‘നിനക്ക് എന്നോട് പ്രണയമാണോ, ശ്രുതി അവന്റെ കണ്ണുകളിൽ നോക്കി ചോദിച്ചു..

പ്രണയം
(രചന: Jomon Joseph)

”നിനക്ക് എന്നോട് പ്രണയമാണോ ” ശ്രുതി അവന്റെ കണ്ണുകളിൽ നോക്കി ചോദിച്ചു …

കുറേ നേരത്തെ മൗനത്തിനു ശേഷം അവൻ അല്പം പോലും പതറാതെ പറഞ്ഞു …”ഹേയ് അല്ല ,അല്ലേ അല്ല ,അല്ലങ്കിൽ തന്നെ പ്രണയിക്കാൻ പറ്റിയ ഒരു സാധനം …. പോടീ പെണ്ണേ …..”

അവൾ കൈക്കുളളിൽ സൂക്ഷിച്ച മനോഹരമായ ഒരു കീ ചെയിൻ ഒരു വിധം അവളുടെ ബാഗിന് അകത്ത് ഒളുപ്പിച്ചു .

” എങ്കിൽ ശരി വിനു ,ചോദിച്ചതു വിട്ടേക്കു നമുക്ക് നാളെ കാണാം …..”

“K ഡീ ”

അവർ രണ്ടു പേരും വീട്ടിലേക്ക് യാത്രയായി .. ഉറങ്ങാൻ നേരം അവൻ ഇന്നത്തെ വൈകുന്നേരത്തെപ്പറ്റി ഓർത്തു. അവൾ തന്നോടു ചോദിച്ച ആ ചോദ്യത്തെ മനസ്സിന്റെ ഒരു കോണിലിട്ട് അയവിറക്കി .

“എനിക്ക് അവളോട് പ്രണയമാണോയെന്ന് ,വേറെ പണിയൊന്നുമില്ല …..”

അവൻ മനസ്സിനോടു വീണ്ടും വീണ്ടും അതു തന്നെ ഏറ്റു പറഞ്ഞു . കിടന്നിട്ട് ഉറക്കം വരാതെ മലന്നും, തിരിഞ്ഞും കിടന്ന അവൻ കുറേ നേരം എഴുന്നേറ്റിരുന്നു .

തന്റെ മുറിയിൽ മേശപ്പുറത്ത് അടുക്കി വച്ചിരുന്ന പഴയ പുസ്തകങ്ങളുടെ ഇടയിൽ നിന്നും തന്റെ പത്താം ക്ലാസ്സിന്റെ അവസാനത്തിൽ പലരും എഴുതിക്കൂട്ടിയ ആ ഓട്ടോഗ്രാഫ് എടുത്തു വായിച്ചു .

ഒത്തിരി നല്ല സന്ദേശങ്ങൾക്കു നടുവിലായി ശ്രുതി എഴുതിയ ആ വരികൾ കണ്ണിൽ നിന്നും മായാതെ നിന്നു .

“പ്രണയം തോന്നുമെങ്കിൽ നിന്നോടു തോന്നണം, സുഹൃത്താ വണമെങ്കിലും നിന്നോടു ചേരണം ,മറക്കില്ല ,മായില്ല മരണം വരെ ” – ശ്രുതി

കുറേ നേരം അവൻ അതു തന്നെ വായിച്ചു .ഞങ്ങൾ എത്ര വർഷം മുതൽ ഒരുമിച്ച് പഠിക്കുന്നതാണ്. ക്ലാസുമാറിയാലും, സ്കൂൾ മാറിയാലും അവൾ അവസാനം എന്റെ കൂടെ തന്നെയുണ്ടാവും .

പ്ലസ്ടുവിന് ചേർന്നപ്പോൾ സെക്കന്റ് ഭാഷ ഞാൻ ഹിന്ദി എടുത്തപ്പോൾ അവളും അതുതന്നെയെടുത്തു .

പക്ഷെ ഒരു ദിവസമെങ്കിലും അവളെ കണ്ടില്ലെങ്കിൽ ,ഒരു വാക്കെങ്കിലും മിണ്ടിയില്ലെങ്കിൽ ,ഒരുമിച്ചൊന്നു നടന്നില്ലെങ്കിൽ അന്നേ ദിവസം എനിക്ക് കിടന്നാൽ ഉറക്കമില്ല .

പലപ്പോഴും ക്ലാസ്സുവിട്ടാൽ ഒന്നിച്ച്‌ ബസ്റ്റോപ്പിലേക്ക് , ഒരു ബസിൽ കയറി അവളുടെ സീറ്റിന് അരികിൽ നിന്നു യാത്ര ചെയ്യുമ്പോൾ എന്റെ ഭാരമുള്ള ബാഗ് മടിയിൽ താങ്ങിവച്ച് അതിൽ കെട്ടിപ്പിടിച്ച് അവൾ ഇരിക്കുന്നത് കാണാം … സത്യത്തിൽ എനിക്ക്

എനിക്ക് അവളെ ഇഷ്ട്ടമാണോ ……..

ഹേയ് …….

അല്ലേ, അല്ല …..

എന്തിനാ വേണ്ടാത്ത ചിന്ത …..

അവൻ കൈകളിൽ ഫോൺ എടുത്ത് അതിലെ മെസ്സേജുകൾ വായിച്ചു കൊണ്ടിരുന്നു .പെട്ടെന്ന് പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും വന്ന ഒരു കോൾ അവൻ അറ്റന്റ് ചെയ്തു .

“ഡാ ഇതു ഞാനാണ് ,വിവേക് ….”

“ഹായ് ,നീയോ … ഇതു നിന്റെ നമ്പർ ആണോ ….”

“അതേടാ….. ഞാൻ വിളിച്ചതേ … നീ ഒരു സഹായം ചെയ്യുമോ എന്നറിയാനാ ..”

” പറ അളിയാ …. നോക്കട്ടെ … പറ്റുന്നതാണെങ്കിൽ തീർച്ചയായും ചെയ്യും .. ”

” നിനക്ക് പറ്റും , ….

നാളെ വാലന്റൈൻസ് ഡേ അല്ലേ …. എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ട്ടമാണ് ….. നീ അവൾക്ക്‌ എന്റെ ഒരു സമ്മാനം കൊടുക്കണം …. എന്റെ ഇഷ്ട്ടം അവളോടു തുറന്ന് പറയണം …. pls ….”

” ആരാ ……ആരാടാ ആള് ”

” മറ്റാരുമല്ല ….. ശ്രുതി ….. നമ്മുടെ ശ്രുതി …..”

“ശ്രുതിയോ ……”

“എന്താ നിനക്ക് അവളോട് …..”

“ഹേയ് …. എനിക്ക് ഒന്നുമില്ല …. നീ നാളെ തന്നേക്ക്…. ഞാൻ കൊടുക്കാം ……”

“താങ്ക്യു അളിയാ …..”

പിറ്റേന്ന് രാവിലെ വിനു അവളെ ഫോണിൽ വിളിച്ചു .വിനു പറഞ്ഞത് അനുസരിച്ച് സ്ഥിരമായി കണ്ടു മുട്ടാറുള്ള മയ്യഴിപ്പുഴയുടെ ഓരത്ത് അവൾ അവനേയും കാത്തിരുന്നു .

അവന്റെ നിഴലുകൾ അകലെ നിന്നും കാണുമ്പോഴേ തന്നെ അവളുടെ ശരീരം കുളിരു കോരുവാൻ തുടങ്ങി …..

“ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത നിനക്ക് അറിയാമോ …..” വിനു അവളോടു ചോദിച്ചു …

“അറിയാമോയെന്ന് ….. നീയല്ലേ അതൊന്നും അറിയാത്തതും , തിരക്കാത്തതും …..” അവൾ അല്പം ദേഷ്യത്തിൽ പറഞ്ഞു .

” ഇന്ന് എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് ”

വിനുവിന്റെ വാക്കുകൾ കേട്ട് അവൾ അവനോട് അല്പം കൂടി ചേർന്ന് നിന്നു .

” നീ നമ്മുടെ വിവേകിനെ അറിയില്ലേ …. ”

“വിവേക് …… ഏത് ഹിന്ദി ബാച്ചിലെ ….. ആ വെളുത്ത സുന്ദരനോ …..”

“അതേ അതേ ….അവന് ……. അവന് നിന്നെ ഇഷ്ട്ടമാണ് …. ഇത് അവൻ നിനക്കായി തന്നതാണ് ”

കയ്യിൽ ഇരുന്ന ഒരു ചുവന്ന റോസാപ്പൂവ് അവൻ അവളുടെ നേരെ നീട്ടി …
ഒന്നു പതറിക്കൊണ്ട് അവൾ അതു വാങ്ങി …

” ഞാൻ അവനോട് നിനക്ക് ഇഷ്ട്ടമാണെന്ന് പറഞ്ഞോട്ടെ …..”

കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ ഒരു കവറിൽ നിന്നും കുറെ കീ ചെയിനുകൾ പുറത്തെടുത്തു .അത് അവന്റെ നേരെ നീട്ടിയിട്ട് പറഞ്ഞു .

“ഇതൊക്കെ എന്താണെന്ന് അറിയാമോ …. ഇത്രയും വർഷങ്ങൾ എന്റെ പ്രണയ സമ്മാനങ്ങളായി ഞാൻ ഒരാൾക്ക് നൽകുവാൻ വാങ്ങിയതാണ്.. പക്ഷെ എന്തോ എനിക്ക് അതിനു കഴിഞ്ഞില്ല …. “അവൾ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു .

”ഞാൻ ഇത് വിവേകിന് കൊടുക്കാം …. എന്നിട്ട് നിനക്കും അവനെ ഇഷ്ട്ടമാണെന്ന് പറഞ്ഞു എന്നു പറയട്ടെ … ” അവൻ അവളുടെ മറുപടിക്കായി കാതോർത്തു .

” വിനു , പ്രണയം സത്യമാണോ …”

” എന്തോ എനിക്കറിയില്ല … ”

” പക്ഷെ എനിക്കറിയാം…. എന്റെ കാര്യത്തിൽ അതു സത്യമാണ് …. ഞാൻ ഒരാളെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ , ഒരാളെ മാത്രമേ മനസ്സിൽ ഇട്ട് താലോലിച്ചിട്ടുള്ളൂ ….

ഒരാളെ മാത്രമേ കാണാൻ മോഹിച്ചിട്ടുള്ളൂ …. അത് … അത് എന്റെ മരണം വരെ അങ്ങനെ തന്നെ ആയിരിക്കും ….”

അവൾ അവന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു .

” അപ്പോൾ വിവേകിനേയും നിനക്ക് ഇഷ്ട്ടമായിരുന്നല്ലേ …. ഈ ഒരു ദിവസത്തിനു വേണ്ടി നീയും കാത്തിരിക്കുവായിരുന്നല്ലേ …. ”
അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു …

“അതേ, അതേ…. ഈ ഒരു ദിവസത്തിനായി ഞാനും കാത്തിരിക്കുവായിരുന്നു … നീ വിവേകിനോട് പറയണം എനിക്ക് ഇഷ്ട്ടമാണെന്ന് …. പക്ഷെ

പക്ഷെ

പക്ഷെ അവനെയല്ല ……

എന്റെ എല്ലാം എല്ലാം ആയ വിനുവിനെ ….”

അതു പറയുമ്പോൾ അവളുടെ കൈവിരലുകൾ അവന്റെ കൈകളെ പുണർന്നിരുന്നു .കണ്ണുകൾ ഓരോ തുള്ളി കണ്ണുനീർ പൊഴിച്ച് കവിളിലൂടെ ഒഴുകിത്തുടങ്ങിയിരുന്നു .

തന്റെ കയ്യിൽ ഇരുന്ന പനിനീർ പൂവ് ദൂരെ എറിഞ്ഞ് അവന്റെ കൈ തട്ടിമാറ്റി ഓടിയ അവളെ അവൻ വിളിച്ചു ….

“ശ്രുതി ……”

പിറകിലേക്ക് തിരിഞ്ഞ അവളോട് അവൻ പറഞ്ഞു …..

“പ്രണയം സത്യമാണ് ,അത് എനിക്കും അങ്ങനെ തന്നെ …. നഷ്ട്ടപ്പെട്ടു പോകും എന്നറിഞ്ഞപ്പോൾ നെഞ്ചു പിടഞ്ഞു പൊട്ടുമ്പോൾ ഉള്ള ഒരു വിങ്ങൽ ഇല്ലേ…. അത് ….അത് ഇന്നലെ രാത്രി മുതൽ ഞാൻ അനുഭവിക്കുന്നതാണ് …..

എനിക്ക് … എനിക്കും നിന്നെ ഒത്തിരി ഇഷ്ട്ടമാണ് …..

ആ റോസാപ്പൂ ….. അത് വിവേക് നിനക്കായി തന്നതല്ല ……

വിവേക് തന്ന സമ്മാനം എന്റെ വീടിന്റെ മുറ്റത്ത് ചിന്നഭിന്നമായി കിടപ്പുണ്ടാവും …. ഈ പൂവ് ഞാൻ എന്റെ പ്രണയിനിക്കായി വാടാതെ കാത്തു സൂക്ഷിച്ചത് ……… ”
അവൾ താഴെ നിന്നും ആ പൂ എടുത്ത് അവന്റെ നെഞ്ചോടു ചേർന്നു നിന്നു….

Leave a Reply

Your email address will not be published. Required fields are marked *