(രചന: J. K)
©️ᴋᴀᴅʜᴀᴋᴏᴏᴛᴛᴜ ഈ കഥയുടെ കോപ്പിറൈറ്റ് ഞങ്ങൾ വാങ്ങിയിട്ടുള്ളതാണ്.. ഞങ്ങളുടെ അനുവാദം കൂടാതെ ഈ കഥകൾ മറ്റെവിടെയും പോസ്റ്റ് ചെയ്യാൻ പാടുള്ളതല്ല
“” അറിഞ്ഞോ വടേരിയിലെ സോമേട്ടൻ തൂങ്ങിമരിച്ചു ന്ന് “”
കൃഷി ഓഫീസിൽ വിത്ത് വന്നിട്ടുണ്ട് എന്ന് പറഞ്ഞ് വാങ്ങാൻ പോയതായിരുന്നു തിരിച്ചു വന്നപ്പോഴാണ് ഭാര്യ ഈ വിവരം പറയുന്നത് ഒരു നിമിഷം അത് കേട്ട് അവിടെത്തന്നെ തറഞ്ഞുനിന്നു..
“” നിന്നോട് ആരാ പറഞ്ഞേ? ” എന്ന് ചോദിച്ചപ്പോൾ പറഞ്ഞു തെക്കേലെ ഉണ്ണിയാണെന്ന്…
ഉടനെ അങ്ങോട്ട് ഇറങ്ങി പോകേണ്ട എന്ന് കരുതിയാവും അവൾ പറഞ്ഞത് ബോഡി ഇപ്പോൾ പോസ്റ്റ്മോർട്ടം ചെയ്യാൻ കൊണ്ടുപോയിട്ടെ ഉള്ളൂ അത് കഴിഞ്ഞുകിട്ടാൻ കുറെ താമസം ഉണ്ട് എന്ന്…
പിന്നെ ഇന്ന് ഞായറാഴ്ചയും അതുകൊണ്ട് എന്തായാലും നല്ലോണം വൈകും എന്ന്..
അവളെ ഒന്ന് നോക്കി തിണ്ണയിൽ കയറിയിരുന്നു എന്തോ നെഞ്ചിൽ ഭാരം കേറ്റിവച്ചതുപോലെ ഒരായുസ്സ് മുഴുവൻ കൂടെയുണ്ടായിരുന്ന ആളാണ്..
കേട്ട വാർത്ത തെറ്റാവണെ അത് സോമൻ ആയിരിക്കരുത് എന്നൊക്കെ വെറുതെ മോഹിച്ചു.. പക്ഷേ ചില മോഹങ്ങൾക്ക് അപ്പുറം യാഥാർത്ഥ്യം വികൃതമാകുമല്ലോ…
പണ്ടത്തെ കാര്യങ്ങൾ ഓരോന്നായി മനസ്സിലേക്ക് ഇങ്ങനെ ഓടിവന്നു…
അച്ഛനില്ലാത്തവന്റെ അമ്മയ്ക്ക് കൂടി ഭ്രാന്തായപ്പോൾ പിന്നെ വീട്ടുകാർ എല്ലാം കയ്യൊഴിഞ്ഞിരുന്നു കുത്തിമറിച്ച വീട്ടിൽ സ്കൂളിൽ നിന്ന് കിട്ടുന്ന ഉപ്പുമാവ് കൊണ്ട് വന്നു തിന്നാണ് ഒരു അമ്മയും മകനും വിശപ്പടക്കിയിരുന്നത്….
എപ്പോഴെങ്കിലും കിട്ടുന്ന റേഷൻ അരി കഞ്ഞി വെക്കും.. ഒരു നാലാം ക്ലാസുകാരന് അത്രയേ അറിയാമായിരുന്നുള്ളൂ..
ഭ്രാന്ത് അമ്മയുടെ ഓർമ്മകളെ പോലും മറിച്ചപ്പോൾ വിശപ്പ് എന്നൊരു യാഥാർത്ഥ്യം മാത്രം അമ്മയ്ക്ക് അറിയാമായിരുന്നു…
അപ്പോൾ ഉറക്കെ കരയുന്ന അമ്മയ്ക്ക് എന്തെങ്കിലും ആഹാരം കൊടുക്കാൻ ആ മകൻ വല്ലാതെ കഷ്ടപ്പെട്ടു കിട്ടുന്ന റേഷൻ അരി അപ്പുറത്തെ വീട്ടിൽ കൊണ്ട് ചെന്ന് ചോദിച്ചു
ഇത്തിരി കഞ്ഞി വെച്ച് തരുമോ അപ്പോഴാണ് അവർ പറഞ്ഞത് കലത്തിൽ അരിയിട്ട് കുറച്ചു വെള്ളവും ഒഴിച്ച് കത്തിച്ചാൽ കഞ്ഞിയാവും ഇതിനൊന്നും ഇപ്പോ ഒരാളുടെ സഹായം വേണ്ട എന്ന്…. അങ്ങനെയാണ് സ്വന്തമായി പരിശീലിക്കാൻ തുടങ്ങിയത്…
നാറ്റം ഉണ്ടെങ്കിലും കൂടെ കഴിക്കാൻ ഒന്നുമില്ലെങ്കിലും വിശപ്പിന്റെ കാഠിന്യം കൊണ്ട് ആ കഞ്ഞി അമൃത പോലെ ആയിരുന്നു ഞങ്ങൾക്ക്…
സ്കൂളിലെ ഉപ്പുമാവ് ഞങ്ങളുടെ ജീവിതത്തിൽ ഏറെ പ്രാധാന്യം അർഹിച്ചതും അതുകൊണ്ടുതന്നെയാണ്..
ഉച്ചതിരിഞ്ഞാൽ രണ്ടു പൊടിയണി ഇലയും കയ്യിൽ വെച്ച് അമ്മ സ്കൂളിന്റെ അരികിൽ ഇങ്ങനെ നിൽക്കുന്നുണ്ടാവും..
ചില കുട്ടികൾക്ക് കല്ലെടുത്ത് എറിയുന്നത് കാണാം.. അപ്പോ വല്ലാതെ നെഞ്ച് പിടക്കും..
അമ്മയ്ക്ക് അരികിൽ പോയി നിൽക്കും അപ്പോഴേക്കും ഉയരും കുക്കുവിളികൾ..
ഒരിക്കൽ അവരെയെല്ലാം ഓടിച്ച് വിട്ട് അടുത്തേക്ക് വന്നിട്ട് ചോദിച്ചു ഒരാൾ ഇത് നിന്റെ അമ്മയാണോ എന്ന്??
“”മ്മ്മ് “” എന്നും മൂളിപ്പോൾ അവൻ സ്വയം പറഞ്ഞു പരിചയപ്പെടുത്തിയിരുന്നു എന്റെ പേര് സോമൻ എന്ന്..
അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത് ഇതുവരെ നാലു തവണ തോറ്റിട്ടുണ്ടത്രെ..
മനപ്പൂർവ്വം തോറ്റതല്ല അവന്റെ അച്ഛൻ പറഞ്ഞു തോൽപ്പിക്കുന്നതാണത്രേ.. അക്ഷരമറിയാത്തവൻ ഉയർന്ന ക്ലാസ്സിൽ ചെന്നിട്ട് എന്തിനാണെന്ന്…
മറ്റു കുട്ടികളെക്കാൾ സാമാന്യ വലിപ്പമുള്ളത് കൊണ്ട് തന്നെ ഉപ്പുമാവ് എല്ലാവർക്കും വിളമ്പി കൊടുക്കുന്ന ജോലി അവന്റേതായിരുന്നു എനിക്കും അമ്മയ്ക്കും അന്നുമുതൽ ഒരു സ്പെഷ്യൽ ഓഹരി കിട്ടാൻ തുടങ്ങി…
വല്ലാത്തൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത് തയ്യൽക്കാരനായ അവന്റെ അച്ഛനും അടുത്ത വീടുകളിൽ എല്ലാം ജോലിക്ക് പോകുന്ന അമ്മയും അവനെ നോക്കിയിരുന്നത് പൊന്നുപോലെ തന്നെയാണ്..
നാലു പെൺമക്കൾക്ക് ഏക ആങ്ങള ആയിരുന്നു അവൻ.. മകൻ നന്നായി പഠിച്ചു വലിയ ആളാവണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം.
അതിനൊത്ത് വളരാതിരുന്നത് കൊണ്ടാവാം അയാൾ വീണ്ടും വീണ്ടും അവനെ തോൽപ്പിച്ചത്..
അങ്ങനെയെങ്കിലും വാശി വെച്ച് പഠിക്കും എന്നോ മറ്റോ കരുതിക്കാണും..
അവന്റെ വീട്ടിൽ രാവിലെ പലഹാരം ഉണ്ടാക്കുമത്രേ…. പലഹാരം ഒക്കെ എനിക്ക് എത്തിപ്പിടിക്കാവുന്നതിലും അപ്പുറത്തായിരുന്നു..
അതറിഞ്ഞ് അവനും അവൻ സ്നേഹത്തോടെ ഒരിക്കൽ ഒരു പൊതി നീട്ടിയത്..
തുറന്നു നോക്കിയപ്പോൾ കണ്ടത് ഉള്ളി ചമ്മന്തിയിൽ കുതിർന്ന നാല് ഇഡലിയാണ്..
ഒറ്റയ്ക്ക് കഴിക്കാൻ തോന്നിയില്ല അതും കയ്യിൽ എടുത്ത് നടന്ന് അമ്മയോടൊപ്പം ഇരുന്ന് കഴിച്ചു..
പെട്ടെന്നൊരു ദിവസം അമ്മയും പോയപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ നിന്നു. എന്നെ സ്വന്തം വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയത് അവനായിരുന്നു..
പകൽ മുഴുവൻ എവിടെയെങ്കിലും ചുറ്റിപ്പറ്റി നിൽക്കും രാത്രി അവിടെ ചെന്ന് അത്താഴം കഴിക്കും.. പിന്നെ വീട്ടിലേക്ക് പോകും..
അതൊരു പതിവായി അവിടെ അമ്മ എന്തുണ്ടാക്കിയാലും എനിക്കും ഒരു ഓഹരി വെക്കും..
അവൻ പഠിച്ചു നന്നാകും എന്നുള്ള പ്രതീക്ഷയൊക്കെ അവന്റെ അച്ഛന് അസ്തമിച്ചു ഞങ്ങൾ നല്ല നിലയിൽ പത്താം ക്ലാസ് തോറ്റു.. പിന്നെ ഞങ്ങൾ പണിക്കു പോകുന്നത് ഒരുമിച്ചായി…
ഇതിനിടയിൽ വിവാഹം കുട്ടികൾ എല്ലാം ഇങ്ങനെ ഒരു നദി ഒഴുകുന്നത് പോലെ..
അവന് നാലു പെൺകുട്ടികൾ ആയിരുന്നു പിന്നെ ഒരു മോനും..
എല്ലു മുറിയെ പണിയെടുത്ത് ആ കുഞ്ഞുങ്ങൾക്ക് ഒരു അല്ലലും അവൻ വരുത്തിയിരുന്നില്ല..
നാലു പെൺമക്കളെയും കല്യാണം കഴിപ്പിച്ച് വിട്ടതോടുകൂടി സാമാന്യം നല്ല കടബാധ്യതയും ഉണ്ടായിരുന്നു…
ഒറ്റ മകൻ, അവനെ ബാധ്യതകൾ ഒന്നും അറിയിക്കാത്തതുകൊണ്ടാവാം തന്നിഷ്ടക്കാരൻ ആയി വളർന്നത്..
ഒരു ഉപകാരവും ഇല്ലാത്തവനായി തീർന്നത് വെറും കള്ളുകുടി മാത്രം..
പലപ്പോഴും അവന്റെ കാര്യം പറഞ്ഞു സങ്കടപ്പെടുന്ന സോമനെ ഞാൻ കണ്ടിട്ടുണ്ട്..
അവന്റെ ഭാര്യക്ക് വയറുവേദനയാണെന്ന് ഒരിക്കൽ പറഞ്ഞിരുന്നു അത് കലശലായി കൊണ്ടു നോക്കിയപ്പോഴാണ് അത് എന്തോ മാറാരോഗമാണെന്ന് അറിഞ്ഞത്..
അവന്റെ ഇല്ലായ്മയും വയ്യായ്മയും അറിഞ്ഞുകൂടെ നിൽക്കുന്ന ഒരു പാവമായിരുന്നു അവളും അവൾ പോയതോടുകൂടി അവൻ ആകെ തകർന്നിരുന്നു..
അച്ഛനെ നോക്കേണ്ട ഒറ്റ മകൻ കള്ളു കുടിച്ച് റോഡ് സൈഡിൽ കിടന്നു…
ഈയിടെ എന്നോട് പറയുന്നുണ്ടായിരുന്നു വല്ലാത്ത ഒറ്റപ്പെടലാണ് വീട്ടിൽ എന്ന്..
നാലു പെൺമക്കളും കല്യാണം കഴിഞ്ഞപ്പോൾ പിന്നെ വീട്ടിലേക്ക് വരുന്നത് തന്നെ അപൂർവ്വമാണ്, അവർക്കൊക്കെ അവരുടെ കാര്യമുണ്ടാകും അതുകൊണ്ട് ഞാൻ വരാനും നിർബന്ധിക്കുന്നില്ല എന്ന് പറഞ്ഞിരുന്നു…
രാത്രിയിൽ ഉറക്കം കിട്ടുന്നില്ല എപ്പോഴും ഓരോ ചിന്തകളാണ്.. ഒരു സാന്ത്വനത്തിനു പോലും ഒരാൾ കൂടെ ഇല്ലാത്തതാണ് അവന്റെ പ്രശ്നം എന്ന് എനിക്ക് മനസ്സിലായിരുന്നു പകൽ മുഴുവൻ എന്റെ കൂടെ ഉണ്ടാവും… രാത്രിയാണ് പ്രശ്നം..
ഇന്നലെ അവന്റെ മകൻ അവനെ കാണാൻ ജോലി സ്ഥലത്തേക്ക് വന്നിരുന്നു…
ഉള്ള വീടും പറമ്പും അവന്റെ പേരിൽ എഴുതി കൊടുക്കണം എന്ന് പറഞ്ഞ് അവരെ നിന്നും ബഹളമുണ്ടാക്കി…
ഞങ്ങളുടെ എല്ലാം കൺമുന്നിൽ വെച്ച് സ്വന്തം അച്ഛനെ അവൻ മർദ്ദിച്ചു അയാൾക്കത് സഹിക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല ഒരുപാട് കരഞ്ഞു ഞങ്ങളെല്ലാം ചേർന്ന് ഒരുവിധം സമാധാനിപ്പിച്ചാണ് വീട്ടിലേക്ക് വിട്ടത് പക്ഷേ…
ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് ആർക്കും പണിയും ഇല്ലായിരുന്നു…
അന്നേരം ചെയ്തതാവാം..
മെല്ലെ അങ്ങോട്ടേക്ക് നടന്നു ഇപ്പോൾ പോസ്റ്റ് മാർട്ടം കഴിഞ്ഞ് ബോഡി കൊണ്ടുവന്നിട്ടുണ്ടാകും അവിടെ ചെന്നിരുന്നപ്പോൾ അടുക്കളയിൽ വലിയ ബഹളം നടക്കുകയായിരുന്നു പെൺമക്കളും മകനും കൂടി വീടും സ്ഥലവും ആർക്കുവേണം എന്നുള്ളതിന്റെ തർക്കം..
കൊള്ളി വെക്കാൻ പോലും തയ്യാറാകാതെ മകൻ ഇറങ്ങി നടന്നു അവസാനം ഏതോ മകളുടെ കുഞ്ഞാണ് ചിത കൊളുത്തിയത്…
പിന്നെയും പെൺമക്കൾ അവിടെത്തന്നെ നിന്നു.. ആകെയുള്ള സ്വത്തിനും വീടിനുമായി.. ഇതുവരെക്കും തിരിഞ്ഞുനോക്കാത്ത വരാണ്.
ഒടുവിൽ ബാങ്കുകാർ വന്ന് ആ വീട് ജപ്തിയുടെ വക്കിൽ ആണെന്ന് അറിയിക്കുന്നത് വരെയും അവരവിടെ വഴക്കിട്ട് നിൽക്കുന്നുണ്ടായിരുന്നു…
ഭാര്യ ചികിത്സിക്കാൻ വേണ്ടി എടുത്ത പണം ഒരു രൂപ പോലും മനഃപൂർവം തിരിച്ചടച്ചിട്ടില്ലായിരുന്നത്രേ…
മരിച്ച അച്ഛനെയും കുറ്റം പറഞ്ഞ് അവരവിടെ നിന്നും പോയി..
ഇതിൽ കൂടുതൽ ഒരു ശിക്ഷ അവർക്ക് കൊടുക്കാൻ ഇല്ലെന്ന് തോന്നി അപ്പോൾ..