ഞാനില്ലേടിന്ന്. നീ പോയിട്ടേ ഞാൻ പോകൂ.. നിന്നെ തനിച്ചാക്കി മരിക്കാൻ എനിക്ക് പേടിയാടി തങ്കം.

ഒന്ന് പോ മനുഷ്യേനേ നമ്മള് രണ്ടാളും ഇപ്പോ അങ്ങനെ മരിക്കുന്നില്ല.. പോരേ..

ങും…. മതി മതി.. പിന്നെ ക ള്ളു കുടിച്ചാൽ മുന്പെത്തെപോലെ വഴക്കും ബഹളവും പതിവാ.. അതിൽ ആർക്കും അവരോട് പരാതിയും ഇല്ല.

അങ്ങനെ കഴിഞ്ഞ ആഴ്ച തങ്കമ്മ ചേച്ചി മരണപെട്ടു. പെട്ടന്ന് കുഴഞ്ഞു വീണു ആശുപത്രിയിൽ എന്തുന്നതന് മുൻപ്‌ മരിക്കുകയും ചെയ്തു. അന്ന് കുമാരേട്ടൻ ഇരുന്ന ഇരുപ്പ് ആർക്കും കണ്ട് നിൽക്കാനാവില്ലായിരുന്നു.

ഒരു തള്ളി കണ്ണീർ പൊഴിക്കാതെ ശില പോലുള്ളൊരിരിപ്പ്. വേദന മുറ്റിയ മുഖം കല്ലിച്ചിരുന്നു. അങ്ങനെ എല്ലാം കഴിഞ്ഞു. എല്ലാരും പലവഴി പിരിഞ്ഞു.

ഇന്നിപ്പോൾ കുമാരേട്ടൻ തനിച്ചായി. ഞാൻ കൂടെ കൂടെ അവിടെ ചെല്ലും കുമാരേട്ടൻ ഒന്നും മിണ്ടില്ല എന്ത് ചോദിച്ചാലും.

തുറിച്ചു നോക്കി ഒരേ ഇരുപ്പ്. ഞാൻ എന്തെക്കിലും ചോദിച്ചു ചോദിച്ചു ഇപ്പോൾ മിണ്ടി തുടങ്ങി.. പറയുന്നത് മുഴുവൻ കുമാരേട്ടന്റെ തങ്കത്തെ പറ്റിയും.

മോൾക്കറിയുവോ നാല്പത്തെട്ടുവർഷം അവളെന്റെ നിഴലായിരുന്നു.

മക്കളില്ലാത്ത ഞങ്ങൾ ആ കുറവ് നികത്താൻ വഴക്കിട്ട് ബഹളം വച്ച് വീടിനെ ശബ്‌ദമുള്ളതാക്കി. ഇനി അവളില്ലാത്ത ഈ വീട്ടിൽ ഞാനെങ്ങനെ ജീവിക്കും മോളേ..

കുഴിയിലേയ്ക്ക് താണ കണ്ണിൽ നിന്നും വറ്റാറായ ഉറവയിൽ നിന്നെന്നപോലെ അൽപം കണ്ണുനീർ ഒലിച്ചിറങ്ങി ആദ്യമായ്…

മോളേ തനിച്ചാകുന്ന വേദന മോൾക്കറിയുവോ.. ഇപ്പോൾ ഞാൻ കരയിൽ പിടിച്ചിട്ട മീൻ പോലെ പിടയുവാ..

എന്റെ തങ്കമാരുന്നു എന്റെ ശ്വാസം.. അവളില്ലാതെ ഞാൻ…. ഇടയ്ക്കിടയ്ക്ക് വാക്കുകൾ മുറിഞ്ഞു.. എന്റെ നെഞ്ചിൽ വല്ല്യ ഭാരം കയറ്റി വച്ചപോലെ.

തങ്കമ്മച്ചേച്ചി എനിക്കും പ്രിയപ്പെട്ടതാരുന്നല്ലോ . എന്ത് പറഞ്ഞു കുമാരേട്ടനെ ആശ്വസി
പ്പിക്കണം.. എനിക്കറിയില്ല.. ഞാന്നെന്റെ വീട്ടിലേക്കോടി..

അവരുടെ സ്നേഹത്തിന്റെ ആഴം എത്രയോ വലുതാണ്. ജീവിതത്തിലെ ഒറ്റപ്പെടലും ഏകാന്തതയും ഭീകര ജീവിയെപോലെ നമ്മെ വിഴുങ്ങുമ്പോൾ മാത്ര മാവും.

നമ്മൾ മറ്റുള്ളവരുടെ വില മനസിലാവുക. അവർ നമുക്ക് എത്ര പ്രിയപ്പെട്ടവർ ആയിരുന്നെന്ന്..

ഇന്ന് കുമാരേട്ടൻ ഒരു പ്രാന്തനെ പോലെ അലയുന്ന കാണുപ്പോ… അറിയാതെ മനസ്സ് പറയും… സമാധാനിക്കാൻ സ്വയം പറയുന്ന വാക്ക് “എല്ലാം വിധി ” അതേ വിധി….

Leave a Reply

Your email address will not be published. Required fields are marked *