(രചന: ജ്യോതി കൃഷ്ണ കുമാർ)
ഇടിയുടെ ശബ്ദം കേട്ടതും വസുധ കുടയും എടുത്തു പുറത്തേക്കോടി..
അവിടെ ചെമ്പകത്തിന്റെ ചോട്ടിലായി ഇത്തിരി പൊന്തി നിൽക്കണ മണ്തിട്ടയിൽ ചെന്നു വീണു…
“”പേടി ആവണുണ്ടോ അമ്മേടെ കണ്ണന്”””‘ എന്ന് ചോദിച്ച് മേലേക്ക് നോക്കി… ചെറിയൊരു ചാറ്റൽ മഴയായി തുള്ളികൾ പൊഴിഞ്ഞു വീഴാൻ തുടങ്ങിയിരുന്നു..
പെട്ടെന്നൊരു ഇടി പേടിപ്പിക്കും പോലെ വെട്ടിയതും,,
“”അമ്മ അരികെ തന്നെ ണ്ട് പേടിക്കണ്ട ന്റെ കുട്ടി “”” എന്ന് പറഞ്ഞ് മൺ തിട്ട ഒന്നൂടെ മുറുകെ പുണർന്നിരുന്നു…
എല്ലാം കണ്ടാണ് സത്യൻ എത്തിയത്… അയാൾ ഓടി പോയി അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു…
“””കണ്ണന് ഇടി പേടിയാ സത്യേട്ടാ.. ന്നെ മുറുകെ പിടിക്കാറല്ലെ..???.””” എന്ന് പറഞ്ഞപ്പോൾ മിഴികൾ നിറച്ചയാൾ അവളെ വരിഞ്ഞു മുറുക്കി…
“”അവന്റെ ലോകത്ത് ഇനി ഇടീം മിന്നലും ഒന്നും ഇല്ലല്ലോടീ “”” എന്ന് ഒരു മന്ത്രണം പോലെ പറഞ്ഞു… പെട്ടെന്നാണ് എന്തോ ഓർത്ത പോലെ,
“””ശ്രീദേവി ടീച്ചർ വന്നിട്ടുണ്ട് “” എന്ന് പറഞ്ഞു..
അപ്പോഴാണ് വസുധ അവരെ ശ്രദ്ധിച്ചത്.. അവിടെ നിന്ന് മിഴി വാർക്കുന്നത്…
അപ്പോഴേക്കും വസുധയുടെ ഭാവം മാറിയിരുന്നു.. സന്തോഷം കൊണ്ടാ മുഖം വിടർന്നിരുന്നു….
“””കണ്ണാ.. ദേടാ ശ്രീദേവി ടീച്ചർ….””” എന്ന് ചിരിയോടെ പറയുന്നവരെ അവർ ഉള്ള് പിടഞ്ഞോന്നു നോക്കി…
“””അമ്മ “”
കുഞ്ഞിനെ നഷ്ടപ്പെട്ടത് സമ്മതിക്കാൻ കൂട്ടക്കാത്ത ഒരമ്മ അതായിരുന്നു അവർ….
ശ്രീദേവി ടീച്ചറുടെ ഓർമ്മകൾ ഒരു രണ്ടു വർഷം പിറകിലേക്ക് പോയി…
ആദ്യമായി ജോയിൻ ചെയ്തത് ആ സ്കൂളിലായിരുന്നു… അഞ്ചാം ക്ലാസ് വരെ മാത്രമുള്ള ഒരു ചെറിയ സ്കൂൾ…
ക്ലാസ്സിലേക്ക് പഠിപ്പിക്കാനായി കയറുന്നതിനുമുമ്പ് മനസ്സുരുകി പ്രാർത്ഥിച്ചിരുന്നു…
ക്ലാസ്സിൽ കയറിയതും എല്ലാ കുട്ടികളും പകപ്പോടെ പുതിയ ടീച്ചറെ നോക്കിയത് കണ്ടു… കയ്യിലെ വടി ദൂരേക്ക് വലിച്ചെറിഞ്ഞു “””ഇതിനി വേണ്ടട്ടോ””” എന്ന് പറഞ്ഞു…
ഒരു ഒറ്റ ക്ലാസ് കൊണ്ട് തന്നെ, കുട്ടികളുടെ മനസ്സിൽ ഇടം നേടാൻ കഴിഞ്ഞിരുന്നു, അതിൽ അഭിനവ് എന്ന കുട്ടിയോട് എന്തോ പ്രത്യേക വാത്സല്യം തോന്നി.. അവന്റെ വിടർന്ന കണ്ണും എപ്പഴും ചിരിക്കുന്ന മുഖവും ആർക്കും ഇഷ്ടപ്പെടും…
പഠിക്കാൻ കൂടെ മിടുക്കൻ…
എല്ലാർക്കും നാലാം ക്ലാസ്സിലെ അഭിനവ് പ്രിയപെട്ടവനാണ്…
എനിക്കും….
എന്നും വരുമ്പോ അവന്റെ കയ്യിൽ എനിക്കായി എന്തെങ്കിലും കരുതും.. ആദ്യം കുറച്ചു ചാമ്പക്ക ആയിരുന്നു തന്നത്… അതിൽ നിന്നൊന്നു എടുത്തു കടിച്ച് ബാക്കി അവനു നേരെ നീട്ടി..
“”ടീച്ചർക്കാ “”” എന്ന് പറഞു മേശമേൽ വച്ചിട്ട് ഓടി കുറുമ്പൻ…
ചിരിയോടെ അവനെ തന്നെ നോക്കി…
പിന്നെ അത് പതിവായി..
കണ്ണിമാങ്ങായോ, അച്ചിങ്ങ പുളിയോ… സുഗന്ധരാജ പൂവോ.. അപ്പുറത്തെ ക്ഷേത്രത്തിലെ പ്രസാദം ഉണ്ണിയപ്പമോ എന്തെങ്കിലും ഒക്കെ ആയി രാവിലെ കാണാൻ വരും…
ഒത്തിരി തവണ വേണ്ട എന്ന് പറഞ്ഞപ്പോൾ മങ്ങിയ മുഖം ഓർത്ത് വാങ്ങി വക്കും..
ഒരു കുഞ്ഞിന്റെ സ്നേഹത്തിന്റെ വില കൈപ്പറ്റാനും ഭാഗ്യം തന്നെ അല്ലേ??
അത് അവന്റെ അവകാശം ആയി മാറിയിരുന്നു… മീറ്റിംഗിന് വരുമ്പോഴൊക്കെയും കപട ദേഷ്യത്തോടെ അവന്റെ അമ്മ പറഞ്ഞിരുന്നു..
“”ഇപ്പോ ന്നേക്കാൾ ഇഷ്ടം ശ്രീദേവി ടീച്ചറെ ആണ് ട്ടോ ന്റെ കണ്ണന് “””
എന്ന്.. അത് കേട്ട് മനസ്സ് നിറഞ്ഞു അവനെ നോക്കുമ്പോ മിഴികൾ ചെറുതായി നനഞ്ഞിരുന്നു… അപ്പോഴും ആ മുഖത്ത് വാത്സല്യം തുളുമ്പുന്ന ഒരു ചിരി നിറഞ്ഞു നിന്നിരുന്നു..
അശോകേട്ടനോട് അഭിനവിന്റെ കാര്യം പറഞ്ഞു…
“””ദേവി.. ആവശ്യം ഇല്ലാത്തത് തലേൽ കേറ്റണ്ട ട്ടോ…”” എന്ന് ഏട്ടൻ എന്തിനോ വിലക്കിയിരുന്നു…
അതിന് ഇത്തിരി ദേഷ്യം മനസ്സിൽ തോന്നിയിരുന്നു.. തൊട്ടടുത്തു കിടക്കുന്ന ഉണ്ണിമോളേ കെട്ടി പിടിക്കുമ്പോ കിട്ടുന്ന അതേ നിർവൃതി തന്നെ ആയിരുന്നു അഭിനവിന്റെ സാന്നിധ്യത്തിനും..
ദിവസങ്ങൾ ചെല്ലും തോറും ഞങ്ങൾ കൂടുതൽ അടുത്തിരുന്നു.. അവനില്ലാതെ എനിക്കും ഞാനില്ലാതെ അവനും ക്ലാസ്സിൽ വിരസത തോന്നി തുടങ്ങി…
ഒരു ദിവസം അവൻ വന്നത് ഒരു ക്ഷണ കത്തുമായിട്ടായിരുന്നു
“”””മാമേടെ കല്യാണാ ടീച്ചർ വരുമോ “”” എന്ന് ചോദിച്ച് അവനാ കത്ത് എനിക്ക് നീട്ടി…
ഇല്ലെന്നു പറഞ്ഞാൽ വാടുന്ന ആ മുഖം ഓർത്ത്
“””വരാലോ “”” എന്ന് പറഞ്ഞു..
“”നിക്ക് മഞ്ഞ ടീഷർട്ട് ആണ് എടുത്തേ… ഞാൻ തന്ന്യാ സെലക്ട് ചെയ്തേ… നല്ല ഭംഗി ണ്ട് നിക്ക് എന്നമ്മ പറഞ്ഞു.. ടീച്ചർ വരുമ്പോ നോക്കണേ “”” എന്ന് പറഞ്ഞവനോട്..
“”ആ കളർ കുട്ടിക്ക് ചേരും ന്ന് ടീച്ചർക്ക് അറിയാലോ “”” എന്ന് പറഞ്ഞു..
ചിരിയോടെ പോകുന്നവനെ നോക്കി..
നാളെ ആണ് അവന്റെ മാമയുടെ കല്യാണം… പോകാൻ കഴിയില്ല… പക്ഷെ അവൻ പ്രതീക്ഷിക്കും എന്നോർത്തു എന്തോ ഒരു നോവ്…
കൂടുതൽ അതിനെ പറ്റി ഓർക്കാതെ സ്കൂളിൽ പോകാൻ നോക്കി… സ്കൂളിൽ ചെന്നപ്പോ എന്തോ ഒരു പന്തികേട്.. ടീച്ചേർസ് കൂട്ടമായി നിന്ന് എന്തൊക്കെയോ പറയുന്നു..
“””ശ്രീദേവി ടീച്ചർ വന്നോ?? അറിഞ്ഞോ ആ കുട്ടീടെ കാര്യം “”
എന്നു ചോദിച്ചപ്പോൾ നെറ്റി ചുളിച്ചു നോക്കി..
“””ടീച്ചർടേ ക്ലാസ്സിലെ അഭിനവ്???”””
ഉള്ളിലൂടെ മിന്നൽ പിണർ പാഞ്ഞ പോലെ…
“”എന്താ??? “””
“”കല്യാണ വീട്ടിൽ നിന്ന് പാമ്പ് കടിച്ചതത്രേ..”””
പിന്നൊന്നും ചോദിക്കാൻ തോന്നിയില്ല കേൾക്കാനും..
“”ഒക്കെ ഒരു ദുസ്വപ്നം ആയെങ്കിൽ എന്ന് പ്രാർത്ഥിച്ചു അവന്റെ വീട്ടിലേക്ക് നടന്നു അവൻ ക്ഷണിച്ചിരുന്നല്ലോ എന്നോർത്ത് “””‘
“”കണ്ണ് തുറക്കൂ കണ്ണാ ശ്രീദേവി ടീച്ചറ് വന്നടാ.. കുട്ടി പറയാറില്ലേ അമ്മേ പോലെ ആണെന്ന്.. ന്നട്ടാ ഇങ്ങനെ കെടക്കണേ “””” ഉമ്മറത്തു കിടത്തിയ വെള്ളത്തുണിയിൽ ന്റെ കുട്ടി…
വസുധയുടെ പറച്ചിൽ കേട്ടതും ശ്രീദേവി ടീച്ചർ എങ്ങി പോയി… ഒന്നും കാണാൻ വയ്യാതെ അവർ മുഖം തിരിച്ചു…
“””ഒന്ന് വിളിക്ക് ടീച്ചറെ… ന്റെ കുട്ടി എണീക്കും…”””
എന്താ വേണ്ടേ എന്നറിയാതെ തളർന്നു.. അപ്പോഴേക്കും അശോകേട്ടൻ ഓടി കിതച്ചു എത്തി… താങ്ങി പിടിച്ചു കൊണ്ടുപോകുമ്പോൾ,
“”ആരേം മനസ്സിലേക്ക് കേറ്റത്തതാ ദേവീ നല്ലത് “”” എന്നൊരു ശാസന പോലെ പറഞ്ഞിരുന്നു..
മറക്കാൻ കഴിയണ് ണ്ടായിരുന്നില്ല ആ കുഞ്ഞിനെ.. ഇടക്ക് ഇങ്ങനെ തെളിയും ആ മുഖം സ്വപ്നത്തിലും അല്ലാതെയും..
അപ്പോ പോകും ആ വീട്ടിലേക്ക് ഇത്തിരി പൊന്നൊരു മൺ തിട്ട നോക്കി നിൽക്കാൻ.. മറവി കിട്ടാതെ ഭൂതകാലത്തിൽ ജീവിക്കുന്നോരമ്മയെ കാണുവാൻ.. ഒന്ന് ചേർത്ത് പിടിക്കാൻ..
അവനായി ന്റെ കുട്ടിക്കായി രണ്ടിറ്റ് കണ്ണീർ പൊഴിക്കാൻ… എനിക്ക് മറക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ കുഞ്ഞിന്റെ അമ്മയുടെ കാര്യം…….
ചിലപ്പോൾ അങ്ങനെ ആണ് ജീവിതം വല്ലാത്ത ക്രൂരമാവും.. എന്നിട്ടും നാം മുന്നോട്ട് പോകേണ്ടി വരും.. എല്ലാം വിധി ആണെന്നോർത്ത്… ജീവിതത്തിൽ നിന്നും ഒരേട്….