ആരെന്നറിയാതെ
(രചന: Jolly Varghese)
ഒരുദിവസം സന്ധ്യകഴിഞ്ഞ നേരത്ത് പപ്പാ സിറ്റിയിൽ പോയിട്ട് തിരികെ വീട്ടിൽ വരുമ്പോ പപ്പയുടെ കൂടെ മൂന്നാല് അപരിചിതരുണ്ടായിരുന്നു.
അപചിതരെ കണ്ടപ്പോ കൊച്ചുകുട്ടികളായ ഞങ്ങൾ വീടിനുള്ളിലെ ഇരുട്ടിലേയ്ക്ക് മാറിനിന്നു ഒളിഞ്ഞു നോക്കി.
ഉമ്മറത്തു കത്തിച്ചു വച്ച ഓട്ടുവിളക്കിന്റെ പ്രകാശത്തിൽ അവരെ അവക്തമായി കണ്ടു. രണ്ട് സ്ത്രീകളും രണ്ട് പുരുഷൻ മ്മാരും.
മൂത്ത ചേച്ചി അടുക്കളയിലേയ്ക്ക് ഓടിപോയി. അമ്മ അത്താഴം ഉണ്ടാക്കുന്നതിന്റെ തിരക്കിലാണ്.
ചേച്ചിയുടെ സ്വകാര്യം കേട്ടമാത്രയിൽ ചിരണ്ടികൊണ്ടിരുന്ന തേങ്ങാ മുറി താഴെ വെയ്ക്കാൻ പോലും മറന്ന് അമ്മ ഉമ്മറത്തേക്ക് പാഞ്ഞു.
ആരാ പപ്പാ ഇവര് ? മക്കൾ ഉണ്ടായതില്പിന്നെ അമ്മയും പപ്പാ എന്നാണ് വിളിക്കാറ്.
അതൊക്ക പറയാം.
നിങ്ങള് കേറിവാ.. പപ്പാ അവരെ വീടിനുള്ളിലേക്ക് ക്ഷണിച്ചു. അവര് ഒരുമടിയും കൂടാതെ കേറി വന്ന് ഇരുമ്പ് കസേരയിൽ ഇരുന്നു.
അമ്മ പപ്പയെ നോക്കി കണ്ണുകൊണ്ട് അടുക്കളയിലേയ്ക്ക് വരാൻ ആംഗ്യം കാണിച്ചു.
അമ്മ മുൻപേയും പപ്പാ പിൻപേയുമായി അടുക്കളയിൽ പോയി അടക്കം പറഞ്ഞു.
അമ്മ : ആരാ ഇവര് ?
പപ്പാ : എടീ ഇവര് കുറെ ദൂരേന്നു ആരെയോ തിരഞ്ഞു വന്നതാ. തിരഞ്ഞു വന്ന ആളെ അവർക്ക് കണ്ടെത്താൻ ആയില്ല. നേരം ഇരുട്ടുവേം ചെയ്തു.
അമ്മ :അതിന് ?
പപ്പാ : എടീ നമ്മുടെയീ ഗ്രാമത്തിൽ താമസിക്കാൻ ഒരു ലോഡ്ജോ, മറ്റ് സൗകര്യങ്ങളോ ഇല്ലല്ലോ.
ഇവര് ഞാൻ ചെല്ലുമ്പോ ആ കടത്തിണ്ണയിൽ കുത്തിയിരിക്കുന്നു ചുറ്റും കുറെ ആളുകളും കൂടിയിട്ടുണ്ട്.
നമ്മുടെ നാട്ടുകാരല്ലേ ഇവരെ വല്ലാതെ ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നു. അന്നേരം അവരുടെ മുഖത്തെ നിസഹായത കണ്ടപ്പോ എനിക്കെന്തോപോലെ തോന്നി.
പോരാത്തതിന് രണ്ട് സ്ത്രീകളും. എനിക്കും പെങ്ങമ്മാരുള്ളതല്ലേടീ.. അതിനാൽ ഞാൻ അവരെ ഒരന്തി എന്റെ വീട്ടിൽ തങ്ങാം എന്നുപറഞ്ഞു കൂട്ടികൊണ്ട് വന്നതാ.
അമ്മ: എന്നാലും മനുഷ്യ.. ഇവരാരാണ് എന്താണ് എന്നൊക്ക അറിയാത്ത വീട്ടിലോട്ട് കൊണ്ട് വരവോ.
ഇതേ പ്രായപ്രായപൂർത്തിയായ ഒരു പെൺകൊച്ചു ഉള്ള വീടാണ്. അമ്മ വേവലാതി പെട്ടു.
പപ്പാ :നന്മയുള്ള സ്ഥലത്ത് ഒരാപത്തും വരില്ലെടീ. നീ അവരോടു പോയി സംസാരിച്ചേ എന്നിട്ട് വെള്ളം വല്ലോം കുടിക്കാനും കൊടുക്ക്.
അമ്മ മനസ്സില്ലാമനസ്സോടെ അവരെ സ്വീകരിച്ചു. ഒരു സ്ത്രീക്ക് മുപ്പതു വയസ്സു കാണും പിന്നെ അൻപതു കഴിഞ്ഞൊരു സ്ത്രീയും.
പുരുഷൻമാരും ഏതാണ്ട് നാല്പതും അറുപതും ഒക്കെ കാണും. സാമ്പത്തിക പരാതീനതയുണ്ടന്നു അവരെ കാണുമ്പോ തന്നെയറിയാം.
എന്തായാലും ഞങ്ങളുടെ രണ്ട് മുറിയുള്ള വല്യ അടച്ചുറപ്പൊന്നും ഇല്ലാത്ത കൊച്ചു വീട്ടിൽ അമ്മ അവർക്കും സ്ഥലമൊരുക്കി. ഒന്നുവല്ലേലും രണ്ട് സ്ത്രീകൾ ഉള്ളതല്ലേ.
അവർക്ക് വേണ്ടി ചോറിനൊപ്പം സ്പെഷ്യലായി മുട്ടക്കറി ഉണ്ടാക്കി, അമ്മയുടെ സാരികൾ അവർക്ക് മാറ്റിയുടുക്കാൻ കൊടുത്തു. പപ്പാ യുടെ ലുങ്കി പുരുഷൻമാർക്കും നൽകി.
മണ്ണെണ്ണ വിളക്കിന്റെ ചുറ്റിലും ഇരുന്നു ഞങ്ങളെല്ലാം അത്താഴം കഴിച്ചു. പിന്നീട് പപ്പയും അമ്മയും അവരുംക്കൂടി സംസാരിക്കുന്നത് കേട്ടു.
അപ്പോഴാണ് അവര് പറയുന്നത് അവരുടെ മോൻ രണ്ടുവർഷം മുന്നേ നാടുവിട്ടെന്നും,
ഇടുക്കിയിൽ, ഈ നാട്ടിൽ ആ മകനുണ്ടെന്ന് ആരോ പറഞ്ഞറിഞ്ഞെഞ്ഞും . അവനെ തേടിയിറങ്ങിയതാണെന്നൊക്കെ.
ഇതിനിടയ്ക്ക് ഞങ്ങൾ കുട്ടികളോട് പേരും പഠിക്കുന്ന ക്ലാസ് ഏതെന്നൊക്കെ അവര് ചോദിച്ചു. ഒരുമുറിയിൽ അവർക്ക് ഉറങ്ങാൻ സൗകര്യമൊരുക്കി.
മറ്റേ മുറിയിൽ ഞങ്ങളും. എന്തായാലും അമ്മ അന്ന് രാത്രിയിൽ ഒട്ടും ഉറങ്ങിയില്ലന്നു തൊട്ടടുത്തു കിടന്ന ഞാൻ മനസ്സിലാക്കി. എന്നെയും ചേച്ചിയെയും അമ്മ ഇടയ്ക്കിടെ തടവികൊണ്ടിരിക്കുന്നു.
പുലർച്ചെ വെട്ടം വച്ചപ്പോൾ തന്നെ അമ്മ കൊടുത്ത കട്ടൻ കാപ്പിയും കുടിച്ചു അമ്മയോടും പാപ്പയോടും ഒരുപാട് നന്ദിയൊക്കെ പറഞ്ഞു.
അതിൽ മൂത്ത സ്ത്രീ അമ്മയുടെ കൈപിടിച്ച് കരഞ്ഞു നിങ്ങളെ ഒരിക്കലും മറക്കില്ല എന്നും പ്രാർത്ഥിക്കും എന്നൊക്ക..
അമ്മയും വല്ലാതായി. അമ്മ പോയി മല്ലി പാത്രത്തിൽ നിന്നും നൂറ്റിഅൻപതു രൂപ എടുത്തുകൊണ്ടു ആ സ്ത്രീയുടെ കൈയിൽ കൊടുത്തു.
അവര് വേണ്ടെന്ന് പറഞ്ഞെങ്കിലും കൈയിൽ വച്ചോ എന്നുപറഞ്ഞു അമ്മ നിർബന്ധപൂർവ്വം ഏൽപിച്ചു.
അവർ ഞങ്ങളുടെ അഡ്ഡ്രസ് ഒക്കെ മേടിച്ചാണ് പോയത്. പപ്പാ അവരെ സിറ്റിയിൽ കൊണ്ടു വിട്ടു.
അയൽക്കാർ ഈ കഥയൊക്ക അറിഞ്ഞു ഒത്തിരി കുറ്റപ്പെടുത്തി ആരാണെന്താണ് എന്നൊന്നും അറിയാത്തവരെ വീട്ടിൽ കേറ്റി താമസിപ്പിച്ചത് കൊള്ളാവോ. എന്നൊക്കെ.
എന്തായാലും അതങ്ങനെ കഴിഞ്ഞു.
അവര് പോയി പിറ്റേ ആഴ്ച പപ്പയുടെ പേരിൽ ഒരു കത്ത് വന്നു. അത് അവരുടേത് ആയിരുന്നു. ഒരുപാട് നന്ദിയും കടപ്പാടും സ്നേഹവും നിറഞ്ഞ കത്ത്.
ആ കത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു,
” എത്രയും സ്നേഹംനിറഞ്ഞ എന്റെ സഹോദരനും നാത്തൂനും വായിച്ചറിയാൻ…..
എന്ന് സ്നേഹപൂർവ്വം സഹോദരി ശ്യാമള ഉഴവൂർ.
പപ്പയുടെ മനസ്സും അമ്മയുടെ കരുതലും, അതായിരുന്നു ആ കാലം..